അഞ്ചു കൊല്ലത്തിലൊരിക്കൽ നടക്കുന്ന മാമാങ്കമാണു് നിയമസഭാ തെരഞ്ഞെടുപ്പു്. നാടൊട്ടുക്കു് കൊടിതോരണങ്ങൾ. കാതടപ്പിക്കുന്ന മൈക്ക് അനൗൺസ്മെന്റ്, മദ്യത്തിന്റെ ലഹരിക്കൊപ്പം ഉയരുന്ന പ്രവർത്തകരുടെ ആവേശം. ജാഥകൾ തീരെയില്ലാതായിരിക്കുന്നു. കലാസ്നേഹികളായ നാട്ടുകാരധികവും വിഡ്ഢിപ്പെട്ടിയുടെ മുന്നിലായതുകൊണ്ടു് കവല പ്രസംഗകർക്കു് ശ്രോതാക്കൾ കുറവാണു്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ എല്ലാവരും മുഴുവൻ സമയ രാഷ്ട്രീയക്കാരോ കേസില്ലാ വക്കീലന്മാരോ ആയിരിക്കണമെന്നു് നിർബന്ധമില്ല. ഇടക്കും തലക്കുമൊക്കെ പത്രപ്രവർത്തകർ, സാഹിത്യകാരന്മാർ, സിനിമാനടന്മാർ എന്നിവർക്കും സീറ്റുകിട്ടാറുണ്ടു്. പുന്നപ്ര സമരനായകൻ നയിക്കുന്ന മുന്നണിയിലാണെങ്കിൽ ഒരു കത്തനാരുവരെ സ്ഥാനാർത്ഥിയായിട്ടുണ്ടു്.

ബ്യൂറോക്രാറ്റുകൾ ഉടുപ്പുമാറി രാഷ്ട്രീയത്തിലിറങ്ങുന്നതിലും പുതുമയൊന്നുമില്ല. മുൻ ഐ. എഫ്. എസുകാരനായ കെ. ആർ. നാരായണന്റെ യും മുൻ ഐ. എ. എസുകാരനായ എസ്. കൃഷ്ണകുമാറിന്റെ യും ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ടു്. വടക്കേ ഇന്ത്യയിലൊക്കെ സിവിൽ സർവീസുകാരോടു് മൽസരിച്ചു് മിലിറ്ററി സർവീസുകാരും രാഷ്ട്രീയത്തിൽ പയറ്റുന്നുണ്ടു്—ജസ്വന്ത്സിംഗും ഖണ്ഡൂരിയും അറോറയുമൊക്കെ ഉദാഹരണങ്ങൾ.
ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പു കമീഷണർ തന്നെ ഉദ്യോഗം രാജിവെച്ചു് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അസാരം പന്തികേടുണ്ടു്. മത്സരത്തിന്റെ ആവേശത്തിൽ റഫറി കയറി ഗോളടിക്കുന്നതുപോലെ.

ഇക്കഴിഞ്ഞ പഞ്ചായത്തു് തെരഞ്ഞെടുപ്പിന്റെ മുഖ്യ സംഘാടകനായിരുന്നു എം. എസ്. ജോസഫ്. നിഷ്പക്ഷമായും നീതിയുക്തമായുമാണു് തെരഞ്ഞെടുപ്പു് നടത്തിയതു് എന്നാണു് ജോസഫിന്റെ അവകാശവാദം. എന്നാൽ വാർഡുകളുടെ അതിർത്തി നിർണയം സംബന്ധിച്ചും വോട്ടർപട്ടികയിൽ പേരു് ചേർക്കുന്നതിനെപ്പറ്റിയും ആക്ഷേപങ്ങൾ ഉണ്ടായി. പരാതിക്കാർ മിക്കവരും ഐക്യജനാധിപത്യ മുന്നണിക്കാരായിരുന്നു. ഇടതുമുന്നണിയെ സഹായിക്കത്തക്കവിധമാണു് വാർഡുകളുടെ അതിർത്തി നിശ്ചയിച്ചതു് എന്നായിരുന്നു പ്രധാന പരാതി. ഇതുസംബന്ധിച്ചു് ഹൈക്കോടതിയിൽ ഹർജികളുണ്ടായി. പല പഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പു് കമ്മീഷനെതിരായി നിശിതമായ പരാമർശങ്ങൾ നടത്തിക്കൊണ്ടു് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജികൾ അനുവദിച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാറും തെരഞ്ഞെടുപ്പു കമ്മിഷനും സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പു് നടപടികൾ ആരംഭിച്ചശേഷം കോടതി ഇടപെടരുതു് എന്ന തടസ്സവാദം അംഗീകരിച്ചുകൊണ്ടു് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. സ്റ്റേ ഉത്തരവിന്റെ ബലത്തിലാണു് മലപ്പുറം ജില്ലാ പഞ്ചായത്ത് അടക്കമുള്ള ഇടങ്ങളിൽ തെരഞ്ഞെടുപ്പു് നടന്നതു്.

ഉദ്ദിഷ്ടകാര്യ സാധ്യത്തിനു് ഉപകാരസ്മരണയായിട്ടാണു് ഇപ്പോൾ ജോസഫിനു് അസംബ്ലി സീറ്റ് നൽകിയതു് എന്നു് ഐക്യമുന്നണിക്കാർ ആരോപിക്കുന്നു. ആളും അർത്ഥവുമില്ലാത്ത ജനതാദളിന്റെ (സെക്യുലർ) സ്ഥാനാർത്ഥിയായിട്ടാണു് മത്സരിക്കുന്നതെങ്കിലും ഈ ആരോപണം പ്രസക്തമാണു്. മാർക്സിസ്റ്റ് സ്ഥാനാർത്ഥിയായിരുന്നെങ്കിൽ പ്രശ്നം ഗുരുതരമായേനെ.

സിറ്റിങ് എം. എൽ. എ.-യെ മാറ്റിനിർത്തിയിട്ടാണു് തെരഞ്ഞെടുപ്പു് കമീഷണറെ മത്സരിപ്പിക്കുന്നതു് എന്നതും ശ്രദ്ധേയമാണു്. ‘നീല’ ലോഹിതദാസൻ നാടാർക്കു് സീറ്റുണ്ടു്, സുലൈമാൻ റാവുത്തർക്കു് സീറ്റില്ല. സ്ത്രീ പീഡനംപോലെയാണോ അച്ചടക്കലംഘനം? പാർട്ടി വിരുദ്ധ പ്രവർത്തനം അനുവദിക്കില്ല എന്നാണു് വീരേന്ദ്രകുമാറി ന്റെ വീരസ്യം. പാർട്ടിയിലെ അംഗമല്ലാത്തവരെ മത്സരിപ്പിച്ചാൽ പാർട്ടിവിരുദ്ധരെ പേടിക്കണ്ട.

ടി. എൻ. ശേഷൻ ഗാന്ധിനഗറിൽ മത്സരിച്ചപ്പോൾ കോൺഗ്രസുകാർക്കു് ധാർമികരോഷം ഉണ്ടാകാത്തതെന്താണെന്നു് വീരേന്ദ്രകുമാറിനു് ചോദിക്കാം. സുപ്രീംകോടതി ജഡ്ജിയായിരുന്ന ബെഹറുൾ ഇസ്ലാം രാജിവെച്ചു് (1982) കോൺഗ്രസ് ടിക്കറ്റിൽ ആസാം നിയമസഭയിലേക്കു് മത്സരിച്ചതും കുത്തിപ്പൊക്കാവുന്നതാണു്. രാജീവ്ഗാന്ധി യുടെ കാലത്തു് കേന്ദ്രമന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കിയ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ടി. എൻ. ചതുർവേദി യെ ലോക് സഭയിലേക്കു് നിർത്തി വിജയിപ്പിച്ചതാരാണു് എന്നു് ബി. ജെ. പി.ക്കാരോടും ചോദിക്കാം.

എം. എസ്. ജോസഫിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സംഗതി അദ്ദേഹം പട്ടിക വർഗത്തിൽപ്പെട്ട മലയരയ സമുദായക്കാരനാണു് എന്നതത്രെ. മേലുകാവിലും മറ്റുമുള്ള പട്ടികവർഗക്കാരുടെ വോട്ടിൽ കണ്ണുനട്ടാണു് അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയിരിക്കുന്നതു്.

പട്ടികജാതി/വർഗക്കാരെ സംവരണ മണ്ഡലങ്ങളിൽ മാത്രം സ്ഥാനാർത്ഥികളാക്കുന്നതാണു് ആർഷഭാരത പാരമ്പര്യം. പ്രബുദ്ധ കേരളവും ഈ പൊതുനിയമത്തിനു് അപവാദമല്ല. പുലയനു് മത്സരിക്കാൻ സംവരണ സീറ്റ്. ഭരിക്കാൻ പട്ടികജാതി വകുപ്പു് എന്ന സനാതന മന്ത്രമാണു് വിപ്ലവ പാർട്ടികൾവരെ ഉരുക്കഴിക്കുന്നതു്. 1982–87 കാലത്തു് കെ. കരുണാകരൻ പട്ടികജാതി ക്ഷേമവകുപ്പു് നേരിട്ടു് ഭരിച്ചതും പി. കെ. വേലായുധനെ ട്രാൻസ്പോർട്ട് വകുപ്പുമന്ത്രിയാക്കിയതുമാണു് ഒരേയൊരു അപവാദം.

പട്ടികജാതിക്കാരനെ പൊതുസീറ്റിൽ നിർത്താനുള്ള ചങ്കൂറ്റം വില്ലാളി വീരനായ കരുണാകരനു പോലുമുണ്ടായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം അപ്രകാരമൊരു സാഹസത്തിനൊരുങ്ങിയ ഏക പാർട്ടി സി. പി. ഐ. ആയിരുന്നു. 1967-ൽ അന്നത്തെ സപ്തകക്ഷി മുന്നണി സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ സി. പി. ഐ. മത്സരിപ്പിച്ചതു് മുൻ മന്ത്രികൂടിയായിരുന്ന പി. കെ. ചാത്തൻ മാസ്റ്ററെ യായിരുന്നു. തറവാടികളായ നായന്മാരും പ്രമാണികളായ നസ്രാണികളും ഏറെയുള്ള ചാലക്കുടിയിൽ കേവലം ഒരു ചാത്തനെ സ്ഥാനാർത്ഥിയാക്കാമോ എന്ന വിവരമുള്ള സഖാക്കൾ അന്നു് സംശയം പ്രകടിപ്പിക്കാതിരുന്നില്ല. എന്നാൽ, അച്യുതമേനോനു് ഒരേനിർബന്ധം—ചാലക്കുടിയിൽ ചാത്തൻ മതി. അച്യുതമേനോന്റെ ശുഭാപ്തി വിശ്വാസത്തിനു് വോട്ടെണ്ണൽവരെയേ ആയുസ്സുണ്ടായുള്ളൂ. വോട്ടെണ്ണിത്തീർന്നപ്പോൾ ചാത്തൻ മാസ്റ്റർക്കു് കിട്ടിയതു് 23109. കോൺഗ്രസിലെ പി. പി. ജോർജിനു് 27,568. ഭൂരിപക്ഷം 3461 വോട്ട്. സംസ്ഥാനത്തു് അങ്ങോളമിങ്ങോളം ചെങ്കൊടിപാറിയ ആ തെരഞ്ഞെടുപ്പിൽ ജയിച്ച ഒമ്പതു കോൺഗ്രസുകാരിൽ ഒരാൾ ജോർജായിരുന്നു. ഏതായാലും അതോടെ സി. പി. ഐ.-ക്കു് വിവേകം ഉണ്ടായി. ഇരിങ്ങാലക്കുടക്കടുത്തു് മാടായിക്കോണത്തുകാരനായിരുന്ന സഖാവു് ചാത്തൻ മാസ്റ്റർ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സംവരണ സീറ്റിലാണു് 1970-ലും 1977-ലും മത്സരിച്ചു ജയിച്ചതു്.

ലോകസഭയിലേക്കു് ഇത്തരമൊരു പരീക്ഷണം നടത്തി വിജയിച്ചതു് സാക്ഷാൽ എ. കെ. ആന്റണി യാണു്. 1980-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ പട്ടികജാതിക്കാരനായ കെ. കുഞ്ഞമ്പു വിനെ നിർത്തി. തിരു-കൊച്ചിയോളം ജാതിചിന്തയില്ല മലബാറിൽ എന്നതുകൊണ്ടും അന്നത്തെ ഇടതു-ജനാധിപത്യമുന്നണിയുടെ പ്രാബല്യംകൊണ്ടും കുഞ്ഞമ്പു വിജയിച്ചു.

മാർതോമാശ്ലീഹയുടെ പാരമ്പര്യം അവകാശപ്പെടുന്ന, നമ്പൂതിരിമാരിൽനിന്നു് നേരിട്ടു് പരിവർത്തനം ചെയ്ത, നല്ല സുറിയാനി ക്രിസ്ത്യാനികൾ ഏറെയുണ്ടു് ഇടുക്കി നിയോജകമണ്ഡലത്തിൽ. കരയോഗം നായന്മാരും കുറവല്ല. സഖാവു് ചാത്തൻ മാസ്റ്ററുടെ വിധിയാകുമോ ജോസഫിനെ കാത്തിരിക്കുന്നതു്? വിമോചന സമരകാലത്തു് ഇടുക്കിയിലെ മലമടക്കുകളിൽ പ്രതിധ്വനിച്ച മുദ്രാവാക്യം “ചാത്തൻ പൂട്ടാൻ പോകട്ടെ, ചാക്കോ നാടുഭരിക്കട്ടെ” എന്നായിരുന്നുവല്ലോ?

ഏതായാലും എം. എസ്. ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ വടക്കേ വയനാടു് (പട്ടിക വർഗ സംവരണം) സീറ്റ് തെരഞ്ഞെടുക്കാതിരുന്നതിനു് അച്യുതാനന്ദനോടും വീരേന്ദ്രകുമാറിനോടും നമ്മൾ നന്ദിയുള്ളവരായിരിക്കണം.

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.