ജനാധിപത്യ മൂല്യങ്ങൾക്കുനേരെ സമീപകാലത്തുണ്ടായതിൽവെച്ചു് ഏറ്റവും രൂക്ഷമായ കടന്നാക്രമണമാണു് ജുൺ 30-നു് പുലർച്ചെ ചെന്നൈ നഗരത്തിൽ നടന്നതു്.
എഴുപത്തെട്ടുകാരനും നാലുവട്ടം തമിഴുനാട് സംസ്ഥാനത്തു് മുതൽ അമൈർച്ചർ ആയിരുന്ന ദേഹവുമായ തിരുമുത്തുവേൽ കരുണാനിധി അവർകളുടെ ഭവനത്തിലേക്കു് പൊലീസുകാർ ഇരച്ചുകയറുമ്പോൾ സമയം രണ്ടുമണി മുപ്പതു നിമിഷം. ഉറക്കത്തിൽനിന്നു് കലൈഞജറെ തട്ടിയുണർത്തി അറസ്റ്റു ചെയ്യുന്നു. നഗരത്തിൽ ഫ്ലൈഓവറുകൾ പണിയുന്നതിൽ അഴിമതി നടത്തിയെന്നു് പരാതി കിട്ടിയതായിരുന്നു പ്രകോപനം. പരാതികിട്ടലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെത്തേടി പരക്കംപാഞ്ഞു. കലൈഞജരെ തൂക്കിയെടുത്തു കൊണ്ടുപോകുമ്പോൾ തടയാനെത്തിയ മുരശൊലിമാരനും ടി. ആർ. ബാലു വിനും കണക്കിനു കിട്ടി. കഴിഞ്ഞ ദിവസം വരെ വെന്റിലേറ്ററിൽ ആയിരുന്ന മാരൻ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലായി. അടിയന്തര വൈദ്യ പരിശോധനക്കു വിധേയനാക്കണം എന്ന ജഡ്ജിയുടെ ഉത്തരവു് തൃണൽവൽഗണിച്ചു് കരുണാനിധി യെ സെൻട്രൽ ജയിലിൽ അടച്ചു. യാദൃച്ഛികമെന്നേ പറയേണ്ടു—അഞ്ചുവർഷം മുമ്പു് ജയലളിത യെ അടച്ച അതേ മുറി!
പ്രധാനമന്ത്രി വാജ്പേയി മുതൽ പുതിയ തമിഴകം നേതാവു് കൃഷ്ണസ്വാമി വരെയുള്ള തി. മു. ക.-യുടെ കൂട്ടാളികൾ പ്രതിഷേധിച്ചതു സ്വാഭാവികം. പുറത്തുനിന്നു പിന്താങ്ങുന്ന ആന്ധ്രാ മുഖ്യൻ നായിഡു വിന്റെയും എൻ. ഡി. എ.-യിൽ തിരിച്ചുകയറാൻ തിങ്കളാഴ്ചനോമ്പുനോറ്റു ഒരിക്കലുണ്ടു കഴിയുന്ന കുമാരി മമതാബാനർജി യുടെയും ധർമരോഷവും മനസ്സിലാക്കാവുന്നതേയുള്ളു.
എന്നാൽ സ്വന്തം ഘടകക്ഷികൾ വരെ പുരട്ചിതലൈവിയെ കൈവിട്ടുകളഞ്ഞു. കരുണാനിധി യെ അറസ്റ്റുചെയ്ത രീതി തെറ്റായിപ്പോയെന്നു് എ. ഐ. സി. സി. വക്താക്കളായ അംബികാ സോണി യും ജയ്പാൽറെഡ്ഡിയും കുറ്റപ്പെടുത്തി. ടി. എൻ. സി. സി. പ്രസിഡന്റ് ഇളങ്കോവനും ടി. എം. സി. നേതാവു് മുപ്പനാരും പി. എം. കെ. തലൈവർ ഡോ. രാംദാസും അതേ അഭിപ്രായം ആവർത്തിച്ചു. എന്തിനു് അഴിമിതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സി. പി. ഐ. സി. പി. എം. എന്നീ വിപ്ലവപ്പാർട്ടികൾ വരെ നിർണായകസമയത്തു് അമ്മയെ തള്ളിപ്പറഞ്ഞു.
സഖാക്കൾ സീതാറാം യച്ചൂരി യും ഷമിം ഫൈസിയും വരെ തള്ളിപ്പറഞ്ഞ പുരട്ചിതലൈവിക്കു് താങ്ങായും തണലായും വർത്തിച്ചതു് തമിഴ്‌നാട് ഗവർണർ കുമാരി ജസ്റ്റിസ് എം. ഫാത്തിമാബീവി. സുപ്രിംകോടതി ജഡ്ജി സ്ഥാനത്തെത്തിയ ഇന്ത്യയിലെ ഒന്നാമത്തെയും ലോകത്തെ രണ്ടാമത്തെയും വനിത. മലയാളിയാണെങ്കിലും ഫാത്തിമാബീവി മാതൃഭാഷ തമിഴാണു്. മറുനാട്ടു തമിഴങ്കയെ ഗവർണറാക്കി കൊണ്ടുവന്നതു് മു. കരുണാനിധി. അടുത്തവർഷം ഒഴിവുവരുന്ന വൈസ് പ്രസിഡന്റു സ്ഥാനത്തേക്കു തി. മു. ക.-യുടെ പിന്തുണ ബീവിക്കായിരിക്കും എന്നും ശ്രുതിയുണ്ടായിരുന്നു.
നിയമസഭാംഗമായിരിക്കാൻ യോഗ്യതയില്ലാത്ത ജയലളിത ക്കു് മുഖ്യമന്ത്രിയാകാൻ തടസ്സമില്ലെന്നായിരുന്നു ഫാത്തിമാബീവി യുടെ വിധി. ഗവർണറെ തിരിച്ചുവിളിക്കണം എന്നു് ചില തൽപരകക്ഷികൾ അന്നേ ആവശ്യപ്പെടാഞ്ഞിട്ടല്ല. ഒരു സ്ത്രീയല്ലേ ഇരിക്കട്ടെ എന്നു വാജ്പേയി കരുതി. മുൻ സുപ്രിംകോടതി ജഡ്ജിയല്ലേ എന്നു കരുതി കലൈഞജരും ക്ഷമിച്ചു,
പുരട്ചി തലൈവിയുടെ സ്വഭാവമറിയുന്നവർക്കാർക്കും ജുൺ 30-ലെ പൊലീസ് നടപടിയിൽ അദ്ഭുതം തോന്നിയില്ല. കലൈഞജരെ കൈയാമം വെക്കുകയോ കാൽമുട്ടു തല്ലി ഒടിക്കുകയോ ചെയ്തിരുന്നെങ്കിൽ പോലും ആരും അതിശയിക്കില്ല. കാരണം ഭരണഘടനയോ ക്രിമിനൽ നടപടി നിയമവും അറസ്റ്റിനെയും തടങ്കലിനെയും സംബന്ധിച്ച സുപ്രിംകോടതി വിധികളുമൊന്നും മുൻകാല സിനിമാനടിക്കറിയില്ല. അടിമപ്പെൺ എന്ന പേശുംപടത്തിന്റെ തിരക്കഥയാണു് ശിന്തനൈശെൽവി ഇപ്പോൾ പിന്തുടരുന്നതു്.
അതുപോലെയല്ലല്ലോ ഭരണഘടന അരച്ചുകലക്കിക്കുടിച്ച കുമാരി ഫാത്തിമാബീവി. ദേശീയ മനുഷ്യാവകാശ കമീഷനിൽ അംഗമായിരിക്കുമ്പോഴാണു് അവർ തമിഴ്‌നാട് ഗവർണറായി നിയമിക്കപ്പെട്ടതു്. തന്റെ മൂക്കിനുതാഴെ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നപ്പോഴും ടിയാൾ അമ്മിക്കുഴവിപോലെ അനക്കമറ്റിരുന്നു. ബാബരി മസ്ജിദ് തകർന്നു വീണപ്പോൾ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ പ്രധാനമന്ത്രി നരസിംഹറാവു വിനെ വിളിച്ചുവരുത്തി ശാസിച്ചു. അത്രപോലും ചെയ്തില്ല ഫാത്തിമാബീവി. നാടൊട്ടുക്കു പ്രതിഷേധം ഇരമ്പുമ്പോഴും കേന്ദ്രത്തിലേക്കു സ്വന്തം നിലക്കൊരു റിപ്പോർട്ടയക്കാനും തോന്നിയില്ല.
അവസാനം കേന്ദ്രം ഒരു റിപ്പോർട്ടു ചോദിച്ചു വാങ്ങിയപ്പോഴോ അതു് ജയലളിത യെ ന്യായീകരിക്കുന്നതും ആയിപ്പോയി. മുട്ടാളന്മാരും എന്തു ചെയ്യാൻ മടിയില്ലാത്തവരുമായ മുത്തുവേൽ കരുണാനിധി, മുരശൊലിമാരൻ മുതലായവർ ഗുണ്ടകളെ കൂട്ടി പൊലീസിനെ ആക്രമിക്കുകയായിരുന്നു എന്ന പൊലീസ് റിപ്പോർട്ടാണു് ഗവർണർ വടക്കോട്ടയച്ചതു് ! റിപ്പോർട്ടു കിട്ടിയപ്പോൾ കേന്ദ്രത്തിലെ ആശയക്കുഴപ്പം നീങ്ങി—മുതൽ അമൈച്ചറുടെ കാര്യം നിൽക്കട്ടെ ഗവർണറെ ആദ്യം പറഞ്ഞയക്കണം. ഇന്ത്യാ മഹാരാജ്യത്തു് യാതൊരു സുരക്ഷിതത്വമില്ലാത്ത തൊഴിലാണു് ഗവർണറുടേതു്. ഒരു മുറുക്കൻ കടയിൽനിന്നും തൊഴിലാളിയെ പിരിച്ചു വിടണമെങ്കിൽ കുറ്റപത്രം കൊടുക്കണം വിശദീകരണം തേടണം. എൻക്വയറി നടത്തണം. മന്ത്രിസഭ പിരിച്ചുവിടണമെങ്കിൽ രാഷ്ട്രപതി വിളംബരം പുറപ്പെടുവിക്കണം, പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കയും വേണം രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതത്തതുകൊണ്ടു് പുരട്ചിതലൈവിയെ പിരിച്ചയക്കുക അസാധ്യം എങ്കിൽ ഫാത്തിമാബീവി യെ പിരിച്ചുവിടുകതന്നെ.
അപമാനിതയായി ജസ്റ്റിസ് ഫാത്തിമാബീവി രാജ്ഭവന്റെ പടിയിറങ്ങുമ്പോൾ ഒരു ചോദ്യം അവശേഷിക്കുന്നു. ദീർഘകാലം ന്യായാധിപയായിരുന്നു സമ്പാദിച്ച സൽപേരുപോലും കളങ്കപ്പെടുത്തി അവർ ജയലളിത യ്ക്കു ഓശാന പാടിയതെന്തിനു്? അതുക്കു ബദൽ ഏതുമേയില്ലൈ അതു താൻ പുരിയാത പുതിർ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.