images/Vincent_van_GoghBauerin.jpg
A peasant woman digging, a painting by Vincent van Gogh (1853–1890).
ഗുജറാത്ത് ബംഗാളാകുമോ?
കെ. രാജേശ്വരി
images/Indira_Gandhi.jpg
ഇന്ദിരാഗാന്ധി

അഞ്ചു വർഷം ഭരിച്ച പാർട്ടി/മുന്നണി അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കണം; പ്രതിപക്ഷം അധികാരത്തിലേറണം: 1967 മുതൽ സംസ്ഥാനങ്ങളിലും 1977 മുതൽ കേന്ദ്രത്തിലും ഇതാണു് സാമാന്യ നിയമം. 1984-ൽ ഇന്ദിരാഗാന്ധി യുടെ വധത്തെത്തുടർന്നു് വീശിയടിച്ച സഹതാപതരംഗത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതും 1999-ലെ കാർഗിൽ തരംഗത്തിൽ ദേശീയ ജനാധിപത്യ സഖ്യം കൂടിയ ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയതുമാണു് കേന്ദ്രത്തിൽ കണ്ട രണ്ടു് അപവാദങ്ങൾ. സഹതാപതരംഗത്തിനു പിന്നാലെ 1985-ൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൾ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നതാണു് അഖിലേന്ത്യാ വ്യാപകമായി അനുഭവപ്പെട്ട മറ്റൊരു അപവാദം.

images/Karunanidhi.jpg
കരുണാനിധി

സംസ്ഥാനങ്ങളിൽ ഭരണകക്ഷി തെരഞ്ഞെടുപ്പു് ജയിച്ചു് അധികാരത്തിൽ തിരിച്ചെത്തൽ അപൂർവമാണു്. എം. ജി. ആർ. ജീവിച്ചിരുന്ന കാലത്തോളം തമിഴ്‌നാട്ടിൽ മറ്റൊരു കക്ഷിക്കും ഭൂരിപക്ഷം കിട്ടിയിരുന്നില്ല. ഏഴൈതോഴന്റെ കണ്ണടഞ്ഞതും അണ്ണാ ഡി. എം. കെ. അധികാരഭ്രഷ്ടമായി. പിന്നെ, കരുണാനിധി യും ജയലളിത യും മാറി മാറി ജയിക്കാൻ തുടങ്ങി. ബീഹാറിൽ ലാലു-റാബ്റി ഭരണം 15 കൊല്ലത്തോളം നീണ്ടു. മൂന്നാം തവണ വളരെ വിഷമിച്ചും കോൺഗ്രസ് പിന്തുണയോടെയുമാണു് മന്ത്രിസഭയുണ്ടാക്കിയതു്. ഒടുവിൽ ആർ. ജെ. ഡി.-യും തോറ്റു; ജെ. ഡി. (യു)-ബി. ജെ. പി. സഖ്യം ബീഹാർ പിടിച്ചു.

images/Digvijaya_Singh.jpg
ദിഗ്വിജയസിംഗ്

രണ്ടാം തവണ അധികാരമേറിയവർ ചുരുക്കമായെങ്കിലും ഉണ്ടു്. 1998-ൽ ദിഗ്വിജയസിംഗ് മധ്യപ്രദേശിലും 1999 ചന്ദ്രബാബു നായിഡു ആന്ധ്രയിലും 2003-ൽ ഷീലാദീക്ഷിത് ദൽഹിയിലും 2004-ൽ നവീൻ പട്നായിക് ഒറീസയിലും 2006-ൽ തരുൺ ഗൊഗോയ് ആസാമിലും ഈ നേട്ടം കൈവരിച്ചവരാണു്. 2004-ൽ അധികാരത്തിൽ തിരിച്ചെത്തിയ മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻ. സി. പി. സഖ്യത്തെ കൂടി ഈ പട്ടികയിൽ ചേർക്കാം—അവരുടെ ഭൂരിപക്ഷം തീരേ നേർത്തതാണെങ്കിൽക്കൂടി.

images/J_Jayalalithaa.jpg
ജയലളിത

മേൽ പ്രസ്താവിച്ച സാമാന്യനിയമത്തിനുള്ള ഏറ്റവും വലിയ അപവാദം പശ്ചിമബംഗാൾ ആകുന്നു. 1967-ലാണു് ബംഗാളിൽ ആദ്യമായി കോൺഗ്രസിതര സർക്കാറുണ്ടായതു്. 1972-ൽ കനത്ത ഭൂരിപക്ഷത്തോടെ കോൺഗ്രസ് തിരിച്ചുവന്നു. 1977-ൽ കോൺഗ്രസ് കടപുഴകി, ഇടതുമുന്നണി ബംഗാൾ കീഴടക്കി. അവിടെവെച്ചു് സാമാന്യനിയമത്തിന്റെ പണിതീർന്നു. പിന്നീടുനടന്ന ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് നിലംതൊട്ടിട്ടില്ല. റൈറ്റേഴ്സ് ബിൽഡിംഗിനു് മുകളിൽ മുപ്പതാണ്ടിനു ശേഷവും ചെങ്കൊടി പാറുന്നു.

images/Chandrababu_Naidu.jpg
ചന്ദ്രബാബു നായിഡു

കേരളം ബംഗാളാകണം എന്നാണു് നമ്മുടെ നാട്ടിലെ സഖാക്കളുടെ ഏറ്റവും വലിയ മോഹം. ഹജൂർ കച്ചേരിയുടെ മുകളിൽ എന്നേക്കും ചെങ്കൊടി പാറണം, കൽപാന്തകാലം ഇടതുഭരണം നിലനിൽക്കണം, കള്ളവുമില്ല ചതിവുമില്ലാത്ത കാലം, സാക്ഷാൽ മാവേലി നാടുവാണപോലൊരുകാലം. എന്തു ചെയ്യാം? അതൊരിക്കലും പ്രാവർത്തികമായില്ല. ഏറമ്പാല കൃഷ്ണൻ നായനാർ ജ്യോതി ബസു അല്ലാത്തതു കൊണ്ടാകാം, ഇവിടത്തെ വോട്ടർമാർക്കു് വിവരമില്ലാത്തതുകൊണ്ടുമാകാം. 1991-ൽ കേരളം ബംഗാളിന്റെ വക്കു വരെയെത്തിയതാണു്. കാലാവധി തികയുംമുമ്പു് നിയമസഭ പിരിച്ചുവിട്ടതു് വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുവരാമെന്ന വീശ്വാസത്തോടെയാണു്. തൊണ്ടിക്കായ് പഴുത്തപ്പോൾ കാക്കക്കു് വായ്പ്പുണ്ണായി. ശ്രീപെരുമ്പത്തൂരിൽ ബോംബുപൊട്ടി രാജീവ്ഗാന്ധി മരിച്ചു, കേരള നാട്ടിൽ സഹതാപരംഗമുണ്ടായി യൂ. ഡി. എഫ്. ജയിച്ചു. അതിനുശേഷം യാതൊരു പ്രശ്നവുമില്ല. ഇത്തവണ ഇടതുമുന്നണിയെങ്കിൽ അടുത്ത തവണ വലതുമുന്നണി, അതിനടുത്ത തവണ വീണ്ടും ഇടതുമുന്നണി…

images/Jyoti_Basu.png
ജ്യോതി ബസു

കേരളം ബംഗാളാക്കും എന്നൊരു ഭീഷണി അച്യുതാനന്ദനും പിണറായി വിജയനും മാറി മാറി മുഴക്കുന്നുണ്ടു്. അതു് മലർപ്പൊടിക്കാരന്റെ മധുരക്കിനാവു മാത്രമാണെന്നു് അവർക്കറിയാം; നമുക്കറിയാം. 2011 ആകാൻ കാത്തുനിൽക്കുകയാണു് പൊതുജനം-പുതുപ്പള്ളി കുഞ്ഞൂഞ്ഞി നെയും പാണ്ടിക്കടവത്തു് കുഞ്ഞാപ്പ യെയും തിരികെക്കൊണ്ടുവരാൻ.

images/Ek_nayanar.jpg
നായനാർ

ബംഗാളിന്റെ വിപരീതപദമാണു് ഗുജറാത്ത്. ബംഗാൾ ഇന്ത്യാ രാജ്യത്തിന്റെ കിഴക്കുഭാഗത്താണെങ്കിൽ ഗുജറാത്ത് പടിഞ്ഞാറേ അറ്റത്താണു്. ബംഗാൾ കാർഷിക പ്രധാനം; ഗുജറാത്ത് വ്യവസായ പുരോഗതിക്കു് കേൾവികേട്ട സംസ്ഥാനം. ബംഗാൾ ഭരിക്കുന്നതു് പുരോഗമനത്തിന്റെ ഹെഡോഫീസായ മാർൿസിസ്റ്റു പാർട്ടി; ഗുജറാത്ത് ഭരിക്കുന്നതു് പരമപിന്തിരിപ്പന്മാരായ ഭാരതീയജനതാപാർട്ടി. വംഗനായകൻ ബുദ്ധദേവ് ബ്രാഹ്മണൻ മിനുക്കുവേഷം. ഗുജറാത്തു സിംഹം നരേന്ദ്രമോഡി പിന്നാക്കസമുദായം കത്തിവേഷം.

images/Sheila_Dikshit_Ji.jpg
ഷീലാദീക്ഷിത്

സമകാലിക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തെറിയാണു് ‘ഗുജറാത്താകൽ’. സംഘടിത ഭൂരിപക്ഷം അസംഘടിത ന്യൂനപക്ഷത്തെ, സ്റ്റേറ്റിന്റെ സഹായസഹകരണങ്ങളോടെ ഉന്മൂലനം ചെയ്യുക എന്നാണു് ഈ അശ്ലീലപദത്തിന്റെ ഏകദേശ അർത്ഥം. നന്ദിഗ്രാമിലെ അക്രമസംഭവങ്ങളോടെ ബംഗാൾ തന്നെയും ഗുജറാത്താകുന്നു എന്നാണു് ദോഷൈകദൃക്കുകൾ പറയുന്നതു്.

കുടിലുകൊട്ടാരമാകാനുയരുന്നു

കടലിരമ്പുന്നു, കൈത്തോട്ടിലെത്തുവാൻ

എന്ന കവിവചനത്തെ സർവധാ സാധൂകരിച്ചുകൊണ്ടു് ബംഗാൾ ഗുജറാത്തായി മാറുമ്പോൾ, ഗുജറാത്ത് ബംഗാളാകാൻ തയാറെടുക്കുന്നു!

images/Rajiv_Gandhi.jpg
രാജീവ്ഗാന്ധി

മോഹൻദാസ് ഗാന്ധി, വല്ലഭായി പട്ടേൽ, മൊറാർജി ദേശായി മുതലായ ഗഡാഗഡിയന്മാരായ അഹിംസാവാദികളുടെ മാതൃ സംസ്ഥാനമാണു് ഗുജറാത്ത്. ഒരു കാലത്തു് ഗിർവനത്തിലെ സിംഹങ്ങൾകൂടിയും അഹിംസാവാദികളും ശുഭ്ര ഖദർധാരികളുമായിരുന്നു. 1967-ലെ കൊടുങ്കാറ്റിൽ കോൺഗ്രസ് കോട്ടകൾ പലതും നിലംപതിച്ചപ്പോൾ ഹിതേന്ദ്ര ദേശായി എന്നൊരു പുമാനായിരുന്നു മുഖ്യമന്ത്രി. 1969-ൽ കോൺഗ്രസു പിളർന്നപ്പോൾ ഹിതേന്ദ്രനും ഭൂരിപക്ഷം എമ്മെല്ലെമാരും മൊറാർജി ഭായിക്കൊപ്പം സംഘടനാ പക്ഷത്തുനിന്നു. 1971-ലെ ലോൿസഭാ തെരഞ്ഞെടുപ്പിൽ സംഘടനാ കോൺഗ്രസ് നിലംപരിശായി. പിന്നാലെ മന്ത്രിസഭയും മൂക്കുകുത്തി.

images/V_S_Achuthanandan.jpg
അച്യുതാനന്ദൻ

1972-ൽ ഇന്ദിരാ കോൺഗ്രസ് തൂത്തുവാരി. ഘനശ്യാം ഓസ മുഖ്യമന്ത്രിയായി. ഒന്നരക്കൊല്ലത്തിനകം ഘനശ്യാമനെ ഇന്ദിരാജിക്കു് കണ്ടുകൂടാതായി. ചിമൻഭായി പട്ടേൽ പകരക്കാരനായി വന്നു. ചിമൻജി മൊത്തം ഗുജറാത്തുകാരെയും വെറുപ്പിച്ചു. വലിയ പ്രക്ഷോഭത്തിനൊടുവിൽ അദ്ദേഹം രാജിവെച്ചുപോകേണ്ടതായിവന്നു.

images/NaveenPatnaik.jpg
നവീൻ പട്നായിക്

1975 ജൂണിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ സംഘടനാ കോൺഗ്രസ്, ജനസംഘം, സ്വതന്ത്ര സോഷ്യലിസ്റ്റ് പാർട്ടികൾ ജനതാ മുന്നണി രൂപവത്കരിച്ചു് ഇന്ദിരാ കോൺഗ്രസിനോടു് എതിരിട്ടു. അവർക്കു് കേവല ഭൂരിപക്ഷം ലഭിച്ചില്ല. എങ്കിലും കക്ഷിരഹിതരെ ചാക്കിട്ടു് മന്ത്രിസഭയുണ്ടാക്കി. ബാബുഭായി പട്ടേൽ മുഖ്യമന്ത്രിയായി. തൊട്ടുപിന്നാലെ അടിയന്തിരാവസ്ഥ വന്നു. ഒമ്പതുമാസമേ കോൺഗ്രസിതര മന്ത്രിസഭ നിലനിന്നുള്ളു. ബാബുഭായിയെ അട്ടിമറിച്ചു് ഇന്ദിര മാധവ്സിംഗ് സോളങ്കി യെ മുഖ്യമന്ത്രിയാക്കി. 1977-ൽ ഇന്ദിരയും പോയി, സോളങ്കിയും പോയി. ബാബുഭായി പട്ടേൽ വീണ്ടും ഗുജറാത്ത് മുഖ്യനായി.

images/Tarun_Gogoi.jpg
തരുൺ ഗൊഗോയ്

1980-ൽ സാമാന്യനിയമത്തെ സാധൂകരിച്ചുകൊണ്ടു് കോൺഗ്രസ് തരംഗം. മാധവ് സിംഗ് സോളങ്കി വീണ്ടും മുഖ്യമന്ത്രി. 1985-ൽ സാമാന്യ നിയമത്തെ ഉല്ലംഘിച്ചു് വടക്കേന്ത്യയിലെമ്പാടും വീണ്ടും കോൺഗ്രസ് തരംഗമുണ്ടായി. അമർസിംഗ് ചൗധരി മുഖ്യമന്ത്രിയായി. 1989-ൽ രാജീവ് ഗാന്ധി ക്കു് തിരുവുള്ളക്കേടുണ്ടായി. അമർസിംഗിന്റെ കസേരപോയി. വീണ്ടും സോളങ്കി അമരക്കാരനായി.

images/P_K_Kunhalikutty.jpg
കുഞ്ഞാപ്പ

1989 നവംബറിൽ കേന്ദ്രത്തിലെ രാജീവ് വാഴ്ച അവസാനിച്ചു. 1990 ഫെബ്രുവരി അവസാനം നിയമസഭാ തെരഞ്ഞെടുപ്പുനടന്നു. കോൺഗ്രസ് തകർന്നടിഞ്ഞു. ജനതാദൾ-ബി. ജെ. പി. സഖ്യത്തിനു് വൻ ഭൂരിപക്ഷം കിട്ടി. ചിമൻഭായി പട്ടേൽ ജനതാദൾ ബാനറിൽ വീണ്ടും മുഖ്യമന്ത്രിയായി. 1990 മാർച്ച് 4-നു് ഗുജറാത്തിന്റെ ചരിത്രത്തിൽ ഒരു യുഗം അവസാനിച്ചു. മോഹൻദാസ് ഗാന്ധി യിൽ ആരംഭിച്ചു് മാധവ് സിംഗ് സോളങ്കി യിൽ അസ്തമിച്ച കോൺഗ്രസ് യുഗം.

images/PinarayiVijayan.jpg
പിണറായി വിജയൻ

ജനതാദൾ-ബി. ജെ. പി. സഖ്യം ഒരു വർഷംപോലും നീണ്ടുനിന്നില്ല. സോമനാഥിൽ നിന്നാരംഭിച്ച അദ്വാൻജി യുടെ രഥയാത്ര ബീഹാറിലെ സമസ്തപൂരിൽ തടയപ്പെട്ടപ്പോൾ ബി. ജെ. പി. കേന്ദ്രസർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. പിന്നാലെ ഗുജറാത്ത് സർക്കാറിൽനിന്നും പിന്മാറി. ചിമൻഭായ് ആളുകേമനായിരുന്നതുകൊണ്ടു് മന്ത്രിസഭ 1994 ഫെബ്രുവരിവരെ നിലനിന്നു. ചിമൻജിയുടെ പകരക്കാരനായി ഛബിൽദാസ് മേത്ത വന്നു.

1995 മാർച്ചിൽ വീണ്ടും തെരഞ്ഞെടുപ്പു് വന്നു. കോൺഗ്രസ് പൊളിഞ്ഞുപാളീസായി. ജനതാദളിന്റെ പൊടിപോലുമില്ല, കണ്ടുപിടിക്കാൻ. ബി. ജെ. പി.-ക്കു് വൻഭൂരിപക്ഷം കിട്ടി, കേശുഭായി പട്ടേൽ ഗുജറാത്ത് മുഖ്യൻ. ആറു മാസത്തിനകം പാർട്ടിയിൽ ഉരുൾപൊട്ടി. ശങ്കർസിംഗ് വഗേല കലാപക്കൊടിയുയർത്തി. കേന്ദ്ര നേതൃത്വം ഇടപെട്ടു് കേശുഭായിയെ മാറ്റി. സുരേഷ്മേത്ത ഒത്തുതീർപ്പു് മുഖ്യമന്ത്രി. കേശുഭായിയെ വകവെക്കാത്തവരുണ്ടോ പാവം മേത്തയെ ഗൗനിക്കുന്നു? വഗേലയും കൂട്ടരും പാലം വലിച്ചു് മന്ത്രിസഭ പൊളിച്ചു. കുറഞ്ഞൊരു കാലം രാഷ്ട്രപതിഭരണം, പിന്നെ ശങ്കർസിംഗ് വഗേല യുടെ തട്ടിക്കൂട്ടു് മന്ത്രിസഭ. ആ മന്ത്രിസഭയും കാലാവധി തികച്ചില്ല.

images/Narendra_Modi.jpg
നരേന്ദ്രമോഡി

1998 മാർച്ചിൽ വീണ്ടും തെരഞ്ഞെടുപ്പു്. കോൺഗ്രസും ബി. ജെ. പി. വിമതരും പാടേ പരാജിതരായി. ഗുജറാത്തിൽ കാവിതരംഗം. കേശുഭായി വീണ്ടും മുഖ്യമന്ത്രി. 1996-ലും 98-ലും 99-ലും നടന്ന ലോൿസഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിൽ ബി. ജെ. പി. വൻവിജയം നേടി. 26-ൽ അഞ്ചോ ആറോ സ്ഥാനമേ കോൺഗ്രസിനു് കിട്ടിയുള്ളു. അതും പട്ടിക ജാതി/വർഗ സംവരണ സീറ്റുകൾ. ഹിമാചൽ, ദൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയേക്കാൾ ശക്തമായ ബി. ജെ. പി. കോട്ടയായി ഗുജറാത്ത് വിലയിരുത്തപ്പെട്ടു. ഗാന്ധിനഗർ അദ്വാനിയുടെ സ്ഥിരം മണ്ഡലവുമായി.

images/Keshubhai_Patel.jpg
കേശുഭായി പട്ടേൽ

കേശുഭായിയുടെ ഭരണം നാൾക്കുനാൾ വഷളായി. പാർട്ടിയിൽ വിമതശല്യം മൂർച്ഛിച്ചു. ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത്/മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലുമൊക്കെ ഭരണകക്ഷിക്കു് തിരിച്ചടിയേറ്റു. കേശുഭായിയെ പറഞ്ഞുവിടുകയല്ലാതെ കേന്ദ്ര നേതൃത്വത്തിനു് വഴിയില്ലാതായി. നരേന്ദ്രമോഡി പകരക്കാരനായി 2001 ഒൿടോബർ 7-നു് സത്യവാചകം ചൊല്ലി.

images/Sardar_patel.jpg
വല്ലഭായി പട്ടേൽ

മോഡിജി വലതുകാൽ വെച്ചു് കയറിയതിനു് പിന്നാലെ ഗോധ്രയിൽ ട്രെയിൻ ട്രാജഡിയുണ്ടായി: പിന്നാലെ അതിഭയങ്കരമായ ഗുജറാത്ത് കലാപം. ഒട്ടേറെ മുസ്ലിംകൾക്കു് ഖബറും മീസാൻ കല്ലും ഉറപ്പിച്ചു. ഹിന്ദു ഹൃദയ സാമ്രാട്ടു് എന്നൊരു സ്ഥാനപ്പേരു് സംഘപരിവാർ നരേന്ദ്രമോഡിക്കു് പതിച്ചുനൽകി.

ഗോധ്രസംഭവവും സാമുദായിക കലാപവും സൃഷ്ടിച്ച ധ്രുവീകരണം മുതലെടുക്കാൻ നിയമസഭ നേരത്തേ പിരിച്ചുവിട്ടു. മുഖ്യ തെരഞ്ഞെടുപ്പു് കമീഷണർ ജെ. എം. ലിങ്ധോ യുടെ സകല ഇടങ്കോലുകളെയും വിജയകരമായി നേരിട്ടു. 2002 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. വൻഭൂരിപക്ഷം നേടി അധികാരസോപാനത്തിൽ തിരിച്ചെത്തി.

images/Shankersinh_vaghela.jpg
ശങ്കർസിംഗ് വഗേല

2002 ഡിസംബറിനുശേഷം സബർമതിയിലൂടെ വെള്ളം ഒരുപാടു് ഒഴുകി. അഞ്ചുവട്ടമിഹ പൂത്തുകാനനം. ഇതാ വീണ്ടും തെരഞ്ഞെടുപ്പു സമാഗമമാകുന്നു. ബി. ജെ. പി.-യും കോൺഗ്രസും മുഖാമുഖം ഏറ്റുമുട്ടുന്നു. രണ്ടിലൊരു കൂട്ടർ അടിപെടുംവരെ മല്ലയുദ്ധപോരാട്ടം.

അഞ്ചുകൊല്ലം ഭരിച്ചവർ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കും എന്ന സാമാന്യ നിയമം ബാധകമാണെങ്കിൽ ബി. ജെ. പി.-യുടെ കഥ കഴിഞ്ഞതുതന്നെ. ഭരണവിരുദ്ധം, പ്രബലമായ പട്ടേൽ സമുദായത്തിന്റെ എതിർപ്പു്, തെഹൽകയുടെ വെളിപ്പെടുത്തലുകൾ, പാർട്ടിയിലെ വിമതശല്യം—എല്ലാം പ്രധാന ഘടകങ്ങളാണു്.

images/Morarji_Desai.jpg
മൊറാർജി ദേശായി

പക്ഷേ, മാധ്യമങ്ങളും അഭിപ്രായവോട്ടെടുപ്പുകാരുമൊക്കെ മോഡിയുടെ തിരിച്ചുവരവാണു് പ്രവചിക്കുന്നതു്. 182 അംഗ അസംബ്ലിയിൽ ബി. ജെ. പി.-ക്കു് സൂക്ഷ്മം 100 സീറ്റു കിട്ടുമെന്നു് സി. എൻ. എൻ.-ഐ. ബി. എൻ. ചാനൽ ഇന്ത്യൻ എൿസ്പ്രസുമായി ചേർന്നു് നടത്തിയ സർവേയിൽ വെളിപ്പെട്ടു. പോളിംഗ് 45 ശതമാനത്തിൽ നിന്നാലേ കോൺഗ്രസിനു് ആശക്കു് വകയുള്ളു എന്നു് വീക്കിന്റെ കണക്കപ്പിള്ളമാർ വിലയിരുത്തി. അമ്പതുശതമാനമായാൽ ബി. ജെ. പി.-ക്കു് ഭൂരിപക്ഷം കിട്ടും; അമ്പത്തഞ്ചു് ശതമാനമെത്തിയാൽ കോൺഗ്രസിന്റെ കടപറിയും. ഹിന്ദുത്വത്തോടു് യാതൊരു പ്രതിപത്തിയുമില്ലാത്ത ഹിന്ദുപത്രത്തിനും മോഡിയുടെ വിജയത്തെപ്പറ്റി സന്ദേഹമില്ല.

പ്രചാരണരംഗത്തു് ബി. ജെ. പി. ബഹുദൂരം മുന്നിലാണു്. വിമതന്മാർ പാർട്ടി വിട്ടു പോകുകയോ തഴയപ്പെടുകയോ ചെയ്തിരിക്കുന്നു. സ്ഥാനർഥികളിലധികവും മോഡിയുടെ വിശ്വസ്തർ. ഒട്ടേറെ പുതുമുഖങ്ങളെ പരീക്ഷിക്കുന്നു. പണത്തിനും പ്രവർത്തകർക്കും ക്ഷാമമില്ല.

പ്രധാന പ്രചാരകൻ മോഡിതന്നെ. അദ്ദേഹം വികസനത്തെയും ഗുജറാത്തിന്റെ പുരോഗതിയെയും പറ്റി വാചാലനാകുന്നു. കർഷകർ ആത്മഹത്യ ചെയ്യുന്ന, വ്യവസായങ്ങളുടെ മരുപ്പറമ്പായി മാറിയ മഹാരാഷ്ട്രയോടു് ഗുജറാത്തിനെ താരതമ്യം ചെയ്യുന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചു് ഊറ്റം കൊള്ളുന്നു, ഭീകരാക്രമണങ്ങളിൽനിന്നു് ഗുജറാത്തിനെ കാത്തുരക്ഷിച്ചതിൽ അഭിമാനിക്കുന്നു. ഓരോ സ്ഥലത്തും നേതാവിന്റെ പ്രസംഗം കേൾക്കാൻ വൻ ജനക്കൂട്ടം, ഓരോ വാക്കിനും ഹർഷാരവം.

images/Sushma_Swaraj.jpg
സുഷമസ്വരാജ്

മറുവശത്തു് കോൺഗ്രസിന്റെ നില പരിതാപകരം. ശങ്കർസിംഗ് വഗേല എന്ന മുൻകാല ബി. ജെ. പി.-ക്കാരനാണിപ്പോൾ സംസ്ഥാനത്തു് കോൺഗ്രസിന്റെ മഹോന്നത നേതാവു്. മോഡിയുടേതു് പ്രകടമായ തീവ്ര ഹിന്ദുത്വമെങ്കിൽ വഗേലയുടേതു് പ്രച്ഛന്നമായ മൃദുഹിന്ദുത്വം. സുരേഷ്മേത്ത യെപ്പോലെ ഭൂമിക്കു് ഭാരമായ കുറെ റിബലുകളും കോൺഗ്രസ് പാളയത്തിൽ ചേക്കേറിയിട്ടുണ്ടു്. കലാപകാലത്തു് ചീത്തപ്പേരുണ്ടാക്കിയവരാണു് നല്ലൊരു ഭാഗം. സ്വന്ത നിലക്കു് പത്തു് വോട്ടുപിടിക്കാൻ അശക്തരുമാണു്. പതിനേഴു കൊല്ലമായി രാഷ്ട്രീയ വനവാസം അനുഭവിക്കുന്ന കോൺഗ്രസിന്റെ ബഹുജനാടിത്തറ മിക്കവാറും തകർന്നിരിക്കുന്നു. സംഘടനാ സംവിധാനം ദുർബലം. ജനങ്ങളെ ഇളക്കാൻ പറ്റിയ നേതാക്കളില്ല. ഉദരനിമിത്തം ബഹുകൃത വേഷക്കാരാണു് ഏറെയും. ഏറെക്കുറെ ബംഗാളിലേതിനും തുല്യമായ രാഷ്ട്രീയകാലാവസ്ഥ.

ഇത്രയും പ്രതികൂലഘടകങ്ങളെ അതിജീവിക്കാൻ കോൺഗ്രസിനു് കഴിയുമോ? പാടില്ലായ്കയില്ല. ജനാധിപത്യം എന്നതു് കൈവിട്ട കളിയാണു്, ജനം ഏതു നിമിഷവും തിരിയാം. അഭിപ്രായ വോട്ടെടുപ്പുകൾ പരമ അസംബന്ധമായി മാറാം. അതിനുമുണ്ടു് ദൃഷ്ടാന്തങ്ങൾ എമ്പാടും. 1999-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആന്ധ്ര പിടിക്കുമെന്നു് ഇന്റലിജൻസുകാരും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായ വോട്ടെടുപ്പുകളും ഏക സ്വരത്തിൽ പ്രവചിച്ചതു്. ആ ധൈര്യത്തിൽ വൈ. എസ്. രാജശേഖര റെഡ്ഡി മന്ത്രിമാരെ നിശ്ചയിച്ചു. വകുപ്പുവിഭജനവും നടത്തി. വോട്ടെണ്ണിയപ്പോൾ തെലുഗുദേശത്തിനു് വൻഭൂരിപക്ഷം, ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി. ഇതേ തമാശ 2003-ൽ രാജസ്ഥാനിലും 2004-ൽ കേന്ദ്രത്തിലും അരങ്ങേറി. രാജസ്ഥാനിൽ പ്രവാചകരെ ഞെട്ടിച്ചു് ബി. ജെ. പി. ജയിച്ചു; കേന്ദ്രത്തിൽ എൻ. ഡി. എ.-യെ അട്ടിമറിച്ചു് കോൺഗ്രസ് മുന്നണി അധികാരത്തിലേറി.

images/Rajnath_Singh.jpg
രാജ്നാഥ്സിംഗ്

അതുപോലുള്ള ഒരട്ടിമറിയിൽ മാത്രമേ ഗുജറാത്തിൽ കോൺസിനു് രക്ഷയുള്ളു. സ്ഥാനാർഥികളുടെ മേന്മകൊണ്ടോ നേതാക്കളുടെ മാഹാത്മ്യംകൊണ്ടോ മദാമ്മാ ഗാന്ധിയുടെ തൊലിവെളുപ്പുകൊണ്ടോ അഹിംസാ പാർട്ടി ജയിക്കില്ല. പ്രചാരണ കോലാഹലങ്ങൾകൊണ്ടു് അളക്കാനോ തിരിക്കാനോ കഴിയാത്ത ഘടകമാണു് ജനങ്ങളുടെ പ്രതിഷേധം. ജനവികാരം വോട്ടായി മാറിയാൽ മോഡിയുടെ കടപുഴകും, 17 കൊല്ലത്തെ ഇടവേളക്കുശേഷം ഗാന്ധി നഗറിൽ ത്രിവർണപതാക പാറും.

ബി. ജെ. പി. ജയിച്ചാലോ? ഗുജറാത്ത് ബംഗാളാകും. പിന്നെ ഒരിക്കലും പടിഞ്ഞാറോട്ടു് നോക്കണ്ട. നരേന്ദ്രമോഡി, ഗുജറാത്തിലെ ജ്യോതിബസു വായി മാറും.

ഉത്തർപ്രദേശിലെ പരാജയവും കർണാടകത്തിലെ അപമാനവും ഏൽപിച്ച ആഘാതത്തിനു് ഗുജറാത്തിലെ വിജയം ബി. ജെ. പി.-ക്കു് ഒരളവുവരെ പരിഹാരമാകും. കൂടുതൽ ആത്മവിശ്വാസത്തോടെ 2009-ലെ ലോൿസഭാ തെരഞ്ഞെടുപ്പിനു് തയാറാകാം.

images/Lkadvani.jpg
അദ്വാനി

ബി. ജെ. പി.-ക്കകത്തു് നരേന്ദ്രമോഡി പരമശക്തനാകും. രാജ്നാഥ്സിംഗും സുഷമസ്വരാജു മൊക്കെ അതോടെ നിഷ്പ്രഭരാകും. അദ്വാനി യുടെ പിൻഗാമി മോഡി എന്നു് ഉറപ്പിക്കാം. ഏതായാലും വരാനുള്ളതു് വഴിയിൽ തങ്ങില്ല. കാത്തിരുന്നു് കാണുകതന്നെ.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Gujarat Bengalakumo? (ml: ഗുജറാത്ത് ബംഗാളാകുമോ?).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Gujarat Bengalakumo?, കെ. രാജേശ്വരി, ഗുജറാത്ത് ബംഗാളാകുമോ?, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 10, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A peasant woman digging, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.