images/Amedeo_Modigliani_017.jpg
Little Girl in Blue, a painting by Amedeo Modigliani (1884–1920).
ഒരു വഴിയും കുറെ നിഴലുകളും
ടി. എ. രാജലക്ഷ്മി
ഒന്നു്

വീടിന്റെ കിഴക്കെ തൊടിയിൽനിന്നു് കുന്നിൻപുറത്തേക്കു് കയറാൻ ചെറിയ മുളമ്പടിയുണ്ടു്. മുളന്തൂണു് ഒരുവശത്തേക്കു് കുറച്ചു വലിച്ചു നീക്കി ഇടയിൽക്കൂടിയാണു് ഒരു കൊച്ചു പെൺകുട്ടി പുറത്തേയ്ക്ക വന്നതു്. ഒരു കെട്ടു പുസ്തകം മാറത്തടുക്കിപ്പിടിച്ചിട്ടുണ്ടു്. മറ്റെക്കയ്യിൽ ചോറ്റുപാത്രവും. ഇപ്പുറത്തേയ്ക്കു കടന്നു് പാത്രവും പുസ്തകക്കെട്ടും നിലത്തുവെച്ചു് അവൾ നീക്കിയ മുള വലിച്ചു് പഴയതുപോലെ ശരിയാക്കിയിട്ടു.

പിന്നാപ്പുറത്തെ വേലിയിലാണു് മുളമ്പടി. കാലത്തു് കറന്നു കഴിഞ്ഞാൽ പൈക്കളെ ആ പടി തുറന്നു പുറത്തേക്കാക്കും. രണ്ടു മുളങ്കാലുകൾ കുഴിച്ചിട്ടു് ഊട്ട തുളച്ചു് വിലങ്ങനെ മുളകൾ ഇട്ടിട്ടുണ്ടു്. അത്രയേയുള്ളു. വീട്ടിനു മുമ്പിൽ പടിയും പടിപ്പുരയും ഉണ്ടു്; അതിലെയാണെങ്കിൽ രണ്ടു കടമ്പു് കയറിമറിഞ്ഞുവേണം കുന്നിലെത്താൻ. അതു് വളവാണു്. പിന്നിലെ പടിയിൽകൂടി ഇറങ്ങിയാൽ കുറച്ചു് എളുപ്പമുണ്ടു്.

വീട്ടിൽനിന്നു് നിരത്തിലെത്താൻ കുന്നു കയറി ഇറങ്ങിയേ പറ്റുള്ളു.

വലിയ കുന്നൊന്നുമല്ല. പൊക്കപ്പറമ്പു് എന്നു പറഞ്ഞാലും മതി.

രണ്ടു ചെരുവിലും വരിവരിയായി ഉണങ്ങിയ എള്ളിൻകുറ്റികൾ നിൽപ്പുണ്ടു്.

എല്ലാക്കൊല്ലവും കുറച്ചുകാലത്തേയ്ക്കു് മൊട്ടപ്പറമ്പു് പച്ചയുടുക്കും. മഴ മാറിയാൽ എന്നും എന്തെങ്കിലും കൃഷികാണും. ഓരോ കൊല്ലവും ഓരോരുത്തർ പതിച്ചു വാങ്ങിക്കുകയാണു്.

കാവിൽ വേലയ്ക്കു മുമ്പു് എള്ളൊക്കെ വെട്ടിക്കഴിഞ്ഞു. കുറ്റികൾ മാത്രം നിന്നു് ഉണങ്ങി.

കുട്ടി എള്ളിൻകുറ്റികൾക്കിടയിലൂടെ ഓടിച്ചാടി നടന്നു.

കുറച്ചുമാറി ഒരു കാട്ടുജെമന്തി പൂത്തിട്ടുണ്ടു്. അവൾ പുസ്തകവും പാത്രവും ഒരു കൈയിലാക്കി മഞ്ഞ ബട്ടൺ പോലത്തെ പൂക്കൾ കുറെ പറിച്ചെടുത്തു് തലയിലേക്കു തിരുകി.

കുറച്ചുകൂടി തെക്കോട്ടുനീങ്ങി ഒരു വെള്ളരളിയുണ്ടു്. അതിനു ചുവട്ടിൽ ഒന്നു രണ്ടു കരിങ്കല്ലുകളും. ഭൂതങ്ങളുടെ വാസമുള്ള മരമാണു്. ചുവട്ടിൽ യക്ഷിയെയാണു് കുടിവെച്ചിട്ടുള്ളതു്. അടുത്തുപൊയ്ക്കൂടാ. ദൂരെ വീണു കിടക്കുന്ന പൂക്കൾ ഒന്നുരണ്ടെണ്ണം അവൾ പെറുക്കിയെടുത്തു. അതും അവളുടെ ചുരുണ്ടു കനത്ത തലമുടിക്കുള്ളിലേക്കു തന്നെ പോയി.

ഒരു കാട്ടുചെടിയുടെ ചില്ലയിൽ ഒരു തുമ്പി വന്നിരുന്നു. അതിന്റെ പിന്നാലേയും നടന്നു അവൾ കുറച്ചുനേരം.

ഭൂമിക്കു് ഉടൽ വിണ്ടുപൊട്ടിയതുപോലെ കുന്നിൻമുകളിൽകൂടി വിലങ്ങനെ രണ്ടൊടവുകൾ ഉണ്ടു്. രണ്ടും ശ്രദ്ധിക്കാതെ ചാടിക്കടന്നു് അവൾ നടന്നു.

കുന്നിന്റെ മറ്റെ ചെരിവിലാണു് കാവു്. ശ്രീകോവിലും മേൽപ്പുരയുമൊന്നുമില്ല. നാലമ്പലത്തിനു നടുക്കു് കൂറ്റനൊരാലുണ്ടു്. അതിനു ചുവട്ടിൽ വെയിലും മഴയും ഏറ്റു് ഇരിക്കുകയാണു് സംഹാരമൂർത്തിയായ വനദുർഗ്ഗ.

അവിടെയും ഇവിടെയും നോക്കിനടന്നു് ഒടുക്കം അവൾ കാവിന്റെ അടുത്തെത്തി. നടയ്ക്കൽനിന്നു കുറച്ചുമാറി വയ്ക്കോൽ മേഞ്ഞ ഒരു ചെറിയ വീടുണ്ടു്. അതിലാണു് വെളിച്ചപ്പാടു താമസം. വെളിച്ചപ്പാടും അയാളെപ്പോലെ ശുഷ്കിച്ചുണങ്ങിയ പാണ്ടൻനായയും.

കുട്ടി വീട്ടിന്റെ മുമ്പിൽചെന്നു് വാതിൽക്കൽ തൂക്കിയിട്ടിരുന്ന ചാക്കു് പിടിച്ചുമാറ്റി അകത്തേയ്ക്കു തല നീട്ടി ഒന്നു കൂവി.

കാവിൽ നടയ്ക്കൽ തൊഴുതിട്ടുപോവണം സ്കൂളിലേക്കു് എന്നാണു് ചട്ടം. അതു് എന്നും ഓർമ്മിച്ചെന്നു വരില്ല. വെളിച്ചപ്പാടിന്റെ വീട്ടിനുള്ളിലേക്കു് തലനീട്ടി വിളിക്കാൻ അവൾ മറക്കാറില്ല.

വീട്ടുടമസ്ഥനും നായയും പുറത്തേയ്ക്കു് വന്നു. മുറുക്കി ചുവപ്പിച്ച വായിൽ ഒന്നുരണ്ടു തേഞ്ഞു കൂർത്ത പല്ലുകൾ മാത്രമുള്ള വയസ്സൻ. തലയുടെ മുൻഭാഗം കണ്ണാടിപോലത്തെ കഷണ്ടിയാണു്. പിന്നിൽ തോളു കഴിഞ്ഞു താണുകിടക്കുന്ന വെള്ളിമുടിയും.

ഭഗവതിയുടെ തലമുടി!

വയസ്സൻ പുറത്തേയ്ക്കുവന്നു് ഒന്നും മിണ്ടാതെ ഒരു പൊതി നീട്ടി. കുട്ടിയും ഒന്നും പറഞ്ഞില്ല. പൊതി വാങ്ങി അഴിച്ചു് അകത്തുണ്ടായിരുന്ന ശർക്കരപ്പൊട്ടു് വായിലിട്ടു.

വയസ്സൻ നോക്കിനിന്നു.

അവൾ വരുമ്പോഴേക്കും എന്തെങ്കിലും ഒന്നു് കരുതി വെയ്ക്കാൻ അയാൾ മറക്കാറില്ല. ഒരു കഷ്ണം നാളികേരം ഒരു പൊട്ടു ശർക്കര. തലേന്നു് പാട്ടു് ഉണ്ടായിരുന്നെങ്കിൽ ഒരപ്പം. എന്തെങ്കിലും ഒന്നു്.

തിന്നുകഴിഞ്ഞു് ഒന്നു ചിരിച്ചു് അവൾ തിരിഞ്ഞു.

റോഡിലേക്കു് ഇറങ്ങിയ ഉടൻ അവൾ ശരം വിട്ടതുപോലെ ഓടിത്തുടങ്ങി.

പത്തിനുമുമ്പു് അങ്ങെത്തണ്ടേ? കളിച്ചുനിന്നുകളഞ്ഞ സമയം ശരിയാക്കണ്ടേ?

വൈകുന്നേരം കൃത്യത്തിനു സ്കൂൾ വിട്ടു. തിരിച്ചുവരുമ്പോൾ നാലും കൂടിയയിടത്തെ അങ്ങാടിവരെ അവൾക്കു കൂട്ടുണ്ടു്. അവിടെവെച്ചു് കൂട്ടുകാർ പിരിഞ്ഞു. കിഴക്കോട്ടാണു് അവർക്കു പോകേണ്ടതു്.

ഒറ്റക്കായപ്പോൾ അവൾ ഓട്ടമായി. കാവിന്റെ അടുത്തെത്തിയേ പിന്നെ നിന്നുള്ളു. പുരയുടെ പിന്നാപ്പുറത്തു് കിണറ്റുവക്കത്തു് മട്ടലിൽ ചാരി വെളിച്ചപ്പാടു് ഇരിക്കുന്നുണ്ടു്. കാൽക്കൽ നിവർന്നു നീണ്ടു് വയസ്സൻ നായയും.

അവൾ അടുത്തുചെന്നു നിന്നു.

വയസ്സൻ തലപൊക്കി.

അവൾ വടിവൊത്ത പല്ലു കാട്ടി ഒന്നു ചിരിച്ചു.

“ഇന്ന് കഥ പറയോ?”

വെളിച്ചപ്പാടു് തല കുലുക്കി.

കുട്ടിക്കു ഉത്സാഹമായി. പുസ്തകവും പാത്രവും ഒരു ഭാഗത്തേക്കിട്ടു.

ചില ദിവസം വെളിച്ചപ്പാടു് വയ്യെന്നു പറയും. അന്നു പിന്നെ എത്ര നിർബ്ബന്ധിച്ചാലും കൂട്ടാക്കില്ല. ചിലപ്പോൾ വൈകുന്നേരം വരുമ്പോൾ പുറത്തു കാണുക തന്നെയില്ല. വിളിക്കാറു പതിവില്ല.

നിറച്ചു് പഴുത്ത കായായി ഒരു കട ചെത്തി നിൽപ്പുണ്ടു് കിണറിനോടു് തൊട്ടു്. അവൾ കുറെ പഴം പറിച്ചെടുത്തു് മടിയിലിട്ടു. ഒരു പരന്ന കല്ലിന്മേൽ വെളിച്ചപ്പാടിന്റെ അടുത്തു് ഇരിപ്പുമായി.

“പറയൂ. ദാരികന്റെ കഥ വേണ്ടാട്ടോ. വേറെ ഏതെങ്കിലും പറയൂ.”

ഭഗവതിയുടെ കഥ പറയുവാനാണു് വെളിച്ചപ്പാടിനു് ഇഷ്ടം. എത്ര പ്രാവശ്യം ആയാലും മതിയാവില്ല. വേറെ ഏതെങ്കിലും കേൾക്കണമെന്നു തോന്നുന്ന ദിവസം അവൾ നേർത്തേ പറയും. ചിലപ്പോൾ വെളിച്ചപ്പാടു കൂട്ടാക്കില്ല. അതുതന്നെ തുടങ്ങും. അവൾ പിന്നെ ഒന്നും മിണ്ടില്ല…

“വേറെ ഏതാ വേണ്ടത്?” പെട്ടെന്നു ചോദ്യംവന്നു. അവൾ കുറച്ചുനേരം ആലോചിച്ചു.

“അയ്യപ്പന്റെ കഥ മതി.”

വെളിച്ചപ്പാടു് പറയാൻ തുടങ്ങി. ഇടക്കിടയ്ക്കു് ഓരോ ചെത്തിപ്പഴം വായിലിട്ടു് കുട്ടി കേട്ടിരുന്നു.

വയസ്സന്റെ മാർദ്ദവമില്ലാത്ത പരുപരുത്ത സ്വരത്തിൽ കഥ ചുരുൾ ചുരുളായി കെട്ടഴിഞ്ഞു വീണപ്പോൾ പതുക്കെപ്പതുക്കെ മൊട്ടക്കുന്നും എള്ളിൻകുറ്റികളും ദൂരെ കശുമാവിൻതോപ്പും അങ്ങകലെ നീലമലകളുടെ രേഖയും എല്ലാം കുട്ടിയുടെ കൺമുന്നിൽനിന്നു് മാഞ്ഞു. വലിയ കാടു്; വേട്ടക്കാരും നായ്ക്കളും ആർപ്പും വിളിയും. മരച്ചുവട്ടിൽ ആരുമില്ലാതെ തനിച്ചു് ഓമനപ്പൈതൽ കിടന്നു് ചിരിച്ചുകളിക്കുകയാണു്…

രാജധാനിയിലെ വഴക്കും അസൂയയും ഒന്നും അവൾക്കു് അത്ര പിടുത്തമല്ല. അതു വിസ്തരിക്കുമ്പോൾ ചെത്തിപ്പഴം തീറ്റ മുറയ്ക്കു നടന്നു. കുമാരൻ പുലിപ്പാലു കൊണ്ടുവരാൻ പോകുന്ന ഇടമായി. കുട്ടിയുടെ കൈകൾ അനങ്ങാതായി. തള്ളപ്പുലിയുടെ കഴുത്തിൽ കയറി പുലിക്കുട്ടികളെ തെളിച്ചുകൊണ്ടു വരുന്ന രാജപുത്രനാണു് കൺമുന്നിൽ… ശബ്ദം നിലച്ചു് ഉണർന്നപ്പോഴാണു് നേരം എത്രയായി എന്നു് അറിയുന്നതു്. അവൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റു പുസ്തകവും പാത്രവും എടുത്തു് ധൃതിയിൽ നടന്നു. അവൾ അകലുന്നതുനോക്കി വയസ്സൻ അതേപാടു് ഇരുന്നു.

അപ്പുറവും ഇപ്പുറവും നോക്കാതെ എള്ളിൻകുറ്റികളുടെ ഇടയിൽ ഒറ്റടിപ്പാതയിൽക്കൂടെ അവൾ നേരെ നടന്നു. മുളമ്പടിയുടെ അടുത്തെത്തിയപ്പോൾ പടി അകത്തുനിന്നു കെട്ടിയിരിക്കുന്നു.

പൈക്കൾ മുളഞ്ഞു കഴിഞ്ഞു. ഇനി ഉമ്മറത്തുകൂടിത്തന്നെ പോകണം.

അവൾ വേലിക്കു് വലംവച്ചുനടന്നു. ഇടവഴിയിലെ കടമ്പ കേറിമറിഞ്ഞു് പടിപ്പുര ഇറങ്ങി മുറ്റത്തെത്തിയപ്പോൾ അച്ഛൻ അവിടെ ലാത്തുന്നുണ്ടു്. ആകെ വിയർത്തുപോയി.

“മണി, എവിടെയായിരുന്നു ഇത്രനേരം?” അവൾ പൂമുഖത്തിന്റെ ചവിട്ടുകല്ലുവരെ ആയപ്പോൾ ആ തണുത്ത ശബ്ദം പിന്നിൽനിന്നു വിളിച്ചു ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞുനിന്നു. തല പൊക്കാൻ ധൈര്യം വന്നില്ല.

“മണിയോടാണു് ചോദിച്ചത്. സ്ക്കൂൾ വിട്ടിട്ട് എവിടെയായിരുന്നു?” ഇതുവരെ

എന്നിട്ടും അവൾക്കു് ഒന്നും പറയാൻ സാധിച്ചില്ല.

“മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ? ഇത്ര നേരം എന്തുചെയ്യുകയായിരുന്നു എന്ന്?”

“ഞാൻ… ഞാൻ…” ആ തണുത്ത നിർബ്ബന്ധത്തിനു് മുമ്പിൽ അവൾ തുടങ്ങിവെച്ചു. തുടരാൻ കഴിഞ്ഞില്ല.

“അവൾക്ക് വല്ല കളീം ഉണ്ടായിരിക്കും സ്ക്കൂളില്. അല്ലാണ്ട് അവളവിടെ നിക്ക്വോ?”

ശബ്ദം കേട്ടു് തിരിഞ്ഞുനോക്കിയപ്പോൾ ചെറിയമ്മ ഉമ്മറപ്പടിയിന്മേൽ നിൽപ്പുണ്ടു്. ഓ. എത്തി. വക്കാലത്തുംകൊണ്ടു വന്നിരിക്കുന്നു. അവരുടെ സഹായമില്ലാത്ത കുറ്റമായിരുന്നു.

കുറച്ചുനേരത്തേക്കു് അച്ഛൻ ഒന്നും മിണ്ടിയില്ല. ആ തുളച്ചുകയറുന്ന നോട്ടം മേൽ തറച്ചിരിക്കുകയാണെന്നു് തല പൊക്കാതെതന്നെ അവൾക്കു മനസ്സിലായി.

“മണി അകത്തേക്ക് പൊയ്ക്കോളു.” ഒടുവിലദ്ദേഹം പറഞ്ഞു. “ഇനി ഇങ്ങിനെ കാണട്ടെ. അഞ്ചിനുമുമ്പ് ഇവിടെ എത്തിയില്ലെങ്കിൽ അതിനുശേഷമുണ്ട്.”

അവൾ ഒന്നും മിണ്ടാതെ കയറിപ്പോയി. പുസ്തകം കിഴക്കെ അകത്തെ മേശപ്പുറത്തേക്കെറിഞ്ഞു് അടുക്കളയിലേക്കു് ഓടി. സ്കൂളിൽ പോയ കുപ്പായം മാറ്റി കൈയും കാലും തേച്ചുകഴുകിയിട്ടുവേണം കാപ്പി കുടിക്കുവാൻ എന്നാണു് അമ്മൂമ്മയുടെ നിയമം. അതിനൊക്കെ നിന്നാൽ ഇനിയും താമസമാണു്. വല്ലാതെ വിശക്കുന്നു. ആരും അടുക്കളയിൽ കാണാനില്ലെങ്കിൽ കുഞ്ഞിയമ്മ എടുത്തുതരും. എന്നാൽ വേഗം കുടിക്കാം.

ചെറിയമ്മ അടുക്കളയിൽ എത്തിയിട്ടില്ല; രക്ഷയായി.

“കുഞ്ഞിയമ്മേ വേഗം കാപ്പിതരു.”

അവർ കഷ്ണം നുറുക്കുകയാണു്.

“മണിക്കുട്ടി കാലും മൊഖോം കഴുകിയോ?”

“ഒന്നു വേഗം തരു കുഞ്ഞിയമ്മേ, വെശന്ന് പ്രാണൻ പോവാറായി.”

“അത്ര വെശപ്പിണ്ടെങ്കില് സ്ക്കൂളുവിട്ടാ വേഗം ങ്ങട്ട് വന്നൂടെ?”

“ഒന്ന് തരുന്നുണ്ടോ നിങ്ങള്?”

അവർ അടുപ്പിന്റെ അടുത്തുനിന്നു കാപ്പി എടുത്തുകൊടുത്തു. പലകപ്പുറത്തു അടച്ചുവെച്ചിരുന്നതിൽനിന്നു് ഒരടയും.

“ഇന്നെന്താ ഇങ്ങിനെ?”

“അച്ഛൻ എപ്പോ വന്നു കുഞ്ഞിയമ്മേ?”

“നേരത്തേ വന്നു. ഉണ്ണാൻണ്ടായിരുന്നു.”

ഓ. അതാണു് ഇന്നു പലഹാരം.

തിന്നുകഴിയുന്നതിനുമുമ്പു് ചെറിയമ്മ എത്തി.

“മണീ. നെന്നോട് പറഞ്ഞിട്ടില്ലേ സ്ക്കൂളിൽനിന്ന് വന്നപാട് അടുക്കളയിൽ കേറരുതെന്ന്. കുഞ്ഞിയമ്മ അതിനപ്പുറം. അവള് കാലും കൈയും തേച്ചുകഴുകിയോ എന്ന് നോക്കിയല്ല കാപ്പി കൊടുക്കുന്നത്. എത്ര പറഞ്ഞിട്ടുള്ളതാണ്. പറയണതിന്റെ നേരെ വിപരീതം ചെയ്യണമെന്നാണ് ധരിച്ചുവെച്ചിരിക്കുന്നത്. പിന്നെ എങ്ങിനെയാണ്.”

അവൾ മറ്റെ വാതിലിൽക്കൂടി മുറ്റത്തേക്കിറങ്ങി. അവിടെനിന്നു പറയട്ടെ. പറഞ്ഞു പറഞ്ഞു് മതിയാവുമ്പോൾ നിർത്തും.

തിന്നുകഴിഞ്ഞു കൈകഴുകാൻ ചെന്നപ്പോൾ കൊട്ടത്തളത്തിൽ അമ്മൂമ്മ ഗോപുവിനെ കുളിപ്പിക്കുകയാണു്. അവിടെ ലഹളയാകുന്നതിനുമുമ്പു് അവൾ കടന്നു.

ഇനിയും കുപ്പായം മാറിയില്ലെങ്കിൽ പറ്റില്ല. നാളെയും അതുതന്നെ ഇട്ടു കൊണ്ടു പോകണ്ടേ?

കാപ്പികുടി കഴിഞ്ഞാൽ ഉടനെ തൊടിയിലേയ്ക്കു് ഓടുകയാണു് പതിവു്. തൊഴുത്തിലും ഒക്കെ ഒന്നു കറങ്ങിവരണം. ഇന്നു് അച്ഛനുള്ളതുകൊണ്ടു് അതു തരപ്പെടില്ല. മുമ്പിൽ ചാടിവീണാൽ അപകടമാണു്.

ഉടുപ്പു മാറിക്കഴിഞ്ഞു കിഴക്കെ അകത്തുതന്നെ പുസ്തകങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയും നീക്കിയും അവൾ കുറച്ചുനേരം നിന്നു.

അമ്മൂമ്മ കയറി വന്നു. “പോയി മേക്കഴുകിവാ പെണ്ണേ, ഇരുട്ടാവണതിനു മുമ്പ്. ഗോപൂന്റെ കഴിഞ്ഞു. വെള്ളണ്ടു ചെമ്പില് കോരിയത്. വേഗം ചെന്നോ. ഇന്നാ തോർത്ത്മുണ്ട്.”

അവൾ തോർത്തും മേടിച്ചു് കുളിമുറിയിലേയ്ക്കു നടന്നു.

“ന്തിനാപ്പോ കുളിമുറില് കേറി വാതിലടയ്ക്കണത്, ആവോ? കൊട്ടത്തളത്തില് മേക്കഴുകിയാൽ പോരേ പെണ്ണിന് ?”

അമ്മൂമ്മ വിളിച്ചുചോദിച്ചതു് അവൾ കേട്ടെന്നു് ഭാവിച്ചില്ല.

ഇറയത്തു് ചെറിയമ്മ ഇരുന്നു പൊടിയരി കൊഴിക്കുകയാണു്.

“മണി മേൽക്കഴുകാൻപോവ്വാണോ? കുളിമുറീല് മൂലപ്പലകേമ്മല് ഉണ്ടു് സോപ്പ്. നല്ലോണം ഒന്നു് തേച്ചോ മണി മേല്. കറുത്തു കരിക്കണ്ടം പിടിച്ചോണ്ടായി പെണ്ണിന്റെ മേനി. ഞാൻ വന്നു തേപ്പിച്ചുതരാം. അതാണു് ഭേദം. ഒരുദിവസമെങ്കിലും ഒന്നു വെളുക്കട്ടെ.”

“വേണ്ട. എന്നെ കുളിപ്പിക്കുകയൊന്നും വേണ്ട. ഞാൻ തന്നെ ആയിക്കോളാം.”

അവർ താഴെവെച്ച മുറം പിന്നെയും കൈയിലെടുത്തു. വരട്ടെ ഇങ്ങട്ടു് തേപ്പിക്കാൻ. കാണിച്ചുകൊടുക്കാം. കറുത്ത്പോയിത്രേ ആയിക്കോട്ടെ. അവർക്കെന്താപ്പോ അതിനു്.

മേൽക്കഴുകിക്കഴിഞ്ഞു് കണ്ണാടിയുടെ മുമ്പിൽച്ചെന്നു് തല നേരെയാക്കുമ്പോഴേക്കും അമ്മൂമ്മ വിളിതുടങ്ങി.

“ഇനീം കഴിഞ്ഞില്ലേ മണീ നെന്റെയൊരു ചന്തം പിടിപ്പിക്കല്?”

അകത്തേയ്ക്കു കയറിവന്നതു് ഗോപുവാണു് അമ്മൂമ്മയല്ല.

“ഓപ്പോളേ, ഒന്ന് ഇങ്ങട് വരൂന്ന്, അച്ഛനുണ്ട് ഇവിടേന്ന് അറിഞ്ഞൂടേ?”

അമ്മൂമ്മ മുമ്പിലും കുട്ടികൾ പുറകിലും ആയി കോണിച്ചോട്ടിലെ വടക്കെ അകത്തേക്കു നടന്നു.

ചാരിയ വാതിൽ തുറന്നു് ഓപ്പോളും അനിയനും അകത്തേക്കു നടന്നു. അമ്മൂമ്മ വാതിൽക്കൽ നിന്നതേയുള്ളു.

ജനലിന്നെതിരെയുള്ള കട്ടിലിൽ എന്നും കിടക്കുന്ന സ്ഥാനത്തു് അമ്മ കിടക്കുന്നുണ്ടു്.

“ഗോപുക്കുട്ടാ.” അവർ പതുക്കെ വിളിച്ചു.

അവൻ അടുത്തേയ്ക്കു ചെന്നു. എന്നത്തേയും പോലെ അവനെ ചേർത്തുനിർത്തി തലയിലും മേത്തുമൊക്കെ തൊട്ടുതലോടാൻ തുടങ്ങി അവർ.

മണി മാറിനിന്നു. അവളുടെ ഊഴം എന്നും രണ്ടാമതാണു്. വെറുതെ നിൽക്കുമ്പോൾ അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു.

യാതൊരു മാറ്റവുമില്ല.

ജനൽപ്പടിയിന്മേൽ നടുക്കു ഗുരുവായൂരപ്പന്റെ പടം. അപ്പുറവും ഇപ്പുറവുമായി മറ്റെ രണ്ടു കൊച്ചു പടങ്ങളും. പൈക്കളും കിടാങ്ങളും തനിച്ചു നില്ക്കുമ്പോൾ തല ചെരിച്ചു പിടിച്ചുനിന്നു കുഴലൂതുന്ന ഉണ്ണിക്കണ്ണനാണു് ഒന്നു്. കുളിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങളുംകൊണ്ടു് മരക്കൊമ്പത്തു കയറിയിരിക്കുന്ന ഗോപബാലൻ തന്നെ മറ്റതും. കൃഷ്ണൻ മാത്രമേയുള്ളു അമ്മയുടെ മുറിയിൽ.

ഗുരുവായൂരപ്പന്റെ മുമ്പിൽ വിളക്കുവെക്കാൻ സ്ഥലം വിട്ടു് ചന്ദനത്തിരി കത്തിച്ചുനിർത്തുന്ന ആന. അതിനുതൊട്ടു് വഴിപാടു് അണയിടാൻ കുടുക്ക. കുറച്ചുമാറി മറ്റൊരു അറ്റത്തു് ഭസ്മം വെക്കുന്ന പഴയ ടിൻ. അതിന്റെ അടപ്പിന്മേൽ ഉണങ്ങിയ ചന്ദനയുരുളകൾ.

ഒന്നിനും മാറ്റമില്ല.

കട്ടിലിനുചുവട്ടിൽ കോളാമ്പി ഇരുപ്പുണ്ടു്: വെയ്ക്കാൻ മറന്നിട്ടില്ല.

തലക്കൽ ടിന്നും കുപ്പികളും എല്ലാം എന്നും കാണുന്നതാണു്. എടുത്തു മാറ്റി അടിച്ചു വാരുകകൂടി ചെയ്യാറില്ലായിരിക്കും.

ഓവകത്തേക്കുള്ള വാതിൽ കുറ്റിയിട്ടിരിക്കുകയാണു്. ഒരേ ഒരു ജനലുള്ളതും തുറക്കാറില്ല. അതിന്മേൽ ചാരിയാണു് പടങ്ങൾ വെച്ചിരിക്കുന്നതു്.

മുറിയിലെ ഗന്ധത്തിനുപോലും മാറ്റമില്ല. ഓർമ്മവെച്ചതുമുതൽ ഇതേ മണമാണു് ഇതിനകത്തു്. പടുതിരി കത്തിയെരിഞ്ഞ കൊട്ടെണ്ണ വിളക്കിന്റെ, വാടിയ മുല്ലപ്പൂവിന്റെ, ചന്ദനത്തിരിയുടെ, കാച്ചിയ എണ്ണയുടെ, കുഴമ്പിന്റെ എല്ലാം കൂടിച്ചേർന്ന ഗന്ധം. കയറിയാൽ പുറത്തു കടക്കുന്നതുവരെ ശ്വാസംമുട്ടും.

“മോൻ ഇന്നു് കഞ്ഞി കുടിച്ചാൽ മതീട്ടോ.” ഓ. കഴിഞ്ഞു. അവളുടെ മുറ വരാറായി.

“ഉണ്ണണ്ട. ചെറിയൊരു മെയ്ക്കാച്ചില് തോന്നുന്നുണ്ട്.” അമ്മ തുടർന്നു. ചടങ്ങു് അവസാനിച്ചു. ഗോപു മാറിനിന്നു. അവൾ ആ സ്ഥാനത്തേക്കു് നീങ്ങി. തൊട്ടുതലോടൽ ഇപ്പോഴും നടന്നു. നെറ്റിയിലും കഴുത്തിലും മാറിമാറി കൈവെച്ചുനോക്കി. കുറെ അധികനേരം വയറ്റത്തു് കൊട്ടിയും തട്ടിയും അമർത്തിയും ഒക്കെ നോക്കി.

“കുറച്ചു സ്തംഭിച്ചിട്ടുണ്ടെന്നു തോന്നുന്നു വയറ്. എനിക്ക് മോരു കാച്ചീട്ടുണ്ടാവും. അതുകൂട്ടി ഒരുപിടി ചോറുണ്ടാൽ മതി. സുഖക്കേടുവരുത്തി വെക്കണ്ടല്ലോ.”

എന്നും ഇതുതന്നെ. ഒന്നുകിൽ പൊടിയരിക്കഞ്ഞി, അല്ലെങ്കിൽ കാച്ചിയ മോരു്.

മൂക്കു് വിയർത്തോ? രാസ്നാദി പൊടി തിരുമ്മിയോ?

നാളെ കുളിക്കണ്ട, സ്ക്കൂളിലും പോകണ്ട, വെയിലുകൊള്ളരുതു്.

ഗോപു കേൾക്കും. അവൻ പൊടിയരിക്കഞ്ഞിയും കുടിക്കും. കുളിക്കാതെ ഇരിക്കുകയും ചെയ്യും. പക്ഷേ, അവനെക്കൊണ്ടേ പറ്റൂ അതൊക്കെ.

കുഞ്ഞിയമ്മ വിളക്കു കത്തിച്ചുകൊണ്ടുവന്നു.

കുട്ടികൾ പുറത്തേക്കുകടന്നു.

തളത്തിലെ നിലവിളക്കു കത്തിച്ചുവച്ചിട്ടുണ്ടു്. വിളക്കിനുമുമ്പിൽ രണ്ടുപേരും ചമ്രംപടിഞ്ഞു് ഇരുന്നു.

നമശ്ശിവായ. നാരായണായനമഃ അച്യുതായനമഃ. അങ്ങനെ തുടങ്ങി കുറെ അധികമുണ്ടു് ചൊല്ലാൻ. വല്ലതും വിടുന്നുണ്ടോ എന്നു് നോക്കാനാ അമ്മൂമ്മ അടുത്തിരിക്കുന്നതു്. കീർത്തനം കഴിഞ്ഞാൽ നാളും പക്കവും ഒക്കെ പറയണം. പെരുക്കപ്പട്ടികയും ചൊല്ലണം. അച്ഛൻ ഉമ്മറത്തിരിപ്പുണ്ടു്. ഇന്നു് ഉറക്കം തൂങ്ങിയാൽ പറ്റില്ല. ഒരുവിധം തീർത്തു് ഉണ്ണാൻ ചെന്നു. ഗോപു കഞ്ഞിയാണു് കുടിച്ചതു്. അമ്മൂമ്മ കാച്ചിയ മോരു കൊടുക്കാൻ വന്നപ്പോൾ അവൾ മോരേ വേണ്ടെന്നുപറഞ്ഞു് ഒന്നും ഇല്ലാതെ ഉണ്ടു.

കൈകഴുകിയാൽ നേരെ കിടക്കാനാണു് ഒരുക്കം. വെളുപ്പാൻ കാലത്തു് എഴുന്നേറ്റാണു് പഠിക്കുന്നതു്. തളത്തിൽ കിടക്ക വിരിച്ചിട്ടുണ്ടു്. വലുതു് അമ്മൂമ്മക്കും ഗോപുവിനുംകൂടി. ചെറുതു് അവൾക്കു്. ഗോപുവിനു തനിയെക്കിടക്കാൻ പേടിയാണു്.

കൂടെക്കിടന്നു് ഉറക്കിയിട്ടു് അമ്മൂമ്മ എണീറ്റുപോകും. ഊണൊക്കെക്കഴിഞ്ഞു് പിന്നെയും വന്നു് അവിടെത്തന്നെ കിടക്കും.

അവൾ കിടന്നു പുതപ്പെടുത്തു് കഴുത്തുവരെ വലിച്ചു മൂടി.

“അർജ്ജുനൻ, ഫൽഗുനൻ ചൊല്ലിണില്ലേ?” ഗോപുവിനെ പിടിച്ചു കൂട്ടിക്കിടന്നുകൊണ്ടു് അമ്മൂമ്മ വിളിച്ചുചോദിച്ചു.

“അർജ്ജുനൻ, ഫൽഗുനൻ” അവൾക്കു പേടിയില്ലല്ലോ. ഗോപുവിനല്ലേ പേടി. പിന്നെ എന്തിനു്

“പാർത്ഥൻ, വിജയ…” അവളുറങ്ങിപ്പോയി.

രണ്ടു്

അന്നു് അച്ഛൻ ദ്വേഷ്യപ്പെട്ടതിനുശേഷം വെളിച്ചപ്പാടിന്റെ വാതിൽക്കൽ കഥകേട്ടിരുന്നു് അവൾ അധികം വൈകിക്കാറില്ല. ദിവസവും മടങ്ങുമ്പോൾ മുടങ്ങാതെ അവിടെ തങ്ങും. പക്ഷേ, അഞ്ചിനുമുമ്പു തിരിച്ചെത്താൻ ശ്രദ്ധിക്കാറുണ്ടു്.

വീട്ടിൽ ലഹളയുണ്ടായ കാര്യം അവൾ പിറ്റെദിവസം തന്നെ വൈകുന്നേരം കണ്ടപ്പോൾ പറഞ്ഞുകേൾപ്പിച്ചു. പിന്നെ സമയത്തിനു കഥ നിർത്താൻ വയസ്സൻ എന്നും ഓർമ്മിക്കാറുണ്ടു്. ഇനിയും വൈകിച്ചെന്നു് വീട്ടുകാർ ദ്വേഷ്യപ്പെട്ടു് അവളെവിടെയാണു പോകുന്നതെന്നു കണ്ടുപിടിച്ചു വിലക്കിയാലോ. അവൾ കൂട്ടാക്കില്ലായിരിക്കും. പക്ഷേ, അവർ വിചാരിച്ചാൽ അവളെ വരാതാക്കാൻ സാധിക്കില്ലെ? എന്നാൽപിന്നെ…

അവൾ വീട്ടിലേക്കു പോകാൻ താമസിക്കുകയാണെങ്കിൽ വയസ്സൻ തന്നെ നിർബന്ധിച്ചു പറഞ്ഞയയ്ക്കും.

ആ ഒറ്റപ്പെട്ടുപോയ മനുഷ്യനു പിടിച്ചുനിൽക്കാൻ ഒരു പുൽത്തുരുമ്പു് അവൾ മാത്രമായിരുന്നു.

എഴുപതു നീണ്ട വർഷങ്ങൾ ജീവിച്ചിരുന്നിട്ടു തനതു വക എന്നു് വിളിക്കാൻ പാണ്ടൻ നായയല്ലാതെ വേറെ യാതൊന്നുമില്ല.

ഉഗ്രമാന്ത്രികന്മാരുടെ തറവാട്ടിൽ പിറന്നു ചെറുപ്പത്തിലേ ചുട്ടകോഴിയെ പറപ്പിക്കുന്ന മന്ത്രവാദിയായിട്ടാണു് അറിയപ്പെടാൻ തുടങ്ങിയതു്. ചോരക്കു ചൂടുണ്ടായിരുന്ന ആ നല്ലകാലത്തു സ്നേഹം വിതയ്ക്കാൻ മിനക്കെട്ടില്ല. വിതയ്ക്കാത്തതു കൊയ്യാനൊക്കുമോ?

ഇപ്പോൾ ആവശ്യപ്പെട്ടു ചെല്ലാൻ അഭിമാനം അനുവദിക്കുന്നില്ല. ചോദിച്ചാലും കിട്ടാനുണ്ടോ? കുട്ടികൾക്കൊക്കെ പേടിയാണു്. ചെറുപ്പക്കാർ കണ്ടഭാവം വെക്കില്ല. സ്വന്തം തലമുറയിൽ ഉള്ളവരാണെങ്കിൽ ഏറെയില്ല ബാക്കി.

അങ്ങിനെ താൻ തികച്ചും അധികപ്പറ്റാണു് എന്ന ബോധം ഉള്ളിനെ കരണ്ടു തുടങ്ങിയപ്പോഴാണു് അവൾ ജീവിതത്തിലേക്കു കടന്നുവന്നതു്.

കൂത്തുപറമ്പിന്റെ പടിഞ്ഞാപ്പുറത്തുകൂടി നടക്കുമ്പോൾ ഒരു കുട്ടി ഒടവിലേയ്ക്കു് ഉരുണ്ടുവീഴുന്നതു കണ്ടുചെന്നു. മഴപെയ്ത് വഴുക്കൽ പിടിച്ചു് കിടക്കുകയായിരുന്നു എല്ലായിടവും. അടുത്തുചെന്നു് പിടിച്ചു കയറ്റി.

തോൾകവിഞ്ഞു് കിടക്കുന്ന കനത്ത മുടിയും വലിയകണ്ണുകളും ഉള്ള അവൾ.

സാധാരണ കുട്ടികളെപ്പോലെ അവളും പേടിച്ചോടുമെന്നു് അയാൾ വിചാരിച്ചു. പക്ഷേ, അവൾക്കു പേടിയൊന്നും കണ്ടില്ല. കൈയ്യിന്മേൽപറ്റിയ ചളിയൊക്കെ തട്ടിക്കളഞ്ഞു് അവൾ പുസ്തകമെല്ലാം അടുക്കിക്കൂട്ടി. “എന്റെ പെൻസില് ഒടവിൽ കിടക്കുകയാണ്. ഒന്നു എടുത്തുതരോ?”

അമ്പരപ്പുമാറാതെ ഒരിക്കൽകൂടി അയാൾ ഇറങ്ങി. എവിടെയാണു കിടക്കുന്നതെന്നു് അവൾ മുകളിൽനിന്നു കാണിച്ചുകൊടുത്തു. അയാൾ പെറുക്കിയെടുത്തു് കയറി.

മുനയൊടിഞ്ഞ പെൻസിൽ മേടിച്ചു് ഇടത്തെ കൈയിൽ പിടിച്ചു് ഭംഗിയുള്ള കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിച്ചു് അവൾ പറഞ്ഞു: “നേരായി ഞാൻ പോട്ടെ.”

വൈകുന്നേരം അവൾ തിരിച്ചുവരുന്നതു കാത്തു് അയാൾ വാതിൽക്കൽ നിന്നിരുന്നു.

വേണ്ടപ്പെട്ടവരോടു് അടുക്കാൻ സാധിക്കാത്ത കുട്ടിയും അടുക്കാൻ വേണ്ടപ്പെട്ടവരില്ലാത്ത വയസ്സനും.

കുന്നിൻചെരുവിലെ രണ്ടുനിലക്കെട്ടിടത്തിൽ ഉറ്റവരുടെ നടുക്കാണെങ്കിലും ആ പെൺകുട്ടി തികച്ചും ഒറ്റയായിരുന്നു. അമ്മ എന്നുപറഞ്ഞാൽ കുഴമ്പും ചന്ദനത്തിരിയും മണക്കുന്ന കോണിച്ചുവട്ടിലെ വടക്കെ അകമാണു് ഓർമ്മവരിക. ആ വെളിച്ചം കയറാത്ത മുറിയിലെ പഴയകട്ടിലിൽ നിന്നു് വേറെയായി അമ്മയെ സങ്കല്പിക്കാൻ അവൾക്കു സാധിച്ചിട്ടില്ല. അറിവുവെച്ചതുമുതൽ അതിന്റെ ഒരു ഭാഗമായിട്ടാണു് അവരെ കണ്ടിട്ടുള്ളതു്.

പാലും കാപ്പിയും കഞ്ഞിയും ചോറും ഉപ്പുമാങ്ങയും കാച്ചിയ മോരും എല്ലാം ഒന്നൊന്നായി അകത്തേക്കു് പോകുന്നതു കാണാം. ഒഴിഞ്ഞ ഗ്ലാസുകളും പാത്രങ്ങളും പുറത്തേക്കു വരുന്നതും. അതിനുള്ളിൽ എന്താണു് നടക്കുന്നതെന്നു് അറിഞ്ഞുകൂടാ. അറിയണമെന്നു തോന്നിയിട്ടുമില്ല. ഒരാൾ ഇങ്ങിനെ സദാസമയവും കിടന്നു കഴിക്കുന്നതെന്തിനാണെന്നു് ഒരാലോചന പോയിട്ടേയില്ല.

ദിവസത്തിൽ ഒരിക്കൽ ഒഴിച്ചുകൂടാൻ വയ്യാത്തതുകൊണ്ടു് മുറിക്കകത്തു കടന്നുചെല്ലും. ആ പ്രഭയറ്റ നോട്ടം ദേഹത്തുവീണാൽ, ആ ഞെരമ്പെഴുന്നു നിൽക്കുന്ന കൈകൾ മേൽതൊട്ടാൽ ഉള്ളിന്റെ അടിയിൽ എവിടെയോനിന്നു് ഒരു തണുപ്പു പൊങ്ങിവരും. കഴിയുന്നതുംവേഗം പുറത്തുകടന്നാലേ സമാധാനമുള്ളു. സന്ധ്യയ്ക്കു് വിളക്കു വെക്കേണ്ടനേരത്തു മാത്രമേ അമ്മ എന്ന വ്യക്തി അറിവോടെ മനസ്സിൽ കയറിവരാറുള്ളു. അതും കഴിയുന്നതും വേഗം ചെയ്തുതീർക്കേണ്ട ഒരു ഇഷ്ടമില്ലാത്ത പ്രവൃത്തിയായിട്ടു്. ആ കാറ്റു കടക്കാത്ത മുറിയേയും അതു ഉൾക്കൊള്ളുന്ന മനുഷ്യജീവിയേയും വിട്ടു നിർത്തിയാണു് ചിന്ത പ്രവർത്തിക്കാറുള്ളതു്. സുഖകരമല്ലാത്തതിനെ ഒഴിവാക്കാനുള്ള അബോധ പൂർവ്വമായ പ്രേരണ…

ചെറിയമ്മയോടു് എന്തിനെങ്കിലും പിണങ്ങിയാൽ കുഞ്ഞിയമ്മ പലതും പിറുപിറുക്കുന്നതു അവൾ കേട്ടിട്ടുണ്ടു്. അമ്മ ചോരയും നീരും ഉള്ള സ്ത്രീയായിരുന്ന ആ കാലത്തെപ്പറ്റി അങ്ങിനെ കുറെയൊക്കെ പലപ്പോഴായിട്ടവൾ ധരിച്ചിട്ടുണ്ടു്. പക്ഷേ, അതിനെപ്പറ്റി അന്നൊന്നും കൂടുതൽ ചിന്തിക്കാറില്ല. കേൾക്കുമ്പോൾ വലിയ ശ്രദ്ധ കൊടുക്കാറേ ഇല്ല. ആ അറിവിന്റെ ശകലങ്ങൾ മനസ്സിന്റെ കോണിൽ പറ്റിക്കിടന്നു് പതുക്കെപ്പതുക്കെ അടിഞ്ഞുചേർന്നു കുന്നുകൂടുകയായിരുന്നു എന്നു് അവൾ കൊല്ലങ്ങൾക്കുശേഷം അറിഞ്ഞു.

ഓപ്പോളും അനിയനും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളു. പ്രകൃതത്തിൽ ഒരു ലോകത്തിന്റെ അന്തരം മുഴുവനും. പറയുന്നതു കേൾക്കാൻ അവനു് വിഷമമില്ല. എതിരു പ്രവർത്തിക്കുന്നതിനേക്കാൾ അനുസരിക്കാനാണു് അവനു വാസന.

എല്ലാവർക്കും അവനെയാണു കൂടുതൽ ഇഷ്ടം. അമ്മൂമ്മയ്ക്കും കിടക്കുന്ന അമ്മയ്ക്കുംകൂടി.

ഗോപുവും അവളും ഒരേ മനസ്സായിചെയ്യുന്ന പ്രവൃത്തി വടക്കെ അകത്തേയ്ക്കുള്ള സന്ധ്യനേരത്തെ യാത്ര മാത്രമാണു്. അവർ തമ്മിൽ അതിനെപ്പറ്റി സംസാരിച്ചിട്ടില്ലെങ്കിലും അവൾക്കറിയാം അവനും അതു വിഷമമാണെന്നു്.

അച്ഛനെ അധികമൊന്നും കാണാറില്ല, പകുതിദിവസവും വീട്ടിൽ ഉണ്ടാവില്ല. ഉള്ള സമയമാണെങ്കിൽ അവിടെ ഇല അനങ്ങുന്നതുകൂടി അദ്ദേഹം സ്ഥലത്തുണ്ടു് എന്ന ഓർമ്മയോടെയാണു്. അച്ഛൻ ഉറക്കെ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തു കേട്ടിട്ടില്ല. ദ്വേഷ്യപ്പെടുന്നതോ ശുണ്ഠി എടുക്കുന്നതോ കണ്ടിട്ടില്ല. എപ്പോഴും ഒരേ ഒരു ഭാവം, ഒരേ ഒരു ഒച്ച.

അവൾക്കും പേടിയാണു് അച്ഛനെ. മുമ്പിൽ ചെന്നു പെടരുതെന്നു് ഒരൊറ്റവിചാരമേയുള്ളു.

രണ്ടുമൂന്നുമാസം മുമ്പാണു് കവുങ്ങിന്മേൽ കയറിയിട്ടു് അച്ഛൻ കണ്ടുകൊണ്ടു വന്നതു്. കുഞ്ഞിയമ്മ പറഞ്ഞിട്ടാണു് കയറിയതു്. അടയ്ക്ക പറിക്കാൻ. ഇറങ്ങാൻ പറ്റുന്നതിനു മുമ്പു് അച്ഛൻ കണ്ടു. വീട്ടിൽ ഇല്ല എന്നു വിചാരിച്ചാണു് തുടങ്ങിയതു്. ആ മുഹൂർത്തത്തിൽ വന്നുകാണുകയുംചെയ്തു. നേരെ വിളിച്ചുകൊണ്ടുപോയി പൂമുഖത്തിന്റെ മൂലയിൽ ഇരിക്കാൻ പറഞ്ഞു. ഒരു ദിവസം മുഴുവൻ ആ ഇരുപ്പു് ഇരിക്കേണ്ടിവന്നു. രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നിട്ടാണു് എഴുന്നേറ്റോളാൻ പറഞ്ഞതു് അതുവരെ അനങ്ങിയില്ല. ചെറിയമ്മ വന്നു് ഒളിച്ചൊക്കെ നോക്കിയിട്ടു. പോയി. സങ്കടമുള്ള ഭാവമൊക്കെ കാണിച്ചു; ഭയങ്കരി.

ചെറിയമ്മയെ അവൾക്കിഷ്ടമില്ല. അമ്മയുടെ ഒരേ ഒരു അനിയത്തിയാണെങ്കിലും അമ്മക്കു് അവരെ കണ്ടുകൂടാ എന്നു് അവൾ മനസ്സിലാക്കിയിട്ടുണ്ടു്. കുഞ്ഞിയമ്മക്കു് എന്തെങ്കിലും കാരണംകൊണ്ടു സൌകര്യപ്പെട്ടില്ലെങ്കിൽ കഞ്ഞിയും മറ്റും കൊണ്ടു് ചെറിയമ്മ ഒരിക്കലും പോവില്ല. മുറിയ്ക്കകത്തേക്കു് കടക്കില്ല. ഒരുദിവസം കുഞ്ഞിയമ്മ ഇല്ലാതെ അമ്മൂമ്മക്കും എന്തോ അസുഖമായിരുന്നപ്പോൾ കഞ്ഞിയും ചമ്മന്തിയും ഒക്കെ ചെറിയമ്മ വാതിൽക്കൽ കൊണ്ടുവന്നുതന്നു; അവളാണു് അകത്തേക്കു കൊടുത്തതു്. ചെറിയമ്മ അമ്മയുടെ മുമ്പിൽ പോവില്ല.

“എങ്ങിനെ ചെല്ലും? ചങ്കൊറപ്പ് വരണ്ടേ?” കുഞ്ഞിയമ്മ പിണങ്ങിയിരിക്കുമ്പോൾ ഒരു ദിവസം പിറുപിറുക്കുന്നതുകേട്ടു.

അമ്മൂമ്മ ഒരു നിരുപദ്രവിയാണു്. അവർക്കു് ഗോപു എന്നൊരു വിചാരം മാത്രമേയുള്ളു. അവനെ കുളിപ്പിക്കുക, ചോറുകൊടുക്കുക, സ്ക്കൂളിൽ അയയ്ക്കുക ഇതൊക്കെത്തന്നെ അവർക്കു് മുഴുവൻ ദിവസത്തേക്കുമുള്ള ജോലിയാവും. വേറൊരു ചിന്തയില്ല. അവർക്കു് ആൺകുട്ടികൾ ഇല്ലാത്തതുകൊണ്ടാണത്രേ അവനെ ഇത്ര ഇഷ്ടം.

അതും കുഞ്ഞിയമ്മ പറഞ്ഞുതന്നതാണു്.

വല്ലതും ചോദിക്കണമെങ്കിൽ കുഞ്ഞിയമ്മയേ ഉള്ളു: എന്തെങ്കിലും പറഞ്ഞുകൊടുക്കുന്നതു് അവരാണു്. പക്ഷേ, അവരോടു സംസാരിക്കുന്നതു ചെറിയമ്മക്കു് ഇഷ്ടമല്ല. കണ്ടാൽ ദ്വേഷ്യപ്പെടും.

മൂന്നു്

ഒരു ദിവസം കാലത്തെ സ്കൂളിൽ പോകാൻ എത്തിയപ്പോൾ വാതിൽക്കൽ വെളിച്ചപ്പാടിനെ കണ്ടില്ല. വിളിച്ചപ്പോൾ അകത്തുനിന്നു കയറിവരാൻ പറയുകയാണു് ചെയ്തതു്.

പഴയ കയറ്റുകട്ടിലിൽ ചുരുണ്ടുകൂടി മൂടിപ്പുതച്ചു് കിടക്കുകയാണു് അയാൾ. എന്താണു കിടക്കുന്നതെന്നു് അവൾ ചോദിച്ചില്ല.

ജീർണ്ണിച്ച തലയിണച്ചുവട്ടിൽനിന്നു് അന്നും അയാളൊരുപൊതി എടുത്തു നീട്ടി.

വൈകുന്നേരവും അവൾ ചെന്നു. ആ കിടപ്പുതന്നെ; പാണ്ടൻനായയും ഉണ്ടു് കാൽക്കൽ.

പിറ്റെദിവസവും കാലത്തു് അവൾ ചെന്നു് അടുത്തു നിന്നിട്ടും വയസ്സൻ കണ്ണുതുറന്നില്ല. ഒരു വല്ലാത്ത കുറുങ്ങൽ മാത്രമുണ്ടു്. അവൾ ഒന്നു വിളിച്ചുനോക്കി. അനക്കമില്ല. കുറച്ചുനേരംകൂടി നിന്നു് അവൾ പോയി. സ്ക്കൂളിൽ മണി അടിക്കാറായിട്ടുണ്ടു്.

വൈകുന്നേരം വരുമ്പോൾ രണ്ടുചെറുപ്പക്കാർ ഉമ്മറത്തു നിൽപുണ്ടു്. അവൾ പിന്നിലെ വാതിലിൽക്കൂടി അകത്തു കടന്നു. ഇത്തവണ അടുത്തുചെന്നുനിന്നു ചുമച്ചപ്പോൾ കണ്ണുതുറന്നു. പക്ഷേ, കണ്ണിൽ മനസ്സിലായതിന്റെ തിളക്കം വന്നില്ല. ചുണ്ടുകൾ കോടുകകൂടി ഉണ്ടായില്ല. അവൾ അമ്പരന്നുപോയി. കാലത്തു വെളിച്ചപ്പാടു് ഉറങ്ങുകയായിരിക്കും എന്നാണു് വിചാരിച്ചതു്. ഇപ്പോൾ കണ്ടിട്ടും കണ്ടഭാവം കാണിക്കാത്തതെന്തു്? എന്താണു പറ്റിയതു് ?

ഉമ്മറത്തു് നിന്നവരിൽ ഒരാൾ അകത്തേക്കു കയറുന്നതു കണ്ടുകൊണ്ടവൾ പിന്നിൽക്കൂടിത്തന്നെ ഓടിപ്പോന്നു.

വീട്ടിൽ എത്തിയ ഉടൻ അടുക്കളയിലേക്കാണു് ചെന്നതു്.

“എന്താ വെളിച്ചപ്പാടിന് കുഞ്ഞിയമ്മേ?” ദൈവാധീനം; അവർ മാത്രമേയുള്ളു അടുക്കളയിൽ.

“അയാൾടെ ഒക്കെ തീരാറായീന്നാ തോന്നണത്.”

“എന്താ കുഞ്ഞിയമ്മേ, എന്താ തീരാറായത്?”

“വയസ്സായില്ലേ. വെള്ളിയാഴ്ചത്തെ പാട്ടിനു മഴയും നനഞ്ഞു തുള്ളി. വേണ്ടാന്നു പറഞ്ഞാൽ കേക്ക്വോ തന്ത? എഴുപത്തഞ്ചാംകാലത്തു് മഴനനഞ്ഞു തുള്ളിയാൽ ഭഗവതീടെ ആളാണെങ്കിലും പനി വരാണ്ടിരിക്ക്വോ? നെഞ്ചത്തൊക്കെ കഫം കെട്ടീട്ടുണ്ടത്രെ. ഇന്നു രാത്രി കഴിയില്ലാന്നു് ചെട്ടിച്ച ്യാരു പറയണതുകേട്ടു.”

“ഇന്നുരാത്രി വെളിച്ചപ്പാടു മരിക്കുംന്നാണോ?”

“പോയി കുപ്പായം മാറിയിട്ടുവരു മണിക്കുട്ടി. കാപ്പികുടിക്ക്യല്ല. വെളിച്ചപ്പാടിന്റെ കാര്യം അന്വേഷണാണ്. ഇന്നങ്ങനെയാ പൊറപ്പാട്. ഒരു വർത്തമാനം കിട്ടീതേ.”

ഇനി അവിടെനിന്നിട്ടു കാര്യമില്ല. നെല്ലുകുത്തുള്ള ദിവസമാണു്. ചെട്ടിച്ച ്യാര് പോയിട്ടുണ്ടാവില്ല.

അവൾ നേരെ അങ്ങോട്ടോടി. കുത്തിച്ചേറിയിട്ടിരുന്ന അരി കൊഴിക്കുകയാണു് അവർ.

“വെളിച്ചപ്പാടിനു എന്താ ചെട്ടിച്ച ്യാരേ?”

“ചിന്നന്റെ വികൃതി”

“അതാരാ?” കളിപറയാൻ ഒരു സമയം കണ്ടതേ.

“എന്തൊക്കെ അറിയണംന്റെ അമ്മേ. അറിയണ്ടാത്തതൊന്നൂല്ല്യ. അയാൾടെ കാലൻ എത്താറായി. അതിനുള്ള സുഖക്കേടാ. കാലനും മറന്നുപോയിന്നാണ് തോന്നീരുന്നത്.’

“വെളിച്ചപ്പാട് മരിക്കാൻ പോവ്വാ?”

“ഇതൊക്കെ എന്തിനാപ്പോ കുട്ട്യോള് അറിയണത്?”

“അതല്ല ചെട്ടിച്ച ്യാരേ. അവിടെ ഉമ്മറത്ത് കണ്ടതാരാ?”

“അതിപ്പോ ഞാനെങ്ങനയാ പറയാ. ആൾക്കാരുണ്ടോ അവടെ?”

“രണ്ട് ആളുകൾ അവിടെ നിൽക്കുന്നതുകണ്ടു.”

“ഓ എത്തിന്നാല്. തന്തേടെ വകേല് മരുമക്കളായിട്ട് രണ്ടെണ്ണണ്ടത്രേ, പൊഴേടെ അക്കരെ താമസായിട്ട്. വിളിക്കാൻ ആളുപോയിട്ടുണ്ട്ന്നൊക്കെ പറയണതുകേട്ടു പകലെ.”

“അവരായിരിക്കും എന്നാൽ.”

ചെട്ടിച്ച ്യാരു് ഒന്നും മിണ്ടിയില്ല. അരി കൊഴിക്കൽ മുറക്കു നടക്കുന്നുണ്ടു്. “അപ്പോ അവര് വന്നതോണ്ട് ഇനി ഡോക്ടരെക്കൊണ്ടുവന്ന് മരുന്നു കൊടുത്താൽ വെളിച്ചപ്പാടിന്റെ മാറില്ലേ ചെട്ടിച്ച ്യാരേ?”

“അതേതെ. ഇനി മരുന്നിന് പോവ്വാ അവര്. വെട്ടിച്ചുടാൻ വന്നതാ. വൈദ്യനെ വിളിക്ക്യാണ് തൊണ്ണൂറാം കാലത്ത്.”

“അമ്മൂമ്മക്ക് പനി വന്നപ്പോൾ ഡോക്ടറെ കൊണ്ടുവന്നൂലോ അച്ഛൻ.”

“ഇവിടന്ന് എണീറ്റ് പോവുണുണ്ടോ? ഇതൊന്ന് കൊഴിച്ചെടുക്കാൻ സമ്മതിക്കില്ല്യലോ? ആ കുപ്പായം മുഴുവൻ തവിടാക്കി. ഇപ്പോ വിളിച്ചുപറയും ഞാൻ.”

അങ്ങിനെ അവിടെനിന്നും നീങ്ങി. പിന്നെ ആരോടും ഒന്നും ചോദിക്കാൻ ചെന്നില്ല.

അന്നുരാത്രി കിടന്നിട്ടു് കുറെ നേരത്തേക്കു് ഉറക്കം വന്നില്ല. കണ്ടിട്ടും കാണാത്ത ആ നോട്ടവും ചിരിക്കാത്ത ചുണ്ടുകളും ഉറങ്ങിയിട്ടും മുമ്പിൽ നിന്നു മാറിയില്ല.

പിറ്റെദിവസം അവൾ പതിവിലും നേരത്തേ പുറപ്പെട്ടു. ധൃതി എന്താണെന്നു് ചെറിയമ്മ ചോദിച്ചപ്പോൾ എന്തോ പിറുപിറുത്തുകൊണ്ടു് ഒരോട്ടംകൊടുത്തു.

ഇന്നു രണ്ടുപേർ മാത്രമല്ല. കാവിന്റെ നടയ്ക്കലും വീടിന്റെ ചുറ്റും ഒക്കെ ആളാണു്. അറിയാതെ അകത്തു കടന്നുകാണാൻ യാതൊരു നിവൃത്തിയുമില്ല.

വാതിൽക്കൽനിന്നു മാറിനിന്നിരുന്ന തലനരച്ച ഒരു കാരണവരുടെ അടുത്തേക്കു അവൾ ചെന്നു. കുറച്ചുനേരം നിന്നിട്ടും വയസ്സൻ അങ്ങോട്ടു നോക്കിയില്ല.

“എന്താ പറ്റിയത്” ഒടുക്കമവൾ പതുക്കെച്ചോദിച്ചു

പകച്ച നോട്ടവുമായി തന്റെ അടുത്തുനിൽക്കുന്ന ആ ഇത്തിരിയുള്ള പെൺകുട്ടിയെ അയാൾ അപ്പോഴാണു് ശ്രദ്ധിച്ചതു്.

“സ്ക്കൂളില് പോവ്വല്ലേ കുട്ടീ? ഇവിടെ നിക്കണ്ട. പൊയ്ക്കോളു.”

“വെളിച്ചപ്പാട്…”

“ഒന്നൂല്യ പേടിക്കാൻ ട്ടോ. പൊയ്ക്കോളു. ഇത്രയും ആളുകളില്ലേ ഇവിടെ.”

“പേടിയൊന്നൂല്യ, വെളിച്ചപ്പാട് മരിച്ചോ?”

“മരിച്ചു. ദഹിപ്പിക്കാൻ കൊണ്ടുപോവ്വാണ്. അതല്ലേ കുട്ടി ഇവിടെ നിക്കണ്ടാന്ന് പറഞ്ഞത്. വേഗം പൊയ്ക്കോളു. ഓടിക്കോളു.”

നിൽക്കാൻ സമ്മതിക്കില്ല.

അവൾ പോന്നു.

വൈകുന്നേരം തിരിച്ചുവരുമ്പോൾ അവിടെയെങ്ങും ഒരനക്കവുമില്ല.

ഒരൊറ്റ മനുഷ്യനില്ല.

അവൾ പതുക്കെ അകത്തു കടന്നു. കയറ്റുകട്ടിൽ ഒഴിഞ്ഞു കിടക്കുന്നു.

മുറിക്കകത്തു യാതൊരു സാധനവുമില്ല. അവിടെയും ഇവിടെയും ഓരോ പാത്രങ്ങൾ കിടക്കാറുള്ളതും, കട്ടിലിന്മേൽ ഇടുന്ന കരിമ്പടവും തലയിണയും യാതൊന്നുമില്ല.

ഒഴിഞ്ഞ മുറിയിൽ ഒഴിഞ്ഞ കട്ടിൽ. കട്ടിലിന്റെ കാൽക്കൽ പാണ്ടൻനായ മാത്രമുണ്ടു്; നിവർന്നു കിടക്കുന്നു. അവൾ പതുക്കെ അടുത്തുചെന്നു് അതിന്റെ തലയിൽ കൈവെച്ചു.

തണുപ്പു്.

അവൾ ഞെട്ടി; കൈ വലിച്ചു.

മരണം എന്താണെന്നു മനസ്സിലായി. ഒഴിഞ്ഞ കട്ടിലും മരിച്ച നായയേയും മാറി മാറി നോക്കി കുറച്ചിട അവൾ അനങ്ങാതെ നിന്നു. പിന്നെ പുറത്തേക്കോടി.

അന്നു് അവൾ കാപ്പി കുടിക്കാൻ ചെന്നില്ല. ആരും അതു ശ്രദ്ധിച്ചില്ല.

കിഴക്കെ അകത്തു വാതിലടച്ചിരുന്നു കുറച്ചുനേരം. ഗോപു വന്നപ്പോൾ അവിടെനിന്നും ഇറങ്ങി. കുറെനേരം തൊടിയിൽ ചെന്നിരുന്നു. അവിടെയും ഇരുപ്പുറയ്ക്കാതെ ആയപ്പോൾ പതുക്കെ പിന്നിൽക്കൂടെ കുന്നിൽ പുറത്തേയ്ക്കു കയറി.

ഇഷ്ടപ്പെട്ടതു കൈവിട്ടുപോയാലത്തെ വേദന ആദ്യമായി അറിയുകയാണു്. എന്തിനെന്നോ എന്തുകൊണ്ടാണെന്നോ അറിയാതെ മനസ്സു വേദനപ്പെടുകയാണു്. ഹൃദയത്തിനേൽക്കുന്ന ആദ്യത്തെ മുറിവു്. കണ്ടതു പലതും മനസ്സിലാവാറില്ല. വേണമെന്നു തോന്നുന്ന പലതും കിട്ടാറില്ല. എന്നാലും കിട്ടിയതു നഷ്ടപ്പെടുന്ന അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ദുഃഖം എന്താണെന്നു ബോധപൂർവ്വം അറിയാനുള്ള പ്രായം ആയില്ല. എന്താണു തോന്നുന്നതെന്നു മനസ്സിലാക്കാൻതന്നെ ആയില്ല.

കരച്ചിൽ വന്നില്ല. കരയുവാനവൾക്കു് അറിഞ്ഞുകൂടാ.

എള്ളിൻകുറ്റികളുടെ നടുക്കുകൂടി അവൾ നടന്നു കയറി.

താഴെ നിരത്തും നിരത്തുവക്കത്തു് അമ്പലവും കവുങ്ങുകൊടിമരവും വ്യക്തമായിക്കാണാം.

എള്ളിൻകുറ്റികൾക്കപ്പുറം പറങ്കിമാവിൻ തോപ്പു്. അകലെ ചക്രവാളം തൊട്ടുരുമ്മിക്കൊണ്ടു നീലമലകളുടെ രേഖ. കാടും മരങ്ങളും ഒന്നും വ്യക്തമായിക്കാണില്ല. നീലവരകൾ മാത്രം. ചങ്ങലപോലെ. പൊങ്ങിയും താണും പൊങ്ങിയും താണും. അവൾ കണ്ണിമക്കാതെ നോക്കിനിന്നു. ചൂളംവിളിച്ചുകൊണ്ടുവന്ന കാറ്റു് കനത്ത തലമുടിക്കിടയിൽ തത്തിക്കളിച്ചു. അടക്കമില്ലാത്ത മുടി കണ്ണിലും മുഖത്തും എല്ലാം വന്നുവീണു. മാടിയൊതുക്കാതെ അനങ്ങാതെ അവൾ നിന്നു.

മനുഷ്യ കരസ്പർശനത്തിനു വഴങ്ങിയിട്ടില്ലാത്ത നീലമലകൾ ചെവിയിൽ സാന്ത്വനം മൊഴിയുകയാണു്. മനസ്സു വിഷമിച്ചു നില്ക്കുന്ന കൊച്ചു മകളെ കുന്നിൻപുറം അണച്ചു തഴുകുകയാണു്.

പടിഞ്ഞാറു് പെട്ടെന്നു ചുമപ്പണിഞ്ഞു. അകലെ മലകളുടെ രേഖ തെല്ലിട വ്യക്തമല്ലാതായി. ആകെ രക്തനിറം.

കുറെനേരം പിന്നെയും കഴിഞ്ഞു. ഇരുട്ടിന്റെ പുതപ്പു് മലമുകളിൽ ഊർന്നു വീണു.

വിജനമായ കുന്നിൻപുറത്തു് അവളൊറ്റയ്ക്കു അങ്ങിനെ നിന്നു. നക്ഷത്രങ്ങൾ കണ്ണുമിഴിച്ചുതുടങ്ങി.

അപ്പോഴും ആ കൊച്ചുകാറ്റു് തലമുടിക്കിടയിൽ ഊളിയിട്ടു കളിക്കുകയാണു്. അൻപുറ്റ കൈകൾ തലോടിത്തലോടി വേദന മാറ്റുകയാണു്.

“മണീ… മണീ… മണീ” അമ്മൂമ്മ അന്വേഷിച്ചു വരികയാണു്.

അവൾ ഇറങ്ങിപ്പോന്നു.

“ഈ പെണ്ണു് എവിടെയായിരുന്നു ഇത്രനേരം? നെറഞ്ഞ സന്ധ്യയ്ക്ക കുന്നിന്റെ മോളില് ഒറ്റയ്ക്കുചെന്നു നിക്ക്വ. ഇതിനു പേടില്ലേ? കാവിലെ വളപ്പിന്റെ തൊട്ടു് ഒരുപെണ്ണു തന്നെ നിക്ക്വാത്രേ. എന്തൊരു ജനിസ്സാണോ. വിളിച്ചു വിളിച്ച് തൊണ്ട പൊട്ടാറായി. സന്ധ്യയ്ക്കു മേക്കഴുകി രണ്ടു നാമംചെല്ലാണ്ടെ കുന്നിമ്മലേക്കു കാറ്റുകൊള്ളാൻ പോരേ?” അടുത്തെത്തുന്നതിനു മുമ്പു തന്നെ അമ്മൂമ്മ പിറുപിറെ ശകാരിക്കുന്നതു കേട്ടു.

അവൾ പിടികൊടുക്കാതെ മുമ്പെ ഓടി.

നാലു്

മുറിവു് ഉണങ്ങാൻ കുറെ ദിവസം പിടിച്ചു.

കാവിന്റെ നടയ്ക്കൽക്കൂടി കടന്നുപോകുമ്പോൾ ആ കുടിലിനകത്തേയ്ക്കു് ഒന്നു കയറിനോക്കാതെ പോകാൻ സാധിക്കാറില്ല. ഒന്നും പ്രതീക്ഷിച്ചിട്ടല്ല. പഴയ പതിവു വിടാൻ പറ്റാത്തതുകൊണ്ടുമാത്രം.

നേരമല്ലാത്തനേരത്തു കുന്നിൽപുറത്തു കയറിനില്ക്കുന്നതിനു ശകാരം കേൾക്കുന്നതു നിത്യസംഭവം ആയിരിക്കുകയാണു്. പക്ഷേ, അവിടെച്ചെന്നു നില്ക്കാതെ വയ്യ. അതൊരാവശ്യമാണു്.

പരന്ന മൊട്ടപ്പറമ്പിന്റെ മാറിൽ വരണ്ട കാറ്റിന്റെ സംസ്പർശത്തിൽ ഇതുവരെ കിട്ടിയിട്ടില്ലാത്ത പരിലാളനകളുടെ ആശ്വാസം അനുഭവിക്കുകയായിരുന്നു അവൾ.

ദിവസങ്ങൾ അങ്ങിനെ കടന്നുപോയി.

ഒരു ഞായറാഴ്ച ഉച്ചയ്ക്കു വേറെ ജോലിയൊന്നുമില്ലാതെ അടുക്കളയുമ്മറത്തുചെന്നു ചുറ്റിപ്പറ്റി നില്ക്കുകയായിരുന്നു.

മഴുക്കൈ ഒടിച്ചുകളഞ്ഞ ചെട്ടിച്ച ്യാരെ പ്രാകിക്കൊണ്ടു കുഞ്ഞിയമ്മ ഇരുന്നു മടവാളുവെച്ചു വെട്ടി വെട്ടി നാളികേരം പൊതിക്കാൻ ശ്രമിക്കുകയാണു്. വശമില്ലാത്തതുകൊണ്ടു് പൊളിക്കലല്ല ശകാരമാണു മുറക്കു നടക്കുന്നതു്. ചകിരി ചതഞ്ഞു് പഞ്ഞിയാവുകയല്ലാതെ വിട്ടുവരുന്ന ലക്ഷണമില്ല. കുന്നിൻപുറത്തു ദൂരെ പരിചയമില്ലാത്ത ആളുകൾ വരുന്നതു കണ്ടു കൊണ്ടു മണി വേലിക്കലേയ്ക്കു ചെന്നു. പെട്ടിയും കിടക്കയും ആയി മമ്മാലിയും, വേറൊരു കൂലിക്കാരനും ആണു് മുമ്പിൽ. നീല ട്രൌസറും വെള്ള ഷർട്ടും ഇട്ട ഒരു കുട്ടി പിന്നാലെ. പിന്നെ ചെറിയമ്മയുടെ ഒക്കെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. കൂടാതെ ഒരു പുരുഷനും. വണ്ടിയിറങ്ങിവരികയാണു്.

“ആരാ കുഞ്ഞിയമ്മേ അത്?” അവൾ താഴത്തേയ്ക്കു വിളിച്ചു ചോദിച്ചു. നാളികേരവുമായി മല്ലിടൽ നിർത്തിയിട്ടില്ല അവർ.

“വഴീല് പോണവരെയൊക്കെ ഞാനറിയോ? നല്ലകൂത്ത്.”

പുതിയ കൂട്ടർ ഇടവഴി ഇറങ്ങി വേലിക്കപ്പുറത്തു് അടുത്തായി.

“ങ്ങ് ആ. അമ്മുക്കുട്ടിയമ്മയല്ലേ അത്? ഇവര് എപ്പളേ വന്നത്?” നാളികേരപ്പണി മതിയാക്കി കുഞ്ഞിയമ്മയും പോന്നു വേലിക്കലേക്കു്, ഇപ്പളല്ലേ വരുന്നത്. കണ്ടൂടേ? ആരാത്രേ ഈ അമ്മുക്കുട്ടിയമ്മ?”

“അമ്മുട്ട്യമ്മയേയ്. മണിക്കുട്ടിടെ ചെറേമയാ അതു്. അമ്മുച്ചെറേമ.”

“ഇവിടത്തെ ചെറേമയുടെ അനിയത്തിയാ?”

“അല്ല. ഇതു മണിക്കുട്ടീടെ അച്ഛന്റെ കൂടപ്പിറപ്പാ. അവര് ആങ്ങളയും പെങ്ങളുംകൂടി രണ്ടാളല്ലേ ഉള്ളു.”

“മറ്റതാരാ?”

“അവരടെ മോനായിരിക്കും. എന്തു മുതിർന്നു. ഞാൻ കാണുമ്പോ പിടിച്ചു നടക്കും. അത്രേള്ളു. എന്തു ചന്തമായിരുന്നു കാണാൻ.”

“മറ്റതോ?”

“ആ കുട്ടന്റെ അച്ഛൻ.”

“അവരിങ്ങട് വരില്ലേ കുഞ്ഞിയമ്മേ? അമ്മുച്ചെറേമയുടെ മകനെ ഞാനെന്താ വിളിക്ക്യ?”

“ഏട്ടാന്ന് വിളിക്കണം. അല്ലാണ്ട്. അവരിങ്ങോട്ട് വര്വേ ആവോ? കഴിഞ്ഞ കുറി വന്നപ്പോ… ഇപ്പോ പിന്നേം കൊല്ലം എട്ടുപത്തു കഴിഞ്ഞില്ലേ?”

വേലിക്കൽനിന്നു അവർ സംസാരിച്ചതു കുറച്ചു ഉറക്കെ ആയിക്കാണും.

ചെറിയമ്മ തിരിഞ്ഞുനോക്കി.

കണ്ടാൽ കഷ്ടംതോന്നുന്ന മുഖം. പൊക്കവും വണ്ണവും ഒന്നുമില്ല അവർക്കു്.

അവർ തിരിഞ്ഞുനില്ക്കുന്നതുകണ്ടു് ഏട്ടനും നിന്നു. ഏട്ടന്റെ അച്ഛനും.

അദ്ദേഹം അവളെ നോക്കി കറുത്തു ഭംഗിയില്ലാത്ത മുഖം മുഴുവൻ തെളിയിക്കുന്ന ഒരു ചിരി ചിരിച്ചു.

അകത്തുനിന്നു വിളിക്കുന്നതുകേട്ടു കുഞ്ഞിയമ്മ പോയി.

അവർ നടന്നു. പള്ള്യാലും കഴിഞ്ഞു കാണാതാവുന്നതുവരെ അവൾ വേലിക്കൽതന്നെ നോക്കിനിന്നു.

അതിൽപ്പിന്നെ ദിവസവും വൈകുന്നേരം കൊച്ചച്ഛനും മകനും കൂടെ നടക്കാൻപോകുന്നതു കാണാം.

തോടുകഴിഞ്ഞു പാടത്തിനപ്പുറത്താണു് അവരുടെ വീടെന്നു് കുഞ്ഞിയമ്മ പറഞ്ഞുകൊടുത്തിട്ടുണ്ടു്.

അച്ഛൻ മകന്റെ കൈപിടിച്ചു വർത്തമാനം പറഞ്ഞു ചിരിച്ചു നടന്നു പോകുന്നതു നോക്കിക്കൊണ്ടു് അവൾ പടിഞ്ഞാറെ തൊടിയിൽ കയറി നിൽക്കും.

അവളെക്കണ്ടാലുടൻ അദ്ദേഹം ആ വെളുത്തചിരി ചിരിക്കും. ആ ചിരി കിട്ടാൻവേണ്ടി തൊടിയിൽ കാത്തു നിൽക്കാൻ തുടങ്ങി അവൾ. ചിലപ്പോൾ കടന്നുപോകുമ്പോൾ എന്തെങ്കിലും വിളിച്ചുചോദിക്കും.

അവർ നാട്ടിലെത്തി രണ്ടുമൂന്നു് ആഴ്ച കഴിഞ്ഞു. ഒരുദിവസം വിചാരിക്കാതെ അമ്മുച്ചെറിയമ്മ വീട്ടിൽ കയറി വന്നു. കാവിൽ കുളിച്ചുതൊഴുതുവരുന്ന വഴിക്കു്. കൂടെ മകനുമുണ്ടു്.

അവളും ഗോപുവും ഉമ്മറത്തെ മുറ്റത്തുതന്നെ ഉണ്ടായിരുന്നു. അച്ഛൻ വീട്ടിലില്ല.

ഏട്ടനെ അവരുടെകൂടെ വിട്ടു് അമ്മുച്ചെറേമ അകത്തു കയറിപ്പോയി. ദിവസേന കാണാറുണ്ടെങ്കിലും പരിചയം ആയിട്ടില്ല.

കുറച്ചുനേരത്തെ വല്ലായ്മയ്ക്കുശേഷം അവൾ പറമ്പുകാണാൻ പോകാമെന്നു ക്ഷണിച്ചു. ഏട്ടൻ സമ്മതിച്ചു കൂടെച്ചെന്നു.

അടുക്കളയുമ്മറത്തേയ്ക്കാണവൾ നേരെ കൊണ്ടുപോയതു്.

കുഞ്ഞിയമ്മ പശുവിനെക്കറന്നു വരികയായിരുന്നു.

“ഇതാരാ വന്നിരിക്കണത്?” അവർ ഉടനെ തുടങ്ങി. “തന്നേള്ളു? അമ്മ പോന്നില്ലേ?”

“ഉണ്ട്. അകത്തുണ്ട്.”

“തൊഴുതു വരണവഴിയായിരിക്കും അല്ലേ?”

“അതെ.”

“കുട്ടന്റെ പേരെന്താ?”

“വിക്രമൻ.”

വിക്രമൻ. പേരവൾക്കു പിടിച്ചു.

വിക്രമേട്ടൻ—കൊള്ളാം. അമ്മുച്ചെറേമ അപ്പ എന്നാണു വിളിക്കുന്നതു കേട്ടതു്.

അപ്പേട്ടൻ എന്നാണു എളുപ്പം.

കുഞ്ഞിയമ്മ പാൽപ്പാത്രം ഇറയത്തുവെച്ചു അവളെ ഏട്ടന്റെ അടുത്തേയ്ക്കു നീക്കി നിർത്തി.

“നല്ല ചേർച്ച, ഒരു ഛായതന്നെ രണ്ടുപേരും.”

അതു വാസ്തവമാണെന്നു് അവൾക്കും തോന്നി. എന്നും കണ്ണാടിയിൽ കാണാറുള്ള അതേ നെറ്റിയും മൂക്കും കണ്ണുമാണു് ഏട്ടനു്.

“അമ്മച്ഛായയാണ് കുട്ടൻ.” അവർ തുടർന്നു.

ഏട്ടൻ ഒന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ടുനിന്നു.

“കുട്ടന്റെ മൊറപ്പെണ്ണാ ഇത്.” അതിന്റെ അർത്ഥം അവൾക്കു മനസ്സിലായില്ല. അപ്പേട്ടനു മനസ്സിലായോ എന്തോ? കുഞ്ഞിയമ്മയോടു ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഉമ്മറത്തുനിന്നു അമ്മുച്ചെറേമയുടെ നേർത്ത ശബ്ദം കേട്ടു: “അപ്പേ പോവാം നമുക്ക്.”

ഒരു പതിനഞ്ചുമിനുട്ടുകൂടി നിന്നില്ല. ഇത്ര ധൃതി എന്താണോ അവർക്കു്.

അതിൽപ്പിന്നെ സ്ക്കൂളിൽ പോകുമ്പോഴും വരുമ്പോഴും വല്ലപ്പോഴുമൊക്കെ വഴിയിൽ കാണും അപ്പേട്ടനെ. കണ്ടാൽ ഒന്നിച്ചാണു പോരുക.

പിന്നീടു വീട്ടിൽ വന്നിട്ടില്ല. അവിടെനിന്നു ആരും അങ്ങോട്ടു പോവുകയും ഉണ്ടായില്ല.

അങ്ങിനെ മകരമാസം വന്നു. കാവിൽ ചുറ്റുവിളക്കും വേലയുമാണു്. സന്ധ്യക്കു ചെറിയമ്മ തൊഴാൻ കൊണ്ടുപോകും. വിളക്കും നിറമാലയും എല്ലാം അങ്ങിനെ കുറെനേരം കാണാം.

വേലദിവസമായി. അച്ഛൻ എത്തിയില്ല. വന്നിട്ടു് ഒരാഴ്ചയായി. അച്ഛൻ ഉണ്ടെങ്കിൽ കൂത്തുപറമ്പിൽ കൊണ്ടുപോയില്ലെങ്കിലും നിരത്തുവക്കത്തെ വാണിയന്റെ പീടികയുടെ മുകളിലെങ്കിലും കയറ്റിനിർത്തും.

കൊണ്ടുപോയാക്കിയിട്ടു് അച്ഛൻപോകും. വെളുപ്പാൻകാലത്തു വിളിക്കാൻ വരും. അവളും ഗോപുവും അവിടെത്തന്നെ ഇരിക്കും. ചിലപ്പോൾ വേറെയും കുട്ടികളും അമ്മമാരും ഒക്കെ കാണും. അവിടെ നിന്നാൽ കാളയെ ഇറക്കുന്നതും കളിയുമെല്ലാം കാണാം. കൂത്തു കാണാൻ പറ്റില്ല. അതിനു് അടുത്തുതന്നെ നില്ക്കണം. എന്നാലും കാളക്കളിയെങ്കിലും കാണാമല്ലോ. അതെങ്കിൽ അതു്. ഇക്കൊല്ലം അതും തരമാവുമെന്നു തോന്നുന്നില്ല. അച്ഛൻ വരാതെ ആരു കൊണ്ടുപോകും?

വലിയ തിരക്കാണു്. അതാണു അച്ഛൻ വരാത്തതു് എന്നൊക്കെ ചെറിയമ്മ പറയുന്നതു കേട്ടു. ഇന്നൊരു ദിവസം അവധിയെടുത്തു വന്നിരുന്നെങ്കിൽ…

ഉച്ചയായി.

പൂതനും തിറയും കെട്ടിവന്നു കളിച്ചിട്ടുപോയി.

ഗോപുവിനു എന്തു പേടിയാണു്. അവൾ ഒരിക്കൽ കണ്ടതാണു്; പൂതൻ പോയി മുഖംമാറ്റി കുഞ്ഞിയമ്മയോടു വെള്ളം മേടിച്ചു കുടിക്കുന്നതു്.

നേരം കുറെയും കൂടി കഴിഞ്ഞു. വെയിലാറി. പുത്തൻകളത്തിക്കാരുടെ കാളയെ കെട്ടി പടിക്കൽക്കൂടി കൊണ്ടുപോയി. വലിയ കാളയാണു്. പള്ള്യാലിന്റെ ഇടയിൽക്കൂടി കടക്കില്ല. വേലി പൊളിക്കണം. അപ്പേട്ടന്റെ അച്ഛൻ നിന്നു പൊളിച്ചുകൊടുത്തു. അവരുടെയാണു് ആ പള്ള്യാല്. ദേഹം മുഴുവൻ ചുമന്ന പട്ടിൽ പൊതിഞ്ഞു് വെളുത്ത തലയും കഴുത്തുനിറച്ചു മണികളും ആയി നല്ല ഭംഗിയുള്ള വലിയ കാള.

മുത്തച്ഛന്റെ കാലത്തു് അവർക്കും കാളക്കെട്ടുണ്ടായിരുന്നുവത്രേ. കേമമായിട്ടു കെട്ടാറുണ്ടു്. കുഞ്ഞിയമ്മ പറഞ്ഞതാണു്. മനക്കലേയും തമ്പുരാന്റെയും കഴിഞ്ഞാൽ മൂന്നാമത്തെ കാള അവരുടെ ആയിരുന്നു അന്നു്. അച്ഛൻ ആയപ്പോൾ ഒരു കൊല്ലം കഴിയില്ല എന്നുപറഞ്ഞു കെട്ടിച്ചില്ല. അങ്ങിനെ സ്ഥാനം പോയി. ഇനി കെട്ടിച്ചാൽ ഒടുക്കമേ നിൽക്കാൻ പറ്റുള്ളു.

ഓ, അച്ഛൻ ഇനിയും എത്തിയില്ല.

മണി ഏഴായി. അവളും ഗോപുവും നേരത്തെ ചോറു മേടിച്ചുണ്ടു് വേലിക്കൽ സ്ഥലം പിടിച്ചു.

ആളുകൾ കാവിലേക്കു പുറപ്പെട്ടു തുടങ്ങി. സ്ത്രീകളും കുട്ടികളും പുരുഷന്മാരും. ആരും ബാക്കിയില്ലാതെ എല്ലാവരും ഇറങ്ങിയിരിക്കുകയാണു്. ഉറക്കെയൊന്നു വിളിച്ചാൽ കേൾക്കുന്ന ദൂരമേയുള്ളു കാവിലേക്കു്, എന്നിട്ടു് അവിടെ ഇതൊക്കെ നടക്കുമ്പോൾ വീട്ടിൽ ഇങ്ങിനെ അടച്ചിരിക്കുക എന്നുവെച്ചാൽ.

ആളുകൾ പോകുന്നതു കണ്ടുകൊണ്ടു് സഹിക്കാൻ വയ്യാതായിത്തുടങ്ങി.

അപ്പോഴാണു് അപ്പേട്ടന്റെ കൈയും പിടിച്ചുകൊണ്ടു കൊച്ചച്ഛൻ വന്നതു്.

“മണി വേല കാണാൻ വരുന്നില്ലേ? എന്താ ഈ തൊടീല് ഇങ്ങിനെ നിക്കണത്?”

“ഞങ്ങളെ കൊണ്ടുവാൻ ആരുല്ല്യ. അച്ഛൻ ഇവിടേല്ല്യ.”

“കൊണ്ടുപോവാൻ ആളില്ലാത്തതുകൊണ്ടു വേല കാണണ്ടാന്നു വെച്ചിരിക്കുകയാണോ?”

“തന്നെ വിടില്ല, ചെറിയമ്മ.”

കൊച്ചച്ഛൻ ഏട്ടന്റെ നേരെ തിരിഞ്ഞു.

“അതു കഷ്ടമല്ലേ മോനേ. ഇവരു രണ്ടുപേരുമാത്രം ഒന്നും കണ്ടില്ലെങ്കിൽ.”

കുറച്ചുനേരം കൊച്ചച്ഛൻ ആലോചിച്ചുനിന്നു.

“മണി ഒരു കാര്യം ചെയ്യു. ചെന്നു ചെറിയമ്മയോടു ചോദിയ്ക്കു എന്റെ കൂടെ വന്നോട്ടെ എന്നു്. സമ്മതിച്ചാൽ ഞാൻ കൊണ്ടുപോകാം.”

മുഴുവൻ കേൾക്കുന്നതിനുമുമ്പു് അവൾ ഓടി. ഗോപുവും പോന്നു പിന്നാലെ.

ചെറിയമ്മ മേൽക്കഴുകിവന്നു് ഉണ്ണാൻ ഇരുന്നിട്ടേയുള്ളു.

“അപ്പേട്ടന്റെ അച്ഛൻ കാവിലേക്കു പോണുണ്ട്. ഞങ്ങളേംകൊണ്ടു പോവാംന്ന് പറഞ്ഞു. പോവ്വാണ്.”

സമാധാനം എന്താണെന്നു കേൾക്കാൻ നിന്നില്ല. ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർത്തു് അതുപോലെതന്നെ തിരിച്ചോടി. അപ്പോഴും ഗോപു പിന്നാലെ ഉണ്ടായിരുന്നു.

അവൾ പറമ്പിലേക്കു കയറാതെ നേരെ പടികടന്നു വേലിക്കപ്പുറത്തേയ്ക്കു ചെന്നു.

കൊച്ചച്ഛൻ അവിടെത്തന്നെ നിൽപ്പുണ്ടു്. അവർ ചെന്നപ്പോൾ ചോദിച്ചു: “പറഞ്ഞില്ലേ?”

“ഉം” അവൾ മൂളി.

അച്ഛൻ കൊണ്ടുപോകുന്നതുപോലെയല്ല കൊച്ചച്ഛന്റെ കൂടെ പോയാൽ. പീടികയുടെ മുകളിലൊന്നും കയറ്റാതെ തിരക്കിന്റെ ഒത്ത നടുവിൽ കൊണ്ടുനിർത്തി.

കാള ഇറങ്ങേണ്ട നേരമായി. നാലും കൂടിയയിടത്തെ ആൽച്ചുവട്ടിൽനിന്നാണു തുടങ്ങുക. അവർ അങ്ങോട്ടു നീങ്ങി. എല്ലാം നിരന്നുതുടങ്ങി.

പുത്തൻകളത്തിൽ മുതിർന്ന കുട്ടികൾ ഇല്ലാത്തതുകൊണ്ടു് ഏട്ടനാണു് അവരുടെ കാളയ്ക്കു വിളക്കു പിടിക്കുന്നതു്. രണ്ടാൾ വേണ്ടതാണു ശരിക്കു്. ഇതു ഏട്ടൻമാത്രമേയുള്ളു. പുള്ളിക്കു് ആകപ്പാടെ വലിയ ഉത്സാഹം. ഇതൊക്കെക്കാണുന്നതുതന്നെ ആദ്യമായിട്ടാണു്. തട്ടിൽക്കയറി കുത്തുവിളക്കും പിടിച്ചു കാളയുടെ കഴുത്തിൽകൂടി കൈയിട്ടു ചേർന്നു നിന്നപ്പോൾ എന്തൊരന്തസ്സാണു്. ഉറക്കം വരാതിരിക്കാൻ മടിനിറച്ചു പൊരി വാരിയിട്ടിട്ടുണ്ടു്.

എട്ടുപത്താൾകൂടി കാളയെ പൊക്കിയെടുത്തു.

“സൂക്ഷിക്കണേ അപ്പേ. വീഴല്ലേ. പിടിച്ചുനിന്നോളണം.” കൊച്ചച്ഛൻ വിളിച്ചു പറഞ്ഞു. ഏട്ടൻ വലിയ ആളുടെ ഭാവത്തിൽ കീഴ്പോട്ടുനോക്കി ചിരിച്ചുകൊണ്ടുനിന്നു.

വരിവരിയായി ചുമപ്പും വെളുപ്പും ഇടകലർന്നു കാളകൾ നിരന്നുനീങ്ങി. കൂട്ടത്തിൽ പറങ്ങോട്ടു നായരുടെ ഇരട്ടക്കാളയും. അതിനാണു് ഏറ്റവും ഭംഗി.

തിരക്കിനിടയിൽ രണ്ടുപേരെയും ഓരോ കൈ പിടിച്ചു് അപ്പേട്ടൻ കയറിയ കാളയുടെ അടുത്തുനിന്നു തെറ്റാതെ കൊച്ചച്ഛൻ നടന്നു.

അപ്പേട്ടൻ ഇടക്കിടയ്ക്കു പൊരിവാരി അവളുടെ മേത്തു് എറിയും. “കൊച്ചച്ഛാ എന്നേം കേറ്റുമോ കാളപ്പുറത്തു്?” അസൂയ സഹിക്കവയ്യാതെ അവളവസാനം ചോദിച്ചു.

“പെങ്കുട്ടികള് കാളയ്ക്കു വിളക്കു പിടിക്കേ. ആയ് ആയി. ഇതാദ്യമായിട്ടു കേൾക്കുകയാണിങ്ങനെ.” അവൾ പിന്നെ ഒന്നും പറഞ്ഞില്ല, കൊച്ചച്ഛനു കളിയാണു്.

റോഡരികത്തു വളയും റിബണും ബലൂണും ഒക്കെ വില്ക്കാൻ നിരത്തിയിട്ടുണ്ടു്. കൊച്ചച്ഛൻ വളക്കാരന്റെ അടുത്തേയ്ക്കു നീങ്ങി. നാലു ജോഡി കുപ്പിവള മേടിച്ചു. ഓരോ കൈയിലും നന്നാലെണ്ണം അവൾതന്നെ തിരഞ്ഞെടുത്തു; ഇഷ്ടമുള്ളതുനോക്കി. ഗോപുവിനും ഏട്ടനും ബലൂൺ വാങ്ങിച്ചപ്പോൾ അതും ഒരെണ്ണം വാങ്ങി അവൾക്കു്. ഏട്ടനുള്ളതു കൊച്ചച്ഛൻ പോക്കറ്റിലിട്ടു.

കാളകൾ നടയ്ക്കൽ നിരന്നു. വെടിക്കെട്ടു തുടങ്ങി. അമിട്ടും മൂളിപ്പൂവും ഒന്നും ഇത്ര നന്നായി ഇതുവരെക്കണ്ടിട്ടില്ല.

കൂട്ടവെടി പൊട്ടിത്തുടങ്ങിയപ്പോൾ കൊച്ചച്ഛൻ ചോദിച്ചു, “പേടിയുണ്ടോ?”

അവൾ ഇല്ലെന്നു പറഞ്ഞു. ഗോപു ഒന്നും മിണ്ടിയില്ല.

കൊച്ചച്ഛൻ അവനെ എടുത്തുനിന്നു, കതന പൊട്ടിത്തീരുന്നതുവരെ. മരുന്നുപണി കഴിഞ്ഞപ്പോഴേക്കും നേരം കുറെയായി.

കാളയെ കളിപ്പിക്കാൻ അകത്തുകടക്കാനുള്ള ഒരുക്കമായി. കുട്ടികളെയെല്ലാം താഴെ ഇറക്കി.

ഏട്ടനും അവരും കൂടി ഗോപുരത്തിങ്കലെ മതിലിന്മേൽ കയറിനിന്നു. ചാടിച്ചു തുള്ളിച്ചു മത്സരിച്ചു് എത്ര നേരമാണു കളിച്ചതു്.

തീരുംവരെ കണ്ടുനിന്നു. പിന്നെ പതുക്കെ കൂത്തുമാടത്തിന്റെ അടുത്തേയ്ക്കു നീങ്ങി. ഇത്ര അടുത്തുനിന്നു കൂത്തുകാണുന്നതു ആദ്യമായിട്ടാണു് വെളുത്ത ശീലയ്ക്കുമുമ്പിൽ നിഴലുകൾ ചാടിക്കളിക്കുന്നതു കണ്ടുനിന്നാൽ മതിയാവില്ല. നേരെ തിരിയാത്ത ആ പാട്ടും ഇടക്കിടക്കു് മറ്റെ ആളുടെ ‘ആ’ എന്ന ഈണത്തിലുള്ള മൂളലും. ഹനുമാനേയും രാവണനേയും എല്ലാം അവൾക്കു പിടിച്ചു.

ഒരു കൊല്ലവും ഇത്ര രസിക്കാറില്ല. വീട്ടിലേക്കു തിരിച്ചപ്പോൾ കിഴക്കു വെള്ളവീശിത്തുടങ്ങി. അവളും ഗോപുവും കൊച്ചച്ഛൻ ഓരോ കൈയിൽ തൂങ്ങി. പകുതി ഉറക്കമായിരുന്നു ഗോപു. കൊച്ചച്ഛന്റെ മേൽ ചാരി കണ്ണു പകുതി അടച്ചാണു് അവൻ നടന്നിരുന്നതു്.

വീടെത്തിയപ്പോൾ പടി അടച്ചു കുറ്റിയിട്ടിട്ടുണ്ടു്. അപ്പേട്ടനും കൂടി വിളിച്ചു. അകത്തു വെളിച്ചം അനങ്ങിത്തുടങ്ങി.

“എന്റെ കുട്ടികളെ കൊണ്ടുപോകാൻ നിങ്ങളോടാരു പറഞ്ഞു?” പരിചിതമായ ശബ്ദം പിന്നിൽനിന്നുകേട്ടു് അവൾ ഞെട്ടിത്തിരിഞ്ഞുനോക്കി. അച്ഛൻ—ആൾത്തിരക്കിനിടയിൽ തല കണ്ടതായിത്തോന്നി എന്നവൾ പെട്ടെന്നോർത്തു.

ഗോപുവിന്റെ ഉറക്കമൊക്കെപ്പോയി. അവൻ കൊച്ചച്ഛൻ കൈ വിട്ടു മാറിനിന്നു.

“ആരും പറഞ്ഞില്ല.” പതുക്കെയൊന്നു ചിരിച്ചുകൊണ്ടു് കൊച്ചച്ഛൻ പറഞ്ഞു.

“പിന്നെ എന്തിനു കൊണ്ടുപോയി?”

“നിങ്ങളുടെ കുട്ടികളെയല്ല ഞാൻ കൊണ്ടുപോയതു്. ഇതിലെ ഞാൻ പോകുമ്പോൾ രണ്ടു കുട്ടികൾ വേലിക്കൽ ആശയോടെ നോക്കിനിന്നു. അവരെക്കൊണ്ടുപോയി. നിങ്ങളുടെ മക്കളായതുകൊണ്ടല്ല.”

“അപ്പോൾ നാട്ടുകാരുടെയെല്ലാം കുട്ടികളെ വേല കാണിക്കാൻ നടക്കുകയാണു നിങ്ങൾ?”

“കുട്ടികളെ കൊണ്ടുപോകുവാൻ വേറെ ആളില്ലെങ്കിൽ—അവർ എന്റെ കൂടെ വരാൻ തയ്യാറാണെങ്കിൽ—എനിക്കു് ഒരു കാശു ചിലവില്ലാത്ത കാര്യമല്ലേ?” കൊച്ചച്ഛൻ ചിരിച്ചു.

ചെറിയമ്മ വന്നു വാതിൽ തുറന്നു. അവരുടെ കൈയിലെ റാന്തലിന്റെ അരണ്ട വെളിച്ചത്തിൽ സംസാരിക്കുന്നവരുടെ മുഖം കാണാം. ഒന്നു ക്ഷോഭിച്ചു്, മറ്റതു യാതൊരു ചാഞ്ചല്യവുമില്ലാതെ.

“എന്റെ കുട്ടികളെ എന്റെ അനുവാദം കൂടാതെ കൊണ്ടുപോകാൻ പാടില്ല.” അച്ഛന്റെ ഒച്ച ഇത്ര പൊങ്ങി ഇതുവരെ കേട്ടിട്ടില്ല.

“എന്നാൽ തന്നെത്താൻ കൊണ്ടുപൊയ്ക്കോളണം.”

അച്ഛനു ശുണ്ഠികൂടുംതോറും കൊച്ചച്ഛനു ചിരിയാണു്.

“അതെന്റെ ഇഷ്ടം. ഞാൻ മനസ്സുണ്ടെങ്കിൽ കൊണ്ടുപോകും.”

“അവരിങ്ങനെ നോക്കിനില്ക്കുന്നതുകണ്ടാൽ ഇനിയും ഞാൻ കൊണ്ടു പോകും.”

“കൊണ്ടുപോകില്ല നിങ്ങൾ.”

കൊച്ചച്ഛൻ ഒന്നുകൂടി ഊറിച്ചിരിച്ചു. എന്നിട്ടു് അകത്തു ചെറിയമ്മ നില്ക്കുന്നിടത്തേയ്ക്കുനോക്കി ഗോപുവിനെ മുമ്പിലേയ്ക്കു നീക്കിനിർത്തി.

“ഈ കുട്ടി പകുതി ഉറക്കമായതാണു്. അതിനെ ഒന്നു കൊണ്ടുപോയിക്കിടത്തു.”

“എന്നാൽ ഞാൻ നിക്കട്ടെ.” എല്ലാവരോടുമായി പറഞ്ഞു. അദ്ദേഹം ഏട്ടന്റെ കൈയുംപിടിച്ചു തിരിഞ്ഞു നടന്നു.

അഞ്ചു്

അതിൽപ്പിന്നെയാണു അവളും അപ്പേട്ടനും പതിവായി ഒന്നിച്ചു സ്കൂളിൽപോക്കു തുടങ്ങിയതു്.

അവൾ തയ്യാറായി ചെല്ലുന്നതുവരെ ഏട്ടൻ വേലിക്കപ്പുറത്തു കാത്തുനില്ക്കും. അവളെക്കൂടാതെ ഒരു ദിവസവും പോവില്ല. വൈകുന്നേരം വരുമ്പോഴും അവൾക്കുവേണ്ടി നിൽക്കും.

വേലിക്കപ്പുറത്തു നില്ക്കുകയല്ലാതെ ഒരിക്കലും വീട്ടിലേക്കു വരാറില്ല. കൊച്ചച്ഛനെ വല്ലപ്പോഴും കുന്നിൻപുറത്തുവെച്ചു കാണും.

ഏട്ടൻ വർത്തമാനം മുഴുവൻ കൊച്ചച്ഛനെപ്പറ്റിയാണു്. അച്ഛന്റെ കൂടെ അവിടെപ്പോയതും ഇവിടെ പോയതും ഒക്കെയുള്ളു പറയാൻ. ദിവസവും വൈകുന്നേരം നടക്കാൻ പോക്കുണ്ടു് രണ്ടുപേരും കൂടി. സന്ധ്യയാവുമ്പോഴേ തിരിച്ചെത്തുള്ളു. കുന്നും പാടവും കയറിയും ഇറങ്ങിയും അങ്ങിനെ നടക്കും. ടൌണിൽ വളർന്ന അപ്പേട്ടനു എല്ലാം പുതുമയാണു്. ഒരുദിവസം സ്ക്കൂൾ നേരത്തെ വിട്ടു. എന്തോ കാരണംപറഞ്ഞു പൊയ്ക്കോളാൻ പറഞ്ഞു.

നട്ടുച്ചവെയിലത്തു വീട്ടിലേക്കു തിരിച്ചു. അങ്ങാടിയുടെ കവലയിൽ കൂട്ടുകാരൊക്കെ പിരിഞ്ഞു. അവളും അപ്പേട്ടനും മാത്രമായി. കാവിലെ നടക്കലായപ്പോൾ ഏട്ടൻ ചോദിച്ചു: “മണീ, എന്റെ വീട്ടിലേക്കു വരുണുവോ? സമയമുണ്ടല്ലോ ഇന്ന്.”

അതൊരു നല്ല ബുദ്ധിയാണു്. നേർത്തേ വിട്ടു എന്നു വീട്ടിലറിയില്ല. നാലുമണിയാവുമ്പോൾ ചെന്നാൽമതി. അതുവരെ അപ്പേട്ടന്റെ വീടൊക്കെക്കാണാം. ചോറു കൊണ്ടു പോയിരുന്നതു ഉണ്ടിട്ടാണു സ്ക്കൂളിൽനിന്നു തിരിച്ചതു്. അതുകൊണ്ടു വിശപ്പുമില്ല.

അവൾ പോകാൻ നിശ്ചയിച്ചു. ഇടവഴിയിൽ ആയപ്പോൾ വീട്ടിൽ ആരും അറിയാതിരിക്കാൻ അവർ ശബ്ദം ഉണ്ടാക്കാതെ വേഗം നടന്നു. പള്ള്യാൽ കഴിഞ്ഞപ്പഴേ സമാധാനമായുള്ളു.

ഒരു ഒറ്റക്കരിങ്കല്ലാണു തോട്ടിൽ പാലമായി ഇട്ടിരിക്കുന്നതു്. അവിടെയും ഇവിടെയും കുറെശ്ശെ വെള്ളമേയുള്ളു തോട്ടിൽ. പാലംകടന്നു തോട്ടുവരമ്പത്തുകൂടി കുറച്ചു നടക്കണം. താഴെ മുഴുവൻ പച്ചച്ച പാടമാണു്. ഞാറു മുളച്ചു കഷ്ടിച്ചു് ഒരു ചാൺ പൊക്കമേ ആയിട്ടുള്ളു. കൊച്ചു കാറ്റിൽ ഇളംനെല്ലു തലയാട്ടിച്ചിരിച്ചു. കുറേ ദൂരംവരെ പാടം മാത്രമാണു്. അടക്കാമണിയൻ പടർന്നുകിടക്കുന്ന വീതികുറഞ്ഞ വരമ്പുകൊണ്ടു അങ്ങിങ്ങു വരഞ്ഞുമുറിച്ച പരന്ന പച്ച വിരിപ്പു്.

പാടം ചുറ്റിവളഞ്ഞാണു തോടു പോകുന്നതു്. അതിനപ്പുറം ദൂരെ റോഡാണു്. ശരിക്കു കാണില്ല. തോട്ടുവക്കത്തു് ആറ്റുവഞ്ഞി കാടുപിടിച്ചു നില്ക്കുകയാണു്. അതുമാത്രമേ കാണുള്ളു.

അവർ പാടം നെടുകെക്കടന്നു് അപ്പുറത്തെ കയറ്റം കയറി. പൊക്കത്തിലാണു് അപ്പേട്ടന്റെ വീടു്. പടിപ്പുര ഇല്ല. വിലങ്ങനെ കഴലാംകുറ്റി മാത്രം. ഉമ്മറത്താരുമില്ല. പുസ്തകം പൂമുഖത്തുവെച്ചു് അവർ അകത്തേയ്ക്കു കടന്നു. അമ്മുച്ചെറിയമ്മ അകത്തു പായിട്ടു കിടന്നുറക്കമാണു്. അപ്പേട്ടൻ വിളിച്ചുണർത്തി.

അവർ കണ്ട ഉടൻ അവളെ കെട്ടിപ്പിടിച്ചു. ഈ വകയൊന്നും ശീലിച്ചിട്ടില്ലാത്ത അവൾക്കു വല്ലായ്മയാണു തോന്നിയതു്.

“ഇന്നെങ്കിലും തോന്നീലോ അമ്മൂ, നിനക്ക് ഒന്നിങ്ങട് വരാൻ. ഞങ്ങളിവിടെ താമസമായിട്ട് ഇപ്പോ മാസെത്രയായി.”

അവൾ ഒന്നും മിണ്ടിയില്ല. വീട്ടിൽ അറിയാതെയാണു വന്നിരിക്കുന്നതെന്നു പറയാതെ കഴിക്കണമെന്നുണ്ടായിരുന്നു.

അവർ മകൻ നേർക്കു തിരിഞ്ഞു: “എന്തേ അപ്പേ ഇന്നുസ്ക്കൂളില്ലേ? എങ്ങിനേ നേരത്തേ പോന്നത്?”

“ഇന്നു ഉച്ചവരെയേ ഉണ്ടായിരുന്നുള്ളു. ഉച്ചയ്ക്കു വിട്ടു.”

“സ്ക്കൂളീന്ന് നേരെ പോരേ? വെശക്കണില്ലേ.”

“ഞങ്ങൾ ഉണ്ടതാ അമ്മേ.”

“എന്നാലും അവൾക്കു വല്ലതും തിന്നാൻ കൊടുക്കണ്ടേ?”

“അമ്മ എടുത്തോളു, ഞങ്ങൾ ഇപ്പോൾ വരാം. മണി വരു.” അവർ പുറത്തേയ്ക്കോടി.

നിറച്ചു പൂവും ഉണ്ണിയുമായി ഒരു വലിയ മാവു നില്പ്പുണ്ടു്, കിഴക്കെ പറമ്പിലേയ്ക്കു കയറുന്നിടത്തായി. വീണുകിടക്കുന്ന കണ്ണിമാങ്ങ കുറെ പെറുക്കിത്തിന്നുകൊണ്ടു് അവർ നടന്നു.

ഒരു തൈപ്പുളി മുളച്ചുവരുന്നുണ്ടു്. അതിന്റെ ഇലയും കുറെ ഊരിത്തിന്നു. കുറച്ചുമാറി വലിയൊരു കറുക നിൽപ്പുണ്ടു്. അതിന്റെ ഇലയ്ക്കു മധുരമാണു്. അപ്പുറം ഞെട്ടാംഞൊടിയന്റെ ഒരു കാടുതന്നെയുണ്ടു്. കടലാസ്സുറയ്ക്കകത്തു് മഞ്ഞ മുത്തുകൾ.

കണ്ണിൽക്കണ്ടതെല്ലാം പറിച്ചു ചവച്ചുകൊണ്ടു് അവർ നടന്നു. നേരെ വഴി അപ്പുറത്തുണ്ടു്. അതിലെ പോകാതെ കാടുപിടിച്ചു കിടക്കുന്നതിന്റെ ഇടയ്ക്കുകൂടി അവർ കയറി. കുറെ പറമ്പു കഴിഞ്ഞാൽ തോട്ടമായി. വാഴയ്ക്കും തെങ്ങിനും തേവുന്നതു് കാളയെ കെട്ടിയാണു്. മനുഷ്യൻ ഏത്തംപിടിക്കുന്നതിനുപകരം കാള കയറുവലിയ്ക്കുക. ഒരേ ചാലിൽ മുമ്പോട്ടും പിന്നോട്ടും, മുമ്പോട്ടും പിന്നോട്ടും. എന്തൊരു ക്ഷമയാണതിനു്. മനോരാജ്യം വിചാരിക്കുകയാണെന്നേ തോന്നൂ.

വെള്ളം പിടിച്ചൊഴിക്കാൻ ചെറുമൻ ശങ്കരൻ കിണറ്റിൻകരെ നിൽപ്പുണ്ടു്. അവളുടെ വീട്ടിലും പണിക്കു വരുന്നതു് അയാളാണു്.

“കൊച്ചിമ്പിടി എന്തേ പോന്ന്?” അയാൾ കുശലം ചോദിച്ചു.

“വെറുതെ വന്നതാണ്.”

അയാൾ പിന്നെ ഒന്നും പറഞ്ഞില്ല. ചാലുവെട്ടിയിട്ടുള്ളതിൽക്കൂടി വെള്ളം ഓരോ തെങ്ങിൻകടയ്ക്കും വലംവെച്ചു ചിരിച്ചു കടന്നുപോകുന്നതു നോക്കി അവൾ നിന്നു.

“കോരൂനോടു എണീക്കാൻ പറയൂ ശങ്കരാ. ഇത്തിരി ഞങ്ങളിരിക്കട്ടെ.” കുറെനേരം വെള്ളം നോക്കിനിന്നു മതിയായപ്പോൾ അപ്പേട്ടൻ പറഞ്ഞു. കാളയുടെ കയറിന്മേൽ ഭാരമിരിക്കണം. എന്നാലെ ശരിയാവുള്ളു.

കോരു ഉടനെ എണീറ്റു. ശങ്കരൻ പണിയ്ക്കു വരുമ്പോൾ കൂടെവന്നു് അവൾക്കു അവനേയും പരിചയമാണു്.

കാലു നിലത്തുമുട്ടാതെ പൊക്കിപ്പിടിച്ചു രണ്ടുപേരും ഇരുന്നു. ആ കയറിന്മേൽ സവാരി വളരെ രസമായിത്തോന്നി.

അമ്മുച്ചെറിയമ്മ വിളിക്കാൻ ആളെ പറഞ്ഞയച്ചപ്പോഴാണു അവർ എഴുന്നേറ്റതു്.

നേരം കുറെ കഴിഞ്ഞിരിക്കണം.

ചെറിയമ്മ ചക്കച്ചുള വറുത്തതും കാപ്പിയും എടുത്തുവച്ചു കാത്തിരിക്കുകയായിരുന്നു. കാപ്പി തണുത്തു തുടങ്ങിയപ്പോഴാണു വിളിപ്പിച്ചതു്. അക്കൊല്ലം ആദ്യമായി ചക്കവറുത്തതു തിന്നുകയാണു്. കാപ്പികുടിച്ചു് ഉപ്പേരിവാരി കൈയിലാക്കി അവർ ഉമ്മറത്തേക്കോടി.

പടിക്കൽ ചെന്നുനോക്കിയാൽ അങ്ങു് അറ്റംവരെക്കാണാം. അവർ കഴലാംകുറ്റിയിന്മേൽ കയറി ഇരുന്നു. അപ്പേട്ടൻ അവളുടെ പുസ്തകങ്ങളും എടുത്തുകൊണ്ടുവന്നു.

ദൂരെ വരമ്പത്തു കൊച്ചച്ഛൻ വരുന്നതു കണ്ടു.

അടുത്തെത്തുന്നതിനു മുമ്പുതന്നെ അപ്പേട്ടൻ ഇറങ്ങി ഓടിച്ചെന്നു കൈയിൽനിന്നു കടലാസ്സും കുടയും ഏറ്റുവാങ്ങി. കൊച്ചച്ഛൻ ഏട്ടന്റെ തോളത്തുകൂടി കൈയിട്ടു.

വീതികുറഞ്ഞ വരമ്പത്തുകൂടി രണ്ടാളും ചേർന്നുനടന്നു വരുന്നതു നോക്കി അവൾ അനങ്ങാതെ കടമ്പയിന്മേൽത്തന്നെ ഇരുന്നു.

ഉള്ളിലെവിടെയോ പെട്ടെന്നൊരു വേദനതോന്നി. ഉത്സാഹമെല്ലാം പോയി.

അസൂയ

കൊച്ചച്ഛൻ അടുത്തെത്തി. അവളെ എടുത്തുപൊക്കി താഴെ നിർത്തി.

“മണി എപ്പോൾ വന്നു?”

“കുറച്ചു നേരായി.”

“സ്കൂൾ നേരത്തെവിട്ടു, അല്ലേ?”

“ഉം.”

“മണിക്കു് കാപ്പികൊടുത്തില്ലേ?” കൊച്ചച്ഛൻ അപ്പേട്ടന്റെ നേരെ തിരിഞ്ഞു.

“ഓഹോ. ഇവിടെ ഇരുന്നു ഞങ്ങള് ചക്കവറുത്തതു തിന്ന്വായിരുന്നു.”

“എന്നിട്ട് എനിക്കൊന്നുമില്ലെ?”

അപ്പേട്ടൻ ട്രൌസറിന്റെ പോക്കറ്റിൽ കൈയിട്ടു തപ്പി. ഒരു ചെറിയ ചവുണിച്ചൊളകിട്ടി.

കൊച്ചച്ഛൻ മേടിച്ചു വായിലിട്ടു.

“ഞാൻ പോണു.” പെട്ടെന്നവൾ പറഞ്ഞു.

കൊച്ചച്ഛൻ കൈയ്യിന്മേലെ വാച്ചുനോക്കി.

“ഉം, മണി അഞ്ചരകഴിഞ്ഞു. ഇനി താമസിക്കണ്ട. ഇരുട്ടാവുന്നതിനുമുമ്പു് എത്തണ്ടേ?”

അവളുടെ മുഖം ചുമന്നു.

ഇവിടെ നിൽക്കണ്ട പൊയ്ക്കോളു എന്നല്ലേ കൊച്ചച്ഛൻ പറഞ്ഞതു്.

“മണി തന്നെപോകണ്ട, സന്ധ്യയാവാറായി. ഞാൻ വരാം കൂടെ.” കൊച്ചച്ഛന്റെ ഒച്ച പിന്നിൽനിന്നുകേട്ടു.

“വേണ്ട. എനിക്ക് തുണയൊന്നും വേണ്ട.” അവൾ നില്ക്കാതെ പറഞ്ഞു.

“വരട്ടെ.” ഒരു കനമുള്ള കൈ ചുമലിൽ വന്നുവീണു. അവൾ നിന്നു.

“അപ്പ അകത്തുപോയി ഞാൻ മണിയെ കൊണ്ടാക്കിയിട്ടു് ഇപ്പോൾ വരുമെന്നു അമ്മയോടുപറയൂ.”

“ഞാനൂണ്ട്, അച്ഛാ.” ഏട്ടൻ ഉടനെ തുടങ്ങി.

“പോന്നോളു. കുട അകത്തുകൊണ്ടുവെച്ചു അമ്മയോടു പറഞ്ഞു ഓടി വന്നോളു. ഞങ്ങൾ നടക്കുകയാണ്.”

കൊച്ചച്ഛൻ അവളെ ചേർത്തുപിടിച്ചുകൊണ്ടുതന്നെ വരമ്പത്തേക്കിറങ്ങി. ഒന്നും സംസാരിച്ചില്ല. അവളും മിണ്ടിയില്ല. വരമ്പിനു തീരെ വീതികുറഞ്ഞയിടത്തു വന്നപ്പോൾ അവളെ മുമ്പിലാക്കി പിന്നാലെ വന്നു. അപ്പോളും കൈ തോളത്തുനിന്നു എടുത്തില്ല.

കുറച്ചു ദൂരം ചെന്നപ്പോഴേയ്ക്കും അപ്പേട്ടൻ എത്തി. പിന്നെ സ്ക്കൂളിലെ കാര്യങ്ങൾ പറഞ്ഞുതുടങ്ങി.

അപ്പേട്ടന്റെ ക്ലാസ്സിലെ ഒരു കുട്ടി എന്തോ വിഡ്ഢിത്തം പറഞ്ഞ കഥ കേട്ടു പൊട്ടിച്ചിരിച്ചുകൊണ്ടാണു് അവൾ പള്ള്യാലിൽ ചെന്നുകയറിയതു്.

കൊച്ചച്ഛൻ പടിവരെ കൊണ്ടാക്കി. അവൾ അകത്തു കയറിയിട്ടേ പോയുള്ളു, പടിക്കൽനിന്നു്.

“ഇന്ന് ഈ പെണ്ണ് എവിടെയായിരുന്നു?” അമ്മൂമ്മ കണ്ട ഉടൻ ചോദിച്ചതു് അതാണു്.

അവൾ ഒന്നും പറഞ്ഞില്ല. അവർ ചോദിച്ചാൽ ഇത്രയേയുള്ളു എന്നുണ്ടു്.

രാത്രി അവളും ഗോപുവും ഉണ്ണാനിരിക്കുമ്പോൾ അച്ഛൻ വന്നു. അന്നു വിളിയും ചോദ്യവും ഒന്നും ഉണ്ടായില്ല. പിറ്റേ ദിവസം ഞായറാഴ്ച്ചയായിരുന്നു. വൈകുന്നേരംവരെ ഒന്നും സംഭവിച്ചില്ല.

അച്ഛൻ കാപ്പികുടി കഴിഞ്ഞു പുറത്തേയ്ക്കിറങ്ങി. ഒരാറു മണിയോടെ തിരിച്ചുവന്നു. വന്ന ഉടൻ അവളെ വിളിച്ചു.

ഇനി കേസു വിസ്താരമാണു്.

“മണി ഇന്നലെ എപ്പോഴാണു വന്നതു്?”

“അഞ്ചരയ്ക്ക്.”

ചെറിയമ്മ പറഞ്ഞുകൊടുത്തതായിരിക്കും. ദുഷ്ട.

“എപ്പോഴാണു സ്ക്കൂൾ വിട്ടതു്?”

പറഞ്ഞുകൊടുത്തതു ചെറിയമ്മയല്ലെന്നുണ്ടോ? നേർത്തേ വിട്ടു എന്നു് അവരെങ്ങിനെ അറിയാനാണു്?

“ഒന്നിനു്.”

“എന്നിട്ടു് എവിടെപ്പോയിരുന്നു?”

അവൾ ഒന്നും മിണ്ടിയില്ല.

“ഒരുമണിക്കു സ്ക്കൂൾ വിട്ടിട്ടു് അഞ്ചരമണിവരെ എവിടെയായിരുന്നു?”

“അപ്പേട്ടന്റെ വീട്ടിൽ.” പറയാതെ രക്ഷയില്ല.

“ഏതാണു് ഈ അപ്പേട്ടൻ?”

“വിക്രമേട്ടൻ, കൊച്ചച്ഛൻ…”

“ആഹാ. ഏട്ടനും കൊച്ചച്ഛനും ഒക്കെയായോ ഇത്രവേഗം? ഇതൊക്കെ ആരു പഠിപ്പിച്ചുതന്നു?”

അവൾ ഒന്നും പറഞ്ഞില്ല.

“നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ സ്ക്കൂളുവിട്ടാൽ അവിടെയും ഇവിടെയും നടക്കരുത്, നേരെ വീട്ടിലേയ്ക്കു പോരണമെന്ന് ?”

അതിനും സമാധാനമൊന്നും പറഞ്ഞില്ല.

“നേരെ പറഞ്ഞാൽ നിനക്കു മനസ്സിലാവില്ല അല്ലേ. നിന്നെ അനുസരിപ്പിക്കാമോ എന്നു ഞാനൊന്നു നോക്കട്ടെ.”

അദ്ദേഹം മേശവലിപ്പു തുറന്നു് ഒരു വണ്ണംകുറഞ്ഞ ചൂരൽ എടുത്തു.

അതു് ഇത്രയും കാലം വലിപ്പിൽ കിടന്നിരുന്നോ? ഇതുവരെ കണ്ടിട്ടില്ല.

“കൈ നീട്ട്.”

അവൾ വലത്തുകൈ നീട്ടി.

ആദ്യത്തെ അടി വീണപ്പോൾ നെഞ്ചിന്റെ പിടപ്പു നിന്നു.

ആറാമത്തതും ആയി. തൊലി പൊട്ടി ചോര പൊടിച്ചുവന്നു.

“മറ്റെ കൈ.”

അവൾ ഇടത്തെക്കൈയും നീട്ടി.

ഒന്നു്, രണ്ടു്, മൂന്നു്.

കരയരുതു്. കരയരുതു്…

ആറു്, നിന്നു.

കരഞ്ഞില്ല.

“ഇനി നീ മറക്കില്ലായിരിക്കും. ഓർമ്മയിരിക്കട്ടെ. ആ വീടിന്റെ പടിക്കകത്തു നീ കയറിപ്പോയാൽ ഇതൊന്നുമല്ല പിന്നെ. അപ്പേട്ടനുമില്ല, കുഞ്ഞേട്ടനുമില്ല നിനക്ക്. മനസ്സിലായോ? അവളു പോയതിന്റെ പിന്നാലെ നീയും പോകുന്നത് എനിക്ക് ഇഷ്ടമല്ല.”

അവൾ അനങ്ങിയില്ല. “പൊയ്ക്കോളു. നിക്കണ്ട.”

കാലു കിടന്നു വിറയ്ക്കുകയാണു്. നടന്നാൽ വീണാലോ?

അച്ഛന്റെ മുമ്പിൽ വീഴുകയോ? രണ്ടു കൈയും തൂക്കിയിട്ടു അവൾ നടന്നു പുറത്തു കടന്നു.

കടലാസ്സുപോലെ വെളുത്ത മുഖവുമായി ഗോപു ഇടനാഴിയിൽ നില്ക്കുന്നുണ്ടു്.

അവൾ ഓടി, നേരെ പറമ്പിലേയ്ക്കു്.

പിന്നാമ്പുറത്തെപ്പടി തുറന്നുകിടക്കുകയാണു്. ദൈവാധീനം. അവൾ കുന്നിൽ പുറത്തേയ്ക്കു കയറി.

കൈ രണ്ടും നീട്ടിപ്പിടിച്ചു തുടുത്തുപൊട്ടിയ ഉള്ളൻ കൈയിലേയ്ക്ക നോക്കിക്കൊണ്ടു് അവൾ നിന്നു.

എന്തു പുകച്ചിൽ, തുളച്ചുകയറുന്ന വേദന.

എങ്കിലും മനസ്സിനൊരു കനക്കുറവാണു തോന്നിയതു്.

അച്ഛൻ ആദ്യമായാണു് അവളെ വേദനിപ്പിക്കുന്നതു്, ഉള്ളിൽ എവിടെയോ ഒരു ചങ്ങല അറ്റു.

അന്നു വീട്ടിൽ നടന്നതിനെപ്പറ്റി അവൾ ആരോടും പറഞ്ഞില്ല. പക്ഷേ, എങ്ങിനെയോ അപ്പേട്ടനു മനസ്സിലായി. അതിൽപ്പിന്നെ അവളെ കാത്തു വേലിക്കടുത്തുവന്നു നില്ക്കാറില്ല. കുറച്ചങ്ങോട്ടുമാറി മുകളിലേക്കു കയറിയേ നില്ക്കുള്ളു. എന്നാലും അവൾ ചെല്ലുന്നതുവരെ കാക്കും.

സ്കൂൾ പൂട്ടിയപ്പോൾ ഒന്നിച്ചുള്ള വരവും പോക്കും ഒക്കെ നിന്നു. വല്ലപ്പോഴും കാണുന്നതു കുന്നിൻപുറത്തുവെച്ചാണു്. കൊച്ചച്ഛനും ഏട്ടനും കൂടി നടക്കാൻ വരുമ്പോൾ അച്ഛൻ വീട്ടിലില്ലാത്ത ദിവസമാണെങ്കിൽ അവൾ പിന്നിലെപ്പടി കയറി ചെല്ലും. കുറച്ചുനേരം വർത്തമാനം പറഞ്ഞു നിന്നിട്ടേ അവർ പോവുള്ളു.

സംസാരിച്ചു തിരിച്ചു് ഇറങ്ങിവരുമ്പോൾ ഒരുദിവസം കുഞ്ഞിയമ്മ കണ്ടുംകൊണ്ടുവന്നു.

“മണിക്കുട്ട്യോടു പറഞ്ഞിട്ടില്ലേ അവരോടു മിണ്ടരുതെന്ന്. പിന്നെ എന്തിനാ വേണ്ടാത്തതിനു പോണത്?”

അവർ ഉടനെ തുടങ്ങി.

“മിണ്ടരുതെന്നു പറഞ്ഞിട്ടില്ല്യ. കൊച്ചച്ഛന്റെ വീട്ടിൽ പോകരുതെന്നാ പറഞ്ഞത്.”

അതിനു കുഞ്ഞിയമ്മ ഒന്നും പറഞ്ഞില്ല. കുറച്ചുനേരം കഴിഞ്ഞു.

“കുഞ്ഞിയമ്മേ, കൊച്ചച്ഛനെന്താ കാട്ടിയത്, അച്ഛനിത്ര ദേക്ഷ്യം വരാൻ?”

എത്രയോ ദിവസമായി ചോദിക്കണമെന്നു വിചാരിക്കാറുള്ളതാണു് അതു്.

“പറയണതുകേട്ടാൽ പോരേ? അതിന്റെ അപ്പുറം അറിയണതെന്തിനാ?”

“ഒന്നു പറയു കുഞ്ഞിയമ്മോ”

“ഇതൊന്നും കുട്ട്യോള് കേക്കണ്ടതല്ല.”

“സാരല്ല്യ പറയൂ”

“ഇങ്ങനെയൊരു ശാഠ്യംണ്ടോ?”

“സമ്മതിക്കില്ല്യ പറയാണ്ട.”

“ഓ ഇനീപ്പൊ അതറിയാഞ്ഞിട്ടുവേണ്ട. പറഞ്ഞുതരാം. അമ്മുച്ചെറേമക്കു മണിക്കുട്ടിടെ അച്ഛൻ വേറൊരു സമ്മന്താണു നിശ്ചയിച്ചിരുന്നതു്. ദിവസൊക്കെ ഒറച്ചു് കരക്കാരെവിളിച്ചു പന്തലുവരെ ഇട്ടു. സദ്യക്കു വാർപ്പും ചെമ്പും ഒക്കെ കൊണ്ടുവന്നു. അപ്പോഴാണു കുട്ടിശ്ശങ്കരൻ നായര് അവധിയെടുത്തു ഓടിവന്നു കല്ല്യാണപ്പെണ്ണിനെ വിളിച്ചോണ്ടുപോയത്. ആരോടും ഒരക്ഷരം മിണ്ടിയില്ല. എന്തു ലഹളയായിരുന്നു അന്ന്.” അവർ നിർത്തി. കുറച്ചുനേരം അവൾ കാത്തു. തുടരുന്ന ലക്ഷണമില്ല.

“അതെന്തിനാ കുഞ്ഞിയമ്മേ മിണ്ടാണ്ട് വിളിച്ചുകൊണ്ടുപോയത്?”

“മിണ്ടാണ്ടെ കൊണ്ടുപോയതെന്തിനാന്നോ? മിണ്ടിയാൽ പറ്റില്ല. അതന്നെ.” അവരപ്പൊഴെ ഉണർന്നുള്ളു.

“ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. കൊല്ലെത്രയായി ഇപ്പോ. ഞാനന്ന് എവിടേം നിക്കാൻ പോയേരുന്നില്ല്യ. അമ്മേണ്ടായിരുന്നു അന്ന്. നോക്കാനാളുവേണ്ടേ? വാതായിട്ടു കെടപ്പന്നെയായിരുന്നു. ഇട്ടിട്ടുപോവാൻ നിവൃത്തീണ്ടോ? ഓരോ ഇടത്തു നെല്ലുകുത്തിക്കൊടുക്കും. അങ്ങനേ കഴിഞ്ഞേരുന്നത്. അമ്മുക്കുട്ട്യേമ്മേടെ വീട്ടിലും പോകാറുണ്ട്. സമ്മന്തത്തിനാന്നു പറഞ്ഞു പുഴുങ്ങിയ നെല്ലുകുത്താനും കൂടെക്കൂടി. തെക്കെവിടെയോ വല്ല്യപണക്കാര് ആരോ ആണു സമ്മന്തം ചെയ്യാൻ വെച്ചിരുന്നത്. അമ്മൂക്കുട്ട്യേമ്മ കരച്ചിലോടുകരച്ചിലന്നെ. അവരും കുട്ടിശ്ശങ്കരൻനായരും തമ്മിലു മുമ്പേ ലോഗ്യായിരുന്നു. ഏട്ടന്റെ കൂട്ടുകാരനാണ്, ഇടയ്ക്കൊക്കെ വീട്ടിലുചെല്ലും. കണ്ടുകണ്ട് ഇഷ്ടായി. കുട്ടിശ്ശങ്കരൻനായരു നേരത്തേ ചെന്നു നേരെ ചോദിച്ചതാണ്. അപ്പോ കൊടുത്തില്ല. സ്ഥിതി പോരാന്നും പറഞ്ഞ്. അപ്പോഴെക്കും അങ്ങോർക്കു തപാലില് ജോലികിട്ടി ഇവിടന്നങ്ങടു് പോകുകേം ചെയ്തു. പിന്നെയാണു മറ്റെ ആലോചന വന്നതു്. നെലോം പെരേം ഒക്കേണ്ട്. വല്ല്യതറവാട്ടുകാര്. ഏട്ടന്റെ മൊഖത്തു നോക്കി വേണ്ടാന്നു പറയാനുള്ള തന്റേടംണ്ടോ അമ്മുക്കുട്ട്യേമ്മക്ക്? അവരൊന്നും മിണ്ടില്ല്യ. കരഞ്ഞുകരഞ്ഞു ചാവാൻ തൊടങ്ങി. കുട്ടിശങ്കരൻനായര് അറിഞ്ഞുവന്നതു എങ്ങിനെയാണെന്നു നിശ്ചല്ല്യ. അമ്മുക്കുട്ട്യേമ്മതന്നെ എഴുതിയയച്ചോന്നും രൂപല്ല്യ. അവരെക്കൊണ്ടു അതിനൊക്കെ ആവ്വോ, എന്തോ? ഏതായാലും സമ്മന്തം നിശ്ചയിച്ചിരുന്നതിനു രണ്ടുമൂന്നു ദിവസംമുമ്പ് അങ്ങോരുവന്നു. അമ്മുക്കുട്ട്യേമ്മ ദിവസവും കാലത്തു കുളിച്ചുതൊഴാൻ പോവും കാവില്. അവർക്കു സങ്കടംപറയാൻ അവടെയല്ലാണ്ട ആരേണ്ടായിരുന്നത്? അച്ഛനൂല്ല്യ. അമ്മേല്ല്യ. ആകപ്പാടെ ഒരൊടപ്രന്നോൻള്ളതിന്റെ മൊഖത്തുനോക്കാൻ പേടിയാണ്. കുട്ടിശ്ശങ്കരൻനായരു വന്നേന്റെ പിറ്റേദിവസവും കാലത്ത് അവരു തൊഴാൻ പോയി. തിരിച്ചുവന്നില്ല്യ പിന്നെ. കുന്നിമ്മേലു കുട്ടിശ്ശങ്കരൻനായരു കാത്തുനിന്നിരുന്നൂത്രേ. വിളിച്ചോണ്ടുപോയി. ആയമ്മക്കു അങ്ങനെ പോവാൻ ധൈര്യം എവിടന്നുണ്ടായിന്ന് അറിഞ്ഞൂടാ. ഇതുപോലെ പാവത്തിനെ കാണാൻ കിട്ടില്ല്യ. അങ്ങോരു എടുത്തോണ്ടോറ്റെ പോവ്വായിരിക്കും ചെയ്തത്. ഏതായാലും അന്നന്നെ അവരു വണ്ടികയറി. രണ്ടുമൂന്നുകൊല്ലം കഴിഞ്ഞാ പിന്നെ നാട്ടിലു വന്നത്. അപ്പഴക്കും ഈ കുട്ടീണ്ട്. ഇതൊന്നന്നെ പെറ്റിട്ടുള്ളുന്നാ തോന്നണെ. ഏതായാലും അന്നത്തെപ്പിന്നെ ഏട്ടനും അനീത്തീം കൂടെ മിണ്ടീട്ടില്ല്യ. എന്നിട്ടും—ഉള്ളതുപറയണല്ലോ—എല്ലാം പങ്കുവെച്ചുകൊടുത്തു ഏട്ടൻ; അവരിങ്ങടു ചോദിക്കണേനുമുമ്പന്നെ വേണ്ടാച്ചാൽ കൊടുക്കാണ്ടിരിക്കാൻ ഒരു വെഷമോല്ല്യായിരുന്നു. ആ കുട്ടിശ്ശങ്കരൻനായരു കണക്കുപറയാനൊന്നും വരണകൂട്ടത്തിലല്ല. എന്നിട്ടും ഒരു നെല്ലെടേടെ വ്യത്യാസല്ല്യാണ്ടെ കൊടുത്തു. ഭാഗോക്കെക്കഴിഞ്ഞ് ഒരു ദിവസം അവരു കുട്ട്യേം കൊണ്ട് ചെന്നു, കണ്ടഭാവംവെച്ചില്ല. അവരു നെലോളിച്ചോണ്ടാ എറങ്ങിപ്പോന്നത്. പിന്നെ ഏട്ടന്റെനേരെ പോയിട്ടില്ല്യ. ഏട്ടനു ദ്വേഷ്യം വന്നേനും പറയാനില്ല്യ. എന്തു പോക്കണക്കേടാ വരുത്തിവെച്ചത്. ദൂരെയെവിടുന്നൊക്കെയോ ബന്ധുക്കളു ചിലരു സമ്മന്താച്ചിട്ടു പൊറപ്പെട്ടു വരേംകൂടി ചെയ്തൂത്രെ.” അവർ പിന്നെയും മിണ്ടാതായി.

“കുഞ്ഞിയമ്മേ?”

“ഉം, ഇനി ഇപ്പോ എന്താ? പറഞ്ഞുതന്നില്ല്യാന്നുവേണ്ടാ, അവരോടു കളിക്കാൻപോണ്ട ഇനിയെങ്കിലും. വെറുതെ ഇന്നാളത്തെപ്പോലെ…”

“ഒന്നു മിണ്ടാണ്ട ഇരിക്കു കുഞ്ഞിയമ്മേ.” അവൾ അവിടെനിന്നു് ഓടി. അന്നത്തെ ശിക്ഷയെപ്പറ്റി പറയുന്നതു സഹിക്കവയ്യ.

കുന്നിൻപുറത്തേക്കാണു പിന്നെയും ചെന്നതു്.

കാവിലെ മതിൽക്കെട്ടിന്റെ അടുത്തു് എവിടെയോ ആയിരിക്കും കൊച്ചച്ഛൻ അന്നു കാത്തുനിന്നിരുന്നതു്. ചെറിയമ്മ തൊഴുതു മഞ്ഞപ്രസാദവുംതൊട്ടു മടങ്ങിവരുമ്പോൾ പൂപോലെ കോരിയെടുത്തുകൊണ്ടു പോയിക്കാണും.

ആറു്

“ഒരു പൂവല് ഇങ്ങട്ടു ഇട്ടുതരോ?”

പള്ള്യാലിലെ മുള്ളുവേലിക്കപ്പുറത്തുനിന്ന പെൺകിടാവു് അകത്തു തേവുന്നയാളോടു വിളിച്ചുചോദിച്ചു.

“കണ്ട പെൺകുട്ടികൾക്കു വെറുതെ കൊടുക്കാനല്ലേ തേവി നനച്ചുണ്ടാക്കുന്നതു്. വില തരണം. എന്നാൽ പൂവലു കിട്ടും.”

“മൊട്ടിൽനിന്നു വിരിയാത്ത പൂവലിനല്ലേ വില? ആർക്കുവേണം നിങ്ങടെ വെള്ളരിക്കാ പൂവല്?”

“ശരി. എന്നാൽ വേണ്ട.” കുറച്ചുനേരം കഴിഞ്ഞു.

“അപ്പേട്ടാ.” വേലിക്കപ്പുറത്തുനിന്നു പിന്നെയും തുടങ്ങി. “ഒന്നു തരൂന്ന്. ഇന്ന് ഇന്നലത്തെപ്പോലെ ഓടിപ്പോവില്ല. മുഴുവൻ പഠിക്കാം.”

“സത്യം?”

“സത്യം.”

പലകയുടെ അറ്റംവരെ നടന്നു നിറഞ്ഞ തേക്കുതൊട്ടി ഒഴിച്ചു് ഏത്തത്തിൽ നിന്നു കൈയെടുത്തു അയാൾ മാറിനിന്നു.

ട്രൌസറും മുറിക്കയ്യൻ ഷർട്ടും ഒക്കെ പോയി. എടുത്തു കുത്തിയ മുണ്ടും ബനിയനുമാണു് ഇപ്പോൾ. കൈ ചുരുട്ടിവെച്ച വെള്ള ഷർട്ട് ഊരി ഉലയാതെ വേലിക്കൽ പന്തലിന്മേൽ തൂക്കിയിട്ടിരുന്നു.

വരിയായി വട്ടത്തിൽ പരന്നുകിടക്കുന്ന വെള്ളരിക്കിടയിൽ അയാൾ അവിടെയും ഇവിടെയും തിരഞ്ഞുനടന്നു മൂക്കാത്ത പിഞ്ചുനോക്കി. നാലഞ്ചെണ്ണമായപ്പോൾ വേലിക്കലേയ്ക്കു ചെന്നു.

വെളുത്തുരുണ്ട ഒരു കൈ വേലിക്കു മുകളിലൂടെ നീണ്ടു. അയാൾ പൂവലുകൾ വെച്ചുകൊടുത്തു.

അവളും ആളു കുറെയൊക്കെ മാറി. മുട്ടെറങ്ങാത്ത ഫ്രോക്കുപോയി. കണ്ണിലും മൂക്കിലും ഒക്കെ പറ്റിക്കിടക്കുന്ന മുടിയും ഇല്ല. കണങ്കാൽവരെ താണുകിടക്കുന്ന പുള്ളിപ്പാവാടയും മുൻവശം തുറന്നു പിൻകുത്തിയ ജാക്കറ്റും. തലമുടി അഴിച്ചിട്ടാൽ പുറം നിറയും, കൂട്ടിപ്പിടിച്ചു പിന്നി ഇട്ടിരിക്കുകയാണു്.

കടിച്ചുചവയ്ക്കൽ മാത്രമായി കുറെ നേരത്തേയ്ക്കു്, അവളിപ്പുറത്തും അയാളപ്പുറത്തും.

കൈയിലേതു മുഴുവൻ തീർന്നപ്പോൾ അയാൾ ഏത്തത്തിന്റെ അടുത്തേയ്ക്കു നീങ്ങി.

“മതി തിന്നത്. ഇന്നലെ പഠിച്ചതു കേൾക്കട്ടെ.”

“ഒരെണ്ണംകൂടി ഉണ്ട്. അതൊന്നു തീർത്തോട്ടെ.”

“പിന്നെത്തിന്നാം. തുടങ്ങിക്കോളു.”

“ചിന്തിച്ചിരിക്കാതരഞൊടിക്കുള്ളിലെ-

ങ്ങാനന്ദദേവതേ നീ മറഞ്ഞു…”

വായിൽ വെള്ളരിക്കാക്കഷ്ണം വെച്ചുകൊണ്ടുതന്നെ അവൾ തുടങ്ങി.

“വായ നിറച്ചോണ്ടാണു പാടണതു്. തിന്നുകഴിഞ്ഞിട്ടു മതീന്നെ.”

“ഇപ്പോൾതന്നെ വേണമെന്നു പറഞ്ഞിട്ടല്ലേ?”

അവൾ കുറച്ചു സമയമെടുത്തു, ചവച്ചിറക്കി. പിന്നെയും തുടങ്ങി.

നാലഞ്ചു വരിയായി, “ഇത്രയേ പഠിച്ചിട്ടുള്ളു.”

അവൾ നിർത്തിയ ഇടത്തു അയാൾ തുടങ്ങി.

“വാനിലെ പൊൻമുകിൽ തേരിലിരുന്നു ഞാൻ

വീണ വായിക്കുകയായിരുന്നു.

താരാട്ടു പാടി ഞാൻ…”

അയാളുടെ തുറന്ന ഒച്ചയിൽ ചങ്ങമ്പുഴയുടെ ഈരടികൾ ഒഴുകിയൊഴുകി വന്നു.

അവളും കൂടെപ്പാടണമെന്നാണു നിയമം, ഒന്നുരണ്ടു വരി പാടി. പിന്നെ പതുക്കെ നിർത്തി.

അതിൽ മുഴുകിക്കഴിഞ്ഞിരുന്ന അയാൾ അതു ശ്രദ്ധിച്ചില്ല.

അവൾക്കെന്നും കേൾക്കാനാണു കൂടുതൽ ഇഷ്ടം. കേട്ടുകേട്ടിരുന്നു സ്വപ്നങ്ങളിൽ ലയിക്കുക. ഒരു പച്ചില നുള്ളിക്കടിച്ചുകൊണ്ടവൾ വേലിപ്പത്തലിൽ ചാരിനിന്നു.

എന്താണു് ആലോചിക്കുന്നതു് എന്നു ചോദിച്ചാൽ പറയാൻ സാധിക്കില്ല.

ചൂടുള്ള, പ്രകാശമുള്ള ചിന്തകൾ. എന്തിനെപ്പറ്റിയെന്നില്ല. രൂപം നൽകാൻ കഴിയാത്ത സുഖദ ചിന്തകൾ.

അയാൾ നിർത്തുമ്പോഴാണു് അറിയുക അവൾ അവിടെയെങ്ങും ഇല്ലായിരുന്നു എന്നു്.

എന്നും പതിവതാണു്.

ചില ദിവസം ഇതു പറഞ്ഞയാൾ പിണങ്ങും. കുറെ നേരത്തേക്കു മിണ്ടാതിരിക്കും. പിന്നെ പിണക്കം മാറ്റാൻ അവൾ കുറെ പാടുപെടണം. ഇനി ഇങ്ങിനെ വരില്ല എന്ന വാഗ്ദാനത്തോടെയാണു് എന്നും തീരുക.

ചിലപ്പോൾ കുറെ ശകാരമായിരിക്കും കിട്ടുക. അതാണെങ്കിൽ ഒന്നും മിണ്ടാതെ അവൾ ചിരിച്ചുകൊണ്ടുനിന്നാൽ മതി. അയാളുടെ ദ്വേഷ്യംമാറും.

ഇങ്ങിനെ കവിത പഠിപ്പിക്കലും പാടലും എന്നും ഉണ്ടു്. അച്ഛൻ വീട്ടിലില്ലാത്ത ദിവസങ്ങളിൽ അഞ്ചടിയ്ക്കുന്നതിനു മുമ്പു അവൾ വേലിക്കിപ്പുറത്തും അയാൾ അപ്പുറത്തുമായി ഹാജരായിക്കഴിയും.

അയാൾ പാടുന്നവരികളിലെ സംഗീതം വശമാക്കാൻ അവൾ മിനക്കെട്ടില്ല. പാട്ടുപഠിക്കണമെന്നു് അവൾക്കു് ഇല്ലായിരുന്നു. പക്ഷേ, ആ ജീവനുള്ള കവിതകൾ അവൾ ആർത്തിയോടെ പഠിച്ചു. കേട്ടതെന്തും ഓർമ്മയിൽനിൽക്കുന്ന പ്രായം, കാന്തശക്തിയുള്ള വാക്കുകൾ ഉള്ളിൽക്കയറി നൃത്തം ചവുട്ടി.

വാക്കുകൾ…

പാടുന്നവാക്കുകൾ, ആടി ഉലയുന്ന വാക്കുകൾ, കരച്ചിൽ തുളുമ്പിനിൽക്കുന്ന വാക്കുകൾ, ചിരി വിടർന്നുയരുന്ന വാക്കുകൾ.

വാക്കുകളുടെ പ്രപഞ്ചം.

ആ പുതിയ ലോകത്തിലേക്കവൾ ഉണരുകയാണു്.

അയാൾ അവിടെയും ഇവിടേയും നിന്നു് പഠിച്ച കവിതകളെല്ലാം അവൾക്കു പകർന്നുകൊടുത്തു. അവളുടെ ദാഹത്തിനു അതു മതിയായില്ല.

അയാളല്ലാതൊരുവഴി അവൾ കണ്ടതുമില്ല.

അവൾക്കുവേണ്ടി അയാൾ പുസ്തകങ്ങൾ തേടിനടക്കാൻ തുടങ്ങി.

രമണനും, ബാഷ്പാഞ്ജലിയും, അസ്ഥിമാടവും.

വായിക്കുകയല്ല. വാരി വിഴുങ്ങുകയാണു്. ഓരോ വരിയും കാണാതെപഠിച്ചേ താഴത്തുവെക്കുകയുള്ളു. അതിനു് ആയാസപ്പെടേണ്ടിയുംവന്നില്ല. രണ്ടുതവണ വായിച്ചാൽ മതി; ഉള്ളിൽ നിന്നോളും.

കരച്ചിലിന്റെ കവിതകളേ നല്ലതുള്ളു. ഇടപ്പള്ളിയും ചങ്ങമ്പുഴയും അവരാണു കവികൾ.

കണ്ണുനീരിന്റെ ആശ്വാസമറിയാത്ത പ്രകൃതം. ഒടിയുകയല്ലാതെ വളയാൻ ഒരിക്കലും സാധിച്ചിട്ടില്ല.

നല്ല ആരോഗ്യവും പ്രസരിപ്പുമുള്ള കുട്ടി പരിതസ്ഥിതികളിൽ ഞെങ്ങി ഞെരുങ്ങി ഉള്ളിലേക്കു നോക്കാൻ നിർബ്ബന്ധിതയായിരിക്കുകയാണു്. പരാജയത്തിന്റേയും വിഷാദത്തിന്റേയും കവിതകൾ അല്ലേ അവൾക്കു രുചിക്കുക?

അർത്ഥം ചിന്തിക്കാറില്ല. ഭാവമാണു ഉള്ളിൽ തട്ടിയതു്. തേനൊഴുകുന്ന രൂപവും.

പടിഞ്ഞാറൻ കാറ്റു് മൂളിയടുക്കുന്ന സന്ധ്യകളിൽ കുന്നിൻ നെറുകയിൽ കയറിനിന്നു് ഉള്ളിൽകിടന്നു മുഴങ്ങുന്ന വരികൾ അവൾ ഉറക്കെപ്പാടും. അപ്പേട്ടനെന്നല്ല ആരും കേൾക്കെ പാടുവാൻ വിഷമമാണു്. ഉള്ളിന്റെ ഏതോ ഭാഗം തുറന്നുകാണിക്കുന്നതുപോലെയാണു അതു്.

അകലത്തെ നീലമലകൾ മാത്രം കേട്ടുനിൽക്കുമ്പോൾ ആ വിഷമം തോന്നില്ല. അവയെ മറയ്ക്കാൻ അവൾക്കൊന്നുമില്ല. അവളുടെ ഓരോ ഭാവവ്യത്യാസവും കണ്ടതാണാ മലകൾ.

അങ്ങിനെ കുന്നിൻപുറത്തു് മനുഷ്യജീവികൾ ആരും കേൾക്കാൻ ഇല്ലാത്തയിടത്തുനിന്നു് വാക്കുകൾക്കു പിന്നിലെ വികാരത്തിലേയ്ക്കു് ആഴ്‌ന്നിറങ്ങി അവൾ പാടും. സംഗീതമില്ല, താളമില്ല, വാക്കുകൾ ചുണ്ടത്തു ജീവിക്കുകയാണു്.

ഏഴു്

അവൾ ആദ്യത്തെ കവിത എഴുതിയപ്പോൾ കാണിച്ചുകൊടുക്കാൻ അപ്പേട്ടൻ സ്ഥലത്തില്ലായിരുന്നു.

ചങ്ങമ്പുഴക്കവിതകൾ വായിച്ചു വായിച്ചു് മധുരാക്ഷരങ്ങൾ സ്വപ്നംകണ്ടു നടക്കുന്ന കാലം.

വാതിലിനു പിന്നിലും മുറിയുടെ കോണിലും അപ്സരസ്സുകൾ നൃത്തം ചവിട്ടുന്നുണ്ടോ?

ഞ്ജ… ങ്ഗ… മ്ബ

ലളിതാക്ഷരങ്ങൾ,

കൺമുന്നിൽക്കിടന്നു് അവ ആടി ഉലയുകയാണോ?

ലഹരി അവൾക്കും പകർന്നു. മഞ്ജരിയും ശിഞ്ജിതവും മഞ്ജുളവും.

വാക്കുകൾകൊണ്ടു നോട്ടുപുസ്തകം നിറഞ്ഞു.

അങ്ങിനെയാണു് ആദ്യത്തെ കവിത എഴുതിയതു്.

ഒരർത്ഥവുമില്ല. ചെവിക്കിമ്പമുള്ള വാക്കുകൾ അടുക്കിവെച്ചു് ഏഴെട്ടു വരികൾ.

അതാരെയും കാണിച്ചില്ല. ധൈര്യം വന്നില്ല. കാണിക്കാൻ വേണ്ടിയല്ല എഴുതിയതു്.

പോരെങ്കിൽ അപ്പോഴേക്കും കാണിക്കാൻ ആളുമില്ലായിരുന്നു. അപ്പേട്ടനെയല്ലാതെ വേറെ ആരെങ്കിലും ഇതൊക്കെ അറിയിക്കുന്നതെങ്ങിനെ?

കൊച്ചച്ഛനുണ്ടു്. പക്ഷേ, കൊച്ചച്ഛന്റെ അടുത്തുകൊണ്ടുപോകാൻ ഇതു കൊള്ളില്ല. ശരിക്കും നല്ലതായിട്ടു് എന്തെങ്കിലും എഴുതിയിട്ടു വേണം കൊച്ചച്ഛനെ കാണിക്കാൻ. അതു വായിച്ചു് കറുത്ത മുഖം മുഴുവൻ തെളിയിക്കുന്ന ചിരിചിരിച്ചു പറയണം “ഏ, ഇതു നമ്മുടെ മണി എഴുതിയതാണെന്നോ. ഇതു കുട്ടിക്കളിയൊന്നുമല്ലല്ലോ. ആരു വിചാരിച്ചു ഇവളുടെ കൈയിൽ ഇത്രയൊക്കെ ഉണ്ടെന്നു്. മിടുക്കത്തി.” എന്നിട്ടു് ആ കനമുള്ള പരുപരുത്ത കൈ അവളുടെ തോളത്തു വെക്കണം.

ഈ ലോകത്തു് ആരുടെയെങ്കിലും നല്ല അഭിപ്രായം കിട്ടണമെന്നുണ്ടങ്കിൽ അതു് കൊച്ചച്ഛന്റെയാണു്. ആ കൊച്ചച്ഛനെ ഇതു കാണിക്കുന്നതെങ്ങിനെ?

“ഇതു പറ്റിയില്ല. അമ്മൂ, വേറെ എഴുതിനോക്കു” എന്നോ മറ്റോ പറഞ്ഞാലോ?

കൊച്ചച്ഛന്റെ അടുത്തുനിന്നു അതു സഹിക്കാനാവില്ല.

അപ്പേട്ടനെ കാണിച്ചു് അഭിപ്രായം ചോദിക്കാമായിരുന്നു. അതിനു ആളു സ്ഥലത്തില്ല. അങ്ങോട്ടയച്ചുകൊടുത്താലോ? ഛെ, വല്ല കൂട്ടുകാരുമൊക്കെ വായിക്കും, അല്ലെങ്കിലും ഇപ്പോൾ കുറച്ചുദിവസമായി അവിടെനിന്നു എഴുത്തൊന്നും കാണുന്നില്ലല്ലോ. എന്തുപറ്റിയോ. പുതിയ സ്ഥലവും പുതിയ കൂട്ടുകാരുമൊക്കെയല്ലോ. എഴുത്തെഴുതാൻ മിനക്കെടണമെന്നു തോന്നിയിട്ടുവേണ്ടേ? ഓ, അതാവില്ല. പാവം, അപ്പേട്ടൻ. ആദ്യത്തെ ആഴ്ചയിൽ മൂന്നെഴുത്തു് എഴുതിയിട്ടുണ്ടു്, അവിടത്തെ സകല കാര്യവും കാണിച്ചു്. അങ്ങോട്ടുകിട്ടുന്നതിനുമുമ്പുതന്നെ പിന്നെയും പിന്നെയും എഴുതിയിരുന്നു.

കോളേജിലേയ്ക്കു പോകുന്നതിന്റെ തലേദിവസം…

കുന്നിന്റെ താഴോരത്തു് പറങ്കിമാവുകളുടെ ഇടയിലേയ്ക്കു വിളിച്ചുകൊണ്ടുപോയിട്ടാണു് യാത്ര പറഞ്ഞതു്. എങ്ങിനെയിരുന്നു കണ്ണും മുഖവുംകൂടി.

ഒരക്ഷരം മിണ്ടാതെ അവളുടെ മുഖത്തു നോക്കിനിന്നു. കണ്ണങ്ങിനെ നിറഞ്ഞുവരികയും.

ഇതിനപ്പുറമുള്ള ലോകം എങ്ങിനെയിരിക്കുമെന്നു ആദ്യമായി കാണാൻ പോവുകയാണു്. ഒരുത്സാഹമൊക്കെ വേണ്ടെ?

സങ്കടമുണ്ടാവും വീട്ടിൽനിന്നു പോകുമ്പോൾ. എന്നാലും വേണമെന്നു തോന്നുമ്പോൾ വരാമല്ലോ. ഒന്നൊന്നര മണിക്കൂർ ബസ്സിലിരുന്നാൽമതി. അധികം ദൂരമൊന്നുമില്ല.

എത്രനേരം അങ്ങിനെ വെറുതെ നോക്കിനിന്നു.

“മണീ” ഒടുക്കം ഈയൊരു വിളിമാത്രം.

“അപ്പേട്ടാ.” സമാധാനിപ്പിക്കാൻ അവൾക്കറിയുമോ?

“എന്നെ മറക്കല്ലെ മണി.” ഇപ്പോൾ പൊട്ടും കരച്ചിൽ എന്നുതോന്നി.

“ഇല്ല അപ്പേട്ടാ. ഞാൻ മറക്കുമോ ഏട്ടനെ?”

ഇത്രയുമേ പറയേണ്ടിവന്നുള്ളു. പിന്നെ ഒന്നും കേൾക്കാൻ നിന്നില്ല അപ്പേട്ടൻ. തിരിഞ്ഞു് പറങ്കിമാവിന്റെ ഇടയിലേയ്ക്കു ഓടി മറഞ്ഞു.

പിന്നാലെ പോണോ? കുറച്ചുനേരം അവൾ സംശയിച്ചുനിന്നു. കരയുകയാണെങ്കിലോ? കരയുന്നതുകാണാൻ വിഷമമാണു്. അവൾ പോയില്ല. അവിടെത്തന്നെ നിന്നു.

അപ്പേട്ടൻ തിരിച്ചുവന്നില്ല. നല്ലവണ്ണം ഇരുട്ടായിത്തുടങ്ങിയപ്പോൾ അവൾ വീട്ടിലേക്കു പോന്നു.

പിറ്റേദിവസം ബസ്സുകയറാൻപോകുമ്പോൾ കാത്തുനിന്നിരുന്നു.

കൊച്ചച്ഛൻ കൂടെ ഉണ്ടായിരുന്നു. പെട്ടിയും സാമാനവും എടുത്തു മമ്മാലിയും.

അവളെക്കണ്ടു് അപ്പേട്ടൻ ഒന്നു ചിരിക്കുകമാത്രം ചെയ്തു.

എത്തിയ അന്നുതന്നെ അവൾക്കു് എഴുത്തിട്ടു, സ്കൂളിലേയ്ക്കു്. തുടരെത്തുടരെ നാലഞ്ചെണ്ണം കിട്ടി. ഒരെഴുത്തു് അവളങ്ങോട്ടും അയച്ചു. ഗോപുവിനെ സേവപിടിച്ചു കവർ മേടിച്ചു.

പിന്നെ അവിടെനിന്നു് അനക്കമില്ല.

സ്ക്കൂളിൽ വന്നിട്ടു ഹെഡ്മാസ്റ്റർ തരാതിരിക്കുന്നതായിരിക്കണം. അല്ലാതെന്താ? സുഖക്കേടൊന്നുമല്ല. കൊച്ചച്ഛനു് എഴുതുന്നുണ്ടു്. ഇന്നാളും കൂടി പറഞ്ഞു എഴുത്തുവന്ന വിവരം.

ഏട്ടൻ പോയി കുറച്ചുദിവത്തേയ്ക്കു് എന്തു വിഷമമായിരുന്നു. സ്ക്കൂളിൽ പോകാനും വരാനും ഗോപു അവളെ കാത്തുനില്ക്കില്ല. അപ്പേട്ടനാണെങ്കിൽ ഒരു ദിവസവും വിളിക്കാതെ പോവില്ല.

നാലുംകൂടിയയിടത്തു് രാധയും തങ്കവും കാണും. നേരം വൈകിയാലും അവൾ ചെന്നേ അവർ പോവൂ. ആ കവലയിൽ നില്ക്കും. അപ്പേട്ടനുള്ളപ്പോഴും അവിടെയായാൽ അവൾ അവരുടെ കൂടെച്ചേരും. ഇപ്പോൾ അതു വരെ തനിയെ നടക്കണം. വൈകുന്നേരവും അതുപോലെത്തന്നെ. അവർ മറ്റെ വഴിക്കു തിരിഞ്ഞുകഴിഞ്ഞാൽ പിന്നെയും ഒറ്റയ്ക്കാവും. ഏട്ടനുള്ളപ്പോൾ ആ സമയത്തേക്കു് എവിടെനിന്നെങ്കിലും കൂടെയെത്തും. എന്നും എന്തെങ്കിലും പറഞ്ഞു വഴക്കുകൂടും, വീട്ടിലെത്തുന്നതിനുമുമ്പു്. എന്തുവേഗം ദേഷ്യംവരും അപ്പേട്ടനു്. ശുണ്ഠിപിടിപ്പിക്കാൻ എന്തൊരു രസമായിരുന്നു.

ഇപ്പോൾ കുന്നിൻപുറത്തു കയറിയാൽ തനിച്ചു നടക്കണം. വൈകുന്നേരം അപ്പേട്ടൻ പള്ള്യാലിൽ വരുമ്പോൾ വേലിക്കപ്പുറത്തു ചെന്നു സംസാരിച്ചുനില്ക്കുന്നതു് ഒരു ശീലമായി. ആ വേലിക്കൽ ചെന്നു നിന്നില്ലെങ്കിൽ അവളുടെ വൈകുന്നേരങ്ങൾ നീങ്ങില്ല. ചെറിയമ്മയുടെ ശകാരം എത്ര കേട്ടിരിക്കുന്നു ഇതിനു്. അച്ഛനുള്ള ദിവസംമാത്രം പോകാറില്ല. അതിനു്, അത്രനേരത്തെ അച്ഛൻ വീട്ടിൽവരുന്ന ദിവസങ്ങൾ, മാസത്തിൽ ഒന്നോ രണ്ടോ കൂടി കാണില്ല.

അപ്പേട്ടൻ പോയതിന്റെ പിറ്റെ ദിവസം ഇരുട്ടാവുന്നതുവരെ വേലിക്കൽ നോക്കിക്കൊണ്ടു നിന്നു. വെള്ളരിയും പാവലവും കായ്ച്ചുകിടക്കുന്നു. തോട്ടക്കാരൻ മാത്രമില്ല.

ഏത്തക്കാലിന്റെ അടുത്തുനിന്നു തുറന്നുമുഴങ്ങുന്ന ഒച്ചയിൽ സംഗീതത്തിന്റെ അലകൾ ഇനി ഒരിക്കലും ഒഴുകിവരില്ലേ?

ചെറുമൻ ശങ്കരന്റെ മകൻ കയറിവന്നു ചെടികൾക്കിടയിൽ ചുറ്റിനടന്നു, കുറച്ചുനേരം. അഞ്ചെട്ടു വെള്ളരിക്ക അവിടെയും ഇവിടെയും നിന്നു പറിച്ചുകൂട്ടി. എല്ലാം കൂടി ഒരു കുട്ടയിൽ പെറുക്കിയിട്ടു തിരിച്ചു. പോവുകയും ചെയ്തു.

അയാൾ വരുന്നതും പോകുന്നതും നോക്കിക്കൊണ്ടു് അവൾ വേലിക്കലെ അയനിപ്ലാവിന്മേൽ ചാരിനിന്നു.

നേരം ഇരുട്ടിത്തുടങ്ങി.

പള്ള്യാലിലേയ്ക്കു് ഒരാൾകൂടി കയറിവന്നു. കൊച്ചച്ഛൻ.

അച്ഛനും മകനുംകൂടി എന്നും നടക്കാനിറങ്ങുന്ന നേരമാണു്. രണ്ടുപേരുംകൂടി കുറെ കറങ്ങി നല്ല ഇരുട്ടാവുമ്പൊഴേ മടങ്ങുള്ളു. ഇന്നും ആ സമയമായപ്പോൾ വന്നിരിക്കുകയാണു്.

അകത്തുകടന്നു ഒരറ്റംമുതൽ മറ്റെ അറ്റംവരെ മുഴുവൻ നടന്നു. അവളെക്കണ്ടില്ല. ശ്രദ്ധമുഴുവൻ ചെടികളിന്മേലാണു്. ഓരോന്നിന്റെയും അടുത്തുചെന്നു് എന്താണു ഇത്ര കാര്യമായി പരിശോധിക്കുന്നതു്?

എല്ലാം നോക്കിക്കഴിഞ്ഞു നടുക്കു പടവലം പടർത്തിയിട്ടിരുന്ന പന്തലിന്റെ അടുത്തുവന്നു് അനങ്ങാതെ നില്പായി.

അവൾ ശബ്ദമുണ്ടാക്കാതെ നടന്നു് അപ്പുറെക്കൂടി വളഞ്ഞു പള്ള്യാലിലേയ്ക്കു കടന്നു.

കൊച്ചച്ഛൻ അതേ നിൽപ്പു നില്ക്കുകയാണു്. അവളടുത്തുചെന്നു നിന്നിട്ടേ അറിഞ്ഞുള്ളു.

ഒരക്ഷരം മിണ്ടാതെ അദ്ദേഹം അവളുടെ തോളത്തുകൂടി കൈ അണച്ചു് അടുപ്പിച്ചുനിർത്തി. ഫ്രോക്കിട്ടുനടന്നിരുന്ന കാലത്തു ചെയ്തിരുന്ന അതേപോലെ.

കായ് തീരാറായ പടവലത്തിന്മേൽത്തന്നെ കണ്ണുനട്ടു് അവർനിന്നു കുറെനേരം.

“അവനവിടെ ഇപ്പോൾ ഇതുതന്നെ ആലോചിച്ചുകൊണ്ടിരിക്കുകയായിരിക്കും.” പെട്ടെന്നദ്ദേഹം പറഞ്ഞു.

അവൾ കുറച്ചുനേരത്തേയ്ക്കൊന്നും മിണ്ടിയില്ല. ഒരുത്തരം തിരയുകയായിരുന്നു മനസ്സു്. ആ വലിയ മനുഷ്യൻ നിന്നു വേദനിക്കുകയാണു്. സമാധാനിപ്പിക്കാൻ…

“രണ്ടുമൂന്നെണ്ണത്തിനു കല്ലു കെട്ടിയിടാതെ ഉണ്ടു്, കൊച്ചച്ഛാ.” അവസാനം അവൾ പറഞ്ഞതതാണു്.

വളഞ്ഞു ചുരുണ്ടുതുടങ്ങിയ ഒരു കൊച്ചു പടവലങ്ങ അവൾ ചൂണ്ടിക്കാണിച്ചു.

അദ്ദേഹം ആ വല്ലാത്ത നിശ്ചലതയിൽനിന്നു അനങ്ങി.

അവർ കൊച്ചുകൊച്ചു കല്ലുകൾ തിരഞ്ഞുപിടിച്ചു. പന്തലിന്റെ അറ്റത്തു കൂട്ടിക്കെട്ടിയിരുന്നതിൽനിന്നു് അവൾ ചെറിയ നാരുകൾ ചീന്തിയെടുത്തു. രണ്ടുപേരും കൂടി പന്തലിനടിയിലേയ്ക്കു നൂഴ്‌ന്നുചെന്നു, പടവലങ്ങപ്പിഞ്ചുകൾ നാലഞ്ചെണ്ണം കണ്ടുപിടിച്ചു് അറ്റത്തു കല്ലുകെട്ടിയിട്ടു.

നീണ്ടുവളരാൻ വേണ്ടി ഭാരം കെട്ടിയിടുക.

എല്ലാം തീർന്നു. പിന്നേയും കുറച്ചുനേരം അവർ നോക്കിനിന്നു.

വേലിക്കപ്പുറത്തുകൂടി രണ്ടു ചെറുമക്കൾ സംസാരിച്ചുകൊണ്ടു കടന്നുപോയി.

“ഇരുട്ടായി അമ്മൂ. കേറിപ്പോവൂ.” കൊച്ചച്ഛൻ പറഞ്ഞു.

രണ്ടുപേരും ഒന്നിച്ചാണു് ഇറങ്ങിയതു്. പടി അടച്ചുകെട്ടി കൊച്ചച്ഛൻ കൂടെവന്നു.

അവരുടെ പടിക്കൽ എത്തി. അവൾ അകത്തേയ്ക്കുപോയി. കൊച്ചച്ഛൻ കുന്നിൻപുറത്തേക്കും.

പിന്നെ ദിവസവും കാണും. പള്ള്യാലിലെ പണിതീരുന്നതുവരെ, അവിടെ വെച്ചു്. പിന്നെ കുന്നിൻപുറത്തുവെച്ചു്.

എട്ടു്

ഓണം കഴിഞ്ഞ ഇടയ്ക്കാണു്. അപ്പേട്ടൻ അവധിക്കുവന്നു തിരിച്ചുപോയി. ഏട്ടൻ ഉള്ളപ്പോൾ ഒരു രസമായിരുന്നു. നൂറുകൂട്ടം പറയാനുണ്ടു് ഏട്ടനു്. കോളേജിലെ വിശേഷങ്ങൾ എത്ര വർണ്ണിച്ചാലും മതിയാവില്ല. കേട്ടിരിക്കാൻ സുഖമാണു്.

ഏട്ടൻ പോയപ്പോൾ ജീവിതം പിന്നെയും പഴയപടിക്കായി.

അമ്മയ്ക്കു് എന്തോ മാറ്റമുണ്ടു് ഈയിടെ. ഇത്രയും കൊല്ലം കണ്ടിരുന്നതു പോലെ അവർ അതേ കിടപ്പാണു്. പക്ഷേ, എവിടെയോ വ്യത്യാസം വന്നിട്ടുണ്ടു്. അവളും ഗോപുവും കാണാൻ ചെല്ലുമ്പോൾ പണ്ടത്തെപ്പോലെ തൊട്ടുതലോടുകയും ചോദിക്കുകയും ഒന്നും ചെയ്യില്ല. എപ്പോഴും എന്തോ ആലോചനയിൽ മുഴുകിയ മട്ടാണവർക്കു്.

എന്നാലും ദിവസേന വിളക്കു വെയ്ക്കുന്നതിനുമുമ്പു് അവളും ഗോപുവും വടക്കെ അകത്തു ഹാജരാവും. എന്തെങ്കിലും രണ്ടു വാക്കു ചോദിച്ചെങ്കിലായി. ചിലപ്പോൾ അതുമില്ല. കണ്ടഭാവം വെയ്ക്കാതെ കിടക്കും. ചുമരിനുനേരെ ചെരിഞ്ഞുകിടക്കുമ്പോൾ അവൾ ചെന്നാൽ തിരിഞ്ഞു നോക്കുക കൂടിയില്ല, ചിലപ്പോൾ.

സ്ക്കൂളില്ലാത്ത ഒരു ദിവസം ഗോപു പാടത്തു പണിക്കാരു പണിയെടുക്കുന്നതുനോക്കാൻ പോയിരിക്കുകയാണു്. സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല. കാത്തിരുന്നു് ഒടുക്കം വിളക്കുകത്തിക്കാറായപ്പോൾ അവൾ തനിയെ തിരിച്ചു, വടക്കെ അകത്തേയ്ക്കു്. ഒന്നുരണ്ടു കൊല്ലമായി അവൾക്കാണു് വിളക്കുകത്തിക്കുന്ന ജോലി. കുഞ്ഞിയമ്മ വൈകുന്നേരം വീട്ടിൽ പോകും. അവരുടെ ഏടത്തിയുടെ മകൻ ഒരാളുണ്ടു്. അയാളുടെ വീട്ടിലാണു കിടപ്പു്.

ഗോപുകൂടി ഇല്ലാതെ തനിയെ പോകുന്നതു വിഷമമാണു്. നിവൃത്തിയില്ലാത്തതുകൊണ്ടു് അവൾ തിരിച്ചു വിളക്കുകൊളുത്താൻ വൈകിയാൽ അമ്മ വല്ലതും പറയും.

വാതിൽ കുറച്ചു ചാരിയിരുന്നു. അകത്തുനിന്നു് എന്തോ ശബ്ദം കേട്ടു. വാതിൽ തുറക്കാതെ അവൾ മടിച്ചുനിന്നു.

ഒച്ച പിന്നെയും കേട്ടു.

ആരോ ഉറക്കെയുറക്കെ തേങ്ങുകയാണു്.

അമ്മയാണോ?

അവൾ വാതിൽപ്പഴുതിൽക്കൂടി അകത്തേയ്ക്കുനോക്കി.

കട്ടിലിന്റെ കാൽക്കൽ വെറും നിലത്തു ചെറിയമ്മ കുത്തിയിരിക്കുന്നു. അവരാണു കരയുന്നതു്.

അമ്മ കട്ടിലിന്മേൽ എണീറ്റിരിക്കുകയാണു്. അവരുടെ കാൽ കെട്ടിപ്പിടി ച്ചു തേങ്ങുകയാണു ചെറിയമ്മ.

ആ മുറിക്കകത്തു് അവർ കയറിക്കാണാറില്ല. ഇന്നെന്താണു പറ്റിയതു്?

അവൾ പതുക്കെ വാതിൽ കുറച്ചുകൂടി തുറന്നു.

അമ്മയുടെ മുഖം ശരിക്കു കാണാം. വേറെ എന്തോ ചിന്തകളിൽ മുഴുകിയ അതേ മട്ടു്.

ചടച്ചുനീണ്ട വിരലുകൾ കാൽക്കൽ ഇരുന്നു കരയുന്ന അനിയത്തിയുടെ തലമുടിക്കുമീതെ യാന്ത്രികമായി ചലിക്കുന്നുണ്ടു്. കൈ അനങ്ങുന്നതല്ലാതെ വേറെ ഒരു ഭാവവുമില്ല, ഇങ്ങിനെ ഒരാളുണ്ടു് അവിടെ എന്നു അവർ അറിയുന്നുണ്ടെന്നു കാണിക്കാൻ.

മുഖത്തെ ഒന്നും മനസ്സിലാവാത്ത ആ ഭാവംകണ്ടിട്ടു സഹിക്കാൻ വയ്യെന്നുതോന്നി.

ചെറിയമ്മയുടെ മുഖം കണ്ടില്ല. അമ്മയുടെ കാല്ക്കൽ പൂഴ്ത്തിവെച്ചിരിക്കുകയാണു്. ഓരോ തേങ്ങലിലും ദേഹം മുഴുവൻ ഉലയുന്നുണ്ടു്.

അവർ രണ്ടുപേരും ഒരുപോലെയല്ല കണ്ടാൽ. അമ്മയോളം കൊച്ചല്ല ചെറിയമ്മ. അവർക്കു കുറച്ചുകൂടി പൊക്കവും വണ്ണവും ഉണ്ടു്. എന്നാലും ആ രണ്ടു സ്ത്രീകളും തമ്മിൽ എന്തോ ഒക്കെ ആകൃതിസാമ്യം ഉണ്ടെന്നുതോന്നി, അവിടെ നിന്നു നോക്കിയപ്പോൾ.

അനിയത്തിയും ഏടത്തിയെപ്പോലെ ആവുകയാണോ.

അവരുടെ പനങ്കുലപോലത്തെ തലമുടി—താൻ നോക്കിനിന്നു കൊതിക്കാറുള്ള മുടി—ഇപ്പോൾ അവിടെ അമ്മയുടെ കാൽക്കൽ അഴിഞ്ഞു ചിന്നിക്കിടക്കുന്ന കോഴിവാൽ ആയതെങ്ങിനെ? അമ്മൂമ്മ മരിച്ച ദിവസം പോലും അവർ ഇങ്ങിനെ കരയുന്നതു കണ്ടിട്ടില്ല. ഏടത്തിയുടെ അടുത്തുചെന്നു് ഇരിക്കുകയും ഉണ്ടായിട്ടില്ല.

ഇന്നവർക്കു് എന്താണു പറ്റിയതു്? അവരുടെ മനശ്ശക്തിയും ക്ഷയിച്ചുവരികയാണോ?

അവരുടെനേരെ ഇത്രയും കാലം ഒടുങ്ങാത്ത വിദ്വേഷം വെച്ചുകൊണ്ടിരുന്നതു തെറ്റാണോ? അവരും ആ വീട്ടിൽ മറ്റൊരു ബലിമൃഗം മാത്രമാണോ?

ഒരാളുടെ ആവശ്യത്തിനുമുമ്പിൽ ഈ രണ്ടു സ്ത്രീകളും തകർന്നു എന്നോ?

വെളുത്തു തുടുത്തിരുന്ന ചെറിയമ്മ, ഇപ്പോൾ വെറും തൊണ്ടുമാത്രമാണു്.

എന്താണവർക്കു സംഭവിച്ചതു്?

അവൾ ഒച്ചയുണ്ടാക്കാതെ വാതിൽ ചാരി തിരിച്ചുപോന്നു. എന്താണുണ്ടായതെന്നു് അറിഞ്ഞില്ല, ആരോടും ചോദിച്ചുമില്ല.

ഉള്ളുരുകിത്തേങ്ങുന്ന അനിയത്തിയും നിർവ്വികാരയായി ഒന്നും മനസ്സിലാവാതെ നോക്കിയിരുന്ന ഏട്ടത്തിയും—ആ ചിത്രം കുറെ ദിവസത്തേയ്ക്കു മനസ്സിൽനിന്നു പോകാതെ നിന്നു.

മാസങ്ങൾ അഞ്ചാറുകഴിഞ്ഞു. കുഞ്ഞിയമ്മ രാത്രി അവരുടെ വീട്ടിൽ പോകാറില്ല ഇപ്പോൾ. എന്താണു കാരണമെന്നു മനസ്സിലായില്ല.

അച്ഛനും എന്നും വീട്ടിൽ കാണും. എത്ര നേരം വൈകിയാലും രാത്രി എത്താതെ ഇരിക്കുകയില്ല.

തോട്ടുവക്കത്തെ മൂപ്പന്മാരുടെ അവിടത്തെ വയസ്സിമൂപ്പത്ത്യാരു് ഒരു ദിവസം എന്തിനോ കുറച്ചു വെണ്ണ ചോദിച്ചു കൊണ്ടുവന്നു. അവരും കുഞ്ഞിയമ്മയും കൂടി വർത്തമാനം പറയുമ്പോൾ അവൾ അടുത്തുണ്ടായിരുന്നു.

അവർ പോയ ഉടൻ അവൾ കുഞ്ഞിയമ്മയോടു ചോദിച്ചു: “അമ്മക്കെന്താ കുഞ്ഞിയമ്മേ?”

അവർ കുറച്ചുനേരത്തേയ്ക്കു് ഒന്നും മിണ്ടിയില്ല.

“മണിക്കുട്ടിക്കു് ഒരനിയൻ കൂടി ഉണ്ടാകാൻ പോവുകയാണു്.” കൈയിൽ പറ്റിയിരുന്ന വെണ്ണ ഒരു കടലാസുകഷ്ണത്തിൽ തുടച്ചുകൊണ്ടു് അവർ പറഞ്ഞു.

കുറച്ചുനേരംവേണ്ടിവന്നു അതിന്റെ അർത്ഥം മനസ്സിലാകാൻ. “അമ്മയ്ക്കു കുട്ടിയുണ്ടാകാൻ പോവുകയാണെന്നോ?”

അവർ തല കുലുക്കി.

അവൾ പിന്നെ അവിടെ നിന്നില്ല. അമ്മയ്ക്കൊരു കുട്ടിയുണ്ടാവുക. കഴിഞ്ഞയാണ്ടിലാണു രാധയ്ക്കു ഒരനിയത്തി ഉണ്ടായതു്. ആ കുട്ടി ജനിക്കാൻ രാധയുടെ അമ്മ അവരുടെ വീട്ടിൽ പോയി. ഒന്നുരണ്ടു മാസംകഴിഞ്ഞേ തിരിച്ചുവന്നുള്ളു. അതുവരെ രാധയാണു വീട്ടിൽ എല്ലാം ചെയ്തിരുന്നതു്. അമ്മ വന്നിട്ടു മൂന്നുനാലു ദിവസത്തേയ്ക്കു തുള്ളിച്ചാടി നടന്നു രാധ. അവർ എത്തിയപ്പോൾ സന്ധ്യ ആകാറായിരുന്നുവത്രേ. രാധയും അനിയന്മാരും എല്ലാം കൂടെ കുട്ടിയെപ്പിടിച്ചുവാരാൻ ചെന്നപ്പോൾ അവർ നിലവിളിക്കിനുമുമ്പിൽ ഒരു തടുക്കിട്ടു അവിടെ കിടത്തിക്കൊടുത്തു. എല്ലാവരും കൂടി ചുറ്റുമിരുന്നു തിരക്കുകൂട്ടിയിട്ടും കുട്ടി കരഞ്ഞില്ലത്രേ. രാധ എന്തഭിമാനത്തോടെ അതെല്ലാം പറയും. എത്ര പ്രാവശ്യം സ്ക്കൂളിലേയ്ക്കു എടുത്തുകൊണ്ടുവന്നിട്ടുണ്ടു്. തടിച്ചുതുടുത്തു്, ചുരുണ്ട മുടിയുള്ള കുട്ടി. അതിനെ കുളിപ്പിക്കുന്നതും എല്ലാം രാധയാണു്. സ്കൂൾവിട്ടു് ചെന്നാൽ പിന്നെ നിലത്തുവെയ്ക്കില്ല. ചെല്ലാൻ കാത്തിരിക്കുമത്രേ കുട്ടി. രാധയുടെ അമ്മയ്ക്കു് എടുത്തുകൊണ്ടുനടക്കാൻ നേരമുണ്ടോ? ആ വീട്ടിലെ പണിമുഴുവൻ നോക്കണ്ടെ? അവർ തന്നെയാണു വെയ്ക്കുന്നതും വിളമ്പുന്നതുമെല്ലാം.

അവിടെ ചെറിയമ്മയൊന്നുമില്ല. രാധയുടെ അമ്മ മുറിയടച്ചു കിടക്കുകയല്ല.

കുഴമ്പും ചന്ദനത്തിരിയും മണക്കുന്ന കൊച്ചുമുറി. ചുവട്ടിൽ പാട്ടകളും കുപ്പികളും നിരത്തിവെച്ചിട്ടുള്ള കയറ്റുകട്ടിൽ.

അമ്മ…

അവർക്കൊരു കുട്ടികൂടി ഉണ്ടാവുക.

ആ വീട്ടിൽ ഒരു കുട്ടികൂടി.

അമ്മയ്ക്കു് ഒരു കുട്ടികൂടി!

അവർ അതിനെ കുളിപ്പിക്കുകയും പാലുകൊടുക്കുകയും ചെയ്യുമോ?

എവിടെയോ തെറ്റുണ്ടു്.

നിലവിളക്കിനു മുമ്പിൽ തടുക്കുപായ ഇട്ടു കിടത്തി ആ കുട്ടിയെ അവളും ഗോപുവും കൂടി കളിപ്പിക്കുമോ?

ഇല്ല ഇതൊന്നുമുണ്ടാവില്ല. ഇതു തെറ്റാണു്. ഇങ്ങിനെ ഒരു കുട്ടി ആവശ്യമില്ല. ഈ കുട്ടി അധികപ്പറ്റാണു്.

അകത്തു ചെറിയമ്മ കുഞ്ഞിയമ്മയെ വിളിക്കുന്നതു കേട്ടു.

അവർ ഏടത്തിയുടെ കാൽക്കൽ ഇരുന്നു തേങ്ങിയ രംഗം പെട്ടെന്നോർമ്മ വന്നു.

എന്തൊരു നരകം.

ആ നട്ടുച്ചവെയിലത്തു് അവൾ തൊടിയിലേയ്ക്കു് ഇറങ്ങി നടന്നു.

ഒമ്പതു്

ഒരു ശനിയാഴ്ച സ്ക്കൂൾവിട്ടു വീട്ടിലെത്തിയപ്പോഴേയ്ക്കും അവിടെ തിരക്കായിരുന്നു. വന്ന ഉടനെ ഗോപുവിനെ പറഞ്ഞയച്ചു, വിളക്കത്തോളുടെ വീട്ടിലേയ്ക്കു്. നേരം നല്ലവണ്ണം ഇരുട്ടായിട്ടേ അച്ഛൻ എത്തിയുള്ളു. ഉടനെ മാധവൻനായരുടെ കാർ വാടകയ്ക്കെടുത്തു ഡോക്ടറെ വിളിക്കാൻ പോയി.

തുടുത്ത കണ്ണും മുഖവുമായി ചെറിയമ്മ അടുക്കളയിൽ നിന്നു വടക്കെ അകത്തേയ്ക്കും അകത്തുനിന്നു് അടുക്കളയിലേയ്ക്കും ഓടിക്കഴിച്ചു. ഒരുപാത്രം ചൂടുവെള്ളം, ഒരു ഗ്ലാസ് കാപ്പി എന്തെങ്കിലും കാണും അവർക്കു കൊണ്ടുപോകാൻ. കുഞ്ഞിയമ്മ അകത്തുതന്നെയാണു്. മണിയാണു് അടുക്കളയിൽ. വെള്ളം ചൂടാക്കുന്നതിന്റേയും തിളപ്പിക്കുന്നതിന്റെയും ഇടയിൽ ചോറും ഒരു കൂട്ടാനും വെച്ചു ശരിയാക്കി. ഗോപുവിനെ ഉണ്ണാൻ വിളിച്ചപ്പോൾ അവനു വേണ്ടെന്നുപറഞ്ഞു. ആരും ഒന്നും കഴിച്ചില്ല.

പൂമുഖത്തും അടുക്കളയിലും ഇടനാഴിയിലും എല്ലായിടത്തും വെളിച്ചമാണു്. റാന്തലുകൾ പോരാഞ്ഞിട്ടു നിലവിളക്കും കൂടി കത്തിച്ചു.

ചെറിയമ്മ ഓട്ടമൊക്കെ മതിയാക്കി. പൂമുഖവാതില്ക്കൽനിന്നു മാറുന്നില്ല അവർ. അച്ഛനും ഡോക്ടരും വരുന്നുണ്ടോ എന്നു നോക്കിനിൽക്കുകയാണു്. ഇനി അകത്തൊന്നും ആവശ്യമില്ലേ, എന്തോ? മുഖം തുടയ്ക്കുകകൂടി ചെയ്യാതെ മറയ്ക്കാനൊന്നും ശ്രമിക്കാതെ അവർ നിന്നു കരയുകയാണു്. ശബ്ദമൊന്നുമില്ല. കണ്ണങ്ങിനെ നിറഞ്ഞൊഴുകുക മാത്രം.

അച്ഛൻ ഡോക്ടരേയും കൊണ്ടു് എത്തിയപ്പോൾ മണി പതിനൊന്നു കഴിഞ്ഞു. അവരുടെ സംസാരം ഇടവഴിയിൽ നിന്നു കേട്ടപ്പോഴേയ്ക്കും ചെറിയമ്മ വിളക്കും കൊണ്ടു മിറ്റത്തേയ്ക്കുചെന്നു.

ചാരനിറത്തിൽ ട്രൌസറും അതേപോലത്തെ കോട്ടും ഇട്ട കൊച്ചുമനുഷ്യനാണു ഡോക്ടർ. അയാളുടെ തുകൽപ്പെട്ടി അച്ഛനാണു പിടിച്ചിരിക്കുന്നതു്.

ചെറിയമ്മ ഡോക്ടരേയുംകൊണ്ടു് അകത്തേയ്ക്കുപോയി. അവൾ പിന്നെയും അടുക്കളയിൽ ചെന്നിരുന്നു.

ചെറിയമ്മ ഒന്നുരണ്ടുപ്രാവശ്യം ചൂടുവെള്ളത്തിനുവന്നു.

അകത്തുനിന്നു് ഇടയ്ക്കിടയ്ക്കു ഓരോ ഞെരക്കം മാത്രം കേൾക്കാം.

അല്ലാതെ അനക്കമില്ല.

അവൾ ഉമ്മറത്തേയ്ക്കുപോന്നു. തളത്തിൽ ഒരു മൂലയ്ക്കു വെറും നിലത്തു ഗോപു ഉറങ്ങിക്കിടക്കുന്നു. പാവം. അത്താഴപ്പഷ്ണിയാണു്. ഇരുട്ടുന്നതുവരെ ഓട്ടമായിരുന്നു. വയറ്റാട്ടിയെ വിളിക്കാനും വൈദ്യനെക്കാണാനും എല്ലാം അവനാണു് ഓടിയതു്. സന്ധ്യ ആയിട്ടേ അച്ഛൻ എത്തിയുള്ളു.

അച്ഛൻ…

എന്തുചെയ്യുകയാണിപ്പോൾ?

അവൾ ശബ്ദമുണ്ടാക്കാതെ പൂമുഖത്തുചെന്നുനോക്കി.

മുറ്റത്തു വിളർത്ത നിലാവത്തു കൈയുംകെട്ടി ലാത്തുകയാണു്. ഒരറ്റം മുതൽ മറ്റെ അറ്റംവരെ. പിന്നെ തിരിച്ചു തുടങ്ങിയയിടത്തേയ്ക്കുതന്നെ.

വര തെറ്റാതെ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാതെ ആദ്യം ചവുട്ടിയ പാടിൽക്കൂടെത്തന്നെ പിന്നെയും. തല പൊക്കുന്നില്ല. കീഴ്പോട്ടുനോക്കി നടക്കുകയാണു്. എന്തെല്ലാമാണു് ആ മനസ്സിൽകൂടി കടന്നുപോകുന്നതു്.

ഇതേ മുറ്റത്തു് ഒരുപക്ഷേ, ഇതുപോലത്തെ നിലാവത്തു മുല്ലപ്പന്തലിൽ നാട്ടുകാർ കാണെ മുണ്ടുകൊടുത്തു വരിച്ച പെൺകുട്ടിയെ ഓർക്കുകയായിരിക്കുമോ?

എങ്ങിനെയിരിക്കും അവർ അന്നു്?

വെളുത്തു ചടച്ചു പൊക്കം കുറഞ്ഞു്; നനുത്ത കസവുമുണ്ടു് പുതച്ചിരുന്നിരിക്കും. തലമുടി താഴ്ത്തിക്കെട്ടി എടുക്കാൻ വയ്യാത്തത്ര ഭാരത്തിൽ മുല്ലപ്പൂ ചൂടിയിരുന്നിരിയ്ക്കും. ഈ മുറ്റത്തു നടുക്കായിരിക്കണം നിറപറയ്ക്കു മുമ്പിൽ അവർ ചമ്രംപടിഞ്ഞു് ഇരുന്നിരുന്നതു്.

ഇന്നത്തെ രാത്രി അതൊക്കെ ഓർമ്മിച്ചുപോകാതിരിക്കുമോ? അകത്തുനിന്നു കുറച്ചുറക്കെ ഒരു ഞരക്കം കേട്ടു.

ഓ. തനിക്കുവേണ്ടിയും അവർ ഇതുപോലെ പാടുപെട്ടിട്ടുണ്ടോ? ഇങ്ങിനെ ഞരങ്ങിക്കാണുമോ?

അതു കഴിഞ്ഞവർ രണ്ടുമൂന്നുമാസം പനിപിടിച്ചു കിടന്നിട്ടുണ്ടു്.

കുഞ്ഞിയമ്മ പലപ്പോഴായി പറഞ്ഞുകേട്ടിട്ടുള്ള കാര്യങ്ങൾ മനസ്സിൽക്കൂടി പാഞ്ഞുപോയി.

അന്നു് അമ്മയ്ക്കു് പനിയായിക്കിടന്നു, നോക്കാൻ അമ്മൂമ്മ മാത്രം മതിയാവാഞ്ഞിട്ടാണു ചെറിയമ്മ വന്നതു്. അതിൽനിന്നാണു കുഴപ്പങ്ങൾ തുടങ്ങിയതും. ദീനക്കിടക്കയിൽനിന്നു ശരീരവും മനസ്സും ക്ഷീണിച്ചു് അവർ എഴുന്നേൽക്കുമ്പോഴേയ്ക്കും എന്തെല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു?

ഒരുപക്ഷേ, അന്നൊന്നും ഉണ്ടായിരുന്നില്ലായിരിക്കാം. വെറും സംശയംമാത്രമായിരുന്നിരിക്കാം ആദ്യമാദ്യം.

ഏതായാലും അന്നു വന്നിട്ടു പിന്നെ ചെറിയമ്മ പോയിട്ടില്ല. അവരുടെ ഭർത്താവായിരുന്ന മനുഷ്യൻ കടക്കാരെ പേടിച്ചു പുറപ്പെട്ടുപോയി. എല്ലാം ഒത്തുവന്നു. ജ്യേഷ്ഠത്തി സുഖക്കേടുമാറി എഴുന്നേറ്റപ്പോഴേയ്ക്കും അനിയത്തിക്കു പോകാൻ ഒരിടവും ഇല്ലാതായി. അവരുടേയുംകൂടി വീടാണു്. അവകാശമില്ലേ? ഇവിടെയല്ലാതെ പിന്നെ അവർ എവിടെപ്പോകും? അമ്മൂമ്മയ്ക്കു രണ്ടുമക്കളും ഒന്നുപോലെയല്ലേ. അങ്ങിനെ പ്രസവിച്ചു് എഴുന്നേറ്റപ്പോഴേക്കും ശുശ്രൂഷിക്കാൻവന്ന ആൾ സ്ഥിരതാമസമായി.

ഭാര്യയുടെ ഉള്ളിൽ സംശയത്തിന്റെ വേരു് അപ്പൊഴേ ഊന്നിക്കഴിഞ്ഞിരുന്നിരിക്കണം.

സ്വതേ മനശ്ശക്തി കുറവാണു്. നീണ്ട സുഖക്കേടിനു ശേഷം ആകെ തളർന്നിരിക്കുമ്പോൾ ഈ വിഷം കൂടി കടന്നുകൂടി. ആ ഒരു പൊരി അകത്തു കിടന്നു നീറി നീറിപ്പുകഞ്ഞു, താങ്ങാൻ വയ്യാതായപ്പോൾ അടിതെറ്റി വീണു.

രണ്ടാമത്തെ പ്രസവത്തോടുകൂടി മുഴുവനായി:

അവർ ഭർത്താവിനെ അത്രകണ്ടു സ്നേഹിച്ചിരുന്നു എന്നോ? അദ്ദേഹത്തിൽനിന്നു് ഇങ്ങിനെയൊന്നു സംഭവിച്ചപ്പോൾ സമചിത്തതകൂടി നഷ്ടപ്പെടത്തക്കവണ്ണം.

അതെല്ലാം കഴിഞ്ഞിട്ടിപ്പോൾ…

മുറ്റത്തു നടപ്പു തുടരുകയാണു്. കുന്നിൻപുറത്തെവിടെയോ കുറുക്കൻ ഓരിയിട്ടു. ഒരു തണുത്ത കാറ്റടിച്ചു. പെട്ടെന്നു മഴ ചാറിത്തുടങ്ങി.

അവൾ ഇടനാഴിയിലേയ്ക്കു കയറി. അകത്തുനിന്നു താഴ്‌ന്ന സ്വരത്തിൽ സംസാരം കേട്ടു. ഉമ്മറപ്പടിയിന്മേൽ തളത്തിലേക്കുകൂടി വെളിച്ചം കാണാൻ പാകത്തിൽ കത്തിച്ചുവെച്ചിരുന്ന നിലവിളക്കു പടുതിരി കത്തിത്തുടങ്ങി. അതു കെടരുതു്. ദുശ്ശകുനമാണു്. അവൾ ഓടിച്ചെന്നു് അടുക്കളയിലെ എണ്ണക്കുപ്പി എടുത്തുകൊണ്ടുവന്നു നിറച്ചെണ്ണയൊഴിച്ചു. അമ്മൂമ്മയുണ്ടെങ്കിൽ അടുക്കളയിലെ വറ്റുവെളിച്ചെണ്ണ ഒഴിച്ചതിനു ലഹള ആയേനെ. ഇപ്പോഴല്ലേ അതൊക്കെ നോക്കുന്നതു്. വിളക്കെണ്ണപ്പാത്രം തപ്പി എടുത്തുകൊണ്ടു വരുമ്പോഴേക്കും കെടും. തിരി നല്ലവണ്ണം നീട്ടിവെച്ചു് അവൾ ഇടനാഴിയുടെ മൂലയിൽ നിലത്തിരുന്നു.

നേരം വെളുക്കാറായിക്കാണണം.

ചാറ്റൽമഴ നിൽക്കാതെ തുടരുകയാണു്. ഉണക്കയിലയിന്മേൽ തുള്ളികൾ വന്നു വീഴുന്ന ശബ്ദം കേൾക്കാം. ആദ്യത്തെ മഴ വീണിട്ടു പൊടിമണ്ണിന്റെ ഗന്ധം പൊങ്ങി. പാമ്പുകൾക്കു് ഇഷ്ടമാണുപോലും ആ മണം.

പുതുമഴ പെയ്യുമ്പോൾ എല്ലാം ഇറങ്ങിവരുമത്രേ ഇതു കേൾക്കാൻവേണ്ടി. അതു വാസനയായിട്ടാണു് അവൾക്കും തോന്നാറു്. പാമ്പിന്റെ സ്വഭാവമാണെന്നു കൂട്ടുകാർ പറയാറുണ്ടു്.

പൂമുഖത്തുനിന്നു് എന്തോ ശബ്ദം കേട്ടു് അവൾ തല നീട്ടിനോക്കി. അച്ഛനാണു്. മഴ അധികമായപ്പോൾ കയറിവന്നതായിരിക്കും. വഴിയിൽക്കിടന്ന സ്റ്റൂളിൽ കാൽ തട്ടിയ ശബ്ദമാണു കേട്ടതു്.

ഒരിടത്തു ഇരിക്കാതെ നടപ്പാണു്. എട്ടുപത്തു ചുവടുവെക്കാനുള്ള വലിപ്പമേയുള്ളു മുറിക്കു്. ഒരു കാൻവാസ് കസേരയും രണ്ടുമൂന്നു സ്റ്റുളുകളും മേശയും വീതിയിൽ ഒരു ബെഞ്ചും എല്ലാം കിടപ്പുണ്ടു്, അതിനകത്തു്.

ഇതിന്റെയൊക്കെ ഇടയിൽക്കൂടി ഇരുപ്പുറക്കാത്ത ആ നടത്തം.

ചെറിയമ്മ മുറിക്കകത്തുനിന്നു് ഒരു പാത്രവുമായി ഇറങ്ങി അടുക്കളയിലേക്കുപോയി.

അവൾ ചെന്നില്ല കൂടെ. ഒന്നുരണ്ടു മിനുട്ടുകഴിഞ്ഞു് അവർ തിരിച്ചു കയറിപ്പോയി.

എന്താണവിടെ നടക്കുന്നതു്? രാധയുടെ തുടുതുടുന്നനെയുള്ള അനിയത്തി ജനിക്കാൻ രാധയുടെ അമ്മയും ഇങ്ങിനെ വേദനിച്ചുകാണുമോ?

അവൾ ചുമർ ചാരിയിരുന്നു കാലു നീട്ടി.

പൂമുഖത്തു നടത്തം തുടരുകയാണു്. അകത്തുനിന്നു് അനക്കമില്ല.

ദൂരെ കോഴി കൂവി. ഒന്നിനെത്തുടർന്നു വേറേയും. കിളികളെല്ലാം ഉണർന്നു.

ഒരു പുതിയ ദിവസം.

അവൾ എഴുന്നേറ്റ് അടുക്കളയിലേയ്ക്കുപോയി.

ചോറു വെച്ചപാടു് ഇരിക്കുന്നു. അതു മാറ്റിവെച്ചു് അവൾ ബാക്കി പാത്രങ്ങൾ പെറുക്കി പുറത്തിട്ടു വെള്ളം കോരിയൊഴിച്ചു. പിന്നെ ധൃതിയിൽ അടുക്കള അടിച്ചുതളിച്ചു. തീ കെടാതെകിടന്നിരുന്ന അടുപ്പിൽ ഊതിക്കത്തിച്ചു് ഒരു പാത്രം വെള്ളം കൂടെ എടുത്തു് അടുപ്പത്തുവെച്ചു. തിളച്ചുകിടക്കട്ടെ.

ഇനി എന്താണു ചെയ്യേണ്ടതു്? വെറുതെ ഇരിക്കാൻ വയ്യ. അവൾ കുളിമുറിയിലേയ്ക്കുചെന്നു, തൊട്ടി കിണറ്റിലിറക്കി. കുറെ വെള്ളം ഇരിക്കട്ടെ. ചെമ്പും കുടവും നിറഞ്ഞു. പെട്ടെന്നു തുടിയുടെ കർ കർ ശബ്ദത്തിനിടയിൽകൂടി ‘ള്ള’ എന്നൊരു നേർത്തസ്വരം.

അവൾ തൊട്ടി അവിടെ ഇട്ടു് തളത്തിലേക്കോടി.

അതേ, അകത്തുനിന്നാണു്. ക്ഷീണിച്ച ശബ്ദത്തിലുള്ള കരച്ചിൽ…

പാവം. എനിയ്ക്കു കഴിയില്ല. ഞാനില്ല. എന്നാണോ കരഞ്ഞു പറയുന്നതു്? എന്നെ നോക്കിക്കൊള്ളണേ എന്നൊരർത്ഥനയാണോ?

കൈയിന്മേൽ ആരോ തൊട്ടു എന്നു തോന്നി അവൾ തിരിഞ്ഞുനോക്കി. ഗോപു ഉറക്കത്തിൽ ഞെട്ടിയുണർന്നു് പകച്ച കണ്ണുകളോടെ നോക്കിനില്ക്കുകയാണു്. അവന്റെ കൈ മുറുകെ പിടിച്ചുകൊണ്ടു അടച്ചിട്ട വാതിൽ നോക്കി അവൾനിന്നു…

ഡോക്ടർ വിയർപ്പിൽകുളിച്ചു് തുകൽപ്പെട്ടിയുമായി മുറിയിൽനിന്നു് ഇറങ്ങിവന്നു. അവളും പിന്നാലെ ഇടവഴിയിലേയ്ക്കു ചെന്നു. പൂമുഖത്തു് അതേ നടപ്പാണു്. ഒരു വ്യത്യാസവുമില്ല. കണ്ട ഉടൻ ഡോക്ടർ പറഞ്ഞു: “ആൺകുട്ടിയാണു്.”

അച്ഛൻ ഒന്നും മിണ്ടിയില്ല.

ഡോക്ടർ പെട്ടി മേശപ്പുറത്തുവെച്ചു കസേരയിൽ ചെന്നുവീണു. അച്ഛൻ നടപ്പു തുടർന്നു. അവളും ഗോപുവും ശ്വാസം അടക്കി

വാതിൽ മറഞ്ഞുനിന്നു.

ആ ഡോക്ടർ എന്തു വിചാരിച്ചുകാണും?

കുറെനേരം കിടന്നു. ആരും ഒന്നും മിണ്ടാഞ്ഞപ്പോൾ അയാൾ എഴുന്നേറ്റു. മേശപ്പുറത്തുനിന്നു കടലാസ്സെടുത്തു് എന്തോ കുറിച്ചു് അച്ഛന്റെ നേരെ നീട്ടി: “ഇതു മേടിച്ചു വെക്കു. ഒരു ഇൻജക്ഷൻ ഞാൻ കൊടുത്തിട്ടുണ്ടു്. ഇനി വൈകുന്നേരം വന്നിട്ടാവാം. ഇപ്പോൾ പേടിക്കാനൊന്നുമില്ല. പക്ഷേ, സൂക്ഷിക്കണം. അവരുടെ ശരീരത്തിൽ രക്തമില്ല. ഇതൊരു അഞ്ചാറെണ്ണം കൊടുക്കേണ്ടിവരും. സാരമില്ല. വിഷമിക്കാനൊന്നുമില്ല.” അച്ഛൻ അയാൾ നീട്ടിയ കടലാസുതുണ്ടു വാങ്ങി. എന്നിട്ടും ഒന്നും പറഞ്ഞില്ല.

“കുട്ടിക്കു മൂപ്പായിട്ടില്ല. അതിനെ ശരിക്കു പുതപ്പിച്ചൊക്കെ വെച്ചാലേ പറ്റുള്ളു. എങ്ങിനെയൊക്കെയാണു വേണ്ടതെന്നു ഞാൻ പറഞ്ഞുകൊടുത്തിട്ടുണ്ടു്.” കുറച്ചുനേരം അയാൾ മറുപടി കാത്തുനിന്നു. “എന്നാൽ ഞാനിപ്പോൾ പോകട്ടെ. വൈകുന്നേരം വരാം.”

അച്ഛൻ അപ്പോഴും ഒന്നും പറഞ്ഞില്ല. കൈയിൽ പെട്ടി എടുക്കുകമാത്രം ചെയ്തു.

“വേണമെന്നില്ല. ഇങ്ങോട്ടു തന്നേയ്ക്കു. റോഡിൽ കാറുകിടപ്പില്ലേ? വഴിയെനിക്കു് അറിയാമെന്നുതോന്നുന്നു. പൊയ്ക്കോളാം. നിങ്ങൾക്കു കുട്ടിയെ കാണണ്ടെ?” അയാൾ പെട്ടിക്കു കൈ നീട്ടി. അച്ഛൻ കൊടുത്തില്ല. കുറച്ചുനേരം സംശയിച്ചുനിന്നു് അയാൾ മിറ്റത്തേക്കിറങ്ങി. പിന്നാലെ അച്ഛനും.

പത്തു്

വീട്ടിൽ ബഹളമാണു്. ഡോക്ടർ എന്നും വരും കുത്തിവെക്കാൻ. കുട്ടിയെക്കൂടി കുത്തിവെച്ചു; ഒന്നുരണ്ടു പ്രാവശ്യം.

നൂലുപോലെ നേർത്ത ആ കുട്ടിയുടെ ജീവൻ കൂട്ടിനകത്തുതന്നെ നിർത്താനുള്ള ശ്രമമാണു ചെറിയമ്മയ്ക്കു്. ഒരു പാകത്തിനു തവിടു വറുത്തു കിഴികെട്ടി നിരത്തിവെച്ചു് നടുക്കാണു് അതിനെ കിടത്തുന്നതു്. ചിലപ്പോൾ കരയുമ്പോൾ ശബ്ദമേ പുറത്തുവരില്ല. ചെറിയമ്മ അടുത്തുനിന്നു മാറിയ നേരമില്ല.

അവൾക്കാണു് അടുക്കളയിലെ ഭാരം മുഴുവനും. അമ്മയ്ക്കും കുട്ടിയ്ക്കും വേണ്ടതൊക്കെ ശരിയാക്കണം. ബാക്കിയുള്ളവർക്കും വല്ലതും കഴിക്കണ്ടെ? അതും വെക്കണം. രണ്ടു പശുവുണ്ടു്. കറക്കൽ കുഞ്ഞിയമ്മ കഴിക്കും. ബാക്കിയൊക്കെ അവൾ ചെയ്യണം. ഗോപു എല്ലാത്തിനും കൂടെവരും. അവനെക്കൊണ്ടു് അധികമൊന്നും ആവില്ല. എന്നാലും ഒരു സഹായമാണു്.

ഇതൊക്കെപ്പോരാഞ്ഞിട്ടു് ഈ തിരക്കിനിടയ്ക്കു പരീക്ഷയും. ഒരു മാസം എങ്ങിനെയോ ഉന്തിനീക്കി. പരീക്ഷ കഴിഞ്ഞു. സമാധാനമായി. ജയിക്കും.

ഡോക്ടർ വരാതായി. അമ്മയുടെ പനി വിട്ടു.

ദേഹം പഴയപടിയായി. ബുദ്ധി തിരിച്ചുവരാൻ കൂട്ടാക്കിയില്ല. പണ്ടുണ്ടായിരുന്ന നേരിയ വെളിച്ചം കൂടി കെട്ടു.

എല്ലായ്പോഴും പാട്ടുതന്നെ, കുട്ടിയെ ഉറക്കുകയാണു്.

അതിന്റെ കൊച്ചുമരത്തൊട്ടിൽ അവിടെത്തന്നെ ഇടാതെ അവർ സമ്മതിച്ചില്ല.

ഒരുദിവസം അവൾ എന്തിനോ മുറിയിൽ ചെന്നപ്പോൾ തൊട്ടിലിന്മേൽ ഒരു നാട കെട്ടിയിരിക്കുന്നതു് അവർ അഭിമാനത്തോടെ കാണിച്ചു. അവൻ ഉണർന്നാൽ കിടന്നേടത്തുനിന്നെണീക്കാതെ ആട്ടിയുറക്കാനുള്ള സൂത്രമാണത്രേ.

ചെറിയമ്മ കുട്ടിയെ കുളിപ്പിക്കാനോമറ്റോ എടുത്തുകൊണ്ടുപോയിരിക്കുകയായിരിക്കും. ഒഴിഞ്ഞ തൊട്ടിൽ വലിച്ചാട്ടി നേർത്ത ശബ്ദത്തിൽ പാട്ടുപാടിക്കൊണ്ടവർ കിടക്കും. കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവന്നു കിടത്തുന്നതും ഒന്നും അറിയില്ല. തൊട്ടിലാട്ടുകയും പാട്ടുപാടുകയും—കഴിഞ്ഞു; കുട്ടിയെ ശുശ്രൂഷിക്കൽ. അതുകിടന്നു കരയുകയാണെങ്കിൽ ഒന്നെടുത്തു കരച്ചിൽ മാറ്റാൻ നോക്കില്ല. തൊട്ടിലിന്റെ അടുത്തുചെന്നു പിടിച്ചു ആട്ടി, ഉറക്കെയുറക്കെ പാടുകയല്ലാതെ വേറെ ഒന്നും ചെയ്യില്ല.

ആ ഇരുണ്ട മുറിയിൽനിന്നു തൊണ്ട കാറിയുള്ള കരച്ചിലും അതിന്റെകൂടെ അതിനെക്കാൾ ഉച്ചത്തിൽ ലക്കില്ലാത്ത പാട്ടുംകൂടി കേൾക്കുമ്പോൾ അവൾ കൈ കൂട്ടി ഞെരിച്ചു പല്ലു കടിച്ചുപോകും.

അനുകമ്പയും കടുത്ത അമർഷവും നിസ്സഹായതാബോധവും.

സ്ക്കൂൾ അവധികഴിഞ്ഞു തുറക്കാറായി.

കോളേജും തുറക്കും. അപ്പേട്ടൻ പോകും. ശരിക്കൊന്നു കാണാനേ പറ്റിയില്ല. അവൾക്കു വൈകുന്നേരം വേലിക്കൽ ചെന്നുനിൽക്കാനും മറ്റും നേരമെവിടെ? പിടിപ്പതു ജോലിയാണു്.

അപ്പേട്ടനു് ഒരു നൂറുകൂട്ടം പറയാനുണ്ടാവും. അവിടത്തെ വിശേഷം മുഴുവനൊന്നും പറഞ്ഞുതീർന്നില്ല. എത്ര പുസ്തകം കാണും കൈയിൽ. രണ്ടുമൂന്നെണ്ണം അവൾക്കുവേണ്ടി പ്രത്യേകം കൊണ്ടുവന്നിട്ടുണ്ടു് എന്നു പറഞ്ഞു. കണ്ടു വാങ്ങിക്കാൻ സൌകര്യം കിട്ടണ്ടേ?

വാസ്തവത്തിൽ സമയം കിട്ടാഞ്ഞിട്ടാണോ? വേണമെന്നുവിചാരിച്ചാൽ ആ വേലിക്കൽവരെ ഒന്നു് ഓടിച്ചെല്ലാൻ പറ്റുമായിരുന്നില്ലേ? എത്ര സമയം വേണം അതിനു്?

അതല്ല.

അവൾക്കു് ആരേയും കാണാൻ വയ്യായിരുന്നു അപ്പോൾ. മനുഷ്യരോടു സംസാരിക്കുന്നതു അസഹ്യമായിരിക്കുകയാണു്; അപ്പേട്ടനോടുപോലും. ആദ്യം ചോദിക്കുക അനിയന്റെ കാര്യമായിരിക്കും. അതു സഹിക്കാൻ പറ്റില്ല. ആ കുട്ടിയെപ്പറ്റി സംസാരിക്കാൻ അവൾക്കു വയ്യ.

അങ്ങിനെ സ്ക്കൂൾ തുറന്നു.

ആദ്യത്തെ ദിവസംതന്നെ മടങ്ങിവരുന്ന വഴി കുന്നിൻപുറത്തു് അപ്പേട്ടനെ കണ്ടു. കാത്തുനില്ക്കുകയായിരുന്നു, അവളെ.

വേണ്ടായിരുന്നു എന്നു തോന്നി, എങ്കിലും അവൾ നിന്നു.

“മണിയെ കാണാറേയില്ല ഈയിടെ.”

“എനിക്കു ജോലി ഒരുപാടുണ്ടു് വീട്ടിൽ. ഒന്നിനും നേരമില്ല.”

“കുഞ്ഞിയമ്മ ഇല്ലേ?”

“ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചുദിവസമായിട്ടു് അവർ അവരുടെ വീട്ടിലാണു്. നല്ല സുഖമില്ല. ചികിത്സയ്ക്കു പോയിരിക്കുകയാണു്. മാറിയിട്ടു വരാമെന്നാണു പറഞ്ഞിരിക്കുന്നത്;”

“ചെറിയ കുട്ടി-”

“സുഖമായിരിക്കുന്നു. ഞാൻ പോട്ടെ അപ്പേട്ടാ. ചെന്നിട്ടു് ഒരുപാടു പണിയുണ്ടു്.”

അവൾ പറഞ്ഞുകൊണ്ടു നടന്നു. അപ്പേട്ടൻ കൂടെ ചെന്നില്ല.

ദിവസവും കാണും. കുന്നിൻപുറത്തു് അതേ സമയത്തു്: അവൾ വർത്തമാനം പറയാൻ നിൽക്കാറില്ല. എന്തെങ്കിലും ഒന്നോ രണ്ടോ വാചകം പറഞ്ഞു വേഗം പോരും. അപ്പേട്ടന്റെ മുഖം വാടുമ്പോൾ കഷ്ടംതോന്നും. എന്നാലും സംസാരിച്ചുനില്ക്കാൻ മനസ്സു വന്നില്ല.

സ്ക്കൂളിലെ പെരുമാറ്റത്തിനുതന്നെ മാറ്റം വരികയാണു്. ചിരിച്ചു് ആർത്തു നടന്നിരുന്നവൾ പതുക്കെപ്പതുക്കെ മിണ്ടാതാവുകയാണു്. എന്തുപറ്റിയെന്നു കൂട്ടുകാരികൾ അത്ഭുതപ്പെട്ടു.

വീട്ടിലെ കാര്യം സംസാരിക്കാനുള്ള മടി—സംസാരിക്കേണ്ടി വന്നെങ്കിലോ എന്ന ഭയം—അബോധമനസ്സിൽ ഇവയായിരുന്നോ കിടന്നു പ്രവർത്തിച്ചിരുന്നതു്?

അപ്പേട്ടൻ പോകുന്നതിന്റെ തലേ ശനിയാഴ്ച വന്നു. അന്നും കാത്തുനിന്നിരുന്നു പതിവുസ്ഥലത്തു്.

“ഞാൻ നാളെ പോവുകയാണു്.” കുറെനേരം മിണ്ടാതെനിന്നിട്ടു പറഞ്ഞു. “ഉം. എഴുത്തയച്ചാൽ ആ ഹെഡ്മാഷ് തരില്ല. സാരമില്ല. ഞാൻ കൊച്ചച്ഛനോടു ചോദിച്ചു വിവരമൊക്കെ അറിയാറുണ്ടു്.”

അയാൾ കുറച്ചുനേരത്തേയ്ക്കു് ഒന്നും മിണ്ടിയില്ല.

“മണീ, എന്നെപ്പറ്റിയും വല്ലപ്പോഴും ഓർമ്മിക്കണേ. മണിയുടെ ഉള്ളിൽ കുറച്ചു സ്ഥലം എനിക്കും തരണേ.”

ഒച്ച ഇടറുന്നുണ്ടെന്നുതോന്നി.

“ഇതൊന്നുമല്ല. വളരെയേറെ പറയണമെന്നു വിചാരിച്ചിരുന്നതാണു മണിയോടു്.” അയാൾ പെട്ടെന്നു നിർത്തി.

അവൾക്കു് എന്താണു മറുപടി പറയേണ്ടതെന്നു സംശയമായി.

“ഞാനും കൊച്ചച്ഛനും അപ്പേട്ടന്റെ കാര്യം പറയാത്ത ദിവസമില്ല. കൊച്ചച്ഛൻ പള്ള്യാലിൽ വരുമ്പോൾ ഞാൻ എന്നും കാണാറുണ്ടു്. വിശേഷമെല്ലാം പറയും.”

അയാൾ പുരുഷനായിട്ടാണു സംസാരിച്ചു തുടങ്ങിയതു്. അവളോ?

കുറെ പിന്നിലായിരുന്ന ഗോപു ഒപ്പമെത്തി.

അവൻ മുഖം കാണാതിരിക്കാൻ അപ്പേട്ടൻ തിരിഞ്ഞു നിന്നു. കുറച്ചുനേരം അവളും സംശയിച്ചുനിന്നു. പിന്നെ പതുക്കെ നടന്നു.

പതിനൊന്നു്

മാസങ്ങൾ നീങ്ങി.

കൊച്ചച്ഛനെ അവൾ കുന്നിൻപുറത്തൊ എവിടെയെങ്കിലും വെച്ചു് എന്നും കാണും. അവളെ കാണുന്നതു് അദ്ദേഹത്തിനു സന്തോഷമാണു്.

അവൾക്കും അദ്ദേഹത്തിനോടു മാത്രമെ സംസാരിയ്ക്കാൻ വിഷമമില്ലാതുള്ളു. അവൾക്കു ഉത്തരം പറയാൻ ഇഷ്ടമില്ലാത്ത ചോദ്യങ്ങളൊന്നും അദ്ദേഹം ചോദിയ്ക്കില്ല. എന്തിനെങ്കിലും മറുപടി പറയാൻ വേണ്ടി ഒരിക്കലും വിഷമിയ്ക്കേണ്ടിവന്നിട്ടില്ല. അവൾക്കു് ഒരനിയൻ ഉണ്ടായ സംഗതി അറിഞ്ഞതായിത്തന്നെ അദ്ദേഹം ഭാവിക്കാറില്ല. അവൾ പറയാതെതന്നെ അവളുടെ ഉള്ളിൽ കഴിയുന്നതു് അദ്ദേഹത്തിനു മനസ്സിലാകുമെന്നു തോന്നി.

കുഞ്ഞിയമ്മ സുഖക്കേടുമാറി തിരിച്ചു വന്നില്ല. ഒട്ടും കുറവില്ലത്രേ. വീട്ടിൽത്തന്നെയാണു്. മാറിയാലും അവരിനി വരില്ല. അവരുടെ ഒടപ്രന്നോന്റെ ഭാര്യ മരിച്ചു. കുട്ടികളെ നോക്കാൻ ആരുമില്ലത്രേ.

പുറംജോലിക്കു വരുന്ന ചെട്ടിച്ച ്യാരെക്കൊണ്ടു് ഒന്നിനും ആവില്ല. അവർക്കു് ഒന്നും അറിഞ്ഞുകൂട. മണിക്കു പിടിപ്പതു ജോലിയുണ്ടു്, അതുകൊണ്ടു് കാലത്തെ വെപ്പൊക്കെ ഒരുമാതിരിയാക്കിയിട്ടാണു് സ്ക്കൂളിൽ പോവുക. കുട്ടിയുടെ കാര്യത്തിനേ ചെറിയമ്മക്കു നേരമുള്ളു. അഞ്ചുമിനിട്ടു തികച്ചു് നിലത്തു നിൽക്കാൻ അവൻ കൂട്ടാക്കാറില്ല. വളരെ വൈകിയാണു് കമിഴ്‌ന്നു നീന്താനും മുട്ടുകുത്താനും ഒക്കെ തുടങ്ങിയതു്. ചിരിയെന്ന ഒന്നേ ഇല്ലാത്തകുട്ടി.

അങ്ങിനെ ക്രിസ്തുമസ്സുകാലവും വന്നുപോയി. സിക്സ്ത് ഫോമിൽ ആണു്. ഒരുപാടു പഠിക്കാനുണ്ടു്. വീട്ടിലെ ജോലികഴിഞ്ഞാൽ കിട്ടുന്ന സമയം തീരെ കുറവും. എപ്പോഴും തിരക്കാണു്. ഒന്നു മനസ്സുവെച്ചു പഠിച്ചു് നല്ലവണ്ണം ജയിച്ചാൽ ഒരുപക്ഷേ, അപ്പേട്ടനെപ്പോലെ കോളേജിൽ പോകാൻ പറ്റിയേക്കും. അച്ഛൻ എന്താണു് നിശ്ചയിക്കുകയെന്നു് അറിഞ്ഞു കൂടാ. ഏതായാലും നല്ല മാർക്കു വാങ്ങിച്ചില്ലെങ്കിൽ ഒരു രക്ഷയുമില്ല. രാത്രി പകലാക്കിയിരുന്നു് പഠിക്കുകയേ ഉള്ളു വഴി.

ഒരു വൈകുന്നേരം സ്ക്കൂൾവിട്ടു വരികയായിരുന്നു. തന്നേയുള്ളു. ഈയിടെ ഗോപു ദിവസവും താമസിച്ചാണു വരിക. അവൻ അവിടെ കളിക്കാൻ നിൽക്കും. വീടടുത്തു. ഇടവഴിയിലേയ്ക്കു് ഇറങ്ങുന്നിടത്തുവെച്ചു് മമ്മാലി ഒരു കുപ്പിയുമായി എതിരെവന്നു. എല്ലാരുടേയും കാര്യസ്ഥനാണു് മമ്മാലി.

വിശേഷം ചോദിച്ചപ്പോഴാണു് അറിഞ്ഞതു് കൊച്ചച്ഛനു പനിയാണെന്നു്. സാരമില്ല. നീരിളക്കം. മേക്കാച്ചിലുവിടാത്തതുകൊണ്ടു് ചെറിയമ്മ മമ്മാലിയെ അയച്ചതാണു് ഡാക്ടരെ ചെന്നുകണ്ടു മരുന്നുവാങ്ങിക്കാൻ. അഞ്ചാറുദിവസമായി കൊച്ചച്ഛനെ കണ്ടിട്ടു് എന്നവൾ ഓർമ്മിച്ചു. ഇടയ്ക്കൊക്കെ അവളുടെ ജോലിത്തിരക്കുകാരണം ഒന്നും രണ്ടും ദിവസം കാണാൻ സൗകര്യപ്പെടാതിരിക്കാറുള്ളതുകൊണ്ടു് അവൾ അതു് അതുവരെ ശ്രദ്ധിച്ചില്ല.

ഒന്നുപോയിക്കാണാമെന്നുവെച്ചാൽ അച്ഛൻ വീട്ടിലുള്ള ദിവസമാണു്. അറിഞ്ഞാൽ ലഹളയാവും.

മമ്മാലിയോടു എടുത്തെടുത്തുചോദിച്ചു് പേടിക്കാനൊന്നുമില്ലെന്നറിഞ്ഞിട്ടേ അവൾ സമാധാനമായി പോന്നുള്ളു.

പിറ്റെദിവസം സ്ക്കൂൾവിട്ടുവരുന്നവഴിയ്ക്കെല്ലാം അവൾ മമ്മാലിയെ നോക്കി വല്ലവിവരവും അറിയാൻ. കണ്ടില്ല.

അച്ഛൻ കാലത്തേ പോയി. ഇന്നു പേടിക്കാനില്ല.

അവൾ നേരേപാടത്തേക്കിറങ്ങി. പുസ്തകം കൊണ്ടുവെക്കാൻകൂടി പോയില്ല. കേറിയാൽ ചെറിയമ്മ വിടില്ല.

തോട്ടിൽ ഒരുതുള്ളി വെള്ളമില്ല. പാടം ഉണങ്ങിവരണ്ടുവിണ്ടു് പൊട്ടിക്കിടക്കുന്നു.

അവൾ ധൃതിയിൽ നടന്നുകയറി മുറ്റത്തെത്തി. പുറത്തു് ആരുമില്ല.

അവൾ പൂമുഖത്തു സംശയിച്ചുനിന്നു, അകത്തു് ആരോ സംസാരിയ്ക്കുന്നുണ്ടു്.

അമ്മുച്ചെറിയമ്മ ഒരു ഗ്ലാസുംകൊണ്ടു മുറിയിൽനിന്നു് ഇറങ്ങിവന്നു. മുഖം വാടിയിരിയ്ക്കുന്നു.

അവൾ അടുത്തേക്കുചെന്നു.

“എങ്ങിനെയിരിക്കുന്നു കൊച്ചച്ഛന്”

“അങ്ങനെതന്നെ ഇരിക്കുന്നു; ഒരു കൊറവൂല്യ അമ്മു.”

“ഡോക്ടരെ കാണിച്ചില്ലെ?”

“ഇന്നു കാറുകൊടുത്തയച്ചു വിളിപ്പിച്ചു. അയാള് മരുന്നിനൊക്കെ കുറിച്ചുതന്നു. മമ്മാലി മേടിക്കാൻ പോയിരിക്ക്യാണ്. എല്ലാത്തിനും മമ്മാലിതന്നെ. അല്ലാണ്ടാരാ ഇവിടെ?”

“അമ്മുക്കുട്ടി ആരോടാ വർത്തമാനം പറയണത്? ആരാ വന്നിരിയ്ക്കുന്നത്? മണിയാണൊ?” ഒച്ചകേട്ടു് കൊച്ചച്ഛൻ വിളിച്ചുചോദിച്ചു.

അവൾ ചെറിയമ്മയുടെ കൂടെ അകത്തേക്കുചെന്നു. കൊച്ചച്ഛൻ കഴുത്തുവരെ ചകലാസ്സുകൊണ്ടു മൂടിപ്പുതച്ചു കിടക്കുന്നു. മുഖത്തു വലിയ ക്ഷീണമൊന്നുമില്ല. തുടുത്തിരിക്കുന്നു.

“മണി സ്ക്കൂളിൽനിന്നു നേരേവരികയാണല്ലേ?”

അവളൊന്നും മിണ്ടിയില്ല. പുസ്തകം ഉമ്മറത്തുവെച്ചിട്ടു പോരണമായിരുന്നു, തോന്നിയില്ല.

“അവൾക്കു വല്ലതുംകൊടുക്കൂന്ന്; വിശക്കുന്നുണ്ടാവും” അമ്മുച്ചെറിയമ്മയുടെ നേരേതിരിഞ്ഞു് അദ്ദേഹം പറഞ്ഞു.

അവർ അടുക്കളയിലേക്കുപോയി.

“എന്നാണു് പരീക്ഷ തുടങ്ങുക?”

“ഒരുമാസം കൂടിയുണ്ടു്.”

“അപ്പക്കും അപ്പോൾത്തന്നെ ആയിരിക്കും. അല്ലെങ്കിൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞു്; ഏതായാലും മേടമാസം ആകുമ്പോഴേയ്ക്കും തീർന്നു് അവൻ വരും.”

“അപ്പേട്ടനു പഠിത്തത്തിന്റെ തിരക്കായിരിക്കും അല്ലേ? എഴുത്തു വരാറില്ലെ?”

“മിനിഞ്ഞാന്നും ഉണ്ടായിരുന്നു. അവൻ എക്സർഷനു പോവ്വാണത്രെ. പരീക്ഷ അടുക്കുമ്പോഴാണു് എക്സർഷൻ. അല്ല, മുഷിഞ്ഞുപഠിക്കുമ്പോൾ ഒരു രസമാണ്”.

അവൾ അർത്ഥം മനസ്സിലാകാതെ കൊച്ചച്ഛന്റെ മുഖത്തുനോക്കി നിന്നു.

“എവിടെയെങ്കിലും ഒരു സ്ഥലത്തു് മാസ്റ്റർമാരും കുട്ടികളും കൂടെപോയി നാടൊക്കെക്കണ്ടു് കുറെ രസിച്ചു തിരിച്ചു വരിക. ഇവരെ കൊണ്ടുപോകുന്നതു മദിരാശിയ്ക്കാണു്. കണ്ടിട്ടുവരട്ടെ. ഞാൻ പൊയ്ക്കോളാൻ എഴുതിയിട്ടുണ്ടു്.”

ചെറിയമ്മ കയറിവന്നു.

“അധികം സംസാരിക്കണ്ടട്ടോ. അതുമതി പനികൂടാൻ. സൂക്ഷിക്കണംന്നല്ലേ ഡാക്ടർ പറഞ്ഞത്”.

“ഓഹൊ എത്തിപ്പോയി നമ്മുടെ ജെയിലർ” കൊച്ചച്ഛൻ ചിരിച്ചു.

“മണി വായോ ഞാൻ ചായകൂട്ടിവെച്ചിട്ടുണ്ടു്, അതിരുന്നു തണുക്കും”

“ചെല്ലു, മണി കഴിച്ചിട്ടുവരൂ” കൊച്ചച്ഛൻ പറഞ്ഞു.

അവൾ അടുക്കളയിലിരുന്നു ചായ കുടിച്ചു. പലഹാരം ഒന്നുമില്ലാത്തതു കൊണ്ടു് ചെറിയമ്മ അരിക്കൊണ്ടാട്ടം വറുത്തിരുന്നു.

അവൾ ധൃതിയിൽ കഴിച്ചു് അകത്തേയ്ക്കു ചെന്നു.

“ഇത്രവേഗം കുടിച്ചൊ? ഒന്നും തിന്നാൻ ഉണ്ടായിരുന്നില്ലെ?”

“ഉണ്ടായിരുന്നു”.

അപ്പോഴേയ്ക്കും ചെറിയമ്മയും വന്നു.

“കുട്ടിയ്ക്കു വിശേഷോന്നൂല്യല്ലൊ, ഉവ്വോ?” ചെറിയമ്മ തുടങ്ങുന്നേയുള്ളൂ.

“ഇല്ല”

“പിടിച്ചു നിക്ക്വോ”?

“കുറേശ്ശെ”

“പേരെന്തന്നാ? വയസ്സു തെകയാറായില്ലെ. ചോറു കൊടുത്തോ?”

“ഇല്ല”

“മണിഅഞ്ചരയാവാറായി” മേശപ്പുറത്തിരുന്ന ടൈംപീസ് നോക്കി കൊച്ചച്ഛൻ പറഞ്ഞു. “ഇനി അധികം വൈകിക്കേണ്ട മണി. ഇരുട്ടാവുന്നതിനു മുമ്പു അങ്ങോട്ടു എത്തണ്ടേ? തന്നെ സന്ധ്യയ്ക്കു പാടത്തുകൂടി നടക്കാൻ കൊള്ളില്ല”.

ആ ചോദ്യവർഷത്തിൽ നിന്നുഅവളെ രക്ഷിയ്ക്കുകയായിരുന്നോ കൊച്ചച്ഛൻ? വയ്യാതെ കിടക്കുമ്പോഴും…

“ശരിയാ അമ്മൂ, ഇനി താമസിക്കേണ്ട”

ചെറിയമ്മയും ഏറ്റുപറഞ്ഞു.

അവൾ യാത്രപറഞ്ഞിറങ്ങി. വീട്ടിലെത്തിയപ്പോൾ വിളക്കു കത്തിക്കാറായി, എവിടെ പോയിരുന്നുവെന്നു ചെറിയമ്മ അന്വേഷിച്ചില്ല.

പന്ത്രണ്ടു്

പിറ്റേന്നു് സ്ക്കൂൾ വിട്ടു വന്നപ്പോൾ അച്ഛൻ എത്തിയിരുന്നു. അന്നു് അതുകൊണ്ടു് കൊച്ചച്ഛനു് എങ്ങിനെ ഇരിക്കുന്നുവെന്നു് അന്വേഷിക്കാൻ പറ്റിയില്ല. വിവരമറിയാൻ ആരേയും കാണാനും തരപ്പെട്ടില്ല. അടുത്ത ദിവസം ശനിയാഴ്ചയാണു്. സ്ക്കൂളും ഇല്ല. എങ്ങിനെയാണു് ഒന്നുപോകാൻ പറ്റുക? ഇതുതന്നെ ആലോചിച്ചു വിഷമിച്ചു കൊണ്ടാണവൾ കിടന്നതു്.

വെളുപ്പാൻകാലത്തു് അവൾ പതിവുപോലെ എണീറ്റു. പാത്രമൊക്കെ പുറത്തിട്ടു് അടുക്കള അടിച്ചുവാരി.

ചെട്ടിച്ച ്യാരെത്തിയില്ല. അവർ പാത്രം തേച്ചുതന്നിട്ടുവേണം കാപ്പിക്കു വെക്കാൻ. അപ്പൊഴേക്കും കുളി കഴിക്കാം. അവൾ കുളിമുറിയിൽ കടന്നു് വാതിലടച്ചു. പാവാടയും ഒക്കെ തിരുമ്മിപ്പിഴിഞ്ഞിട്ടു തലയിൽ വെള്ളമൊഴിച്ചുതുടങ്ങിയപ്പോൾ പുറത്തു പാത്രങ്ങളുടെ ശബ്ദം കേട്ടു.

“ചെട്ടിച്ച ്യാരിങ്ങനെ വൈകിച്ചാലോ? സുഖല്യാത്ത ആളുണ്ട് ഇവിടേന്നറിഞ്ഞുകൂടേ? ആ കാപ്പിച്ചെമ്പ് ഇങ്ങോട്ടുവേഗം തേച്ചുതരൂ”.

ചെറിയമ്മ.

“ലക്ഷ്മിക്കുട്ട്യേമ്മേ, നിങ്ങളറിഞ്ഞോ?”

“എന്ത്?”

“കുട്ടിശ്ശങ്കരൻ നായരേയ്…”

“ഏതു കുട്ടിശ്ശങ്കരൻ നായര്?”

“തപാൽ മാഷേയ്… നിങ്ങളുടെ അമ്മുട്ട്യമ്മേ ടെ…”

“എന്തേ അവർക്ക്?”

“മരിച്ചു”

“ഏ… ഇന്നാളല്ലേ ഇതിലെ പോണതു കണ്ടത്?”

“ഇന്നിപ്പോ ശനിയാഴ്ചയല്ലേ? ചൊവ്വാഴ്ച കാലത്തു് ആയമ്മടെ കൂടെ കാവിലേക്കു് തൊഴാൻ പോയതാ. ദണ്ണം ഒന്നൂല്യായിരുന്നു. കുറേശ്ശ ഒരു ചൂടുണ്ടായിരുന്നു. ജലദോഷാച്ചിട്ടു സാരാക്കിയില്ല. കൊണ്ടുനടന്നു.”

“എങ്ങിനെ ഇരുന്ന മനുഷ്യനാ! എപ്പളാ മരിച്ചതു ചെട്ടിച്ച ്യാരേ?”

“ദേ വെളുപ്പാൻ കാലത്ത്. ഒറ്റ കുട്ടീല്യ, അവിടെ, അയമ്മേടെ ഒരു യോഗം. മരുന്നിനു് ഒരെണ്ണമുള്ളതു എങ്ങാണ്ടോ കെടക്ക്വല്ലെ? മമ്മാലിയും ചെറുമൻ ചങ്കരനുമുണ്ട് എന്തെങ്കിലും വിളിച്ചുപറയാൻ. ഞാൻ ഇങ്ങോട്ടു വരുമ്പോ അയലോക്കത്തുള്ളവരൊക്കെ കൂടുന്നുണ്ട്.”

“അവർക്കിനി ആരാള്ളത് ഈശ്വരാ? ആ കുട്ടിയെ വിവരം അറിയിച്ചില്ലേ ചെട്ടിച്ച ്യാരെ?”

“സാരല്യാച്ചിട്ട് ഇരിക്ക്യായിരുന്നൂന്നേ. എഴുതട്ടേന്ന് ചോദിച്ചപ്പോൾ അങ്ങോരന്ന്യാ സമ്മതിക്കാണ്ടിരുന്നേത്രേ. കുട്ടിയെ വിഷമിപ്പിക്കേണ്ടാന്നും വെച്ച്. ഇപ്പോ എല്ലാം കഴിഞ്ഞപ്പോ കമ്പി അടിച്ചിട്ടുണ്ടെന്നു പറേണതു കേട്ടു”.

പുറത്തെ വർത്തമാനം നിലച്ചു.

ഇതു സത്യമല്ല. അവർക്കു തെറ്റിയതാണു്. എന്തോ കേട്ടു വേറേയെന്തോ ധരിച്ചു പറയുകയാണു്.

പകുതി തോർത്തിയ തലമുടി കൂട്ടിപ്പിടിച്ചു് കെട്ടിയിട്ടു അവൾ മുണ്ടുതിരുമ്മുന്ന കല്ലിന്മേൽ കയറി കുത്തിയിരുന്നു.

സത്യമല്ല; സത്യമാവാൻ വഴിയില്ല.

കൊച്ചച്ഛൻ മരിക്കുകയോ? വേറേയാരെങ്കിലുമാണെന്നുപറഞ്ഞാൽ വിശ്വസിക്കാം.

കൊച്ചച്ഛൻ…

ആ ശക്തിയുള്ള ദേഹവും അതിനുള്ളിലെ ശക്തിയുള്ള മനസ്സും… പരിചയപ്പെട്ടിട്ടുള്ള മനുഷ്യരെല്ലാവരേയുംകാൾ കൂടുതൽ ജീവനുള്ളതായി തോന്നിയിട്ടുള്ളതു കൊച്ചച്ഛനാണു്.

ആ ചൈതന്യം മുഴുവൻ കെട്ടു എന്നോ? ഇത്ര പെട്ടെന്നു്.

അതു സംഭവിക്ക വയ്യ.

തുവർത്താത്ത ദേഹവും വെള്ളം ഇറ്റിറ്റു വീഴുന്ന തലമുടിയുമായി ആ കല്ലിന്മേൽ ഏറെനേരം അവൾ ഇരുന്നു.

പുറത്തു വാതിലിന്മേൽ ആരോ മുട്ടി ശബ്ദമുണ്ടാക്കി.

“നെന്റെ കുളി ഇനീം കഴിഞ്ഞില്ലേ, മണി? അച്ഛൻ തൊടീലേക്കു പോയിരിക്ക്യാണ്. വരുമ്പോഴേക്കും കുളിമുറി ഒഴിഞ്ഞുകൊടുക്കണ്ടേ?”

അവൾ എഴുന്നേറ്റു.

അച്ഛനു കാലത്തേ കുളിയുള്ളതാണു്.

അവൾ ധൃതിയിൽ കച്ചമുണ്ടു് ഒലുമ്പിയെടുത്തു.

ഈറൻ മാറാൻ കൊണ്ടുവന്നിട്ടില്ല. മുക്കിയിട്ട പാവാടയും ഒക്കെത്തന്നെ ഉടുത്തു് അവൾ വേഗം പുറത്തേക്കിറങ്ങി.

“ഇങ്ങിനെയൊരു കുളിയുണ്ടോ” ചെറിയമ്മ ഇറയത്തുതന്നെ നിൽപ്പുണ്ടു്.

“ഇനിപ്പോ അതിലുവെള്ളം ഒറ്റത്തുള്ളി ഉണ്ടാവില്ല്യ”.

അവർ വെള്ളം കോരിയൊഴിക്കാൻ കയറി.

അവൾ ഒന്നും സമാധാനം പറയാൻ നിൽക്കാതെ തളത്തിൽ അഴയിൽ മടക്കിയിട്ടിരുന്ന പാവാടയും മറ്റും എടുത്തു അകത്തേക്കു പോയി. ധൃതിയിൽ ഈറൻ മാറ്റി തല പകുത്തു അങ്ങിനെത്തന്നെ പിന്നാക്കമിട്ടു. തുമ്പു പിടിച്ചു ഒരു കെട്ടു കെട്ടി.

മുറ്റത്തെ അഴയിൽ ഈറൻ തോരയിട്ടുകൊണ്ടു് നിൽക്കുമ്പോൾ അച്ഛൻ അതിലെ വടക്കേപ്പുറത്തേക്കു കടന്നു പോയി. കുളിയ്ക്കാൻ പോവുകയാണോ? എന്നാൽ രക്ഷയുണ്ടു്.

കോലായിൽ പല്ലുതേക്കാൻ ഉമിക്കരിയും വെള്ളവും കൊണ്ടു വെയ്ക്കുന്നിടത്തു് അവൾ ചെന്നുനോക്കി. കിണ്ടി ഒഴിഞ്ഞിരിക്കുന്നു. മുറ്റത്തു വെള്ളവുമുണ്ടു്. അപ്പോൾ കുളിക്കാൻതന്നെയാണു്. പല്ലുതേച്ചു കഴിഞ്ഞു. ഇനി കുറച്ചുനേരം പിടിക്കും.

ആ സമയംകൊണ്ടു അങ്ങെത്താം.

അവൾ ചുറ്റുമൊക്കെ ഒന്നു നോക്കി.

പതുക്കെ പടിയിറങ്ങി. ശബ്ദമുണ്ടാക്കാതെ നടന്നു. പാടത്തു അവിടേയും ഇവിടേയും ഓരോ മനുഷ്യരുണ്ടു്. എന്തു ദൂരം. നടന്നിട്ടും നീങ്ങുന്നില്ല.

കുളിച്ചു് ഈറനുടുത്ത ഒരു സ്ത്രീ എതിരെ വന്നു. വീതി കുറഞ്ഞ വരമ്പത്തുകൂടി അവർക്കു പോകാൻ നിന്നുകൊടുക്കേണ്ടി വന്നു.

ഇവർക്കു് ഇപ്പൊഴേ ഒരു സമയം കണ്ടുള്ളോ?

ഒരുവിധം പാടം കഴിഞ്ഞു. അവൾ കടമ്പ കയറിമറിഞ്ഞു മുറ്റത്തിറങ്ങി.

നിറച്ചു് ആളുണ്ടു്.

അവർ പറഞ്ഞതു വാസ്തവമാണോ?

മനുഷ്യർ ഒച്ച പൊക്കാതെ കുശുകുശുക്കുന്നു.

അവൾ അകത്തേക്കു കയറി. അവിടം നിശ്ശബ്ദമാണു്. ഒരനക്കമില്ല.

കിഴക്കെ അകത്തുനിന്നു പലെക്കളത്തിലെ ദേവകിമിസ്റ്റ്രസ് ഇറങ്ങിവന്നു. അവളെ കണ്ടു് ഒന്നു തുറിച്ചു നോക്കി കടന്നുപോയി.

അവൾ വാതിൽക്കൽ ചെന്നുനിന്നു.

അഞ്ചെട്ടുപേരുണ്ടു് അകത്തു്. ഒരു മൂലയിൽ ചുമരും ചാരി നിൽക്കുകയാണു് ചെറിയമ്മ.

ആർക്കെങ്കിലും അവരെ ഒന്നു പിടിച്ചു ഇരുത്തിക്കൂടെ?

കവിളത്തു നനവിന്റെ പാടു് ഉണങ്ങിയിട്ടില്ല. പക്ഷേ, കരയുകയായിരുന്നില്ല.

ഉടലെടുത്ത നിസ്സഹായത, അനങ്ങാതെ, മിണ്ടാതെ മുറിയുടെ മൂലയിൽ നിൽക്കുകയാണു് അവർ.

ഓ, അവർക്കിതെന്തിനു വന്നു? ആ പാവംപിടിച്ച സ്ത്രീയെക്കൊണ്ടു ഇതു സഹിക്കാനാവുമോ?

എന്താണു് സംഭവിച്ചതെന്നു് അവർക്കു മുഴുവൻ മനസ്സിലായിട്ടില്ലേ? താങ്ങായിരുന്ന ശക്തിയുള്ള കൈകൾ വഴുതിപ്പോയി എന്നു്…

പിന്നിൽക്കൂടി ആരോ വന്നു. ദേവകിമിസ്റ്റ്രസ്സാണു്. അവരുടെകൂടെ അവളും അകത്തുകടന്നു. അടുത്തായപ്പോഴെ അമ്മുചെറിയമ്മ കണ്ടുള്ളു. രണ്ടു കൈകൊണ്ടു് അവളെ അണച്ചുപിടിച്ചു. ആ ശോഷിച്ച ദേഹത്തു് മുഖം ചേർത്തു് അവൾ നിന്നു. ചൂടുള്ള കണ്ണുനീർ പുറത്തു് ഇറ്റിറ്റുവീണു.

“എന്റെ കുട്ടി വന്നില്ല അമ്മൂ. എന്റെ കുട്ടി വന്നില്ല”.

ആ ഏങ്ങലടികൾ സഹിക്കവയ്യെന്നു തോന്നി.

“അമ്മു, മണി, എന്റെ മോൻ…”

മകൻ… ഈ ഒരു വാക്കുമാത്രം തേങ്ങലിനിടയിൽ തിരിച്ചു കേൾക്കാം.

കരഞ്ഞു കരഞ്ഞു് അവർ തളരുംവരെ അവൾ താങ്ങിനിന്നു.

അവസാനം ഒരു വിധം നിലത്തുപിടിച്ചിരുത്തി. അവർ അവിടെ ചുരുണ്ടു വീണു. തല മടിയിൽ വെച്ചു് അവളും അടുത്തിരുന്നു.

കുറെ മയങ്ങിക്കിടക്കും. പിന്നെ പെട്ടെന്നു് ഓർമ്മ വന്നതുപോലെ ഞെട്ടിത്തേങ്ങൽ. ഇതുതന്നെ ഇടവിട്ടിടവിട്ടു്. വാതിൽക്കൽ ആരോ വന്നുനിന്നു. ഒഴിഞ്ഞുമാറി. സ്ത്രീകൾ വഴികൊടുത്തു.

അപ്പേട്ടന്റെ കൃഷ്ണൻകുട്ടിയേട്ടൻ. കൊച്ചച്ഛന്റെ മരുമകൻ.

അദ്ദേഹം അടുത്തു വന്നുനിന്നു വിളിച്ചു.

“അമ്മായി.”

ചെറിയമ്മ തലപൊക്കിയെഴുന്നേറ്റു.

“അമ്മായി, അപ്പയ്ക്കു് കമ്പി അടിച്ചിട്ടുണ്ടു്. അതു മതിയോ ആളു പോണോ?”

“ആള് പോണം.”

“ശരി, ഇപ്പോൾത്തന്നെ പറഞ്ഞയക്കാം.”

അദ്ദേഹം തിരിച്ചുപോയി.

ചെറിയമ്മ പിന്നെയും കിടന്നു.

സമയം കടന്നുപോയി. ഉച്ചയായി.

മുറിയിലെ സ്ത്രീകൾ ചിലർ പോയി. വേറെ ചിലർ പകരം വന്നു.

ഇത്രയും ആൾ കൂടിയയിടത്തു് ഇങ്ങിനത്തെ നിശ്ശബ്ദത അസഹ്യമായിത്തോന്നി.

കൊച്ചച്ഛന്റെ അനിയത്തി കയറിവന്നു. അപ്പോൾ എത്തിയതേ ഉള്ളായിരിക്കണം അവർ.

അവർ ചെറിയമ്മയുടെ അടുത്തു തലയ്ക്കൽ വന്നിരുന്നു. രണ്ടുപേരും കൂടി കെട്ടിപ്പിടിച്ചു കരച്ചിലായി.

അവൾ പതുക്കെ എഴുന്നേറ്റു. പുറത്തേയ്ക്കു കടന്നു.

ആളൊഴിഞ്ഞ ഇടനാഴിയിൽക്കൂടി അവൾ കൊച്ചച്ഛൻ പനിപിടിച്ചുകിടന്നിരുന്ന മുറിയുടെ വാതിൽക്കൽ ചെന്നുനിന്നു.

വാതിൽ ചാരിയിട്ടുണ്ടു്.

തുറക്കാമോ?

അവൾ സംശയിച്ചുനിന്നു.

ഒന്നു കാണണം. കണ്ടേ മതിയാവൂ.

അവൾ ശബ്ദം കേൾപ്പിക്കാതെ പതുക്കെ വാതിൽ തുറന്നു.

വെറും നിലത്തു നീണ്ടുകിടക്കുകയാണു്. ദേഹം വെളുത്ത മുണ്ടിട്ടു മൂടിയിരിക്കുന്നു. കാൽക്കലും തലയ്ക്കലും തേങ്ങാ മുറിയിൽ കിഴികെട്ടിയിട്ടു കത്തിച്ചുവെച്ചിട്ടുണ്ടു്.

മിനിഞ്ഞാന്നു വൈകുന്നേരം വർത്തമാനം പറഞ്ഞുകൊണ്ടു കിടന്ന ആൾ…

അവൾ പതുക്കെ അടുത്തുചെന്നുനിന്നു. യാതൊരു വൈകൃതവുമില്ല. പ്രശാന്തമായിരിക്കുന്നു. “കൊച്ചച്ഛാ.” അവൾ താണ ഒച്ചയിൽ വിളിച്ചു. “കൊച്ചച്ഛാ.” കണ്ണു തുറന്നില്ല. മുഖം മുഴുവൻ തെളിയിക്കുന്ന പുഞ്ചിരിയും വന്നില്ല. ആ മുഖത്തുനിന്നു കണ്ണെടുക്കാതെ അവൾ അവിടെത്തന്നെ നിന്നു… വാതില്ക്കൽ സംസാരംകേട്ടാണു് തിരിഞ്ഞുനോക്കിയതു്.

നേരംകുറെ ആയിക്കാണണം. രണ്ടുമൂന്നുപേർ അകത്തേയ്ക്കു കടന്നുവന്നു.

“അയ്യോ, ഈ കുട്ടി ഇതിന്റെ അകത്തു എന്താ കാട്ടുന്നതു്?” അവളെ തനിച്ചു് അവിടെ കണ്ടു് അവർ അമ്പരന്നു പോയി.

അവൾ ഒന്നും പറയാതെ പുറത്തേയ്ക്കുപോന്നു. പൂമുഖത്തു തിരക്കാണു്. ഓരോരുത്തർ ഓരോ സാധനവുംകൊണ്ടു് ധൃതിയിൽ നടക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല.

നാലാളുകൂടി കൊച്ചച്ഛനെ താങ്ങി പൂമഖത്തേയ്ക്കു കൊണ്ടുപോയി.

അപ്പോൾ അപ്പേട്ടനെ കാക്കുന്നില്ല. വിളിക്കാൻ പോയ ആൾ തിരിച്ചുവരാൻ സമയമായോ?

എന്തൊക്കെയോ ക്രിയകൾ നടന്നു. അമ്മൂമ്മ മരിച്ചപ്പോൾ കണ്ടതാണു് ഈ ചടങ്ങെല്ലാം.

കൊച്ചച്ഛനെ തുന്നിക്കെട്ടുന്നതു നോക്കിനിൽക്കാൻ വയ്യ. അവസാനം ഒരിക്കൽക്കൂടി പൊക്കിയെടുത്തു.

മൂടിക്കെട്ടിയ തിരിച്ചറിയാൻവയ്യാത്ത സാധനം. കൃഷ്ണൻകുട്ടിയേട്ടനാണു തലയ്ക്കൽ. മരുമകൻ. ഒറ്റമകൻ സ്ഥലത്തുണ്ടായില്ല.

ആ മകൻ വരുമ്പോൾ…

ആൾക്കൂട്ടം ചുമടുമായി തെക്കെ തൊടിയിലേയ്ക്കു കയറി.

അവൾ പൂമുഖത്തേക്കിറങ്ങി നോക്കിനിന്നു.

പതുക്കെപ്പതുക്കെ കറുത്ത പുകച്ചുരുൾ മരങ്ങൾക്കുമിതെക്കൂടി പൊങ്ങിവന്നു.

തീർന്നു; എല്ലാം തീർന്നു. അവൾ അകത്തേയ്ക്കുപോയി.

ഒരു വലിയ നിലവിളി കഴിഞ്ഞു് അമ്മുച്ചെറിയമ്മ തളർന്നുകിടക്കുകയാണു്. കൊച്ചച്ഛന്റെ അനിയത്തിമാത്രം അടുത്തിരുപ്പുണ്ടു്. മറ്റവരൊക്കെ അവിടെയും ഇവിടെയും ആയി നിൽക്കുകയാണു്. എല്ലാവരുടേയും കണ്ണു് തെക്കേ തൊടിയിലേക്കുള്ള ജനാലക്കൽ ആണു്.

സമയം ഞെരങ്ങിഞെരങ്ങി നീങ്ങി. തൊടിയിൽ നിന്നു് ഓരോരുത്തർ കയറിവന്നുതുടങ്ങി.

ആരോ ഉറക്കെ സംസാരിക്കുന്നതുകേട്ടു. തുടർന്നു് ഒരു ചിരിയും…

അപ്പോൾ, അന്തരീക്ഷത്തിനുണ്ടായിരുന്ന ഘനം പോയി. അറിയാൻ വയ്യാത്തതിലേയ്ക്കുള്ള ആ യാത്രയ്ക്കും അത്രയ്ക്കുള്ള വിലയേ ഉള്ളൂ. ‘അതു്’ അങ്ങിനെ അകത്തു കിടക്കുമ്പോൾ ഒരു ഭാരം. അത്രതന്നെ. കരിച്ചു ചാമ്പലാക്കിയില്ലേ? ഇനി ചിരിക്കാം.

അകത്തുനിന്നവരുടെ മുഖത്തുകൂടിയുണ്ടു് ചെയ്യാനുള്ളതൊക്കെ ചെയ്തുകഴിഞ്ഞു എന്നൊരു ഭാവം.

ഇത്രയും നേരം കാത്തു. ഇനി ഞങ്ങൾ ഞങ്ങളുടെ പണിക്കു പൊയ്ക്കോട്ടെ എന്നൊരു മട്ടു്.

അവർ ഓരോരുത്തരായി പോകും, ആ പാവം മാത്രമാകും ഒറ്റയ്ക്കു്. ദേ, ദേവകിമിസ്റ്റ്രസ് അനങ്ങുന്നുണ്ടു്. പുറപ്പാടാണു്.

അമ്മുച്ചെറിയമ്മ ചുമരിന്റെ നേരെ തിരിഞ്ഞുകിടക്കുകയാണു്. കൊച്ചച്ഛന്റെ അനിയത്തിയുടെ അടുത്താണു് യാത്ര ചോദിപ്പു്; “ഞാനൊന്നങ്ങട്ട് നിക്കട്ടെ, മീനാക്ഷിയമ്മേ. നിങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ. ഒരുപാടു തിരക്കുണ്ടു വീട്ടില്. ഏടത്തിയ്ക്കു തൊട്ടുകൂട. അടുപ്പിന്റെ മൂട്ടിലുപോയാൽ അപ്പോ എളകും അമ്മയ്ക്കു ചൊമ. ഞാനൊന്നു ചെല്ലട്ടെ.” അവർ സമാധാനമായി തല കുലുക്കുക മാത്രം ചെയ്തു. മിസ്ട്രസ്സ് ഇറങ്ങി.

പിന്നാലെ പതുക്കെപ്പതുക്കെ വേറെയും ഒന്നുരണ്ടു പേർ.

അവൾ ജനാലയ്ക്കൽ പുറത്തേയ്ക്കു നോക്കിനിന്നു.

നേരം കുറെയായി. നല്ലവണ്ണം വെയിലാറി.

മുറിയിലേക്കു ആരോ കയറിവന്നു. ശബ്ദംകേട്ടു് അവൾ തിരിഞ്ഞുനോക്കി.

ചെറിയമ്മ…

വീട്ടിൽനിന്നു്.

അവളെ വിളിക്കാൻ വന്നതാണോ? അതോ ദുഃഖം അന്വേഷിച്ചോ?

അവർ വന്നു നിലത്തിരുന്നു. അമ്മുച്ചെറിയമ്മ കണ്ടില്ല. തല പൊക്കിയതേയില്ല.

കൊച്ചച്ഛന്റെ അനിയത്തിയും ചെറിയമ്മയും മുഖത്തോടുമുഖം നോക്കി മിണ്ടാതെ ഇരുന്നു.

പതുക്കെപ്പതുക്കെ ഓരോരുത്തരായി സ്ത്രീകൾ എല്ലാവരും പറഞ്ഞു പോയി. അവർ നാലുപേർ മാത്രമായി മുറിയിൽ.

അവസാനം ചെറിയമ്മയും എഴുന്നേറ്റു.

“മണീ, പോകാം.”

അവൾ തല കുലുക്കി.

“മീനാക്ഷിയോടു് ഒരു കാര്യം ചോദിക്കട്ടെ. ഒന്നിങ്ങട്ടു വരൂ.” വാതിക്കലോളം ചെന്നു ചെറിയമ്മ പറഞ്ഞു.

മീനാക്ഷിയമ്മ എഴുന്നേറ്റു് ഇടനാഴിയിലേക്കു വന്നു.

“എന്തേ മീനാക്ഷി, കുട്ടി വരാഞ്ഞതു്? അവനെ അറിയിച്ചില്ലേ?”

“ഉവ്വു്. കമ്പി അടിച്ചതു പോരാഞ്ഞിട്ടു് പിന്നാലെ ആള് കാറും കൊണ്ടു പോയി. അവനവിടെ ഇല്ല്യാത്രേ. കോളേജീന്നു് എങ്ങാണ്ടോ കൊണ്ടുപോയിരിക്ക്യാണു്. നാളെയോ മറ്റന്നാളൊറ്റെ മടങ്ങേള്ളൂ. എവിടെയാണു് താമസന്നൊന്നും ആർക്കും ഒരു പിടില്ല്യ. തലേലെഴുത്തേ. അല്ലാണ്ടെന്താ. ആകപ്പാടെ ഒരെണ്ണംള്ളതിനു തലയ്ക്കൽ പിടിക്കാൻ കൂടി പറ്റീല്ല്യ. അതിനി ഇവടെ എത്തുമ്പോ എന്തായിരിക്കും എന്റെ ദേവി? എങ്ങിനെ സഹിക്കും?”

അന്നു വന്നപ്പോൾ കൊച്ചച്ഛൻ പറഞ്ഞു. അപ്പേട്ടൻ പോകുന്നുണ്ടെന്നു്. വിനോദയാത്രയ്ക്കു പോയിരിക്കുന്നു. ആ സമയത്തുതന്നെ…

ചെറിയമ്മ എന്തൊക്കെയോ പറയുന്നുണ്ടു്. സാധാരണ വേദാന്തം.

“യോഗം. ഇങ്ങനെ വരൂന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ? സഹിക്ക്യല്ലാണ്ടെ എന്താ നിവൃത്തി?”

മറ്റവർ ഒന്നും പറഞ്ഞില്ല.

“വല്ല പാലോറ്റെ എങ്ങിനെങ്കിലും കൊറച്ചു കുടിപ്പിക്കണം, മീനാക്ഷീ. എന്തെങ്കിലും ഇത്തിരി ഉള്ളിലായില്ലെങ്കിൽ… ആ കുട്ടി വന്നാൽ അവർക്ക് അതെങ്കിലും ഒരു സമാധാനായേനേ.”

“ഞങ്ങള് നിക്കട്ടെ. മീനാക്ഷി”. കുറച്ചുനേരം മിണ്ടാതെനിന്നു ചെറിയമ്മ പിന്നെയും പറഞ്ഞു: “മീനാക്ഷിടെ മകനെ കണ്ടു, വരുമ്പോൾ—ആള് വലുതായി—എന്നാൽ നിൽക്കട്ടെ…”

പതിമൂന്നു്

ഞായറാഴ്ചയാണു്. അച്ഛൻ വീട്ടിൽത്തന്നെ ഉണ്ടു്. രാവിലെ മുതൽ ഉമ്മറത്തു് ഇരിപ്പാണു്. പുറത്തേയ്ക്കൊന്നിറങ്ങണമെങ്കിൽ യാതൊരു നിവൃത്തിയുമില്ല. അമ്മുച്ചെറിയമ്മ എന്തു ചെയ്യുകയായിരിക്കും? അപ്പേട്ടൻ എത്തിയോ? ഒന്നു പോകാൻ പറ്റാത്തതു്—തലേന്നുതന്നെ ചെറിയമ്മ പാടത്തുവെച്ചു് ഒരു പ്രസംഗമൊക്കെ നടത്തിയതാണു്. ചോദിക്കാതെ ഓടിപ്പോയതിനു്. ചോദിച്ചാൽ അവർ വിടുമോ? അച്ഛനെ അറിയിക്കാതെ അവളെ തിരിച്ചു വിളിച്ചുകൊണ്ടുവരാൻ ആയിരുന്നെന്നു തോന്നുന്നു വാസ്തവത്തിൽ ഇന്നലെ വന്നതു്. അവരാണു് അനുവാദം ചോദിച്ചാൽ അയയ്ക്കാൻ പോകുന്നതു്.

നേരം സന്ധ്യയാകുന്നതുവരെ അച്ഛൻ എങ്ങും പോയില്ല. വിളക്കു കത്തിച്ചു് ഇരുട്ടായപ്പോഴാണു് ഒന്നു നടക്കാനിറങ്ങിയതു്. ഇനി അവിടംവരെ പോകാൻ പറ്റില്ല.

വീട്ടിനകത്തു് ഇരുന്നിട്ടു് ഇരിപ്പുറയ്ക്കാതെയായി.

കീഴ്പോട്ടുനോക്കിയാൽ പള്ള്യാലാണു കാണുക. ഈ നേരത്താണു് എന്നും കൊച്ചച്ഛൻ വരാറ്.

അവൾ പിന്നിലെ പടിതുറന്നു കുന്നിൻപുറത്തേയ്ക്കു കയറി.

സൂര്യന്റെ അവസാനത്തെ രശ്മിയും പോയ്ക്കഴിഞ്ഞു.

ഇരുട്ടത്തു് അവ്യക്തമായി കാണാവുന്ന മലകളുടെ രേഖ നോക്കി അവൾ അനങ്ങാതെ നിന്നു…

തിങ്കളാഴ്ച സ്ക്കൂൾ വിട്ടുവരുന്ന വഴിക്കു് അറിഞ്ഞു. അപ്പേട്ടൻ എത്തിയെന്നു്. കാലത്തെ വന്നു. മമ്മാലിയാണു പറഞ്ഞതു് അയാളെ വഴിയിൽവെച്ചു കണ്ടു.

അവൾ അന്നു വീട്ടിൽ പോകാതെ നേരെ അങ്ങോട്ടു നടന്നു.

പൂമുഖത്തിന്റെ തൊട്ട മുറിയാണു് അപ്പേട്ടന്റെതു്. കട്ടിലിന്മേൽ ഏട്ടൻ കമിഴ്‌ന്നു കിടക്കുന്നുണ്ടു്. അടുത്തുചെന്നിട്ടും അറിഞ്ഞില്ല. അവൾ പതുക്കെയൊന്നു ചുമച്ചു. അപ്പൊഴും തല പൊക്കിയില്ല. കട്ടിലിന്റെ അടുത്തേയ്ക്കു നീങ്ങിനിന്നു് അവൾ വിളിച്ചു:

“അപ്പേട്ടാ.”

“മണി.” ഉള്ളു പൊട്ടിവരുന്നതുപോലെ തോന്നി ആ വിളി. നെഞ്ഞു് കലങ്ങുന്ന തേങ്ങലുകൾ.

അവൾ കട്ടിലിനുതൊട്ടു നിലത്തു് മുട്ടുകുത്തിനിന്നു.

അപ്പേട്ടൻ കിടന്നകിടപ്പിൽത്തന്നെ തപ്പി അവളുടെ കൈ മുറുകെ പിടിച്ചു.

കണ്ണുനീരിന്റെ നനവില്ലാതെ ഉള്ളുതകർന്നുവരുന്ന തേങ്ങലുകൾ.

“അപ്പേട്ടാ… അപ്പേട്ടാ.” അവൾ പതുക്കെ വിളിച്ചു.

“ഇനി നീ മാത്രമേയുള്ളു എനിക്കു്. നീയല്ലാതെ ആരുമില്ല മണി.” തേങ്ങലിനിടയിൽ ശബ്ദം തപ്പിത്തടഞ്ഞു വന്നു.

“ഞാനുണ്ട് അപ്പേട്ടാ. ഏട്ടന് ഞാനുണ്ടല്ലോ.”

കൈയിലെ പിടുത്തം മുറുകുക മാത്രം ചെയ്തു.

അമ്മുച്ചെറിയമ്മ വാതിൽക്കൽ വന്നു നിന്നു.

അവൾ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ വേണ്ടെന്നു് അവർ ആംഗ്യം കാട്ടി. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവർ അവിടെത്തന്നെ നിന്നു. മകൻ കിടന്നു തേങ്ങി.

അകത്തു് ആരുടെയോ ശബ്ദം കേട്ടു ചെറിയമ്മ പോയി. ദുഃഖം അന്വേഷിച്ചുവന്നവരായിരിക്കും…

ആ വരണ്ട കലമ്പുന്ന തേങ്ങൽ സഹിക്കവയ്യ.

പുരുഷന്മാർ കരയുന്നതു അവൾ കണ്ടിട്ടില്ല.

എന്താണു പറയേണ്ടതു്.

സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതുതന്നെ പാപമാണെന്നു തോന്നി.

അവൾ മിണ്ടാതെ അനങ്ങാതെ ആ നിലത്തു മുട്ടുകുത്തി നിന്നു.

എത്രനേരമായി എന്നറിഞ്ഞുകൂടാ. മുറിക്കകം നല്ല ഇരുട്ടായി. അവസാനം ആ വല്ലാത്ത തേങ്ങൽ നിന്നു.

“അപ്പേട്ടാ.” അവൾ ഒരിക്കൽക്കൂടി വിളിച്ചു.

“മണീ. നീ എന്നെ വിട്ടുപോവല്ലെ. പോവരുത്. എനിക്കതു സഹിക്കാനാവില്ല.”

“ഞാൻ പോവില്ല അപ്പേട്ടാ.”

ചെറിയമ്മ ഒരു ഗ്ലാസ്സും കൊണ്ടു കടന്നുവന്നു.

“ജലപാനം കഴിച്ചിട്ടില്ല ഇന്ന്. ഇതൊന്നു കുടിക്കാൻ പറയൂ, അമ്മൂ.”

അവൾ എഴുന്നേറ്റു. ഒരേ രീതിക്കു് ഇത്ര വളരെ സമയം നിന്നു മുട്ടിനു താഴെ മുഴുവൻ മരവിച്ചു.

“മോനെ ഇതൊന്നു കുടിച്ചിട്ടു കിടക്ക്. പച്ചവെള്ളം കുടിക്കാത്തതല്ലേ ഇന്ന്”. അവർ ഗ്ലാസ്സുംകൊണ്ടു കട്ടിലിൽ ഇരുന്നു.

“വെള്ളം കുടിക്കാത്തതുകൊണ്ടൊന്നും ചാവില്ല അമ്മേ. അമ്മേടെ മോൻ. ഗുരുത്വമുള്ളവർക്കേ അതൊക്കെയുള്ളൂ. അച്ഛൻ മരിക്കാൻ കിടക്കു മ്പോൾ…” അവസാനിച്ചു. അതുവരെയേ ആയുള്ളു. തേങ്ങലിൽ.

അമ്മ മകന്റെ കാൽക്കലിരുന്നു ശബ്ദമില്ലാതെ കരഞ്ഞു.

അവൾ അവരുടെ കൈയിൽനിന്നു ഗ്ലാസ്സുവാങ്ങി മേശപ്പുറത്തുവെച്ചു.

ജോലിക്കു നിൽക്കുന്ന കുട്ടി—നാലുദിവസത്തേക്കു മീനാക്ഷിയമ്മ അയച്ചുകൊടുത്ത ആള്—വന്നു വല്ലതും കഴിക്കുന്നില്ലേ എന്നു ചോദിച്ചു.

“നീ പോയി കഴിക്കു മോളേ.” ചെറിയമ്മ മണിയുടെ നേർക്കു തിരിഞ്ഞു. മകനോടു് ഉണ്ണാൻ പറയാൻ അവർക്കു ധൈര്യമില്ല.

അവൾ വേണ്ട എന്നു കൈകൊണ്ടു കാട്ടി. പുറത്തേയ്ക്കു ചെന്നു കുട്ടിയോടു് വാതിലടച്ചു കിടന്നോളാൻ പറഞ്ഞു തിരിച്ചുവന്നു.

“നീയും പട്ടിണി കിടക്ക്വാണോ അമ്മൂ.” കരച്ചിലിനിടയിൽ അമ്മുച്ചെറിയമ്മ ചോദിച്ചു.

അവരുടെ കണ്ണുനീരു് ഇനിയും തീർന്നില്ലേ?

അപ്പേട്ടൻ തളർന്നു മയങ്ങി.

ചെറിയമ്മയും അവളും കൂടി താഴെ നിലത്തുകിടന്നു. അവളെ കെട്ടിപ്പിടിച്ചു് അവരും കണ്ണടച്ചു.

അപ്പേട്ടൻ മയക്കത്തിൽ ഞെരങ്ങിക്കൊണ്ടിരുന്നു. എന്തൊക്കെയോ വ്യക്തമല്ലാതെ പറയുകയും. ഇടയ്ക്കിടയ്ക്കു ഞെട്ടി ഉണരും. ഉടനെ വിളിക്കും: “മണീ.”

അവൾ വിളി കേട്ടാൽ പിന്നെ ഒന്നും പറയില്ല.

ഒന്നുകൂടി മയങ്ങുന്നതുവരെ തിരിഞ്ഞും മറിഞ്ഞും കിടക്കുക. ഇതുതന്നെ തുടർന്നു, നേരം വെളുക്കുന്നതുവരെ.

മകൻ ഉണരുമ്പോൾ ഒക്കെ അമ്മയും ഉണരും. അവർ ഒന്നും മിണ്ടിയില്ലെങ്കിലും ഉണർന്നു എന്നു് അവൾക്കറിയാം.

നേരം വെളുത്തുതുടങ്ങിയപ്പോൾ അവൾ എഴുന്നേറ്റു. രണ്ടുപേരും മയങ്ങികിടക്കുകയാണു്.

തലേ ദിവസത്തെ പാലു് ഒരു പ്രാണി വീണു ചത്തു് അതേപടി മേശപ്പുറത്തിരിക്കുന്നു.

മൂലയിൽ റാന്തൽ അപ്പോഴും കത്തുന്നുണ്ടു്. അവൾ തിരിതാഴ്ത്തി കെടുത്തി.

ജനലിൽക്കൂടി ഇളവെയിൽ ചിരിച്ചുകൊണ്ടു് കടന്നുവന്നു.

അവൾ ശബ്ദമൊന്നുമുണ്ടാക്കാതെ പതുക്കെ പുറത്തേയ്ക്കു പോന്നു.

തെക്കെ തൊടിയിൽ ദഹിപ്പിച്ച സ്ഥലം ഒന്നുപോയി നോക്കണം എന്നു തോന്നി.

അവൾ മുറ്റത്തേയ്ക്കിറങ്ങി.

കടമ്പകേറിക്കടന്നു ഗോപുവുണ്ടു വരുന്നു.

അവിടെ വഴക്കായിട്ടുണ്ടു്…

“ഇപ്പോത്തന്നെ അങ്ങട് ചെല്ലാൻ പറഞ്ഞു.”

“അച്ഛനുണ്ടോ അവിടെ, ഗോപു?”

“ഉവ്വ്. ഇന്നലെ രാത്രിതന്നെ വന്നു.”

“ഞാൻ ദേ വരുന്നു. അമ്മുച്ചെറേമയോട് ഒന്നു പറയട്ടെ.”

“ഞാനും വരാം. അപ്പേട്ടനും ഇല്ലേ അകത്ത്?”

അവർ ചെന്നപ്പോഴേയ്ക്കും ചെറിയമ്മ എഴുന്നേറ്റു പോയിക്കഴിഞ്ഞിരുന്നു.

അപ്പേട്ടൻ ഉണർന്നു് കണ്ണുമിഴിച്ചുകിടക്കുകയാണു്.

വാതിൽക്കലേയ്ക്കു ഒന്നുനോക്കി. ഗോപുവിനെ കണ്ട ഉടൻ കാര്യം മനസ്സിലായി എന്നു തോന്നി. മുഖം ഒന്നുകൂടി വല്ലാതായി.

“അപ്പേട്ടാ, ഗോപു എന്നെ വിളിച്ചുകൊണ്ടുപോകാൻ വന്നിരിക്കുകയാണ്. ഞാൻ പോകട്ടെ.”

ഒന്നും മിണ്ടിയില്ല. തിരിയുകകൂടി ചെയ്തില്ല. കുറച്ചുനേരം കാത്തുനിന്നു് അവൾ പുറത്തേയ്ക്കു പോന്നു.

ചെറിയമ്മ അടുക്കളയിലാണു്.

“ദാ, തെളച്ചുതൊടങ്ങി. ഒരു ഗ്ലാസ്സ്കാപ്പിയെങ്കിലും കുടിച്ചിട്ടു പോകാം അമ്മൂ. ഇന്നലെ അത്താഴപ്പഷ്ണിയല്ലേ?” അവർക്കും പറയാതെ തന്നെ കാര്യം മനസ്സിലായി.

“വേണ്ട ചെറേമേ. പല്ലുതേപ്പും ഒന്നും ആയില്ല്യ. വേഗം അങ്ങോട്ടു ചെല്ലട്ടെ.”

“അപ്പൂ. നീയ്യ് ഓപ്പോളെ വിളിക്കാൻ വര്വേ?” അവർ അവളെ പിന്നെ നിർബന്ധിച്ചില്ല. ഗോപു ഒന്നും മിണ്ടിയില്ല. “എന്നാ പോവിൻ. നിക്കണ്ട. കുട്ട്യോൾക്കു കൂടി കഷ്ടപ്പാടായി.”

ഗോപുവിന്റെ പിന്നാലെ അവൾ ഇറങ്ങി.

പൂമുഖത്തു് അച്ഛൻ ഇരിക്കുന്നുണ്ടു്. അതിലെ കയറാതെ അവൾ അടുക്കള ഉമ്മറത്തുകൂടി ചുറ്റിപ്പോയി.

അടുക്കളത്തളത്തിൽ ചെറിയമ്മ നാളികേരം ചിരകുന്നു.

“എവിടെയായിരുന്നു മണി നീയ്യ് ഇന്നലെ?” കണ്ട ഉടനെ തുടങ്ങി.

“അമ്മുചെറിയമ്മയുടെ അടുത്ത്.”

“അവിടെ ഇപ്പോ എന്തേ നിനക്കു പോവാൻ ഉണ്ടായത്? മരിച്ചിട്ടു ഇന്നേയ്ക്കു നാലായി. ഇനി എന്താത്രേ അവിടെ? സ്കൂളിലു പോയ പെണ്ണ് മിണ്ടുകയും പറയുകയും ചെയ്യാതെ അങ്ങട് പോവുക. പിന്നെ തിരിച്ചുവരണ്ട. എവിടെയാണെന്നുവെച്ചാ തെരയണത്? എന്തിനാത്രേ ഇവള് ഇന്നലെ പോയിരുന്നത്?”

“അപ്പേട്ടൻ വന്നു.” മറുപടി പറയണമെന്നു വിചാരിച്ചിരുന്നതല്ല. പറഞ്ഞുപോയി.

“അതിനു നിനക്കെന്താ? ഇതു നല്ല കൂത്ത്. അവന്റെ അച്ഛൻ മരിച്ചു. അറിഞ്ഞപ്പോൾ അവൻ വന്നു. അതിന് നീയ്യ് ചെല്ലണതെന്തിനാ? സമാധാനിപ്പിക്കാൻ പോവ്വേ? നാട്ടിലുള്ള ആൺകുട്ടികളുടെ ഒക്കെ കരച്ചിലുമാറ്റാൻ നീ പോവ്വോ?”

പ്രസംഗം പിന്നെയും നീണ്ടുപോകുന്നതിനുമുമ്പു് ഗോപു കയറിവന്നു. ചെറിയമ്മയെ അച്ഛൻ വിളിക്കുന്നു.

അവൾ പല്ലുതേച്ചുവരുമ്പോൾ ചെറിയമ്മ തിരിച്ചെത്തി; ഇരുന്നു കാപ്പികൂട്ടുന്നു. അവളെക്കണ്ടു് അവർ ഇളക്കൽ നിർത്തി.

“മണീ, അച്ഛനെന്നെ എന്തിനാ വിളിച്ചതെന്നറിയാമോ?”

“ഇല്ല.”

“ഇനി നീ അവരുടെ വീട്ടിൽ പോവുകയോ അവനെ കാണുകയോ ചെയ്താൽ നിന്റെ പഠിത്തമൊക്കെ അതോടെ തീരും എന്നു പറയാനാണ് വിളിച്ചത്. നിന്നെ ഈ പടി പുറത്തേക്കിറങ്ങാൻ പിന്നെ സമ്മതിക്കില്ല എന്നു പറഞ്ഞു.”

അവൾ ഒന്നും മിണ്ടിയില്ല.

“നിനക്ക് കാര്യത്തിന്റെ ഗൌരവം മനസ്സിലായിട്ടില്ല. അച്ഛനു ദ്വേഷ്യം കൊണ്ടാണ് നിന്നോട് നേരെ പറയാണ്ട് എന്നെ വിളിച്ചുപറഞ്ഞത്. ഇത്തവണ നിന്റെ കളി കുറച്ചു കൂടിപ്പോയി. അന്നു പോയത് എങ്ങിനേം ആവട്ടെ എന്നു വിചാരിച്ചു ഞാൻ അറിയിക്കാതെ കഴിച്ചു. സന്ധ്യയാവണതിനുമുമ്പ് വിളിച്ചുകൊണ്ടുവന്നതുതന്നെ അതാണ്.”

“എന്തിന് അറിയിക്കാതെയിരുന്നു? പറഞ്ഞോളാമായിരുന്നില്ലേ അന്നുതന്നെ?”

പണ്ടും ചെറിയമ്മ വക്കാലത്തുപിടിക്കാൻ തുടങ്ങിയാൽ ശുണ്ഠിയാണു് വരാറ്.

അവർ അവളുടെ മുഖത്തുതന്നെ നോക്കിയിരുന്നു കുറച്ചുനേരം.

പിന്നെ കുനിഞ്ഞു പഞ്ചസാരപ്പാത്രം എടുത്തു.

അവൾ അകത്തേയ്ക്കു നടന്നു.

“ഞാൻ വിചാരിച്ചാൽ നീ നേരെയാവില്ല. എനിക്കറിയാം അത്.” വാതിൽക്കലോളം എത്തിയപ്പോൾ ചെറിയമ്മ പറഞ്ഞു.

അവൾ തിരിഞ്ഞുനോക്കിയില്ല.

നേരെയാവില്ലപോലും. ഇവരോടു നേരെയാക്കാൻ വരാൻ പറഞ്ഞോ വല്ലവരും?

പതിനാലു്

കടുത്ത പട്ടാളനിയമമാണു്. ചോദിയ്ക്കാതെ വീട്ടിൽ നിന്നു് ഇറങ്ങിക്കൂട. സ്കൂളിലേയ്ക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴും കൂടെ നിന്നോളണമെന്നാണു് ഗോപുവിനു കൽപന.

തോന്നുമ്പോഴൊക്കെ കുന്നിൻപുറത്തേയ്ക്കോട്ടവും നിന്നു. മൊട്ടപ്പറമ്പിൽ മനുഷ്യരു നടക്കുന്ന വഴിയിൽ നിൽക്കുന്നതു കണ്ടാൽ ഉടനെ അച്ഛനോടു് പറഞ്ഞു കൊടുക്കുമെന്നാണു് ചെറിയമ്മയുടെ താക്കീതു്.

സ്ക്കൂളിൽനിന്നുവന്നാൽ അകത്തു കയറി ഇരുന്നുകൊള്ളുക. ഇതുതന്നെ പരിപാടി.

പരീക്ഷ അടുത്തിരിക്കുകയാണു്. പഠിയ്ക്കാൻ ഒരുപാടുണ്ടു്. അവൾ കവിതയെഴുത്തും വായനയും ഒക്കെ നിർത്തി. പഠിത്തത്തോടു പഠിത്തം. എങ്ങിനെയെങ്കിലും ജയിയ്ക്കണം.

അപ്പേട്ടനും പരീക്ഷയാണു്.

എന്തുചെയ്യുകയാണോ ആവോ?

തിരിച്ചുപോയിട്ടില്ല. ഒരു ദിവസം മമ്മാലിയെ കണ്ടപ്പോൾ പറഞ്ഞു.

അവിടെ എങ്ങിനെ കഴിയുന്നു, പാവം?

അമ്മയും മകനും മുഖത്തോടുമുഖം നോക്കിയിരിക്കുകയാവും.

“മണീ, നീയല്ലാതെ എനിക്ക് ആരുമില്ല. എന്നെ വിട്ടു പോവല്ലേ… …”

കഷ്ടം, ഒന്നു പോയന്വേഷിക്കാൻ പറ്റുന്നില്ലല്ലോ?

ഗോപുവിനോടു പറഞ്ഞുനോക്കാമായിരുന്നു പോകാൻ. നല്ലനേരമാണെങ്കിൽ കേൾക്കും. പക്ഷേ, എങ്ങിനെയെങ്കിലും വീട്ടിൽ അറിഞ്ഞുപോയാൽ ശരിയാക്കും അവനെ.

അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു. അപ്പേട്ടൻ പോയോ? പോയില്ലെങ്കിൽ…

വീട്ടിൽ വേലികെട്ടു നടക്കുകയാണു്. ചെറുമൻ ശങ്കരൻ തന്നെയാണു് പണിയ്ക്കു്. അയാളോടു് ചോദിക്കാമെന്നുവെച്ചാൽ അച്ഛൻ പറമ്പിൽ നിന്നുകേറില്ല വേലികെട്ടു നടക്കുമ്പോൾ.

കാത്തുകാത്തു് അവസാനം ഒരു വൈകുന്നേരം അവസരം കിട്ടി. അച്ഛനെ കാണാൻ ആരോ വന്നു വിളിച്ചുകൊണ്ടുപോയി. ആ നേരം നോക്കി അവൾ തൊടിയിലേക്കു ചെന്നു.

“ശങ്കരാ പുത്തൻ കുരിശിയിലെ ചെറിയമ്മയുടെ മകൻ പോയോ, അറിയോ?”

“അതിന്റെ കാര്യം വല്ല്യ കഷ്ട്ടാ, ഇമ്പിടി. പോണേ ഇല്ല്യാത്രേ ഇനി. എല്ലു മാത്രായി ആ എളാറ്. അകായ അകായിന്നു് പൊറത്തേയ്ക്കു് എറങ്ങില്ല. കെടന്ന കെടപ്പ്, ഒന്നും കഴിക്കൂല്ല്യ. കുടിക്കൂല്ല്യ. ആ മൂത്ത ഇമ്പിടി ചെന്നു കരഞ്ഞു കാലുപിടിച്ചാൽ എണീറ്റു കിണ്ണത്തിന്റെ മുമ്പിലു വന്നിരിക്കും. അങ്ങന്നെ കയ്യു കഴുകി എണീറ്റു പോവ്വേം ചെയ്യും. പഠിക്കാൻ പോണംന്നു് ഒരു വിചാരേല്ല്യ; കണ്ടാൽ സഹിക്കാനാവില്ല. ഇമ്പിടിയെ, ആ എളാറുണ്ടായിരുന്നപ്പോ എങ്ങനെ കഴിഞ്ഞിരുന്നതാ. ആ വീട്ടിന്റെ ഉമ്മറത്തു ചെന്നുനിന്നാൽ ചങ്കു പൊട്ടും. അന്തിക്കു ഒരു നെലോളക്കു കത്തിക്കും കൂടില്യ ഇപ്പോ അവടെ. അമ്മേം മോനും കൂടെ അടച്ചു പട്ടിണികിടക്കും.”

അച്ഛന്റെ ശബ്ദം അപ്പുറത്തുനിന്നു കേട്ടു.

“ഞാൻ പോട്ടെ. ശങ്കരാ ജോലിയുണ്ട്.”

അവൾ അകത്തേയ്ക്കു കയറിപ്പോന്നു.

ഒന്നു കാണാൻ പറ്റിയെങ്കിൽ പറഞ്ഞു ശരിയാക്കാമായിരുന്നു.

ഒരാളോടു മിണ്ടാനില്ലാതെ വേദനയെ ലാളിച്ചു ലാളിച്ചു് ആ വീട്ടിൽ ഒറ്റയ്ക്കു്…

ആരോടെങ്കിലും കുറെ പറഞ്ഞു കരഞ്ഞിരുന്നെങ്കിൽ ആശ്വാസം കിട്ടിയേനേ.

ആ അമ്മയെക്കൊണ്ടാവുമോ മകന്റെ ഭാരം കൂടി പങ്കുചേരാൻ? അവരുടെ കയ്യിൽ മകനു കൊടുക്കാൻ വല്ലതുമുണ്ടോ?

അവർക്കുണ്ടായിരുന്നതെല്ലാം കൊടുത്തു തീർന്നതല്ലേ?

വർഷങ്ങൾക്കുമുമ്പു് ക്ഷേത്രവളപ്പിനു പുറത്തുവെച്ചു ശക്തിയുള്ള കൈയ്യിൽപിടിച്ചു് പുഴയ്ക്കക്കരെ കടന്നു പാലം തട്ടിക്കളഞ്ഞു നിന്നപ്പോൾ അന്നവർ കൊടുത്തു കൊടുക്കാനുള്ളതു മുഴുവനും. പിന്നീടു വാങ്ങൽ മാത്രമല്ലേ ഉണ്ടായിട്ടുള്ളു. കൊടുത്താലും കൊടുത്താലും ഒടുങ്ങാത്ത വിധം അത്രയ്ക്കു സമ്പന്നമായിരുന്നില്ലേ അവർക്കു പിടിയ്ക്കാൻ യോഗം വന്ന കൈ. ആ കൈ തെറിച്ചുപോയി; സകലതും നശിച്ചു പകച്ചു നിൽക്കുകയാണു് അവർ.

അവരിൽനിന്നു ആ മകനു് എന്തുകിട്ടാനാണു്?

“നീയല്ലാതെ എനിയ്ക്ക് ആരുമില്ല മണി…”

മനുഷ്യൻ മുങ്ങിമരിക്കാൻ തുടങ്ങുമ്പോൾ—തന്റെ നേർക്കു കൈനീട്ടി പിടഞ്ഞു പിടഞ്ഞു താഴുമ്പോൾ—കരയ്ക്കുനോക്കി നിൽക്കണമെന്നോ, വിരലൊന്നു പൊക്കുകകൂടി ചെയ്യാതെ?

“പോവല്ലേ മണീ. എന്നെ തനിച്ചാക്കി പോകരുത്…”

എന്തെങ്കിലും ഒന്നു ചെയ്തേ പറ്റൂ.

അന്നുരാത്രി പഠിയ്ക്കാൻ പുസ്തകവും മുമ്പിൽ വെച്ചിരുന്നു് അവളൊരു എഴുത്തെഴുതിയുണ്ടാക്കി അപ്പേട്ടനു്, എന്താണെഴുതേണ്ടതെന്നറിയാതെയാണു് തുടങ്ങിയതു്. പക്ഷേ, തുടങ്ങിയപ്പോൾ വാക്കുകൾ വന്നു. “അപ്പേട്ടാ, ഏട്ടൻ തിരിച്ചു പോകുന്നില്ലാ എന്നു പറഞ്ഞുകേട്ടു. പോകാതിരിക്കരുതു്, കഴിഞ്ഞുപോയതും നമ്മൾ വിചാരിച്ചാൽ മാറ്റാൻ പറ്റാത്തതും ആയതിനെപ്പറ്റി ഓർത്തോർത്തു കളയാനുള്ളതല്ല ജീവിതം.

ഏട്ടൻ പഠിച്ചു യോഗ്യനായി വരണം എന്നൊന്നു മാത്രമായിരുന്നു ജീവിച്ചിരുന്നപ്പോൾ കൊച്ചച്ഛന്റെ ആഗ്രഹം. ഇപ്പോഴും മുകളിലിരുന്നു് അദ്ദേഹം നോക്കുന്നുണ്ടാവും താൻ ഉദ്ദേശിച്ച വഴിയിൽക്കൂടെയാണോ മകൻ പോകുന്നതെന്നു്. ആ കണ്ണുകൾ പണ്ടത്തെ അതേ വാത്സല്യത്തോടെ ഇപ്പോഴും ഏട്ടനെ ശ്രദ്ധിക്കുന്നുണ്ടാവും. ആ ആത്മാവു വേദനിയ്ക്കാൻ ഇടയാക്കരുതു്.

ചെറിയമ്മയ്ക്കിനി ഈ ലോകത്തിൽ ഏട്ടനല്ലാതെ ആരുമില്ലെന്നു മറക്കരുതു്. അവർക്കൊരു താങ്ങു് ഏട്ടൻ മാത്രമാണു്.

ഉടനെ തിരിച്ചുപോകുമെന്നു് വിശ്വസിച്ചുകൊണ്ടു്

മണി.”

പിറ്റേദിവസം വൈകുന്നേരമായിട്ടേ ശങ്കരനെ തരത്തിനൊന്നു കാണാൻ പറ്റിയുള്ളൂ. എഴുത്തു് അച്ഛനറിയാതെ അപ്പേട്ടനെ ഏൽപ്പിക്കാമെന്നു് അയാൾ ഏറ്റു.

വേലികെട്ടു് ഏകദേശം കഴിഞ്ഞിരുന്നു. ഒരു പകുതി ദിവസത്തെ പണികൂടിയേ ഉള്ളൂ. ഉച്ചയായിട്ടേ വരൂ എന്നു പറഞ്ഞിട്ടാണയാൾ പോയതു്.

പിറ്റേന്നു സ്ക്കൂളുണ്ടായിരുന്നു. അവസാനത്തെ ദിവസം. ഫോട്ടോഎടുപ്പും കാപ്പികുടിയും ഒക്കെ കഴിഞ്ഞു് നേരം വൈകിയാണവൾ മടങ്ങിയതു്. വീട്ടിലെത്തിയപ്പോൾ ശങ്കരൻ പണിമാറ്റി കേറിയിരിക്കുന്നു.

അച്ഛനും അയാളും കൂടി മുറ്റത്തുനിന്നു് കൂലിബാക്കി എത്രയുണ്ടെന്നു കണക്കു കൂട്ടുകയാണു്.

അവൾ പുസ്തകം കൊണ്ടുവെച്ചു് കാപ്പികുടിയും കഴിഞ്ഞുവരുമ്പോൾ ശങ്കരൻ പോകാനൊരുങ്ങുന്നു. അവൾ ഇറങ്ങിച്ചെന്നു. അച്ഛൻ മുറ്റത്തില്ല.

അവളെ കണ്ടുകൊണ്ടു് അയാൾ മുറുക്കാൻ പൊതി കെട്ടഴിച്ചു് ഒരെഴുത്തു് എടുത്തുനീട്ടി. അവൾ മേടിച്ചു.

ആ നിമിഷത്തിൽ അച്ഛൻ തെക്കേ കോലായിൽകൂടി കടന്നുവന്നു.

അവൾ നിന്നു പരുങ്ങിയില്ലായിരുന്നെങ്കിൽ അദ്ദേഹം ഒരു പക്ഷേ, സംശയിയ്ക്കില്ലായിരുന്നിരിയ്ക്കാം.

ഒരു മിനിട്ട് അദ്ദേഹം നോക്കിനിന്നു.

അവളും ശങ്കരനും ഒരുപോലെ വല്ലാതായി.

“മണീ, എന്താതു് കാണട്ടേ”

അവൾ അനങ്ങാതെ നിന്നതേയുള്ളൂ.

അതിനകത്തു് എന്തൊക്കെയാണാവോ എഴുതിനിറച്ചിരിക്കുന്നതു് അപ്പേട്ടൻ. “ഇങ്ങോട്ടു കൊണ്ടുവരാൻ പറഞ്ഞാൽ.”

അവൾ ഇറയത്തേക്കു കയറി എഴുത്തു് കയ്യിൽ കൊടുത്തു. കൊടുക്കാതെ വെച്ചുകൊണ്ടിരുന്നിട്ടു് എന്തു കാര്യം? വാങ്ങാൻ വഴി അച്ഛനറിഞ്ഞുകൂടേ?

മുഴുവൻ ശ്രദ്ധിച്ചു വായിച്ചില്ല. ഒന്നു കണ്ണോടിച്ചതേയുള്ളൂ. എന്നിട്ടു് അദ്ദേഹം ശങ്കരന്റെ നേർക്കു് തിരിഞ്ഞു. “താൻ ഇനി ഇവിടെ പണിക്കു വരണ്ട.” അയാൾ ഒന്നും മിണ്ടിയില്ല.

“ഇനി ഇതുപോലെ എന്തെങ്കിലും എന്റെ മകൾക്കു കൊണ്ടുവന്നു കൊടുക്കുകയാണെങ്കിൽ തന്റെ എല്ലു ഞാൻ ഒടിയ്ക്കും.”

ഇത്രയായപ്പോൾ അയാൾ തലയൊന്നു പൊക്കി.

“പെങ്ങളെ പിടിച്ചുനിർത്താൻ നോക്കിയിട്ട് എന്തായി”

“എന്തു പറഞ്ഞു? കടക്കെടാ പുറത്ത്.” അച്ഛൻ ചവിട്ടു കല്ലു ചാടിയിറങ്ങി.

അപ്പോഴേയ്ക്കും ശങ്കരൻ പടികടന്നു കഴിഞ്ഞു.

അവളെ ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ അച്ഛൻ അകത്തു കയറിപ്പോയി. അവളും പതുക്കെ അടുക്കളഭാഗത്തേയ്ക്കു നടന്നു.

എന്തെല്ലാം എഴുതിയിരുന്നു ആ എഴുത്തിൽ?

പിന്നത്തെ ഞായറാഴ്ച ചെട്ടിച്ച ്യാരു പറഞ്ഞറിഞ്ഞു അപ്പേട്ടൻ പോയി എന്നു്.

ഒന്നു കാണാൻ പറ്റിയില്ല പോകുന്നതിനുമുമ്പു്.

എങ്ങിനെ കാണാൻ പറ്റാനാണു്? തടങ്ങലിലല്ലേ? പുറത്തിറങ്ങരുതു്. പുറമെ ആരോടും മിണ്ടരുതു്. അച്ഛൻ നേരിട്ടല്ല, ചെറിയമ്മയിൽക്കൂടിയാണു് നിരോധനാജ്ഞകൾ പുറപ്പെടുവിക്കുന്നതു്.

പരീക്ഷയ്ക്കു പഠിക്കാനുള്ള അവധിയായിരുന്നതുകൊണ്ടു് സ്ക്കൂൾ എന്നൊരു പേരും പറഞ്ഞു് ഇറങ്ങാനും നിവൃത്തിയില്ല.

ഓ, സാരമില്ല. അപ്പേട്ടൻ പോയല്ലോ. അതുമതി. അവൾ പഠിത്തത്തിൽ മുഴുകി.

എങ്ങിനെയെങ്കിലും നല്ലവണ്ണമൊന്നു പാസ്സാവണം ഇല്ലെങ്കിൽ അതാലോചിക്കാൻ വയ്യ.

കൂട്ടിൽ നിന്നു പുറത്തുകടക്കാനുള്ള ഒരേ ഒരു വഴിയും അടഞ്ഞാൽ… അതു്.

പതിനഞ്ചു്

ഒരുവിധം പരീക്ഷ കഴിഞ്ഞു, ഒരുമാതിരിയൊക്കെ എഴുതി, അവസാനത്തെ പരീക്ഷയും കഴിഞ്ഞു. ഏതോ ഭാരം ഇറങ്ങിയതുപോലെ അവളൊന്നു സുഖമായി ഉറങ്ങി. പുസ്തകം എല്ലാംകൂടി ഒരിടത്തു കെട്ടിവെച്ചപ്പോൾത്തന്നെ ആശ്വാസമായി.

അവധിക്കാലത്തും നിരോധനനിയമം കർശനമായിത്തന്നെ തുടർന്നു. കാവിൽ തൊഴാൻ പോകണമെങ്കിൽക്കൂടി ചെറിയമ്മ കൂടെ ഇല്ലാതെ പാടില്ല.

അടുക്കളയും അടുക്കളത്തളവുമായി അവളങ്ങിനെ കഴിഞ്ഞു.

എപ്പോഴും ജോലിയാണു്. അച്ഛൻ മിക്കവാറും ദിവസം വീട്ടിൽത്തന്നെ കാണും, ഊണിന്റെയും കാപ്പിയുടേയുമൊക്കെ കാര്യത്തിൽ കുറച്ചു നല്ലവണ്ണം ശ്രദ്ധിക്കാതെ പറ്റില്ല.

ചെറിയമ്മയ്ക്കു കുട്ടിയുടെ കാര്യം നോക്കാനേ സമയമുള്ളൂ. മേത്തുമുഴുവൻ കരപ്പൻ പൊങ്ങി. നെഞ്ഞു കൂരച്ചു. അവൻ അവിടെ മുഴുവൻ ഇഴഞ്ഞു നടക്കും. കഷായം കുറുക്കലും തേച്ചുരച്ചു കുളിപ്പിക്കലും ഒക്കെത്തന്നെ ചെറിയമ്മക്കു ജോലി. നാലുംവെച്ചു് കുറച്ചുചോറു് അവനു വിളക്കത്തിരുന്നു വാരിക്കൊടുക്കുകയെങ്കിലും വേണമെന്നു് ചെറിയമ്മ പറയും. അതും നടന്നില്ല. അവനുസുഖമുള്ള ദിവസമുണ്ടായിട്ടു വേണ്ടേ? അടുക്കളയിൽ വന്നു കണ്ടതെല്ലാം വാരിത്തിന്നുകയും ചെയ്യും അവൻ.

അപ്പേട്ടന്റെ പരീക്ഷ കഴിഞ്ഞു എന്നറിഞ്ഞു, ചെട്ടിച്ച ്യാരാണു് വല്ലപ്പോഴും വല്ല വർത്തമാനവും കൊണ്ടുവരിക. അവരെ വീട്ടിൽനിന്നു പുറത്താക്കി കഴിഞ്ഞിട്ടില്ല.

പരീക്ഷയ്ക്കു എങ്ങിനെ എഴുതിയോ എന്തോ? വൈകുന്നേരം ഒന്നു് നടക്കാനിറങ്ങുന്നതുകൂടി കാണാറില്ല. വീട്ടിൽ അടച്ചിരുന്നു എന്തു ചെയ്യുകയാണോ ആവോ?

ദിവസങ്ങൾ നീങ്ങി. വല്ലപ്പോഴും സമയം കിട്ടിയാലവൾ കടലാസ്സും പേനയുമായിട്ടിരിയ്ക്കും. ചിലപ്പോൾ വാക്കുകൾ വരും. വല്ലതും എഴുതിയാൽ അന്നൊരാശ്വാസമാണു്.

അങ്ങിനെ റിസൽട്ടു വന്നു. അവൾ ഫസ്റ്റ് ക്ളാസ്സോടെ ജയിച്ചു.

ഇനി കോളേജിൽ പഠിക്കണമെന്നു് അച്ഛനോടുചെന്നു പറയാൻ ധൈര്യമില്ല. എന്താണാഗ്രഹമെന്നു് ആരും ചോദിച്ചതുമില്ല.

ഒരനക്കവുമില്ല. രണ്ടുമൂന്നു ദിവസം കഴിഞ്ഞു. അവൾക്കു് ആധിയായിത്തുടങ്ങി. എങ്ങും അയച്ചില്ലെങ്കിൽ…

ആ തിങ്കളാഴ്ച വൈകുന്നേരം അച്ഛൻ അവളെ വിളിച്ചു് ഒരു കടലാസ്സ് കൈയിൽ കൊടുത്തു ഒപ്പിട്ടു കൊണ്ടുവരുവാൻ പറഞ്ഞു.

കോളേജിൽ ചേരാനുള്ള അപേക്ഷ എല്ലാം പൂരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഒപ്പിട്ടാൽ മാത്രം മതി. അവൾ മുഴുവനും ഒന്നു വായിച്ചുനോക്കി.

അപ്പേട്ടന്റെ കോളേജിലല്ല. അതിലും രണ്ടിരട്ടി ദൂരമുണ്ടു്; കേട്ടിട്ടുണ്ടു്. ബസ്സിൽ പോയി പിന്നെ തീവണ്ടികയറി രണ്ടു മൂന്നു മണിക്കൂർ ഇരിക്കണം. മനഃപൂർവമാണോ അച്ഛൻ അവിടം തിരഞ്ഞെടുത്തതു്? ഒന്നൊന്നര മണിക്കൂർ കൊണ്ടെത്താവുന്ന സ്ഥലം വിട്ടു്—അപ്പേട്ടൻ ഉള്ളിടത്തു് അയയ്ക്കില്ല എന്നുവെച്ചായിരിക്കും.

എന്തെങ്കിലുമാവട്ടെ. എത്രദൂരമായാലും വേണ്ടില്ല. എവിടെയെങ്കിലും പഠിച്ചാൽ മതി.

അവൾ കടലാസ് ഒപ്പിട്ടു തിരിച്ചു കൊണ്ടുകൊടുത്തു.

രണ്ടാഴ്ചക്കുള്ളിൽ അവളെ എടുത്തുവെന്നു് കാർഡുവന്നു. പിന്നത്തെ തിങ്കളാഴ്ച പ്രിൻസിപ്പലിനെക്കണ്ടു ഫീസ് അടച്ചാൽ പ്രവേശനം കിട്ടും.

ഓ, അവസാനം കുറച്ചു ശുദ്ധവായു കിട്ടാൻ പോകുകയാണു്. സന്തോഷം കൊണ്ടു തുള്ളിച്ചാടണമെന്നുതോന്നി ആ എഴുത്തു കണ്ടപ്പോൾ.

പക്ഷേ, പോകേണ്ട ദിവസം അടുത്തടുത്തു വരുന്തോറും ഉത്സാഹം പതുക്കെപ്പതുക്കെ കുറഞ്ഞുവന്നു.

എത്രവളരെ ആശിച്ചിട്ടുള്ളതാണു് ഈ കൂട്ടിൽ നിന്നു് ഒന്നു പുറത്തു കടക്കാൻ പറ്റണമെന്നു്.

എന്നിട്ടു് ഇപ്പോൾ സാധിയ്ക്കുമെന്നായപ്പോൾ വ്യസനമാണു് തോന്നിയതു്.

ആശിച്ചതു കയ്യിൽ കിട്ടിയാൽ രുചി പോകുമോ? ചങ്ങല മുറുകി ഇരിയ്ക്കുമ്പോഴേ വൈരാഗ്യമുള്ളു എന്നോ? അഴഞ്ഞു തുടങ്ങിയാൽ പിന്നേയും വേദനയെന്നോ?

ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നു പുറത്തുകടക്കണമെന്നു അത്ര തീവ്രമായി ആഗ്രഹിച്ചപ്പോൾ, അതുൾക്കൊള്ളുന്ന ജീവികളോടുള്ള കൂറ് രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നു് ഓർമ്മിച്ചില്ലായിരുന്നോ?

അമ്മ…

ഒറ്റ മകൾ ദൂരെപ്പോവുകയാണെന്നു് അവർ അറിഞ്ഞില്ലായിരിക്കും. എങ്കിലും പതിവുസമയത്തു കാപ്പിയും കഞ്ഞിയും ഒക്കെക്കൊണ്ടു് അവളെ കാണാതിരിക്കുമ്പോൾ അവർക്കും വല്ലതും തോന്നാതിരിയ്ക്കുമോ? എണീറ്റിരിയ്ക്കു എന്നു പറഞ്ഞാൽ ഇരിയ്ക്കും. എന്തെങ്കിലും മുമ്പിൽ കൊണ്ടുവെച്ചു് കഴിയ്ക്കു എന്നുപറഞ്ഞാൽ കഴിയ്ക്കും. അങ്ങിനെ ആയിത്തീർന്നിട്ടുണ്ടു് ഇപ്പോൾ.

അധികപ്പറ്റായിട്ടു് ഈ ലോകത്തിലേയ്ക്കു പോന്ന കൊച്ചനിയൻ—അതിനെ അരുമയോടെ ഒന്നു എടുക്കുകകൂടി ചെയ്തിട്ടില്ല. ലാളനകളൊന്നും കിട്ടാതെ, വല്ലവരും ചെയ്ത തെറ്റുകളുടെ രൂപംപൂണ്ടഫലം പോലെ അവൻ വളരുന്നു.

ഇതാണു് തന്റെ ലോകം.

ഇതിനെവിട്ടു്, ഉറ്റവരെയെല്ലാം പിന്നിൽ തള്ളി, പോകണം. എന്താണെന്നു് നിശ്ചയമില്ലാത്തതിലേക്കു് എടുത്തുചാടുക.

വേണ്ട. വേണ്ട. ശ്വാസം മുട്ടിയാലും ഇങ്ങനെ തന്നെ കഴിഞ്ഞോളാം…

വിചാരങ്ങളും സംശയങ്ങളും ഉള്ളിൽ കിടന്നു ഞെരുങ്ങുമ്പോൾ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പതുക്കെ നടക്കുകയായിരുന്നു വീട്ടിൽ. അവൾക്കു സമ്മതമാണോ അല്ലയോ എന്നൊന്നും ആരും ചോദിച്ചില്ല. വേണ്ട സാധനങ്ങൾ ഓരോന്നായി തയ്യാറാവുന്നു. കൊച്ചുപെട്ടി വാങ്ങിച്ചു. ചെറിയ കിടക്ക ശരിയായി. അഞ്ചാറു സാരികൾ വാങ്ങി.

ഒഴുക്കിനു മീതെ പൊങ്ങിക്കിടക്കുന്ന മരക്കഷ്ണം. ഇച്ഛാശക്തി എന്നൊന്നില്ല. തന്റെ വിധി മറ്റുള്ളവരുടെ കയ്യിൽ നിർണ്ണയിക്കപ്പെടുകയാണു്. തനിയ്ക്കതിൽ കാര്യമൊന്നുമില്ല.

അങ്ങിനെ പുറപ്പെടേണ്ട ദിവസം വന്നെത്തി.

അപ്പേട്ടനെകാണാൻ പറ്റിയില്ല. നാടുവിട്ടു പോകുകയാണു്. ഒന്നു കണ്ടു യാത്രപറയുവാൻ കൂടി സാധിച്ചില്ല. അവരുടെ റിസൽട്ട് അറിഞ്ഞോ? എന്തായോ എന്തോ? എത്രകാലമായി കണ്ടിട്ടു്. പുറത്തെങ്ങും വരാറില്ല. വീട്ടിൽ അടച്ചിരുന്നു നീറുകയാണോ?

ചെട്ടിച്ച ്യാരു വരാറില്ല. കുറെ ദിവസമായി. അവരുടെ ബന്ധത്തിൽപ്പെട്ട എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയാണു പണിക്കു വരിക. ചെട്ടിച്ച ്യാരെ കണ്ടാൽ പോവുകയാണെന്നു ഒന്നു പറഞ്ഞയക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഈ കുട്ടിയോടു പറഞ്ഞാൽ എങ്ങാൻ ചെന്നു അച്ഛന്റെ മുമ്പിൽ ചാടിയാൽ…

ഇറങ്ങേണ്ട സമയമായി. സാമാനമെല്ലാം കെട്ടി പുറത്തുവെച്ചു. എടുക്കാൻ മമ്മാലി വന്നുനിൽക്കുന്നു.

അവൾ ആദ്യമായി സാരി ഞെറിഞ്ഞുടുത്തു. സഹായത്തിനു ചെറിയമ്മയെ വിളിക്കാൻ തോന്നിയില്ല. അവർ ചെന്നതുമില്ല. ഒരുവിധം ഉടുത്തുകഴിഞ്ഞപ്പോൾ ശ്വാസം കഴിക്കാൻ വയ്യെന്നു തോന്നി

അച്ഛൻ ഉണ്ടെണീറ്റു് തയ്യാറായി നിൽക്കുകയാണു്.

അവൾ വടക്കെ അകത്തേക്കു ചെന്നു. എന്തൊക്കെയോ പിറുപിറുത്തു കൊണ്ടു് കിടക്കുകയാണു് അമ്മ. കൈ വിരൽ മടക്കി എണ്ണുന്നുമുണ്ടു്.

“അമ്മേ” അവൾ അടുത്തുചെന്നു വിളിച്ചു.

അവർ പിറുപിറുക്കൽ നിർത്തി. മടക്കി വെച്ചിരുന്ന കൈ അതേപാടു പിടിച്ചു് തിരിഞ്ഞു് അവളുടെ മുഖത്തേയ്ക്കു നോക്കി.

“ഞാൻ പോയിട്ടു വരട്ടേ അമ്മേ”

“ഉം” ഒന്നു മൂളുകമാത്രം ചെയ്തു. ഇത്രയേ ഉള്ളൂ, തീർന്നല്ലോ എന്ന മട്ടിൽ തല തിരിച്ചു് പിന്നേയും പഴയപടി എണ്ണലും പിറുപിറുക്കലും തുടങ്ങി.

ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല. അവൾ അവിടെ നിൽക്കുന്നുണ്ടെന്നു് മറന്നുകഴിഞ്ഞു.

അവൾ പതുക്കെ പുറത്തേക്കു കടന്നു. തളത്തിൽ വാതിൽ ചാരി ഗോപു നിൽപ്പുണ്ടു്. അവൻ അങ്ങിനെ വല്ലാതെ നിൽക്കുന്നതുകൂടി കണ്ടപ്പോൾ അടക്കി നിർത്തിയിരുന്നതു് അണ പൊട്ടുമെന്നു തോന്നി. അവൾ ഒന്നും മിണ്ടാതെ അവനെ ദേഹത്തു ചേർത്തു് അണച്ചുപിടിച്ചു.

കൊച്ചുകുട്ടിയെപ്പോലെ അവൻ പറ്റിനിന്നു.

“ഇനി എന്താ താമസം? ഇറങ്ങാറായില്ലേ?” അച്ഛൻ വിളിച്ചുചോദിച്ചു.

സാരിത്തലപ്പുകൊണ്ടു മുഖമൊന്നു തുടച്ചു് അവൾ നീങ്ങി.

ഒരു നിമിഷനേരം ഗോപു അവളുടെ കൈവിടാതെ പിടിച്ചുനിന്നു. ആ കൈഅമർത്തലിൽ കൂടി ഇളയവൻ മൂത്തവൾക്കാണോ ശക്തി പകർന്നു കൊടുത്തതു്?

അവന്റെ ചുമന്നു കലങ്ങിയ കണ്ണുകളിലേക്കു് ഒന്നു കൂടിനോക്കി അവൾ തിരിഞ്ഞു.

അച്ഛൻ പിന്നേയും വിളിച്ചു.

അവൾ ഇറങ്ങിച്ചെന്നു.

ചെറിയമ്മ കുട്ടിയേയും എടുത്തു പടിവരെ കൂടെ വന്നു. യാത്ര പറയാൻ നാക്കു പൊങ്ങിയില്ല.

അവൾ പടികടന്നു് അച്ഛന്റെ പിന്നാലെ നിഴൽപോലെ നീങ്ങി.

ചറുപിറുന്നനെ ചാറ്റൽമഴ വീണുകൊണ്ടിരുന്നു.

കുന്നിന്റെ മുകളിലെത്തി അവൾ പടിഞ്ഞാട്ടൊന്നു നോക്കി.

നീലരേഖ കാണാനില്ല, ആകെ ഇരുണ്ടിരിയ്ക്കുകയാണു്.

താൻ ഇറങ്ങുന്ന ദിവസം മാനം മുഖം വീർപ്പിക്കുകയാണോ?

കാവിന്റെ നടയ്ക്കലെ ആലിൻ ചുവട്ടിൽ അവർ കാത്തുനിന്നു.

ബസ്സുവന്നപ്പോൾ അച്ഛൻ കൈ കാണിച്ചുനിർത്തി. അവൾ കയറി. അകം മുഴുവൻ ചളിപിളി വൃത്തികേടായി കിടക്കുകയാണു്. സ്ത്രീകൾക്കിരിക്കാൻ പ്രത്യേക സ്ഥലമുണ്ടു്. വേറൊരു സീറ്റ് ചാടിക്കടന്നുവേണം അങ്ങോട്ടു കേറാൻ. മുഴുവൻ മഴവെള്ളം നനഞ്ഞുകിടക്കുകയാണു്. ചോർന്നുവീണു് നനഞ്ഞു കിടക്കുകയാണു്.

വണ്ടി ഇരമ്പി നീങ്ങി. അറ്റത്താണെങ്കിൽ പുറത്തേക്കു നോക്കിയെങ്കിലും ഇരിക്കാമായിരുന്നു. ഇതു നടുക്കാണു സ്ഥലം കിട്ടിയതു്.

അടുത്തിരിക്കുന്ന ഉമ്മ എങ്ങോട്ടാണു് പോകുന്നതെന്നു് ചോദിച്ചതു് കേട്ടില്ലെന്നു നടിച്ചു.

മഴവെള്ളം തുള്ളിതുള്ളിയായി വലത്തെ തോളത്തു് ഇറ്റുവീണു. നീങ്ങിയിരിക്കാൻ സ്ഥലമില്ല.

അവസാനം എത്തി. ഇറങ്ങാറായപ്പോഴേക്കും മഴ ഒന്നു നിലച്ചു. കൂലിക്കാരനെക്കൊണ്ടു് സാമാനം എടുപ്പിച്ചു് അവർ തീവണ്ടി സ്റ്റേഷനിലേക്കു് നടന്നു. അവിടേയും കാത്തുനിൽക്കേണ്ടിവന്നു അര മണിക്കൂർ.

ഒടുവിൽ പുക തുപ്പിക്കൊണ്ടു വണ്ടി വന്നു. ആദ്യമായി കയറുകയാണു്. പക്ഷേ, അതിന്റെ രസമൊന്നും തോന്നിയില്ല അപ്പോൾ.

മുറി നിറച്ചു് ആളുണ്ടു്. ഒരു മൂലയിൽ അവൾക്കിരിക്കാൻ അച്ഛൻ സ്ഥലമുണ്ടാക്കിക്കൊടുത്തു. അവൾ പുറത്തേയ്ക്കു നോക്കിയിരുന്നു. പാടവും തോട്ടവും കാടും മൊട്ടപ്പറമ്പും മാറിമാറിവന്നു. നിന്നു് ചുറ്റും നോക്കാൻ സമയമില്ലാതെ ധൃതിയിൽ പായുകയാണു്. കൽക്കരിപ്പൊരി പറന്നുവന്നു കണ്ണിൽവീണു. എന്നാലും അവൾ ജനാലയ്ക്കൽനിന്നു തല വലിച്ചില്ല.

അവർക്കു് ഇറങ്ങേണ്ട സ്ഥലമായപ്പോഴേക്കും മുറിയിൽ വിളക്കു കത്തിച്ചിരുന്നു.

പോർട്ടർ വന്നു സാമാനം എടുത്തു. അച്ഛൻ മുമ്പേയും അവൾ പിന്നാലേയും ആയി പുറത്തുകടന്നു.

ചുമപ്പും നീലയും വരകളുള്ള ജവുക്കാളത്തിൽ പൊതിഞ്ഞ കിടക്കയും നീലപ്പെട്ടിയും പോർട്ടർ കൊണ്ടുവന്നു് ഒരു റിക്ഷയിൽ വെച്ചു. അച്ഛൻ അവളോടു കയറിക്കൊള്ളാൻ പറഞ്ഞു. ഒരു മനുഷ്യൻ റിക്ഷയുടെ കൈ പിടിച്ചുപൊക്കി തിരക്കുനിറഞ്ഞ വഴിയിലൂടെ വലിച്ചുകൊണ്ടോടി. കറുത്ത നാട വിരിച്ചതുപോലെ അവസാനമില്ലാതെ നീണ്ടുനീണ്ടുപോകുന്ന വഴി.

അവൾ തിരിഞ്ഞുനോക്കി. അച്ഛൻ വരുന്നില്ലേ? ഉണ്ടു്, തൊട്ടു പിന്നിൽത്തന്നെ വേറൊരു റിക്ഷയിൽ ഉണ്ടു്.

നാൽക്കവലയിൽ വട്ടത്തിൽ ഒരു കൂട്ടിനകത്തു് ഒരു പൊല്ലീസുകാരൻ നിന്നു കൈക്രിയ കാണിക്കുന്നു.

കൃത്രിമത്വം ചുവയ്ക്കുന്ന ഒരു അരണ്ട നീലവെളിച്ചമാണു് റോഡുമുഴുവൻ. നീലവെളിച്ചത്തിന്റെ ചുവട്ടിൽക്കൂടിപോയപ്പോൾ ഉടുത്തിരുന്ന സാരിക്കൂകൂടി നിറംമാറിയതുപോലെ തോന്നി.

വലതുവശത്തെ രണ്ടുനിലകെട്ടിടത്തിന്റെ മുമ്പിൽ അഗ്ന്യക്ഷരങ്ങളിലാണു് ഒരു ഹോട്ടലിന്റെ പേർ എഴുതിവെച്ചിരിക്കുന്നതു്.

അങ്ങോട്ടും ഇങ്ങോട്ടും ഇരമ്പിപ്പായുന്ന കൂറ്റൻവണ്ടികളുടെ ഇടയിൽക്കൂടി ചടച്ചു് എല്ലുന്തിയ മനുഷ്യൻ അവളെ വലിച്ചുകൊണ്ടു നീങ്ങി.

മൃഗങ്ങളെപ്പോലെ മനുഷ്യരെ പൂട്ടുന്ന വണ്ടികൾ ഉണ്ടെന്നു കേട്ടിട്ടേ ഉള്ളൂ.

വണ്ടി ഒരു പടിക്കൽ വന്നുനിന്നു. സാധാരണയിൽനിന്നു് രണ്ടടികൂടി ഉയർന്നുനിൽക്കുന്ന മതിൽ. മതിലിന്നു മുകളിൽ നിരക്കെ എന്തോ കുത്തിനിറുത്തിയിട്ടുണ്ടു്.

അവൾ കുറച്ചുനീങ്ങി സൂക്ഷിച്ചുനോക്കി.

ഉടഞ്ഞ കുപ്പിക്കഷണങ്ങൾ! മുന മുകളിലേക്കായി കുപ്പിച്ചില്ലുകൾ തറച്ചിരിക്കുകയാണു് എല്ലായിടത്തും.

അച്ഛനും വന്നിറങ്ങി.

ഒരു വലിയ പൂമുഖത്തേയ്ക്കാണവർ ചെന്നുകയറിയതു്.

റിക്ഷക്കാരൻ പെട്ടിയും കിടക്കയും ഇറയത്തുകൊണ്ടുവന്നുവെച്ചു് കൂലിയുംവാങ്ങി പോയി.

കുറച്ചുനേരം നിന്നപ്പോഴേയ്ക്കും ഒരു വേലക്കാരൻ വന്നു. അച്ഛൻ അയാളോടെന്തോ പറഞ്ഞയച്ചു.

മുറ്റം മുഴുവൻ വരിവരിയായി ചെടികൾ നട്ടിട്ടുണ്ടു്. എവിടെനിന്നോ മുല്ലപ്പൂവിന്റെ വാസന പാറിവന്നു. അവൾ ചുഴിഞ്ഞുനോക്കി. ഒന്നും വ്യക്തമായി കാണാൻ വയ്യ. ആ ഇരുട്ടത്തു് ഏതുകോണിലാണു് മുല്ല പൂത്തുനിൽക്കുന്നതു്.

വെളുത്ത സാരിയുടുത്തു് കണ്ടാൽ അധികം പ്രായം തോന്നിക്കാത്ത ഒരു സ്ത്രീ അകത്തുനിന്നു ഇറങ്ങിവന്നു് അച്ഛനോടു് എന്തൊക്കെയോ സംസാരിച്ചു.

“ഫസ്റ്റ് ഗ്രൂപ്പ് അല്ലേ? നാളെയാണല്ലോ ഇന്റർവ്യൂ.” അവസാനം അവർ അവളുടെ നേരെ തിരിഞ്ഞു.

“അതെ.” എന്നുമാത്രം അവൾ ഉത്തരം പറഞ്ഞു.

“രാമൻനായരെ.” അവർ കുറച്ചുമാറിനിന്നിരുന്ന വേലക്കാരനെ വിളിച്ചു.

“ദേ, ഈ പെട്ടിയെടുത്തു് അങ്ങെ അറ്റത്തെ മുറിയിൽ കൊണ്ടുചെന്നുവെക്കു. ആ കോണിയുടെ ഇപ്പുറത്തെ മുറിയിൽ.”

“എന്നാൽ ഇപ്പോൾ ഞാൻ നിൽക്കട്ടെ. നേരം ഒരുപാടായി.” അച്ഛൻ ചോദിച്ചു. “നാളെ വരാം. മണീ, ഞാൻ ഇപ്പോൾ ഇറങ്ങുകയാണു്. ഒന്നുകൂടി നിന്നെ വന്നു കണ്ടിട്ടേ പോവുള്ളൂ.”

അച്ഛൻ പോയ വഴിയേനോക്കി അവളവിടെത്തന്നെ നിന്നു.

“ഇങ്ങിനെ ഇവിടെ നിൽക്കണ്ട. വരൂ. ഞാൻതന്നെ കാണിച്ചുതരാം മുറി.” അകത്തെ വരാന്തയിൽക്കൂടി അവരുടെ പിന്നാലെ അവൾ നടന്നു.

അറ്റത്തെ മുറിയുടെ അടച്ചിട്ട വാതിൽക്കൽ അവർ നിന്നു തട്ടി. അകത്തു നിന്നു ആരും ഉത്തരം പറഞ്ഞില്ല. കുറച്ചുനേരം കാത്തു് അവർ വാതിൽ തള്ളിത്തുറന്നു.

മുറിയിൽ ആരുമില്ല. വിളക്കു കത്തുന്നുണ്ടു്.

“ഇതാണു രമണിയുടെ മുറി. നേർത്തേ ഒരു കുട്ടി എത്തിയിട്ടുണ്ടു്. വേറെ എവിടെയെങ്കിലും പോയിരിക്കുകയായിരിക്കും. ഇപ്പോൾ വരും. രാമൻ നായര് പെട്ടിയും മറ്റും കൊണ്ടുവന്നുവെച്ചിട്ടുണ്ടു്. ഒക്കെ ഇല്ലേ എന്നു നോക്കിക്കോളൂ. പിന്നെ തീവണ്ടിയിലൊക്കെ വന്നതല്ലേ. ക്ഷീണം ഉണ്ടാവും. വേഗം ഉറങ്ങിക്കോളൂ. ആ, ലക്ഷ്മിയമ്മേ” വരാന്തയിൽക്കൂടി ഒരു സ്ത്രീ കടന്നുപോകുന്നതുകണ്ടു് അവർ വിളിച്ചു.

‘ലക്ഷ്മിയമ്മ’ അകത്തേയ്ക്കു കയറിവന്നു. കുറെ പ്രായമായിട്ടുണ്ടു്.

“ഇതൊരു പുതിയ കുട്ടിയാണു് ലക്ഷ്മിയമ്മേ. വിളിച്ചുകൊണ്ടുപോയി ചോറൊക്കെ കൊടുക്കൂ.”

ചെയ്യാനുള്ളതു ചെയ്തുതീർത്തമട്ടിൽ അവർ ഇറങ്ങിപ്പോയി.

“കുട്ടീടെ പേരെന്താ?” ലക്ഷ്മിയമ്മ അകത്തേയ്ക്കു കുറച്ചുകൂടി നീങ്ങിനിന്നു.

“രമണി. ആ പോയതാണോ ഇവിടത്തെ വാർഡൻ?”

“അതെ. കോളേജില് കണക്കോറ്റെയാണു പഠിപ്പിക്കുന്നതു്.”

“പേരെന്താ അവരുടെ?”

“ശാരദാമ്മ.”

അവൾ പിന്നെയൊന്നും ചോദിച്ചില്ല.

ലക്ഷ്മിയമ്മ നീങ്ങി അവളുടെ കിടക്കയൊക്കെ പിടിച്ചുനോക്കി.

“എന്നാ വരൂ. ഉണ്ടിട്ടാവാം. ഇപ്പോത്തന്നെ എല്ലാം തണുത്തിട്ടുണ്ടാവും.”

“എനിക്കു ചോറു വേണ്ട.”

“ഉണ്ണണ്ടാന്നോ? വെശക്കുന്നില്ലേ? എപ്പോ തിരിച്ചതാ വീട്ടീന്നു്? എവിടെയാ വീട്?”

ഒരു നൂറു ചോദ്യം.

ഉണ്ണണ്ടാ എന്നു വിചാരിച്ചൊന്നുമല്ല. പെട്ടെന്നങ്ങിനെ പറഞ്ഞുപോയി എന്നേയുള്ളു. ഏതായാലും ഈ സ്ത്രീയുടെ വർത്തമാനം അധികം കേൾക്കാൻ കഴിയില്ല. ഉണ്ണണ്ട എന്നുവെയ്ക്കുകയാണു ഭേദം.

“ഒട്ടും വിശപ്പില്ല. വഴിയിൽനിന്നു കാപ്പി കുടിച്ചതാണു്.” ഒരു നുണ പറഞ്ഞാൽ രക്ഷയുണ്ടു്.

“എന്നാ വേണ്ട. ആദ്യമായിട്ടു് വീട്ടീന്നു് മാറിനിൽക്കുകയല്ലേ? വെഷമം ഇല്ല്യാണ്ടിരിക്കില്ല. അമ്മേം അച്ഛനും ഒക്കെ ഇല്ലേ കുട്ടിയ്ക്ക്?”

അവർ നിർത്തുന്ന ഭാവമല്ല.

“ഉവ്വ്.”

“കൂടെപ്പെറപ്പോ?”

“ഉവ്വ്.”

“ഇതിനുമുമ്പു് അമ്മേം അച്ഛനും ഇല്ലാണ്ട് താമസിച്ചിട്ടുണ്ടോ?”

“ഇല്ല.”

“പാവം. സാരല്യ. രണ്ടുദിവസം കഴിയുമ്പോഴേക്കും ഇവിടെ കൂട്ടുകാരും ചങ്ങാതികളും ഒക്കെ ആവില്ലേ. പിന്നെ ഇവിടുന്നു പോവുമ്പോളായിരിക്കും സങ്കടം.”

അവൾ ഒന്നും മിണ്ടിയില്ല.

അവർ കുറച്ചുനേരംകൂടി നിന്നു.

പിന്നെയും തുടങ്ങുകയാണോ?

“വരാന്തയില് രാത്രി മുഴുവൻ വിളക്കു കത്തുന്നുണ്ടാവും. പേടിക്കാനൊന്നൂല്ല്യാട്ടോ.”

അവസാനം അവർ പോയി.

അവൾ കിടക്ക കെട്ടഴിക്കാൻ കട്ടിലിന്നടുത്തേയ്ക്കു നീങ്ങി.

മുറിയുടെ മൂന്നു വശത്തായി മൂന്നു കട്ടിലുകൾ ഉണ്ടു്. മൂന്നു മേശ.

മൂന്നു കസേര. മൂന്നു ഷെൽഫ്.

ഒരു കട്ടിലിൽ കിടക്ക വിരിച്ചിട്ടുണ്ടു്. മീതെ ഇളം നീല വിരിപ്പു് നിവർത്തിയിട്ടിരിക്കുന്നു. ആ കട്ടിലിന്നടുത്തുള്ള മേശയിന്മേലും ഇട്ടിട്ടുണ്ടു് ഒരു നീല വിരിപ്പു്.

അവൾ കിടക്ക കെട്ടിയിരിക്കുന്ന ചരടഴിച്ചു് ചുരുട്ടി പെട്ടിയ്ക്കത്തേയ്ക്കിട്ടു. കിടക്ക നിവർത്തി തട്ടിക്കുടഞ്ഞു. ചെറിയമ്മയുടെ ജഗന്നാഥൻ ഒന്നര എടുത്തു് വിരിക്കുന്നതിനിടയിൽ അവൾ മറ്റേ കട്ടിലിലെ നീല വിരിപ്പിലേയ്ക്കു് ഒന്നുകൂടി നോക്കി.

ആ കുട്ടിയെ കാണാത്തതെന്താണു്?

അടുത്തെവിടെയോ ക്ലോക്ക് ഒമ്പതടിക്കുന്നതു കേട്ടു.

ഒന്നുരണ്ടു് ഇടിവെട്ടി.

പെട്ടെന്നു മഴ വന്നു.

തുള്ളിക്കു് ഒരു കുടംപോലത്തെ മഴ.

അവൾ ജനലുകൾ രണ്ടും മലർക്കെ തുറന്നുവെച്ചു.

മഴ മാറുന്നതിനുമുമ്പു് ഉറങ്ങണം. ആ ശബ്ദം കേട്ടു കൊണ്ടു കിടക്കാൻ സുഖമാണു്.

വാതിലടക്കണ്ടേ? കുറ്റിയിട്ടാൽ മറ്റെ ആൾ വരുമ്പോൾ…

അവൾ കയറിക്കിടന്നു് പുതപ്പെടുത്തു കഴുത്തുവരെ വലിച്ചുമൂടി. പകൽ പോലത്തെ വെളിച്ചമാണു് മുറിയിൽ. മണ്ണെണ്ണ വിളക്കല്ലാതെ എന്തെങ്കിലും കണ്ടുപരിചയമുണ്ടോ?

ഇറുക്കിയടച്ചാലും ഒരുതരം തുടുത്ത വെളിച്ചമാണു് കണ്ണിനകത്തു്.

ഗോപു കൊച്ചായിരുന്നപ്പോൾ അവനു പേടിയാവും എന്നു പറഞ്ഞാലും കൂടി കിടക്കുന്ന മുറിയിൽ വിളക്കു കത്തിച്ചുവെക്കാൻ സമ്മതിക്കാറില്ല.

ഓ, അവരെല്ലാം എന്തുചെയ്യുകയായിരിക്കും ഇപ്പോൾ അവിടെ?

ഗോപു കിടന്നു കാണില്ല. വായിക്കുകയായിരിക്കും.

ചെറിയമ്മ കുട്ടിയെ ഉറക്കി കിടത്തിക്കാണും.

അമ്മ…

അവൾ ചുമരിനുനേരെ തിരിഞ്ഞുകിടന്നു. പുതപ്പു കുറച്ചുകൂടി കേറ്റിയിട്ടു.

തണുത്ത കാറ്റു് അകത്തേയ്ക്കു കയറിവന്നു.

അവൾ പുതപ്പിനടിയിൽ ഒന്നുകൂടി ചുരുണ്ടുകൂടി.

എന്തൊരു മഴ…

എന്തു നല്ല മഴ…

ക്ഷീണിച്ചുതളർന്ന ദേഹത്തിനു മീതെ ഒരു പുതപ്പുകൂടി നിവർത്തിയിട്ടു.

പതിനാറു്

ദൂരെയെങ്ങോ മണികിലുങ്ങുന്ന ശബ്ദംകേട്ടു് അവൾ ഞെട്ടിയുണർന്നു.

മുറിയിൽ നേരിയ വെളിച്ചമേ ആയിട്ടുള്ളൂ.

ഇരുട്ടു മുഴുവൻ മാറിയിട്ടില്ല. എവിടെയാണെന്നു് ആലോചിച്ചെടുക്കാൻ ഒന്നുരണ്ടുനിമിഷം വേണ്ടിവന്നു.

അവൾ എഴുന്നേറ്റു ജനാലയ്ക്കൽ ചെന്നുനിന്നു.

മുകളിൽ കുപ്പിച്ചില്ലു പതിച്ച ആ വലിയ മതിലിൽ ചെന്നുതറച്ചു് തിരിച്ചുവരേണ്ടിവന്നു നോട്ടത്തിനു്.

മതിലിനും മുറിക്കും ഇടയ്ക്കു വീതികുറഞ്ഞ മുറ്റം മാത്രമേയുള്ളു.

തലേന്നു രാത്രി ഉമ്മറത്തു പൂച്ചെടികൾ കണ്ടതായി തോന്നി. ഇവിടെ യാതൊന്നുമില്ല. കുമ്മായക്കട്ടയും കല്ലും മണ്ണും എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞുകിടക്കുകയാണു്.

അവൾ മുറിയ്ക്കകത്തേയ്ക്കുതന്നെ തിരിഞ്ഞു.

മറ്റെ കിടക്കയിൽ ആളുണ്ടു്.

ചടച്ച ദേഹം. ഒരു കൈ കവിളിനോടുചേർത്തുവെച്ചു ചെരിഞ്ഞുകിടക്കുകയാണു്. പിന്നിയിട്ട നീണ്ട തലമുടി കട്ടിലിൽനിന്നു് താഴേയ്ക്കു് തൂങ്ങിക്കിടക്കുന്നു.

രാത്രിയിലത്തെ നീലവിരിപ്പു് തലയ്ക്കൽ മടക്കിവെച്ചിരിക്കുന്നു.

അപ്പോൾ അതു കിടക്കാനുള്ളതല്ല. എഴുന്നേറ്റാൽ മീതെ വിരിക്കാനുള്ളതാണു്.

അവൾ കിടക്ക മടക്കിവെച്ചു. പെട്ടി തുറന്നു ചീർപ്പെടുത്തു തലമുടി ഒതുക്കി.

അടുത്തെവിടെയോ പാത്രത്തിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു.

അവൾ വാതിൽ തുറന്നു. ലക്ഷ്മിയമ്മ പറഞ്ഞതുപോലെ വരാന്തയിൽ വിളക്കുകൾ കത്തുന്നുണ്ടു്.

കുളിമുറിയുടെ ഭാഗത്തു് ആൾ അനങ്ങുന്നുണ്ടു്.

അവൾ ഉമിക്കരിയും ഈർക്കിലിയും എടുത്തു പുറത്തു കടന്നു.

കുളിമുറിയിൽ എല്ലാം ആളുണ്ടു്. ഇറയത്തു രണ്ടു പൈപ്പുള്ളതിനു ചുറ്റും കൂടിയുണ്ടു് അഞ്ചെട്ടു കുട്ടികൾ.

അവിടെ ചൂടുപിടിച്ച വർത്തമാനമാണു്. അവളെ കണ്ടു് അവർ സംസാരം നിർത്തി. കുറച്ചുനേരത്തേക്കു നിശ്ശബ്ദമായി.

എല്ലാവരും അവളെത്തന്നെയാണു് നോക്കുന്നതെന്നു തോന്നി. അവൾ തല പൊക്കാതെ പൈപ്പിനടുത്തേക്കു ചെന്നു. വർത്തമാനം പിന്നെയും തുടങ്ങി. അവർ പറഞ്ഞതൊന്നും അവൾക്കു മനസ്സിലായില്ല. എല്ലാം ആ മാസ്റ്റരുടേയും ഈ മാസ്റ്റരുടേയും കാര്യം. അവൾ ഒരുവിധം കഴിച്ചു പോന്നു. മുറിയുടെ വാതിൽക്കൽ രണ്ടുകുട്ടികൾ അകത്തേയ്ക്കു നോക്കിനിന്നു ചിരിക്കുന്നു. അകത്തുനിന്നും ചിരിയുടെ ശബ്ദം കേൾക്കുന്നുണ്ടു്. നീണ്ട തലമുടിക്കാരിയെ പിടിച്ചുവലിച്ചുകൊണ്ടു് വേറൊരാൾ മുറിയിൽ നിന്നു് ഇറങ്ങിവന്നു.

“ഒന്നു വിടൂന്നു്. സാരി നേരെയാക്കട്ടെ.” തലമുടിക്കാരി പറയുന്നുണ്ടു്. ഉറക്കത്തിൽ പിടിച്ചെഴുന്നേൽപ്പിക്കാൻ വന്നവരായിരിക്കണം മറ്റവർ. “എന്റെ റൂംമേറ്റിന്റെ പൊടി കാണുന്നില്ല. രാത്രി കിടക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്നു. ഏതായാലും വാതിൽ ചാരിയേക്കാം.” തലമുടിക്കാരിയും മറ്റു മൂന്നുപേരും കൂടി പോയി.

അവൾ മുറിയ്ക്കകത്തുകയറി ഒരു കസേരയിൽ ഇരുപ്പുപിടിച്ചു. പുറത്തേയ്ക്കു നോക്കിയാൽ ഒന്നുമില്ല കാണാൻ.

വരാന്തയിലേക്കു് ഒരു ജനലുണ്ടു്. അതു തുറന്നിട്ടാൽ കുറച്ചു ഭേദമാണു്. നടുമുറ്റത്തിനു നാലുവശത്തുമായിട്ടാണു് കെട്ടിടം. ചെറിയ തോട്ടമുണ്ടു നടുവിൽ. സൂര്യകാന്തി വിടർന്നു നിൽക്കുന്നതു കണ്ടതാണു്. പുറത്തിറങ്ങിയപ്പോൾ വേറേയുമുണ്ടു് പൂക്കൾ.

പക്ഷേ, ആ ജനൽ തുറന്നിട്ടു വരാന്തയിൽകൂടി പോകുന്ന അപരിചിത മുഖങ്ങൾ കാണാൻ കഴിയില്ലെന്നു തോന്നി.

ഒരിക്കൽകൂടി മണി അടിക്കുന്നതു കേട്ടു.

എന്തിനാണാവോ?

അവളനങ്ങിയില്ല. പുറത്തേയ്ക്കിറങ്ങി ആരെയെങ്കിലും കണ്ടുപിടിച്ചു ചോദിക്കാനുള്ള മനഃസ്ഥിതിയില്ല.

ഏറെനേരം അവൾ ആ ഇരിപ്പിരുന്നു.

കൂറ്റൻ മതിലല്ല മുമ്പിൽ.

എള്ളിൻകുറ്റികൾ ഉണങ്ങിനിൽക്കുന്ന മൊട്ടക്കുന്നു്. താഴെ നാടപോലെ വളഞ്ഞുവളഞ്ഞു പോകുന്ന നിരത്തു്. പറങ്കിമാവിൻ തോപ്പു് ഒരു വശത്തു്.

അകലെ മാനംതൊട്ടുരുമ്മിയ നീലമലകൾ… പിന്നിൽനിന്നു് ഒരു ചുമകേട്ടു് അവൾ തിരിഞ്ഞു നോക്കി.

നീണ്ട തലമുടിക്കാരിയുണ്ടു് അവിടെനിന്നു പല്ലു മുഴുവൻ പുറത്തുകാട്ടി ചിരിക്കുന്നു.

പലകപ്പല്ലുകൾ.

അവൾക്കു് ആ ചിരി പിടിച്ചു.

“ഇന്നലെ രാത്രി വന്നു അല്ലേ?”

“അതേ”

“രമണി എന്നല്ലേ പേരു്. ഇന്നലെയേ അറിഞ്ഞു. അമ്മുവാണു് ഞാൻ. ചീത്തപ്പേരു് അല്ലേ. നല്ലൊരു പേരു കൂടി ആരും തന്നില്ല.”

“അമ്മു നല്ല പേരാണല്ലോ?”

“അസ്സലു പേരു്. അതു പേരാണോ? എനിക്കു് ആരും പേരിട്ടില്ല. അതാണു് പറ്റിയതു്. ഇരുപത്തിയെട്ടിന്റെ ദിവസമൊക്കെ വലിയ സുഖക്കേടായിരുന്നുവത്രേ. തീർന്നുപോകുമെന്നാണു് എല്ലാവരും വിചാരിച്ചതു്. അതുകൊണ്ടു പേരു വിളിക്കാനൊന്നും ആരും മിനക്കെട്ടില്ല. ചാകുന്നില്ലെന്നു കണ്ടപ്പോൾ എല്ലാവരും കൂടി അമ്മു എന്നു വിളിച്ചു തുടങ്ങി. അല്ലാതെ എനിക്കു ശരിക്കു പേരില്ല. അഞ്ചു രൂപ കൊടുത്തു വല്ല മന്ദാരലക്ഷ്മി എന്നോ മറ്റോ ആക്കണം ഇനി.”

അവൾ ചിരിച്ചു.

“രമണി കുളിക്കുന്നില്ലേ?”

“ഉവ്വു്.”

“ഈ ‘ര’ എന്തിനാണു്? മണി പോരേ? ഞാൻ അങ്ങിനെയേ വിളിക്കുള്ളൂ.”

“അങ്ങിനെയാണു് എല്ലാവരും പതിവു്.”

“അതുതന്നെ. മണി. അതാണു് രമണിയേക്കാൾ നല്ലതു്.”

“കുളിക്കാൻ പോകാം. പത്തിനു് കോളേജിൽ എത്തണ്ടേ?” തലമുടി പിന്നൽ അഴിച്ചുകൊണ്ടു് അമ്മു തുടർന്നു.

രണ്ടുപേരും തയാറായി പുറത്തേക്കു കടക്കാൻ തുടങ്ങുമ്പോൾ അമ്മു മേശപ്പുറത്തു കിടന്നിരുന്ന വലിയ പൂട്ടു് കയ്യിലെടുത്തു.

“രണ്ടാളും കൂടി പോവുകയല്ലേ മുറി പൂട്ടണം.”

“താക്കോല് ഇവിടെ എവിടെയെങ്കിലും വെച്ചിട്ടു പോവണ്ടേ? എന്നെക്കാളുംമുമ്പു് മണിയുടെ കുളി കഴിഞ്ഞാലോ. ഒരു പാടു് താമസമുണ്ടോ കുളിക്കാൻ? എനിക്കു് അഞ്ചു മിനുട്ടുമതി”.

അവൾ എന്തെങ്കിലും പറയുന്നതിനുമുമ്പു് അമ്മു ജനൽ തള്ളിത്തുറന്നു താക്കോൽ പടിയിന്മേൽ വെച്ചു. ചോദിക്കുന്നതിനൊന്നും മറുപടി കിട്ടണമെന്നില്ലാത്ത പ്രകൃതം. കുളിമുറിയിലേക്കു നടക്കുന്നതിനിടയിൽ പിന്നെയും തുടങ്ങി. “ഒരാഴ്ചയായി ഞാൻ വന്നിട്ടു്. ഇവിടത്തെ രീതികളൊക്കെ പഠിച്ചുപോയി. എന്റെ ചേട്ടനുണ്ടു് ഇവിടെ. എക്കണോമിക്സ് ഓണേഴ്സിനു പഠിക്കുന്നു. അവർക്കു നേർത്തേ തുറന്നു. ചേട്ടൻ പോന്നപ്പോൾ എന്നേയും അയച്ചു. കൊണ്ടാക്കാൻ വേറെ ആള് വരണ്ടല്ലോ” എന്നും പറഞ്ഞു് അവർ ഓരോ മുറിയിൽ കയറി വാതിലടച്ചു.

പൈപ്പ് തുറന്നിട്ടു ചുവട്ടിൽ നിൽക്കാൻ സുഖം തോന്നി. കിണറ്റിലെ വെള്ളത്തിന്നോളം തണുപ്പില്ല. എങ്കിലും വെള്ളം ശക്തിയിൽ ദേഹത്തിൽ കുത്തിവീഴുന്നതു് ഒരു സുഖമാണു്.

കുളി കഴിഞ്ഞു മുറിയിൽ എത്തിയപ്പോൾ അമ്മു മുഖത്തു പൌഡറിടുന്നു.

“വല്ലാത്ത കുളി തന്നെ. വെറുതെ ഞാൻ താക്കോലിവിടെ വെച്ചിട്ടുപോയി. എന്റെ കുളി കഴിഞ്ഞിട്ടു് അരമണിക്കൂറായി”.

അവൾ ചിരിക്കുകമാത്രം ചെയ്തു.

പൌഡറും ചാന്തും ഒക്കെ പുറത്തെടുത്തുവെച്ചു് തല നേരെയാക്കുമ്പോഴേക്കും മണി പിന്നേയും അടിച്ചു.

“വേഗമാവട്ടെ. കാപ്പി കുടിക്കാനുള്ള മണിയാണു്.” അമ്മു ധൃതികൂട്ടി. “നേരത്തേ ഒരു മണി അടിച്ചതെന്തിനാണു്?” മണി ചോദിച്ചു:

“ശിവനേ, ബെഡ്കോഫിക്കു്. ആറരക്കു് ഒരു കപ്പ് വെറും കാപ്പിയുണ്ടു്. അതു് അറിഞ്ഞുകൂടായിരുന്നോ? അപ്പോൾ ഇന്നു് ഒന്നും കഴിച്ചിട്ടില്ല. കാലത്തെഴുന്നേറ്റിട്ടു് അല്ലേ? അന്യായം. വേഗം വരൂ.”

അവൾ ഈറൻ തലമുടി തുമ്പു കെട്ടിയിട്ടു നടന്നു.

നടുമുറ്റത്തിനു് ഒരു പ്രദക്ഷിണം വെച്ചു് അങ്ങേ വശത്തെ ഇടനാഴിയിൽക്കൂടി, അവർ അകത്തു് ഊണുമുറിയിൽ കടന്നു.

തിരക്കാണവിടെ. എല്ലാവരും ഒരുമിച്ചു സംസാരിക്കുകയാണു്.

“പ്ലേറ്റു മേടിപ്പിച്ചിട്ടില്ല. ഉവ്വോ?”

അവൾ ഇല്ലെന്നു പറയുന്നതിനുമുമ്പുതന്നെ അമ്മു തുടർന്നു. “സാരമില്ല. രാമൻ നായരെക്കൊണ്ടു മേടിപ്പിക്കാം. ഇപ്പോൾ തൽക്കാലം ഞാൻ ശരിപ്പെടുത്താം. മണി എന്റെ എടുത്തോളു. ഞാൻ വേറെ ഉണ്ടാക്കിക്കൊള്ളാം.”

അമ്മു അടുത്തുനിന്നിരുന്ന വേറെ ഒരു കൂട്ടത്തിന്റെ നേർക്കുതിരിഞ്ഞു.

“ഒരു പ്ലേറ്റ് വേണമല്ലോ?”

“ദേ, ആ നീല എടുക്കാം. രാജമ്മയുടെയാണു്, അയാളിന്നലെ ലോക്കൽ ഗാർഡിയന്റെ വീട്ടിൽ പോയിരിക്കുകയാണു്. വൈകുന്നേരമേ വരുകയുള്ളു.” പച്ചസാരിയുടുത്ത ഒരു ഉണ്ടക്കുട്ടി പറഞ്ഞു.

“ഏയ്, ഇയാള് ഇന്നാളു മേടിച്ചതു പൊട്ടിപ്പോയോ?” കുറച്ചു മാറിനിന്ന ഒരു കണ്ണടക്കാരി വിളിച്ചുചോദിച്ചു.

“ഇല്ല. എന്റെ റൂംമേയ്റ്റിനുവേണ്ടിയാണു്. അതു് ഇന്നലെ രാത്രി വന്നതേയുള്ളു.” അമ്മു അവളുടെനേരെ തിരിഞ്ഞു.

“ദേ, ഇതാണു് മണി.”

“മണി, ഇവരൊക്കെ സീനിയേഴ്സാണു്. ഇന്ദിരപാർവ്വതി-കമല-”

മണി ചിരിച്ചുകൊണ്ടുനിന്നു. ആ മുഖങ്ങൾ ഒന്നും ശ്രദ്ധിക്കണമെന്നു് അവൾക്കു തോന്നിയില്ല. പേരുകൾ ഓർമ്മിക്കണമെന്നും. അവർ ഊണുമേശയ്ക്കടുത്തു സ്റ്റൂളുകളിൽ സ്ഥലം പിടിച്ചു.

ദോശയും ചമ്മന്തിയും വിളമ്പി. ഗ്ലാസുകളിൽ കാപ്പി നിറഞ്ഞു. ആ ഇരമ്പലിനിടയിൽ എങ്ങിനെ വല്ലതും കഴിക്കാനാണു് ? ഇന്നലെയും ഉണ്ടതല്ല. വിശപ്പുണ്ടു്.

അവൾ ഒന്നുരണ്ടെണ്ണം എങ്ങിനെയോ അകത്താക്കി.

അമ്മു അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു വർത്തമാനം പറയുകയാണു്. അവസാനം കഴിഞ്ഞു് എഴുന്നേറ്റുപോന്നു.

ഒമ്പതരമണിയായപ്പോൾ അവർ ഇറങ്ങാൻ തയ്യാറായി.

മണി സാരി ശരിക്കുടുത്തു. തലമുടിത്തുമ്പു പിന്നിയിട്ടു.

സർട്ടിഫിക്കറ്റും രൂപയും എടുത്തു പുറപ്പെടുമ്പോഴേയ്ക്കും വാതിൽക്കൽ മൂന്നുനാലുപേർ എത്തി. എല്ലാവരും ഒപ്പമാണു് ഇറങ്ങിയതു്.

നടുമിറ്റവും നാലു ഭാഗവും കെട്ടിടവും അങ്ങിനെയാണു് കോളേജ്. അവിടെയും തോട്ടമുണ്ടു്. നിറച്ചു പൂക്കളാണു്. നടുക്കു് ഒരു കൊച്ചു കുളവും. വെള്ളാമ്പൽ പാറിക്കിടപ്പുണ്ടു് അതിൽ.

അവർ മുകളിൽ ആപ്പീസിന്റെ അടുത്തുചെന്നുനിന്നു.

അവിടെ ഒരുകൂട്ടം നേരത്തേ സ്ഥലം പിടിച്ചിട്ടുണ്ടു്. അവൾ കുറച്ചു നീങ്ങി നിന്നു. എല്ലാവരും അടക്കിയ ശബ്ദത്തിൽ സംസാരിക്കുന്നുണ്ടു്. എല്ലാവർക്കുമുണ്ടു കൂട്ടുകാർ. ഒരേ സ്ക്കൂളിൽനിന്നു വന്നവർ ഓരോയിടത്തു കൂട്ടം ചേർന്നുനിന്നു വർത്തമാനമാണു്.

അമ്മുവിനു് അവിടെ മുഴുവൻ പരിചയക്കാരാണെന്നു തോന്നി. അവൾക്കുമാത്രം ആരുമില്ല. അവളുടെ സ്കൂളിൽ നിന്നു വേറെ ആരും വന്നിട്ടില്ല.

അവളെപ്പോലെ അത്ര ദൂരെനിന്നു വരുന്നവരേ ഇല്ലായിരിക്കും.

നിന്നു നിന്നു മടുത്തു. കാലുകഴച്ചുതുടങ്ങി. ഇരിക്കണമെങ്കിൽപ്പോലും ഒരിടമില്ല.

കുട്ടികളെ ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങിയതേയുള്ളു. ഒരു ശിപായിവന്നു് ഒരു പേർ വിളിച്ചുപറയും. ഒരു കുട്ടി അയാളുടെകൂടെ അകത്തേയ്ക്കുപോവുകയും ചെയ്യും.

ഇടയ്ക്കിടയ്ക്കു് ആൺകുട്ടികൾ മൂന്നും നാലും ചേർന്നു തിരിഞ്ഞുനോക്കിക്കൊണ്ടു് അതിലെ കടന്നുപോവും.

അകത്തു ക്ലോക്ക് പന്ത്രണ്ടടിച്ചു. ഒടുക്കം അവളുടെ പേരുവിളിച്ചു.

അമ്മു മുമ്പേ പോയിരുന്നു. അവൾ പുസ്തകം അടക്കിപ്പിടിച്ചുകൊണ്ടു ചെന്നു. ഉള്ളു മുഴുവൻ വിറയാണു്.

പ്രിൻസിപ്പൽ ചിരിച്ചുകൊണ്ടാണു സംസാരിച്ചതു്.

ഒരു കടലാസിൽ നോക്കി അവളുടെ മേൽവിലാസം ഉറക്കെ വായിച്ചു.

“ഹോസ്റ്റലിലല്ലേ താമസം?” ഇംഗ്ലീഷിലാണു ചോദ്യം വന്നതു്.

“അതെ.”

“ഭക്ഷണമൊക്കെ പിടുത്തമാണോ?”

“ഇന്നലെ വന്നതേയുള്ളു.” അതും അവൾ ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു.

പിന്നെ ഒന്നും ചോദിച്ചില്ല.

അവളുടെ സർട്ടിഫിക്കറ്റു വാങ്ങി മാർക്കുനോക്കി.

“ആ നല്ല മാർക്കുണ്ടല്ലോ. ഇവിടെയും ശ്രദ്ധിച്ചു പഠിക്കണം. ഫസ്റ്റ്ക്ലാസ് വാങ്ങിക്കണം കേട്ടോ.” അദ്ദേഹം ചിരിച്ചു് അകത്തേയ്ക്കുള്ള വാതിലിനു നേരെ തലകുലുക്കിക്കാണിച്ചു. “പൊയ്ക്കോളു.” രണ്ടുമൂന്നുപേർ ഉറുപ്പികയും കണക്കുബുക്കും ഒക്കെയായി ഇരിക്കുന്നുണ്ടു് അവിടെ.

അവൾ അതിലെ അടുത്ത മുറിയിലേയ്ക്കു കടന്നു.

മുമ്പേ വന്ന കുട്ടികൾ പോയിക്കഴിഞ്ഞിട്ടില്ല.

രൂപ നീട്ടിപ്പിടിച്ചു് അവളും നില്പായി.

കൊടുത്തു രശീതിയും മേടിച്ചിറങ്ങുമ്പോഴേയ്ക്കും സമയം കുറെയായി.

അപ്പുറത്തെ വരാന്തയിൽ ഉണ്ടായിരുന്നു അമ്മുവും കൂട്ടുകാരും എല്ലാം.

ആരും പോയിട്ടില്ല.

വേറെ ഒരു കുട്ടിയെ കാത്തു കുറച്ചുനേരംകൂടി നിന്നു. ഒന്നിനു കോളേജു വിടാനുള്ള മണി അടിച്ചപ്പോഴേ തിരിച്ചുള്ളു.

ഹോസ്റ്റലിൽ എത്തി നേരെ ഊണുമുറിയിലേക്കാണു ചെന്നതു്. കാലത്തതിനേക്കാളും തിരക്കാണവിടെ. ഒരു വിധം കഴിച്ചെന്നുവരുത്തി എഴുനേറ്റുപോന്നു.

മുറിയിൽ ചെന്നു കിടക്ക നിവർത്തി കിടന്നു.

ഉറങ്ങാൻ കുറെ നോക്കി പറ്റിയില്ല. തലയ്ക്കുമുകളിലെ മുറിയിൽ കുട്ടികൾ അനങ്ങുന്നതു താഴെ കിടന്നാൽ അറിയാം. അതും ശ്രദ്ധിച്ചുകൊണ്ടു് അവൾ കിടന്നു.

ചടച്ചു് ഇരുനിറത്തിൽ ഒരു കുട്ടിയേയുംകൊണ്ടു് അമ്മു കയറിവന്നു.

“അല്ല ഇവിടെ കിടക്കുകയാണോ?” ഉടനെ തുടങ്ങി. “ദാ, ഇവിടേയ്ക്കുള്ള മൂന്നാമത്തെ ആളാണു്. നളിനി. ഇപ്പോൾ വന്നതേയുള്ളു. ഈ മുറിയിലേക്കാണെന്നും പറഞ്ഞു മിസ്സ് ശാരദ എന്നെ ഏല്പിച്ചിട്ടു വിട്ടതാണു്.”

തലേദിവസത്തെ വേലക്കാരൻ പെട്ടിയും കിടക്കയും കൊണ്ടുവന്നു.

മൂന്നാമത്തെ കട്ടിലിലും ആളായി.

അമ്മുവും നളിനിയും കൂടി സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ടു് അവൾ കിടന്നു.

ചായ കുടിക്കാൻ മണി അടിച്ചു. ആ ജോലി കഴിഞ്ഞു തിരിച്ചുവരുമ്പോഴേയ്ക്കും നളിനിയുടെ ചേച്ചി എത്തി. നളിനിയെ വിളിക്കാൻ. ഹോസ്റ്റലിൽത്തന്നെയാണു് അതും. ബി. എ.-യ്ക്കു പഠിക്കുന്നു.

അവരുടെ കൂടെ അമ്മുവും പോയി. പിന്നെയും ഒറ്റയ്ക്കായി. പൂമുഖത്തെ ക്ലോക്ക് അഞ്ചടിക്കുന്നതു കേട്ടു.

വാതിൽക്കൽ ആരോ തട്ടി.

“തുറക്കാം.” അവൾ വിളിച്ചുപറഞ്ഞു.

വേലക്കാരൻ രാമൻനായർ.

“വിസിറ്റർ വന്നിരിക്കുന്നു.”

അവൾ എഴുന്നേറ്റു. അച്ഛനാണു്.

ഉമ്മറത്തു് അച്ഛൻ മിസ്സ് ശാരദയുമായി സംസാരിച്ചു നില്ക്കുകയാണു്.

അവളെക്കണ്ടു മിസ്സ് ശാരദ ഒന്നു ചിരിച്ചു് അകത്തേയ്ക്ക് കയറിപ്പോയി.

“കോളേജിൽ പോയില്ലേ?” അവൾ അടുത്തെത്തിയപ്പോൾ അച്ഛൻ ചോദിച്ചു.

“ഉവ്വു്. ചേർന്നു. ഇന്നും നാളെയും ക്ലാസില്ല. മറ്റന്നാൾ മുതൽക്കാണു് തുടങ്ങുന്നതു്.”

“ഫീസു കൊടുത്തില്ലേ?”

“കൊടുത്തു.”

“ബാക്കി രൂപ വല്ലതും കൈയിലുണ്ടോ? ഹോസ്റ്റലിൽ കൊടുക്കാനുള്ളതൊക്കെ ഞാൻ കൊടുത്തു. ഇനി ഈ മാസം കഴിഞ്ഞുമതി എന്നു് അവർപറഞ്ഞു. വേറെ വല്ലതിനും പണം വേണോ?”

“ഇപ്പോൾ വേണ്ട. എന്റെ കൈയിലുണ്ടു പത്തിരുപതു രൂപ.”

“ഉം. തല്ക്കാലം അതു മതിയാവും. പുസ്തകത്തിനുമൊക്കെ എന്തു വേണ്ടിവരുമെന്നു് അറിഞ്ഞു് എഴുതു. അയച്ചുതരാം. അത്യാവശ്യം വേണ്ടതു മാത്രം വാങ്ങിയാൽമതി. നീ മൂത്തതാണു്. ഇനിയും എനിക്കു പഠിപ്പിക്കാനാളുണ്ടെന്നു് ഓർമ്മിക്കണം.”

അവൾ ഒന്നും മിണ്ടിയില്ല.

“എന്നാൽ പിന്നെ ഞാൻ പോകട്ടെ. നാളെ അവധി എടുത്തിട്ടില്ല. രാത്രി വണ്ടിക്കു പോകണം.”

അതിനും അവൾ ഒന്നും പറഞ്ഞില്ല.

“വിശേഷം വല്ലതുമുണ്ടെങ്കിൽ എഴുതണം. പിന്നെ, മടിപിടിച്ചിരിക്കരുതു്. ശ്രദ്ധവെച്ചു പഠിയ്ക്കൂ.”

പണം വല്ലതും വേണോ?

വിശേഷമുണ്ടെങ്കിൽ എഴുതിയറിയിക്കണം.

നല്ലവണ്ണം പഠിക്കണം.

മകളെ ആദ്യമായിട്ടു് ദൂരെ വിട്ടിട്ടു പോരികയാണു്.

കരയുന്ന പതിവില്ലാത്തതുകൊണ്ടു് അവളുടെ കണ്ണു നിറഞ്ഞില്ല. അകം പുകഞ്ഞു.

തണ്ടു് എല്ലാം ദൂരെ എറിഞ്ഞു കിഴിഞ്ഞു പറയണമെന്നുതോന്നി. എനിക്കിതുവയ്യ അച്ഛാ. എന്നെക്കൂടി കൊണ്ടുപോകൂ എന്നു്.

പക്ഷേ, വാക്കുകൾ പുറത്തുവന്നില്ല.

അദ്ദേഹം കുറച്ചുനേരം സംശയിച്ചുനിന്നു.

“ഉം. അപ്പോൾ അങ്ങിനെയാവട്ടെ. വിവരത്തിനൊക്കെ എഴുതു. ഞാൻ ഇറങ്ങട്ടെ.”

പതിനേഴു്

പിറ്റേന്നും ഒരു ജോലിയുമില്ലാതെ കഴിച്ചുകൂട്ടേണ്ടി വന്നു. യാതൊന്നും ചെയ്യാനില്ല. വായിക്കാനൊരു പുസ്തകം കൂടിയില്ല. മുറയ്ക്കു മുറയ്ക്കു മണികൾ അടിക്കുന്നതുമാത്രമുണ്ടു ശ്രദ്ധിക്കാൻ. ഓരോ മണിയും അടിക്കുന്നതെന്തിനാണെന്നു പഠിച്ചുപോയി. കാലത്തു് അഞ്ചിനു് എഴുന്നേൽക്കാൻ. ആറരയ്ക്കു കാപ്പിയ്ക്കു്. ഒമ്പതിനു് പ്രാതലിനു്. ഒന്നിനു് ഊണിനു്. നാലിനു ചായക്കു്. വൈകുന്നേരം ഏഴിനു പ്രാർത്ഥിക്കാൻ. ഏഴരയ്ക്കു് ഉണ്ണാൻ. എട്ടിനു പഠിക്കാൻ. പത്തിനു പഠിത്തം നിർത്താൻ. പത്തരയ്ക്കു് കിടക്കാൻ.

മണി അടിക്കുമ്പോൾ വിശന്നാലും ഇല്ലെങ്കിലും ഉണ്ടോളണം. ഉറക്കം വന്നാലും ഇല്ലെങ്കിലും ഉറങ്ങിക്കോളണം.

തോന്നുമ്പോൾ കഴിക്കുക തോന്നുമ്പോൾ കിടക്കുക എന്ന രീതിക്കു കഴിഞ്ഞവർക്കു് ഈ ക്ലോക്കു തിരിച്ചുവെച്ചതുപോലത്തേ മട്ടിനോടു് അത്ര വേഗമങ്ങു് ഇണങ്ങുവാൻ സാധിക്കുമോ?

യാതൊരു തൊഴിലുമില്ലാതെ കഴിഞ്ഞ ആ ദിവസം ഒരു യുഗംപോലെ തോന്നി.

അമ്മു മുറിയിലിരിക്കുന്ന നേരം കുറവാണു്. അല്ലെങ്കിലും അതിന്റെ നിലക്കാത്ത വർത്തമാനം കേട്ടുകേട്ടു ചിലപ്പോൾ മടുത്തുപോകും. നളിനി ചേച്ചിയുടെ കൂടെയാണു് അധികനേരവും. അങ്ങിനെ അവൾ തനിച്ചാണു് അന്നത്തെ ദിവസം കഴിച്ചതു്.

ഉച്ചയായി. സീനിയർ കുട്ടികൾ ക്ലാസ്സിൽ പോയപ്പോൾ അവൾ മുകളിലൊക്കെ ഒന്നു കയറിനോക്കി. താഴത്തേതുപോലെതന്നെ മൂന്നു കട്ടിലുകളും മൂന്നു മേശകളും.

തുറന്നിട്ട ജനലുകളിൽക്കൂടി നീല വിരിപ്പുകൾ കണ്ടു കണ്ടു മടുത്തു. അവളേക്കൊണ്ടു മേടിപ്പിച്ചതാണു് തലേന്നു് അതുപോലെ ഒന്നു്. എല്ലാവർക്കും എല്ലായിടത്തും നീല വിരിപ്പുകൾ.

രാത്രി പതിനൊന്നും പന്ത്രണ്ടും എല്ലാം അടിക്കുന്നതു കേട്ടു. ഒരു വിധം നേരം വെളിച്ചമാക്കി.

കോളേജുണ്ടു്. ഒന്നുരണ്ടു നോട്ടുപുസ്തകങ്ങളും പേനയുമായി അവൾ നേരത്തെ തയ്യാറായി. ആഫീസിന്റെ അടുത്ത വലിയ ഹോളിലാണു് ക്ലാസെന്നു് അമ്മു പറഞ്ഞു. അവൾക്കു് എല്ലാം അറിയാം.

അവർ ചെല്ലുമ്പോഴേക്കും ആൺകുട്ടികൾ എത്തിക്കഴിഞ്ഞിരുന്നു. ഗ്യാലറിയിലെ ഒരു വരി മുഴുവൻ പെൺകുട്ടികൾക്കായി ഒഴിച്ചിട്ടിരിക്കുകയാണു്.

ബെല്ലടിച്ചപ്പോൾ തല മുഴുവൻ കഷണ്ടിയായ ഒരു മനുഷ്യൻ കയറി വന്നു. ഇംഗ്ലീഷ് പ്രൊഫസർ ആണു്.

അദ്ദേഹം പ്ലാറ്റ്ഫോമിൽ കയറി ഇരുന്നു. കുട്ടികളും ഇരുന്നു.

“ആൻസർ ടു യുവർ നംബേഴ്സ് പ്ലീസ്” പരുപരുത്ത ഒച്ച. 606, 607…

നമ്പറുകൾ വായന തുടങ്ങി. നമ്പർ നോക്കി വെച്ചോളണമെന്നു് അമ്മു നേരത്തേ പറഞ്ഞിരുന്നു.

ഓരോന്നു വിളിക്കുമ്പോൾ ഓരോരുത്തർ വിളികേട്ടു. യെസ് സർ. പ്രെസന്റ്സർ. ഹിയർ സർ. 649-650-651

അവളും എഴുന്നേറ്റു നിന്നു. 652, 653…

651. താൻ മണിയല്ല. 651 ആയിരിക്കുകയാണു്. വെറും മൂന്നക്കങ്ങൾ.

650 കഴിഞ്ഞു് അടുത്തതു്. 652-നു മുമ്പിലത്തതു്. നമ്പറു വായന കഴിഞ്ഞു് അദ്ദേഹം എന്തൊക്കെയോ പറയാൻ തുടങ്ങി. അവൾക്കു ശ്രദ്ധിക്കാൻ തോന്നിയില്ല.

പഠിക്കാനുള്ള പുസ്തകങ്ങളുടെ പേരു പറഞ്ഞു. എല്ലാവരും കുറിച്ചെടുത്തു. അവളും. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ക്ലാസ് വിട്ടു.

അവർ വരാന്ത മുഴുവൻ ചുറ്റി താഴത്തിറങ്ങി കുറച്ചു മാറിയുള്ള വെയിറ്റിങ്ങ് റൂമിൽ ചെന്നിരുന്നു. ക്ലാസില്ലാതെ വന്ന വേറെയും കുട്ടികൾ ഉണ്ടു് അവിടെ. എന്തൊരു തിരക്കു്.

ബെല്ലടിച്ചപ്പോൾ പിന്നെയും പുറപ്പെട്ടു. ആദ്യത്തെ മുറിയിലല്ല വേറൊന്നിലാണു് ക്ലാസ്.

നംബറു വിളിയും പ്രസംഗവും എല്ലാം അതേപോലെ തന്നെ.

മൂന്നാമത്തെ മണിക്കൂർ ഉച്ചയ്ക്കുശേഷം ക്ലാസില്ലെന്നു നോട്ടീസുവന്നു. ഹോസ്റ്റലിൽചെന്നു് ഊണു കഴിച്ചു.

ഒന്നും ചെയ്യാനില്ല. മുറിയിൽ അടച്ചിരുപ്പുതന്നെ.

സന്ധ്യയ്ക്കു് അവൾ ഒരിക്കൽകൂടി മുകളിൽ കയറി നടന്നു. കോണിയുടെ പിന്നിൽ ഒരു ജനൽ അടഞ്ഞുകിടപ്പുണ്ടു്. അതൊന്നു തുറക്കണമെന്നു തോന്നി. അവൾ കൈവരിയിൽ താങ്ങി പിടിച്ചു പിടിച്ചു നടന്നു ജനൽ തള്ളിത്തുറന്നു.

കഷ്ടിച്ചു നിൽക്കാനുള്ള സ്ഥലമേയുള്ളു. ജനൽക്കമ്പിയിൽ പിടിച്ചു് അവൾ ശ്വാസം അടക്കിനിന്നു. അവിടെ നിന്നാൽ കെട്ടിടങ്ങളുടെ മറവില്ലാതെ പടിഞ്ഞാറെ കായൽ ശരിക്കു കാണാം.

ചലനമില്ലാതെ നിവർന്നു കിടക്കുന്ന നീലജലപ്പരപ്പു്. പായ നിവർത്തിയ ഒരു കൊച്ചു വഞ്ചി പതുക്കെപ്പതുക്കെ നീങ്ങിവന്നു—റാണിയുടെ ഗാംഭീര്യത്തോടെ. അതു കൺമുന്നിൽ നിന്നു് മറയുന്നതുവരെ അവൾ തല തിരിച്ചു നോക്കി.

അക്കരെ തുരുത്തും ചെരിഞ്ഞ തെങ്ങുകളും കായലോരത്തു് ആകാശത്തിലേക്കു് തല ഉയർത്തി നിൽക്കുന്ന കൂറ്റൻ സ്തംഭങ്ങൾ.

ഏതോ പുസ്തകത്തിൽ ക്രെയിനുകളുടെ പടം കണ്ടിട്ടുണ്ടു്.

കല്ലു കയറ്റിയ ഒരു കെട്ടുവള്ളം വന്നു. രണ്ടാൾ ആഞ്ഞു കഴുക്കോൽ ഊന്നുന്നുണ്ടു്. അത്ര ദൂരെനിന്നും ഊന്നുന്നതിലുള്ള ശ്രമം ശരിക്കു കാണാം.

ഒരു തീബ്ബോട്ട് പുക തുപ്പിക്കൊണ്ടു് കടന്നുപോയി. പെട്ടെന്നു തുരുത്തിൽ വിളക്കുകൾ കത്തി.

താഴെ മണി അടിച്ചു.

പ്രാർത്ഥനക്കുള്ളതാണു്. അവൾ അനങ്ങിയില്ല.

നോക്കിനിൽക്കേ ഇരുട്ടു കൂടിക്കൂടിവന്നു.

തുരുത്തിലെ തെങ്ങുകൾ കാണാതായി. വരിവരിയായി വിളക്കുകൾ മാത്രം, തല ഉയർത്തി നിൽക്കുന്ന ക്രെയിനുകളും കാണാൻ വയ്യ. അവയുടെ അറ്റത്തെ തുടുത്ത വിളക്കുകൾ യാതൊരു ആധാരവുമില്ലാതെ പൊക്കത്തിൽ കത്തിനിന്നു. ഏതോ രാക്ഷസന്റെ തിളങ്ങുന്ന ചോരക്കണ്ണുകൾപോലെ.

വെള്ളത്തിൽക്കൂടി വെളിച്ചത്തിന്റെ ഒരു നാളം നീങ്ങിവന്നു. കൊച്ചു വഞ്ചിയിലെ മണ്ണെണ്ണ വിളക്കു്. പിന്നാലെ വേറൊരു വള്ളം. വെളുത്ത പായ അവ്യക്തമായി കാണാം.

കുറച്ചുനേരത്തേക്കു ജലപ്പരപ്പു ശൂന്യമായിക്കിടന്നു.

പെട്ടെന്നു വെള്ളത്തിന്റെ ഉപരിതലം വെള്ളി ഉരുക്കി ഒഴിച്ചപോലെയായി.

പൊടുന്നനവേ ചന്ദ്രൻ തെളിഞ്ഞുവോ? ഞൊടിയിടകൊണ്ടു മഴക്കാർ മാറി എന്നോ?

ജനൽപ്പഴുതിൽക്കൂടി മാത്രം കാണാവുന്ന നീർപ്പരപ്പിന്റെ കഷണത്തിനു മുകളിൽ വെള്ളിപ്പട്ടു കിടന്നുലഞ്ഞു. കൊച്ചു കൊച്ചു ചുളിവുകൾ തെളിയുന്നു, മായുന്നു.

“മണീ… മണീ…”

കോണിയിന്മേൽനിന്നാണു്. പിന്നിലെ വിളക്കു് ആരോ കത്തിച്ചു.

“മണീ… മണീ…”

അമ്മുവാണു്.

അവൾ വിളി കേട്ടില്ല.

“എവിടെ പോയിരിക്കുകയാണോ? മണീ…”

“ദേ ആ ജനലിന്മേൽ പിടിച്ചു നിൽക്കുന്നു.” നളിനിയുടെ ശബ്ദമാണെന്നുതോന്നി.

“ഇതു നല്ല കൂത്തു തന്നെ. ഇവിടെ പിടിച്ചുതൂങ്ങിക്കിടന്നു തപസ്സുചെയ്യുകയാണോ? ഈ കണ്ട വിളിയൊക്കെ വിളിച്ചിട്ടു്… ഇതിന്റെ ഇടയിൽച്ചെന്നു പറ്റാൻ ഏതായാലും കുറച്ചു പാടുപെട്ടിരിക്കണം.” അമ്മു തുടങ്ങിയാൽപിന്നെ നിർത്തുമോ?

മണി പതുക്കെ അഴിയിൽപ്പിടിച്ചു നടന്നുചെന്നു.

“ഇവിടെ നിന്നു് എന്തു ചെയ്യുകയായിരുന്നു. വിളിച്ചാലും വിളി കേക്കാതെ?”

അവൾ ഒന്നും മിണ്ടാതെ ചിരിച്ചുനിന്നു.

ഇരുട്ടത്തു് അകലെ വിളക്കുകൾ തെളിയുന്നതിലും വെള്ളത്തിനുമീതെ നിലാവു പരക്കുന്നതിലും കവിതയുണ്ടെന്നു പറഞ്ഞാൽ അവർക്കു മനസ്സിലാകുമോ?

അന്നുരാത്രി ഊണു കഴിഞ്ഞ ഉടൻ അവൾ നേരത്തെ കയറിക്കിടന്നു. കിടന്ന ഉടൻ ഉറങ്ങുകയും ചെയ്തു.

അടുത്ത ആഴ്ചമുതൽ ക്ലാസ്സിൽ ശരിക്കു പാഠം തുടങ്ങി. ഹോസ്റ്റലിലെ കുട്ടികളുമായും അവൾ കൂടുതൽ അടുക്കുവാൻ പഠിച്ചു. ദൂരെ വടക്കു നിന്നുവരുന്ന അവളുടെ വർത്തമാനത്തിലെ പ്രത്യേകതകൾ മറ്റു കുട്ടികൾ ഗൌനിക്കാതായി. അവൾ അവരുടെ രീതി മനസ്സിലാക്കി പകർത്തുവാനും തുടങ്ങി.

അങ്ങിനെ പുതിയ പരിതസ്ഥിതിയുമായി അവൾ ഒട്ടിച്ചേർന്നു.

കോളേജിൽ പൊതുവെ സുഖമാണു്. ക്ലാസുകൾ പ്രാക്ടിക്കലുകൾ എല്ലാം രസമാണു്. അവളുടെ അടുത്ത നമ്പറാണു് അമ്മു. ക്ലാസ്സിൽ അടുത്താണു് ഇരിക്കേണ്ടതു്. പ്രാക്ടിക്കലിനും ഒന്നിച്ചാണു്. ആ വായാടിപ്പെൺകുട്ടിയുമായി അവൾ കൂടുതൽ അടുക്കുകയാണു്. മനസ്സങ്ങനെ ഒരുവിധം ശരിപ്പെട്ടുവരുമ്പോഴാണു് അപ്പേട്ടന്റെ ഒരെഴുത്തു വന്നതു്.

ആറേഴു പേജുണ്ടു്. പരസ്പര ബന്ധമില്ലാതെ എഴുതിക്കൂട്ടിയിരിക്കുകയാണു്. പരീക്ഷയിൽ ജയിച്ചില്ല. ആ അടി കൂടി ആയപ്പോൾ സമനില തീരെ വിട്ടു.

“മണീ, എനിക്കിതു സഹിക്കാൻ വയ്യ, എന്റെ വേദന എഴുതി അയക്കാൻ എനിക്കു് നീയല്ലാതെ ആരുമില്ല.”

ഒരു നീണ്ട കരച്ചിലായിരുന്നു ആ എഴുത്തു്.

തകർച്ചയുടെ വക്കിലെത്തിയ ദുർബ്ബലഹൃദയത്തിന്റെ തേങ്ങൽ.

അവൾക്കു് അതുവരെ ഉണ്ടായിരുന്ന സമാധാനം മുഴുവൻ പോയി. അപ്പോൾ തന്നെ ഇരുന്നു മറുപടി എഴുതി. എഴുതിയതു രണ്ടാമതൊന്നു വായിച്ചുനോക്കുക കൂടി ചെയ്യാതെ അയക്കുകയും ചെയ്തു.

കണ്ടാൽ പറയുന്നതിൽ വളരെ കൂടുതൽ എഴുതി.

അതിനവൾ മറുപടി കാത്തു. പക്ഷേ, വന്നില്ല. യാതൊരു വർത്തമാനവുമില്ല. ഒരു മാസത്തോളമായി. അവസാനം എഴുത്തു വന്നു. ബോംബെയിൽ നിന്നു്…

അവിടെ ജോലിയുള്ള ഒരു കൂട്ടുകാരൻ വിളിച്ചിട്ടു പോയതാണു്. ഒരിക്കൽ കൂടി ആ പരീക്ഷക്കുതന്നെ എഴുതാൻ കഴിയില്ല. തിരിച്ചു ചെന്നു് ഇനിയും പഠിക്കാൻ വയ്യ.

പഴയതിൽ നിന്നൊക്കെ ഒന്നു മാറി നിൽക്കണം. പുതിയ ചുറ്റുപാടിൽ വേദന മറക്കാൻ കഴിഞ്ഞേക്കും.

ഉദ്യോഗം കിട്ടുമെന്നു് കൂട്ടുകാരൻ ഉറപ്പുപറയുന്നു. വേഗം കുറെ പണം ഉണ്ടാക്കുകയും വേണം. അച്ഛന്റെ കടം കുറച്ചു വിട്ടാനുണ്ടു്.

ആ എഴുത്തു വായിച്ചപ്പോൾ വല്ലായ്മകൂടുകയാണു് ചെയ്തതു്. ഏട്ടൻ പഠിച്ചു പാസ്സായി ഉദ്യോഗസ്ഥൻ ആവണമെന്നാണു് ആശിച്ചിരുന്നതു്. ബോംബെയിൽ കിടന്നു് അലഞ്ഞാൽ എന്തുകിട്ടാനാണു്.

അന്നു നിർബ്ബന്ധിച്ചു പരീക്ഷക്കയച്ചു തോറ്റില്ലായിരുന്നെങ്കിൽ ഇക്കൊല്ലം ശരിയ്ക്കു പഠിച്ചു എഴുതുമായിരുന്നോ എന്തോ?

ജോലിയിലിരുന്നു് എവിടെയെങ്കിലും പരീക്ഷയ്ക്കു ചേരാം എന്നു് എഴുതിയിരിക്കുന്നു. അതൊക്കെ എത്രകണ്ടു നടക്കും.

ഇനി വിചാരിച്ചിട്ടു കാര്യമെന്തു്? ജോലി ആയല്ലാതെ തിരിച്ചില്ല എന്നു തീർത്തു് എഴുതിയിട്ടുണ്ടു്. പണത്തിനു വിഷമം കാണും. ഇരിയ്ക്കുന്ന വീടല്ലാതെ വേറെ അധികമൊന്നുമില്ല അവർക്കു്. അതിൽതന്നെ കുറച്ചു കടവുമുണ്ടു്. ഏട്ടനു പഠിയ്ക്കണമെങ്കിൽ പണയമെഴുതിയേ പറ്റു.

മകൻ പണമുണ്ടാക്കാൻ പോയിട്ടു് ആ ചെറിയമ്മ ഒറ്റക്കു് എങ്ങനെ കഴിയുന്നോ എന്തോ? ചെയ്തതു ശരിയായോ എന്നതിനെപ്പറ്റി വ്യക്തമായ ഒരഭിപ്രായവും പറയാതെ അവൾ മറുപടി എഴുതി അയച്ചു.

എഴുത്തുകൾ പിന്നേയും വന്നു. ഇടയ്ക്കു് ചിലപ്പോൾ അടുപ്പിച്ചു ദിവസേന ഓരോന്നു വരും. പിന്നെ ഒന്നു രണ്ടാഴ്ചത്തേക്കു് മൌനം. പിന്നെയും മുറയ്ക്കു് തെരുതെരെ വരും.

ജോലി ഒന്നും ആയില്ല. മുട്ടിവിളിച്ച ഇടത്തൊന്നും വാതിൽ തുറക്കുന്നില്ല.

ഒരിടത്തു കിട്ടുമെന്നാവും കാണേണ്ടവരെയൊക്കെ കണ്ടു. ഇനി ഓർഡർ കൈയിൽ വാങ്ങുകയേ വേണ്ടു. ഇത്രയുമാവുമ്പോഴാണു് എന്തെങ്കിലും കാരണം പറഞ്ഞു് അപേക്ഷ തള്ളി വെറൊരാളെ എടുക്കുക.

ഒരെഴുത്തിൽ ഉടൻ ജോലി കിട്ടും, സകല വിഷമവും തീരാറായി എന്നായിരിക്കും. നേരെ അടുത്തതു നൈരാശ്യത്തിന്റെ അടിത്തട്ടുവരെ ചെന്നു നിന്നായിരിക്കും എഴുതുന്നതു്. യാതൊന്നും പ്രതീക്ഷിക്കാനില്ല. എല്ലാം നശിക്കാൻ പോവുകയാണു്.

വെളിച്ചത്തിനും ഇരുട്ടിനും ഇടക്കു മനസ്സു കിടന്നാടുന്നതു മുഴുവൻ ശരിയ്ക്കു് ആ എഴുത്തുകളിൽ ഉണ്ടു്.

ആ നല്ല കൂട്ടുകാരനു് താനൊരു ഭാരമാവുകയാണു് എന്ന വിചാരം ഒരുവശത്തു്. പണം അയച്ചുതരാൻ അമ്മയെ ബുദ്ധിമുട്ടിക്കണമല്ലോ എന്ന വിഷമം വേറൊരു വശത്തു്. ഒന്നും നേരെയാവാൻ പോകുന്നില്ല എന്നൊരു ബോധവും.

എഴുത്തുകളുടെ നിറം കറുത്തു കറുത്തു വരികയാണു്.

അവളുടെ ഉള്ളിൽ സ്ഥിരമായുണ്ടായിരുന്ന നിഴലുകളുടെ കൂട്ടത്തിൽ ഇതുംകൂടി സ്ഥലം പിടിച്ചു.

പക്ഷേ, ആകപ്പാടെ ജീവിതം ഉന്മേഷപൂർണ്ണമായിരുന്നു. കൂടുവിട്ടു് ആദ്യമായി പുറത്തുവന്ന ആവേശത്തോടെ ആത്മാവു് അവിടത്തെ സ്വതന്ത്ര വായു ഉൾക്കൊണ്ടു.

പുസ്തകങ്ങളെ സ്നേഹിച്ചിരുന്നവൾക്കു് ഒരു ഉത്സവംതന്നെ ആയിരുന്നു അവിടെ.

പതിനെട്ടു്

ഓണപ്പൂട്ടൽ തുടങ്ങുന്നതിനു മുമ്പു് അപ്പേട്ടന്റെ എഴുത്തുവന്നു. ഒരു കമ്പനിയിൽ ക്ലാർക്കായി ജോലി കിട്ടി. മിനക്കെട്ടു കുത്തിയിരിക്കേണ്ട പണിയാണു്. ശമ്പളവും മോശം. എങ്കിലും എന്തെങ്കിലും ഒന്നായല്ലോ.

അവധികഴിഞ്ഞു തിരിച്ചെത്തിയപ്പോൾ അവളും അമ്മുവും മാത്രമേ ഉണ്ടായിരുന്നുള്ളു മുറിയിൽ. നളിനിയുടെ കല്ല്യാണമാണു്. എല്ലാവർക്കും ക്ഷണം വന്നു. ഒന്നിച്ചു പണം പിരിച്ചു് ഒരു സമ്മാനവും അയച്ചു കൊടുത്തു. കല്ല്യാണം കഴിഞ്ഞു പിന്നെ ആ കുട്ടി പഠിയ്ക്കാൻ വന്നില്ല. മുറിയിൽ അവർ രണ്ടുപേരും തനിച്ചായി.

പതുക്കെ പതുക്കെ അവർ അടുത്തു.

ദക്ഷിണോത്തരധ്രുവങ്ങളുടെ അന്തരമുണ്ടു് സ്വഭാവങ്ങളിൽ.

ഒന്നു് എളുപ്പത്തിൽ ചിരിയ്ക്കുകയും അതുപോലെ കരയുകയും ചെയ്യുന്ന പ്രസരിപ്പുകാരി. നാവടക്കി ഇരിയ്ക്കുന്നതു വിഷമമാണവൾക്കു്. മറ്റതു് ഏറെ സമയവും പുസ്തകങ്ങളുമായി കഴിച്ചുകൂട്ടുന്ന ഗൌരവക്കാരി. ആരോടും അങ്ങിനെ ഇളകി സംസാരിയ്ക്കുകയില്ല.

ഇങ്ങിനത്തെ പ്രകൃതങ്ങൾ തമ്മിലല്ലേ അടുപ്പമുണ്ടാവുക. ഒരു ഭാഗത്തു് ആരാധനയും മറുഭാഗത്തു് വാത്സല്യവും.

ഒരു ദിവസം യാദൃച്ഛികമായി മണി കവിത എഴുതുമെന്നു മറ്റവൾ കണ്ടുപിടിയ്ക്കാൻ ഇടയായി. അപ്പേട്ടന്റെ ഉത്സാഹത്തിന്മേൽ നേർത്തേ ഒരെണ്ണം ഒരു മാസികയിൽ ഇട്ടിരുന്നു. ആ പഴയ ലക്കം പെട്ടിയിൽ കിടന്നിരുന്നതു് അമ്മു കാണാനിടയായി. ഉടനെ തട്ടിപ്പറിച്ചുകൊണ്ടു് ഓടി. അതും കൂടി ആയപ്പോൾ മുഴുവനായി.

അമ്മുവിന്റെ മണി എന്നാണു് അവൾ ആദ്യമാദ്യം കുട്ടികളുടെ ഇടയിൽ അറിയപ്പെട്ടിരുന്നതു തന്നെ. അവൾ എഴുതിയ വരികൾ അമ്മു ഉരുവിട്ടു കൊണ്ടു നടന്നു. മണി അങ്ങിനെ പറഞ്ഞു. മണി ഇങ്ങിനെ പറഞ്ഞു, ഇതു തന്നെ എപ്പോഴും വർത്തമാനം.

ആദ്യമാദ്യം ഇതൊന്നും മണിക്കു പിടിയ്ക്കാറില്ല. വികാരം പുറത്തുകാട്ടാതെ ശീലിച്ചവൾക്കു് ഇങ്ങിനെ വിളിച്ചുകൂവികൊണ്ടു് നടക്കുന്നതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇതെല്ലാം ആത്മാർത്ഥതയോടെയാണു്, കാണിക്കാൻ വേണ്ടി മാത്രമല്ല എന്നു് ബോദ്ധ്യപ്പെടാൻ കുറച്ചു കാലം വേണ്ടി വന്നു.

ഒരു ദിവസം അമ്മു എവിടെയൊക്കെയോ സർക്കീട്ടും കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ അവൾ എന്തോ വായിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. നേരം ഇരുട്ടി പഠിയ്ക്കാനുള്ള സമയമില്ല. പക്ഷേ, രസംപിടിച്ചു വായിയ്ക്കുകയാണു്. അമ്മു വന്നുകയറിയ ഉടൻ ബഹളം തുടങ്ങി. മണി ഇരുന്നു വായിയ്ക്കരുതു്. പുറത്തേക്കിറങ്ങിചെല്ലണം. കൂട്ടുകാർ ഷോപ്പിങ്ങ് കഴിഞ്ഞു കൊണ്ടുവന്നതു കാണണ്ടേ?

പുസ്തകം താഴത്തുവെക്കാൻ മനസ്സില്ലാത്തതുകൊണ്ടു് അവൾ ചെല്ലുന്നില്ല എന്നു പറഞ്ഞു. അമ്മു സമ്മതിയ്ക്കില്ല. ചെന്നേ തീരു. അവൾ കൂട്ടാക്കിയില്ല. പിടിയും വലിയുമായി പുസ്തകം തട്ടിപ്പറിക്കാൻ വന്നപ്പോൾ മണിയ്ക്കും ശുണ്ഠിവന്നു. കുറെ പിടിച്ചുനോക്കി. കിട്ടില്ലെന്നുകണ്ടു് ഒടുക്കം അമ്മു ഇറങ്ങിപ്പോയി. പോകുന്ന പോക്കിൽ വിളക്കും കെടുത്തി.

മണി എഴുന്നേറ്റു വാതിലടച്ചു അകത്തുനിന്നു കുറ്റിയിട്ടു. ലൈറ്റിട്ടു വായനയും തുടർന്നു.

കുറെനേരം കഴിഞ്ഞു് വാതിൽക്കൽ തട്ടി എന്നു തോന്നി. അവൾ ശ്രദ്ധിച്ചില്ല. തുറന്നതുമില്ല.

അന്നു പിന്നെ അമ്മു മുറിയിൽ വന്നതേയില്ല. ഉണ്ണാൻ ചെന്നപ്പോൾ അവിടെയും കണ്ടില്ല. പത്തരവരെ നോക്കിയിരുന്നു. കൂട്ടുകാരുടെ വല്ലവരുടേയും മുറിയിൽ ചെന്നു കിടന്നുകാണും. അവൾ അന്വേഷിയ്ക്കാൻ പോയില്ല.

പിറ്റേന്നു കുളികഴിഞ്ഞു തിരിച്ചുവരുമ്പോൾ മുറിയിൽ അനക്കം കേട്ടു. അവൾ ഇല്ലാത്തപ്പോൾ എണ്ണയും സോപ്പും എടുത്തുകൊണ്ടുപോകാൻ വന്നിരിയ്ക്കുകയാണു്.

കൊണ്ടുപോകട്ടെ എന്നാണു് ആദ്യം തോന്നിയതു്. പക്ഷേ, എല്ലാം അടക്കിപ്പിടിച്ചു പുറത്തേയ്ക്കു കടക്കാൻ തുടങ്ങുന്നതു കണ്ടപ്പോൾ കഷ്ടം തോന്നി.

അവൾ പതുക്കെ പിന്നിൽനിന്നു വിളിച്ചു: “അമ്മൂ…”

അമ്മു നിന്നു. തിരിഞ്ഞില്ല. കരച്ചിൽ പൊട്ടി. സമാധാനമാക്കാൻ പിന്നെ അരമണിക്കൂർ പാടുപെടേണ്ടിവന്നു.

വേദനിപ്പിച്ചാൽ ഏറ്റ ആൾക്കു് ഏല്പിച്ച ആളുടെമേൽ അധികാരംകിട്ടുകയായി അതോടെ.

വേദനയിലൂടെയല്ലേ സ്നേഹത്തിന്റെ കണ്ണികൾ മുറുകുന്നതു്.

രാത്രിയും പകലും ഒരുമിച്ചു കഴിയുന്നവർ തമ്മിൽ വീട്ടുകാര്യം സംസാരിച്ചുപോവും. മണിയ്ക്കു് ആ കാര്യം മിണ്ടുന്നതു് ഇഷ്ടമല്ല. പക്ഷേ, അപ്പോഴപ്പോഴായി പറഞ്ഞുപോയിട്ടുള്ളതിൽനിന്നു് കൂട്ടുകാരിയ്ക്കു കുറെയൊക്കെ മനസ്സിലായി.

അടുപ്പം ഒന്നുകൂടി കൂടി.

അമ്മു ഓണേഴ്സിനു് പഠിയ്ക്കുന്ന അവളുടെ ചേട്ടനെ മണിയുമായി പരിചയപ്പെടുത്തി. ഒരുപാടു വായിച്ചു് അറിവും പ്രായത്തിൽ കവിഞ്ഞ പാകതയുമുള്ള ചെറുപ്പക്കാരൻ.

ചേട്ടൻ വരുമ്പോഴെല്ലാം അമ്മു ഓടിവന്നു് അവളെ വിളിയ്ക്കും. ആദ്യമൊക്കെ അവൾ മടിച്ചു. പിന്നെപ്പിന്നെ ആ സന്ദർശനങ്ങൾ അവൾ ഇഷ്ടപ്പെട്ടു തുടങ്ങി.

അവളുടെ ആർത്തിപിടിച്ച ലക്കില്ലാത്ത വായനയെ ഒരു വഴിയ്ക്കു തിരിച്ചുവിട്ടതു് അയാളാണു്. അയാൾ പുസ്തകങ്ങൾ പറഞ്ഞുകൊടുത്തു. അവൾ ലൈബ്രറിയിൽനിന്നു കണ്ടുപിടിച്ചു വായിച്ചു. വായന കഴിഞ്ഞാൽ പുസ്തകത്തിനെപ്പറ്റി രണ്ടുപേജ് എഴുതണമെന്നാണു് ചട്ടം. ഒന്നു രണ്ടു് എണ്ണത്തിനു് അവളങ്ങിനെ ചെയ്തു. പിന്നെ ആ പതിവു തനിയെനിന്നു. പുതിയതു പുതിയതു വാരി വിഴുങ്ങുന്ന ധൃതിയാണു്. എത്ര ആയാലും മതിയാവുന്നില്ല.

അവൾ കവിതകൾ എഴുതി. എഴുതിക്കഴിഞ്ഞു വായിക്കുമ്പോൾ പിടിയ്ക്കില്ല. വലിച്ചുകീറും. പിന്നെയും എഴുതും. സ്വച്ഛാകാശത്തിന്റെ നീലിമ വർണ്ണിയ്ക്കുന്ന കവിതകൾ.

ബന്ധനത്തിൽ ജനിച്ചു വളർന്ന കിളി ആദ്യമായി കൂട്ടിൽനിന്നു പുറത്തു കടന്നു സ്വതന്ത്ര്യത്തിന്റെ ലഹരിയിൽ മയങ്ങി ഉയരത്തിൽ ഉയരത്തിൽ പറക്കുകയാണു്.

സ്വന്തം ചിറകടിയുടെ ഒച്ച ഇത്രയ്ക്കു മനോഹരമാണോ? അതു കേട്ടുകൊണ്ടിരിയ്ക്കുന്നതു് ഇത്രയ്ക്കാനന്ദമാണോ?

ശബ്ദം നിലയ്ക്കാതിരിക്കാൻ അതു മുകളിൽ വട്ടമിട്ടു പറന്നു.

ഉയരത്തിൽ… ഉയരത്തിൽ

ഇനിയും ഇനിയും ഉയരത്തിൽ…

ലക്ഷ്യസ്ഥാനമില്ല. എങ്ങും എത്താനില്ല.

എത്തണമെന്നുമില്ല.

കൂട്ടിലെ അഴികൾക്കിടയിൽക്കൂടി മാനത്തിന്റെ കോണു് മാടിവിളിച്ചപ്പോൾ, ദൂരെദൂരെനിന്നു സംഗീതം അലയടിച്ചു് അലയടിച്ചു് വന്നപ്പോൾ എത്ര കൊതിച്ചു കാത്തിരുന്നതാണു് ഈ മുഹൂർത്തം.

ഇതിന്റെ മാദകത്വം എന്നും മായാതെ നിന്നിരുന്നെങ്കിൽ

ഒരിയ്ക്കൽ ഒന്നു് എഴുതിവെച്ചിരുന്നതു് അമ്മു കണ്ടുപിടിച്ചു് എടുത്തു ഏട്ടനെ ഏല്പിച്ചു. അയാളതു കോളേജു മാസികയിൽ ഇടാൻ കൊടുത്തു.

പതിവായി ഇടയ്ക്കിടയ്ക്കു വല്ലതും എഴുതും. അമ്മുവിന്റെ ചേട്ടൻ കൊണ്ടുപോയി പ്രസിദ്ധീകരിയ്ക്കാൻ ഏർപ്പാടും ചെയ്യും. അവിടെനിന്നു തന്നെ പുറപ്പെടുന്ന ആഴ്ചപ്പതിപ്പിൽ ഒന്നുരണ്ടെണ്ണം വന്നു. കവിതക്കാരി എന്നൊരു പേരങ്ങിനെ പരന്നു.

കുട്ടികളുടെ ഇടയിൽ അവളൊരു വ്യക്തിയായി വരികയാണു്. കണ്ടാൽ നല്ലതാണെങ്കിൽ ആരാധകരെ കിട്ടാൻ വിഷമമുണ്ടോ?

അദ്ധ്യാപകരും കൂട്ടുകാരും കൂടി നിർബ്ബന്ധിച്ചു് അവളെ നാടകങ്ങൾക്കും മറ്റും ചേർത്തു. ആദ്യമൊക്കെ ഭയമായിരുന്നു. നിർബ്ബന്ധത്തിനു വഴങ്ങിയാണു് തുടങ്ങിയതു്. പക്ഷേ, വളരെ വേഗം അവളതു് ആസ്വദിയ്ക്കാൻ തുടങ്ങി. വേറൊരാളായി ജീവിയ്ക്കുന്നതിൽ ആനന്ദമുണ്ടു്.

മാനൊന്നിച്ചു വളർന്ന മുനികന്യകയായും കമലാകാന്തനോടു പരാതി പറയുന്ന ദ്രുപദനന്ദിനിയായും അവൾ അരങ്ങത്തുവന്നു. കണ്ണിൽ വിഷാദവും ചുണ്ടത്തു പുഞ്ചിരിയുമായി അവൾ ഭാരതാംബികയായി നിന്നു. ടാബ്ലോകളിലും നാടകങ്ങളിലും എല്ലാം അവൾ ഉണ്ടു്.

അങ്ങിനെ കോളേജു ജീവിതത്തിലെ രണ്ടു കൊല്ലം ഉല്ലാസമായി കഴിഞ്ഞു കൂടി. സകല പ്രവർത്തനങ്ങളിലും അവൾ പങ്കെടുത്തു. യാതൊന്നും വിട്ടുകളഞ്ഞില്ല. കളിയ്ക്കും കാര്യത്തിനും എല്ലാം ഉണ്ടു്.

പിന്നാലെ വരുന്ന നിഴലുകളിൽനിന്നും രക്ഷപ്പെടാനുള്ള വെമ്പൽ… അപ്പേട്ടന്റെ എഴുത്തു് ഇടയ്ക്കിടയ്ക്കു് വരും. അവിടത്തെ വിരസമായ ജീവിതത്തെപ്പറ്റി പരാതികളായിരിക്കും ഒട്ടുമുക്കാലും. വായിച്ച പുസ്തകങ്ങളേയോ കണ്ട സിനിമകളേയോപറ്റി വിവരണമായിരിയ്ക്കും ചിലതിൽ.

മിക്കതിനും അവൾ മറുപടി എഴുതി. എന്തെല്ലാം വായിയ്ക്കുന്നു എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം വർണ്ണിയ്ക്കുന്ന എഴുത്തുകൾ. അവളിലെ നീറുന്ന വശം കഴിയുന്നതും അവൾ അപ്പേട്ടനെ കാണിയ്ക്കാറില്ല. സ്വന്തം വേദനകൾ തന്നെ ഉണ്ടു് പാവത്തിനു വേണ്ടുവോളം.

ഇതിന്റെയെല്ലാമിടയിലും അവൾ പരീക്ഷയിൽ മാർക്ക് മേടിക്കുവാൻവേണ്ടി പഠിയ്ക്കാൻ വിട്ടുപോയില്ല. അച്ഛൻ എന്ന ശക്തി എപ്പോഴും ഉള്ളിന്റെ കോണിൽ ഉണ്ടായിരുന്നതുകൊണ്ടു് ആ കാര്യത്തിൽ ഒരിയ്ക്കലും ഉപേക്ഷയൊന്നും വന്നില്ല.

അവസാനത്തെ പരീക്ഷയുമായി, കുറച്ചുദിവസം രാത്രി പകലാക്കി ഇരുന്നുതന്നെ പഠിച്ചു. പത്തരക്കു ശേഷം വിളക്കു കത്തിക്കരുതെന്നാണു നിയമം. പക്ഷേ, ആരും അറിയാതെ മെഴുകുതിരി കത്തിച്ചുവെച്ചു് അവൾ മുറിയിൽ ഇരുന്നു പഠിച്ചു. അതും ഇതുമായി നടന്നു് ഒടുക്കം നേരെചൊവ്വേ ജയിച്ചില്ലെങ്കിൽ ഇതോടെ പഠിത്തം അവസാനിയ്ക്കും.

എല്ലാം ഒരുവിധം എഴുതി പ്രാക്ടിയ്ക്കൽ പരീക്ഷയും ഒരുമാതിരിയൊക്കെ ചെയ്തു.

പിരിഞ്ഞുപോകേണ്ട ദിവസമായി. ഗോപു അവളെ കാത്തുനിൽപ്പുണ്ടു്. അക്കൊല്ലം അവനും സ്കൂൾ കഴിഞ്ഞു് അവിടെ ചേർന്നിരിയ്ക്കുകയാണു്. അവളെ സൂക്ഷിക്കാൻ കൂടിയായിരിയ്ക്കണം അച്ഛൻ അവനേയും അങ്ങോട്ടയച്ചതു്. പരീക്ഷയൊക്കെ കഴിഞ്ഞു് അവൾക്കുവേണ്ടി കാത്തു താമസിയ്ക്കയാണു് അവൻ.

ഇറങ്ങേണ്ട സമയമായി സാമാനങ്ങളും എടുപ്പിച്ചു ഗോപു മുമ്പേ നടന്നുകഴിഞ്ഞു.

അമ്മു അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.

പത്തൊൻപതു്

ആ അവധിക്കാലം വിഷമം പിടിച്ചതായിരുന്നു. കൊച്ചനിയനു് ഒന്നു മാറിയാൽ വേറൊന്നായി എപ്പോഴും സുഖക്കേടു്. ചെറിയമ്മയ്ക്കും നല്ല സുഖമില്ല. വാതമാണു്. കഷായം വെയ്ക്കുന്നതും എല്ലാം അവളാണു്. പണ്ടത്തെപ്പോലെ ഗോപുവിനെ സഹായത്തിനു വിളിയ്ക്കാൻ ഇപ്പോൾ തോന്നുന്നില്ല. അവൻ ആളു വലുതായി. ഒരു കൊല്ലത്തെ ഹോസ്റ്റൽ ജീവിതംകൊണ്ടു് ആകെ മാറിപ്പോയി. പണ്ടത്തെ മട്ടൊന്നുമല്ല. പകൽ വീട്ടിൽ കാണുകതന്നെ ഇല്ല.

റിസൾട്ട് വരുന്നതു് ആകാംക്ഷയോടെ കാത്തുകാത്തു് അവൾ കഴിച്ചുകൂട്ടി. അമ്മുവിന്റെ എഴുത്തു് ഇടയ്ക്കുവരും, വേറെ ഒന്നുരണ്ടു് കൂട്ടുകാരും എഴുതും. അതുമാത്രമാണു് ആശ്വാസം. അപ്പേട്ടൻ വീട്ടിലേയ്ക്കു് എഴുത്തയയ്ക്കില്ല.

റിസൾട്ട് അറിഞ്ഞു. ഗോപുവാണു് പേപ്പറും കൊണ്ടുവന്നതു്. ഫസ്റ്റ് ക്ലാസ്സുണ്ടു്.

അന്നു മുഴുവൻ മുള്ളിന്മേലാണു കഴിച്ചുകൂട്ടിയതു്. അച്ഛൻ വീട്ടിലില്ല, ഇനി എന്താണെന്നു് നിശ്ചയിക്കണമെങ്കിൽ വന്നിട്ടുവേണ്ടേ?

പിറ്റേ ദിവസം വൈകുന്നേരമായപ്പോഴേക്കേ അച്ഛൻ എത്തിയുള്ളു.

അന്നു പിന്നെ ഒന്നും പറഞ്ഞില്ല.

അവൾക്കു രാത്രി കിടന്നിട്ടു് ഉറക്കം വന്നില്ല. അച്ഛൻ ഒന്നും പറയില്ലേ? ഇനി അയയ്ക്കില്ലേ പഠിയ്ക്കാൻ?

കാലത്തു ചെറിയമ്മ വന്നു ചോദിച്ചു അവൾക്കു് എന്തിനു പഠിയ്ക്കണമെന്നാണു് ആഗ്രഹമെന്നു്. ഒരു നിമിഷനേരത്തേയ്ക്കു് അവൾ അമ്പരന്നുനിന്നു. ഇങ്ങിനെ ഒരു ചോദ്യം പ്രതീക്ഷിച്ചതല്ല. അച്ഛൻ നിശ്ചയിച്ചു അതിനു പഠിച്ചോളാൻ പറയുമെന്നല്ലാതെ അവളോടു് അഭിപ്രായം ചോദിയ്ക്കുക…

“എന്താ? പഠിയ്ക്കണ്ടാന്നാണോ നിനക്ക്?” സംശയിച്ചുനില്ക്കുന്നതു കണ്ടു ചെറിയമ്മ ചോദിച്ചു.

പഠിയ്ക്കണ്ടാ എന്നോ? ദൈവമേ! ഒരു ഞൊടിയിടകൊണ്ടു് അവൾ എന്തൊക്കെയോ ആലോചിച്ചു.

“ഇംഗ്ലീഷ് ഓണേഴ്സിനു പഠിയ്ക്കണം”

“പറഞ്ഞോട്ടെ അതാണു് വേണ്ടതെന്നു്?”

“ഓ.”

മൂന്നുനാലു ദിവസത്തിനകം അപേക്ഷ അയച്ചു.

ഗോപു പോയിക്കഴിഞ്ഞാണു് പ്രവേശനംകിട്ടി എന്നു് എഴുതി വന്നതു്. ഇത്തവണ അച്ഛൻ അവളെ തീവണ്ടികയറ്റി വിട്ടതേയുള്ളു. ഇറങ്ങാൻ സമയത്തു സ്റ്റേഷനിൽ ഗോപു കാത്തുനിന്നിരുന്നു.

മിശ്രവികാരങ്ങളോടെയാണു് അവൾ ഹോസ്റ്റൽ ജീവിതം ആരംഭിച്ചതു്. അമ്മു വരില്ല. പഠിത്തം മതിയാക്കി. കല്ല്യാണാലോചന തകൃതിയായി നടക്കുകയാണു് അവൾക്കു്.

മുറിയിൽ കൂട്ടിനു പുതിയ വല്ലവരും ആയിരിക്കും. ക്ലാസ്സുകൾ എല്ലാം പുതിയ രീതിയ്ക്കാണു്. പ്രാക്ടിക്കലും ഒന്നുമില്ല. കുട്ടികളും കുറച്ചേ കാണുള്ളു.

ഇന്റർവ്യൂവിനു ചെന്ന ദിവസമാണു മനസ്സിലായതു് ആരെല്ലാമാണു് കൂടെ എന്നു്. പെൺകുട്ടിയായിട്ടു വേറെ ഒരാൾകൂടിയേ ഉള്ളു. വിജയാദേവി. ഒന്നിച്ചു രണ്ടുകൊല്ലം പഠിച്ചതാണെങ്കിലും യാതൊരടുപ്പവും ഉണ്ടായിട്ടില്ല. ഒന്നിനും മുമ്പിലേയ്ക്കുവരാത്ത പ്രകൃതം. അവൾക്കു മണിയെ പരിചയമുണ്ടു്. പക്ഷേ, മണിക്കു പേരുപോലും ചോദിച്ചു മനസ്സിലാക്കേണ്ടിവന്നു.

ആൺകുട്ടികളിൽ ബാലചന്ദ്രനെ മാത്രമേ നേരത്തേ പരിചയമുള്ളു. വേറെ ആരെയും അറിയില്ല. ഒന്നുരണ്ടുപേർ അവിടെത്തന്നെ ഗ്രൂപ്പ് എടുത്തു പഠിച്ചവർ. ബാക്കി വേറെ കോളേജിൽനിന്നു വന്നവരും. ആകപ്പാടെ ഏഴുപേർ.

ആ ബാലചന്ദ്രൻ ഇതിനു വരുമെന്നു വിചാരിച്ചതല്ല. ഇന്റെർമീഡിയറ്റിനു് ആയിരുന്നപ്പോൾ പ്രാക്ടിക്കൽ ചെയ്യുന്നതു നന്നാലുപേരുള്ള ബാച്ചുകൾ ആയിട്ടാണു്. പെൺകുട്ടികൾതന്നെ ആയിട്ടാണു് അവരുടെ ബാച്ചുകൾ. ഒന്നിനുമാത്രം എണ്ണം തികയാഞ്ഞിട്ടു് ഒരാൺകുട്ടിയെ ഇട്ടിരുന്നു.

മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയും. മണിയും അമ്മുവും ഒരു മീനാക്ഷിയും ഈ ബാലചന്ദ്രനും. പാവം. അയാളെ പെടുത്തിയിട്ടുള്ള പാടു ചില്ലറയല്ല. അമ്മുവല്ലേ ആൾ? വെറുതെ വിടുമോ? മീനാക്ഷിയും ഒട്ടും മോശമല്ല. എല്ലാവരും കൂടി ഒന്നിച്ചുചെയ്യേണ്ട എക്സ്പെരിമെന്റുകൾ ഉണ്ടു്. അയാളെക്കൊണ്ടു തൊടീക്കില്ല അവർ. മണിയാണു കഷ്ടം തോന്നി അവസാനം വന്നുനോക്കിക്കോളാനെങ്കിലും പറയുക. അല്ലെങ്കിൽ അയാൾ എവിടെയെങ്കിലും ഒരിടത്തു മാറിനിൽക്കും, അനങ്ങാതെ. മറ്റു ആൺകുട്ടികൾ നോക്കി ചിരിയ്ക്കുകയും.

അയാൾ ഇങ്ങിനെ മാറിനിൽക്കുന്നതു കൊള്ളരുതായ്മകൊണ്ടാണു് എന്നാണു് അമ്മുവിന്റെ വാദം. ചുണയുണ്ടെങ്കിൽ അയാൾക്കും വന്നു വല്ലതും ചെയ്തുകൂടേ?

അവൾ മാത്രമേ കാണൂ അയാളുടെ ഭാഗം പറയാൻ. പെണ്ണുങ്ങളുടെ ഇടയിൽപെട്ടതു് അയാളുടെ കുറ്റമാണോ? അവരുടെ നടുക്കു് അയാൾ എങ്ങിനെയാണു തള്ളിക്കയറിവന്നു വല്ലതും ചെയ്യുക? എന്നാൽ പിന്നെ കൊള്ളരുതാത്തവൻ എന്നല്ല വേറെ വല്ലതും ആയിരിയ്ക്കും കേൾക്കുക.

ഹോസ്റ്റലിൽ വന്നിരുന്നു് എല്ലാവരും കൂടി വായ തോരാതെ ചീത്തപറയും. പറയാൻ കാരണമുണ്ടു്. കഷ്ടകാലത്തിനു ക്ലാസ്സിൽ പെൺകുട്ടികൾ ഇരിയ്ക്കുന്ന വരിയുടെ അടുത്താണു് അയാളുടെ സീറ്റ്, ഒരു നിവൃത്തിയുണ്ടെങ്കിൽ മേശപ്പുറത്തു തലചായ്ച്ചു കിടക്കുകയേ ഉള്ളു അയാൾ. തല പൊക്കിപ്പിടിയ്ക്കാനുള്ള ചുണകൂടി ഇല്ല എന്നാണു് അപ്പോൾ പറയുക.

അയാളുടെ അലക്കിത്തേച്ച ഫുൾസ്ലീവ് ഷർട്ടും പാന്റും എന്തോ ഭയങ്കര നൈരാശ്യം പറ്റി എന്ന മട്ടിലുള്ള നടപ്പും എല്ലാംകൂടി കാണുമ്പോൾ അമ്മുവിനു കലിവരും. സുന്ദരവിഡ്ഢി, പഴങ്കഞ്ഞി—അങ്ങിനെ പോകും അയാളുടെ പര്യായങ്ങൾ…

പ്രിൻസിപ്പലിന്റെ മുറിക്കുമുമ്പിൽ അയാളെ കണ്ടപ്പോൾ അവൾക്കു ചിരിവന്നു പോയി. പിന്നെയും അയാൾ വന്നുപെട്ടല്ലോ കൂടെ എന്നോർത്തു്.

കണ്ട ഉടൻ അയാൾ ഓടിവന്നു, വർത്തമാനം പറയാൻ. അവൾക്കു് എത്ര മാർക്കു കിട്ടിയെന്നറിയണം. ഉടനെ അയാളുടെ മാർക്കുകൾ പറഞ്ഞു. അയാൾക്കു ക്ലാസ്സുകിട്ടാതെ പോയതിന്റെ കാരണങ്ങൾ—ഓണേഴ്സിനു പഠിയ്ക്കുന്നതിനുള്ള വിഷമം—അക്കൊല്ലം ആർക്കെല്ലാം ക്ലാസ്സുകിട്ടി—അങ്ങിനെ ഒരു നീണ്ടപ്രസംഗം. അവൾ ഒരുവിധം ചിരിക്കാതെ കഴിച്ചുകൂട്ടി.

വിജയയും അവളും കൂടി ടൈംടേബിൾ നോക്കി തിരിച്ചു പോന്നു. ശരിക്കു ക്ലാസ്സുകൾ ഒന്നുമില്ല. വല്ലപ്പോഴും ഒരു ക്ലാസ്സു കാണും. ബാക്കിയൊക്കെ തന്നത്താൻ വായിച്ചു് ഉണ്ടാക്കണം. പരിപൂർണ്ണ സ്വാതന്ത്ര്യമാണു്. വിജയയുടെ വീടു് അടുത്തുതന്നെയാണു്. ഹോസ്റ്റലിൽ അല്ല താമസം. മണി തനിയെ തിരിച്ചുപോന്നു, വൈകുന്നേരം തന്നെ അമ്മുവിന്റെ ചേട്ടൻ കാണാൻ വന്നു. അമ്മുവിന്റെ കല്യാണം ഉറച്ചു. ആ മാസം അവസാനം കാണും.

കല്യാണക്ഷണം അമ്മുവിന്റെ അവിടെയുള്ള കൂട്ടുകാർക്കു കൊടുക്കാനുള്ളതു് അവളെ ഏല്പിക്കാനും മറ്റുമായി ആയിടയ്ക്കു ചേട്ടൻ കൂടെക്കൂടെ കാണാൻ വന്നുകൊണ്ടിരുന്നു. അമ്മു പോയിട്ടും അവരുടെ ബന്ധത്തിനു് ഉലച്ചിൽ തട്ടിയില്ല.

അമ്മുവിന്റെ കല്ല്യാണം കഴിഞ്ഞു. സിങ്കപ്പൂരാണു വരനു ജോലി. അധികം അവധിയില്ല. അവളെ ഉടൻതന്നെ കൊണ്ടുപോയി. ഹോസ്റ്റലിലൊക്കെവന്നു് എല്ലാവരേയും കാണാൻ സൌകര്യം കിട്ടിയില്ല.

ഒരു ഇന്ദിരയാണു് അമ്മുവിനുപകരം മുറിയിൽ കൂട്ടുകാരി. കെമിസ്ട്രിയാണു വിഷയം. ലാബറട്ടറിയിൽ കിടന്നു് അഞ്ചുമണിവരെ പാടുപെടണം. പിന്നെ വന്നാൽ തടിയൻ പുസ്തകങ്ങളോടു മല്ലിടണം. ഇതിനെല്ലാമിടയിലും ഹോസ്റ്റലിൽ കൂട്ടുംചേർന്നു രസിച്ചുനടക്കാൻ സമയമുണ്ടാക്കിയിരുന്ന ഒരു മിടുക്കിയാണു് അവൾ.

ഓണേഴ്സിനുള്ള ക്ലാസ്സുമുറികൾ മറ്റുള്ളതിൽനിന്നു വേർതിരിച്ചാണു്. മുകളിലത്തെ നിലയിൽ പടിഞ്ഞാറെ മുറികളിൽ മൂന്നുനാലെണ്ണത്തിലായിട്ടാണു മണി അധികസമയവും കഴിക്കുക. ബാക്കി വല്ലതുമുണ്ടെങ്കിൽ ലൈബ്രറിയിലും. മറ്റു കുട്ടികളുമായി യാതൊരു ഇടപെടലുമില്ല, കോളേജിലും ഹോസ്റ്റലിലും. പണ്ടേ എല്ലാവർക്കും അവളെ കുറച്ചു പേടിയാണു്. ഇപ്പോൾ ആ അകൽച്ച മുഴുവനുമായി.

അവളുടെ വലിയ വിടർന്ന കണ്ണുകളും നീണ്ട തലമുടിയും അവളെഴുതുന്ന കവിതകളും സ്നേഹിക്കുന്നവർ അപ്പോഴുമുണ്ടു് ഹോസ്റ്റലിൽ. അവൾ മുറിയിലില്ലാത്തപ്പോൾ ഒരു റോസപ്പൂവോ ഒരുപൊതി മിട്ടായിയോ മേശപ്പുറത്തുകൊണ്ടുവെച്ചു് ഓടിപ്പോകുന്ന ആരാധകർ. മിക്കതും അക്കൊല്ലം ചേർന്ന കൊച്ചുകുട്ടികളാണു്. അവരാരും അവളുടെനേരെ വരില്ല.

വാസ്തവത്തിൽ ഹോസ്റ്റലിൽ താമസിക്കുന്ന മറ്റുള്ളവരുമായുള്ള ബന്ധം മുഴുവനും വിടാതിരുന്നതു് ഇന്ദിരയുള്ളതുകൊണ്ടാണു്. അവളാണു് അവിടത്തെ വർത്തമാനങ്ങളും കഥകളുമെല്ലാം മണിക്കു കൊണ്ടുവന്നു കൊടുക്കുക.

ക്ലാസ്സുകൾ ആകപ്പാടെ രസമാണു്. പ്രൊഫസർ പഠിപ്പിക്കുന്നതു ഭാഷാശാസ്ത്രമാണു്. ആ ക്ലാസുമാത്രമേയുള്ളു മുഷിപ്പനായിട്ടു്.

പണിക്കരുമാഷാണു് ഷേക്സ്പിയർ എടുക്കുക. ഇന്റെർമീഡിയറ്റിനു് ആയിരുന്നപ്പോൾത്തന്നെ ആ വാഗ്ദ്ധോരണിയിൽ ലയിച്ചു് ഇരുന്നുപോകാറുള്ളതാണു്. ഒരുപന്യാസം പഠിക്കാനുണ്ടെങ്കിൽ അതെഴുതിയ ആളേയും അയാളുടെ കൃതികളേയും പറ്റി ഒരു മണിക്കൂർ സംസാരിക്കും. സകലതിനേയും ഒന്നു പരാമർശിച്ചേ നിർത്തുകയുള്ളു. അദ്ദേഹം പറയുന്ന പുസ്തകങ്ങളുടെ പേരു കുറിച്ചെടുത്തു നേരെ ലൈബ്രറിയിലേയ്ക്കു ഓടിച്ചെല്ലുകയാണു് അവളുടെ പതിവു്. എല്ലാവരുടേയും ആരാധനാവിഗ്രഹമാണു് അദ്ദേഹം. കുട്ടികളുടെ ഒപ്പം ചെല്ലും ഏതിനും. കളിയിൽ വലിയ ഭ്രമമാണു്. നാലടിച്ചാൽ ഗ്രൌണ്ടിലുണ്ടു്. കലാസമിതിയുടെ അദ്ധ്യക്ഷനാണു്. കോളേജിൽ നടക്കുന്ന എന്തിലും ഉണ്ടു് അദ്ദേഹത്തിനു പങ്കു്.

അദ്ദേഹമാണു് ഇപ്പോൾ ‘മാക്ബെത്ത്’ എടുക്കുന്നതു്. വിശ്വമഹാകവിയുടെ വരികൾ ആ കനമുള്ള ശബ്ദത്തിൽ ഒഴുകിവരുമ്പോൾ കഴുകിയിട്ടും കഴുകിയിട്ടും പോകാതെ ചോരക്കറ മണപ്പിച്ചു നില്ക്കുന്ന പ്രഭുപത്നിയേയും എല്ലാം തളർന്നിട്ടും വളയാതെ തല ഉയർത്തിപ്പിടിച്ചു മരണത്തിനുനേരെ നീങ്ങുന്ന അതിമാനുഷനേയും കൺമുന്നിൽ കാണും. ആ ക്ലാസുകൾ അവൾക്കു സ്വർഗ്ഗമായിരുന്നു. എല്ലാം മറന്നു് ആ ഒച്ചയിൽ ലയിച്ചു് അവൾ ഇരുന്നുപോകും.

ഇരുപതു്

ചേട്ടൻ അമ്മു ഉള്ളപ്പോൾ ചെയ്യുന്നതുപോലെ എല്ലാ ശനിയാഴ്ചയും കാണാൻവരും. ഏറെനേരം സംസാരിച്ചു നിന്നേ പിരിയുകയുള്ളു. ഗോപു വന്നാൽ ഇത്രയൊന്നും താമസിക്കില്ല. വീട്ടിൽ വിശേഷം വല്ലതുമുണ്ടെങ്കിൽ പറയും. അവിടെനിന്നു് എഴുത്തു വന്നിട്ടുണ്ടെങ്കിൽ കൊടുക്കും. പിന്നെ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന അന്വേഷണം. കഴിഞ്ഞു. പിന്നെയൊന്നും പറയാനവനില്ല.

കോളേജിൽ ഇലക്ഷൻ നടക്കുന്ന സമയം. പ്രചാരണവേലയ്ക്കും മറ്റുമായി ആൺകുട്ടികൾ പെൺകുട്ടികളെ ധാരാളമായി സമീപിക്കുന്ന കാലം. എന്നും വൈകുന്നേരമായാൽ അഞ്ചാറ് ആൺകുട്ടികൾ കാണും ഹോസ്റ്റലിന്റെ വാതിൽക്കൽ. ഇതു കുറെയായി സഹികെട്ടപ്പോൾ ഒരു ദിവസം രണ്ടുമൂന്നുപേർ കാണാൻ വന്നു് അനുവാദം ചോദിച്ചപ്പോൾ വിസിറ്റേഴ്സ് ബുക്കിൽ പേരില്ലാത്തവരെ കാണിക്കാൻ നിവൃത്തിയില്ല എന്നും പറഞ്ഞു മിസ്സ് ശാരദ മടക്കി അയച്ചു. ഹോസ്റ്റലിൽ ചേരുമ്പോൾ, ആരെല്ലാം കാണാൻ വരും ആരെയെല്ലാം കാണിക്കണം എന്നു് അച്ഛനോ രക്ഷാധികാരിയോ നേർത്തേ പറയണം. അവരുടെ പേരാണു് വിസിറ്റേഴ്സ് ബുക്കിൽ കാണുക. ഇലക്ഷൻ സഖാക്കളുടെ പേരെങ്ങിനെ അതിൽ വരും? അങ്ങിനെ ഒരു സെറ്റിനെ മടക്കി അയച്ചു. അതോടെ ഹോസ്റ്റൽവളപ്പിലെ ഇലക്ഷൻ യോഗങ്ങളും നിന്നു. വിപ്ലവമായി.

ജ്യേഷ്ഠന്മാരേയും അമ്മാമൻമാരേയും മാത്രമാണോ എല്ലാവരേയും കാണാൻ അനുവദിക്കുന്നതു്? അതൊന്നുമല്ലാത്ത എത്രപേർ വന്നു പെൺപിള്ളേരെ കണ്ടിട്ടുപോകുന്നു. ചിലരുടെ കാര്യത്തിൽ എന്താണു് പ്രത്യേകത.

കൂട്ടത്തിൽ ആരോ മണിയുടെ പേർ പറഞ്ഞു. ഉടനെ അതിന്മേൽ പിടികൂടി. എല്ലാവരും കൂടി അമ്മുവിന്റെ ജ്യേഷ്ഠൻ മണിയെ കാണാൻ വരുന്നതു് എന്തുന്യായത്തിന്മേലാണു്. മണിക്കാവാമെങ്കിൽ ബാക്കിയുള്ളവർക്കും അവരുടെ കൂട്ടുകാരെക്കണ്ടാൽ എന്തു്? ഒരാൾക്കു മാത്രം എന്തുവിശേഷം?

ഈ നടക്കുന്നതൊന്നും അറിയാതിരുന്ന ഏക വ്യക്തി മണി ആയിരുന്നു. ഹോസ്റ്റലിൽ പഴയ കൂട്ടുകാർ തന്നെ കൂടുതലും. പണ്ടും അവളോടിങ്ങനെ ആരും അധികം സംസാരിക്കാൻ വരാറില്ല. ഇന്ദിര പറഞ്ഞാണു കഥകളൊക്കെ അറിയാറ്. എന്തോ അവളും ഒന്നും മിണ്ടിയില്ല.

വരാന്തയിൽക്കൂടി നടക്കുമ്പോൾ ചിലകുശുകുശുക്കലും മറ്റും കേൾക്കാറുണ്ടു്. എന്താണെന്നു മനസ്സിലായില്ല. അതിനെപ്പറ്റി അധികം ചിന്തിച്ചതുമില്ല.

ഒരു ശനിയാഴ്ച അവൾ ചേട്ടനെക്കണ്ടു തിരിച്ചു പോവുകയായിരുന്നു. പൂമുഖത്തു കയറിയതേയുള്ളു. ആരോ പിന്നിൽനിന്നു കുറച്ചു് ഉറക്കെ പറഞ്ഞു: “വല്ല്യ ആളുകളല്ലേ കവിതയും മറ്റും എഴുതുന്നതല്ലേ. പിന്നെ എന്തും ചെയ്യാം. ആരെ വേണമെങ്കിലും കാണാം. അവർക്കു നിയമം വല്ലതും ബാധിക്കുമോ?”

ഇത്രയുമായപ്പോൾ അവൾ തിരിഞ്ഞുനോക്കി. ഒരു കൂട്ടമുണ്ടു് അവിടെ. അടുത്തു പരിചയമുള്ളവർ ആരുമില്ല. ആരാണു് സംസാരിച്ചതെന്നും മനസ്സിലായില്ല. ഇനി വല്ലതും പറയുമോ എന്നറിയാൻ അവൾ കുറച്ചുനേരം കാത്തുനിന്നു. ഒന്നുമുണ്ടായില്ല. അവൾ മുറിയിലേയ്ക്കുപോയി. ഇന്ദിര അവിടെയിരുന്നു റെക്കാർഡ് എഴുതുന്നുണ്ടു്. എന്താണു് കാര്യമെന്നു അവളെക്കൊണ്ടു പറയിപ്പിക്കാൻ കുറച്ചു സമയമെടുത്തു. കുറെ ക്രോസുചെയ്യേണ്ടിവന്നു.

ചേട്ടൻ കാണാൻ വരുന്നതാണുകേസ്സ്. അതും പോരാഞ്ഞിട്ടു് അവളേയും ചേട്ടനേയുംചേർത്തു കുറെ കഥകളും പറയുന്നുണ്ടത്രേ.

അവൾക്കു ശുണ്ഠിയാണു വന്നതു്. വെറുതെ അസംബന്ധം പറഞ്ഞു പരത്തുന്നതിനു് ഒരതിരു വേണ്ടേ? അവനവന്റെ കാര്യം നോക്കി ഇരിക്കാതെ…

അവർ പറയുന്നതിലുമില്ലേ കാര്യം? ഒരാൾക്കുമാത്രം നിയമം ബാധകമല്ലെന്നുവരാമോ?

പിള്ളേരുടെ അധികപ്രസംഗത്തിനു ചേട്ടനെ എന്നും വരുത്തിക്കാണുകയാണു വേണ്ടതു്.

എങ്കിലും മിസ്സ് ശാരദ—പറയാനുള്ള വിഷമംകൊണ്ടായിരിക്കും അവർ ഒന്നുംമിണ്ടാതെ ഇരിക്കുന്നതു്.

എങ്ങിനെയെങ്കിലും ചേട്ടനെ ഇതൊക്കെ ഒന്നു് അറിയിച്ചെങ്കിൽ… വെറുതെ മനുഷ്യരെക്കൊണ്ടു് പറയിക്കുന്നതെന്തിനു്?

അടുത്ത ശനിയാഴ്ചയും പതിവുപോലെ കൂട്ടുകാരൻ വന്നു. കുശലപ്രശ്നംകഴിഞ്ഞു, പിന്നെ പറഞ്ഞതൊന്നും അവൾ ശരിക്കു കേട്ടില്ല. എങ്ങിനെയാണു കാര്യം തുടങ്ങുക എന്നു് ആലോചനയായിരുന്നു.

കുറച്ചുകഴിഞ്ഞു ചേട്ടൻ പെട്ടെന്നു ചോദിച്ചു: “നിങ്ങളെ ഇവിടെ ആരോ ഒക്കെ കാണാൻ വന്നു, കാണിച്ചില്ല എന്നൊക്കെ പറയുന്നതു കേട്ടല്ലോ, വാസ്തവമാണോ?”

“അതെ.” ചേട്ടനെ തൊഴണമെന്നുതോന്നി.

“എന്താണു് ശരിക്കുണ്ടായതു്?”

“ഇലക്ഷൻകാര് അഞ്ചാറുപേരു വന്നപ്പോൾ മിസ്സ് ശാരദ വിസിറ്റേഴ്സ് ബുക്കിൽ പേരില്ലാത്തവരെ കാണിക്കില്ല എന്നു പറഞ്ഞു കാണാൻ സമ്മതിച്ചില്ല. കുട്ടികളിപ്പോൾ എന്നെ…” അവൾ നിർത്തി.

“ഉം, മുഴുവനാക്കു. എന്താണവർ കാണിക്കുന്നതു്?”

“അവർ ചീത്ത പറഞ്ഞുകൊണ്ടു നടക്കുകയാണു്. എന്നെ കാണാൻ വരുന്നവർക്കുമാത്രം ചട്ടമൊന്നുമില്ലേ എന്നാണു് ചോദ്യം.”

“എന്റെ കാര്യമായിരിക്കും അല്ലേ?”

അവൾ തല കുലുക്കി. ഇനി എന്താണു പറയുക?

കുറച്ചുനേരം ചേട്ടൻ മൌനമായി നിന്നു. “ഇതു കുറെയൊക്കെ ഞാനും കേട്ടു. നമ്മുടെ രണ്ടുപേരുടേയും പേരു ചേർത്തു പറയല് അവരിപ്പോൾ തുടങ്ങിയതല്ല. കഴിഞ്ഞകൊല്ലം മുതലേ ഉണ്ടു്.”

“ഞാൻ ഇന്നാളാണു് അറിഞ്ഞതു്.”

പിന്നെയും കുറെ നേരത്തേയ്ക്കു മൌനം.

“മണീ” അവസാനം ചേട്ടൻ വിളിച്ചു.

“ഉം”

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ. മണിക്കെന്നെ ആ വിധത്തിൽ കണക്കാക്കാൻ കഴിയുമോ? എനിക്കാശയ്ക്കു വഴിയുണ്ടോ?”

അവൾ മിഴിച്ചുനിന്നുപോയി.

ചേട്ടൻ ഒരു വല്ലാത്ത ചിരി ചിരിച്ചു.

“ഇത്രയ്ക്കു് അമ്പരന്നുപോയോ? എന്താ എനിക്കങ്ങിനെയൊരു ചോദ്യം ചോദിച്ചുകൂടെ?”

“അതല്ല ചേട്ടാ ഞാൻ… അതു്… എന്നെ…”

“പറയൂ”

“ചേട്ടനെന്നെ അമ്മുവിനെപ്പോലെ വിചാരിക്കണം. അതാണെനിക്കിഷ്ടം.” അവൾ കുറച്ചു നേരത്തേയ്ക്കു നിർത്തി. “ഇല്ല. മറ്റതു് സാദ്ധ്യമല്ല.”

അയാൾ ഒന്നും പറഞ്ഞില്ല.

“ചേട്ടാ.” കുറെ കാത്തു് ഒടുവിൽ അവൾ വിളിച്ചു.

“ഉം”

“ചേട്ടൻ എന്നോടു ദ്വേഷ്യപ്പെടുകയാണോ?”

“ഇല്ലനിയത്തി. നിന്റെ പേരിൽ തെറ്റില്ല. ഞാനാണു് തെറ്റുകാരൻ. നീ ഒരിക്കലും എന്റെ അടുത്തു് ആ വിധത്തിൽ പെരുമാറിയിട്ടില്ല. എന്നിട്ടും ഞാൻ ആശിച്ചു. അതെ എന്റെ തെറ്റാണു്.”

“ചേട്ടൻ എന്നും എന്റെ മൂത്ത സഹോദരനായിരിക്കണമെന്നാണു് എന്റെ ആഗ്രഹം. എന്റെയും ഗോപുവിന്റെയും ജ്യേഷ്ഠൻ. എന്നെ തെറ്റിദ്ധരിക്കരുതു്. എനിക്കു ജ്യേഷ്ഠന്റെ സ്നേഹം വേണം.”

“എനിക്കു തെറ്റിദ്ധാരണയൊന്നുമില്ല മണീ. ഞാൻ ഇന്നീ പറഞ്ഞതു മറന്നേക്കൂ. ഇനി ആവർത്തിക്കുകയില്ല. അനിയത്തിക്കു് ഒരു വലിയ ഹൃദയമുണ്ടു്. അതു കിട്ടുന്നവൻ ആരായാലും അയാൾ ഭാഗ്യവാനാണു്. ഞാൻ അയാളോടു് അസൂയാലു ആവില്ല. എന്റെ സഹോദരസ്നേഹം എന്നും അയാളോടുണ്ടായിരിക്കും.”

അയാൾ കുറച്ചുനേരത്തേയ്ക്കു നിർത്തി. പിന്നെയും തുടർന്നു.

“വടക്കേ ഇന്ത്യക്കാർ ‘രാഖി’ ദിവസം കങ്കണം കെട്ടിച്ചാണത്രേ സഹോദരന്മാരെ അഭിവാദനം ചെയ്യുക. നമുക്കു് അങ്ങിനെയൊരു പതിവില്ല. പക്ഷേ, ഇന്നുമുതൽ ഞാൻ മണിയുടെ ജ്യേഷ്ഠനാണു്. മണിക്കു് എന്തെങ്കിലും ആവശ്യം വരുമ്പോൾ എപ്പോഴും ഞാൻ ഉണ്ടെന്നു് ഓർമ്മിച്ചാൽ മതി.” അവൾ ഒന്നും മിണ്ടാൻ വയ്യാതെ നിന്നു. കുറെ നിമിഷങ്ങൾ കടന്നു പോയി.

അവസാനം ചേട്ടൻ പറഞ്ഞു സാധാരണ ശബ്ദത്തിൽ: “അവർ പറയുന്നതു ശരിയാണു്, മണി. എന്തിനു നമ്മൾ മാത്രം നിയമം തെറ്റിക്കുന്നു. ഞാൻ ഇവിടെ കാണാൻ വരുന്നതു ശരിയല്ല. അത്യാവശ്യമാണെങ്കിൽ കോളേജിൽവെച്ചു കാണാം.”

അവൾ അപ്പോഴും ഒന്നും പറഞ്ഞില്ല. തല കുലുക്കുക മാത്രം ചെയ്തു. “എന്നാൽ ഞാൻ ഇപ്പോൾ പോകട്ടെ. ഒന്നു മാത്രം മറക്കരുതു്. മണിക്കെന്നോടു എന്തുകാര്യവും പറയാം. ഏതായാലും മണി ആവശ്യപ്പെടുന്നതു ഞാൻ ചെയ്തുതരും.”

“ഞാൻ നില്ക്കട്ടെ” ഒരിക്കൽകൂടി യാത്രപറഞ്ഞു ചേട്ടൻ തിരിഞ്ഞു നടന്നു.

ഇരുപത്തിഒന്നു്

ആ ഇടയ്ക്കു് ഒരു ദിവസം വിജയ കോളേജിൽ വന്നിരുന്നില്ല. ക്ലാസ്സു കഴിഞ്ഞു് അവൾ താഴത്തിറങ്ങാൻ തുടങ്ങുമ്പോൾ ബാലചന്ദ്രൻ പിന്നാലെ വന്നു വിളിച്ചു. “ഇതൊന്നു വായിച്ചിട്ടു് അഭിപ്രായം പറയണം.” നീലച്ചട്ടയുള്ള ഒരു കൊച്ചുപുസ്തകം അവളുടെ നേരെ നീട്ടിക്കൊണ്ടു് അയാൾ പറഞ്ഞു.

അവൾ മേടിച്ചു മറിച്ചുനോക്കി. ഒരു ചെറുകഥാസമാഹാരമാണു്. അകത്തെ പേജിൽ ഗ്രന്ഥകർത്താവിൽനിന്നു് ഉപചാരപൂർവ്വം എന്നു കുറിച്ചിരുന്നതുകണ്ടു് അവൾ പേരുനോക്കി.

എ. എൻ. ബാലചന്ദ്രൻ—അയാൾ എഴുതിയതാണോ?

“ബാലചന്ദ്രൻ കഥയെഴുതുമോ?” അവൾ താല്പര്യം അഭിനയിച്ചുകൊണ്ടു ചോദിച്ചു.

“ഇതെന്റെ ആദ്യത്തെ പുസ്തകമാണു്. മാസ്റ്റർമാർക്കൊക്കെ ഓരോന്നു കൊടുത്തു. രമണി വായിച്ചിട്ടു് അഭിപ്രായം പറയണം.”

അവൾ സമ്മതിച്ചു് ഇറങ്ങിപ്പോന്നു. കോണിയുടെ വക്കത്തു് അധികം സംസാരിച്ചുനിൽക്കാൻ കഴിയില്ല.

അന്നുതന്നെ ഇരുന്നു വായിച്ചുതീർത്തു. തീരെ ബാലിശമായി തോന്നിയ ഏഴെട്ടു ചെറുകഥകൾ. പ്രേമപരാജയമാണു് എല്ലാത്തിലേയും കാര്യം. ആദ്യവസാനം വിഷാദമാണു്. പക്ഷേ, ഉള്ളിൽ തട്ടുന്നതായിട്ടൊന്നുമില്ല.

പാവം മനുഷ്യൻ എന്ന തോന്നലോടെയാണു് അവൾ പുസ്തകം തഴെവെച്ചതു്.

അവൾ മിനക്കെട്ടിരുന്നു വായിക്കുന്നതു് കഥയാണെന്നറിഞ്ഞു് ഇന്ദിരയും എടുത്തു മറിച്ചുനോക്കി. മുഴുവനും ഒന്നു കണ്ണോടിച്ചു് അവൾ കമന്റ് പാസ്സാക്കി: “ഇയാൾക്കു വേറെ തൊഴിലൊന്നുമില്ലേ?”

മണി മിണ്ടാതെ ഇരുന്നപ്പോൾ അവൾ തുടർന്നു. “വേറെ ഒന്നിനും കൊള്ളില്ലെങ്കിൽ പോയി വാഴക്കുഴിവെട്ടണം. മനുഷ്യരെ ലാത്തി അടിയ്ക്കാൻ കഥ എഴുതാൻ നടക്കാതെ. പുസ്തകമിറക്കി കണ്ണിൽ കണ്ടവരോടൊക്കെ അഭിപ്രായം ചോദിച്ചു നടക്കുക. തൊലിക്കട്ടിതന്നെ.”

“അതല്ലെ ഇന്ദിരയോടയാൾ അഭിപ്രായം ചോദിക്കാത്തതു്. തൊലിയ്ക്കു് അത്ര കനം വന്നില്ലായിരിയ്ക്കും.”

“അപ്പോൾ ശ്രീമതിയുടെ അഭിപ്രായം ഇതൊരപൂർവ്വ കലാസൃഷ്ടിയാണു് എന്നാണു്…”

“അയാൾ അതു പാടുപെട്ടു് ഇരുന്നു എഴുതി ഉണ്ടാക്കിയല്ലോ”

“ഈമാതിരി മുള്ളുവെച്ച ലാത്തി ഇറക്കണമെങ്കിൽ കുറെ ചങ്കൊറപ്പുവേണം.”

“ഇന്ദിരയെക്കൊണ്ടാവുമോ ഇങ്ങിനെയൊരു പുസ്തകമെഴുതാൻ?”

“ആവില്ലേ. ആവില്ല. ഇങ്ങിനെയൊരു കടുംകൈ ചെയ്യാൻ തോന്നുന്നതിനുമുമ്പു് ആളുതീർന്നുപോണേ എന്നേ പ്രാർത്ഥനയുള്ളു.” മണി ചിരിച്ചുകൊണ്ടു മിണ്ടാതിരുന്നു.

“അമ്മു പറയാറുള്ള ഏബ്രാശിയല്ലേ ഈ വിദ്വാൻ?”

“അയാളുടെ കുറ്റമാണോ ചടച്ചിരിയ്ക്കുന്നതു്?”

“പിന്നെ ചടച്ചവരൊക്കെ ഇങ്ങിനെ ചുണകെട്ടവരല്ലേ?”

“ആളെ ഒന്നു കണ്ടാൽമതി, നിങ്ങൾക്കൊക്കെ ചുണയുണ്ടോ എന്നു പറയാൻ. അല്ലേ”

“എന്തിനു വെറുതെ ഭാവം കാണിയ്ക്കുന്നു? ആ പുസ്തകം ഒരു കാശിനു കൊള്ളില്ല എന്നു മണിയ്ക്കു് അസ്സലായി അറിയാം.”

“എല്ലാവരും ആദ്യം എഴുതുന്നതു് അന്നാകരേനിനാ അല്ലേ പിന്നെ.”

“അപ്പോൾ ഇതു അന്നാകരേനിനാ അല്ലെന്നു സമ്മതിച്ചു.”

“ആരെങ്കിലും എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ പ്രോത്സാഹിപ്പിക്കാൻ നോക്കുകയല്ല. കുറ്റംപറഞ്ഞു കഴുത്തു ഞെരിക്കണം.”

ഉണ്ണാൻ മണി അടിച്ചതുകൊണ്ടു് ചർച്ച അവിടെ അങ്ങിനെ നിന്നു.

പിറ്റെ ദിവസം അവൾ ചെല്ലുമ്പോൾ അയാൾ ക്ലാസ്സിന്റെ വാതിൽക്കൽ കാത്തുനിൽപുണ്ടു്.

കണ്ട ഉടൻ ചോദിച്ചു: “വായിച്ചോ?”

കളവു പറയാൻ വാചകങ്ങൾ നേർത്തേ പഠിച്ചുവെയ്ക്കണമായിരുന്നു.

“വായിച്ചു.”

“എന്നിട്ട്?”

“നന്നായിട്ടുണ്ടു്.”

“ഏതാണു് അധികം ഇഷ്ടമായതു്?”

“എല്ലാം കൊള്ളാം.”

“എങ്കിലും…”

“ആദ്യത്തേതാണു കുറച്ചു അധികം നന്നായതായി തോന്നിയതു്.” ഒന്നു ആലോചിച്ചുനിന്നു അവൾ പറഞ്ഞു.

“ആ. അതാണു് പിടിച്ചതു് അല്ലേ? അങ്ങിനെയേ വരുള്ളു. സ്വാനുഭവത്തിന്റെ ചൂടുള്ള കൃതികളേ നല്ല സാഹിത്യമാവൂ എന്നു സാങ്ങ്ബോ പറഞ്ഞിട്ടുണ്ടു്.”

ഓഹോ. സാങ്ങ്ബോ അങ്ങിനെയും പറഞ്ഞോ? അതിനി അങ്ങോരു പറഞ്ഞിട്ടുവേണം. ഒരേ അനുഭവത്തിൽ നിന്നു് എട്ടു കഥ പേരുമാറ്റി എഴുതിവെക്കാമെന്നും പറഞ്ഞോ എന്തോ സാങ്ങ്ബോ?

അവൾ എന്തെങ്കിലും സമാധാനം പറയുന്നതിനു മുമ്പു മാസ്റ്റർ വന്നു.

വൈകുന്നേരം ബാലചന്ദ്രൻ ഒരുകെട്ടു പുസ്തകവുംകൊണ്ടുവന്നു.

വില്പിച്ചുകൊടുക്കണം.

അവളമ്പരന്നുപോയി.

“രമണി വിചാരിച്ചാൽ പറ്റും. ഹോസ്റ്റലിലെ കുട്ടികളുമൊക്കെ എടുക്കാതിരിയ്ക്കില്ല.”

അവളൊന്നും പറഞ്ഞില്ല.

“ഇതു വില്ക്കേണ്ടതു് എനിക്കു അത്യാവശ്യമാണു്.”

അപ്പോഴും അവളൊന്നും മിണ്ടയില്ല

“നിങ്ങൾ അച്ഛനും അമ്മയും ഒക്കെ ഉള്ളവർ. എന്തെങ്കിലും അറിയണമോ? വീട്ടിൽനിന്നു മുറയ്ക്കുമുറയ്ക്കു രൂപാ വരും. സുഖത്തിന്റെ മടിയിൽ വളരുന്നവർ. നിങ്ങൾക്കൊക്കെ മനസ്സിലാകുന്നില്ലെങ്കിൽ അതിലത്ഭുതമില്ല. എനിക്കു് ഈ ലോകത്തിൽ ആരുമില്ല. പഠിയ്ക്കണമെങ്കിൽ ഞാൻ തന്നെ പണം ഉണ്ടാക്കണം”.

അയാൾ വിഷമിച്ചാണു് പഠിയ്ക്കുന്നതെന്നു നേരത്തേ കേട്ടിട്ടുണ്ടു്. പക്ഷേ, അയാളുടെ ഒരിക്കലും ഉടയാത്ത പാന്റും ഷർട്ടും കണ്ടാൽ അതു വിശ്വസിക്കാൻ തോന്നില്ല.

“ഞാൻ കഴിഞ്ഞകൊല്ലംവരെ പഠിച്ചതെങ്ങിനെയാണെന്നറിയാമോ? ഒരു ജഡ്ജിയുടെ മകനു ട്യൂഷൻ മാസ്റ്റർ വേണമായിരുന്നു. ആ ജോലി ഞാൻ സമ്പാദിച്ചു. അവരുടെ പടിപ്പുരയിൽ ഒരു മുറി ഒഴിഞ്ഞുകിടന്നിരുന്നു. എട്ടുകാലി വലകെട്ടി പൊടി നിറഞ്ഞ ഒരു മുറി. അതെനിയ്ക്കു കിട്ടി. ജഡ്ജിയുടെ ഭാര്യ ചോറുതരും, രണ്ടുനേരം. വേറെയും കുട്ടികളെ പഠിപ്പിച്ചു. ഫീസുകൊടുക്കാൻ അതായി. അങ്ങിനെ കഴിഞ്ഞു. ഈ പുസ്തകം വിറ്റുകിട്ടുന്ന പണംകൊണ്ടുവേണം ഇനി രണ്ടുകൊല്ലം ചിലവു നടത്താൻ.”

“ഞാൻ വില്പിയ്ക്കാൻ ശ്രമിയ്ക്കാം.” അവൾ പറഞ്ഞു.

“രമണി ദയാമയിയാണെന്നു എനിയ്ക്കറിയാം. നന്ദി പറയേണ്ടതു്…”

“നന്ദിയൊന്നും വേണ്ട.” അവൾ ഇടയ്ക്കു കയറി പറഞ്ഞു.

അവൾ പുസ്തകങ്ങളും മേടിച്ചു പോന്നു.

ഒരു കെട്ടു ബുക്കുമായി അവൾ കടന്നുവരുന്നതുകണ്ടു് ഇന്ദിര ചോദിച്ചു:

“ഇതെന്താ ഇപ്പോഴത്തെ പുറപ്പാട്?”

“ആ ബാലചന്ദ്രന്റെ പുസ്തകമാണു് ഇന്ദിരേ. വില്പിച്ചുകൊടുക്കാമെന്നു ഞാൻ പറഞ്ഞു.”

“ഇതൊരു പുതുമതന്നെ. അയാളുടെ സെയിൽസ് ഏജന്റോ മറ്റോ ആണോ മണി?”

“ഈ പണംകൊണ്ടുവേണം അയാൾക്കു് ഉണ്ണണമെങ്കിൽ”

“കഷ്ടം എന്നാൽ പഷ്ണികിടന്നതു തന്നെ. ഈ പുസ്തകം ഇറക്കിയ കാശുണ്ടെങ്കിൽ അയാൾക്കു രണ്ടുമാസം ഉണ്ണാമായിരുന്നു. പണ്ടേ അശുവാണു്. ഇനി അയാള് ഉണ്ണാണ്ടേയുംകൂടി നടന്നാൽ.”

“ഇന്ദിരയ്ക്കു കളി, അയാൾക്കു് അയാളുടെ ജീവിതത്തിന്റെ ആവശ്യം. ഒരാളുടെ പ്രശ്നങ്ങൾ…”

“ശിവനേ. ഇതൊന്നുമല്ല എന്റെ പ്രശ്നങ്ങൾ. ഇന്നു മിക്സ്ചർ ചെയ്തിട്ടു രണ്ടു റാഡിക്കലേ കിട്ടിയുള്ളു. ഒന്നു് ടൈറ്റർ വാല്യു കൊണ്ടുചെന്നു കാണിച്ചപ്പോൾ മാഷ് പറഞ്ഞു അസംബന്ധം എന്നു്. രണ്ടു്”

“ഒന്നു നിർത്തപ്പാ. വല്ല്യ ആളാവുന്നു. എന്റെ കൂടെ വരുന്നോ ഇല്ലയോ. അതുപറഞ്ഞാൽ മതി.”

“എങ്ങോട്ടുവരാനാണു്?”

“ഇവിടെയുള്ള എല്ലാത്തിനേയും എനിക്കു പരിചയമുണ്ടോ? ഓരോന്നിന്റെയും മുറിയിൽ കയറി ചെല്ലണ്ടേ. അതിനു തന്നെ.”

“ഓഹോ വരാം. അതിനൊന്നും പ്രയാസമില്ല. പക്ഷേ, കഥ വിറ്റു പഠിയ്ക്കാൻ നടക്കുന്നവനെ സഹായിയ്ക്കാൻ പുറപ്പെടുന്നതു്.”

“പ്രസംഗമൊന്നും കേൾക്കണ്ട. ഒന്നു് ഇറങ്ങിവരു.”

അവൾ ഓരോ മുറിയിലായി കയറിയിറങ്ങി. പഴയ കൂട്ടുകാരുടെ അടുത്താണു് ആദ്യം പോയതു്. ഗ്രന്ഥകാരന്റെ ദാരിദ്ര്യവും കഷ്ടപ്പാടും പറഞ്ഞാണു് തുടങ്ങുക. പ്രസംഗം കഴിഞ്ഞു് ആൾ ബാലചന്ദ്രനാണു് എന്നു് അറിയുമ്പോൾ കേട്ടിരുന്നവർ പൊട്ടിച്ചിരിച്ചുപോകും.

ഒന്നുരണ്ടുപ്രാവശ്യംകൊണ്ടു അവൾ കഥപറയൽ നിർത്തി. വേറൊരു വഴിയ്ക്കായി പിന്നെ.

“ഒരു രൂപയേ വിലയുള്ളു. നിങ്ങൾക്കു് ഓരോന്നു് എടുത്താലെന്താ? ഒരു സിനിമ കാണാൻ ചിലവാക്കുന്നതുപോലും ആകുന്നില്ലല്ലോ.”

പരിചയക്കാർ ആ ബന്ധം വിചാരിച്ചു് എടുത്തു. ജൂനിയർ കുട്ടികളുടെ ഇടയ്ക്കു് അവളുടെ ആരാധകസംഘത്തിൽ പെട്ടവർ പറയുന്നതിനു മുമ്പുതന്നെ വാങ്ങി ഒന്നും രണ്ടും വീതം.

ആകപ്പാടെ പത്തെൺപതു പുസ്തകം ചിലവായി. മുഴുവൻ പണം പിരിഞ്ഞില്ല. എങ്കിലും കുറെയൊക്കെ കിട്ടി.

എൺപതു പുസ്തകത്തിനു എൺപതുരൂപാ. മുഴുവൻ കിട്ടിയാൽത്തന്നെ എന്തുണ്ടു്?

മുറിയിൽ ചെന്നു് കിട്ടിയ പണം ശരിപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ ഇന്ദിര പിന്നെയും തുടങ്ങി: “മണി അങ്ങിനെ ടിക്കറ്റു വില്പിക്കാനും പണം പിരിയ്ക്കാനും ഒന്നും നടക്കാതെ ഇന്നു് ആദ്യം ചെന്നതായതുകൊണ്ടു ആ പിള്ളേരു പുസ്തകം മേടിച്ചു. അതു തന്നെ ഇനി എത്രപേരു പണം തരുമെന്നു കണ്ടറിയണം.”

“എല്ലാവരും തരും. വാങ്ങിയ്ക്കും അവരുടെ കൈയിൽ നിന്നു്.”

“അങ്ങിനെ ആ മഹാനായ എഴുത്തുകാരനെ പട്ടിണിയിൽനിന്നു് അവൾ രക്ഷിച്ചു. അയാൾ കഴിച്ച ഓരോ കഷ്ണം റൊട്ടിയും അല്ല ഓരോ വറ്റു ചോറും അവളുടെ ജീവരക്തത്തിൽ കുതിർന്നതായിരുന്നു.”

“മിണ്ടാതിരിയ്ക്കാൻ…”

ഒന്നു പറഞ്ഞോട്ടേന്നേ. വല്ലപ്പോഴും ഒരിയ്ക്കലല്ലേ അവസരം കിട്ടുള്ളു. അല്ല, മണീ, അയാളുടെ ആ കല്പവൃക്ഷമുണ്ടല്ലോ, ജഡ്ജി. അങ്ങോർക്കെന്തു സംഭവിച്ചു?

“അവരുടെകൂടെയല്ലെന്നു തോന്നുന്നു ഇപ്പോൾ താമസിയ്ക്കുന്നതു്.”

“അതെന്താ വാത്സല്യം വറ്റിപ്പോയോ?”

“എന്തോ എനിയ്ക്കറിഞ്ഞുകൂടാ.”

“ആ ജഡ്ജിയ്ക്കു വല്ല കൊച്ചുപെൺപിള്ളേരും കാണും. അതിലേതെങ്കിലും ഒന്നിനെ ഇയാളു കേറി പ്രേമിച്ചായിരിയ്ക്കും. അങ്ങിനത്തെയാണു് ആള്. സ്ഥിരം പ്രേമത്തിന്റെ ഉപദ്രവമുള്ള ടൈപ്പ്…”

പിറ്റെദിവസം അവൾ പിരിഞ്ഞുകിട്ടിയ പണം അയാളെ ഏല്പിച്ചു. അവൾ കണക്കുപറയുന്നതൊന്നും അയാൾ നേരെ ശ്രദ്ധിച്ചില്ലെന്നു തോന്നി.

ഉച്ചയ്ക്കു വെയിറ്റിങ്ങു് റൂമിൽചെന്നു വീട്ടിൽനിന്നു വരുന്ന കുട്ടികളെക്കൊണ്ടും അവൾ പുസ്തകമെടുപ്പിച്ചു. മിക്കവരും വാങ്ങിച്ചു. പിറുപിറുത്തുകൊണ്ടാണെങ്കിലും എല്ലായിടത്തും കൂടെ ഇന്ദിര വന്നു.

മുഴുവൻ പണവും ഉടനെ കിട്ടിയില്ല. കാശുപിരിക്കാൻ നടക്കൽ തന്നെ. എന്നും കൊണ്ടുവരും ഒന്നോരണ്ടോ ആള്. അങ്ങിനെ എന്നും കാണും ബാലചന്ദ്രനെ ഏല്പിച്ചുകൊടുക്കാൻ വല്ലതുംകുറച്ചു്. കാര്യത്തിനു ചെന്നാൽ എളുപ്പത്തിനു വിടില്ല അയാൾ. എത്ര വർത്തമാനം പറഞ്ഞാലും മതിയാവില്ല.

സംസാരിയ്ക്കാൻ വരാൻ ഒരു ഒഴികഴിവു് ആയിരിയ്ക്കുകയാണു് ഈ പുസ്തകവില്പന, പറഞ്ഞു പറഞ്ഞു് എന്നും അയാളുടെ ആത്മകഥയിലാണു് അവസാനിയ്ക്കുക. പ്രാരബ്ധങ്ങളുടെ ഒരു പട്ടികതന്നെ അയാൾ അവളെ ഉരുവിട്ടു കേൾപ്പിക്കും.

അച്ഛൻ ചെറുപ്പത്തിലേ മരിച്ചതും അമ്മ കഷ്ടപ്പെട്ടു് അയാളെ വളർത്തിയതും എല്ലാം.

അയാളുടെ മടിയിൽ തലവെച്ചുകിടന്നു് അയാളുടെ പേർ വിളിച്ചുകൊണ്ടു് അവർ കണ്ണടച്ചതു വർണ്ണിക്കുമ്പോൾ അയാളുടെ ഒച്ച ഇടറും. കണ്ണു നിറയാൻ തുടങ്ങും.

കഷ്ടപ്പാടിലൂടെയാണു് അവളോടു അടുക്കാൻ കഴിയുക എന്നു് അയാൾ ധരിച്ചിരുന്നു.

ഫീസുകൊടുക്കാൻ ഒരു ദിവസം താമസിച്ചാൽ അയാളതു് അവളെ അറിയിക്കാൻ വിട്ടുപോവില്ല. പണത്തിന്റെ വിഷമം അവൾ അറിയണ്ടേ? അവളുടെ ജീവിതത്തിലേയ്ക്കു് അയാൾ നുഴഞ്ഞുകയറാൻ ശ്രമിയ്ക്കുകയായിരുന്നു.

പരീക്ഷയ്ക്കാവശ്യമുള്ള പുസ്തകങ്ങൾ എല്ലാം അയാൾ വായിക്കും. ആരുടെയെങ്കിലും കാലുപിടിച്ചു് എവിടെനിന്നെങ്കിലും പുസ്തകങ്ങൾ സമ്പാദിക്കും. തടിയൻ പുസ്തകങ്ങൾ വായിച്ചു് ആവശ്യമുള്ള ഭാഗം നോട്ടെടുക്കും. ആ നോട്ടുകൾ മുടങ്ങാതെ അയാൾ അവൾക്കു കൊണ്ടുചെന്നു കൊടുക്കും.

അവൾ ചിലതെല്ലാം പകർത്തിയെടുത്തു. ചിലതു വായിയ്ക്കുകയേയുള്ളു. ആദ്യമൊന്നും അയാളുടെ കുറിപ്പുകൾ വിശ്വസിക്കാൻ അവൾ തയ്യാറല്ലായിരുന്നു. പക്ഷേ, വളരെ വേഗം തന്നെ അവൾക്കു് ഒന്നു ബോദ്ധ്യമായി. പരീക്ഷയ്ക്കു പാസ്സാവാൻ എന്താണു വേണ്ടതെന്നു് അയാൾക്കു ശരിക്കറിയാം.

രസമില്ലാത്ത നിരൂപണങ്ങളും ഭാഷാശാസ്ത്രഗ്രന്ഥങ്ങളും ഒന്നും മിനക്കെട്ടിരുന്നു വായിക്കാതെ കഴിക്കാം. അയാൾ മുഴുവൻ നോക്കി വേണ്ടതെഴുതി എടുത്തുതരും. അതു പഠിച്ചാൽ മതി. മുഷിപ്പൻ പുസ്തകങ്ങൾ മറിച്ചു ഇരിക്കണ്ട, ആ നേരംകൂടി കവിത വായിയ്ക്കാം.

അങ്ങിനെ ആ കൊല്ലം അവസാനിയ്ക്കാറായി.

ബോംബേയിൽനിന്നു അപ്പേട്ടന്റെ എഴുത്തുകൾ മുറയ്ക്കു വരും. മറുപടിയും അയയ്ക്കും.

അമ്മുവിന്റെ ചേട്ടൻ പിന്നെ ഹോസ്റ്റലിൽ വന്നിട്ടില്ല. അമ്മുവിന്റെ എഴുത്തുവരുമ്പോൾ എവിടെയെങ്കിലും വെച്ചു തമ്മിൽ കാണും, വരാന്തയിലോ ലൈബ്രറിയിലോ എവിടെയെങ്കിലും. കൊണ്ടുപിടിച്ച പഠിത്തമാണു് ചേട്ടൻ.

പരീക്ഷ കഴിഞ്ഞു കോളേജു പൂട്ടി. അത്തവണ അവൾ തന്നെയേ ഉള്ളു. ഗോപുവിനു താമസമുണ്ടു്. വണ്ടി കയറ്റി അയയ്ക്കാൻ ചേട്ടനും ഗോപുവുംകൂടി വന്നു സ്റ്റേഷനിൽ.

അവധിക്കാലം മുഴുവൻ അച്ഛൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അമ്മയ്ക്കു കൂടുതലാണു്. ഭക്ഷണമൊന്നും കൊണ്ടുകൊടുത്താൽ ചിലപ്പോൾ കഴിയ്ക്കില്ല. പാട്ടും മേളവുംതന്നെ. മുറ്റത്തും പറമ്പിലും ഓടിനടന്നു കളിയ്ക്കുന്ന കുട്ടിയെ കിടത്തിയിരുന്ന തൊട്ടിൽ ഇനിയും മുറിയിൽനിന്നു മാറ്റിയിട്ടില്ല. മാറ്റാൻ സമ്മതിയ്ക്കില്ല. നല്ല സമയമാണെങ്കിൽ അതു വലിച്ചു് ആട്ടുകയും പാടുകയുംതന്നെ ഇപ്പോഴും.

കുട്ടിയാണെങ്കിൽ നൂറു വിളി വിളിച്ചാൽ ആ മുറിയ്ക്കകത്തേക്കൊന്നു കേറില്ല. അവനു് എല്ലാത്തിനും ചെറിയമ്മ മതി.

കുട്ടിയുടെ പേരും പറഞ്ഞു ജ്യേഷ്ഠത്തിയ്ക്കു് അനിയത്തിയെ ചീത്തപറയാനേ നേരമുള്ളു. ചെറിയമ്മ മുമ്പിൽ പോവില്ല. ചെന്നുപോയാൽ വഴക്കാണു്.

മണി എത്തി ഒരു മാസം തികച്ചും കഴിഞ്ഞാണു് ഗോപു വന്നതു്. അവനുണ്ടെങ്കിൽ ഒരു സമാധാനമാണു്.

അമ്മുവിന്റെ ചേട്ടന്റെ ഒരെഴുത്തുവന്നു. അച്ഛന്റെ കൈയിലാണു് കിട്ടിയതു്. പൊട്ടിച്ചു വായിച്ചിട്ടേ കൊടുത്തുള്ളു. കൂടെ ഒരു താക്കീതും. മറുപടി അയയ്ക്കണ്ട; ആണുങ്ങളുമായി കൂട്ടുകെട്ടു വേണ്ട. അപ്പേട്ടന്റെ വർത്തമാനമൊന്നുമില്ല. പണ്ടും വീട്ടിലേയ്ക്കു എഴുതാറില്ല. അമ്മുച്ചെറിയമ്മയെ ഒന്നു കാണാനും തരപ്പെട്ടില്ല. അവർക്കും നല്ല സുഖമില്ലെന്നുകേട്ടു.

ആ അവധിക്കാലവും അങ്ങിനെ ദിവസമെണ്ണി കഴിച്ചുകൂട്ടി.

ഇരുപത്തിരണ്ടു്

കോളേജിൽ എത്തിയപ്പോഴും ആരുമില്ല എന്നൊരു തോന്നലാണു്. ഗോപു ഇല്ല ഇക്കൊല്ലം. മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടി. യാതൊരു വിഷമവും ഉണ്ടായില്ല. അത്രയ്ക്കു നല്ല മാർക്കുണ്ടായിരുന്നു. അങ്ങിനെ അവൻ പോയി. ആ കോളേജും ഹോസ്റ്റലും ഒക്കെ കുറെ ദൂരെയാണു്. പണ്ടത്തെപ്പോലെ കാണാനൊന്നും പറ്റില്ല.

ചേട്ടനും പാസ്സായി പോയി. റിസൾട്ട് അറിഞ്ഞ ഉടനെ അടുത്തൊരു കോളേജിൽ ജോലിയും കിട്ടി.

ക്ലാസ്സിൽ രണ്ടുപേർ കൂടിയുണ്ടു് ഇപ്പോൾ. എം. എ.-ക്കു വരുന്നവർക്കും ഓണേഴ്സുകാർക്കും ഒന്നിച്ചാണു് ക്ലാസ്സുകൾ. അങ്ങിനെ രണ്ടുപേർകൂടി ആയി. ഒന്നു് ഒരു പെൺകുട്ടി. മേരി. അക്കൊല്ലം ബി. എ. പാസ്സായതാണു്. മറ്റെ ആൾ ബി. എ. കഴിഞ്ഞു മൂന്നുകൊല്ലം രാഷ്ട്രീയവും സാഹിത്യവും ഒക്കെയായി നടന്നു കഴിച്ച ഒരു ഗോപിനാഥമേനോൻ.

കോളേജു തുറന്നു് ഒരു മാസത്തേയ്ക്കു് അവൾ അയാളുമായി സംസാരിച്ചതുതന്നെയില്ല. അങ്ങിനെ പെൺകുട്ടികളോടൊന്നും മിണ്ടാൻ വരില്ല. ക്ലാസ്സിൽ കാണുന്നതുതന്നെ വല്ലപ്പോഴുമാണു്. പഠിത്തം അത്ര കാര്യമായിട്ടു എടുത്തിട്ടൊന്നുമില്ലെന്നുതോന്നി. രാഷ്ട്രീയവും പത്രപ്രവർത്തനവും എല്ലാം അപ്പോഴും ഉണ്ടു്. എപ്പോഴെങ്കിലും ഒന്നു വന്നു് അറ്റൻഡൻസു കൊടുത്തിട്ടുപോകും. പിന്നെ കാണില്ല. ക്ലാസ്സിൽ ഇരിയ്ക്കണമെന്നു് ആർക്കും നിർബ്ബന്ധമില്ലാത്തതുകൊണ്ടു് മാസ്റ്റർമാരും ഒന്നും പറയാറില്ല.

ചേട്ടനാണവളെ അയാളുമായി പരിചയപ്പെടുത്തിയതു്. അവർ നേരത്തേ കൂട്ടുകാരാണു്. ഒരേ നാട്ടുകാർ. ഒന്നിച്ചു കുറച്ചുകാലം പഠിച്ചിട്ടുമുണ്ടു്. ചിങ്ങമാസം അടുപ്പിച്ചു ഒരു വെള്ളിയാഴ്ച ചേട്ടൻ കോളേജിൽ വന്നു. ജോലിസ്ഥലം അധികം ദൂരെയല്ല. പഴയ കൂട്ടുകാരെ കാണുകയും ചെയ്യാമല്ലോ.

അവളും ചേട്ടനും കൂടി സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ മേനോൻ—അന്നു ക്ലാസ്സിൽ പ്രത്യക്ഷപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നു—ലൈബ്രറിയിൽനിന്നു് ഇറങ്ങി വന്നു. ചേട്ടനെ കണ്ടുകൊണ്ടു് അയാൾ അടുത്തു വന്നു.

“ഓഹോ. ഇവിടെ എന്തു ചെയ്യുകയാണു്? ക്ലാസ്സിലും മറ്റും പോക്കു തുടങ്ങിയോ?” ചേട്ടൻ ചിരിച്ചു ചോദിച്ചു.

“ഗതികേടു്. അല്ലാതെന്തു പറയാൻ.” അയാളും ചിരിച്ചു.

“മണി ഇദ്ദേഹത്തിനെ അറിയില്ലായിരിയ്ക്കും അല്ലേ?”

അയാളാണു് സമാധാനം പറഞ്ഞതു്? “ഞങ്ങൾ ഒന്നൊന്നര മാസമായി ഒരേ ക്ലാസ്സിൽ പഠിയ്ക്കുകയാണു്. എന്നിട്ടാണു്…”

“അതിൽ മുപ്പതുദിവസം ക്ലാസ്സിൽ വന്നിട്ടുമില്ല.” അവൾ പൂരിപ്പിച്ചു.

“ഏയ് മുപ്പതുദിവസമൊന്നും വരാതെ ഇരുന്നിട്ടില്ല. എന്നെ അങ്ങിനെ മോശക്കാരനാക്കല്ലെ.”

“അല്ല എല്ലാംകൂടി കൂട്ടി ശരാശരി എടുത്താൽ മുപ്പതുദിവസം കാണും.”

“എന്നാലും മുപ്പതുദിവസം…”

“അതിരിക്കട്ടെ. മണിക്കിദ്ദേഹത്തിന്റെ യഥാർത്ഥ മഹത്ത്വം മനസ്സിലായിട്ടുണ്ടോ?” ചേട്ടൻ പിന്നെയും തുടങ്ങി.

അവളൊന്നും മിണ്ടാതെ ചിരിച്ചുകൊണ്ടുനിന്നു. “ഇദ്ദേഹമാണു് ഞങ്ങളുടെ നാട്ടിലെ പ്രധാനപ്പെട്ട വ്യക്തി. ഇദ്ദേഹം സത്യഗ്രഹം നടത്തിയിട്ടുണ്ടു്. സമരം ചെയ്തിട്ടുണ്ടു്. അണ്ടർ ഗ്രൌണ്ടിൽ പോയിട്ടുണ്ടു്. ജയിലിൽ കിടന്നിട്ടുണ്ടു്. യാതന അനുഭവിച്ചിട്ടുണ്ടു്. എല്ലാം ഈ ചെറുപ്രായത്തിനിടയിൽ.”

“നിനക്കു് എന്തിന്റെ സുഖക്കേടാണു് ഇപ്പോൾ?” മേനോൻ ഇടയ്ക്ക കയറിപ്പറഞ്ഞു.

“ഇദ്ദേഹം ഭൂഗർഭത്തിലായിരുന്നപ്പോഴത്തെ രോമാഞ്ചമുണ്ടാക്കുന്ന കഥകൾ പറഞ്ഞാൽ ഒടുങ്ങില്ല. ഒരു ഗ്ലാസ് ചായക്കുവേണ്ടി ഇദ്ദേഹം…”

“നിന്റെ പണി ഞാനിന്നു തീർക്കും.”

ചേട്ടന്റെ കൂട്ടുകാർ രണ്ടുപേർ അതിലെ വന്നതുകൊണ്ടു കഥ മുഴുവൻ ആയില്ല.

കുറച്ചുനേരം കൂടി ഓരോന്നു പറഞ്ഞുനിന്നു മേനോൻ പോയി. തിങ്കളാഴ്ച അയാളെ കണ്ടേയില്ല.

അടുത്ത ദിവസം വജയ വന്നിരുന്നില്ല. ആദ്യത്തെ ഒരു മണിക്കൂർ കഴിഞ്ഞു പിന്നെ ക്ലാസുണ്ടായില്ല കാലത്തു്.

മേരിയെ ഒരു കൂട്ടുകാരി വന്നു വിളിച്ചുകൊണ്ടുപോയി. അവിടെ തനിയെ നിന്നാൽ ബാലചന്ദ്രൻ ബോറടിക്കാൻ വരും. അതിലും ഭേദമങ്ങുപോയേക്കാം.

അവൾ തിരിക്കാൻ തുടങ്ങുമ്പോൾ ചേട്ടൻ പോയോ എന്നു ചോദിച്ചുകൊണ്ടു മേനോൻ അടുത്തേയ്ക്കുവന്നു. പോയി എന്നവൾ മറുപടി പറഞ്ഞു.

ചേട്ടന്റെ കാര്യം പറഞ്ഞുകൊണ്ടുനിന്നു പിന്നെയും കുറച്ചുനേരം.

അയാൾ അമ്മുവിനേയും അറിയും. അമ്മുവിനെ കല്ല്യാണം കഴിച്ചിരിക്കുന്ന ആളും അയാളും അയൽപക്കക്കാരാണു്.

കുറേനേരം സംസാരിച്ചുനിന്നു് അവൾ പോകാൻ തുടങ്ങിയപ്പോൾ അയാൾ പെട്ടെന്നു ചോദിച്ചു: “ഭാസ്കരന്റെ ഓട്ടോഗ്രാഫിൽ എഴുതിയിരിക്കുന്ന മണി ഇതുതന്നെയല്ലേ?”

“ചേട്ടന്റെ ഓട്ടോഗ്രാഫിൽ ഞാൻ എഴുതിയിട്ടുണ്ടു്.

“അതു ഞാനൊരിക്കൽ കണ്ടു. അന്നു വിചാരിച്ചതാണു് ആ മണിയെ ഒന്നു കാണണമെന്നു്.”

പെട്ടെന്നവൾ ഓർമ്മിച്ചു എന്താണു് ചേട്ടനു് എഴുതിക്കൊടുത്തിരുന്നതെന്നു്. ഓട്ടോഗ്രാഫിൽ എഴുതുന്നതുതന്നെ അവൾക്കിഷ്ടമില്ലാത്ത പണിയാണു്. ചേട്ടൻ നിർബ്ബന്ധിച്ചു. അതുകൊണ്ടെഴുതി. സ്വന്തം വരി വല്ലതും വേണമെന്നാണു പറഞ്ഞതു്. അതൊന്നും തോന്നിയില്ല അപ്പോൾ. വീട്ടിൽ നിന്നു് എഴുത്തുവരാഞ്ഞിട്ടോ മറ്റോ വളരെ വിഷമിച്ചിരിക്കുന്ന സമയമായിരുന്നു. ആദ്യം മനസ്സിൽ വന്നതു് എഴുതിക്കൊടുത്തു.

“മറവി ദൃഢമനുഗ്രഹത്തിനാം…”

“അങ്ങിനെ എഴുതാൻ കാരണമെന്താണെന്നു് ഒരു ദിവസം എന്നോടു പറയണം. പറയാമോ?” മേനോൻ തുടർന്നു.

“പറയാൻ മാത്രമൊന്നുമില്ല. എന്തോ ആലോചിച്ചു് എഴുതി.”

“ആ ആലോചിച്ചതെന്താണെന്നാണു് അറിയേണ്ടതു്.”

അവൾ ചിരിയ്ക്കുകമാത്രം ചെയ്തു.

അതിൽപ്പിന്നെ മിക്ക ദിവസങ്ങളിലും അവർ കണ്ടു സംസാരിക്കും.

ഒരു ദിവസം ലൈബ്രറിയിൽ പുസ്തകം എടുത്തുകൊണ്ടിരിക്കുമ്പോൾ അയാൾ കയറിവന്നു.

എടുക്കുന്ന പുസ്തകങ്ങളുടെ പേരെഴുതുന്ന രജിസ്റ്ററിൽ അവളുടെ പേജ് തുറന്നുകിടക്കുകയായിരുന്നു. അയാൾ മേശക്കടുത്തുവന്നു വായിച്ചുനോക്കി.

“കവിതയല്ലാതെ ഒരൊറ്റ എണ്ണമില്ലേ?” മുഴുവൻ വായിച്ചു് അയാൾ ചോദിച്ചു.

“വേറൊന്നും വായിക്കാൻ സമയമില്ല.”

“ഈകണ്ട കവിതയൊക്കെ വായിക്കാൻ സമയമുണ്ടു് ഇല്ലേ?” അയാൾ ചിരിച്ചുകൊണ്ടു തുടർന്നു: “കൊള്ളാവുന്നതൊന്നും വായിക്കാൻ സമയമില്ല.”

“കവിതയല്ലേ കൊള്ളാവുന്നതു്?”

“കവിതക്കാർക്കു പിന്നെ അതല്ലാതെ വല്ലതും പിടിക്കുമോ? എന്നാലും ഈ ലോകത്തു കഴിയുന്ന മനുഷ്യരുടെ കാര്യം കൂടി ഇത്തിരി അറിയണ്ടേ?”

“അതറിയാൻ എന്തു വായിക്കണമെന്നാണു്?”

“കുറച്ചു ചരിത്രം പഠിക്കു.”

“അതിനു ഞാൻ ഇനി ഹൈസ്ക്കൂൾ ടെക്സ്റ്റ് മറിച്ചു നോക്കണോ?”

“അതുകൊണ്ടെന്തുവിശേഷം? അവിടെ പഠിക്കുന്നതു തിയതികളല്ലെ? അതല്ല, മനുഷ്യചരിത്രമാണു് പഠിക്കേണ്ടതു്. വരട്ടെ. ഞാൻ എടുത്തുകൊണ്ടുവന്നു തരാം പുസ്തകം.”

അയാൾ അലമാരികളുടെ ഇടയിലേയ്ക്കു നടന്നു. കുറെ നേരം നിന്നു തപ്പി. ഒടുക്കം ഒരു പുസ്തകവുമായി മടങ്ങിവന്നു.

“ഇതു വലിയ കടുപ്പമുള്ളതല്ല. ആദ്യം ഇതാവട്ടെ.” അയാൾ ചിരിച്ചു പുസ്തകം അവൾക്കു നീട്ടി.

അവൾ വാങ്ങി പേരു നോക്കി.

“ഇതു ഫ്രെഞ്ചുവിപ്ലവത്തിന്റെ കഥയല്ലേ. ഇതു വായിക്കാൻ വിഷമമൊന്നുമുണ്ടാവില്ല.”

“ഇല്ല. അതു നോക്കിയാണു് എടുത്തതു്.”

അവൾ കൊണ്ടുപോയി വേഗം വായിച്ചുതീർത്തു.

അവിടെനിന്നു് അടുപ്പം തുടങ്ങി.

അയാൾ ഒരു വിചിത്ര സൃഷ്ടിയാണു്.

അവളെക്കാൾ അഞ്ചാറു വയസ്സു മൂത്തതാണു്. അതിലും എത്രയോ ഇരട്ടി കൂടുതൽ ജീവിതം കണ്ടിട്ടുണ്ടു്. ഒരു കൊല്ലത്തോളം ജയിലിൽ കഴിച്ചിട്ടുണ്ടു്. പോകാത്ത സ്ഥലമില്ല. രാഷ്ട്രീയപ്രവർത്തനവും മീറ്റിങ്ങും പ്രസംഗവും പഠിത്തത്തിനിടയ്ക്കും ഉണ്ടു്.

കോളേജുവിട്ടു ചെന്നാൽ രാത്രി എട്ടുപത്തുമണിവരെ വല്ല പാർട്ടിയോഗത്തിനും നടന്നു പിന്നെ രണ്ടുമണിവരെ ഇരുന്നു വായിക്കാൻ യാതൊരു വിഷമവുമില്ല. ഇത്രയും കഴിഞ്ഞു കാലത്തെഴുന്നേറ്റു വേണമെന്നുതോന്നിയാൽ ഒരുക്ഷീണവുമില്ലാതെ കോളേജിലും വരും.

സാമൂഹ്യവ്യവസ്ഥിതിയെ തകിടംമറിക്കുന്ന വിപ്ലവം ഉണ്ടാകുമെന്നു പൂർണ്ണമായി വിശ്വസിക്കുന്ന മനുഷ്യൻ. ചോരപ്പുഴയിൽ നീന്തിയും ഒരു നല്ല നാളെയിൽ എത്താൻ മുമ്പോട്ടുപോകും. അയാൾ അർത്ഥശാസ്ത്രമോ രാഷ്ട്രതന്ത്രമോ പഠിക്കാതെ സാഹിത്യത്തിനു വന്നതെന്തിനെന്നു് അവൾ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ടു്. ശാസ്ത്രത്തിന്റെ കൂർത്തു മൂർച്ചയുള്ള ബുദ്ധി. വിപ്ലവകാരിയുടെ നിഷ്ഠുരമായ വീക്ഷണഗതി.

അയാളോടു രാഷ്ട്രീയം സംസാരിച്ചു തർക്കിക്കുന്നതു വെളുപ്പാൻ കാലത്തു വ്യായാമം എടുക്കുന്നതുപോലെയാണു് അവൾക്കു തോന്നാറ്. അരമണിക്കൂർ സംസാരിച്ചാൽ കുറച്ചുകൂടി ഉണർവ്വോടുകൂടിയേ പോരുള്ളു.

അവർ തമ്മിൽ നീണ്ടു നീണ്ട വാദപ്രതിവാദങ്ങൾ പതിവായി. വ്യക്തിയെ സമഷ്ടിയിൽനിന്നു വേറെയായി കാണാൻ കഴിയാത്ത അയാളുടെ വിക്ഷണഗതിയോടു യോജിക്കാൻ അവൾക്കു സാധിക്കില്ല.

ഒരു ലക്ഷത്തിനെ ഒരു ലക്ഷംകൊണ്ടു ഹരിച്ചാൽ കിട്ടുന്നതാണോ വ്യക്തി?

ആ പഴയ ചോദ്യം അയാളെ ശുണ്ഠിപിടിപ്പിക്കും.

ഒരു ലക്ഷത്തിൽ ഒന്നായിട്ടല്ലാതെ വ്യക്തിയെ കണക്കാക്കുന്നതു് അത്യാവശ്യമല്ല. ഒരു ലക്ഷ്യത്തിന്റെ ഗുണത്തിനു് ഒന്നിനെ നശിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

എന്താണീ ഗുണം? പിന്നെയും ചോദ്യങ്ങൾ തുടങ്ങുകയായി—ആരാണു് അതു നിശ്ചയിക്കുക? ഒരു ലക്ഷത്തിനു ഗുണമായിട്ടുള്ളതെന്താണെന്നു് ആ ഒരു ലക്ഷത്തിൽ ഒരാൾ ആലോചിച്ചങ്ങു തീർച്ചയാക്കുകയാണോ?

സംസാരിച്ചു സംസാരിച്ചു് അയാൾക്കു ശുണ്ഠി കേറും.

മനസ്സിലാക്കണമെന്നില്ലാഞ്ഞിട്ടാണു് അവൾക്കു്. പകൽവെളിച്ചം പോലെ വ്യക്തമായതിനെ വെറുതെ കുഴച്ചു മറിക്കുക.

ആ ചൂടുള്ള വാഗ്വാദങ്ങൾ അവൾ ഇഷ്ടപ്പെടാൻ തുടങ്ങി. അയാൾക്കും അതു് ഇഷ്ടമാണെന്നു തോന്നി. എന്നും പിരിഞ്ഞുപോകുന്നതിനുമുമ്പു് എപ്പോഴെങ്കിലും കുറച്ചു സംസാരിക്കാതെ ഇരിക്കുകയില്ല.

ഇരുപത്തിമൂന്നു്

ഒരുദിവസം മൂന്നിനു ക്ലാസ് വിട്ടു. വിജയയും മേരിയും പോയി. മണി മേനോനോടു് എന്തോ കാര്യം പറഞ്ഞുനിന്നു.

സമയം പോയതറിഞ്ഞില്ല. നാലിനു മണി അടിച്ചോ? വരാന്ത ശൂന്യമായി തുടങ്ങുന്നു.

ലൈബ്രറിയുടെ ഭാഗത്തുനിന്നു ബാലചന്ദ്രൻ ഇറങ്ങിവന്നു.

“ബെല്ലടിച്ചതു കേട്ടില്ലേ രമണീ?”

മേനോനെ ശ്രദ്ധിക്കാതെ അവളുടെ അടുത്തേയ്ക്കാണയാൾ വന്നതു്.

“കേട്ടില്ല. അടിച്ചോ?” എന്നു ചോദിക്കാനാണവൾ തുടങ്ങിയതു്. പക്ഷേ, ചോദിച്ചില്ല. അതിനുമുമ്പു് അയാൾ പിന്നെയും തുടങ്ങി.

“എല്ലാവരും പോയിട്ടു് ഇവിടെത്തന്നെ നില്ക്കുന്നതെന്തിനു്?”

ചോദ്യത്തിന്റെ സ്വരം അവൾക്കു രസിച്ചില്ല.

“തന്നെയല്ല. കണ്ടുകൂടെ?”

“ഓഹോ. രണ്ടുപേരും കൂടെ നിന്നു സല്ലപിക്കാൻ”

“പോകു, ഹേ, നിങ്ങളുടെ പാട്ടിനു്.” മേനോനാണു് അതു പറഞ്ഞതു്.

“അതു രമണി പറയട്ടെ. താനാരാണു പറയാൻ?” ബാലചന്ദ്രനും ഒപ്പം.

“ഇയാൾ എന്തധികാരത്തിലാണു് ശാസിക്കാൻ വന്നതു്?”

“അധികാരമുണ്ടായിട്ടുതന്നെ.”

“ഓഹോ. അധികാരമുണ്ടോ? എവിടെനിന്നു കിട്ടി?”

അത്രയുമേ ആയുള്ളു. മുഴുവൻ കേൾക്കാൻ നിന്നില്ല. അവൾ പോന്നു.

നിന്നു അടിപിടി കൂടട്ടെ രണ്ടും കൂടി.

പിറ്റേന്നു ചെല്ലുമ്പോൾ ബാലചന്ദ്രൻ വരാന്തയിൽ കാവലുണ്ടു്. തലേദിവസം വൈകുന്നേരത്തെ ആളല്ല, പഴയ ബാലചന്ദ്രൻ. അതേ വിഷാദാത്മകത്വവും മട്ടും…

കണ്ടെന്നുഭാവിക്കാതെ അവൾ കടന്നുപോകാൻ തുടങ്ങി. അയാൾ വിടുമോ?

“രമണീ, എന്നോടു ദ്വേഷ്യമാണോ?” തുടങ്ങി.

അവൾ ഒന്നും മിണ്ടാതെ നടന്നു.

“രമണീ” പിന്നാലെ വരികയാണു്. ഉപദ്രവം.

അവൾ നിന്നു.

“ഞാൻ ഇന്നലെ പറഞ്ഞുപോയതിനു്…”

“അതല്ലാതെ വേറെ വല്ല കാര്യവും സംസാരിക്കാനുണ്ടോ?”

“രമണീ, അയാൾ രമണിയുടെ അടുത്തുനിന്നു് കൊഞ്ചുന്നതുകണ്ടപ്പോൾ”

“നിങ്ങൾക്കു ഭ്രാന്താണു്.”

“അതെ. ഒരുവക ഭ്രാന്തുതന്നെ. ഭ്രാന്തായിരിക്കുകയാണെന്നാണു് എല്ലാവരും പറയുന്നതു്.”

“എന്നാൽ ചികിത്സിക്കണം. അല്ലാതെ”

“രമണി വിചാരിച്ചാലെ ഇതിനു ചികിത്സയുള്ളു.”

“എങ്കിൽ സുഖക്കേടു മാറാതിരിക്കുകയേയുള്ളു.”

“ഇത്രയ്ക്കു ദയയില്ലാതെ…”

“ഇതെന്തു കൂത്ത്. എന്താണു് പറഞ്ഞുകൊണ്ടുവരുന്നതു്?”

“എനിക്കു ശാസിക്കാൻ അധികാരമെന്തെന്നു് അയാൾ ചോദിച്ചു. രമണി ആ ചോദ്യം മൌനംകൊണ്ടു് അനുവദിക്കുകയും ചെയ്തു. ശാസിക്കാൻ ഇല്ലായിരിക്കാം. എനിക്കു സ്നേഹിക്കാൻ അധികാരമില്ലേ?”

“ബാലചന്ദ്രൻ എന്താണു് പറയുന്നതെന്നു ആലോചിക്കാതെ സംസാരിക്കുകയാണു്.”

“അല്ല. ആലോചിച്ചുതന്നെയാണു് സംസാരിക്കുന്നതു്. അയാൾ വരുന്നതിനുമുമ്പു് രമണി…”

“ഈ വർത്തമാനം മതിയാക്കൂ. ഇതൊന്നും പറയേണ്ട കാര്യമില്ല.”

“രമണിക്കു് എന്റെ വർത്തമാനം കേൾക്കുന്നതു് ഇഷ്ടമല്ല ഇപ്പോൾ. അതെനിക്കു മനസ്സിലായിത്തുടങ്ങിയിട്ടു കുറച്ചുദിവസമായി. അയാൾ ഇടയ്ക്കു കയറിവന്നു് എല്ലാം നശിപ്പിച്ചു.”

“അസംബന്ധം പറയാതിരിക്കു. എന്താണു് നശിപ്പിച്ചതു്? വെറുതെ ഇല്ലാത്തതു് ഊതിപ്പെരുപ്പിച്ചു…”

“അയാളാണു് ഇതിനൊക്കെ കാരണം. ഇല്ലെങ്കിൽ രമണി ഇങ്ങനെ പറയില്ലായിരുന്നു. കുട്ടികൾക്കെല്ലാവർക്കും അറിയാം.”

“വിഡ്ഢിത്തം മതിയാക്കു ബാലചന്ദ്രൻ. ഈ വർത്തമാനം പറയാൻ ഇനി എന്റെ അടുത്തു വരരുതു്.”

“രമണീ…”

“ഇതിനൊന്നുമുള്ള സമയവും സ്ഥലവുമല്ല ഇതു്. ക്ലാസ്സിൽ പോകു.”

പിന്നാലെ വരുന്നുണ്ടോ എന്നു ശ്രദ്ധിക്കാതെ അവൾ പോന്നു.

മേനോൻ വന്നിട്ടുണ്ടോ? അയാളുടെ മുഖത്തു് എങ്ങിനെ നോക്കും? എന്തു വിചാരിച്ചുകാണും അയാൾ? താനും ബാലചന്ദ്രനും തമ്മിലുള്ള ബന്ധമെന്താണെന്നാണു് ധരിച്ചിരിയ്ക്കുക?

ദൈവാധീനംപോലെ അന്നയാൾ വന്നിരുന്നില്ല. അതിൽപിന്നെ തുടർച്ചയായി ഒരാഴ്ചത്തേയ്ക്കു കണ്ടില്ല.

കുറെ സമാധാനം. ഇനി വരുമ്പോൾ ഇതൊക്കെ അയാൾ മറന്നുകാണും: പിന്നത്തെ തിങ്കളാഴ്ച ഉച്ചയായപ്പോൾ അയാൾ ക്ലാസ്സിൽ കയറിവന്നു. തീവണ്ടി ഇറങ്ങിവരുന്ന വഴിയാണെന്നു കണ്ടാൽ അറിയാം.

ക്ലാസ്സുവിട്ട ഉടൻ അവളുടെ അടുത്തേയ്ക്കു ചെന്നു. “എവിടെ ആയിരുന്നു?” സാമാന്യമര്യാദ വിചാരിച്ചാണു് ചോദിച്ചതു്.

“ബോംബേയ്ക്കു പോയിരുന്നു. ഇന്നലെ എത്തണമെന്നാണു് വിചാരിച്ചിരുന്നതു്, ഒരു ദിവസം താമസിച്ചു പോയി.”

ബോംബേ. അപ്പേട്ടൻ അവിടെയാണു്.

“രസമായിരുന്നോ?”

“രസമോ? കാര്യത്തിനാണു് പോയതു്. സ്ഥലമൊക്കെ ഞാൻ ഇതിനുമുമ്പു കണ്ടിട്ടുള്ളതാണു്.”

“ഇതിനുമുമ്പു് പോയിട്ടുണ്ടു് അല്ലേ?”

“ഉവ്വു്.” അയാൾ ഒന്നു നിർത്തി.

“ബാലചന്ദ്രന്റെ കേസ്സ് പിന്നെ എന്തായി?” പെട്ടെന്നാണു് അയാൾ അതുചോദിച്ചതു്.

“കേസ്സോ? എന്തു കേസ്സ്?”

“വിദ്വാൻ അന്നു ചൊടിയ്ക്കാൻ വന്നതേ തമാശയുണ്ടു് അയാളുടെ കാര്യം.”

അവൾ ഒന്നും മിണ്ടിയില്ല.

“ഞാൻ അന്നു മണിയെപ്പറ്റി എന്റെ അമ്മയോടു പറഞ്ഞു.”

“ഓഹോ എന്താണു് പറഞ്ഞതു്?”

“കളങ്കമറിയാത്ത വിഡ്ഢിപ്പെൺകുട്ടിയാണെന്നു്.”

“അതു കോംപ്ലിമെന്റ് ആണെന്നാണോ?”

“എന്തുതോന്നുന്നു?”

“പിടികിട്ടുന്നില്ല.”

അവൾക്കു് ആ സംസാരം മതിയാക്കി പോയാൽമതി എന്നായി.

“ആട്ടെ. മണിയ്ക്കു് എന്നെ ആദ്യം കണ്ടപ്പോൾ എന്താണു് തോന്നിയതു് ?”

അയാൾ പിന്നെയും തുടങ്ങുകയാണു്.

“വിശേഷിച്ചൊന്നും തോന്നിയതായി ഓർമ്മയില്ല.”

“അല്ല. ആദ്യത്തെ ഇംപ്രെഷൻ ആണു് കാര്യമായിട്ടുള്ളതു്. പിന്നീടു് അഭിപ്രായങ്ങൾ മാറിയാലും അതാണു് അബോധ മനസ്സിൽ കിടക്കുക.”

“മനഃശാസ്ത്രവും പഠിച്ചിട്ടുണ്ടോ?”

“ആ. കുറച്ചൊക്കെ അതുമുണ്ടു്.”

“അപ്പോൾ ഇതൊരു മനഃശാസ്ത്രപരീക്ഷണമാണു്?”

“അല്ല. എന്റെ ജീവിതത്തിലേയ്ക്കു ക്ഷണമാണു്.”

“ഏ. ആ ബാലചന്ദ്രൻ പറഞ്ഞതു്…”

“എന്താണയാളു പറഞ്ഞതു്?”

“ഇതുതന്നെ.”

“ഇതു പുതിയ കാര്യമൊന്നുമല്ലല്ലോ പ്രത്യേകിച്ചു പറയാൻ. എല്ലാവരും പറയുന്നതല്ലേ?”

“എല്ലാവരും എന്നുവെച്ചാൽ”

“കോളേജിൽ എല്ലാവരും. അല്ലാതാരാണു്?”

“ഇതൊക്കെ കേട്ടു്—അറിഞ്ഞുംകൊണ്ടു്—ഇതായിരുന്നോ ഇത്രയും നാൾ ഉള്ളിൽ വിചാരം?”

“മണി ഇത്ര പരിഭ്രമിയ്ക്കുന്നതെന്തിനു്?”

“പരിഭ്രമമോ?”

“ഇതുതന്നെയായിരുന്നു വിചാരം. അതെ. വിവാഹത്തിനും തയ്യാറാണു്. അതാണു് അമ്മയോടു പറഞ്ഞതു്.”

“ഏ. പറഞ്ഞു പറഞ്ഞ്…”

“നമ്മൾ നല്ലജോഡിയായിരിയ്ക്കുമെന്നു തോന്നുന്നില്ലേ?”

“ഇല്ല.”

“എന്നോടു തർക്കിയ്ക്കുന്നതു ആസ്വദിയ്ക്കുന്നില്ല എന്നാണോ?”

“തർക്കിയ്ക്കുന്നതും വിവാഹം കഴിക്കുന്നതുംകൂടി എന്തു ബന്ധം?”

“ആശയങ്ങൾക്കു് എവിടെയോ പൊരുത്തം ഉണ്ടായിട്ടല്ലേ തർക്കിയ്ക്കുന്നതു്? കണ്ണിൽക്കണ്ടവരോടൊക്കെ ആരെങ്കിലും തർക്കിയ്ക്കാൻ ചെല്ലുമോ?”

“ഏതായാലും തർക്കിയ്ക്കാനുള്ള വാസന മാത്രം പോരാ വിവാഹത്തിനു് എന്നാണു് എന്റെ അഭിപ്രായം.”

“വേറൊന്നുമില്ല നമ്മൾ തമ്മിൽ എന്നാണോ?”

“അതെ. അതുതന്നെ.”

“അതു വിശ്വസിയ്ക്കാൻ ഞാൻ തയ്യാറില്ലെങ്കിലോ?”

“വിശ്വസിപ്പിയ്ക്കാൻ ഇനി…”

“വരട്ടെ. പതുക്കെ ആലോചിച്ചിട്ടു പറഞ്ഞാൽ മതി. ഈ പരിഭ്രമമൊക്കെ മാറി സാവധാനം ആലോചിച്ചു പറയു.”

“ആലോചിയ്ക്കാനൊന്നുമില്ല.”

“ഇല്ലെന്നു തീർത്തങ്ങു പറയുകയാണോ?”

“അതെ.”

“ഈ മറുപടി കേട്ടുകൊണ്ടു പോകാൻ ഞാൻ ഒരുക്കമല്ലെങ്കിലോ? ആഗ്രഹിച്ചതു കിട്ടാതെ മടങ്ങുന്നവനല്ല.”

“ഇതു മര്യാദയുടെ സീമ വിട്ടുപോകുന്നു.”

“മര്യാദ…”

വരാന്തയിൽ ദൂരെ ആരൊക്കെയോ കോണി കയറി വന്നു.

രക്ഷയായി.

അയാൾ തുടങ്ങിയതു പകുതിക്കുവെച്ചു നിർത്തി.

അവൾ പോന്നു.

വാസ്തവം. അയാൾ പറഞ്ഞതു ശരിയാണു്.

വിഡ്ഢിപ്പെണ്ണു്.

വിഡ്ഢിയായിട്ടു തന്നെ ഇതൊക്കെ കേൾക്കേണ്ടിവരുന്നതു്.

ഓ. അയാൾ ഇനിയും ഈ വർത്തമാനം തന്നെ തുടങ്ങിയാൽ…

അവൾ തനിയെ പെടാതിരിയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചുതുടങ്ങി. വരാന്തയിലും ക്ലാസ്സിലും ഒന്നും തനിയെ നിൽക്കില്ല. ഹോസ്റ്റൽ വാതിൽവരെയും കൂടി എന്തെങ്കിലും കാരണം പറഞ്ഞു വിജയയേയും വിളിച്ചു കൊണ്ടുപോകും. വിളിച്ചാൽ യാതൊരു വിസമ്മതവുമില്ലാതെ വിജയ വരും. തനിയെ പോകാതെ കൂട്ടിനു് ആളെ വിളിയ്ക്കുന്നതു് എന്തിനാണെന്നു വിജയയ്ക്കു മനസ്സിലായോ? ഗോപിനാഥമേനോനെ പേടിച്ചു നടക്കുകയാണെന്നു്…

ഇതൊക്കെ കോളേജു മുഴുവൻ പാട്ടായിരിക്കും.

നാണക്കേടു്…

ഇരുപത്തിനാലു്

അരക്കൊല്ലപ്പൂട്ടൽ കഴിഞ്ഞു മടങ്ങിവന്ന ഇടയ്ക്കാണു്.

പണിക്കരു മാസ്റ്റരാണു് പോയട്രിയുടെ പേപ്പർ നോക്കിയതു്. അവളതു നന്നായി എഴുതിയിരുന്നു.

പേപ്പർ ക്ലാസ്സിൽ കൊണ്ടുവന്നു മാസ്റ്റർ ഒന്നും മിണ്ടാതെ അവളുടേതു നിവർത്തി ഉറക്കെ വായിയ്ക്കാൻ തുടങ്ങി. ഷെല്ലിയുടെ കവിതയെപ്പറ്റി ഒരു ചോദ്യം ഉണ്ടായിരുന്നു. അതിനു അവളെഴുതിയ ഉത്തരമാണു് അദ്ദേഹം വായിച്ചതു്.

ഷെല്ലിയുടെ കവിത തലയ്ക്കുപിടിച്ചിരുന്ന സമയമായിരുന്നു. ആ കവിയായ വിപ്ലവകാരി ബുദ്ധിയും ഹൃദയവും നിറഞ്ഞുനിൽക്കുകയാണു്. ഗദ്യത്തിൽ ഒരു സ്തുതിഗീതമായിരുന്നു അവളുടെ ഉത്തരം. വൃത്തബന്ധമില്ലാത്ത കവിത.

പഠിയ്ക്കാനുള്ള കവിതകളേയും കഴിഞ്ഞു മറ്റെല്ലാറ്റിനേയും തൊട്ടുപോകുന്ന ലേഖനം. അവളുടെ കൊച്ചക്ഷരത്തിൽ ഏഴെട്ടുപേജ്.

അതു മുഴുവൻ വായിച്ചു മാസ്റ്റർ. അവൾ ശ്വാസം അടക്കി കേട്ടിരുന്നു. ആ മുഴങ്ങുന്ന ശബ്ദത്തിൽ താനെഴുതിയ വരികൾ പുറത്തുവന്നപ്പോൾ അത്രയ്ക്കു സുഖംതോന്നി.

വായിച്ചുതീർന്നു കടലാസ്സു മടക്കി മേശപ്പുറത്തുവെച്ചു് അദ്ദേഹം കുറച്ചു നേരം മിണ്ടാതെ ഇരുന്നു. “ബാക്കിയുള്ളതും എല്ലാം നന്നായിട്ടുണ്ടു്. നിങ്ങളൊക്കെ മേടിച്ചു വായിച്ചുനോക്കണം.” അവസാനം അദ്ദേഹം പേപ്പർ എടുത്തു നീട്ടി.

ആ കൊച്ചു ക്ലാസ്സുമുറിയിൽ ഇരുന്നേടത്തുനിന്നു കൈ നീട്ടിയാൽമതി മാസ്റ്ററുടെ കൈയിൽനിന്നു പേപ്പർ വാങ്ങിയ്ക്കാൻ, അത്രയ്ക്കും അടുത്താണു് മേശയും ബെഞ്ചുകളും. അവൾ എഴുന്നേറ്റു നിന്നു തലപൊക്കാതെ വാങ്ങിച്ചു.

ക്ലാസ്സു കഴിഞ്ഞ ഉടൻ ബാലചന്ദ്രൻ വന്നു് അവളുടെ കടലാസ്സു വാങ്ങിച്ചു കൊണ്ടുപോയി. അഞ്ചാറു ദിവസം കഴിഞ്ഞു് എല്ലാവരും വായിച്ചു കഴിഞ്ഞാണു് അവൾക്കു തിരിച്ചു കിട്ടിയതു്.

അതുമുതൽ പണിക്കരു മാസ്റ്റരുടെ ക്ലാസ്സുകൾ അവൾക്കു് ഉത്സവമായി. പണ്ടേ ആ നിർഝരിക്കുമുമ്പു് തരിച്ചിരുന്നു പോകാറുള്ളതാണു്. ഇപ്പോഴാണെങ്കിൽ അദ്ദേഹം പറയുന്നതെല്ലാം അവളുടെ ചെവിക്കു പ്രത്യേകം എന്ന മട്ടിലാണു്. കുറെ പഠിപ്പിച്ചുകഴിഞ്ഞു മനസ്സിലായോ എന്നു ചോദിച്ചു് അവളുടെ നേരെയാണു് നോക്കുക. രസം പിടിച്ചു പഠിപ്പിക്കുമ്പോൾ തന്നെത്താൻ അറിയാതെയാണെന്നുതോന്നും കണ്ണുകൾ അവളുടെ അടുത്തേയ്ക്കു ചെല്ലും. നോട്ടു പറഞ്ഞുകൊടുക്കുകയാണങ്കിൽ എന്നും എവിടെയാണു് നിർത്തിയതു് എന്നറിയാൻ അവളുടെ പുസ്തകമാണു് അദ്ദേഹം മേടിയ്ക്കുക.

അവൾക്കുവേണ്ടിയാണു് അദ്ദേഹം പഠിപ്പിയ്ക്കുന്നതു് എന്നാണു് തോന്നുക.

അവൾ ആ ക്ലാസ്സുകൾക്കുവേണ്ടി മണിക്കൂറുകൾ എണ്ണി കാത്തിരിക്കാൻ തുടങ്ങി.

ആയിടയ്ക്കു് ഒരു ദിവസം അമ്മു ഹോസ്റ്റലിൽ വന്നു. സിംഗപ്പൂരിൽനിന്നു വരുന്ന വഴിയാണു്. അവിടെനിന്നു പിന്നെ ബോട്ടിൽവേണം അവൾക്കു നാട്ടിലേക്കു പോകാൻ. കാലത്തെ റെയിൽവേ സ്റ്റേഷനിൽനിന്നു നേരേ ഹോസ്റ്റലിലേയ്ക്കാണു് വന്നതു്. അവിടെ കൊണ്ടുവന്നാക്കി അവളുടെ ഭർത്താവു വേറെ എന്തോ ആവശ്യത്തിനു പോയി. വൈകുന്നേരമേ പിന്നെ വിളിക്കാൻ വന്നുളളൂ. ആ നേരം മുഴുവൻ അവർ രണ്ടുപേരും വർത്തമാനംപറഞ്ഞു കഴിച്ചു.

അമ്മു പഴയ ആൾതന്നെ. ആ വർത്തമാനവും ചിരിയും ലഹളയും ഒന്നും മാറിയിട്ടില്ല. വിവാഹം അവളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.

മണിയുടെ കഴുത്തിൽ ഒരു വലിയ ലോക്കറ്റു കിടന്നിരുന്നു. അതു് അമ്മുവിനു വളരെ പിടിച്ചു.

“നമുക്കു ലോക്കറ്റു മാറാം.” ഉടനെ തുടങ്ങി പഴയ പ്രസരിപ്പോടെ.

അവളുടെ മാലയിൽ കോർത്തിരുന്ന കൃഷ്ണന്റെ പടമുള്ള പെൻഡന്റ് പറഞ്ഞുതീരുന്നതിനു മുമ്പു് അവൾ ഊരിയെടുത്തുകഴിഞ്ഞു. അതു മണിയുടെ മാലയിൽ കോർത്തു മണിയുടെ ലോക്കറ്റ് അവളും എടുത്തു.

അതു വലിയ സംഭവമായി. അമ്മുവിനെ വിളിച്ചുകൊണ്ടുപോയപ്പോൾ നേരം ഇരുട്ടായി. ലോക്കറ്റു കൈമാറ്റത്തിന്റെ കാര്യം ആരും അപ്പോൾ ശ്രദ്ധിച്ചില്ല.

രണ്ടുമൂന്നു ദിവസം കഴിഞ്ഞു പുതിയ ലോക്കറ്റ് അവളുടെ കഴുത്തിൽ കണ്ടപ്പോൾ അതിനെപ്പറ്റി കഥകൾ പ്രചരിക്കാൻ തുടങ്ങി.

സീനിയറിലെ സാറാമ്മയാണത്രേ പ്രാരംഭം ഇട്ടതു്.

പണിക്കരു മാസ്റ്റരുടെ പേർ കൃഷ്ണൻ എന്നാണു്.

മാസ്റ്റരോടുള്ള സ്നേഹംകൊണ്ടാണു് എവിടെനിന്നോ കൃഷ്ണന്റെ പടം സമ്പാദിച്ചു കഴുത്തിലിട്ടതു്.

അവിടെനിന്നും പോയി. മാസ്റ്റർക്കു് ഇങ്ങോട്ടും ഉണ്ടു് സ്നേഹം.

അതാണു ഫസ്റ്റ്മാർക്കു കൊടുത്തതു് ‘പോയട്രിക്ക്’, വെറുതെയല്ല. ക്ലാസ്സിൽ പഠിപ്പിയ്ക്കുമ്പോൾ എന്നും മണിയുടെ മുഖത്തുനോക്കിയല്ലേ ഇരിയ്ക്കുക…

ആ ലോക്കറ്റു കൈമാറ്റം ഇത്രയ്ക്കനർത്ഥത്തിനു വഴി തെളിയിയ്ക്കുമെന്നു വിചാരിച്ചതല്ല. എന്നത്തേയും പതിവുപോലെ കഥ എല്ലായിടത്തും പരന്നു് എല്ലാവരും അറിഞ്ഞതിനുശേഷമാണു് അവളുടെ ചെവിയിൽ എത്തിയതു്. വിജയയുടെ നല്ല മനസ്സിൽക്കൂടിയാണു് അറിയാൻ ഇടയായതു്. അതും അക്കൊല്ലത്തെ പരീക്ഷ കഴിഞ്ഞു വീട്ടിൽ പോയി കോളേജ് തുറന്നു വന്നതിനു ശേഷം.

പതിവില്ലാതെ പണിക്കരുമാസ്റ്റർ കൊല്ലപ്പരീക്ഷയുടേയും കടലാസ്സു കൊണ്ടുവന്നു. അതിനും അവൾക്കായിരുന്നു ഏറ്റവും കൂടുതൽ മാർക്ക്. പേപ്പർ കിട്ടിയ ഉടൻ ഓരോരുത്തർ അർത്ഥവത്തായി അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നതവൾ കണ്ടു. കാര്യം മനസ്സിലായില്ല.

അന്നുച്ചയ്ക്കു ആരും അടുത്തില്ലാതെ അവളെ തനിച്ചു കിട്ടിയപ്പോൾ വിജയ പതുക്കെ തുടങ്ങി.

“ഞാനൊരു കാര്യം ചോദിച്ചാൽ മണി സത്യം പറയുമോ?”

“ദേവി, മുഖവുരയും ഒക്കെ ആയിട്ടാണല്ലോ പുറപ്പാടു്. ഗൌരവം ഉള്ള സംഗതിയാണെന്നു തോന്നുന്നു.”

“ഗൌരവമുള്ളതാണു്. വാസ്തവം പറയുമോ?”

“ഉത്സാഹിയ്ക്കാം.”

“കളി പിന്നെയാവാം. ഞാൻ കാര്യമായിട്ടു ചോദിയ്ക്കുകയാണു്.”

“ഒന്നു പറയപ്പാ, എന്താണെന്നുവെച്ചാൽ.”

“മണിയും പണിക്കരുമാഷും തമ്മിൽ വല്ലതുമുണ്ടോ?”

“വല്ലതുമല്ല. കുറെ അധികമുണ്ടു്. മാഷാണു് ഇവിടെ ഏറ്റവും നന്നായി പഠിപ്പിയ്ക്കുന്നതു്. എനിയ്ക്കു അതിലും ഇഷ്ടമുള്ള ക്ലാസ്സു വേറെ ഇല്ല. ബാക്കി എല്ലാ മാസ്റ്റർമാരെയുംകാൾ സ്നേഹം പണിക്കർമാഷോടാണു്. ഞാനെഴുതുന്ന ഇംഗ്ലീഷ് മാസ്റ്റർക്കും ഇത്തിരി ഇഷ്ടമാണെന്നാണു തോന്നുന്നതു്.

“ഗുരുശിഷ്യ ബന്ധമല്ല. അതല്ലാതെ…”

“പിന്നെന്താ. പ്രേമമുണ്ടോ എന്നാണോ?” അവൾ പൊട്ടിച്ചിരിച്ചുപോയി. വിജയ അവളുടെ മുഖത്തു തന്നെ നോക്കി നിന്നു. അവളുടെ ചിരി തനിയെ നിലച്ചു.

“മണീ, ഞാൻ മണിയോടുള്ള സ്നേഹംകൊണ്ടു പറയുകയാണു്. അദ്ദേഹത്തിനെ വിശ്വസിക്കാൻ കൊള്ളില്ല. അറിഞ്ഞു തന്നെയാണു് പേരിട്ടിരിക്കുന്നതു്. ശ്രീകൃഷ്ണൻ തന്നെയാണു്. കണ്ടാൽ കൊള്ളാവുന്ന പെൺകുട്ടികളുടെയെല്ലാം വായനോക്കി നടക്കും അങ്ങോരു്. ഉള്ളിൽ തട്ടിയതല്ല ഇതൊന്നും. ഒരു നേരമ്പോക്കു്…”

“വിജയ എന്താണു് പറഞ്ഞുകൊണ്ടുവരുന്നതു്?”

“മണിയ്ക്കു് ഈ ലോക്കറ്റ് എവിടെനിന്നു കിട്ടി?”

“ഈ ലോക്കറ്റും ഇതുംകൂടി എന്തു ബന്ധം?”

“ഈ കൃഷ്ണന്റെ പടം—ഇതല്ലായിരുന്നല്ലോ ആദ്യം കഴുത്തിൽ.”

“ഇതെവിടെനിന്നു കിട്ടി എന്നാണു് വിചാരം?”

“മാഷു തന്നതാണു് എന്നുവരെ പറയുന്നുണ്ടു്.”

“ഏ… മാഷ് എനിക്കു ലോക്കറ്റു തരികയോ?”

“എല്ലാവരും പറഞ്ഞുകൊണ്ടു നടക്കുന്നതു ഞാൻ ചോദിച്ചു. അത്രയേ ഉള്ളു.”

തുടർന്നു് അവൾ എല്ലാം പറഞ്ഞു. ക്ലാസ്സിൽ നോക്കി ഇരിയ്ക്കുന്നതും പരീക്ഷയ്ക്കു മാർക്ക് ഇടുന്നതും എല്ലാം.

മണി മിണ്ടാതെ കേട്ടുനിന്നു.

“അപ്പോൾ എങ്ങിനെയാണു് ഇതിന്റെ കണക്കു്?” അവസാനം അവൾ ചോദിച്ചു. “മാസത്തിൽ ഒരാള് എന്നാണോ? അതോ ആഴ്ചയിൽ മാറുമോ എനിയ്ക്കു കാമുകന്മാർ”

“ഇതിൽനിന്നു ധരിക്കേണ്ടതു് ആളുകൾ പറയുന്നതിൽ കാര്യമൊന്നുമില്ല എന്നല്ലേ?” വിജയ അവളുടെ ചോദ്യം ഗൌനിച്ചില്ല. “മതി. സമാധാനമായി. മണിയ്ക്കു് ഒരു മുന്നറിയിപ്പു തരണമെന്നേ ഉണ്ടായിരുന്നുള്ളു. എനിയ്ക്കു് ആ മാഷെ അറിയാം. ഞങ്ങളുടെ അയൽപക്കത്തല്ലേ താമസം. അങ്ങോരോടു കളിയ്ക്കാൻ കൊള്ളില്ല.”

അന്നു മുറിയിൽപോയി അവൾ ഇതുതന്നെ ആലോചിച്ചിരുന്നു.

അമ്മുവിന്റെ ചേട്ടൻ—ബാലചന്ദ്രൻ–ഗോപിനാഥമേനോൻ–പണിക്കരു മാസ്റ്റർ–ഇനി ആരുടെയെല്ലാം കൂടെ തന്റെ പേരു ചേർത്തു പറഞ്ഞിട്ടുണ്ടോ ആവോ?

ഇവർ ആരും വിചാരിച്ചിട്ടു് ഉറങ്ങിക്കിടക്കുന്നതിനെ ഉണർത്താൻ സാധിച്ചതുമില്ല.

അവൾ കടലാസ്സും പേനയും എടുത്തു് ഇരുന്നു.

മനസ്സിൽകൂടി കടന്നുപോയതു വാക്കുകൾ ആയി രൂപംകൊണ്ടു.

എന്റെ വിളക്കു കത്തിയ്ക്കപ്പെടുക ഉണ്ടായില്ല.

ഞാൻ കാത്തിരുന്നു.

എന്റെ മൺവിളക്കു ചായംപുരട്ടി നിറംപിടിപ്പിച്ചു

—വാസനയുള്ള എണ്ണ നിറച്ചു്

—പതുപതുത്ത തിരിയുമിട്ടു് ഞാൻ കാത്തിരുന്നു.

പക്ഷേ.

വിളക്കു കത്തിയ്ക്കപ്പെടുകയുണ്ടായില്ല.

മിന്നാമിനുങ്ങുകൾ വന്നു.

അവരുടെ ചൂടില്ലാത്ത വെളിച്ചത്തിൽ

തിരി കത്തിയില്ല.

ശ്രീകോവിലിനകത്തുകൂടി കൊള്ളിമീൻ വീശി.

തിരിത്തലപ്പു കരിഞ്ഞു.

കത്തിയില്ല.

എന്റെ വിളക്കു കത്തിയ്ക്കപ്പെടുകയുണ്ടായില്ല.

അവസാനംവരെയും

ഈ കത്താത്ത വിളക്കുമായി

ഞാൻ കാത്തിരിയ്ക്കണമോ?

ഒരിയ്ക്കലും, ഒരിയ്ക്കലും ഈ

കാത്തിരിപ്പു തീരുകയില്ലേ?

എന്റെ ഈ വിളക്കു കത്തുക ഉണ്ടാവില്ലേ…?

ടാഗോർ കവിതകൾ ഒരുപാടു വായിക്കുന്ന കാലമായിരുന്നു.

ഇരുപത്തിഅഞ്ചു്

പിറ്റേന്നു കാലത്തു നോക്കിയപ്പോൾ എഴുതിയതു തരക്കേടില്ലെന്നു തോന്നി. കുറെ ദിവസം മുമ്പു പണിക്കരുമാഷ് കോളേജു മാസികയിൽ ചേർക്കാൻ വല്ലതുമുണ്ടെങ്കിൽ തരാൻ പറഞ്ഞിരുന്നു, ക്ലാസ്സിൽവെച്ചു്. ഇതങ്ങു കൊടുത്താലെന്താണു്?

നല്ല കടലാസ്സിൽ പകർത്തി അതും കൊണ്ടാണവൾ അന്നു കോളേജിൽ പോയതു്. ബെല്ലടിയ്ക്കാൻ പിന്നെയും സമയമുണ്ടായിരുന്നതുകൊണ്ടു നേരെ പണിക്കരു മാസ്റ്റരുടെ മുറിയിലേയ്ക്കു് ചെന്നു.

മാസ്റ്റർ എത്തിയിരുന്നു.

“ഇതു മാഗസീനിൽ ഇട്ടെങ്കിൽ കൊള്ളാമായിരുന്നു.” കടലാസ്സു മേശപ്പുറത്തുവെച്ചു് അവൾ പറഞ്ഞു.

“നല്ല കാര്യം. ഇപ്പോഴാണോ കൊണ്ടുവരുന്നതു്? അച്ചടിയ്ക്കാൻ കൊടുത്തു കഴിഞ്ഞു. നോക്കട്ടെ. അടിച്ചു തീർന്നില്ലെങ്കിൽ ചേർക്കാം.”

“മലയാളമാണു്. അല്ലേ?” കടലാസ്സു മറിച്ചുനോക്കിക്കൊണ്ടു് അദ്ദേഹം തുടർന്നു.

“മലയാളം ഡിപ്പാർട്ടുമെന്റിൽ കൊണ്ടുപോയി കൊടുക്കണോ സർ?”

“വേണമെന്നില്ല. ഞാൻ കൊടുത്തേയ്ക്കാം.”

അദ്ദേഹം മുഴുവൻ ഒന്നു ഓടിച്ചു വായിച്ചു് അവളെയൊന്നു ചുഴിഞ്ഞു നോക്കി.

“ഇവിടെ ഇരിയ്ക്കട്ടെ. ശരിയാക്കാം.”

അവളുടെ മുഖത്തുനിന്നു കണ്ണെടുക്കാതെ അദ്ദേഹം പറഞ്ഞു.

അവൾ വാതിൽക്കൽ എത്തി തിരിഞ്ഞു നോക്കിയപ്പോൾ അദ്ദേഹം കടലാസ്സു കൈയിൽ പിടിച്ചു അതേ പാടു് ഇരിക്കുകയാണു്.

അടുത്ത ദിവസം ക്ലാസ്സുകഴിഞ്ഞു് ഇറങ്ങുമ്പോൾ മാസ്റ്റർ പറഞ്ഞു.

“രമണിയെ എനിക്കൊന്നു കാണണം. ഉച്ചയ്ക്കു മുറിയിൽ വരണം.”

അവൾ നേരത്തേ ഊണു കഴിഞ്ഞു ചെന്നു. മുറിയിൽ വേറൊരാളും കൂടി ഉണ്ടായിരുന്നു. ആരാണെന്നു് അവൾ ശ്രദ്ധിച്ചില്ല.

സിഗരറ്റിന്റെ വാസന നിറഞ്ഞു നിന്നിരുന്നു അവിടെ.

“ഒരു കുഴപ്പം പറ്റിയിരിക്കുകയാണു്.”

അവൾ മേശയ്ക്കടുത്തുചെന്നു നിന്നപ്പോൾ മാസ്റ്റർ പറഞ്ഞു. “രമണിയുടേതുപോലെതന്നെ അതേമാതിരി ഒരു കവിത വേറൊരാൾ എഴുതി. രണ്ടുംകൂടി ഇട്ടാൽ ആരെങ്കിലും ഒരാൾ പകർത്തിയതാണെന്നേ തോന്നുള്ളു. ഒരു കോയിൻസിഡൻസ്. വളരെ അത്ഭുതമായിരിയ്ക്കുന്നു.”

“ഇതുവേണ്ട സർ. മറ്റേതു ഇട്ടാൽ മതി.” ഇത്രയും കേട്ടു് അവൾ പറഞ്ഞു.

“അവിടെയും ഉണ്ടു് കുഴപ്പം. മറ്റതു് നേർത്തേ വന്നു? അതച്ചടിക്കാൻ കൊടുത്തു. അടിച്ചും കഴിഞ്ഞു. ഇനിവേണമെങ്കിൽ എല്ലാകോപ്പിയിൽ നിന്നും ആ കടലാസ്സു തിരഞ്ഞെടുത്തു മാറ്റി പകരം ഇതു അടിച്ചു ചേർക്കണം.”

“വേണ്ടസർ. ഇത്രയൊക്കെ പാടുപെടാൻ പറ്റുമോ?”

“ഇനിയിപ്പോൾ അതേ നിവൃത്തിയുള്ളു എന്നാണു് തോന്നുന്നതു്.” മാസ്റ്റർ പിന്നെ ഒന്നും പറഞ്ഞില്ല.

പൊയ്ക്കോളാൻ പറയാതെ പോകുന്നതെങ്ങിനെ എന്നു വിചാരിച്ചു് അവൾ കുറച്ചുനേരം സംശയിച്ചു നിന്നു. ആരും ഒന്നും മിണ്ടിയില്ല. അകാരണമായി വല്ലായ്മ തോന്നി അവൾ തല തിരിച്ചു നോക്കി.

പിന്നിൽനിന്നു രണ്ടുകണ്ണുകൾ മേൽ തറച്ചിരിക്കുകയാണു്.

എന്തൊരു വല്ലാത്ത തിളക്കം.

നേർത്തു വരച്ചതുപോലത്തെ ചുണ്ടു്. ഉയർന്ന മൂക്കു്. ഇത്രയും ഒരു നോട്ടത്തിനു കണ്ടു.

അനുവാദം കാത്തുനില്ക്കാതെ അവൾ പുറത്തേയ്ക്കു കടന്നു. ആ കണ്ണുകൾ പിന്തുടരുന്നുണ്ടോ…

രണ്ടുദിവസം കഴിഞ്ഞു വരാന്തയിൽ യദൃച്ഛയാ അവയുടെ ഉടമസ്ഥനെ ഒരിക്കൽകൂടി കാണാൻ ഇടയായി. ആ പ്രാവശ്യവും ഒന്നേ അവൾ നോക്കിയുള്ളു.

വിജയ ഉണ്ടായിരുന്നു കൂടെ. കടന്നുപോന്നു കുറെകഴിഞ്ഞു് അവൾ ചോദിച്ചു: “ആ പോയതു് ആരാണെന്നറിയാമോ വിജയേ?”

“മലയാളത്തിനു പുതുതായിട്ടുവന്ന മാസ്റ്റരാണു്. മാധവമേനോൻ എന്നോ മറ്റോ ആണു് പേരു്. നല്ലവണ്ണം ക്ലാസെടുക്കുമത്രേ.”

“നമ്മൾക്കു് എടുത്തിട്ടില്ലല്ലോ. അന്നു് ഉണ്ടായിരുന്നില്ലേ ഇവിടെ?”

“ഇല്ല. ഈയിടെ വന്നതാണു്. ഇതിനുമുമ്പു് വേറെ എവിടെയോ ആയിരുന്നൂന്നു തോന്നുന്നു.”

എന്തോ ആ കണ്ണുകൾ മനസ്സിൽനിന്നു പോകാതെ നിന്നു.

കോളേജുമാസിക എല്ലാവരോടും വാങ്ങിച്ചുകൊള്ളാൻ നോട്ടീസു വന്നു. സ്റ്റോറിൽ ചെന്നു് ഒപ്പിട്ടുമേടിച്ചു് അവൾ ആദ്യം ചെയ്തതു് മറിച്ചു നോക്കി ആ കവിത കണ്ടുപിടിക്കുകയായിരുന്നു.

മലയാളവിഭാഗത്തിൽ ആദ്യംതന്നെയുണ്ടു്.

വിളക്കു കത്തിയില്ല. ഈ പരിവേദനം തന്നെ പല്ലവി. തുടങ്ങുന്നതും അതുപോലെതന്നെ. ഇടയ്ക്കു് അവിടേയും ഇവിടേയും കുറേശ്ശെ വ്യത്യാസമുണ്ടു്. ആശയം ഒന്നുതന്നെ. വരികളും മിക്കതും അതേപോലെ. ആ കത്താത്ത വിളക്കു് ആരെടുത്തു പുറത്തുവെച്ചു.

വിളക്കു കത്താത്തതിനെപ്പറ്റി കരയാൻ അവൾക്കു തോന്നിയ അതേ സമയത്തുതന്നെ അതിനെപ്പറ്റി പരാതിപറയാൻ വേറെ ആരാണുണ്ടായതു്.

പി. എം. എം. എന്നു മാത്രമാണു് പേരുവെച്ചിരിക്കുന്നതു്.

ആരാണു് ഈ പി. എം. എം.? ആരോടു ചോദിച്ചാലാണു് അറിയുക? പുസ്തകം കൈയിൽ പിടിച്ചുനില്ക്കുമ്പോൾ വിജയ അതിലെ വന്നു.

“ആരാ വിജയേ പി. എം. എം.?” അവൾ ചോദിച്ചു.

“ഏതു പി. എം. എം.?”

“ഇതെഴുതിയിരിക്കുന്ന ആള്.” അവൾ ആ ഭാഗം എടുത്തു കാണിച്ചുകൊടുത്തു.

“പി. എം. എം.—മാധവമേനോൻ ആയിരിക്കും. പി. മാധവമേനോൻ. ആ, അങ്ങോരു കവിത എഴുതും എന്നു പറയുന്നതു കേട്ടു.”

“മാധവമേനോൻ ഏതാണു്?”

“മലയാളത്തിനു പുതുതായി വന്നിട്ടുള്ള മാഷ്. ഇന്നാളു വരാന്തയിൽകണ്ടു ചോദിച്ചില്ലേ മണി?”

“അദ്ദേഹമാണോ?”

“ആയിരിക്കണം. ഇന്റെർമീഡിയറ്റുകാർ പിള്ളേരു പറയുന്നതുകേട്ടു അവരുടെ മാസ്റ്റരുടെ കവിത മാഗസിനിൽ ഉണ്ടെന്നു്.”

ആ പ്രകാശമുള്ള കണ്ണുകൾ…

രണ്ടുമൂന്നു ദിവസം കഴിഞ്ഞു് ഉച്ചയ്ക്കു് എന്തിനോ ഓഫീസിൽ പോകേണ്ട കാര്യമുണ്ടായിരുന്നു. തനിച്ചേ ഉള്ളു. വേറെ ആരെയും കിട്ടിയില്ല.

തിരിച്ചു വന്നതു പടിഞ്ഞാറെ വരാന്തയിൽക്കൂടിയാണു്.

കായൽ കണ്ടുംകൊണ്ടു് നടക്കാമല്ലോ. വരാന്തയിൽ എങ്ങും ആരുമില്ല.

ഊണുകഴിഞ്ഞു തിരിച്ചെത്തിക്കഴിഞ്ഞില്ല കുട്ടികൾ.

വെള്ളത്തിൽത്തന്നെ നോക്കിനടന്നു് അവൾ മനോരാജ്യത്തിൽ മുഴുകി.

എവിടെനിന്നോ ഒരു മൂളിപ്പാട്ടുകേട്ടാണു് ഉണർന്നതു്.

പണിക്കരുമാഷുടെ മുറിയുടെ ജനാലക്കൽ ആരോ നില്പ്പുണ്ടു്.

അദ്ദേഹം…

വരച്ചതുപോലെ ആ നേർത്ത ചുണ്ടുകൾ ആണു് പാട്ടുമൂളുന്നതു്.

ഒരു വശത്തേയ്ക്കു തിരിഞ്ഞു നില്ക്കുകയാണു്. മുഖത്തിന്റെ ഒരു ഭാഗം മാത്രമേ കണ്ടുകൂടു.

പകുത്തു് എടുക്കാതെ പിന്നാക്കം ചീകിവെച്ചിരിക്കുന്ന മുടി. വലിയ നെറ്റി. ഒരറ്റം തലമുടിയെ ആക്രമിച്ചു കുറേശ്ശേ മേല്പോട്ടുകയറിത്തുടങ്ങിയിട്ടുണ്ടു്.

പടിയിന്മേൽവെച്ച നീണ്ട വിരലുകൾക്കിടയിൽ സിഗററ്റ് ഇരുന്നു പുകയുന്നു.

ജനലിന്റെ ചട്ടക്കൂട്ടിൽ എഴുതിവെച്ച ആ ചിത്രം തന്നെ നോക്കിക്കൊണ്ടു് അവൾ അടിവെച്ചു് അടിവെച്ചു നടന്നു…

പിന്നിൽ ദൂരെ ആരോ ഉറക്കെ സംസാരിച്ചുകൊണ്ടു വന്നു.

അദ്ദേഹം പെട്ടെന്നു തിരിഞ്ഞുനോക്കി. അവൾ ജനലിനടുത്തു് എത്തിക്കഴിഞ്ഞിരുന്നു. ആ നോട്ടത്തിനു മുമ്പിൽക്കൂടിവേണം കടന്നുപോകാൻ—പണിപ്പെട്ടു് ഒരുവിധം കാൽവലിച്ചുവെച്ചു് അവൾ നടന്നു. ആ നാലടിവെക്കാൻ ഒരു യുഗം എടുത്തെന്നുതോന്നി.

ദൈവാധീനം. ഒരു മൂലയിൽ ആണു് മുറി. ആ കണ്ണുകൾ എത്താത്തയിടത്തേയ്ക്കു തിരിഞ്ഞു മരംകൊണ്ടുള്ള കൈവരിയിൽ പിടിച്ചു് അവൾ നിന്നു. നെഞ്ചിന്റെ പിടപ്പു മാറിയിട്ടില്ല.

ഇതെന്തൊരു മാസ്മരശക്തി…

കുറെനേരം ദൂരേയ്ക്കു നോക്കിനിന്നു. ശ്വാസം ഒരുവിധം നേരെയായപ്പോൾ അവൾ പതുക്കെ കോണിയിറങ്ങി താഴത്തേയ്ക്കു പോന്നു.

ക്ലാസ്സിൽ പറഞ്ഞതൊന്നും കേട്ടില്ല. ഒരുവശത്തേയ്ക്കു തിരിച്ചുപിടിച്ചിരിക്കുന്ന മുഖവും കാന്തശക്തിയുള്ള കണ്ണുകളും—ഇതുതന്നെയാണു മനസ്സിൽ.

ശ്രദ്ധിക്കാൻ അവൾ കുറെ ശ്രമിച്ചു. എത്ര മനസ്സിരുത്തിയാലും കുറച്ചുകഴിഞ്ഞാൽ പിന്നേയും സിഗററ്റു കൈയിൽ പിടിച്ചു് ജനാലക്കൽ നില്ക്കുന്ന രൂപംതന്നെയാണു കൺമുന്നിൽ.

ഇതൊന്നു മാറ്റാൻ ഒരു വഴിയുമില്ലേ?

രണ്ടുദിവസം മനഃപൂർവ്വം പടിഞ്ഞാറെ വരാന്തയുടെ അടുത്തെങ്ങും പോകാതെ കഴിച്ചുകൂട്ടി. മൂന്നാംദിവസം അറിയാതെ കാലുകൾ അങ്ങോട്ടുനീങ്ങി.

പണിക്കരുമാഷുടെ മുറിയിൽ വേറെ ആരൊക്കെയോ ഉണ്ടു്. ഉറക്കെ ഉറക്കെ സംസാരംകേട്ടു. പുറത്തെങ്ങും ആരുമില്ല. അകത്തേയ്ക്കു നോക്കാൻ ധൈര്യവും വന്നില്ല.

പോയതുപോലെ മടങ്ങിപ്പോരേണ്ടിവന്നു.

അന്നു മുഴുവൻ മനസ്സിനു് ഒരു ഭാരമായിരുന്നു.

എന്താണു തനിക്കു സംഭവിക്കുന്നതു്? എങ്ങിനെയെങ്കിലും എവിടെയെങ്കിലും വെച്ചു കണ്ടാലേ സമാധാനമുള്ളു എങ്ങോട്ടാണു് ഈ പോക്കു്—ലൈബ്രറിയുടെ അടുത്തുനിന്നു മുകളിലേയ്ക്കു കയറാൻ ചെറിയ ഒരു കോണിയുണ്ടു്. രണ്ടാൾക്കു് ഒന്നിച്ചു കയറി പോകണമെങ്കിൽ ഞെരുങ്ങണം. അത്രയ്ക്കു വീതി കുറഞ്ഞതാണു്. സാധാരണ അതു പെൺകുട്ടികൾ മാത്രമേ ഉപയോഗിക്കാറുള്ളു. തിരക്കൊന്നും ഇല്ലാത്ത സമയമാണെങ്കിൽ ചിലപ്പോൾ മാസ്റ്റർമാരും ഇറങ്ങിവരും.

ഒരുച്ചയ്ക്കു് ആ കോണിപ്പടിയിന്മേൽവെച്ചു് അദ്ദേഹത്തിനെ കണ്ടു. അവൾ കയറി മുകളിലെത്താറായപ്പോൾ അദ്ദേഹം ഇങ്ങോട്ടു ഇറങ്ങാൻ തുടങ്ങുകയാണു്. അവളെ കണ്ടുകൊണ്ടു മാറിനിന്നുകൊടുത്തു. ഒന്നുരണ്ടു ദിവസത്തിനകം ആരും പറയാതെതന്നെ അവൾ കണ്ടുപിടിച്ചു: അദ്ദേഹം എന്നും ഉണ്ണാൻ പണിക്കരുമാഷുടെ മുറിയിൽവരും. കൊച്ചു കോണിയിൽക്കൂടെയാണു് ഇറങ്ങിപ്പോവുക.

കയറിച്ചെല്ലുന്നിടത്തു മുകളിൽ ഒരു ഇരട്ടത്തൂണുണ്ടു്. അതിനുപിന്നിൽ ഒരാൾക്കു സുഖമായി മറഞ്ഞുനിൽക്കാം. ഒരു ദിവസം അദ്ദേഹം വരുന്നതു കണ്ടുകൊണ്ടു് അവൾ ആ തൂണിനു പിന്നിലേയ്ക്കു മാറി. അവിടെ നിന്നാൽ കോണിയുടെ കുറെ പടി ഇറങ്ങുന്നതുവരെ ശരിക്കു കാണാം. ഇങ്ങോട്ടു കാണുകയില്ല. ഇതും ഒരു കണ്ടുപിടുത്തമായിരുന്നു.

പതുക്കെ പതുക്കെ അതൊരു പതിവായി. ദിവസവും ആ തൂണിനുപിന്നിൽ ആരും അറിയാതെ ചെന്നുനില്ക്കുക. അദ്ദേഹം വരുന്ന സമയം ഏകദേശം മനസ്സിലായിട്ടുണ്ടു്. ആ നേരത്തേയ്ക്കു് അവിടെ എത്തിയാൽ രണ്ടു നിമിഷമാണെങ്കിലും ഇങ്ങോട്ടു കാണുമെന്ന പേടികൂടാതെ സ്വൈരമായി നോക്കിനില്ക്കാം. അടുത്ത ഉച്ചവരെ അതുകൊണ്ടു തൃപ്തിപ്പെട്ടു കഴിയാൻ പറ്റും.

അവളങ്ങിനെ മറഞ്ഞുനിന്നു നോക്കുന്നുണ്ടെന്നു് അദ്ദേഹം അറിഞ്ഞിരുന്നോ?

ഇരുപത്തിആറു്

ഓണം അവധിക്കാലം വന്നു. അടയ്ക്കുന്ന ദിവസം അടുക്കുന്തോറും അവൾക്കു വിചാരംകൂടി. പതിന്നാലു ദിവസം. രണ്ടാഴ്ച! ഒരു പ്രാവശ്യം ഒന്നു കാണാൻ സാധിക്കില്ല.

ഇത്രയ്ക്കു് വൈമനസ്യത്തോടെ അവൾ ഒരിക്കലും വീട്ടിലേക്കു തിരിച്ചിട്ടില്ല.

ആ രണ്ടാഴ്ചക്കാലം മുഴുവൻ ഒരിടത്തു് ഇരുപ്പുറയ്ക്കാതെ അലഞ്ഞു കഴിച്ചുകൂട്ടി.

ഓണക്കാലമല്ലേ, പണിയുണ്ടു്. പതിവുപോലെ ചെറിയമ്മ അഞ്ചാറുദിവസം പനിയായി കിടപ്പുമായിരുന്നു. ആലോചിച്ചിരുന്നു വിഷമിക്കാൻ അധികം സമയം കിട്ടാറില്ലെങ്കിലും അസ്വസ്ഥത മനസ്സിനെ വിട്ടുമാറാതെ നിന്നു.

ഒരു വിധം ദിവസങ്ങൾ ഉന്തിനീക്കി.

തുറന്ന അന്നു കുറെ നേരത്തെതന്നെ കോളേജിലേയ്ക്കു പോന്നു. വരാന്തയിൽ എങ്ങും കണ്ടില്ല.

ക്ലാസ്സുതുടങ്ങി ഒരു മണിക്കൂർ ആയിക്കാണും. അവൾ പുസ്തകത്തിൽത്തന്നെ കണ്ണുറപ്പിച്ചു് ഇരിക്കുകയാണു്. മനസ്സു് അവിടെയെങ്ങുമല്ല.

പുറത്തെ വരാന്തയിൽ ആരോ ഷൂസിട്ടു നടന്നുവരുന്ന ശബ്ദംകേട്ടു. ഒരു നിമിഷനേരത്തേയ്ക്കു കാലൊച്ച വാതിൽക്കൽ വന്നുനിന്നു. അവൾ തന്നെത്താനറിയാതെ തല ഉയർത്തി.

അദ്ദേഹമാണു്.

കണ്ണുകൾ ഇടഞ്ഞു. അവളുടെ തല താണു.

കാലൊച്ച ഉടൻതന്നെ കേട്ടു.

പോയി.

ഉള്ളിൽ കോളിളക്കം നടക്കുകയാണു്.

തന്നെ കാണാനാണോ അദ്ദേഹം വന്നതു്? അല്ലെങ്കിൽ ആ വാതിൽക്കൽ വന്നു് ഒരു നൊടിനേരത്തേക്കാണെങ്കിലും നിന്നതെന്തിനു്?

പതിവില്ലാതെ കാലത്തെ അതിലെ വന്നതു തനിക്കു വേണ്ടി ആണെന്നോ? അതു വിശ്വസിക്കാൻ സാധിച്ചില്ല.

തന്നെ കാണുന്നതിനു അദ്ദേഹം—അങ്ങിനെ സങ്കല്പിക്കുന്നതുതന്നെ മധുരമാണു്.

അന്നുച്ചയ്ക്കും അവൾ പഴയപടി തൂണിനുപിന്നിൽ സ്ഥാനം പിടിച്ചു. ധൃതിയിൽ നടന്നുവന്നിരുന്ന ആൾ ആ തൂണിനു അടുത്തുവന്നപ്പോൾ നടപ്പു പതുക്കെയാക്കി. സാവധാനമാണു് കോണിയിറങ്ങിയതു്. അവൾ ഇമപൂട്ടാതെ നോക്കിനിന്നു.

കാലത്തു് എന്നും കാണുന്നതു് പതിവായി. ആദ്യത്തെ മണിക്കൂർ തീരുന്നതിനുമുമ്പു് എപ്പോഴെങ്കിലും ഒരിക്കൽ അദ്ദേഹം ക്ലാസിനുമുമ്പിൽ കൂടി കടന്നുപോകും. അകത്തേക്കൊന്നു നോക്കുകയും ചെയ്യും.

ആ പരിചിതമായ കാലൊച്ച കേൾക്കുന്നതുവരെ സൂചിയുടെ മുനയിലാണു് ഇരിക്കുക. ഒച്ച അടുത്തടുത്തു വരുന്നതോടെ ഹൃദയത്തിന്റെ പിടപ്പും കൂടികൂടിവരും.

കേൾക്കുന്നതുവരെ കാത്തിരിപ്പാണു്. കഴിഞ്ഞാൽ പിന്നെ ആ ഓർമ്മ അയവിറക്കലും.

ഒരു നോക്കു കാണാൻവേണ്ടി ഉച്ചയ്ക്കു തൂണിനു പുറകിൽ കാത്തുനിൽക്കുക…

ലോകം മുഴുവൻ ഒരു വ്യക്തിയിലേയ്ക്കു ഒതുങ്ങിക്കൂടിയിരിക്കുകയാണു്. ഈ ഒരാളെ ചുറ്റിയാണു് പ്രപഞ്ചം കറങ്ങുന്നതു്.

ഒരു നോട്ടം—ഒരു കാലൊച്ച—മതി, ആവേശത്തിന്റെ നിറകുടം വഴിഞ്ഞൊഴുകാൻ അതുമതി.

വലിച്ചുനീട്ടിക്കെട്ടിയ വീണക്കമ്പി. ഒന്നു തൊട്ടാൽ മതി. നിലയ്ക്കാത്ത അനുരണനമാണു്.

ഇത്രയ്ക്കു ബൃഹത്താണോ ഈ ചെറിയ ജീവിതം?

ഇമ്മാതിരി വൈകാരികാനുഭവങ്ങൾക്കുമുണ്ടോ ഇതിലിടം.

ഇന്നലെവരെ പരന്ന സമഭൂമിയിൽ തട്ടിയും തടഞ്ഞും ഒഴുകിയിരുന്നതു് ഇന്നു ചിരി വിതറുന്ന വെള്ളച്ചാട്ടമായി മാറി എന്നോ?

അവസാനം വിളക്കു കത്തിയോ?

തന്നെ മണ്ണിൽനിന്നു പിടിച്ചുയർത്തിയ ഈ ശക്തി എന്താണു്? ഇതാണോ കവികൾ വാഴ്ത്തുന്ന പ്രേമം? ആ സാധാരണവാക്കുകൊണ്ടു് അവിടെയും ഇവിടെയും ഇട്ടു തട്ടി വാസനകളഞ്ഞ പദം കൊണ്ടു് ഈ ഉജജ്വലമായ അനുഭൂതിയെ വിവക്ഷിക്കുകയോ?

രക്തത്തിനു ചൂടേറിയ, ചുറ്റും വെളിച്ചം പരത്തിയ അലൌകിക വികാരം.

ഓരോ നിമിഷവും ഗാനം ഉടലെടുക്കുകയാണു് ഉള്ളിൽ പാഴ്മണ്ണിനെ പറ്റിയുള്ള വൃഥാവിലാപം നിന്നു.

നവനവോന്മേഷങ്ങളായ ചിന്തകൾ.

ഉള്ളിലെ സർഗ്ഗശക്തി മുഴുവൻ തല ഉയർത്തിയിരിക്കുകയാണു്. അനുഭൂതികൾ തന്നത്താൻ വാക്കുകളായി രൂപം കൊള്ളുകയാണു്.

അനർഘനിമിഷങ്ങൾ കോർത്തിണക്കിയ മാല ആരാധനാമൂർത്തിയുടെ കാൽക്കൽ അർപ്പിക്കുകയാണു് ഞാൻ…

ഹൃദയത്തുടിപ്പുകൊണ്ടു് അദ്ദേഹത്തിനു ചവിട്ടി നടക്കാൻ വർണ്ണകംബളം വിരിക്കുകയാണു് ഞാൻ…

ഉഛ്വാസവേഗംകൊണ്ടു് അദ്ദേഹത്തിനു കാഴ്ചവെക്കാൻ പൂച്ചെണ്ടൊരുക്കുകയാണു് ഞാൻ…

ഈ വരണ്ട ജീവിതത്തിലേയ്ക്കു ചുണ്ടിൽ ഗാനവുമായി കടന്നുവന്ന ആ മുഹൂർത്തം അങ്ങോർക്കുന്നുണ്ടോ?

ഓ. ആ ദിവസവും മറ്റെല്ലാ ദിവസങ്ങളെപ്പോലെ ആയിരുന്നോ?

ഒരു വ്യത്യാസവുമുണ്ടായിരുന്നില്ലേ?

അന്നും കാലത്തു സൂര്യൻ കുന്നിൻമുകളിലൂടെ പതുക്കെ പതുക്കെ മടിച്ചു മടിച്ചു കടന്നുവരികയാണോ ചെയ്തതു്?

അങ്ങെന്റെ വഴിയിൽ മഴവില്ലുപോലെ വന്നുനിന്ന ആ നിമിഷത്തിനു് സവിശേഷത ഒന്നും ഉണ്ടായിരുന്നില്ലേ?

ആ മുഹൂർത്തത്തിൽ മുകളിൽ ദേവദുന്ദുഭി മുഴങ്ങിയില്ലേ? പൂവർഷം ഉണ്ടായില്ലേ?

അതുവരെ വെറും മണ്ണായിരുന്നതു് ഞൊടിയിടകൊണ്ടു് ഇങ്ങിനെ മാറുന്നതുകണ്ടു വാനവർ അത്ഭുതപ്പെട്ടുനിന്നില്ലേ?

ആരാധന…

നിസ്തുലനിമിഷം…

നോട്ടുപുസ്തകം കവിതകൾകൊണ്ടു നിറഞ്ഞു.

ആയിടയ്ക്കു് അമ്മുവിന്റെ ചേട്ടൻ അവിടെത്തന്നെ ജോലികിട്ടി വന്നു. എത്തിയ അന്നുച്ചയ്ക്കു ചേട്ടൻ അവളെ കാണാൻ ചെന്നു.

പലതും സംസാരിച്ച കൂട്ടത്തിൽ മാധവമേനോനും ചേട്ടനും ഒന്നിച്ചു ജോലി ആയിരുന്നിട്ടുണ്ടെന്നു പറഞ്ഞു. ഇങ്ങോട്ടു കിട്ടുന്നതിനുമുമ്പു് അദ്ദേഹം ചേട്ടൻ ഇരുന്ന കോളേജിൽത്തന്നെയാണു് ജോലി നോക്കിയിരുന്നതു്.

അവർ തമ്മിൽ അടുപ്പമാണു്.

പിന്നീടൊരിക്കൽ കണ്ടപ്പോൾ ചേട്ടൻ ചോദിച്ചു. “കവിതയൊന്നുമില്ലേ? ഒന്നും എഴുതാറില്ലേ ഈയിടെ?”

ആത്മാവിനെ തുറന്നുകാട്ടുന്ന ആ കവിതകൾ പുറത്തെടുക്കാൻ കുറച്ചു മടി തോന്നി. പിന്നീടുതോന്നി അതിനുള്ളിലുള്ളതു് ആ ഒരാൾക്കുമാത്രമല്ലേ ശരിക്കു മനസ്സിലാവൂ. പിന്നെ വിഷമിക്കുന്നതെന്തിനു്?

ഒന്നുരണ്ടെണ്ണം തിരഞ്ഞെടുത്തു് അവൾ ചേട്ടനെ ഏൽപ്പിച്ചു. പേരുവെയ്ക്കാതെ ‘ആരാധിക’ എന്നു മാത്രമേ ചേർക്കാവു എന്നൊരു നിബന്ധനയോടെ. ചേട്ടൻ സമ്മതിച്ചു. പ്രേമകവിതയാണല്ലോ എന്നൊരഭിപ്രായം മാത്രം പറഞ്ഞു, വായിച്ചു നോക്കിയിട്ടു്.

അവിടെനിന്നു വരുന്ന രണ്ടു മാസികകളിലായി ആ രണ്ടു കവിതകൾ ഒന്നിച്ചു പുറത്തുവന്നു. അവളാണു് എഴുതിയതെന്നു കൂട്ടുകാരാരും ധരിച്ചില്ല. സ്വന്തം പേരുവെക്കാൻ ഒരു മടിയുമില്ലാത്തവൾ ഇപ്പോൾ തൂലികാ നാമത്തിനു പുറപ്പെടുമെന്നു് അവരാരും കരുതിയില്ല. അവളുടേതാണന്നു് ഒരു സംശയം പോലും ആർക്കും ഉണ്ടായില്ല. അതായിരുന്നുതാനും അവൾക്കാവശ്യം.

അവളെപ്പറ്റി എല്ലാവരും അതും ഇതും പറഞ്ഞു നടന്നപ്പോൾ ഒന്നും തോന്നിയില്ല. അതൊന്നും അവളെ സ്പർശിച്ചില്ല. എന്നാൽ, ഇപ്പോൾ അകം ആകെ ഇളകിയിരിക്കുമ്പോൾ, ഉള്ളിൽ നടക്കുന്നതു് എല്ലാവരും കൂടി കണ്ടുപിടിച്ചു കാറ്റത്തിടുന്നതു് അവൾക്കു സഹിക്കാനാവില്ല. അതു് ആരും അറിയരുതു്.

ഇരുപത്തിഏഴു്

ക്രിസ്തുമസ്സ് മുടക്കമായി. അക്കൊല്ലം പരീക്ഷയായതുകൊണ്ടു് ഒരുപാടു പഠിക്കാനുണ്ടു് എന്നൊരു ഒഴികഴിവു് എഴുതി അയച്ചു വീട്ടിലേയ്ക്കു്. ഇവിടെത്തന്നെ താമസിച്ചാൽ എങ്ങിനെയെങ്കിലും, ഒന്നു കാണാൻ തരപ്പെടും. നാട്ടിലേയ്ക്കങ്ങുപോയാൽ—പിന്നെ ഓണ അവധിക്കാലംപോലെ

സാധാരണ സമയത്തുതന്നെ എന്നും കോളേജിലേക്കു പോരും. ലൈബ്രറി തുറന്നിരിക്കും. ആരെങ്കിലും എപ്പോഴും കാണും അവിടെ. ഒരു ഒഴിഞ്ഞ കോണിൽ മേശയ്ക്കു മുമ്പിൽ പുസ്തകങ്ങളുമായി അവൾ ഇരിപ്പു പിടിയ്ക്കും. ഒരു സ്ഥാനം ഉണ്ടു്. അവിടെ ഇരുന്നാൽ വരാന്തയിൽ ആൾ നടക്കുമ്പോൾ കാണാം. അവിടെ തന്നെയാണു് എന്നും ഇരിയ്ക്കുക. വേറെ എങ്ങും പോവില്ല.

കോളേജ് പൂട്ടിയതിന്റെ പിറ്റെ ദിവസം ഒന്നും വിചാരിച്ചല്ല അവൾ പോയതു്. എങ്ങിനെയെങ്കിലും ഒന്നു കാണാൻ സാധിച്ചെങ്കിൽ എന്നൊരാശ മാത്രം ഉണ്ടായിരുന്നു. കോളേജു മുഴുവൻ ചുറ്റി നടന്നു മടുത്തിട്ടാണു് ലൈബ്രറിയിൽ കയറി ഇരിപ്പു പിടിച്ചതു്. ഏറെനേരം പുസ്തകം വെച്ചു് അങ്ങിനെ ഇരുന്നു. ഉച്ചയാവാറായി. പെട്ടെന്നു പുറത്തുനിന്നു ആ പരിചയമുള്ള കാലൊച്ച കേട്ടു. അവൾ തലപൊക്കി. അദ്ദേഹം…

അകത്തേയ്ക്കു നോക്കി. അവളെ കണ്ടു. അങ്ങിനെ തന്നെ നടന്നുപോകുകയും ചെയ്തു.

ലൈബ്രറിയിൽ കാത്തിരിപ്പു പതിവായി. പിറ്റെദിവസവും അതിന്റെ പിറ്റെദിവസവും അടുത്ത ദിവസവും എല്ലാം…

ലൈബ്രറിയനോടു വേറൊരാൾ ചേദിയ്ക്കുന്നതു കേട്ടു:

“ഈ മാസ്റ്റർക്കു സ്പെഷ്യൽ ക്ലാസ്സു വല്ലതുമുണ്ടോ? ഇന്നലെയും കണ്ടല്ലോ.”

“മലയാളത്തിനു സ്പെഷ്യൽ ക്ലാസ്സോ? അവിടെയെങ്ങും ആർക്കും ക്ലാസ്സൊന്നുമില്ല. എന്തിനാണാവോ വരുന്നതു് ? ദിവസവും കാണാറുണ്ടു്.”

അദ്ദേഹവും തന്നെപ്പോലെ ഒരു നിമിഷനേരത്തേയ്ക്കൊന്നു കാണാൻ വേണ്ടി മാത്രം മിനക്കെട്ടു വരികയാണെന്നോ? കണ്ടാൽ മാത്രം മതി. അതുകൊണ്ടു് തൃപ്തിയായി.

ഒരദ്ധ്യാപകനും വിദ്യാർത്ഥിനിയും കൂടെ മുക്കിലും, മൂലയിലും സംസാരിച്ചു നിൽക്കുന്നതു കുറച്ചിലല്ലേ?

അദ്ദേഹം മിണ്ടാൻ വന്നില്ല. അതൊരാവശ്യവുമല്ലായിരുന്നു. സാധാരണ മിത്രങ്ങൾ തമ്മിലല്ലേ സംസാരിയ്ക്കേണ്ട ആവശ്യമുള്ളൂ. ആത്മാക്കൾ സംസാരിക്കുമ്പോൾ ചുണ്ടനങ്ങേണ്ട കാര്യമുണ്ടോ? ഉള്ളിലെ സംഗീതത്തിൽ അപസ്വരം കലർത്തുകയായിരിക്കും വാക്കുകൾ ചെയ്യുക.

അവധിക്കാലത്തെ ആദ്യത്തെ ആഴ്ച അങ്ങിനെ കടന്നുപോയി. തിങ്കളാഴ്ച രാവിലെ ഗോപു വന്നു. അച്ഛൻ പറഞ്ഞയച്ചതാണു് അവളെ വിളിച്ചു കൊണ്ടു ചെല്ലാൻ. “അമ്മയ്ക്കു് കൂടുതൽ വല്ലതുമാണോ ഗോപു?” എടുത്ത വാക്കിനു അവൾ ചോദിച്ചതതാണു്.

“ഇല്ല. വിശേഷിച്ചൊന്നുമില്ല”.

“പിന്നെ, കൊച്ചനിയനു്…”

“ഇല്ല. സുഖക്കേടൊന്നുമില്ല ആർക്കും.”

“എന്തിനാണു് പിന്നെ ഞാൻ വരുന്നതു്? ആദ്യം വരുന്നില്ല എന്നു എഴുതി അയച്ചപ്പോൾ ഒന്നും മിണ്ടാതെ ഒരാഴ്ചകഴിഞ്ഞിട്ടു് ഇനിയാണു്. അന്നേ പറഞ്ഞെങ്കിൽ നിന്റെ കൂടെ പൂട്ടിയ ഉടനെ പോരാമായിരുന്നു. ഇപ്പോഴാണു് എന്നിട്ടു് തോന്നിയതു്. ആറു ദിവസം തികച്ചില്ല ഇനി മുടക്കം. ഇങ്ങിനെ ഓടിച്ചെന്നിട്ടു് എന്തു ചെയ്യാനാണു്?”

“എനിക്കറിഞ്ഞുകൂടാ. വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു അച്ഛൻ.”

“ഒരു കാര്യവുമില്ലാതെ…” വരുന്നില്ല എന്നു തീർത്തങ്ങു പറഞ്ഞയച്ചാലോ? പിന്നെ അച്ഛൻ… പോയാൽ നാളെയും മറ്റെന്നാളും ഒക്കെ കാണാതെ എങ്ങിനെ കഴിച്ചുകൂട്ടും? അടുത്ത ദിവസം ലൈബ്രറിയുടെ മുമ്പിൽകൂടി നടക്കുമ്പോൾ കണ്ടില്ലെങ്കിൽ എന്തു വിചാരിക്കും?

പോയില്ലെങ്കിൽ… അച്ഛനു് ദേഷ്യം വന്നാൽ അവധിയ്ക്കു പൂട്ടി എത്തിയ ഗോപുവിനെ പിന്നെയും തിരിച്ചു പറഞ്ഞയയ്ക്കണമെങ്കിൽ… കാര്യം വല്ലതും കാണുമായിരിക്കും.

“ഇന്നുതന്നെ ചെല്ലണമെന്നാണു പറഞ്ഞതു് അച്ഛൻ. പന്ത്രണ്ടിന്റെ വണ്ടിയ്ക്കു തിരിച്ചാൽ സന്ധ്യ ആവുന്നതിനു മുമ്പു് എത്താം”. ആലോചനയ്ക്കു വിരാമമിട്ടുകൊണ്ടു് ഗോപു പറഞ്ഞു.

വേഗം ചെന്നു സാരിയൊക്കെ മാറി പേരിനു അഞ്ചാറു പുസ്തകങ്ങളും പൊതിഞ്ഞെടുത്തു് മിസ്സ് ശാരദയെ കണ്ടു അനുവാദവും വാങ്ങി അവൾ പുറപ്പെട്ടു. വണ്ടി ഇറങ്ങി ബസ്സുകിട്ടാൻ താമസിച്ചതുകൊണ്ടു് നേരം നല്ലവണ്ണം ഇരുട്ടായി.

അച്ഛൻ ഉമ്മറത്തു ലാത്തുന്നുണ്ടായിരുന്നു. ഗോപുവിനോടു താമസിയ്ക്കാൻ കാരണം മാത്രം ചോദിച്ചു. അവളെ കണ്ട ഭാവം തന്നെ ഇല്ല.

അവൾ ചെന്നതിൽ ഉത്സാഹം കണ്ടതു കൊച്ചനിയനു മാത്രമാണു്. അവളുടെ കൈയിൽ തൂങ്ങി വിടാതെ പറ്റി നടന്നു അവൻ. അവളുടെ കൂടെ കിടന്നാണു് അന്നു ഉറങ്ങിയതും കൂടി.

പിറ്റെ ദിവസവും വിളിച്ചുകൊണ്ടുവന്നതെന്തിനാണെന്നു ആരും പറഞ്ഞില്ല. വിശേഷ വിധിയായി എന്തെങ്കിലും ഉണ്ടായ മട്ടുതന്നെ ഇല്ല ആർക്കും. അവൾക്കു ദേഷ്യവും സങ്കടവും എല്ലാംകൂടി വന്നു. പുസ്തകവും കൊണ്ടു് അകത്തു കയറി വാതിലടച്ചു ഇരുന്നു നോക്കി. അവിടെയെങ്ങുമല്ല മനസ്സു്. ബുക്ക് തുറന്നതുതന്നെയില്ല.

അദ്ദേഹം അവിടെവന്നു നോക്കി പോയിക്കാണും. അവൾ മുറിയടച്ചു് ഇവിടെ ഇരിയ്ക്കുകയും.

ഉച്ചതിരിഞ്ഞു മൂന്നു നാലുപേർ വീട്ടിൽ വന്നു. ആരെല്ലാമാണെന്നു അവൾ ശ്രദ്ധിച്ചില്ല. ചെറിയമ്മയ്ക്കു അടുക്കളയിൽ കാപ്പിയുടെ തിരക്കാണു്. അവിലു നനയ്ക്കുകയോ ഒക്കെ. ലഹളതന്നെ. അവൾ സഹായിക്കാനൊന്നും ചെന്നില്ല.

എല്ലാം ശരിയാക്കി അവർതന്നെ കൊണ്ടുപോയി ഉമ്മറത്തേയ്ക്കു്.

കുറെ നേരം കഴിഞ്ഞു. ചെറിയമ്മ പതുക്കെ കയറി വന്നു. “മണിയെ അച്ഛൻ വിളിക്കുന്നു.”

“ഉമ്മറത്തു അവരൊക്കെയില്ലേ?”

അവൾ ചോദിച്ചു.

“അങ്ങോട്ടു ചെല്ലാൻ പറഞ്ഞു.”

അവൾ കൂടുതൽ ഒന്നും ആലോചിയ്ക്കാതെ ചെന്നു.

അച്ഛനെകൂടാതെ മൂന്നുപേർ ഉണ്ടു് പൂമുഖത്തു്. തലനരച്ച വയസ്സായൊരാൾ ഇരുന്നു വെറ്റിലയിൽ ചുണ്ണാമ്പു തേയ്ക്കുന്നു. അകത്തേയ്ക്കുള്ള വാതിൽക്കൽ തന്നെ കണ്ണുനട്ടു് ഒരു ചെറുപ്പക്കാരൻ. നീല ഷർട്ടിട്ടു വേറൊരു കഷണ്ടിക്കാരനും. അയാളും മുറുക്കാൻ വട്ടം കൂട്ടുകയാണു്.

അവൾ ചെന്നു് എന്തിനാണു് വിളിയ്ക്കുന്നതു് എന്ന മട്ടിൽ അച്ഛന്റെ മുഖത്തുനോക്കി നിന്നു. ആരും ഒന്നും മിണ്ടിയില്ല.

“ഇതാണു് എന്റെ മകൾ.” കുറച്ചു കഴിഞ്ഞു് അച്ഛൻ പറഞ്ഞു.

“കോളേജിൽ പഠിക്ക്യാണു് അല്ലേ?” വയസ്സായ ആൾ കുശലം ചോദിച്ചു.

“അതെ.” അവൾ മറുപടി പറഞ്ഞു.

പിന്നെയും നിശ്ശബ്ദം. ചെറുപ്പക്കാരൻ അവളെത്തന്നെ നോക്കിയിരിയ്ക്കുകയാണു്.

“ഇപ്പോൾ ക്രിസ്തുമസ്സ് പൂട്ടലാണു് അല്ലേ. എന്നു തുറക്കും?” നീല ഷർട്ടുകാരന്റെ വക.

“അടുത്ത തിങ്കളാഴ്ച”. സാമാന്യ മര്യാദ ഓർത്തു് അവൾ അതിനും മറുപടി പറഞ്ഞു.

ചെറുപ്പക്കാരൻ അവളുടെ മുഖത്തുനിന്നു കണ്ണെടുക്കുന്നില്ല. പെട്ടെന്നു് അവൾക്കു പിടികിട്ടി. എല്ലാത്തിന്റേയും അർത്ഥം മനസ്സിലായി. മുഴുവനും വ്യക്തമായി.

എന്തൊരു വിഡ്ഢിയായിട്ടാണു് അതു് ഇതുവരെ ആലോചിക്കാഞ്ഞതു്. വളർത്തു മൃഗത്തിനെപ്പോലെ പ്രദർശനത്തിനു നിർത്തിയിരിക്കുകയാണു്. ദൈവമേ…

“മണി അകത്തേയ്ക്കു പോയ്ക്കോളു.” അച്ഛൻ പറഞ്ഞു. അവൾ പോന്നു.

തളത്തിന്റെ ജനാലയ്ക്കൽ കമ്പിയിന്മേൽ മുറുകെ പിടിച്ചുകൊണ്ടു് അവൾ നിന്നു.

ഒരക്ഷരം മിണ്ടാതെ വരുത്തിയിരിയ്ക്കുന്നു. ഇത്രയും ദൂരം, ഇതിനുവേണ്ടി. വൃത്തികേടു്.

ഒടുക്കം അനങ്ങുന്ന ശബ്ദം കേട്ടു ഉമ്മറത്തു്, അവർ ഇറങ്ങുകയായി.

പടിവരെ കൊണ്ടുവിട്ടിട്ടു തിരിച്ചു വന്നിരുന്നു് അച്ഛൻ ചെറിയമ്മയെ വിളിച്ചു.

അവർ പൂമുഖത്തിന്റെ വാതിൽക്കൽ നിന്നതേയുള്ളു. അവളും ഇടനാഴിയിലേക്കു ചെന്നു.

“എല്ലാം ശരിയായി, അവർക്കു സമ്മതമാണു്.” ചാരുകസേരയിൽ നിവർന്നു കിടന്നുകൊണ്ടു് അച്ഛൻ പറഞ്ഞു. “അടുത്ത ആഴ്ച വരും ദിവസം നിശ്ചയിക്കാൻ. മണിയോടു പറഞ്ഞേയ്ക്കൂ”

എന്തെളുപ്പം തീർന്നു.

“അവളിവിടെ തന്നെ നിൽക്കുന്നുണ്ടു്.” ചെറിയമ്മ പതുക്കെ പറഞ്ഞു.

“ആ. നന്നായി. എന്താ മണിയ്ക്കു് സമ്മതം തന്നെയല്ലേ?”

“സമ്മതം ചോദിയ്ക്കാൻ ഇത്തിരി വൈകിപ്പോയില്ലേ? ദിവസം നിശ്ചിയിക്കുന്നു എന്നല്ലേ പറഞ്ഞതു്?” അവൾ നിന്നു വിറയ്ക്കുകയാണു്.

“സമ്മതം ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. നിനക്കു പറഞ്ഞതു കേൾക്കുകയേ വേണ്ടു”.

“കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാളെ”

“കാണുക നീ ഇന്നു ചെയ്തു. ആ നടുക്കിരിക്കുന്ന ആളാണു്. ഞാൻ കേൾപ്പിച്ചു തരാം. ഗംഗാധരൻനായർ എന്നാണു് പേരു്. ജോലി മദ്രാസില്, ഇരുനൂറു രൂപ ശമ്പളമുണ്ടു്. അച്ഛനു് ഒറ്റ മകൻ.”

“കാണുകയും കേൾക്കുകയും ചെയ്തു ഇപ്പോൾ.”

“തൽക്കാലം നിശ്ചയം കഴിച്ചു വെക്കുക എന്നേയുള്ളു. നിന്റെ പരീക്ഷ കഴിഞ്ഞിട്ടേ നടത്തുന്നുള്ളു. ഇത്രയൊക്കെ പഠിച്ചിട്ടു ഇനി ജയിച്ചു കാണണം.”

“എനിക്കു പറയാനുള്ളതു ഞാനും പറഞ്ഞേക്കട്ടെ. ഈ നിശ്ചയം നടത്തിവെക്കുകയേ ഉള്ളു. വേറൊന്നും നടക്കാൻ പോകുന്നില്ല” അവൾക്കു ധൈര്യം എവിടെ നിന്നു കിട്ടി?

“ഉം എന്താ?” അച്ഛൻ ഒന്നു നിവർന്നിരുന്നു.

“ഇതു നടക്കില്ല.”

“അതു നീയാണോ നിശ്ചയിക്കാൻ?”

“എന്റെ കാര്യമാണു്. നിശ്ചയിക്കാൻ എനിക്കും അവകാശമുണ്ടു്.”

“ഓഹോ. അങ്ങിനെയാണോ? എന്നു മുതൽക്കാണു് ഈ അവകാശം ഉണ്ടായതു്?”

അവൾ ഒന്നും സമാധാനം പറഞ്ഞില്ല.

കുറച്ചു നേരം കഴിഞ്ഞു. “അപ്പോൾ നീ ഞാൻ പറഞ്ഞാൽ കേൾക്കില്ല.”

“എന്നെക്കൊണ്ടു സാദ്ധ്യമല്ല.”

“സാദ്ധ്യമല്ലേ? അതെന്താ?”

അദ്ദേഹം എഴുന്നേറ്റു. ഒരു നേരിയ ചിരി മുഖത്തു വന്നു.

മുമ്പിൽ നിന്നു രക്ഷപ്പെട്ടാൽ മതി എന്നായി അവൾക്കു്.

കുട്ടിക്കാലത്തു് തോന്നാറുള്ള അതേ വികാരം.

“എന്താ മിണ്ടാത്തതു്? സമാധാനമൊന്നുമില്ലേ?”

പണ്ടത്തെപ്പോലെ ആ ഒച്ചയ്ക്കു അതേ തണുപ്പു്.

അവളൊന്നും മിണ്ടിയില്ല.

“ഏട്ടൻ ഉണ്ടല്ലോ. ആ സുന്ദരവിഡ്ഢി. അച്ഛനില്ല എന്നും പറഞ്ഞു കരഞ്ഞു വിളിച്ചുകൊണ്ടുനടക്കുന്ന കൊശവൻ. അവനെ കാത്തിരിയ്ക്കുകയാണോ?”

മുഖത്തു് അടി കൊണ്ടതുപോലെ തോന്നി അവൾക്കു്.

ആ പാവത്തിനെ…

“അതു തന്നെ. അപ്പേട്ടൻ വരാൻ കാത്തിരിയ്ക്കുകയാണു്.”

“ആട്ടെ. അങ്ങിനെ ആയിക്കോളു. ഇനി നിന്റെ കാര്യം എനിക്കൊന്നുമില്ല. നീയായി. നിന്റെ പാടായി.”

അവിടെ നിന്നാൽ ഇനിയും വല്ലതും പറഞ്ഞുപോവും. അവൾ ചുണ്ടു കടിച്ചമർത്തി അകത്തേയ്ക്കു പോന്നു.

പിറ്റെ ദിവസം കാലത്തു അച്ഛൻ പോയി. വെള്ളിയാഴ്ച തന്നെ അവളും പോന്നു. അവൾ പോരുന്നതുവരെ അച്ഛൻ പിന്നെ വന്നില്ല.

അവധിക്കാലമായതുകൊണ്ടു് ശനിയാഴ്ച ലൈബ്രറി തുറക്കില്ല. ഓടിപ്പോന്നതുകൊണ്ടു വിശേഷമില്ല. തിങ്കളാഴ്ചവരെ ക്ഷമിച്ചേ പറ്റൂ.

തിങ്കളാഴ്ച പതിവു സമയം കഴിഞ്ഞിട്ടും അദ്ദേഹം വന്നില്ല.

പരിഭ്രമമായി, എന്താണു് ധരിച്ചിരിയ്ക്കുക?

വിഷമിച്ചു വന്നിട്ടു്, ആ ലൈബ്രറിയിൽ അവളെ കാണാതിരുന്നപ്പോൾ എന്തു വിചാരിച്ചു കാണും?

ഇനി വരില്ലേ?

എന്നാൽ പിന്നെ…

അവസാനം മണി അടിക്കാറായപ്പോൾ കാലൊച്ച പുറത്തു നിന്നു കേട്ടു.

ആവൂ. സമാധാനമായി.

മനസ്സിൽ നിന്നു ഒരു ഭാരമിറങ്ങി.

ജീവിതം പഴയതുപോലെ നീങ്ങി.

കവിത നിറഞ്ഞ ദിവസങ്ങൾ.

അന്നത്തതിൽ പിന്നെ ഗോപിനാഥമേനോൻ സംസാരിക്കാൻ വരാറേ ഇല്ല. വല്ലപ്പോഴും ക്ലാസ്സിൽ വന്നാൽ കണ്ടഭാവം വെക്കില്ല.

അയാൾ അങ്ങിനെ പിണങ്ങി നടക്കുന്നതു കാണുമ്പോൾ അങ്ങോട്ടു ചെന്നു സംസാരിച്ചാലെന്താണു് എന്നുവരെ തോന്നും.

ആരോടും എന്തിനോടും സൌഹാർദ്ദം തോന്നുന്ന സമയം.

എന്തിനയാൾ മാത്രം മുഷിഞ്ഞിരിക്കുന്നു? എല്ലാവരും സന്തോഷിക്കാത്തതെന്തുകൊണ്ടു്?

മേനോനോടു സംസാരിക്കാതായതു മുതൽ ബാലചന്ദ്രൻ പഴയതുപോലെ തന്നെ പെരുമാറും. അയാൾ എഴുതിയ നോട്ടുകളും ഉപന്യാസങ്ങളും മുറയ്ക്കു കൊണ്ടുവരും. അവളൊന്നു മറിച്ചു നോക്കുക പോലുമില്ല. വിജയയ്ക്കാണു് അവ ഉപകരിയ്ക്കുക. അവൾ എല്ലാം പകർത്തിയെടുക്കും. വിജയയുടെ ആവശ്യം കഴിഞ്ഞാൽ മണി വാങ്ങിയതുപോലെ തിരിച്ചുകൊടുക്കും. ഇതാണു നടക്കുന്നതെന്നു ബാലചന്ദ്രനും അറിയാമായിരിക്കണം. എന്നിട്ടും അയാൾ പതിവു മാറ്റിയില്ല. പരീക്ഷയ്ക്കു് എന്നും വരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അങ്ങിനെ അവളുടെ കൈയിൽക്കൂടി കടന്നു പോയി.

അപ്പേട്ടന്റെ എഴുത്തുകൾ ഇടയ്ക്കിടെ വരും. ഏട്ടനു നല്ല സുഖമില്ല. ചികിത്സയിലാണു്. ഒരുപക്ഷേ, നാട്ടിലേയ്ക്കു തിരിച്ചു വന്നേയ്ക്കും. അവളുടെ മറുപടികൾ പ്രകാശം നിറഞ്ഞവയായിരുന്നു. ഉള്ളിലെ വെളിച്ചം എഴുത്തുകളിലും ഒളിവീശി.

ഇരുപത്തിഎട്ടു്

പണിക്കരുമാസ്റ്റരുടെ ക്ലാസ്സായിരുന്നു. റോസറ്റിയുടെ കവിതയാണു് എടുക്കുന്നതു്.

‘Blessed Damozel’ വായിച്ചു അർത്ഥം വിവരിയ്ക്കുകയാണു്.

സ്വർഗ്ഗത്തിന്റെ സ്വർണ്ണഅഴിയിൽ ചാരി അവൾ താഴോട്ടു നോക്കി. സായം സന്ധ്യയിൽ പ്രശാന്തമായ നീർക്കയത്തിന്റെ അഗാധതയുണ്ടായിരുന്നു കണ്ണുകൾക്കു്. കൈയിൽ ലില്ലിപ്പൂക്കൾ. മുടിയിൽ നക്ഷത്രങ്ങളും…

ആഴമുള്ള കണ്ണുകൾ തേജസ്സൊഴുകുന്ന കണ്ണുകൾ കനമുള്ള ഒച്ചയിൽ അഴകുള്ള വരികൾ കാതിൽ മുഴങ്ങി.

പ്രകാശമുള്ള കണ്ണുകൾ

മണി സ്വപ്നത്തിൽ മുഴുകി മുമ്പിൽ തുറന്നു കിടക്കുന്ന നോട്ടുപുസ്തകത്തിൽ കൈയുകൾ ചലിച്ചു.

വിടർന്നു വിരിഞ്ഞ കണ്ണുകൾ—നിലാവു പെയ്യുന്ന കണ്ണുകൾ—അവൾ കുറെ നേരം അങ്ങിനെ ലയിച്ചിരുന്നു.

ഉണർന്നു ശ്രദ്ധിച്ചപ്പോൾ നോട്ടു പുസ്തകത്തിൽ രണ്ടു കണ്ണുകൾ. അവൾ അമ്പരന്നുപോയി. അതെങ്ങിനെ പറ്റി? അത്രയ്ക്കൊത്തിട്ടുണ്ടു്. നേരെ നീണ്ടു നേർത്ത പുരികത്തിനു താഴെ വൈരംപോലെ തിളങ്ങുന്ന കണ്ണുകൾ മനസ്സിനു മുമ്പിൽ എപ്പോഴുമുള്ള കണ്ണുകൾ—അവൾ അതിൽ തന്നെ നോക്കിയിരുന്നു.

മുറിയിലെ ശബ്ദം നിലച്ചപ്പോഴാണു് തല പൊക്കി നോക്കിയതു്. മാസ്റ്റർ വായന നിർത്തി പുസ്തകം നീക്കിവെച്ചു.

“ഇനി കുറച്ചു നേരം നോട്ടെഴുതിയിട്ടാവാം. എവിടെയാണു നിർത്തിയതു് ഇന്നലെ? പുസ്തകം തരൂ. നോക്കട്ടെ.” അദ്ദേഹം കൈ നീട്ടി.

പുസ്തകം കൊടുക്കുന്നതെങ്ങിനെ?

പടം വരച്ചു വെച്ചിരിയ്ക്കുകയാണു്.

മുമ്പിലത്തെ ബെഞ്ചിൽ പിന്നെ വിജയ മാത്രമെയുള്ളൂ.

മറ്റേ കുട്ടി വന്നിട്ടില്ല.

വിജയയുടെ പുസ്തകം കൊടുക്കില്ല. കൈയക്ഷരം മോശമാണു്. വായിയ്ക്കാൻ പറ്റില്ല.

മാസ്റ്റർ കൈയും നീട്ടി ഇരിയ്ക്കുകയാണു്. എന്തു വിചാരിയ്ക്കും?

അവൾ പേജു മറിച്ചു നോട്ടു എഴുതി നിർത്തിയ ഇടം എടുത്തു കൊടുത്തു. അദ്ദേഹം അവസാനത്തെ വരി വായിച്ചു നോക്കി.

മറിയ്ക്കല്ലേ. മറ്റേവശം നോക്കാൻ തോന്നല്ലേ—അവൾ പ്രാർത്ഥിച്ചുകൊണ്ടിരിയ്ക്കുമ്പോൾ അദ്ദേഹം പേജു മറിച്ചു.

അവൾ വരച്ച പടം.

ആ ചുണ്ടുകൾ ഒരു ചെറിയ ചിരിയിൽ വളഞ്ഞു.

ഇപ്പോൾ കിട്ടും ശ്രദ്ധിക്കാതെ ചിത്രം വരച്ചുകൊണ്ടിരുന്നതിനു നല്ല കണക്കിനു വല്ലതും.

പെട്ടെന്നദ്ദേഹത്തിന്റെ മുഖഭാവം മാറി. നെറ്റി ചുളിഞ്ഞു.

അദ്ദേഹത്തിനും തോന്നിയോ സാദൃശ്യം?

അവർ കൂട്ടുകാരാണു്.

ഒരു നിമിഷം അദ്ദേഹം പടത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. പിന്നെ ചോദ്യഭാവത്തിൽ അവളെയൊന്നു നോക്കി പുസ്തകം തിരിച്ചു കൊടുത്തു.

നോട്ടു പറയാൻ തുടങ്ങി. എന്തോ മനോരാജ്യമുണ്ടു്. ഇടയ്ക്കിടെ നിർത്തിയാണു് പറയുന്നതു്.

യാന്ത്രികമായി, എന്താണെഴുതുന്നതെന്നു അറിയാതെ അവൾ കുറിച്ചെടുത്തു.

അന്നു വൈകുന്നേരം ക്ലാസ്സുകഴിഞ്ഞു തിരിച്ചു വരുമ്പോൾ ചേട്ടനെ കണ്ടു വരാന്തയിൽ. ക്ലാസ്സു കഴിഞ്ഞു ഇറങ്ങി വരികയാണു് ചേട്ടൻ. പ്രസവിച്ചു കിടക്കുന്ന അമ്മുവിന്റെ വിശേഷം ചോദിച്ചുകൊണ്ടു് നിന്നു കുറച്ചു നേരം.

“ആ, മണിയെ ഒന്നു കാണണമെന്നു പറഞ്ഞിരുന്നു പണിക്കരുമാഷ്.” അവൾ നടക്കാൻ തുടങ്ങിയപ്പോൾ ചേട്ടൻ പറഞ്ഞു. “മറന്നങ്ങു പോകാൻ തുടങ്ങുകയായിരുന്നു. പ്രത്യേകം പറഞ്ഞേൽപ്പിച്ചതാണു് മാഷ്. എപ്പോഴെങ്കിലും സൌകര്യമുള്ളപ്പോൾ മാസ്റ്റരുടെ മുറിയിലേയ്ക്കു് ഒന്നു ചെല്ലണം.”

മൂളുക മാത്രം ചെയ്തു് അവൾ പോന്നു.

എന്താണു് മാഷ്ക്കു ചോദിക്കുവാനുള്ളതു്? ഇത്ര അത്യാവശ്യമായി കാണണമെന്നു തോന്നാൻ എന്താണിപ്പോൾ പെട്ടെന്നു പറയാനുണ്ടായതു്?

മാസ്റ്റർ വല്ലതും ചോദിച്ചാൽ എന്തു സമാധാനം പറയും?

ആലോചിച്ചു് ആലോചിച്ചു് ഒടുക്കം അവൾ പോയില്ല.

പിറ്റെ ദിവസം മാസ്റ്റരുടെ ക്ലാസ്സുണ്ടായിരുന്നു. അങ്ങിനെ അവൾ കോളേജിൽ വന്നിട്ടുണ്ടെന്നു അദ്ദേഹം അറിഞ്ഞു.

മുറിയിൽ ചെല്ലാഞ്ഞതു മനഃപൂർവ്വമാണെന്നു ധരിച്ചിരിയ്ക്കും.

രണ്ടു മൂന്നു ദിവസം കഴിഞ്ഞു. പണിക്കരുമാസ്റ്റരുടെ ക്ലാസ്സുകൾ ആകെ വിഷമമാണു്. അവളെ സൂക്ഷിയ്ക്കുകയാണു് മാസ്റ്റർ എന്നൊരു വിചാരം.

പരീക്ഷയ്ക്കു അധികം ദിവസമില്ല. ക്ലാസ്സുകൾ അവസാനിക്കാറായി.

ഒരുച്ചയ്ക്കു് അവൾ കൊച്ചു കോണി ഇറങ്ങി വരുമ്പോൾ പണിക്കരുമാസ്റ്റർ ലൈബ്രറിയിൽ നിന്നു ഇറങ്ങുന്നു. രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ല. മുമ്പിൽകൂടെ വേണം കടന്നുപോകാൻ.

അവളെ കണ്ടു അദ്ദേഹം നിന്നു. അവൾക്കും നിൽക്കാതെ നിവൃത്തിയുണ്ടോ?

“രമണി ഇക്കൊല്ലം പരീക്ഷയ്ക്കു എഴുതാൻ നിശ്ചയിച്ചിട്ടില്ലേ?”

തുടങ്ങിയതു അങ്ങിനെയാണു്. “അടുത്ത കൊല്ലം മതി എന്നു തീർച്ചയാക്കിയ ലക്ഷണമുണ്ടു് മട്ടുകണ്ടിട്ടു്. അതാണു ചോദിയ്ക്കുന്നതു്.”

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

“ഇക്കൊല്ലം ഫൈനൽ പരീക്ഷയാണെന്നു ഓർമ്മയില്ലേ?” അദ്ദേഹം തുടർന്നു. “ഇപ്പോഴത്തെ പോക്കു് എങ്ങോട്ടാണെന്നു ആലോചിച്ചിട്ടുണ്ടോ? കഴിവുള്ളവർ അറിഞ്ഞു കൊണ്ടു ഇങ്ങനെ തുടങ്ങുന്നതു കാണുമ്പോൾ ഇവിടെ വന്നതിന്റെ ഉദ്ദേശ്യം പഠിയ്ക്കുകയാണെന്നു മറന്നുപോയോ?”

എന്നിട്ടും അവളൊന്നും മിണ്ടിയില്ല. എന്തു പറയാനാണു്. മുകളിൽ മണി അടിച്ചു. ആവു. രക്ഷയായി.

“ഇപ്പോഴും സമയം തെറ്റിയിട്ടില്ല. ഇനിയെങ്കിലും ഒന്നു മനസ്സുവെച്ചാൽ മതി രമണി.” ഇതും കൂടി പറഞ്ഞിട്ടേ മാസ്റ്റർ പോയുള്ളു.

എന്നും പതിവുള്ള തൂണു മറഞ്ഞ സന്ദർശനം കഴിഞ്ഞു തല നിറയെ നിലാവുമായി ഇറങ്ങുമ്പോഴാണു് ഇതു കേൾക്കുന്നതു്. അത്ര കാര്യമായി തോന്നിയില്ല. രണ്ടാഴ്ചയും കൂടി കഴിഞ്ഞാൽ ക്ലാസ്സുതീരും. ഒരു മാസമുണ്ടു് പിന്നെ പരീക്ഷയ്ക്കു്. കുത്തിയിരുന്നു പഠിയ്ക്കാം. കഴിവുണ്ടെന്നു മാസ്റ്റർ തന്നെ സമ്മതിച്ചല്ലോ.

പറ്റും. ഒരു മാസം ധാരാളം മതി. ഈയിടെ കുറച്ചു കാലത്തേയുള്ളു ഒട്ടും നോക്കാതെ. അതിനൊന്നു മനസ്സിരുത്തണം അത്ര തന്നെ.

ഇരുപത്തിഒമ്പതു്

ആ ഞായറാഴ്ച ഉച്ചതിരിഞ്ഞു് അവൾ കുളി കഴിഞ്ഞു നിൽക്കുമ്പോൾ ആരോ വന്നു പറഞ്ഞു അവൾക്കു വിസിറ്റർ വന്നിരിക്കുന്നു എന്നു്. ഇന്ദിര ചെന്നു നോക്കി വന്നു.

“മാഷാണു്. അമ്മുവിന്റെ ചേട്ടൻ.”

ചേട്ടനോ? രണ്ടുകൊല്ലം മുമ്പു് അന്നു യാത്രപറഞ്ഞു പോയതിനുശേഷം പിന്നെ ഹോസ്റ്റലിൽ കയറിയിട്ടില്ല.

എന്തുപറ്റി? അമ്മുവിനു വല്ല സുഖക്കേടുമാണോ?

അവൾ ഇട്ടുതുടങ്ങിയ പൌഡർ തുടച്ചു്, തലമുടി തുമ്പു പിടിച്ചു് ഒന്നു കെട്ടിയിട്ടു ധൃതിയിൽ ചെന്നു.

“അമ്മുവിനു വിശേഷമൊന്നുമില്ലല്ലോ, ഉവ്വോ ചേട്ടാ?” കണ്ട ഉടൻ ചോദിച്ചതതാണു്.

“ഇല്ല. അതല്ല. വേറൊരു കാര്യം പറയാനാണു വന്നതു്.” ചേട്ടൻ മുറിക്കകത്തു് ഒന്നു കണ്ണോടിച്ചു.

വേറെയും മൂന്നുനാലുപേരുണ്ടു് അവിടെ. ഒരു മുറിയേ ഉള്ളു കാണാൻ വരുന്നവർക്കു് ഇരിക്കാൻ.

അവർ അമ്മുവിന്റെ വർത്തമാനം പറഞ്ഞുകൊണ്ടുനിന്നു.

ചേട്ടൻ പഠിപ്പിക്കുന്നവരാണു് മുറിയിൽ ഉണ്ടായിരുന്നവരെല്ലാം. പതുക്കെ പതുക്കെ ഓരോരുത്തരായി ഇറങ്ങിപ്പോയി.

അവർ രണ്ടുപേരും തനിച്ചായി.

“മണീ” കുറച്ചുനേരം കഴിഞ്ഞു ചേട്ടൻ വിളിച്ചു. “മണി പഠിത്തത്തിൽ ശ്രദ്ധ വെയ്ക്കുന്നതു പോരാ എന്നു കേട്ടല്ലോ. എന്താണു കാരണം?” ചേട്ടനും തുടങ്ങുകയാണു് പ്രസംഗം.

ദൈവത്തെയോർത്തു മിണ്ടാതിരിക്കൂ. ഞാൻ സ്നേഹിച്ചോട്ടെ. ഡോണെയുടെ പദ്യശകലം എവിടെയോ ഉദ്ധരിച്ചുകണ്ടതു് മനസ്സിൽവന്നു. ‘For Gods sake hold your tongue and let me love’

എന്നെ വെറുതെ വിട്ടേക്കൂ ഞാൻ സ്നേഹിച്ചോട്ടെ. ഇവർക്കൊന്നും മനസ്സിലാകാത്തതു് എന്തുകൊണ്ട്?

ചുമ്മാ വിട്ടാൽ മതിയായിരുന്നു—

ചേട്ടൻ അവളെത്തന്നെ സൂക്ഷിക്കുകയാണു്. ഉള്ളിലുള്ളതു മുഴുവൻ ചുരണ്ടിയെടുക്കുന്ന നോട്ടം.

“മണീ” മുഖത്തുനിന്നു കണ്ണെടുക്കാതെയാണു വിളിച്ചതു്.

“ഉം.”

“വാസ്തവമാണോ? മണിയും മാധവമേനോനും തമ്മിൽ”

“ചേട്ടാ.”

“ആ പ്രേമസംഗീതങ്ങൾ എല്ലാം ശരിയ്ക്കും അയാൾക്കു വേണ്ടി ആയിരുന്നോ? മണി സൌന്ദര്യാരാധികപോയി കാമുകിയായി മാറിയതു് അയാൾ കാരണമായിരുന്നോ?”

“ആരാധിക തന്നെ ചേട്ടാ. സൌന്ദര്യപൂജതന്നെ ഇപ്പോഴും. ബാഹ്യസൌന്ദര്യമല്ലെന്നുമാത്രം.”

“ആന്തരിക സൌന്ദര്യമുണ്ടെന്നു മണിക്കെങ്ങിനെ മനസ്സിലായി?”

“ബുദ്ധികൊണ്ടല്ല. ഹൃദയംകൊണ്ടറിഞ്ഞു.”

“മണി, മണി വിചാരിക്കുന്നതുപോലെ അത്രയ്ക്കുയർന്നതൊന്നുമല്ലയാൾ.”

“ഞാൻ പൂജിച്ചുകൊള്ളട്ടെ ചേട്ടാ. എന്തിനു് എന്റെ വിഗ്രഹം തകർക്കാൻ വരുന്നു?”

“ഇതെന്തൊരു ഭ്രാന്തു്? ഇതു കാരണം ബാക്കിയൊക്കെ നശിക്കുകയാണെന്നു കാണുന്നില്ലേ?”

“നശിക്കാനൊന്നും പോകുന്നില്ല. അഥവാ ബാക്കിയൊക്കെ നശിക്കുകയാണെങ്കിലും—” അവൾ നിർത്തി.

കുറച്ചു നേരത്തേയ്ക്കു രണ്ടുപേരും ഒന്നും പറഞ്ഞില്ല.

“അയാളെപ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇങ്ങനെ അന്ധമായി ആരാധിക്കുന്നതു്?” ചേട്ടൻ രണ്ടാമതും തുടങ്ങി.

“അല്ല. ഒന്നും അറിഞ്ഞുകൂടാ. അറിയണമെന്നു തോന്നിയില്ല.”

“നാളെയെപ്പറ്റി ഒരു ചിന്തയുമില്ലേ മണി? അതിനെപ്പറ്റി ഒരു പരിപാടിയുമില്ലേ?”

“ഇന്നു് അത്രയ്ക്കു മധുരമാണു ചേട്ടാ. പിന്നെ നാളെയെപ്പറ്റി ആലോചിക്കുന്നതെന്തിനു്?”

“മണി, മനുഷ്യരെപ്പോലെ സംസാരിക്കു. മേഘത്തിന്റെ ഇടയിൽനിന്നു് ഒന്നു് ഇറങ്ങിവരൂ.”

“എന്നെ ഇങ്ങനെ താഴത്തിറക്കിക്കൊണ്ടുവരാൻ നിങ്ങൾക്കൊക്കെ ഇത്ര ഉത്സാഹമെന്തു്? നാളെയെ കാക്കാതെ ഇന്നിൽത്തന്നെ ഞാനിങ്ങനെ കഴിഞ്ഞോട്ടെ.”

“ഇതു രോഗമാണു്.”

“ഓ. ഇനി എന്താണു് ഞാൻ ഇതിനു് പറയേണ്ടതു്?”

“ഒന്നും പറയേണ്ട.”

“മണീ അയാളുടെ വീട്ടിൽ യാതൊന്നുമില്ല. ഈ ഒരാളുടെ ശമ്പളംകൊണ്ടു വേണം ആറാളുള്ള കുടുംബം പിഴയ്ക്കാൻ.”

അവൾ പൊട്ടിച്ചിരിച്ചു.

“ഉം. എന്താ?”

“ഇല്ല. ഒന്നുമില്ല.”

“അയാൾക്കു നാലു സഹോദരിമാരുണ്ടു്. ഒന്നു മൂത്തതും. മൂന്നു് ഇളയതും. അവിവാഹിതകൾ. പ്രായമായ അമ്മയുണ്ടു്. ഇവരുടെയെല്ലാം ചുമതല ഇയാൾക്കാണു്.”

“അതുകൊണ്ട്?”

“ആ സഹോദരിമാരെ അയച്ചല്ലാതെ അയാൾക്കു വിവാഹം കഴിക്കാൻ പറ്റുമോ?”

“വിവാഹം എന്നൊരു പ്രശ്നം ഇവിടെ ആരുകൊണ്ടുവന്നു ചേട്ടാ? അല്ല അങ്ങിനെയാണെങ്കിൽത്തന്നെ കാത്തിരിക്കാൻ ഞാൻ തയ്യാറാണെങ്കിൽ”

“മണീ, മുരിക്കിൻപൂവിന്റെ മുമ്പിലാണു് മണി കണ്ണു ചിന്നി നിൽക്കുന്നതു്. ഇത്രവളരെ ത്യാഗമൊന്നും അയാൾ അർഹിക്കുന്നില്ല.”

“ത്യാഗമോ ചേട്ടാ? ത്യാഗമാണോ ഇതു്? ഇതല്ലാതെ വേറൊരുവിധം പ്രവർത്തിക്കാൻ എന്നെക്കൊണ്ടു സാധിക്കില്ല. പിന്നെ, മുരിക്കിൻപൂവാണെന്നു് എനിക്കുകൂടി വിശ്വാസം വരണ്ടേ? അദ്ദേഹം നല്ല മകനും നല്ല സഹോദരനും ആണെന്നു ചേട്ടൻ പറയുന്നു. അതുകൊണ്ടു് വിലകൂടുകയോ ഇടിയുകയോ ചേട്ടാ ചെയ്യുന്നതു്?”

“അതു നിൽക്കട്ടെ. അയാളെക്കൊണ്ടു മണിയുടെ മൃദുല വികാരങ്ങൾ പങ്കിടാൻ ആവില്ല. പദ്യം എഴുതിയതുകൊണ്ടുമാത്രം ഒരാൾക്കു കവിഹൃദയം ഉണ്ടായിക്കോളണമെന്നില്ല. തലകൊണ്ടാണയാൾ കവിത എഴുതുന്നതു്. ഹൃദയം കൊണ്ടല്ല. വെറും ഭൌതികവാദി. അവസരം നോക്കിയും. അങ്ങേഅറ്റത്തെ യൂട്ടിലിറ്റേറിയൻ പ്രിൻസിപ്പിൾസാണു് അയാളുടേതു്. തനിക്കെന്തെങ്കിലും ഗുണമുണ്ടോ എന്നു നോക്കിയല്ലാതെ പ്രവർത്തിക്കില്ല. വരവും ചിലവും തിട്ടമാണു് അവിടെ. ഒരു നെന്മണിക്കു് ഇളവുചെയ്തു തരില്ല.

“ഞാനയാളുടെ കൂടെ ഒരു കൊല്ലം ഒരേ മുറിയിൽ കഴിച്ചതാണു്. അറിയും, നല്ലവണ്ണം അറിയും. ആ അറിവുവെച്ചുകൊണ്ടാണു് പറയുന്നതു്. മണി വിചാരിക്കുന്നപോലത്തെ ആളൊന്നുമല്ല അതു്. മുമ്പോട്ടു പോകാൻ ഉറച്ചു കഴിഞ്ഞാൽ എത്ര വിലപ്പെട്ട ഹൃദയമാണെങ്കിലും വഴിയിൽ കിടന്നാൽ അയാൾ ചവിട്ടി കടന്നുപോകും.”

“തീർന്നില്ലേ ചേട്ടാ?”

“ഞാൻ പറയുന്ന അർത്ഥത്തിലൊന്നുമല്ല മണി ഇതെടുക്കുന്നതു്. ആ പഴയ സംഭവം ഓർക്കുന്നുമുണ്ടായിരിക്കാം ഒരുപക്ഷേ. അസൂയകൊണ്ടു കണ്ണുകാണാതായ പഴയ കാമുകനായിട്ടു് എന്നെ—”

“ചേട്ടാ.”

“അതെന്തുമാകട്ടെ. എന്റെ അമ്മുവിനെപ്പോലെ കരുതിക്കൊണ്ടാണു ഞാൻ പറയുന്നതു്. വേറെ ഉടയവരാരും അടുത്തില്ലാത്ത അനിയത്തിയെ രക്ഷിക്കേണ്ട ഭാരം എനിക്കുണ്ടു്. അതു് അവൾക്കിഷ്ടമാണെങ്കിലും അല്ലെങ്കിലും.”

“നോക്കു. എനിക്കയാളെ കാര്യമാണു്. ബഹുമാനിക്കത്തക്കതായി പലതുമുണ്ടയാളിൽ. പക്ഷേ, അലിവെന്നൊന്നില്ല അവിടെ. മണിയുടെ സ്നേഹം ചെന്നു് ആ കരിങ്കല്ലിൽ തട്ടി ഉടഞ്ഞു് ചിതറുന്നതു് എനിക്കു് കണ്ടു നിൽക്കാൻ വയ്യ.”

അവൾ ഒന്നും മിണ്ടാഞ്ഞപ്പോൾ ചേട്ടൻ തുടർന്നു: “സ്നേഹിക്കാൻ അയാൾക്കറിഞ്ഞുകൂടാ. അങ്ങിനെ ഒന്നിൽ അയാൾ വിശ്വസിക്കുന്നില്ല. ശക്തിയില്ലാത്തവരുടെ ഒരു ദൌർബ്ബല്യമായാണു്. അയാൾ അതിനെ കണക്കാക്കുന്നതു്. ശക്തിയുള്ളവർക്കു മുതലെടുക്കാൻ പറ്റിയ ദൌർബ്ബല്ല്യം.” ഹോസ്റ്റലിൽ മണിയടിച്ചു. വിസിറ്റേഴ്സ് പോകാനുള്ള സമയമാണു്.

“ചേട്ടാ മണി അടിക്കുന്നു.” അവൾ പതുക്കെപ്പറഞ്ഞു. ചേട്ടൻ കേട്ടതായി ഭാവിച്ചില്ല.

“ഞങ്ങൾ ഇതിനെപ്പറ്റി സംസാരിക്കുകയായിരുന്നു.” പിന്നെയും തുടങ്ങുകയാണു്.

“ആരാണു് ഞങ്ങൾ?” അവൾ ചോദിച്ചു.

“ഞാനും പണിക്കരുമാസ്റ്റരും മാധവനും.”

“പണിക്കരുമാഷോ?”

“മാഷാണു് എന്റെ കണ്ണു തുറപ്പിച്ചതു്. എത്രയോ സംഗതികൾ കണ്ടിട്ടും ഞാനിതു ഊഹിച്ചുപോലുമില്ല.”

“മാഷ്ക്കെന്തുകാര്യം?”

“അങ്ങിനെ ചോദിയ്ക്കരുത്, മണീ മണി നേരെയാവണമെന്നുമാത്രമെ അദ്ദേഹത്തിനുള്ളു. സ്വാർത്ഥഗന്ധമില്ലാത്ത സ്നേഹമാണു് അതു്. ഇയാൾക്കുപകരം മണി ആ മനുഷ്യനെയാണു് ഇതുപോലെ സ്നേഹിച്ചിരുന്നതെങ്കിൽ”

“കൊള്ളാം. നല്ല ആള്. ശ്രീകൃഷ്ണനെന്നാണു് എല്ലാവരും പറയുന്നതു്.”

“മനുഷ്യനാണു് അദ്ദേഹം. വെറും മനുഷ്യൻ, ദൌർബ്ബല്ല്യങ്ങൾ കാണും. മറ്റുള്ളവർ ഒളിച്ചുവെയ്ക്കുന്നതു് അദ്ദേഹം തുറന്നുകാണിക്കുന്നു എന്നു മാത്രം. ഒരു നല്ല സ്ത്രീ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്കു കടന്നുവന്നില്ല. വന്നപ്പോൾ—”

“പോകട്ടെ. അതുപോകട്ടെ. ഞങ്ങൾ തമ്മിൽ ഗുരുശിഷ്യബന്ധമല്ലാതെ ഒന്നുമില്ല.”

“ഉത്തമശിഷ്യയുടെ ഭാവിയിലുള്ള താൽപ്പര്യം തന്നെയാണു് ഇതിലിടപെടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.”

“അതിന്റെ ആവശ്യമില്ലായിരുന്നു.”

“ഇതിനെപ്പറ്റി സംസാരിക്കാൻ മാധവനു യാതൊരു മടിയും ഉണ്ടായില്ലല്ലോ. നേരത്തെ പറഞ്ഞിട്ടുള്ളതാണു് പണിക്കരുമാഷോടു് എല്ലാം. വെറുതെ വീമ്പിളക്കുകയാണെന്നാണു് മാസ്റ്റർ അന്നൊക്കെ വിചാരിച്ചിരുന്നതു്. അതുകൊണ്ടു തന്നെ ഇതുവരെ ഒന്നിലും ഇടപെടാതിരുന്നതും. ഇപ്പോൾ മണി ഇത്ര ഗൌരവമായിട്ടു് എടുത്തിരിക്കുകയാണെന്നു്—”

“അദ്ദേഹം എന്തു പറഞ്ഞുവെന്നാണു് പണിക്കരുമാസ്റ്റരോടു്? എന്താണു് ഉണ്ടായതു്, പറയാൻ മാത്രം?”

“ഒന്നും സംഭവിച്ചില്ല. പക്ഷേ, മണിയുടെ മനസ്സിന്റെ പ്രവർത്തനങ്ങൾ കണ്ണാടിയിലെന്നപോലെ വായിക്കുകയായിരുന്നു അയാൾ. ബുദ്ധിമാനാണു്.”

അവൾ ഒന്നും മിണ്ടിയില്ല.

“എന്നിട്ടു് അയാൾ—രണ്ടുപേരോടും അടുപ്പമുള്ളതുകൊണ്ടാണു് മാഷ് എന്നെക്കൂടി വിളിച്ചതു്—എന്നോടൊന്നും പറഞ്ഞില്ല. ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല ഇതിനെപ്പറ്റി, ഇവിടെ കളിക്കാൻ ഞാൻ സമ്മതിക്കില്ല. എന്നറിയാമായിരുന്നതുകൊണ്ടു മിണ്ടിയില്ല. ഇപ്പോൾ ഞങ്ങൾ വിളിച്ചു എന്താണു ഭാവിച്ചിരിക്കുന്നതെന്നു ചോദിച്ചപ്പോൾ—”

“ഏ. നിങ്ങൾ അദ്ദേഹത്തെ വിളിച്ചുനിർത്തി ചോദിച്ചു—”

“അതെ, കൂടെ നിർത്തി ചോദിച്ചു. വല്ലതും ഗൌരവമായി ഉദ്ദേശിച്ചുകൊണ്ടാണോ ഇതൊക്കെ കാണിക്കുന്നതെന്നു്.”

“എന്തുകാണിക്കുന്നു? ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യാൻ പോയിരിക്കുന്നു രണ്ടുപേരും കൂടി. ആരു പറഞ്ഞിട്ടാണു് ഇങ്ങനെ എന്റെ വക്കാലത്തു പിടിക്കാൻ പുറപ്പെട്ടതു്?”

“മണിക്കു് ദ്വേഷ്യം വരികയാണു്. എനിക്കറിയാം അയാൾ എന്താണു മറുപടിപറഞ്ഞതു് എന്നുകൂടി കേട്ടിട്ടു്—”

“കേൾക്കണമെന്നില്ല.”

“കേട്ടേ മതിയാവൂ. മണി എത്ര കയർത്താലും മണിയെ രക്ഷിക്കുകതന്നെ ചെയ്യും.” അയാൾ പറഞ്ഞു.

“കേൾക്കണ്ട”

“കേൾക്കണം, അയാൾ പറഞ്ഞു അയാളുടെ സഹോദരിമാരിൽ ഒരാളെ ഗോപു വിവാഹം കഴിക്കുകയാണെങ്കിൽ അയാൾ മണിയെ വിവാഹം കഴിക്കാമെന്നു്. അതു സാദ്ധ്യമല്ലെങ്കിൽ ഇതും നടക്കുകയില്ല.”

“നിങ്ങൾ പറഞ്ഞുപറഞ്ഞു് ഇതുവരെ എത്തിച്ചോ?”

“അയാളുടെ സഹോദരിമാരിൽ ആരെയെങ്കിലും കല്യാണം കഴിക്കാൻ ആരെങ്കിലുംവന്നു് പകരമായി അയാൾ അങ്ങോട്ടും ചെയ്യണമെന്നു് അവർ ആവശ്യപ്പെടുകയാണെങ്കിൽ അയാൾ അനുസരിക്കും. ഗോപു അവിടെ കല്ല്യാണം കഴിക്കുകയാണെങ്കിൽ പകരമായി ഗോപുവിന്റെ സഹോദരിയെ വിവാഹം ചെയ്യാൻ അയാൾ തയ്യാറാണു്. അല്ലാതെ മണിയെന്ന വ്യക്തിയെ അല്ല.”

അവൾക്കു തലതിരിയുന്നെന്നു തോന്നി. ഒരു ബെഞ്ചിന്റെ ചാരിന്മേൽ പിടിച്ചു് അവളനങ്ങാതെ നിന്നു.

“ആ സഹോദരിമാർ ആരും സുമുഖികളല്ല. നാലുപേരേയും ഞാൻ കണ്ടിട്ടുണ്ടു്. എല്ലാത്തിലും ഇളയതിനുതന്നെ പത്തിരുപത്തിരണ്ടു് വയസ്സുണ്ടു്.

“ഗോപു തയ്യാറാകുമോ ഇതിനു്?”

“നിർത്തു ചേട്ടാ ഈ വിലപേശൽ” ഒച്ചവന്നതു് എങ്ങിനെയാണാവോ? “രണ്ടുപേരും കൂടി ആലോചിക്കാൻ ചെന്നിരിക്കുന്നു. ആരേൽപ്പിച്ചു ഈ ദല്ലാൾപണി? വന്ദനം. ചെയ്ത ഉപകാരത്തിനു നന്ദി.”

“വരട്ടെ. മുഴുവൻ പറയട്ടെ.”

പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ അവൾ പുറത്തേയ്ക്കിറങ്ങി.

“മണീ—മണീ” ചേട്ടന്റെ ഒച്ച പിന്നിൽനിന്നു വിളിച്ചു.

അവൾ തിരിഞ്ഞുനോക്കിയില്ല.

സഹായിക്കാൻ വന്നിരിക്കുന്നു—

മുറിയിൽ ചെന്നപ്പോൾ ഇന്ദിരയും കൂട്ടുകാരിയും കൂടി പഠിത്തമാണു് അവിടെ. അവളെകണ്ടു് ഇന്ദിര ചോദ്യരൂപത്തിൽ പുരികം ഉയർത്തി.

അവൾ ഒന്നും പറഞ്ഞില്ല. പുറത്തേയ്ക്കു് പോന്നു.

വരാന്തയിൽ എല്ലായിടത്തും കുട്ടികളാണു്. അവൾ മുകളിലേയ്ക്ക കയറി. കോണിയുടെ മൂലയിൽ ആളു കാണില്ലായിരിക്കും.

അവൾ പതുക്കെ അഴിപിടിച്ചുനീങ്ങി പടിഞ്ഞാട്ടുള്ള ജനൽ തള്ളിത്തുറന്നു. എന്നും വന്നു നിൽക്കുന്ന സ്ഥലമാണു് അതു്.

ദൂരെ തുരുത്തിലെ വിളക്കുകൾ കണ്ണുതുറന്നുതുടങ്ങി.

പതുക്കെപ്പതുക്കെ വെള്ളത്തിനുമീതെ ഇരുട്ടു പടർന്നു.

മനസ്സുനിറയെ വൈരാഗ്യവുമായി ജനൽപ്പടിയിന്മേൽ ചാരി അവൾ നിന്നു.

ജലപ്പരപ്പിനെ വെള്ളിയാക്കി മാറ്റാൻ നിലാവു വന്നില്ല.

ചന്ദ്രനില്ലാത്ത രാത്രി—

മുപ്പതു്

പിറ്റേന്നു് കാലത്തു് ഉണർന്നതു് ഇതെല്ലാം വെറും സ്വപ്നമോ ശരിയ്ക്കു നടന്നതോ എന്നു് ആലോചിച്ചുകൊണ്ടാണു്. ഒരുവിധം മണി പത്താവാൻ കാത്തിരുന്നു.

പ്രൊഫസ്സറുടെ ക്ലാസ്സാണു് ആദ്യത്തെ മണിക്കൂർ. അദ്ദേഹം വന്നിരുന്നില്ല. ക്ലാസ്സില്ല. ആൺകുട്ടികൾ ഓരോ വഴിയ്ക്കു പോയി. വിജയ ലൈബ്രറിയിലേക്കും.

മുറിയിൽ അവൾ തനിച്ചായി.

വാതിൽക്കൽലേക്കു തന്നെ നോക്കിക്കൊണ്ടു അവൾ മേശക്കടുത്തു നിന്നു.

പെട്ടെന്നു പുറത്തു കാലടി ശബ്ദം കേട്ടുതുടങ്ങി.

അവൾ കൈ രണ്ടും ചേർത്തുപിടിച്ചു മേശയിലേക്കു ചാരി. തൊണ്ട വരളുന്നു.

മനശ്ശക്തി മുഴുവൻ ഉപയോഗിച്ചു് അവൾ നിന്നു; വാതിൽക്കൽ നിന്നു കണ്ണു പറിക്കാതെ.

ഇന്നു ആ കണ്ണുകൾക്കു അകത്തു തിരയേണ്ടി വരരുതു്.

ശബ്ദം അടുത്തായി.

എത്തിപ്പോയി.

മേശക്കടുത്തു അദ്ധ്യാപകൻ.

മുമ്പിൽ നിരന്നിരിയ്ക്കുന്ന കുട്ടികൾ

തുറന്നു വെച്ച പുസ്തകത്തിലേക്കു കുനിഞ്ഞ തല. പതുക്കെ പതുക്കെ ഉയരുന്ന തുടുത്ത മുഖം. വൈവശ്യത്തോടെ പിൻവലിയുന്ന കണ്ണുകൾ—

ഇതെല്ലാമായിരുന്നോ അന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നതു്.

മാർബിൾ വിഗ്രഹംപോലെ അവൾ മേശചാരിനിന്നു.

നാലു കണ്ണുകൾ തമ്മിലിടഞ്ഞു.

പരന്ന ഭൂമിയിൽ അവർ രണ്ടു പേർ മാത്രമേയുള്ളു.

ഒരാണും ഒരു പെണ്ണും.

രണ്ടു ജോഡി കണ്ണുകൾ പരസ്പരം അളക്കുകയാണു്.

ആ നിമിഷം അനന്തതയോളം നീളുമോ? ഒടുക്കം പുരുഷന്റെ നോട്ടം താണു.

അവസാനിക്കില്ലെന്നു തോന്നിയ ആ നിമിഷത്തിൽ എന്താണയാൾ അവിടെ കണ്ടതു്?

തകർന്ന സ്വപ്നങ്ങൾ? നിറഞ്ഞ അവജ്ഞ? സ്വന്തം പൌരുഷത്തിനോടു ഒരു വെല്ലുവിളി? എന്താണയാൾ ആ വിടർന്നു വിരിഞ്ഞ നീല നയനങ്ങളിൽ വായിച്ചതു്?

അവളുടെ മുമ്പിൽ ആദ്യമായി അയാളുടെ തല താണു.

കൺമുന്നിൽ നിന്നു ഒരു മറ ഊർന്നു വീഴുന്നതുപോലെ തോന്നി അവൾക്കു്.

ഇത്രയും നാൾ മുമ്പിൽ മൂടൽ മഞ്ഞായിരുന്നെന്നോ? ആ ആവരണത്തിലൂടെയാണോ ലോകം വർണ്ണോജജ്വലമായി കണ്ടതു്?.

വെള്ള പാന്റും തവിട്ടു് ബുഷും ഇട്ട വെറും മണ്ണുകൊണ്ടുണ്ടാക്കിയ മനുഷ്യൻ തല ഉയർത്താതെ മുമ്പിൽ നിന്നു നടന്നു മറഞ്ഞു.

അതോടെ എല്ലാം അവസാനിച്ചോ?

അവൾ മേശപ്പുറത്തു ഊന്നിയിരുന്നു. കാലും കൈയും കുഴയുന്നു.

എത്ര നേരം ആ ഇരുപ്പു ഇരുന്നു?

ദൂരെ മണി അടിച്ചു.

ഓ. ക്ലാസ്സുണ്ടു്. എല്ലാം എത്തും ഇപ്പോൾ.

അവൾ പുസ്തകവും പേനയും പെറുക്കി എടുത്തു. വേഗം പുറത്തു കടക്കണം.

കോണിയുടെ അടുത്തെത്തിയപ്പോൾ അവിടെ ഒരു പ്രവാഹമാണു് മുകളിലേയ്ക്കു്. ഒരു ക്ലാസ്സ് കഴിഞ്ഞു് മറ്റേ ക്ലാസ്സിലേയ്ക്കു നീങ്ങുകയാണു്. ഇന്റർ മീഡിയേറ്റുകാരായിരിക്കും. ഒരു പടയുണ്ടു്.

തിരക്കൊന്നു് ഒഴിയാൻ എത്ര നേരം പിടിയ്ക്കുമോ?

വടക്കു നിന്നു് താഴത്തേയ്ക്കിറങ്ങാനുള്ള ഒരു കൂട്ടം കൂടി വന്നു. അതിൽ ചേരുകയാണു് ഭേദം.

വരി വരിയായി മേല്പോട്ടു കയറുന്നവർ ഒരു ഭാഗത്തു്. കീഴ്പ്പോട്ടു ഇറങ്ങുന്നവർ മറ്റേ വശത്തു്. അപ്പുറവും ഇപ്പുറവും നോക്കാതെ യാന്ത്രികമായിട്ടു് അവൾ ഇറങ്ങി. ഏകാന്തത അത്യാവശ്യമായിരുന്ന സമയത്തു മനുഷ്യ ശരീരങ്ങളുടെ സാമീപ്യം ശ്വാസം മുട്ടിയ്ക്കുന്നതുപോലെ തോന്നി.

വരാന്തയിൽ പിന്നെ ആരേയും കാണാതെ ഹോസ്റ്റലിൽ എത്തി. മുറിയുടെ താക്കോൽ ജനൽ പടിയിൽ ഉണ്ടു്. പുസ്തകം മേശപ്പുറത്തേയ്ക്കെറിഞ്ഞു വാതിൽ കുറ്റിയിട്ടു കിടന്നു.

കിഴക്കേ ജനാലയുടെ തുറന്ന പകുതിയിലൂടെ വെളിച്ചത്തിന്റെ ഒരു പാളി മുറിയ്ക്കകത്തേയ്ക്കു കടന്നുവന്നിരുന്നു.

നേർത്ത പൊടിക്കണങ്ങൾ വെളിച്ചത്തിൽ ഊളിയിട്ടു കളിച്ചു. പൊങ്ങിയും താണും തെറ്റിയും മാറിയും വട്ടമിട്ടു കളിയ്ക്കുകയാണു് അവ.

അവൾ അതു തന്നെ നോക്കിക്കൊണ്ടു കിടന്നു… വെയിൽ പൊങ്ങി. അകത്തുനിന്നു വെളിച്ചം പതുക്കെ നീങ്ങി.

ശൂന്യത മാത്രമായി മുറിയിൽ.

കൈ രണ്ടും തലയ്ക്കു പിന്നിൽ കെട്ടി അവൾ നിവർന്നു കിടന്നു; മുകളിലേയ്ക്കു തന്നെ നോക്കിക്കൊണ്ടു്.

വെള്ളയടിച്ച കോൺക്രീറ്റ് തട്ടാണു് മേലെ, ഒരു പുള്ളിപോലുമില്ല. മനസ്സിന്റെ ചുമരും ഇതുപോലെ വെള്ളയടിച്ചു വെളുപ്പിയ്ക്കാൻ പറ്റുമോ? കഴിഞ്ഞുപോയതിന്റെ ഒരു പാടുപോലും ശേഷിയ്ക്കാതെ.

കഴിഞ്ഞുപോയതു്—

എല്ലാം തീർന്നില്ലേ? സകലതും—

കുറച്ചു മണിക്കൂറുകൾകൊണ്ടു് ഒന്നിനും ഇങ്ങിനെ അർത്ഥവുമില്ലാതാവുമോ?

എന്നിട്ടും ജീവിതം പഴയതുപോലെ തുടരുകയാണോ?

ഭൂമിയുടെ ഏതോ കോണിൽ മണി എന്നൊരു വിഡ്ഢിപ്പെണ്ണിന്റെ പൂജാമൂർത്തി പൊടിഞ്ഞു പൂഴിമണ്ണായി. അതിനു ലോകം അനങ്ങാതാവണമെന്നുണ്ടോ?

വാസ്തവം

താൻ, മണി, ഇങ്ങനെ ചൈതന്യമറ്റ ജഡമായി എന്നുവെച്ചു സൌരയൂഥം കറങ്ങാതെ നിൽക്കണമെന്നോ?

എന്താണു് ഇന്നു അത്രയ്ക്കുണ്ടായതു്? ചേട്ടൻ പറഞ്ഞതു സത്യമാണെന്നു വിശ്വസിയ്ക്കാൻ ഇന്നത്തെ രംഗംകൂടി ആവശ്യമായിരുന്നു എന്നോ?

ഓ. അവർ തമ്മിൽ ഇതെല്ലാം പറഞ്ഞു കഴിഞ്ഞു. പിന്നെയും ഇന്നും പതിവു് സമയത്തു് വന്നതെന്തിനു്? ഒരിയ്ക്കൽ കൂടി ശക്തിപരീക്ഷണം നടത്താം എന്നു വെച്ചിട്ടാണോ…

പുറത്തു ബഹളം തുടങ്ങി. ഉച്ചയ്ക്കു എല്ലാവരും ഉണ്ണാൻ എത്തിയിരിക്കും.

വാതിൽക്കൽ ആരോ മുട്ടുന്നണ്ടു്.

അവൾ ഉറക്കം നടിച്ചു നോക്കി. രക്ഷയില്ല. നിർത്തുന്ന ഭാവമില്ല. ഒടുക്കം അവൾ എഴുന്നേറ്റു ചെന്നു കുറ്റി തുറന്നു.

വിജയയാണു്.

“എന്തു പറ്റി മണീ? മാഷ് ക്ലാസ്സിൽ വന്നതിനു ശേഷമാണു് ഞാൻ എത്തിയതു്. അപ്പോഴാണു് മണി ഇല്ലെന്നു് അറിഞ്ഞതു്. തേഡ് അവറും ക്ലാസ്സുണ്ടായിരുന്നു. കാലത്തു വന്നിട്ടു എന്തേ തിരിച്ചു പോന്നതു്?”

സംസാരിയ്ക്കുന്നതു ഇത്ര വിഷമം പിടിച്ച ജോലിയാണോ?

“ഒരു തലതിരിച്ചിലു തോന്നി. കിടക്കാൻ പോന്നു”

“ഭേദമായോ?”

“നല്ലവണ്ണം മാറിയില്ല.”

“എന്താ കാരണം തല ചുറ്റാൻ?”

വിജയ അടുത്തിരുന്നു നെറ്റിയിൽ കൈവെച്ചു നോക്കി. “രാത്രി മുഴുവൻ ഉറക്കമൊഴിച്ചു ഇരുന്നു വായിച്ചായിരിയ്ക്കും അതുതന്നെ.”

അവൾ ചിരിയ്ക്കുക മാത്രം ചെയ്തു.

“ചുമരില്ലാതെ ചിത്രമെഴുതാൻ പറ്റില്ല കേട്ടോ മണി. ഇങ്ങനെ ദേഹം നോക്കാതെ പഠിച്ചാൽ ഒടുക്കം പരീക്ഷ എഴുതേണ്ടതാണേ.”

അവൾ അപ്പോഴും ചിരിയ്ക്കാൻ ശ്രമിച്ചു.

“മണി ഊണു കഴിച്ചോ?”

“ഉവ്വു്.” ഒരു കളവു് പറയുന്നതാണു് എളുപ്പം.

കുറച്ചു നേരം മിണ്ടാതെ ഒരു നോട്ടു മറിച്ചുനോക്കിക്കൊണ്ടിരുന്നു വിജയ.

“പണിക്കരുമാസ്റ്റർ ചോദിച്ചു മണി എവിടെ എന്നു്”

“ഓ. ചോദിച്ചോ?”

“ഉം. ഞാൻ പറഞ്ഞു കാലത്തു വന്നിരുന്നു. പിന്നെ കണ്ടില്ല എന്നു്. എന്തു വിചാരിച്ചോ എന്തോ?”

വിജയ വാച്ചുനോക്കി എഴുന്നേറ്റു.

“രണ്ടാവാറായി. ഞാൻ പോകട്ടെ.”

“ഉം.”

“മണി ഇന്നു അടങ്ങി കിടക്കൂ കേട്ടോ. ഒന്നും വായിക്കേണ്ട ഒരു ദിവസത്തേയ്ക്കു്.”

“ഉം.”

അവൾ വാതിൽ ചാരി ഇറങ്ങിപ്പോയി.

അപ്പോൾ മാസ്റ്റർ അന്വേഷിച്ചു. ചേട്ടനും മാഷും. രണ്ടുപേരും കൂടി സഹായിക്കാൻ പുറപ്പെട്ടതാണു്. പാവങ്ങൾ—

മറ്റൊരു മനുഷ്യജീവിയുടെ വെളിച്ചം തല്ലിക്കെടുത്തിയിട്ടു വല്ലതും സാദ്ധ്യമുണ്ടായോ?

സ്വന്തം ദേഹം വെറും മാംസംപോലെ പകരത്തിനു പകരം വെച്ചുമാറാൻ തയ്യാറാണെന്നു്—

സഹോദരിമാരോടു കൂറുണ്ടാകുന്നതു നല്ലതല്ലേ? അതിനു് അവരെ നേരെ പറഞ്ഞയയ്ക്കുന്നതുവരെ കാത്തിരിക്കാനാണു് ആവശ്യപ്പെട്ടിരുന്നതെങ്കിൽ—

അതല്ല—

വാഗ്ദാനങ്ങൾ ലംഘിച്ചില്ല. ശരിയാണു്. വാഗ്ദാനങ്ങൾ ഉണ്ടായില്ലല്ലോ? ഒന്നും ഉണ്ടായില്ലേ?

അതു പറയാൻ ധൈര്യം ഉണ്ടാകുമോ?

വാക്കു മാത്രമേയുള്ളു ലംഘിക്കപ്പെട്ടുകൂടാത്തതു്?

സ്നേഹത്തിന്റെ തല നുള്ളാനാണു് ഭാവമെങ്കിൽ അതു മുളയിലേ ആവാമായിരുന്നില്ലേ? വെള്ളമൊഴിച്ചു ഇളവെയിലു കൊള്ളിച്ചു ഇത്രയും വളരാൻ അനുവദിച്ചതെന്തിനു്? ഇത്രയും ആവാമെങ്കിൽ ഇപ്പോൾ ഈ സത്യസന്ധത എവിടെനിന്നു വന്നു?

കാത്തിരിക്കു എന്നു പറഞ്ഞു കാത്തിരുന്നു് അവസാനം ചതിയ്ക്കുന്നതു കഷ്ടമല്ലേ എന്നു വിചാരിച്ചിരിക്കും. അത്രയ്ക്കനുകമ്പയുണ്ടായി.

വേണ്ടായിരുന്നു ചതിക്കുന്നതായിരുന്നു ഇതിലും ഭേദം. ഈ വിലപേശലിനു പകരം. ഇങ്ങോട്ടു ചുണ്ടോടടുപ്പിച്ചു പിടിക്കു ഞാൻ മുഴുവൻ വലിച്ചൂറ്റി കുടിക്കട്ടെ എന്നാണു് പറഞ്ഞിരുന്നതെങ്കിൽ പൂജയ്ക്കൊരുക്കിയതു കാൽക്കൽവെക്കു, ചവിട്ടിമെതിക്കട്ടെ എന്നാണു് പറഞ്ഞിരുന്നതെങ്കിൽ…

മുപ്പത്തിഒന്നു്

പിറ്റെ ദിവസവും ക്ളാസ്സിൽ കാണാതെ ഇരുന്നപ്പോൾ വിജയയും മേരിയും അന്വേഷിച്ചുവന്നു. അന്നും സുഖക്കേടു ഭാവിച്ചു കഴിച്ചു.

ആ വാടി കരുവാളിച്ച മുഖവും കുളിക്കാതെ പറന്നു കിടക്കുന്ന മുടിയും എല്ലാംകൂടി ഒരു രോഗച്ഛായ ശരിക്കും ഉണ്ടായിരുന്നു.

അല്ലെങ്കിലും ആരെന്തു വിചാരിക്കും എന്നൊന്നും ആലോചിക്കാനുളള മനഃസ്ഥിതി അല്ലായിരുന്നു അപ്പോൾ. എന്താണു് കിടക്കുന്നതു് എന്നു ചോദിച്ചു. സുഖമില്ല എന്നു മറുപടിയും പറഞ്ഞു. അതുതന്നെ. പിന്നെ ഒന്നും ആലോചിച്ചില്ല.

അവളെ അറിയാമായിരുന്ന വിജയ നിർബ്ബന്ധിച്ചു ചോദിച്ചതുമില്ല അതിനെപ്പറ്റി.

ആ ആഴ്ച അങ്ങനെ കടന്നുപോയി.

കോളേജിൽ പോകാറില്ല. അങ്ങോട്ടു ചെന്നു് ഒരിക്കൽക്കൂടി കണ്ടുമുട്ടിയാൽ സഹിക്കാനാവില്ല.

അല്ലെങ്കിലും കിടക്കയിൽനിന്നു എഴുന്നേല്ക്കാനുള്ള മനസ്സുകൂടിയില്ല. സകല ഇന്ദ്രിയങ്ങളും പ്രവർത്തനം നിർത്തിയിരിക്കുകയാണു്.

ഇന്ദിര നിർബ്ബന്ധിച്ചാൽ സ്വൈരം കിട്ടാൻവേണ്ടി വല്ലതും കഴിച്ചെന്നു വരുത്തും. ബാക്കി സമയം മുഴുവൻ കിടപ്പുതന്നെ.

എം. എ.-ക്കാരും മറ്റും ഹോസ്റ്റലിൽ എന്താണു് ചെയ്യുന്നതെന്നു് ആരും അന്വേഷിക്കാറില്ല.

ഒരു ദിവസംകൂടി വിജയ വന്നു. പിന്നെ മണിക്കു് അതു് ഇഷ്ടമല്ല എന്നു തോന്നിയിട്ടോ എന്തോ നിർത്തി.

ആ വെള്ളിയാഴ്ച ക്ളാസ്സ് അവസാനിക്കുകയായി. പിന്നീടൊരു മാസം പരീക്ഷയ്ക്കു പഠിക്കാനുള്ള അവധിയാണു്.

ആദ്യത്തെ മണിക്കൂർ കഴിഞ്ഞപ്പോൾ വിജയയും മേരിയും വന്നു. അവസാനത്തെ ക്ളാസ്സാണു് ചെല്ലാതെ പറ്റില്ല.

അവൾ പഠിക്കാൻ വേണ്ടി ലീവെടുത്തു ഇരിക്കുകയാണെന്നാണു് ആൺകുട്ടികളുടെ വിശ്വാസം. പിടിച്ചുകൊണ്ടുവന്നേ തീരു എന്നു പറഞ്ഞയച്ചിരിക്കുകയാണു് വിജയയെ,

അവൾ കിടന്ന ഇടത്തുനിന്നു് അനങ്ങിയില്ല. വിജയ പരിഭവിച്ചിറങ്ങിപ്പോയി.

ക്ളാസ്സുകൾ അവസാനിച്ചു. ഹോസ്റ്റലിലെ അന്തരീക്ഷത്തിനു ആകെ കനം കൂടി. ജൂനിയർ ക്ളാസ്സുകാർക്കു പരീക്ഷ. മറ്റുളളവർക്കു പരീക്ഷയ്ക്കു പഠിത്തം.

ഇന്ദിര കുറെ ലഹള കൂട്ടുമ്പോൾ അവൾ പുസ്തകം കൈയിലെടുക്കും.

അടുത്ത മാർച്ചിലേ പരീക്ഷയ്ക്കു് എഴുതുന്നുള്ളു എന്നാണോ? ഇക്കൊല്ലം ചേരുന്നില്ലേ? ഇതാണു് ഇന്ദിരയുടെ പല്ലവി.

രാത്രി പത്തര മണിവരെ കിടക്കാൻ സമ്മതിക്കാതെ ഇന്ദിര നിർബ്ബന്ധിച്ചു പിടിച്ചിരുത്തും.

മുടക്കം തുടങ്ങിയതിന്റെ അടുത്ത ഞായറാഴ്ച അമ്മുവിന്റെ ചേട്ടൻ ഹോസ്റ്റലിൽ കാണാൻ വന്നു. സുഖമില്ല. വരാൻ വയ്യ എന്നു പറയാൻ ഇന്ദിരയെ അയച്ചു് അവൾ അനങ്ങാതെ കിടന്നു.

ചേട്ടനുമായി അവൾ സംസാരിയ്ക്കുന്നതു് ഇന്ദിരയ്ക്കു് പണ്ടേ ഇഷ്ടമല്ല. അതുകൊണ്ടു കാണാൻ വരുന്നില്ല എന്നു ചെന്നു പറയാൻ കുറച്ചു നിർബ്ബന്ധിച്ചപ്പോൾ സമ്മതിച്ചു.

പോയി കുറെ നേരത്തേയ്ക്കു കണ്ടില്ല. തിരിച്ചു വന്നതു വലിയ ഗൌരവത്തിലാണു്. നേരെ മണിയുടെ മേശപ്പുറത്തു കയറി ഇരുന്നു.

“ഇതിന്റെയൊക്കെ അർത്ഥമെന്താണു് മണീ?” കുറച്ചുനേരം മിണ്ടാതെ നോക്കിയിരുന്നു് തുടങ്ങി.

ഓ ഹോ. ചേട്ടൻ സമയം വെറുതെ കളഞ്ഞില്ല. ഇന്ദിരയേയും കേൾപ്പിച്ചിട്ടുണ്ടു കുറെ. മുഴുവൻ പറഞ്ഞു കാണില്ലെന്നു വിശ്വസിയ്ക്കുക.

“അല്ല. മണി എന്തു കണ്ടിട്ടാണു് ഇങ്ങിനെയൊക്കെ തുടങ്ങുന്നതു് എന്നാണു് ഞാൻ ചോദിയ്ക്കുന്നതു്.”

മിണ്ടാതിരുന്നാൽ നിർത്തുമെന്നു വിചാരിച്ചു. അതുമില്ല. മനുഷ്യർക്കു അവരവരുടെ കാര്യം നോക്കിയാൽപോരേ?

“ഇതു എവിടെ ചെന്നാണു് അവസാനിക്കുക? മനസ്സിനു ഒരു ധൈര്യമൊക്കെ വേണ്ടേ? ഇങ്ങിനെ ഒരു തീരാത്ത വിചാരം ഉണ്ടോ? കാര്യം വിട്ടു കളിയ്ക്കുന്നതു്—”

“എന്റെ ഇന്ദിരേ, ഈ ഉപദേശിയുടെ ജോലി ഒന്നു നിർത്തരുതേ? ഉപദേശംകൊണ്ടു് ശ്വാസം മുട്ടി ഇരിയ്ക്കുകയാണു്. നിങ്ങൾക്കൊക്കെ ഈ വിലയേറിയ ഉപദേശം ചിലവാക്കാൻ വേറെ ആരെയും കിട്ടില്ലേ ഞാനല്ലാതെ. വെറുതെ ഇവിടെ കിടക്കുകയാണു്. ആരേയും ഉപദ്രവിക്കാൻ വരുന്നില്ല. ആരോടും ഉപദേശം ചോദിച്ചതുമില്ല. ചോദിച്ചിട്ടു തന്നാൽ പോരേ.” അവൾ പറഞ്ഞു നിർത്തി.

ഇന്ദിര ഒരക്ഷരം മിണ്ടിയില്ല.

പതുക്കെ പതുക്കെ വെള്ളത്തിന്റെ രണ്ടു ചാൽ കവിളത്തുകൂടി കീഴ്പ്പോട്ടു് ഒഴുകി.

ആ കണ്ണുകൾ നിറയുന്നതും നിറഞ്ഞൊഴുകുന്നതും ശ്രദ്ധിച്ചുകൊണ്ടു് മണി അങ്ങിനെ തന്നെ കിടന്നു.

കുറെ നേരം ഇരുന്നു് ഇന്ദിര നിശ്ശബ്ദം എഴുന്നേറ്റു പോയി.

പരീക്ഷാദിവസം ആയി. ഒന്നു രണ്ടുപേർ പനിയായി കിടപ്പിലാണു്. ഒരാൾക്കു തലേദിവസം ഹിസ്റ്റീരിയ ഇളകി. പരീക്ഷയ്ക്കു പോകാൻ സമയത്തു് മിസ്സ് ശാരദയെ കണ്ടു ചോദിക്കാൻ ചെന്നിട്ടു ചിലർ കരച്ചിലായി. ആകപ്പാടെ പരിഭ്രമം.

അവിടെയും ഇവിടെയും ഓരോന്നു നോക്കിയതല്ലാതെ മണി യാതൊന്നും ശരിയ്ക്കു പഠിച്ചിട്ടില്ല. ഒരെത്തും പിടിയുമില്ല. ചിലപ്പോൾ തോന്നും പരീക്ഷയ്ക്കു് എഴുതേണ്ട എന്നു്. വിജയ വന്നു വിളിച്ചിട്ടാണു് ഹാൾ ടിക്കറ്റു മേടിക്കാൻ പോയതു തന്നെ.

ഒമ്പതരമണി ആയപ്പോൾ ഇന്ദിര സാരിയൊക്കെ മാറി ചോദിച്ചു: “മണി വരുന്നില്ലേ?”

അന്നത്തെ സംഭവത്തിനു ശേഷം നേരിട്ടു് എന്തെങ്കിലും മിണ്ടുന്നതു് അതാദ്യമാണു്.

ഹാളിൽ കയറി ഇരുന്നു. പേപ്പർ കിട്ടി. ഒന്നു ഓടിച്ചു നോക്കിയപ്പോൾ തല ചുറ്റുന്നെന്നു തോന്നി. യാതൊരു ലക്കുമില്ല. “ഓൾഡ് ഇംഗ്ലിഷ്” ആണു്. കണക്കുപോലെയാണു് മാർക്കിടുക. വെറുതെ വല്ലതും എഴുതിയാൽ ഒന്നും പറ്റില്ല.

കഷ്ടിച്ചു രണ്ടു ചോദ്യത്തിനു ഉത്തരം നേരെ അറിയില്ല.

കടലാസ്സും കൈയിൽ പിടിച്ചു് അവൾ ആലോചിച്ചിരുന്നു. എഴുതണ്ട എന്നു വെക്കാം. ഇക്കൊല്ലം ചേരുന്നില്ല എന്നു പറഞ്ഞു പിൻവലിയ്ക്കാം.

എന്നാൽ പിന്നെ—

അടുത്തകൊല്ലം വരണം ഇവിടെത്തന്നെ. വയ്യ. അതു വയ്യ.

ഇനിയത്തെ കൊല്ലം എഴുതാതിരിക്കാൻ അച്ഛൻ സമ്മതിക്കുമോ?

ഇതെഴുതി തോറ്റുപോയാൽ—തോറ്റതുകൊണ്ടു് ഇനി പഠിയ്ക്കുന്നില്ല എന്നെങ്കിലും പറഞ്ഞുനോക്കാം. മറ്റതു വയ്യ. ഇനി ഇങ്ങോട്ടു വരാൻ സാദ്ധ്യമല്ല.

തോൽക്കുന്നെങ്കിൽ തോൽക്കട്ടെ. എങ്ങിനെയെങ്കിലും ആവട്ടെ.

അടുത്തിരുന്ന കുട്ടി കടലാസ്സിനു് എഴുന്നേറ്റു നിന്നു.

മണി പേന തുറന്നു.

പിന്നീടുള്ള പരീക്ഷകൾ ക്രമത്തിൽ തുടർന്നു.

പത്തു ദിവസം.

ദിവസം മൂന്നു മണിക്കൂർ

സമയം തീരുന്നതിനുമുമ്പു് അവൾ എഴുന്നേറ്റുപോരും. മണിയടിച്ചാൽ കൂടെയുള്ളവർ എല്ലാം കാണും വരാന്തയിൽ. പിന്നെ അവരോടു സംസാരിക്കാൻ നിൽക്കണം. നേർത്തേ എഴുന്നേറ്റുപോയാൽ ആ കുഴപ്പമില്ല. പിന്നെ മിക്ക ദിവസവും മൂന്നുമണിക്കുർ എഴുതാൻ ഒന്നും കിട്ടില്ല.

വെറും സാഹിത്യം മാത്രമായ പേപ്പറുകൾ ഒരുമാതിരി എഴുതി. പഠിച്ചെഴുതേണ്ടവ തീരെ മോശമായി.

ഒരു വിധം തീർന്നു.

ഇനി നേരിട്ടു് ചോദ്യങ്ങൾക്കു് ഉത്തരം പറയുന്ന “വൈവാ” ഉണ്ടു്. അതിനു് ഒരാഴ്ചകൂടി കഴിയണം.

വീട്ടിൽ പോയി തിരിച്ചുവരാൻ വയ്യ.

ആ ഒരാഴ്ച ചലിക്കുന്ന യന്ത്രംപോലെ അവൾ അവിടെ കഴിച്ചുകൂട്ടി.

പരീക്ഷ കഴിഞ്ഞു് ഒന്നുരണ്ടു ദിവസത്തേയ്ക്കു് ഉല്ലസിക്കാനുള്ള സമയമാണു്. ഇന്ദിരയും ബാക്കിയുള്ളവരും വൈകുന്നേരമായാൽ എവിടെയെങ്കിലും പോകും. അവൾമാത്രം മുറിയിൽനിന്നു ഇറങ്ങാതെ ഇരുന്നു. ഇന്ദിരയുമായി പുറമെയുള്ള അകൽച്ച മാറിയില്ല. ആ ഏഴുദിവസം ഒരു വിധം ഉന്തിനീക്കി.

തിങ്കളാഴ്ചയാണു് “വൈവാ.”

ഉച്ചയ്ക്കു് രണ്ടുമണിക്കു്. ഇന്ദിരയ്ക്കു് അന്നു കാലത്തേ പ്രാക്ടിക്കൽ പരീക്ഷയാണു്. വൈകുന്നേരംവരെയുണ്ടു്. ഓർഗാനിക് കെമിസ്ട്രി. ഇന്ദിരയ്ക്കു കുറച്ചു പേടിയുള്ള വിഷയം. പേനയിൽ മഷി ഒഴിക്കാൻ തുടങ്ങി. മേശപ്പുറത്തും സാരിയിലും കളഞ്ഞു. പരിഭ്രമമാണു്.

മണി ഒന്നും മിണ്ടാതെ ചെന്നു പേന കൈയിൽ മേടിച്ചു.

മഷി നിറച്ചുകഴിഞ്ഞു. ഇന്ദിര ജനാലയ്ക്കൽ പുറത്തേയ്ക്കു നോക്കി നിൽക്കുകയാണു്.

നേരം വൈകിയാലോ?

“ഇന്ദിരേ—” അവസാനം മണി വിളിച്ചു.

സാരിത്തുമ്പുകൊണ്ടു മുഖം തുടച്ചു് അവൾ തിരിഞ്ഞു വന്നു. പേന വാങ്ങി ഒന്നും മിണ്ടാതെ പോയി.

ഉച്ചയ്ക്കാണു് മണിക്കു പോകേണ്ടതു്. ഒന്നരയായപ്പോഴേ ഇറങ്ങി.

ഇത്തവണ രക്ഷയില്ല. എല്ലാവരും കാണും അവിടെ ബാലചന്ദ്രനും, മേനോനും ഒക്കെ. പണിക്കരുമാസ്റ്റരും കാണുമോ?

ഉണ്ടാവട്ടെ. എല്ലാവരും ഉണ്ടാവട്ടെ.

ബാലചന്ദ്രനാണു് ചെന്ന ഉടൻ ഓടിവന്നതു്. “രമണി എങ്ങിനെ എഴുതി? കസറിയില്ലേ? ഫസ്റ്റ് റാങ്കു കിട്ടില്ലേ?”

അവൾ ചിരിച്ചു. ഒന്നും മിണ്ടിയില്ല. അപ്പോഴേയ്ക്കും മറ്റവർ ഒക്കെ എത്തി. മേനോൻ മാത്രം ഒന്നും ചോദിച്ചില്ല.

കുറെനേരം കാത്തുനില്ക്കേണ്ടിവന്നു. രണ്ടുമൂന്നുപേരുടെ കഴിഞ്ഞാണു് അവളെ വിളിച്ചതു്. എങ്ങിനെയെങ്കിലും തീർന്നുപോയാൽ മതി എന്നൊരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു അപ്പോഴേയ്ക്കും.

പ്രൊഫസറും പുറമെനിന്നു വേറെ രണ്ടുപേരും ഉണ്ടായിരുന്നു. ഭാഷാ ശാസ്ത്രത്തിൽനിന്നാണു് ചോദ്യം തുടങ്ങിയതു്. ഒരു വാക്കിന്റെ അർത്ഥം ചോദിച്ചു. അതവൾ ഒരു വിധം പറഞ്ഞു. ആ വാക്കിന്റെ ഉല്പത്തിയെപ്പറ്റി ആയി പിന്നെ. അവൾക്കു് അതും അറിയാമായിരുന്നു. പഠിച്ച ഭാഗത്തു നിന്നാണ്, പക്ഷേ, ഒന്നും ശരിയ്ക്കു പറഞ്ഞില്ല. വേണ്ടതുപോലെ ആയില്ല. “ഒരു ശാസ്ത്രാസ്ത്രങ്ങൾ വഴിയേ തോന്നീലാ.”

വേറെയും എന്തൊക്കെയോ ചോദിച്ചു. അതും ശരിയായില്ല. പറഞ്ഞും തപ്പിയും ഒരുവിധം പത്തുപതിനഞ്ചു മിനിട്ടു കഴിഞ്ഞു.

പൊയ്ക്കോളാൻ അനുവാദം കിട്ടിയപ്പോൾ അവൾ ആശ്വാസത്തോടെ പുറത്തേയ്ക്കു കടന്നു.

ചേർന്ന കലാശമായി. ആശയ്ക്കു വല്ലതും വഴിയുണ്ടായിരുന്നെങ്കിൽ അതുമൊക്കെ തീർന്നു.

തലപൊക്കിപ്പിടിച്ചു് അവൾ ഇറങ്ങിവരുന്നതുകണ്ടപ്പോൾ തങ്ങളുടെ ഊഴംകാത്തു പുറത്തുനിന്നിരുന്നവർ ഇതൊന്നും ധരിച്ചില്ല. അതോ ധരിച്ചിട്ടു് ഇല്ലെന്നു ഭാവിച്ചതോ?

ഒരെട്ടുപത്തു മിനിട്ടു് അവിടെയും നിന്ന ശേഷമേ പോരാൻ പറ്റിയുള്ളു. വിജയ കരഞ്ഞില്ല എന്നേയുള്ളു. ബാലചന്ദ്രൻ ഓട്ടോഗ്രാഫുംകൊണ്ടു വന്നു. യാത്രപറയലിന്റെ തിരക്കു്. മേനോൻമാത്രം അപ്പോഴും ഒന്നും മിണ്ടിയില്ല. അവൾ എല്ലാവരോടും ഒരു വിധം പറഞ്ഞുപോന്നു.

ആവു. ഇനി ആ കോണി ഇറങ്ങണ്ട. ഈ വരാന്തയിൽ കൂടി പോകുന്നതു് ഇതു് അവസാനമായാണു്. ഗാസ്പ്ലാന്റിന്റെ പിന്നിൽ ഈ പൂഴിമണ്ണിൽകൂടി ഇനി നടക്കണ്ട. ഈ ശാപം പിടിച്ച സ്ഥലത്തു് ഇനി കാലു കുത്തണ്ട.

രാത്രി മുഴുവൻ പാക്കിങ്ങായി കഴിച്ചു. ഇന്ദിരയ്ക്കു പിറ്റെ ദിവസവും പരീക്ഷയുണ്ടു്. എങ്കിലും അവൾ സഹായിച്ചു.

മേശ ഒതുക്കിയപ്പോഴാണു്—ഒരടുക്കു പൊട്ടിക്കാത്ത എഴുത്തുകൾ.

അഞ്ചാറാഴ്ചയായി തപാലിൽ വരുന്നതൊന്നും പൊളിച്ചുവായിക്കാറില്ല. ആരൊക്കെ എന്തൊക്കെ എഴുതിയിരിക്കുന്നോ എന്തോ?

കിടക്കട്ടെ പെട്ടിക്കകത്തു്. വലിച്ചുകീറണമെങ്കിൽ അതിനും മിനക്കെടണം.

കാലത്തു പതിനൊന്നരയ്ക്കാണു് വണ്ടി. പത്തിനു് ഇന്ദിരയ്ക്കു പരീക്ഷ തുടങ്ങും. സ്റ്റേഷനിൽ വരാൻ പറ്റില്ല.

എല്ലാം തീർന്നു് അവസാനമായി പോകുമ്പോൾ യാത്ര അയയ്ക്കാൻ ആരുമില്ല. ഗോപു പോയിട്ടു് ഒരു മാസമായി.

ഒമ്പതേകാലിനേ ഇന്ദിര തയ്യാറായി. പേനയിൽ മഷി തീർന്നിരുന്നില്ലെങ്കിലും മണി തുറന്നു നിറച്ചുകൊടുത്തു.

“മണി” പോകാനൊരുങ്ങി മേശയ്ക്കടുത്തു നിന്നുകൊണ്ടു് അവൾ വിളിച്ചു. “ഇന്ദിരേ—”

ഉള്ളിണങ്ങിയവരുമായി പങ്കുവെച്ചാൽ വേദനയുടെ കനംകുറയും എന്നു പറയണമെന്നുണ്ടായിരുന്നു ഇത്രയും നാൾ. പറയാൻ ധൈര്യം വന്നില്ല. ഞാൻ പറഞ്ഞാൽ മണി ചെയ്യുമെന്നു വെച്ചല്ല. എങ്കിലും പറഞ്ഞില്ലല്ലോ എന്നൊരു വിഷമം.”

“സാരമില്ല ഇന്ദിരേ. വിഡ്ഢികൾ വേദനിക്കണം”.

“അരുതു് മണി. ഇങ്ങിനെ പറയരുതു്.”

“ഈ അവസാനനിമിഷങ്ങൾ ഇതാലോചിച്ചുകളയാനുള്ളതല്ല. വേറെ നല്ല കാര്യമൊന്നുമില്ലേ പറയാൻ? ഇന്ദിര പ്രാക്ടിക്കൽ നല്ലവണ്ണം ചെയ്യണം.”

“മണീ—”

“ഇന്ദിരേ.”

കുറച്ചുനേരം കൂടിനിന്നു് അവൾ പിന്നെ പതുക്കെ ഇറങ്ങിപ്പോയി. പത്തരമണി ആയപ്പോൾ മണി റിക്ഷ വിളിപ്പിച്ചു സാമാനമൊക്കെ കയറ്റി തിരിച്ചു. ഇങ്ങിനെ ഒറ്റയ്ക്കു് ഇതുവരെ പോകേണ്ടിവന്നിട്ടില്ല. ടിക്കറ്റുവാങ്ങാൻ പോകുമ്പോൾ ആരോ വിളിച്ചു പിന്നിൽനിന്നു്.

ചേട്ടൻ—

“ഇങ്ങോട്ടു തരു. ഞാൻ വാങ്ങിക്കൊണ്ടുവരാം.”

പാവം. വണ്ടി കയറ്റി അയക്കാൻ വന്നിരിക്കുകയാണു്.

ചേട്ടൻ ടിക്കറ്റുമായി വന്നു. പ്ലാറ്റ്ഫോമിൽ സാമാനം കൂട്ടിവെച്ചിരിക്കുന്നതിന്റെ അടുത്തു രണ്ടുപേരും ചെന്നു നിന്നു. ഒന്നും പറയാനില്ല.

വണ്ടി പതുക്കെപ്പതുക്കെ ഇഴഞ്ഞു കയറിവന്നു.

ചേട്ടൻ സാമാനം എടുപ്പിച്ചു സ്ത്രീകളുടെ മുറിയിൽ കയറ്റി. അവളും കയറി.

നല്ല തിരക്കുണ്ടു്.

വഴി ഒഴിഞ്ഞപ്പോൾ അവൾ വാതിൽക്കലേക്കു ചെന്നു. ചേട്ടൻ പോയിട്ടില്ല.

മണി അടിച്ചു. വണ്ടി പകരം കൂകി.

ചുക്. ചുക്. ചുക്…

“മണീ എഴുത്തയയ്ക്കുമോ?”

അവൾ ചിരിക്കുകമാത്രം ചെയ്തു.

മുപ്പത്തിരണ്ടു്

ഇരുട്ടു നിറഞ്ഞ ദിവസങ്ങൾ. പടിയ്ക്കു പുറത്തു് ഇറങ്ങലില്ല. കുന്നിൻപുറത്തേയ്ക്കു കൂടി കയറാറില്ല.

ഒരു ദിവസം മമ്മാലി അങ്ങാടിയിൽ നിന്നു സാമാനവും കൊണ്ടുവന്നപ്പോൾ അവൾ ഉമ്മറത്തു് എന്തോ ചെയ്തുകൊണ്ടു നിൽക്കുകയായിരുന്നു. അയാൾ ചുമടിറക്കി തോർത്തു കുടഞ്ഞു തോളത്തിട്ടു.

“അമ്മക്കുട്ടി എപ്പളേ വന്നു്? മമ്മാലി കണ്ടില്ലലോ ഇതുവരെ.”

“ഒരു മാസം ആവാറായി.”

“മമ്മാലി ഇന്നാള് വന്നിരുന്നൂലോ. അപ്പളും കണ്ടില്ല്യ.”

“അകത്തെവിടെയെങ്കിലും ആയിരുന്നിരിക്കും.”

“കൊച്ചയമാന്റെ എഴുത്തോറ്റെണ്ടോ അമ്മക്കുട്ട്യേ? വിവരമൊന്നും മമ്മാലി അറിയാറില്ല്യ.”

“അപ്പേട്ടന്റെയാണോ? കൊച്ചച്ഛന്റെ അവിടത്തെ. ഇല്ല. മമ്മാലി ചെറിയമ്മയോടു ചോദിക്കാമായിരുന്നില്ലേ?”

“അയമ്മ തിരിച്ചുവരുമ്പോ കൂടെ ആ കുട്ടീംണ്ടാവില്ലേ. പിന്നെ ചോദിക്കണേന്തിനാ?”

“ഇവിടെ ഇല്ലേ ചെറിയമ്മ?”

“അമ്മക്കുട്ടി ഇതൊന്നും അറിഞ്ഞില്ലേ? വല്ലേമാൻ പെണങ്ങ്യാലോച്ചിട്ടായിരിക്കും അവരൊന്നും എഴുതാഞ്ഞതു്.”

“എവിടെയാണു് പോയിരിക്കുന്നതു്?”

“ആ കുട്ടിയ്ക്കു വയ്യാണ്ടായിട്ടല്ലേ ഇങ്ങട്ടു പോന്നതു്. ഇബടെ വന്നിട്ടു കഷായോം മരുന്നും ലഹള. പിടിച്ചാകിട്ടില്ല്യാന്നാവാറായപ്പോളല്ലേ ഡാക്കിട്ടരേ കൊണ്ടുവന്നതു്. അയാള് ഒടനെ കൊണ്ടുപോണംന്നു് പറയേം ചെയ്തു. അപ്പളേക്കു് ആള് ഒരു പച്ചീർക്കല വളച്ചിട്ടന്ത്യ ആയിരുന്നേനും. അയമ്മ പെട്ട പാടേയ്?”

“എവിടെയാണു് കൊണ്ടുപോയതു്?”

“കോയമ്പത്തൂരോറ്റെയാണു്.”

“സുഖക്കേടെന്താ മമ്മാലി?”

“ചൊമേണ്ടു്. പനീണ്ടു്. സൂചി കുത്തിവെച്ചു പനി നിർത്തിയിട്ടാ കൊണ്ടുപോയതു്.”

“പോയിട്ടു് എത്ര കാലമായി മമ്മാലി?”

“രണ്ടു മൂന്നു മാസമായിക്കാണണം. ഇവിടെ വന്നു രണ്ടാഴ്ചയല്ലേ കിടന്നുള്ളൂ. അപ്പളേക്കും കൊണ്ടുപോയി.”

ചെറിയമ്മ മേൽക്കഴുകി മുണ്ടു തോരയിടാൻ ഇറങ്ങി വന്നു.

“മമ്മാലി എത്യോ, ദൈവാധീനം. നാളെ കാലത്തു കാപ്പിയ്ക്കു പഞ്ചസാരയില്ല ഇവിടെ.”

മണി കയറിപ്പോയി.

പെട്ടിയ്ക്കടിയിൽ കിടക്കുന്ന പൊട്ടിയ്ക്കാത്ത എഴുത്തുകൾ—സുഖക്കേടാണെന്നു നേരത്തേ എഴുതിയിരിക്കണം. കൂടുതലായപ്പോൾ അതും അറിയിച്ചു കാണും. പിന്നെയും പിന്നെയും എഴുതി. മറുപടികിട്ടാതെ എന്തു വിചാരിച്ചിരിയ്ക്കും?

വിടാത്ത പനിയും ചുമയും—

ഇനിയിപ്പോൾ ഒന്നു് എഴുതാമെന്നു വിചാരിച്ചാൽ മേൽവിലാസം കൂടി അറിയില്ല. എവിടേയ്ക്കാണെന്നുവെച്ചാണു് എഴുതുക.

അല്ലെങ്കിലും എന്തെഴുതും? ഇത്രയും കാലത്തെ മൌനത്തിനുശേഷം—

ദിവസങ്ങൾ നിരങ്ങി നിരങ്ങി നീങ്ങി.

അപ്പേട്ടന്റെ വർത്തമാനം പിന്നെ ഒന്നും കേട്ടില്ല. മമ്മാലിക്കു വിവരമൊന്നുമില്ല. എന്നാലും അയാളോടു ചോദിക്കാമെന്നു വിചാരിച്ചാൽ അയാളേയും കാണാറില്ല. വല്ലപ്പോഴും ഒരിയ്ക്കലേ അയാൾ സാമാനവുംകൊണ്ടു വരുള്ളൂ.

അങ്ങിനെ മിഥുനമാസമായി. ഓണേഴ്സിന്റെയും മറ്റും പരീക്ഷാഫലം രണ്ടു ദിവസത്തിനകം വരുമെന്നു പേപ്പറിൽ കണ്ടു. ഗോപുവാണു് കാണിച്ചുകൊടുത്തതു്. അവൾ പേപ്പർ വായിക്കാനൊന്നും മിനക്കെടാറില്ല.

അപ്പോഴും പ്രത്യേകം ഔത്സുക്യമൊന്നും തോന്നിയില്ല. നാളെ വരുന്നതും മറ്റെന്നാൾ വരുന്നതും എല്ലാം ഒപ്പം.

പേപ്പർ കിട്ടാൻ താമസിയ്ക്കാതിരിക്കാൻ ഗോപു ബസ്സ് സ്റ്റാണ്ടിൽ കാത്തുനിന്നു. ഇല്ല. റിസൽട്ടില്ല.

പറഞ്ഞ ദിവസം കഴിഞ്ഞു ഒരാഴ്ചയും കഴിഞ്ഞാണു് വന്നതു്. അന്നു് ആരും കാത്തുനിന്നില്ല. വൈകുന്നേരമായി പേപ്പർ കിട്ടിയപ്പോഴേയ്ക്കും. അവൾ പാസ്സായിട്ടുണ്ടു്.

റെക്കമെൻഡഡ് ബി. എ.

മൂന്നുകൊല്ലം പഠിച്ചിട്ടു് ഓണേഴ്സിനു അർഹതയില്ല. ബി. എ. ഡിഗ്രി കിട്ടാനുള്ള യോഗ്യതയേ ഉള്ളുവെന്നു്.

മൂന്നുകൊല്ലം പഠിച്ചു് രണ്ടു് കൊല്ലംകൊണ്ടു് കിട്ടാവുന്ന ബിരുദം മേടിയ്ക്കുക.

ഗോപുവാണു് ആദ്യം പേപ്പർ നോക്കിയതു്. അവൻ ഒന്നും മിണ്ടാതെ കടലാസ്സു മേശപ്പുറത്തുവെച്ചു് എഴുന്നേറ്റു പോയി. പിന്നെയും കുറെ കഴിഞ്ഞാണു് അവൾ കണ്ടു് എടുത്തു നോക്കിയതു്.

ആദ്യത്തെ പരാജയം. പണം ചിലവാക്കി മിനക്കെട്ടു് അവിടെ താമസിച്ചിട്ടു ഫലമില്ല. ഇത്രയ്ക്കൊന്നും വിഷമിക്കാതെ മേടിക്കാമായിരുന്നു ഒരു ബി. എ. ബിരുദം. മൂന്നു കൊല്ലം വെറുതെ കളഞ്ഞു. ആയുസ്സിൽ മൂന്നുകൊല്ലം.

അല്ലെങ്കിൽ ഈ കൊല്ലങ്ങൾകൊണ്ടൊക്കെ എന്തു ചെയ്യാൻ പോകുകയാണു് ഇപ്പോൾ? സമയംപോയി എന്നു ഖേദിക്കാൻ മാത്രമൊക്കെ വിലപ്പെട്ട ജീവിതമാണോ?

ഏതായാലും ഇനി വിചാരിയ്ക്കാൻ ഒന്നുമില്ല.

സകലതും തീർന്നു.

യന്ത്രപ്പാവപോലെ യാതൊന്നിലും യാതൊരു താല്പര്യവുമില്ലാതെ അവൾ ജീവിച്ചു.

കരഞ്ഞില്ല. ബഹളമുണ്ടാക്കിയില്ല.

ശരിയ്ക്കു ജയിച്ചില്ല എന്നു് എല്ലാവരും അറിഞ്ഞിട്ടുണ്ടു്. ആരും പക്ഷേ, അറിഞ്ഞതായി ഭാവിച്ചില്ല. സമാധാനിപ്പിയ്ക്കാനൊന്നും ആരും വന്നില്ല.

അല്ലെങ്കിലും അതിനു് ആരിരിയ്ക്കുന്നു അവിടെ?

ഗോപുമാത്രം കുറച്ചു കൂടുതൽ ശ്രദ്ധ കാണിയ്ക്കുന്നുണ്ടെന്നു തോന്നി.

എന്നും വൈകുന്നേരം നടക്കാൻ പോയിട്ടു വന്നാൽ എന്തെങ്കിലും ഒരു കാര്യമുണ്ടാക്കി ഒരു പത്തു പതിനഞ്ചു മിനിട്ടു സംസാരിച്ചു ഇരുന്നിട്ടേ അവൻ കുളിക്കാൻ പുറപ്പെടുകയുള്ളു. സംസാരിക്കാൻ വിഷയമുണ്ടാക്കാൻ പാടുപെടുന്നതു കണ്ടാൽ ചിരിവരും ചിലപ്പോൾ.

അങ്ങിനെ ഒരു ദിവസം വർത്തമാനം പറഞ്ഞ കൂട്ടത്തിലാണു് അപ്പേട്ടൻ തിരിച്ചുവന്ന കാര്യം പറഞ്ഞതു്. എത്രയോ കാലമായി അപ്പേട്ടന്റെ പേരു് അവന്റെ നാവിൽനിന്നു വീണിട്ടു്. ഇപ്പോൾ—തോറ്റ വ്യസനം തീർക്കാനുള്ള പ്രയത്നം ആയതുകൊണ്ടായിരിയ്ക്കാം പറഞ്ഞതു്.

അവൻ അമ്മുച്ചെറിയമ്മയെ അമ്പലത്തിൽ കണ്ടുവത്രേ, അപ്പേട്ടന്റെ നല്ലവണ്ണം ഭേദമായി തിരിച്ചു പോന്നതാണു്, ഇത്രയുമേ അന്നു പറഞ്ഞുള്ളു.

പിന്നെ ഒരു ദിവസം രണ്ടു മൂന്നാഴ്ച കഴിഞ്ഞു അവൻ അപ്പേട്ടനെ തന്നെ കണ്ടു സംസാരിച്ചു.

ഇനി ബോംബേയ്ക്കു പോകുന്നില്ല. അവിടം ദേഹത്തിനു പിടിയ്ക്കുന്നില്ല. നാട്ടിൽ തന്നെ വല്ലതും ജോലി നോക്കാനാണു് ഉത്സാഹം.

എന്തുജോലി കിട്ടാനാണു് വെറും സ്ക്കൂൾ ഫൈനൽകാരനു്—ഗോപുവിനു് തിരിച്ചു പോകാറായി. കിഴക്കെ അകത്തു വെറുതെ ഇരിക്കുമ്പോൾ ഒരു ദിവസം അവൻ കയറി വന്നു. കുറച്ചുനേരം അവിടെയും ഇവിടെയും നിന്നും, തൊണ്ട അനക്കിയും കഴിച്ചു. അവൾ ഒന്നും മിണ്ടിയില്ല. “കോളേജിലേയ്ക്കു വരുന്നില്ലേ?”

ഒടുക്കം അവൻ തുടങ്ങി.

“എന്തിനു്?”

“അല്ലാതെന്തു ചെയ്യും? ഒരു കൊല്ലം കൂടി പഠിച്ചാൽ എം. എ. ഡിഗ്രി കിട്ടും.”

“ഞാൻ ഇനി പഠിയ്ക്കുന്നില്ല.”

“ഓപ്പോളേ”

എത്ര കാലം കൂടിയിട്ടാണു് അവൻ അങ്ങിനെ വിളിയ്ക്കുന്നതു്—

“ഓപ്പോളേ കഴിഞ്ഞതു കളയു. ഇനി നല്ലതെന്താണെന്നു വെച്ചാൽ അതു നോക്കുക.”

“നല്ലതു ചെയ്യണമെന്നില്ല എനിയ്ക്ക്”

“ഇത്രയ്ക്കു നിരാശ വരാൻ ഒന്നും സംഭവിച്ചില്ല ഇവിടെ. പരീക്ഷ എന്നു പറയുന്നതിൽ വെറും ഭാഗ്യം മാത്രമേയുള്ളു. ഒരിയ്ക്കൽ പറ്റി എന്നുവെച്ചു് വരു. നമുക്കു ഒന്നിച്ചു പോകാം. എന്റെ കൂടെ വരു.”

“ഇല്ല. ഞാനില്ല.”

“അച്ഛനോടു ഞാൻ ചോദിച്ചു. പഠിപ്പിയ്ക്കാൻ തയ്യാറാണു് അച്ഛൻ.”

“ഞാൻ തയ്യാറല്ല പഠിയ്ക്കാൻ.”

“പിന്നെ എന്തു ചെയ്യാൻ പോകുകയാണു്?”

“ഒന്നുമില്ല. ഒന്നും ചെയ്യുന്നില്ല.”

“എത്ര കാലമാണു് ഇങ്ങിനെ ഇരിയ്ക്കുക?”

“കുറച്ചു ഇരുന്നു നോക്കട്ടെ. അപ്പോൾ അറിയാം.”

“ഇതു നല്ലവണ്ണം ആലോചിച്ചിട്ടു പറയുന്നതാണോ?”

“അതെ.”

അവൻ പോയി.

ചെറിയമ്മ മിണ്ടാൻ വരില്ല. അച്ഛൻ കണ്ട ഭാവമേ ഇല്ല. യാതൊന്നും ചെയ്യാതെ എന്തെങ്കിലും ആലോചിയ്ക്കാനുള്ള ആയാസത്തിനുപോലും മനസ്സു കൂട്ടാക്കാതെ നാളുകൾ നീങ്ങി. തീയതിയും ആഴ്ചയും ഒന്നും അറിയാറില്ല. രാപകലുകൾ അവയുടെ ക്രമത്തിൽ കടന്നുപോയി. ഗോപുവിന്റെ എഴുത്തുകൾ വരും. പ്രയാസപ്പെട്ടു് ഉണർന്നു വായിക്കും. മറുപടി എഴുതാറില്ല. ചെറിയമ്മ ജോലിയൊന്നും പറയില്ല. ചെയ്യാറുമില്ല. കൊച്ചനിയൻ വല്ല സംശയവും ചോദിച്ചുകൊണ്ടുവന്നാൽ കൂടി എന്തെങ്കിലും ഒഴികഴിവുകൊണ്ടു് കഴിച്ചുകൂട്ടുകയല്ലാതെ പറഞ്ഞുകൊടുക്കാറില്ല.

മുപ്പത്തിമൂന്നു്

വൈകുന്നേരം കൊച്ചനിയൻ സ്ക്കൂൾ വിട്ടു വരുന്നവഴി അവൾക്കു് ഒരെഴുത്തു കൊണ്ടുവന്നു. എഴുത്തുള്ള ദിവസമെല്ലാം അവനാണു് കൊണ്ടു വരിക. പോസ്റ്റ്മാൻ വഴിക്കെങ്ങാൻ വെച്ചു കണ്ടു കൊടുത്തയയ്ക്കും. ഗോപു കവറിൽ എഴുതാറില്ല. കാർഡോ അല്ലെങ്കിൽ ഇൻലൻഡോ. ഇതാരാണു് കവറിൽ എഴുത്തയച്ചിരിക്കുന്നതു്?

ഓ. ആരായാലെന്തു്?

മേൽവിലാസം ശ്രദ്ധിക്കാതെ അവൾ പൊട്ടിച്ചു. ആദ്യത്തെ വാചകം കണ്ട ഉടൻ മനസ്സിലായി. അപ്പേട്ടൻ—

കുറെയുണ്ടു്. സ്വസ്ഥമായിട്ടിരുന്നു വായിയ്ക്കണം.

കിഴക്കെ തൊടിയിലെ താണുകിടക്കുന്ന പറങ്കിമാവിന്മേൽ കയറി ഇരിയ്ക്കാൻ സ്ഥലമുണ്ടു്. അവിടെ നിന്നാൽ പള്ള്യാലും പാടവും കാണാം.

അവൾ പറമ്പിലേക്കു കയറി. പറങ്കിമാവിൻ കൊമ്പിന്മേൽ ചാരിയിരുന്നു അവൾ ഒരിയ്ക്കൽക്കൂടി എഴുത്തു കവറിൽനിന്നു പുറത്തെടുത്തു.

“മണി.

ആറുമാസമായി മണിയുടെ കയ്യക്ഷരത്തിൽ എഴുതിയ എന്തെങ്കിലും വായിച്ചിട്ടു്.

ആ ആറുമാസത്തിനിടയിൽ—എന്തുമാത്രം വേദന—

ഒരു വാക്കു് എനിക്കു എറിഞ്ഞെങ്കിലും തരാൻ തോന്നാഞ്ഞതെന്തു്, മണി.

ആ വിരലിന്റെ ചൂടുള്ള ഒരൊറ്റ വാക്കു്—

എന്റെ മുറിവിൽ അതു് അമൃതു തളിയ്ക്കുമായിരുന്നു.

ഞാൻ പരിഭവിക്കുന്നില്ല മണി. മനുഷ്യനു കണ്ടുനില്ക്കാവുന്നതിനു ഒരതിരില്ലേ. അതിൽ കൂടുതൽ ആയപ്പോൾ മണി മൂകയായിപ്പോയി. എന്താണു് പറയേണ്ടതെന്നു് അറിയാതായി. അതല്ലേ മണി? വേറെ വല്ല കാരണവുമുണ്ടു് ഈ മൌനത്തിനു പിന്നിൽ എങ്കിൽ—

എനിക്കതു ആലോചിയ്ക്കാൻ വയ്യ.

വളരെയേറെ പറയാനുണ്ടു് മണി. നേരിട്ടു പറയാൻ ധൈര്യമില്ല. ഈ ജീവനില്ലാത്ത കടലാസ്സിൽ എന്റെ നെഞ്ചിന്റെ വേദന പകർത്തി അങ്ങോട്ടയയ്ക്കുകയാണു്. വെളുത്ത കടലാസ്സിൽനിന്നു കറുത്ത അക്ഷരങ്ങൾ തുറിച്ചു നോക്കുമ്പോൾ അവയ്ക്കിടയിൽ മണി എന്റെ ദാഹിയ്ക്കുന്ന ആത്മാവു കാണില്ലേ? പറയൂ, കാണുമോ?

മണിയുടെ ഭൂതകാലത്തിൽ നിന്നു ഗതികിട്ടാത്ത പ്രേതം പോലെ എഴുന്നേറ്റുവരികയാണു് ഞാൻ.

മണീ, പള്ള്യാലിൽ കായ്ക്കറിക്കു് തേവാൻ ഞാൻ വരുമ്പോൾ വേലിയ്ക്കപ്പുറത്തുവന്നു നില്ക്കാറുള്ളതു് ഓർമ്മയുണ്ടോ? അന്നു എന്തു എളുപ്പമായിരുന്നു ജീവിതം. അതു കഴിഞ്ഞിങ്ങോട്ടു നമ്മൾ വളർന്നതെന്തിനു്? മണിയും അറിഞ്ഞു പരാജയം എന്താണെന്നു് ഇല്ലേ? പരീക്ഷയുടെ കാര്യം ഗോപു പറഞ്ഞു. അതാണോ മണി മിണ്ടാതിരുന്നതു് ? മനസ്സിന്റെ വിഷമം എന്നോടു തുറന്നു പറയാൻ സാധിയ്ക്കയില്ല എന്നോ?

നമ്മൾ രണ്ടുപേർ ഇങ്ങിനെ—

ഓ. ആ നല്ല ദിവസങ്ങൾ എന്തിനു കടന്നുപോയി.

എത്ര വെള്ളം ഒഴുകി തലയ്ക്കു മീതെകൂടി അതിനു ശേഷം?

രോഗം കടിച്ചു തുപ്പിയ ചവറാണു് ഇന്നു ഞാൻ.

ആ ഞാൻ—

എന്തിനു വെച്ചു നീട്ടുന്നു. ചോദിക്കാനുള്ളതു നേരെയങ്ങു ചോദിച്ചോട്ടെ.

ഇന്നിതു ചോദിക്കാൻ എനിക്കർഹതയില്ല. ഈ ചോദ്യം ചോദിക്കുന്ന നിമിഷത്തെപ്പറ്റി എന്തെന്തു് സ്വപ്നങ്ങൾ കണ്ടു. എത്ര നാൾ കാത്തിരുന്നു

പറ്റിയ അവസരം വരാൻ—

അവസാനം ഇതിങ്ങിനെ ചോദിക്കേണ്ടിവരുമെന്നു് വിചാരിച്ചിരുന്നോ?

പ്രിയപ്പെട്ടവളേ, ഇങ്ങോട്ടു ചാരിക്കോളു. ഇങ്ങോട്ടു് ഈ കരുത്തുള്ള മാറിലേയ്ക്കു്—

മുള്ളുനിറഞ്ഞ വഴിയിലൂടെ നമുക്കു തോളോടു തോൾ ചേർന്നു പോകാം. നീ തളർന്നാൽ ഈ തോളത്തു കൈ ഊന്നാം. ഈ കൈയിൽ മുറുകെ പിടിക്കാം. നീ വരുന്നോ?

പെരുവഴിയിൽ ഏകാന്തത അസഹ്യമല്ലേ? നമ്മൾക്കു ഒന്നാവാം. അങ്ങോട്ടും ഇങ്ങോട്ടും തണൽ. അരുമപ്പെട്ടവളേ, നീ വരുന്നോ?

പുരുഷൻ ചോദിയ്ക്കാൻ ആശിയ്ക്കുന്ന ചോദ്യം.

സ്ത്രീ കേൾക്കാൻ ആഗ്രഹിക്കുന്നതും ഇതുതന്നെയല്ലേ?

വിഷമം പിടിച്ച യാത്രയിൽ വിശ്വസിച്ചു നിൽക്കാൻ ഒരു താങ്ങു്.

എനിക്കു് ഇന്നു് ഈ ചോദ്യം ഇങ്ങിനെ ചോദിക്കാൻ അവകാശമില്ല. ഒന്നുമില്ല എന്റെ കൈയിൽ നിനക്കു തരാൻ—എന്റെ ജീവിതത്തിന്റെ വേദനയും ഹൃദയത്തിന്റെ ആവശ്യവുമല്ലാതെ.

ഞാൻ നിന്റെ മുമ്പിൽ കൈക്കുമ്പിൾ നീട്ടി നിൽക്കുകയാണു് മണി. വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതാണു് സുഖം. ആവശ്യക്കാർ യാചകരാണു്.

ആത്മാവിന്റെ ദാരിദ്ര്യം—

തനിച്ചു ജീവിച്ചു സഹിക്കവയ്യാതായി മണി.

മനഃശക്തി മുഴുവൻ ചോർന്നു പോകുന്ന ഒരു സന്ദർഭമില്ലേ? പിന്നെ വയ്യ.

നിന്റെ മേൽ എനിക്കു യാതൊരധികാരവുമില്ല. ക്ഷയരോഗിയുടേതുമായി കൂട്ടിക്കെട്ടേണ്ടതല്ല മണിയുടെ ജീവിതം.

ആരോഗ്യത്തിനു പകരം തരാൻ എനിക്കു പണമില്ല. പദവിയില്ല. ഇനി ഉയരാമെന്നു മോഹിക്കാനും വഴിയില്ല. നാട്ടിൻപുറത്തെ പ്രൈമറി സ്ക്കൂളിലെ ക്ഷയരോഗിയായ വാദ്ധ്യാർ—

മണിയോടു ഞാൻ ഇതാവശ്യപ്പെടുന്നതു തന്നെ മഹാപാപമാണു്. പക്ഷേ, ഇല്ലേ? ക്ഷയരോഗിക്കുമില്ലേ ഒരവകാശം ജീവിതത്തിനു കുറച്ചു ചൂടും വെളിച്ചവും വേണമെന്നു് ആശിക്കാൻ—മണി, എന്റെ സുഖക്കേടു ഭേദമായി എന്നു പറഞ്ഞാണു് ഡോക്ടർമാർ അയച്ചതു്.

ശരിയ്ക്കു ബുദ്ധിവെച്ചു ആലോചിക്കാറായതു മുതൽ ഭാവിയെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ മുഴുവൻ, മണീ, നീയായിരുന്നു റാണി.

എന്തെന്തു പ്രതീക്ഷകൾ—

അന്നു ഞാൻ ബോംബേയിൽ ആയിരുന്നപ്പോൾ മണി കൊള്ളാവുന്നൊരു വിവാഹാലോചന നിരസിച്ചതു് എന്റെ പേർ പറഞ്ഞാണെന്നു് അമ്മ എഴുതിയിരുന്നു. അമ്മയുടെ ആ എഴുത്തു കിട്ടിയ അന്നു് എന്തുത്സവമായിരുന്നു. നീ എനിയ്ക്കുവേണ്ടി വേറൊരാളെ നിരസിച്ചു എന്നറിഞ്ഞ ദിവസം—

ഓ. അന്നു ഞാൻ എന്തുകൊണ്ടു് ഓടിവന്നു നിന്നെ കൈയിൽ കോരി എടുത്തു കൊണ്ടുപോയില്ല?

ഞാൻ കാത്തു. കുറച്ചുകൂടി ഭേദമായ ജോലി കിട്ടണം. ഒരു വെറും ഓഫിസ് ക്ലാർക്കിന്റെ ഭാര്യയാവരുതു് എന്റെ മണി. എന്നിട്ടെന്തുണ്ടായി?

ജീവശക്തി മുഴുവൻ ചുമച്ചു തുപ്പിക്കളയുന്ന സ്ക്കൂൾ മാസ്റ്റർ—മണി, എന്തിനിതു ഇങ്ങിനെ വന്നു? എന്തിനു ഞാൻ കാറ്റു കടക്കാത്ത ഓഫീസിൽ ക്ലാർക്കായി? എന്തിനു ഞാൻ രോഗിയായി?

നമ്മൾ രണ്ടുപേർ കുറച്ചു സുഖമായിരുന്നാൽ ദൈവത്തിനു് അതിൽ വല്ല നഷ്ടവുമുണ്ടോ?

മുമ്പിലേക്കു നോക്കിയാൽ കൂരിരുട്ടാണു് മണി. പേടി തോന്നുന്നു.

വയ്യ. തനിച്ചു ജീവിക്കാൻ വയ്യ.

പറയൂ ഈ തളർന്ന ജീവിതം കൈയിലേക്കു് ഏറ്റുവാങ്ങുമോ?

കടലാസ്സ് കൈയിൽനിന്നു മടിയിലേയ്ക്കു വീണു. അവൾ കണ്ണടച്ചു പറങ്കിമാവിന്റെ പരുപരുത്ത തടിയിലേക്കു ചാരി.

പറയൂ ഈ തളർന്ന ജീവിതം കൈയിലേക്കു ഏറ്റുവാങ്ങുമോ?

ഏറ്റുവാങ്ങുമോ?

ഏറ്റുവാങ്ങുമോ…

അടുത്തെവിടെയോ പട്ടി കുരച്ചു. അവൾ തലപൊക്കി.

കനം കുറഞ്ഞ കടലാസ്സു മടിയിൽനിന്നു ഊർന്നു കുറച്ചു അകലെയായി, പെറുക്കി എടുത്തു അവൾ അവിടെ തന്നെ കയറി ഇരുന്നു.

അപ്പേട്ടന്റെ ഭാര്യ—പാവം അപ്പേട്ടൻ. കൊച്ചച്ഛന്റെ മകൻ.

ഒരാളുടെ ആരോഗ്യം രണ്ടുപേർക്കും കൂടി പങ്കിടാം.

ക്ഷയരോഗിയുടെ ഭാര്യ.

അതിനെന്തു് ?

യാതൊരർത്ഥവുമില്ലാത്ത ജീവിതം.

ഒരാൾക്കെങ്കിലും പ്രയോജനപ്പെടട്ടെ. ആവശ്യക്കാരനു് ഉപകരിയ്ക്കട്ടെ.

മറ്റൊരാൾക്കുവേണ്ടി ജീവിക്കാൻ സാധിച്ചാൽ ഈ ഞാൻ എന്നുള്ള വിചാരം കുറച്ചു കുറയുമായിരിക്കും. അനുകമ്പയുടെ പേരിൽ—കഴിഞ്ഞതെല്ലാം അങ്ങിനെ മറക്കാം. ദേവി, അതൊരാശ്വാസമാവും. അവൾ എഴുന്നേറ്റു നടന്നു.

ത്യാഗം എന്ന വെളുത്ത പഴം കൺമുമ്പിൽ കിടന്നാടുകയാണു്. ഒന്നു കൈ നീട്ടിയാൽ മതി…

മറുപടി അന്നുതന്നെ എഴുതണമെന്നു വിചാരിച്ചതാണു്. പേനയും കടലാസ്സും എടുത്തിരുന്നപ്പോൾ ഒന്നും കിട്ടിയില്ല എഴുതാൻ. പിറ്റെ ദിവസം ആകാമെന്നു വെച്ചു.

കാര്യം ഒരുവിധം തീർച്ചയാക്കിക്കഴിഞ്ഞപ്പോൾ പിന്നെ അതിനെപ്പറ്റി അധികം വിചാരം ഇല്ലാതായി. മനസ്സു പണ്ടത്തേതുപോലെ നീർജ്ജീവമായി.

അങ്ങിനെ എഴുത്തെഴുതൽ നീട്ടി നീട്ടി ഒരാഴ്ച കഴിഞ്ഞു.

ആ തിങ്കളാഴ്ച വൈകുന്നേരം അച്ഛൻ വീട്ടിലില്ലാത്തപ്പോൾ അപ്പേട്ടൻ കയറി വന്നു.

അവൾ പൂമുഖത്തു നിൽക്കുകയായിരുന്നു. ആൾ എന്തൊരുമാതിരി ആയി. പൊക്കംകൂടി കുറഞ്ഞുപോയോ?

കുറച്ചിട വാതിൽക്കൽ തന്നെ നിന്നു. അവളും അനങ്ങിയില്ല.

ആ കണ്ണു് ഒരു നിമിഷനേരത്തേക്കവൾ കണ്ടു. ലോകാരംഭം മുതൽക്കുണ്ടായിട്ടുള്ള വേദന മുഴുവൻ ഉണ്ടോ അവിടെ?

അനങ്ങാതെയുള്ള ആ നില്പ്പു് സഹിക്കവയ്യാതായപ്പോൾ അവൾ വിളിച്ചു: “അപ്പേട്ടാ.”

എന്നിട്ടും ഒന്നും പറഞ്ഞില്ല.

അകത്തേയ്ക്കു കടന്നു.

നേരെ കിഴക്കെ മുറിയിലേക്കാണു് നടന്നതു്. അവിടെയിരുന്നാണു് അവൾ പണ്ടു പഠിക്കാറുള്ളതു്. അന്നുപയോഗിച്ചിരുന്ന മേശയും കസേരയും അവിടെത്തന്നെ കിടപ്പുണ്ടു്. കൊച്ചനിയന്റെ വകയാണു് ഇപ്പോൾ.

ചേട്ടൻ നേരെ ചെന്നു കസേരയിൽ വീണു: “എന്റെ എഴുത്തു കിട്ടിയോ മണി?”

“ഉവ്വു്.”

പിന്നെ ഒന്നുമില്ല.

അവൾ ജനലിൽകൂടി പുറത്തേക്കു നോക്കിനിന്നു.

എന്തോ ഒച്ചകേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടൻ മേശമേൽ തലചായ്ച്ചു് നോക്കി കിടക്കുകയാണു്.

മുഖത്തു് എല്ലുകൾ കാണാം.

കഴുത്തിലെ മുഴ അനങ്ങുന്നതു വ്യക്തമാണു്.

അനുകമ്പയ്ക്കു കേഴുന്ന നോട്ടം—

നിങ്ങൾക്കു ഭാര്യയല്ല. ഒരു കുപ്പി വാട്ടർ ബറീസ് കോമ്പൗണ്ടാണു് വേണ്ടതു്.

പണ്ടേതോ പൊട്ടക്കഥയിൽ വായിച്ചതാണു് അതു്.

നിങ്ങൾക്കു ഭാര്യയല്ല ഒരുകുപ്പി വാട്ടർ ബറീസ് കോമ്പൗണ്ടാണു് വേണ്ടതു്.

ഭാര്യയല്ല മരുന്നാണു് ആവശ്യം. വാട്ടർ ബറീസ് കോമ്പൌണ്ട് ദൈവമേ മറ്റേ കണ്ണുകളാണു് ഇങ്ങിനെ മേൽ തറച്ചിരിക്കുന്നതു് എങ്കിൽ തിളങ്ങുന്ന വിടർന്ന കണ്ണുകൾ. ഓ അവയായിരുന്നെങ്കിൽ—വയ്യ. സഹിയ്ക്കാൻ വയ്യ.

അവൾ കൈകൊണ്ടു മുഖം പൊത്തി മുറിയിൽ നിന്നു പുറത്തേക്കോടി.

ഇതു മനുഷ്യനെക്കൊണ്ടു സാദ്ധ്യമല്ല…

കുറെ നേരം കഴിഞ്ഞു അവൾ തിരിച്ചു ചെന്നപ്പോൾ മുറിയിൽ ആരുമില്ല.

നേരം ഇരുട്ടുവാൻ തുടങ്ങിയിരുന്നു.

അവൾ പിന്നിലെ പടി കെട്ടഴിച്ചു കുന്നിൻപുറത്തേക്കു കയറി.

നീല മലകളുടെ രേഖ കാണാനില്ല. ഗംഭീരമായ ശൂന്യതപോലുമില്ല. സിംഗപ്പൂരിൽനിന്നു വന്ന ഏതോ പണക്കാരൻ പറമ്പു മേടിച്ചു വേലി വളച്ചു കെട്ടി. ഒരു വശത്തു വേലി കെട്ടി മറച്ച തോട്ടം. മറ്റേ ഭാഗത്തു പുതിയ കെട്ടിടം പണിയാനുള്ള ഉത്സാഹമാണു്. തറ കെട്ടി പൊക്കിക്കഴിഞ്ഞു. കഷ്ടിച്ചു നടക്കാനുള്ള വഴിയേ വിട്ടിട്ടുള്ളു.

നീലമലകൾ അണച്ചു തഴുകാൻ ഇനി കൈ നീട്ടുകയില്ല. ചെവിയിൽ സാന്ത്വനം മൊഴിയുകയില്ല.

പണക്കാരന്റെ വേലിക്കലെ കാറ്റാടികളുടെ പരിഭവത്തിലുള്ള മൂളൽ മാത്രമാണു് ഇപ്പോഴുള്ളതു്.

അവൾ പകുതി പണി തീർന്ന പുരത്തറയിൽ ചാരി നിന്നു. നനഞ്ഞു ശീലമില്ലാത്ത കണ്ണുകൾ പതുക്കെ പതുക്കെ നിറഞ്ഞു. മുത്തുമണികൾ, നീറിച്ചു കൊണ്ടു്—വേദനിപ്പിച്ചു കൊണ്ടു് അടർന്നു കവിളത്തുകൂടി ഉരുണ്ടു.

മുപ്പത്തിനാലു്

അപ്പോൾ ഇത്രയും കാലം വിചാരിച്ചിരുന്നതൊക്കെ വെറുതെയാണു്. കെട്ടാറി എന്നു വെച്ചിരുന്നതു ചാരം മൂടി കിടന്നിരുന്നേ ഉള്ളു എന്നോ? അനുകമ്പ, ആർദ്രത, കർത്തവ്യം—ഇതെല്ലാത്തിനേക്കാളും വലുതാണന്നോ ആ അഭിനിവേശം?

കിട്ടാത്തതുകൊണ്ടു വൈരാഗ്യം മാത്രമായിരുന്നെന്നോ ഇത്രയും നാൾ. കൈയെത്താത്തതിനുവേണ്ടി കരയുന്ന വെറും പെണ്ണു്.

ആവശ്യക്കാരൻ മുമ്പിൽ വന്നു നിന്നപ്പോൾ സമ്മതം ഭാവിച്ചു് ഒന്നു തല കുലുക്കാൻ കൂടി കഴിഞ്ഞില്ല. എന്താണു് ആ പാവം ചെയ്തിരിക്കുക? ഇനിയും വരുമോ—

അഞ്ചാറു ദിവസം അവൾ കാത്തിരുന്നു. കൊച്ചനിയൻ സ്കൂൾ വിട്ടു വരുമ്പോൾ എഴുത്തുണ്ടോ എന്നു നോക്കിയിരുന്നു, കുറച്ചു ദിവസം. ഇല്ല.

അനക്കമില്ല.

അത്ര അത്യാവശ്യമാണെങ്കിൽ ഒരിക്കൽകൂടി വരാതിരിയ്ക്കുമോ?

വരാൻ പ്രയാസമാണെങ്കിൽ എഴുതുകയെങ്കിലും ചെയ്തുകൂടെ? വേണ്ട, അത്രയ്ക്കേ ഉള്ളു.

എന്നാൽ അങ്ങിനെ തന്നെ ഇരിക്കട്ടെ. ഒരിയ്ക്കൽകൂടി ഒന്നു വരാൻ വയ്യെങ്കിൽ—

പതുക്കെ പതുക്കെ പഴയ ശൂന്യത തന്നെയായി ജീവിതത്തിൽ.

കോളേജു വിവരങ്ങൾ ഒക്കെയായി ഗോപുവിന്റെ നീണ്ട എഴുത്തുകൾ വരും. മുറയ്ക്കു ഇങ്ങനെ എഴുതുന്നതു് അവനു പതിവില്ലാത്തതാണു്. അവധിയ്ക്കുവന്നു തിരിച്ചുപോയ ഇടയ്ക്കു് ഒരെഴുത്തു വന്നു. അവിടത്തെ സ്കൂളിലെ മാനേജർ അവന്റെ പരിചയക്കാരനാണു്. സ്കൂളിൽ ഒരൊഴിവു വന്നിട്ടുണ്ടു്. അതു അവൾക്കു കൊടുക്കാൻ അയാൾ തയ്യാറാണു്. അവൾ പോകുമോ?

അന്നുതന്നെ മറുപടി എഴുതി: “എനിക്കു് യാതൊന്നും ചെയ്യാനുള്ള മനസ്ഥിതി ഇല്ല, അനിയാ. ശ്രമിച്ചുനോക്കാഞ്ഞിട്ടല്ല. വയ്യ. കുറച്ചുകൂടി സമയം തരൂ.” അങ്ങിനെ തീർന്നു ജോലിക്കാര്യം.

അമ്മുവിന്റെ ചേട്ടൻ ഒന്നു രണ്ടു് എഴുത്തയച്ചു, അവൾ മറുപടി എഴുതിയില്ല.

അവൾ വീട്ടിലുണ്ടെന്നു് അറിഞ്ഞതായിട്ടേ ഭാവിയ്ക്കാറില്ല അച്ഛൻ…

ചെട്ടിച്ച ്യാരുടെ മകളാണു് ഇപ്പോൾ അമ്മുച്ചെറിയമ്മയുടെ കൂടെ നിൽക്കുന്നതു്. അങ്ങിനെയാണു് ഒരു ദിവസം അറിഞ്ഞതു്, അപ്പേട്ടനു പിന്നെയും സുഖമില്ല.

എന്നും ചെട്ടിച്ച ്യാരു വന്നാൽ ആദ്യം അവൾ അന്വേഷിയ്ക്കുന്നതു സുഖക്കേടിന്റെ കാര്യമാണു്. കുറവുണ്ടോ?

ഒന്നും പറയാറായില്ല. കിടപ്പുതന്നെയാണു്.

ക്രിസ്തുമസ്സ് ആകാറായി. അപ്പേട്ടൻ എഴുന്നേറ്റിട്ടില്ല. എന്നും കാറയച്ചു കൊണ്ടുവരികയാണു് ഡോക്ടരെ ഇൻജെക്ഷൻ എടുക്കാൻ.

ഒരെഴുത്തയച്ചാലോ? ഒന്നു കാണാൻ പോയാലോ? ഇഷ്ടമാവുമോ?

മടിച്ചു മടിച്ചു ദിവസങ്ങൾ കഴിഞ്ഞു. ഒരു വെള്ളിയാഴ്ച സന്ധ്യയാവാറായി. അവൾ ഉമ്മറത്തു നില്ക്കുമ്പോൾ അമ്മുച്ചെറിയമ്മ എണ്ണയും തിരിയും ഒക്കെയായി കാവിലേക്കു പോകുന്നു.

കുറച്ചു കഴിഞ്ഞു് അവളും പിന്നാലെ ചെന്നു.

തിരിച്ചുപോരുമ്പോൾ കാണണം. വിവരം നേരിട്ടു ചോദിക്കാം. കാവിലേയ്ക്കുപോകാൻ കഴിയില്ല. വഴിക്കു നില്ക്കാം.

കുറെ അധികംനേരമായി.

അവസാനം അവർ വന്നു. തല മുഴുവൻ നരച്ചു. ഈ കൂനു് അവർക്കു പണ്ടേ ഉണ്ടായിരുന്നതാണോ?

കീഴ്പോട്ടുനോക്കിയാണു് നടക്കുന്നതു്. അടുത്തെത്തിയപ്പോഴേ കണ്ടുള്ളു അവളെ. അവൾ ഒന്നു ചിരിക്കാൻ ശ്രമിച്ചു.

“അപ്പേട്ടനു് എങ്ങിനെയിരിക്കുന്നു ചെറിയമ്മേ?”

“ഒരു കൊറവൂല്ല്യ”

“ഡോക്ടർ വരുന്നില്ലേ?”

“വരണൊക്കേണ്ടു്. മരുന്നുകഴിച്ചാലല്ലേ ദണ്ണം മാറൂള്ളു. ഒന്നും കൂടിക്കാൻ കൂട്ടാക്കില്ല്യ. ഇനി ഇതു മാറണതെന്തിനാന്നാ ചോദിക്ക്യ. എന്റെ തലേലെഴുത്തു്.”

“ഡോക്ടർ വന്നാൽ കാണാൻ സമ്മതിക്കില്ലേ?”

“കാണാനൊക്കെ സമ്മതിക്കും”

അവർ നിന്നില്ല. നടന്നുകൊണ്ടാണു പറഞ്ഞതു്. “വേണ്ടാന്നുപറയും ന്നാലും വന്നാൽ അയാളോടു് ഇങ്ങിനെയൊന്നും തൊടങ്ങില്ല്യ. പോയിക്കഴിഞ്ഞാൽപിന്നെ പറഞ്ഞതൊന്നും കേൾക്കില്ല്യ അത്രേള്ളു. ദിക്കുമാറി താമസിക്കാൻ അയാളു ശ്ശി പറഞ്ഞു. കൂട്ടാക്കേണ്ടെ. കഴിഞ്ഞകുറി ഉണ്ടായപ്പോൾ കോയമ്പത്തുരു പോയി താമസിച്ചിട്ടാ ഇത്ര വേഗം ഭേദമായതു്. അവിടെ കഴിയില്ലെങ്കിലും വേറെ സ്ഥലംണ്ടു് പോകാംന്നു് ഡോക്ടരു പറണതു് ആരു കേക്കാനാ? കെഴക്കെ കണ്ടം വാരർക്കു് പണയെഴുതി ഉറുപ്പിയേം കൂടിണ്ടാക്കിവെച്ചതാ ന്നാള്. പോവാംന്നു് പറഞ്ഞാൽ കൂട്ടാക്കില്ല്യ. ഒരു കൂട്ടം വർത്തമാനമാണു് എന്നോടു് എപ്പോഴും. അമ്മേടെ ഭാരൊഴിയട്ടെ എന്നൊക്കെയാ പറയ്അ.”

“എനിക്കു നിക്കാൻ നേരല്ല്യ അമ്മൂ. അവൻ അന്വേഷിക്കുന്നുണ്ടാവും അവിടെ. പോട്ടെ.”

പാലത്തിന്റെ അടുത്തെത്തിയിരുന്നു.

“നിയ്യെങ്ങടാ അമ്മൂ, ഈ സന്ധ്യയ്ക്ക്?”

“ചെറിയമ്മയുടെകൂടെ വരികയാണു്.”

“ഈ നേരല്ലാത്തനേരത്തോ? വേണ്ട അമ്മൂ. തിരിച്ചു കൊണ്ടുവന്നാക്കാനൊന്നും അവിടെ ആളില്ല്യലോ?”

“തിരിച്ചു കൊണ്ടുവന്നാക്കണ്ട.”

“അയ്യോ, നെന്റെച്ഛൻ ലഹളകൂട്ടും, രാത്രിയാവുമ്പോഴേയ്ക്കും തിരിച്ചെത്തിയില്ലെങ്കില്. ചോദിക്കാണ്ട പോന്നാൽ”

“ചോദിച്ചാൽ അച്ഛൻ സമ്മതിക്കില്ല. ചോദിക്കേണ്ട ആവശ്യമില്ല.”

“കാലത്തു് ഇങ്ങടു് വരുമ്പോ അച്ഛൻ ദ്വേഷ്യപ്പെടില്ലേ, അമ്മൂ”.

“കാലത്തു് തിരിച്ചുവരുന്നില്ല.”

“പിന്നെ എത്ര ദിവസാ താമസിക്ക്യാ”

“ചെറിയമ്മ കൊച്ചച്ഛന്റെ കൂടെ പോയില്ലേ?”

“അയ്യോ എന്റെ മോള് എന്താ പറയണതു്? അതൊക്കെ മോഹിച്ചിരുന്നതല്ലേ? യോഗല്ല്യ. അല്ലെങ്കിൽ അവനിപ്പോ ഇങ്ങിനെയൊരു ദണ്ണം വരണോ?”

“സുഖക്കേടു സാരമില്ല. മാറും.”

“മാറും. ന്നാലും നീയ്യ് ചെറുപ്പമാണ്.”

“ചെറിയമ്മേ ഞാൻകൂടെ ചെല്ലാമെന്നു പറഞ്ഞാൽ അപ്പേട്ടൻ കോയമ്പത്തൂർക്കോ വേറെ എവിടെയെങ്കിലുമോ വരും. വരുമെന്നാണു് എനിക്കു തോന്നുന്നതു്. അപ്പോൾ—”

“എന്നാലും നീയും എന്റെ കുട്ടിതന്നെയാണു്. നീയ്യിങ്ങിനെ—”

“അപ്പേട്ടനു സമ്മതമാണു്. ചെറിയമ്മയ്ക്കു വിരോധമാണെങ്കിൽ”

“എനിക്കു വിരോധോ—”

“എന്നാൽ ശരി. നടക്കു. നമുക്കു പോകാം.”

“—”

“ചെറിയമ്മ വരു.”

അവൾ വരമ്പത്തേയ്ക്കിറങ്ങി നടന്നു.

ടി. എ. രാജലക്ഷ്മി
images/Rajalakshmi.jpg

ജനനം: ജൂൺ 2, 1930

മരണം: ജനുവരി 18, 1965

പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.

ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.

ജീവിതരേഖ

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.

1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ.

പൈതൃകവും ബഹുമതികളും

മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.

കൃതികൾ
നോവലുകൾ
  • ഒരു വഴിയും കുറേ നിഴലുകളും
  • ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
  • ഞാനെന്ന ഭാവം
കഥകൾ
  • രാജലക്ഷ്മിയുടെ കഥകൾ
  • സുന്ദരിയും കൂട്ടുകാരും
  • മകൾ
  • ആത്മഹത്യ
കവിതകൾ

കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.

Colophon

Title: Oru Vazhiyum Kure Nizhalukalum (ml: ഒരു വഴിയും കുറെ നിഴലുകളും).

Author(s): T. A. Rajalakshmi.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Story, T. A. Rajalakshmi, Oru Vazhiyum Kure Nizhalukalum, ടി. എ. രാജലക്ഷ്മി, ഒരു വഴിയും കുറെ നിഴലുകളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 21, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Little Girl in Blue, a painting by Amedeo Modigliani (1884–1920). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.