കേരളത്തിലെ ലൈംഗികാപവാദക്കഥകൾക്കു് കക്ഷിരാഷ്ട്രീയ പക്ഷപാതിത്വം ആരോപിക്കാൻ ആർക്കും കഴിയില്ല. അത്രക്കു് സഹവർത്തിത്വമുണ്ടു് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇക്കാര്യത്തിൽ.
ഭരണാധികാരികൾക്കെതിരെ ലൈംഗികാപവാദമുണ്ടായതിനു് ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ടു് ലോകചരിത്രത്തിൽ. ഹിത്യനായ ഊറിയാവിനെ യുദ്ധത്തിനയച്ചു് ചതിയിൽ കൊല്ലിച്ചു് ടിയാന്റെ ഭാര്യ ബേത്സേബയെ കൈക്കലാക്കിയ ദാവീദ് രാജാവു് മുതൽ ഓവൽ ഓഫീസിൽ വെച്ചു് മോണിക്കാ ലെവിൻസ്കിയെ പ്രാപിച്ച ബിൽ ക്ലിന്റൺ വരെ. ദാവീദിനു് നേരെ വിരൽചൂണ്ടാൻ നാഥാൻ പ്രവാചകനുണ്ടായി; ക്ലിന്റന്റെ കളവു കണ്ടുപിടിക്കാൻ കെന്നത്ത് സ്റ്റാർ. യഹോവയുടെ കഠിനശിക്ഷയിൽ നിന്നു് ദാവീദ് രക്ഷപ്പെട്ടു എന്നാണു് ഐതിഹ്യം. ഇംപീച്ച്മെന്റിൽ ക്ലിന്റണും തടി കഴിച്ചിലാക്കി. രണ്ടു സംഭവങ്ങളും മലയാള സാഹിത്യത്തെ പോഷിപ്പിച്ചു എന്നതു് ശ്രദ്ധേയം: ദാവീദിന്റെ പ്രണയകഥ സി. ജെ. തോമസ് നാടകമെഴുതി, ദീപികയിലെ രണ്ടു യുവ ലേഖകർ മോണിക്കയുടെ വെളിപ്പെടുത്തലുകൾ നോവലായും.
ഇന്ത്യാ മഹാരാജ്യത്തും കാര്യങ്ങൾ വളരെയൊന്നും വ്യത്യസ്തമല്ല. വിഭജനത്തിന്റെയും അധികാര കൈമാറ്റത്തിന്റെയും കലുഷിതമായ ദിനങ്ങളിൽ, വൈസ്രോയിയുടെ ഭാര്യയെ പ്രണയിക്കാൻ സമയം കണ്ടെത്തിയ ദേഹമാണു് നമ്മുടെ രാഷ്ട്രശില്പി. മൃദുലാ സാരാഭായ്, പത്മജാ നായിഡു, ശ്രദ്ധാമാതാ എന്നിങ്ങനെ പല പേരുകളും പണ്ഡിറ്റ്ജിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത്തരം കിംവദന്തികളൊന്നും നെഹ്റു വിന്റെ യശോധാവള ്യത്തിനു മങ്ങലേൽപിച്ചില്ല എന്നതു് മറ്റൊരു കാര്യം. എന്നാൽ പിൽക്കാലത്തു് രാംറാവു അദിക്കി ന്റെയും പ്രഫുല്ലകുമാർ മൊഹന്ത യുടെയുമൊക്കെ രാഷ്ട്രീയ ജീവിതം പെണ്ണുകേസിൽപെട്ടു് കുളമായി എന്നാണു് ചരിത്രം.
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ലൈംഗികാപവാദങ്ങൾ അഞ്ചെണ്ണമാണു്. പഞ്ചമഹാപവാദങ്ങൾ എന്നു പറയുന്നതിൽ തെറ്റില്ല.
കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തു് മന്ത്രി ചാത്തൻ മാസ്റ്റർ ഇരിങ്ങാലക്കുട നിന്നു് ഒരു മുസ്ലിം യുവതിയെ തിരുവനന്തപുരത്തുകൊണ്ടുപോയി താമസിപ്പിച്ചതാണു് ആദ്യത്തെ അപവാദം. തന്റെ മുൻകാല ശിഷ്യയും ഭാര്യയുടെ സഹപാഠിയുമാണു് യുവതിയെന്നും ടിയാളെ മന്ത്രിമന്ദിരം കാണിക്കാൻ കൊണ്ടുപോയതാണെന്നും ചാത്തൻമാസ്റ്റർ വിശദീകരിച്ചെങ്കിലും ജനം വിശ്വസിച്ചില്ല. മന്ത്രിയെയും മൈമുനയേയും പറ്റി തെരുവുപിള്ളേർ പാട്ടുണ്ടാക്കി പാടി. മാക്രോണി രാജൻ കഥാപ്രസംഗവും നടത്തി. ഏതെങ്കിലും പ്രതിപക്ഷകക്ഷി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടില്ല. മുഖ്യമന്ത്രി നമ്പൂതിരിപ്പാടു് ചാത്തനെ പുറത്താക്കിയതുമില്ല.
ശങ്കർ മന്ത്രിസഭയുടെ കാലത്തു്, ആഭ്യന്തരമന്ത്രി പി. ടി. ചാക്കോ യുടെ കാർ തൃശൂര്വെച്ചു് ഒരു കൈവണ്ടിയിലിടിച്ചപ്പോൾ കേരളം ഇളകിമറിഞ്ഞു. ചാക്കോയോടൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീ ആരു് എന്ന ചോദ്യം ഉന്നയിച്ചതു് ഫാ. ജോസഫ് വടക്കന്റെ തൊഴിലാളി പത്രം. അതേറ്റുപിടിച്ചതു് ജനയുഗവും ദേശാഭിമാനിയും. “പാമ്പിന്റെ പകയും അരണയുടെ ബുദ്ധിയും കാളക്കൂറ്റന്റെ കാമാസക്തിയുമുള്ള” ആഭ്യന്തര മന്ത്രിക്കെതിരെ നിയമസഭയിൽ ആഞ്ഞടിച്ചതു് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇ. പി. ഗോപാലൻ. അസാന്മാർഗ്ഗികയായ മന്ത്രിയെ പുറത്താക്കാൻ വേണ്ടി രക്തസാക്ഷിദിനത്തിൽ നിയമസഭാ കവാടത്തിൽ നിരാഹാരം കിടന്നതു് കോൺഗ്രസ് എം. എൽ. എ. പ്രഹ്ലാദ ഗോപാലൻ.
പാർട്ടിക്കകത്തെ ചാക്കോ വിരുദ്ധർ ഒറ്റക്കെട്ടായി രാജി ആവശ്യപ്പെട്ടു. അവരുടെ നേതാക്കൾ സി. കെ. ഗോവിന്ദൻ നായർ, സി. എം. സ്റ്റീഫൻ. ചാക്കോ വിരുദ്ധർക്കു് ധാർമിക പിന്തുണ നൽകിയതു് മലയാള മനോരമ, കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയതു് കെ. പി. മാധവൻ നായർ. അവസാനം ഹൈക്കമാന്റും മുഖ്യമന്ത്രിയും കൈകഴുകി. അപമാനിതനായ ചാക്കോ രാജിവെച്ചു. അചിരേണ ഹൃദയം തകർന്നു മരിച്ചു. ചാക്കോ ഗ്രൂപ്പുകാർ പാലം വലിച്ചു് മന്ത്രിസഭ തകർത്തു. എളങ്ങോയി പള്ളി സെമിത്തേരിയിൽ നിന്നു് കേരള കോൺഗ്രസ് ഉദയംകൊണ്ടു.
കുപ്രസിദ്ധമായ സൂര്യനെല്ലി പെൺവാണിഭ കേസിൽ അന്നു് കേന്ദ്രമന്ത്രിയായിരുന്ന പി. ജെ. കുര്യനെ തിരെയുണ്ടായതാണു് മൂന്നാമത്തെ അപവാദം. അത്യുന്നതനായ കോൺഗ്രസ് നേതാവു് പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന സൂചന ആദ്യം നൽകിയതു് ദീപിക. ഏറ്റുപിടിച്ചതു് ദേശാഭിമാനി. പെൺകുട്ടിയുടെ പിതാവു് മുഖ്യമന്ത്രിക്കു് രേഖാമൂലം പരാതി കൊടുത്തെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അന്വേഷണ ഉദ്യോഗസ്ഥർ കുര്യനെ പ്രതിയാക്കാൻ വിസമ്മതിച്ചു. പെൺകുട്ടിക്കെതിരെ കുര്യൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു് മാനനഷ്ടക്കേസ് ഫയലാക്കി. കുര്യന്റെ രാജി പ്രധാനമന്ത്രി ആവശ്യപ്പെട്ടില്ല. പിന്നീടു് നടന്ന തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതുമില്ല. മന്ത്രിപുംഗവനു് താങ്ങായും തണലായും നിന്നതു് മലയാള മനോരമ, പെൺകുട്ടിയെ പരിഹസിച്ചു കാർട്ടൂൺ വരച്ചതു് യേശുദാസൻ. സൂര്യനെല്ലി കേസ് ഇനിയും കെട്ടടങ്ങിയിട്ടില്ല. പെൺകുട്ടി കൊടുത്ത സ്വകാര്യ അന്യായത്തിനെതിരെ സുപ്രീംകോടതിയിൽനിന്നു് സ്റ്റേ വാങ്ങിയിരിക്കുകയാണു് പി. ജെ. കുര്യൻ.
കോഴിക്കോട്ടെ ഐസ്ക്രീം പാർലർ പെൺവാണിഭകേസുമായി ബന്ധപ്പെട്ടതാണു് നാലാമത്തെ വിവാദം. ആരോപണവിധേയൻ പി. കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവു്. ആരോപണം ഉയരുമ്പോഴും കെട്ടടങ്ങുമ്പോഴും സംസ്ഥാനത്തു് ഇടതുപക്ഷ മുന്നണിയാണു് ഭരണത്തിലുണ്ടായിരുന്നതു്. ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നായനാർ ക്കു്, പൊലീസിനെ ഭരിച്ചതു് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. കേസന്വേഷണം ആരംഭിച്ചതും കുഞ്ഞാലിക്കുട്ടിയുടെ പങ്കു കണ്ടെത്തിയതും അന്നത്തെ സിറ്റി പൊലീസ് കമീഷണർ നീരാ റാവത്ത്. അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പു് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ടയച്ചതു് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കല്ലട സുകുമാരൻ. ചടയൻ ഗോവിന്ദൻ മരിച്ച ഒഴിവിൽ പിണറായി വിജയൻ സി. പി. എം. സെക്രട്ടറിയായി. മാർക്സിസ്റ്റ്-ലീഗ് ബാന്ധവത്തെപ്പറ്റി പുനരാലോചനകളുണ്ടായി. സാക്ഷികൾ മൊഴിമാറ്റി.
കുഞ്ഞാലിക്കുട്ടി നിരപരാധിയെന്നു് സാക്ഷ്യപ്പെടുത്തി പുതിയൊരു റിപ്പോർട്ട് അഡ്വക്കേറ്റ് ജനറൽ എം. കെ. ദാമോദരൻ തിരുവനന്തപുരത്തേക്കയച്ചു. കൈരളി ചാനലുമായി സഹകരിക്കാൻ ലീഗുകാർ അഹമഹമികയാ മുന്നോട്ടുവന്നു. മലപ്പുറം ജില്ലയിലെ ചില പഞ്ചായത്തുകളിലെങ്കിലും മാർക്സിസ്റ്റ്-ലീഗ് ഭരണം യാഥാർത്ഥ്യമായി. കോഴിക്കോട് പെൺവാണിഭ കേസന്വേഷിച്ച നിയമസഭാ സമിതിയിൽ മാർക്സിസ്റ്റംഗങ്ങൾ—ശൈലജ ടീച്ചറും ഗിരിജാ സുരേന്ദ്രനും ഉൾപ്പെടെ—പ്രതിഭാഗം ചേരുകയാൽ പ്രൊഫ. മീനാക്ഷി തമ്പാൻ ഒറ്റപ്പെട്ടു. വനിതാ കമീഷനിൽ ഇതേ അനുഭവം സുഗതകുമാരി ക്കുമുണ്ടയി. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കണമെന്നാവശ്യപ്പെട്ടു് അജിത സുപ്രീംകോടതിവരെ കേസ് നടത്തിയിട്ടും ഫലമുണ്ടായില്ല.
വനം-ട്രാൻസ്പോർട്ട് മന്ത്രി നീലലോഹിതദാസൻ നടാർ ക്കെതിരെ നളിനിനെറ്റോ ഉന്നയിച്ചതാണു് ഏറ്റവും ഒടുവിലത്തെ അപവാദം. പിന്നാക്ക സമുദായ കാർഡുമായി കേരള കൗമുദി പിന്തുണക്കെത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു. ജനതാദൾ സംസ്ഥാന കമ്മിറ്റി യോഗത്തിൽ മന്ത്രി രാജി ആവശ്യപ്പെട്ടു. ജനതാദൾ സംസ്ഥാന കമ്മിറ്റി യോഗത്തിൽ മന്ത്രി രാജി പ്രഖ്യാപിച്ചു. നീലൻ-നളിനി സംഭവത്തെക്കുറിച്ചു് ജുഡീഷൽ അന്വേഷണത്തിനു് ഉത്തരവിട്ടതു് കൂടുതൽ വിവാദങ്ങൾക്കു് വഴിതെളിച്ചു. കമീഷന്റെ നടപടികൾ നിഷ്പക്ഷമല്ലെന്നാരോപിച്ചു് നളിനി നെറ്റോ ബഹിഷ്കരിച്ചു. എ. കെ. ആന്റണി മുഖ്യമന്ത്രിപദമേറ്റയുടൻ കമീഷന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. പ്രകൃതി ശ്രീവാസ്തവയെ പീഡിപ്പിച്ച കേസിൽ നീലൻ കുറ്റക്കാരനെന്നു് വിചാരണക്കോടതി കണ്ടെത്തി. നളിനിയുടെ കേസ് വിചാരണ പുരോഗമിക്കുന്നു.
കെട്ടടങ്ങിയെന്നു കരുതിയ അഗ്നിപർവതം ഇപ്പോഴിതാ പൊട്ടിത്തെറിക്കുന്നു. ഐസ്ക്രീം പാർലറിലെ വിവാദ നായികമാരിലൊരാൾ, മീരാ ജാസ്മിനിൽ നിന്നു് പ്രചോദനം ഉൾക്കൊണ്ടതാണെന്നു കരുതപ്പെടുന്നു, കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചു് രംഗത്തുവന്നിരിക്കുന്നു. പ്രായപൂർത്തിയാകുംമുമ്പു് മൂന്നുതവണ തന്നെ കുഞ്ഞാലിക്കുട്ടി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും കോടതിയിൽ മൊഴിമാറ്റിപ്പറയാൻ പണം നൽകിയെന്നുമാണു് വെളിപ്പെടുത്തലിന്റെ സാരാംശം.
കേരള രാഷ്ട്രീയത്തിലെ വിവാദ പുരുഷനാണു് കുഞ്ഞാലിക്കുട്ടി. അതിവേഗത്തിലാണു് അദ്ദേഹം വടവൃക്ഷമായി പടർന്നുപന്തലിച്ചതു്. 1980-ൽ മലപ്പുറം മുനിസിപ്പൽ ചെയർമാനായി. 1982-ലും ‘87-ലും എം. എൽ. എ. 1991-ൽ ബാവാ ഹാജി തഴയപ്പെട്ടു. ഇ. അഹമ്മദി നെ പാർലമെന്റംഗമാക്കി ദൽഹിക്കയച്ചു. യു. എ. ബീരാന്റെ യും പി. എം. അബൂബക്കറു ടെയും തലക്കുമീതെ കുഞ്ഞാലിക്കുട്ടി നിയമസഭാകക്ഷി നേതാവും വ്യവസായ വകുപ്പുമന്ത്രിയുമായി തുടക്കത്തിൽ കരുണാകരന്റെ വലംകൈയും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. ബാബരി മസ്ജിദ് തകർന്നപ്പോഴും ലീഗിനെ കോൺഗ്രസ് മുന്നണിയിൽ ഉറപ്പിച്ചു നിറുത്തി. നിരാശാബാധിതരായ ബീരാനോടും അബൂബക്കറിനോടൊപ്പം ഇബ്രാഹിം സുലൈമാൻസേട്ടു വേറെ പാർട്ടിയുണ്ടാക്കിയപ്പോഴും കുഞ്ഞാലി കുലുങ്ങിയില്ല. 1995 ആദ്യം നേതൃമാറ്റം ആവശ്യപ്പെട്ടു് കരുണാകരനെ താഴെയിറക്കാനും മടിയേതുമുണ്ടായില്ല.
കരുണാകരന്റെ സ്ഥാനത്തു് ആന്റണി വന്നപ്പോൾ കാര്യങ്ങൾ എളുപ്പമായി. മുഖ്യനു് മൽസരിക്കാൻ തിരൂരങ്ങാടി തരപ്പെടുത്തിയപ്പോൾ ആരംഭിച്ചതാണു് ആത്മബന്ധം. പിന്നീടു് കുഞ്ഞാലിക്കുട്ടി ചോദിച്ച വരമത്രയും നൽകി അനുഗ്രഹിച്ചു, ആദർശധീരൻ. കോൺഗ്രസിലെ ഗ്രൂപ്പുകൾ നാലും എതിരായപ്പോൾ മുഖ്യനു തുണ ലീഗ് മാത്രം. രാജ്യസഭാ തെരഞ്ഞെടുപ്പുവേളയിൽ എം. എൽ. എ.-മാരെ ‘ഉറപ്പിച്ചു’ നിറുത്തിയതും റിബലിന്റെ പരാജയം ഉറപ്പുവരുത്തിയതും കുഞ്ഞാലിക്കുട്ടി.
കരിമണൽ വിഷയത്തിൽ സുധീരനെ കെട്ടഴിച്ചുവിട്ടതു് ആന്റണിയാണെന്ന സംശയംകൊണ്ടാകാം, മുഖ്യന്റെ ജനപിന്തുണ പരിതാപകരമാണെന്ന തിരിച്ചറിവുകൊണ്ടുമാകാം ഇത്തവണ മുസ്ലിംലീഗ് നേതൃമാറ്റം ആവശ്യപ്പെട്ടതു്. ഭരണപരാജയത്തിന്റെ, തെരഞ്ഞെടുപ്പു തോൽവിയുടെ പാപഭാരമത്രയും ആന്റണിക്കു്. നേതൃമാറ്റം, ലീഗിന്റെ നേട്ടം. ആന്റണിയുടേതിനെക്കാൾ ശോചനീയം ഉമ്മൻചാണ്ടി യുടെ നില. കുഞ്ഞാലിക്കുട്ടി വിരൽവെക്കുന്നിടത്തു് ഒപ്പിടുന്ന ജോലിയേയുള്ളു കുഞ്ഞൂഞ്ഞിനു്.
പാർട്ടിക്കകത്തു് പരമശക്തനാണു് കുഞ്ഞാലിക്കുട്ടി. ഇന്ത്യൻ നാഷനൽ ലീഗ് ക്ലച്ച് പിടിച്ചില്ല, മഅ്ദനി വർഷങ്ങളായി ജയിലിൽ. ഇ. അഹമ്മദ് ദേശീയ നേതൃത്വത്തിൽ. മന്ത്രിസ്ഥാനം കിട്ടിയതോടെ ഇ. ടി. മുഹമ്മദ് ബഷീറി ന്റെ എതിർപ്പില്ലാതെയായി. കൊരമ്പയിൽ അഹമ്മദ് ഹാജി മരിച്ച ഒഴിവിൽ സംസ്ഥാന ജനറൽ സെക്രട്ടറിപദവും കരഗതമായി.
വ്യവസായികളുടെ ഉറ്റതോഴനാണു് കുഞ്ഞാലിക്കുട്ടി. വിഭവസമാഹരണം അനായാസം.
മിത്രങ്ങളേക്കാൾ ശത്രുക്കളുണ്ടു് കുഞ്ഞാലിക്കുട്ടിക്കു്. പാർട്ടിക്കകത്തും പുറത്തും അസൂയാലുക്കൾ നിരവധി. തന്നെ ദേശീയ നേതാവാക്കി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നു് നാടുകടത്തിയതിന്റെ കെറുവു് ഇ. അഹമ്മദിനു്, മന്ത്രിസ്ഥാനം പോയതിന്റെ പക ചെർക്കളത്തി നു്, തെരഞ്ഞെടുപ്പിൽ തോറ്റ വിഷമം സുധീരനു്, മുഖ്യമന്ത്രി അല്ലാതായതിന്റെ വൈക്ലബ്യം ആന്റണിക്കു്. പിണറായി യുടെ മിത്രം അച്യുതാനന്ദന്റെ ശത്രു. ഏറ്റവും ആദ്യത്തെ മുഹൂർത്തത്തിൽ ഇവർ കൈകോർക്കും. മൂവാറ്റുപുഴയിൽ ജോസ് കെ. മാണി യെ വീഴ്ത്താൻ ടി. എം. ജേക്കബും പി. ജെ. ജോസഫും പി. സി. ജോർജും ജോർജ് കെ. മാത്യുവും ഒരുമിച്ചപോലെ. കുഞ്ഞാലിക്കുട്ടിയുടെ സൊല്ല ഒഴിയണം എന്നു് ഉമ്മൻചാണ്ടിക്കും ആഗ്രഹമുണ്ടു്. പുറത്തുപറയാൻ ധൈര്യമില്ലെന്നു മാത്രം.
യു. ഡി. എഫ്. യോഗത്തിൽ കുഞ്ഞാലിക്കുട്ടി പ്രശ്നം ഉന്നയിക്കാൻ ഒറ്റയൊരുത്തനും ഉണ്ടായില്ല. ഏതു് കുഞ്ഞാലി? എന്തു് പ്രശ്നം? യു. ഡി. എഫ്. ഒറ്റക്കെട്ടാണു്—ഒട്ടകപ്പക്ഷിയെപ്പോലെ തല മണലിൽ പൂഴ്ത്തുന്ന കാര്യത്തിൽ.
കോൺഗ്രസിനകത്തു് രണ്ടഭിപ്രായമുണ്ടു്. കുഞ്ഞാലിക്കുട്ടി രാജിവെക്കണം എന്നു് സുധീരനും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനിൽകുമാറും പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനും ഏതാണ്ടു് ഇതേ അഭിപ്രായമാണുള്ളതു്. മറ്റു പലരും ഇതുതന്നെ രഹസ്യമായി മന്ത്രിക്കുന്നുണ്ടു്. അവസരം കിട്ടിയാൽ തുറന്നു പറയും. കുഞ്ഞാലിക്കുട്ടിയെ പറഞ്ഞുവിടണം എന്നാണു് എ. കെ. ആന്റണി യുടെ ഉള്ളിലിരിപ്പു്. കുഞ്ഞാലിക്കുട്ടിക്കു് പിന്തുണ നൽകാൻ മലയാള മനോരമ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയം. ഹൈക്കമാന്റിനെ ഇടപെടുവിച്ചു് രാജി ചോദിക്കാനാണു് ആന്റണിയുടെയും കൂട്ടരുടെയും പദ്ധതി.
കോൺഗ്രസിലേക്കാൾ വലിയ ആശയക്കുഴപ്പമാണു് ഇടതുപക്ഷ മുന്നണിയിൽ. ഐസ്ക്രീം പാർലർ കേസൊതുക്കിയതു് നമ്മുടെ ഭരണകാലത്താണു്. തക്ക പ്രതിഫലവും കിട്ടി. ഇനിയെങ്ങനെ പ്രക്ഷോഭം നടത്തും? കുഞ്ഞാലിക്കുട്ടിയുടെ ആപ്തമിത്രമാണു് പിണറായി വിജയൻ. മലബാർ നേതാക്കൾ മിക്കവരും തഥൈവ. കുഞ്ഞാലിക്കുട്ടി രാജിവെക്കണം എന്നുറപ്പിച്ചു പറയാൻ അച്യുതാനന്ദന ല്ലാതെ ആർക്കുമില്ല ചങ്കൂറ്റം. മീനാക്ഷി തമ്പാന്റെ യും കല്ലട സുകുമാരന്റെ യും വെളിപ്പെടുത്തലുകൾക്കുശേഷവും പിണറായിയും കൂട്ടരും പ്രതിരോധത്തിലാണു്. അവരങ്ങനെ അമ്മായീം കുടിച്ചു പാൽക്കഞ്ഞി എന്ന മട്ടിൽ ഓരോ പ്രസ്താവനയുമിറക്കി കൃതാർത്ഥരായിരിക്കുന്നു. മറുഭാഗത്തു് വി. എസ്. അച്യുതാനന്ദൻ വലിയ ഉൽസാഹത്തിലാണു്. പിണറായി പ്രഭൃതികളുടെ മുഖംമൂടി വലിച്ചു ചീന്താൻ കൈവന്ന കനകാവസരം.
ലീഗിനകത്തുമുണ്ടു് രണ്ടഭിപ്രായം. കുഞ്ഞാലിക്കുട്ടി രാജിവെക്കണം എന്നാണു് ബഹുഭൂരിപക്ഷം പ്രവർത്തകരും ആഗ്രഹിക്കുന്നതു്. തെരഞ്ഞെടുപ്പു് കേസിൽ പ്രതികൂലവിധിയുണ്ടായപ്പോൾ സി. എച്ച്. മുഹമ്മദ് കോയ സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങാതെ തൽക്ഷണം രാജികൊടുത്ത സംഭവം അവർ ഓർമിപ്പിക്കുന്നു. പക്ഷേ, സി. എച്ച്. അല്ല കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾ ആവശ്യപ്പെട്ടാലേ അദ്ദേഹം രാജിവെക്കൂ. പടച്ചവന്റെ കൃപകൊണ്ടു് ശിഹാബ് തങ്ങൾ രാജി ചോദിക്കുകയില്ല, കുഞ്ഞാലി രാജി കൊടുക്കുകയുമില്ല.
മാധ്യമങ്ങളുടെ എതിർപ്പാണു് കുഞ്ഞാലിക്കുട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചന്ദ്രികയല്ലാതെ ഒരു പത്രവും റജീനയുടെ മൊഴി അവിശ്വസിച്ചിട്ടില്ല. ടി. വി. ചാനലുകളത്രയും കുഞ്ഞാലിക്കുട്ടിക്കെതിരാണു് പ്രത്യേകിച്ചു് ഡോ. എം. കെ. മുനീർ ചെയർമാനായിരിക്കുന്ന ഇന്ത്യാവിഷൻ. പ്രകോപിതരായ ലീഗുകാർ ഒക്ടോബർ 30-നു് കോഴിക്കോട്ടും കൊച്ചിയിലും ഇന്ത്യാവിഷനു നേരെ കല്ലേറു് നടത്തിയതോടെ സ്ഥിതി വഷളായി. പിറ്റേന്നു് കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞാലി ശിഷ്യന്മാർ കാട്ടിക്കൂട്ടിയ കുണ്ടാമണ്ടികൾ കഠിനം, കഠോരം. ഏഷ്യാനെറ്റ് ലേഖികയെ പച്ചക്കൊടി പിടിപ്പിച്ചു് മുസ്ലീംലീഗിനു് മുദ്രാവാക്യം വിളിപ്പിക്കൽ വരെയുണ്ടായി. ഡോ. മുനീർതന്നെ കഷ്ടിച്ചാണു് തടി രക്ഷിച്ചതു്. നവംബർ 2-നു് കൊച്ചിയിലും തിരുവനന്തപുരത്തും ലീഗുകാരുടെ റോൾ പൊലീസ് ഏറ്റെടുത്തു. മാധ്യമപ്രവർത്തകർക്കു് രസികൻ അടി മതിയാവോളം കിട്ടി. പത്രപ്രവർത്തക യൂനിയൻ നേതാക്കൾ ബുദ്ധിമാന്മാരാണു്. അവർ ജുഡീഷ്യൽ അന്വേഷണംകൊണ്ടു് തൃപ്തരായി. ഇനിയൊരു റിട്ടയേർഡ് ജഡ്ജിയെ കണ്ടെത്തണം, (ജസ്റ്റിസ് ജി. ശശിധരനാണെങ്കിൽ ഉത്തമം. നാരായണക്കുറുപ്പായാലും പോരായ്കയില്ല.) ടേംസ് ഓഫ് റഫറൻസും നിശ്ചയിക്കണം.
ഇന്ത്യാവിഷനെ സംഹരിച്ചുകളയുമെന്നാണു് കുഞ്ഞാലിയിൻ ശപഥം. സംശയമുള്ളവർ നവംബർ 2, 3 തീയതികളിലെ ചന്ദ്രിക വായിക്കട്ടെ: “ഷെയർ ഉടമകളിലേറെയും മുസ്ലിംലീഗ് അനുഭാവികളും പ്രവർത്തകരും ആണെങ്കിലും ഇപ്പോൾ ഇന്ത്യാവിഷൻ കടുത്ത ആക്രമണം നടത്തുന്നതു് മുസ്ലിംലീഗിനെതിരെയാണു്. ഇന്ത്യാവിഷൻ ചാനലിൽ കയറിപ്പറ്റിയ ജീവനക്കാരിൽ ഗണ്യമായ ശതമാനവും സംഘ അനുഭാവികളും മാർക്സിസ്റ്റ് സഹയാത്രികരുമായതിനാൽ അവരെ നിയന്ത്രിക്കാൻ മാനേജ്മെന്റിനു് പ്രയാസമായി… മുസ്ലിംകളുടെ ഷെയർ ഗണ്യമായുള്ള ചാനൽ നിർഭാഗ്യവശാൽ മുസ്ലിംവിരുദ്ധ വാർത്തകളുടെ ഉറവിടമായിത്തീരുന്നു. വിവാദങ്ങൾ കൊഴുപ്പിക്കുന്നതിലും ഈ ചാനൽ പ്രവർത്തകർ മുന്നിലുണ്ടായിരുന്നു…”
ചാനലിന്റെ മുസ്ലിംവിരുദ്ധ പ്രവൃത്തികൾ ചന്ദ്രിക അക്കമിട്ടു് നിരത്തുന്നുണ്ടു്: മാറാടു് പുനരധിവാസം കുളമാക്കാൻ നോക്കിയതു്, പാലക്കാടു്, മമ്പറം പള്ളി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തരീതി, നാലകത്ത് സൂപ്പി യുടെയും മുഹമ്മദ് ബഷീറിന്റെയും പുരോഗമനപരമായ വിദ്യാഭ്യാസ നയത്തെ പിന്തുണക്കാത്തതു്, ഏറ്റവുമൊടുവിൽ കുഞ്ഞാലിക്കുട്ടി യെ കരിവാരിത്തേച്ചതു്. ചാനലിൽ നിന്നു് ‘മുഖ്യ’ ഷെയറുടമകളായ കെ. എം. സി. സി. ഭാരവാഹികൾ പിന്മാറാനൊരുങ്ങുന്നു എന്നൊരു ഭീഷണിയുമുണ്ടു്, പത്രത്തിൽ. ഫാഷിസത്തെ ചെറുക്കാൻ കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്തു് പുതിയൊരു ചാനൽ ആരംഭിക്കുമെന്നു് പ്രത്യാശിക്കുക.
നാലു വണ്ടി പൊലീസിന്റെ അകമ്പടിയോടെ റജീനയുടെ വീടു് വളഞ്ഞു് അറസ്റ്റ് ചെയ്യിച്ചതും (അതും വളരെ പഴയ ഒരു ആത്മഹത്യാ ശ്രമത്തിന്റെ പേരിൽ) മുൻകൂട്ടി തയ്യാറാക്കിയ പ്രസ്താവന അവരെക്കൊണ്ടു് മജിസ്ട്രേറ്റിനു് കൊടുപ്പിച്ചതും ജോറായി. തൊട്ടു് തലേദിവസമാണു് ഇതേ നാടകം അഹമ്മദാബാദിൽ അരങ്ങേറിയതു്. അവിടെ സാഹിറ, ഇവിടെ റജീന. അവിടെ ബെസ്റ്റ് ബേക്കറി, ഇവിടെ ഐസ്ക്രീം പാർലർ. അവിടെ നരേന്ദ്രമോഡി, ഇവിടെ കുഞ്ഞാലിക്കുട്ടി. മഹാത്മാക്കൾ ഒരുപോലെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു. ഭാരത് മാതാ കീ ജയ്!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.