താഴെക്കോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരിയും പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ സമ്മതിദായകയുമെന്ന നിലക്കു് അൽപമൊരു അഹങ്കാരത്തോടെയാണു് ഈ കുറിപ്പു് എഴുതുന്നതു്. കാര്യമന്തെന്നാൽ നാട്ടുകാരനും സ്ഥലം എം. എൽ. എ.-യും സർവോപരി സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുമായ ജനാബ് നാലകത്ത് സൂപ്പിക്കു് മികച്ച ഭരണാധികാരിക്കുള്ള ശ്രേഷ്ഠാചാര്യ അവാർഡ് ലഭിച്ചിരിക്കുന്നു.
സൂപ്പിസാഹിബിന്റെ ശ്രേഷ്ഠതയെപ്പറ്റി ഞങ്ങൾ പെരിന്തൽമണ്ണക്കാർക്കു് ഒരുകാലത്തും സംശയമുണ്ടായിട്ടില്ല. താഴെക്കോട്ട് നാലകത്തെ മൊയ്തീൻഹാജിയുടെയും മറിയുമ്മയുടെയും മകൻ സൂപ്പി 1946 ആഗസ്റ്റ് 15-നാണു് ജനിച്ചതു്. പെരിന്തൽമണ്ണ സർക്കാർ ഹൈസ്കൂളിൽ പഠിക്കുമ്പോഴേ രാഷ്ട്രീയത്തിലിറങ്ങി. ഫാറൂഖ് കോളേജിൽനിന്നു് ബി. കോമും തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ നിന്നു് എൽ. എൽ. ബി.-യും പാസായശേഷം അൽപകാലം പെരിന്തൽമണ്ണ കോടതിയിൽ വക്കീലായും പയറ്റി. അപ്പോഴേക്കും രാഷ്ട്രീയം സൂപ്പിയെ പൂർണമായും അപഹരിച്ചു—താഴെക്കോട് പഞ്ചായത്തു പ്രസിഡന്റ്, സർവീസ് ബാങ്ക് പ്രസിഡന്റ്, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ, താലൂക്കു് ലാൻഡ് ബോർഡ് അംഗം, ബീഡിത്തൊഴിലാളി യൂനിയൻ സെക്രട്ടറി…
1980-ൽ ആദ്യമായി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെടുമ്പോൾ വയസ്സു് 34 ആണു് സൂപ്പിക്കു്. അന്നുമുതൽ ഇന്നുവരെ സൂപ്പിയാണു് പെരിന്തൽമണ്ണ എം. എൽ. എ. മാണി സാറിനു പാലാ, കുഞ്ഞൂഞ്ഞിനു് പുതുപ്പള്ളി, സൂപ്പിക്കു് പെരിന്തൽമണ്ണ. പി. കെ. കുഞ്ഞാലിക്കുട്ടി യും പി. കെ. കെ. ബാവ യും 1982-ലാണു് ആദ്യമായി നിയമസഭയിലെത്തുന്നതു്. ഇ. ടി. മുഹമ്മദ് ബഷീർ ഉപതെരഞ്ഞെടുപ്പിലൂടെ 1985-ലും. 1991-ാം ആണ്ടിൽ മൂവരും മന്ത്രിമാരായി. പിന്നെയുമൊരു പതിറ്റാണ്ടിനു ശേഷമാണു് സൂപ്പിസാഹിബിനു മന്ത്രിക്കസേര കിട്ടിയതു്.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, സി. എച്ച്. മുഹമ്മദ് കോയ, ബേബിജോൺ, ടി. എം. ജേക്കബ്, പി. ജെ. ജോസഫ് മുതലായ പല പ്രഗല്ഭരും ഭരിച്ചതാണു് വിദ്യാഭ്യാസ വകുപ്പു്. ഇവരൊക്കെ പയറ്റി പരാജയമടഞ്ഞ ഈജിയൻ തൊഴുത്തിലേക്കാണു് സൂപ്പി ചെന്നുകയറിയതു്. വിദ്യാഭ്യാസ വകുപ്പു് ഭരിക്കാൻ മുനീറായിരുന്നു നല്ലതെന്ന ഒരഭിപ്രായം ആദ്യംമുതലേയുണ്ടായിരുന്നു. പക്ഷേ, പാണക്കാടു് തങ്ങൾക്കും സൂപ്പിയുടെ ശ്രേഷ്ഠതയെപ്പറ്റി തികഞ്ഞ ബോധ്യമുണ്ടു്. വകുപ്പുഭരിക്കാൻ വേണ്ടത്ര വിദ്യയും അഭ്യാസവും സൂപ്പിയുടെ കൈവശമുണ്ടുതാനും.
കേവലം ഒരു വർഷത്തെ ഭരണംകൊണ്ടുതന്നെ സൂപ്പി നാട്ടുകാരെ സാമാന്യം മക്കാറാക്കി. ഡി. പി. ഇ. പി., കണ്ണന്താനം ബോംബ്, സ്വാശ്രയ മെഡിക്കൽ-എഞ്ചിനീയറിംഗ് കോളേജുകൾ, എല്ലാംകൂടി ഹലാക്കിന്റെ അവിലുംകഞ്ഞിയായി. മന്ത്രിയദ്ദേഹത്തിന്റെ പേരു് നാലകത്ത് സുയിപ്പി എന്നാണെന്നു് ചില കുസൃതികൾ പറഞ്ഞുണ്ടാക്കി. മന്ത്രിസഭയുടെ ഒന്നാംവാർഷികം പ്രമാണിച്ചു് മാതൃഭൂമി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 18-ാം സ്ഥാനത്തായിരുന്നു സൂപ്പി. ചെർക്കളം അബ്ദുല്ല യും പി. ശങ്കരനു മായിരുന്നു സൂപ്പിയേക്കാൾ മോശക്കാർ.
മുസ്ലിംലീഗിനകത്തുതന്നെ ഒരു പ്രബല വിഭാഗം സൂപ്പിക്കെതിരെ കരുനീക്കം നടത്തുന്നുണ്ടു്. ഇക്കൂട്ടരുടെ പ്രേരണകൊണ്ടാകാനേ തരമുള്ളൂ സെപ്റ്റംബർ 9-ാം തീയതി തിരൂരിൽ നടന്ന സമ്മേളനത്തിൽ ഇ. ടി. മുഹമ്മദ് ബഷീറി നോ എം. കെ. മുനീറി നോ ആകേണ്ടിയിരുന്നു വിദ്യാഭ്യാസ മന്ത്രി സ്ഥാനം എന്നൊരഭിപ്രായം ഗതാഗത വകുപ്പു മന്ത്രി ഗണേഷ്കുമാർ തട്ടിമൂളിച്ചതു്. സീതിസാഹിബ് അവാർഡുനേടിയ മുഹമ്മദ് ബഷീറിനെ ആദരിക്കാൻ ചേർന്ന യോഗത്തിലായിരുന്നു ഗണേശന്റെ അഭിപ്രായപ്രകടനം. പിന്നിൽനിന്നുള്ള കുത്തേറ്റു് പാവം സൂപ്പി തളർന്നുപോയി. മുസ്ലിംലീഗു് നേതൃത്വവും മുരളീധരനും വെള്ളാപ്പള്ളി നടേശനു മൊക്കെ സമാശ്വാസ വചനങ്ങളുമായി പാഞ്ഞെത്തിയെങ്കിലും സൂപ്പിക്കു് അസാരം നൊന്തു.
മുറിച്ചുരികയേന്തി സൂപ്പി അങ്കത്തട്ടിൽ തളർന്നുനിൽക്കുമ്പോഴാണു് അവാർഡുമായി നാഷനൽ കൾച്ചറൽ ഫോറം കടന്നുവരുന്നതു്. തിരുവല്ലാക്കാരായ ചില അച്ചായന്മാരാണു് നാ. ക. ഫോറത്തിന്റെ അമരക്കാർ. ഇങ്ങനെയൊരു ഫോറത്തെപ്പറ്റി മലയാള മനോരമയിൽ പോലും മുമ്പു കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. പുതുതായി പൊട്ടിമുളച്ചു്, തടിവിരിഞ്ഞു് കൊമ്പും ചില്ലയുമായി പൂവണിഞ്ഞ വൃക്ഷമാകണം നാഷനൽ കൾച്ചറൽ ഫോറം. ഏതെങ്കിലും നിയമപ്രകാരം റജിസ്റ്റർ ചെയ്ത സംഘടനയാണോ എന്ന കാര്യം ഫോറത്തിന്റെ ഭാരവാഹികൾക്കും കർത്താവു് ഈശോമിശിഹാക്കും മാത്രമറിയാം. മാർത്തോമാ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന തുമ്പമൺ തോമസ് ആകുന്നു ഫോറത്തിന്റെ പ്രസിഡന്റ്, അഡ്വ. വി. സി. സാബു ജനറൽ സെക്രട്ടറിയും. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിന്റെ ഉപദേശക സമിതി ചെയർമാനായി തുമ്പമൺ തോമസ് എന്തുകൊണ്ടാണു് അവാർഡ് സൂപ്പിക്കു നൽകാൻ തുനിഞ്ഞതു് എന്ന കാര്യം ചിന്തനീയമാണു്.
ഈ ഭാർഗവക്ഷേത്രത്തിൽ പല കടലാസു സംഘടനകളും അവാർഡുകൾ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ഉണ്ടായിട്ടുണ്ടു്. എന്നാൽ അവരാരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു കാര്യം നാഷനൽ കൾച്ചറൽ ഫോറം ചെയ്തു. അവാർഡുജേതാവിന്റെ പൂർണകായ ചിത്രം സഹിതം പ്രധാന പത്രങ്ങളിലൊക്കെ പരസ്യം കൊടുത്തു. അവാർഡുദാനച്ചടങ്ങിന്റെ കാര്യപരിപാടിയല്ല, സൂപ്പിയെക്കുറിച്ചുള്ള സ്തുതിഗീതമാണു് പരസ്യത്തിന്റെ കാതൽ. ‘സൗമ്യം, മധുരം, ദീപ്തം’ എന്ന തലക്കെട്ടിലുള്ള പരസ്യം ഒരു അനുപമ കലാസൃഷ്ടിതന്നെയാണു്. “ഉന്നതവിദ്യാഭ്യാസത്തെ ജനകീയമാക്കിയ രാജശില്പി” എന്നാണു് പരസ്യക്കാരൻ മന്ത്രിയെ വിശേഷിപ്പിക്കുന്നതു്.
“ഐക്യജനാധിപത്യമുന്നണി സർക്കാറിന്റെ ഏറ്റവും മികച്ച നേട്ടം വിദ്യാഭ്യാസ വകുപ്പിലേതാണു്. കഴിഞ്ഞ നാലര പതിറ്റാണ്ടു് കാലത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്കു് തുല്യമാണു് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി യുടെ കഴിഞ്ഞ ഒന്നര വർഷക്കാലം. ഇക്കാലയളവിനുള്ളിൽ കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ രംഗം വമ്പിച്ച കുതിച്ചുചാട്ടമാണു് നടത്തിയതു്.”
“പ്രകാശത്തിന്റെ തുരുത്തുകൾ എന്നു് പറയുവാൻ നമുക്കു് ഇത്തരം ചില സൂപ്പിമാർ മാത്രം. വിദ്യാഭ്യാസം സാർവത്രികവും മൂല്യ സമ്പുഷ്ടവുമാക്കാനുള്ള നാലകത്ത് സൂപ്പിയുടെ അഭിവാഞ്ഛയാണു് ശ്രേഷ്ഠാചാര്യ പുരസ്കാരത്തിനു് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണം…”
ഇങ്ങനെയൊക്കെ അടിച്ചുവിടാനുള്ള കരളുറപ്പു് അഥവാ ഉളുപ്പില്ലായ്മ തിരുവിതാംകൂറുകാർക്കേ കാണൂ. പണ്ടു് ഇല്ലാതിരുന്നതും സ്വയം നിർമ്മിച്ചെടുത്തതുമായ വീഥിയിലൂടെ നടന്നുപോകുന്ന ഒരു ഏകാന്ത പഥികനത്രെ, ജനാബ് നാലകത്ത് സൂപ്പി. പതിനായിരം രൂപയാണു് അവാർഡ് തുക (സംഖ്യ തിരുവല്ലയിലെ ബധിര-മൂക വിദ്യാലയത്തിനു് സംഭാവന നൽകുകയും ചെയ്തു.) പരസ്യക്കൂലിയും മറ്റു് അനാമത്തു് ചെലവുകളും കൂടി ഏറ്റവും കുറഞ്ഞതു് ഇരുപത്തഞ്ചു് ലക്ഷം രൂപ ധൂളിയാക്കിയിട്ടുണ്ടു് കൾച്ചറൽ ഫോറം.
ഒക്ടോബർ 29-നു് തിരുവല്ല മാർത്തോമാ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളുടെ റിപ്പോർട്ട് പിറ്റേന്നത്തെ ചന്ദ്രികയിൽ വിശദമായി വന്നിട്ടുണ്ടു്. (പെരിന്തൽമണ്ണയിൽ അച്ചടിക്കുന്ന മാധ്യമത്തിന്റെ മലപ്പുറം എഡിഷൻ പക്ഷേ, ശ്രേഷ്ഠാചാര്യനെ ഒമ്പതാം പേജിൽ സ്തുതിവചനങ്ങൾ തീരെയില്ലാത്ത വെറും മൂന്നു് കോളം റിപ്പോർട്ടിലൊതുക്കി. പൂജ്യപൂജാ വ്യതിക്രമം എന്നല്ലാതെ എന്തു പറയാൻ!).
ഉന്നത വിദ്യാഭ്യാസ രംഗത്തു് ചുരുങ്ങിയകാലംകൊണ്ടു് വിപ്ലവം സൃഷ്ടിച്ച പ്രഗല്ഭനായ വിദ്യാഭ്യാസ മന്ത്രി എന്ന സ്ഥാനം നാലകത്ത് സൂപ്പിയിൽ കേരള ചരിത്രം രേഖപ്പെടുത്തുമെന്നു് അവാർഡുദാന പ്രസംഗവശാൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തു് മാത്രമല്ല പ്ലസ്ടു ഉൾപ്പെടെ കേരളത്തിന്റെ പൊതുവായ വിദ്യാഭ്യാസ മേഖലയിൽ ഗുണപരവും ചൈതന്യവത്തുമായ മാറ്റം സൃഷ്ടിച്ചു് പുതുജീവൻ നൽകിയതു് സൂപ്പിയാണെന്നും പ്ലസ്ടു രംഗത്തെ അനിശ്ചിതാവസ്ഥയും അധ്യാപകരുടെ നിയമന പ്രശ്നങ്ങളും സൂപ്പിയാണു് പരിഹരിച്ചതെന്നും മുഖ്യൻ കൂട്ടിച്ചേർത്തു.
ദുരാരോപണങ്ങളെ അതിജീവിച്ചു് മുന്നേറാൻ കഴിവുള്ള മികച്ച ഭരണാധികാരിയാണു് നാലകത്ത് സൂപ്പിയെന്നു് പറഞ്ഞു പാണക്കാടു് ഹൈദരാലി ശിഹാബ് തങ്ങൾ. വിദ്യാഭ്യാസ പരിഷ്കരണ മേഖലയിൽ സി. എച്ച്. മുഹമ്മദ് കോയ സ്വീകരിച്ച അതേ മാർഗമാണു് സൂപ്പി അവലംബിക്കുന്നതെന്നു് ഇ. അഹമ്മദ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തു് മുസ്ലിംലീഗ് സമർപ്പിച്ച ശ്രേഷ്ഠാചാര്യനാണു് സൂപ്പിയെന്നു് ഡോ. ജോസഫ് മാർ ഐറേനിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത. ഈ മുഖ്യമന്ത്രിയും ഈ വിദ്യാഭ്യാസ മന്ത്രിയും തുടരുന്നിടത്തോളം കാലം കേരളത്തിനു് അതൊരു ഭാഗ്യമാണെന്നു് ബ്രഹ്മശ്രീ ആതുരദാസ് സ്വാമി തിരുവടികൾ, അർഹതക്കുള്ള പാരിതോഷികവും സമ്മാനവുമാണു് മന്ത്രി സൂപ്പിക്കു് നൽകിയ ശ്രേഷ്ഠാചാര്യ അവാർഡെന്നു് പി. പി. മുകുന്ദൻ.
വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനെതിരെ കുരിശുയുദ്ധം നടത്തിക്കൊണ്ടു് പൊതുരംഗത്തു് വന്നയാളാണു് സഖാവു് സുരേഷ്കുറുപ്പ്. ശ്രേഷ്ഠാചാര്യനെ അനുമോദിക്കാനെത്തിയവരിൽ കുറുപ്പും ഉണ്ടായിരുന്നു. “സൂപ്പിസാഹിബിനെ വളരെ അകലെനിന്നു് നോക്കിക്കാണുന്ന ഒരാളാണു് ഞാൻ. സി. എച്ച്. മുഹമ്മദ്കോയസാഹിബും മുണ്ടശ്ശേരി മാഷും ഇരുന്ന അതേ കസേരയിലാണു് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന സൂപ്പി മന്ത്രിയായതു്. ’57 മുതൽ നടപ്പാക്കിത്തുടങ്ങിയ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മികച്ച പരിഷ്കാരങ്ങൾക്കു് നേതൃത്വം നൽകിയതു് മന്ത്രി സൂപ്പിയാണു്. യാതൊരു പ്രകടനവുമില്ലാതെ തികഞ്ഞ സൗമ്യതയോടെ, നടപ്പാക്കേണ്ട കാര്യങ്ങൾ വിവാദങ്ങൾക്കിട നൽകാതെ മന്ത്രി സൂപ്പി നടപ്പാക്കി. ഈ സൗമ്യതയും സ്നേഹശീലവും മുതൽക്കൂട്ടായി തുടർന്നും ഉണ്ടാകട്ടെ”—കുറുപ്പ് ആശംസിച്ചു.
ഒറ്റയ്ക്കൊരു ദിവസം കൊണ്ടു് സൂപ്പിയുടെ താരമൂല്യം എത്ര ഉയർന്നുവെന്നു് നോക്കുക. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിനു് മാതൃഭൂമി അഭിപ്രായ വോട്ടെടുപ്പു് നടത്തുമ്പോൾ സൂപ്പിയാകും ടോപ്ലീഡ്. മന്ത്രിമാരായ ചെർക്കളം അബ്ദുല്ല, പി. ശങ്കരൻ, സി. എഫ്. തോമസ് എന്നിവരും ഈ വഴിക്കു് ഉൽസാഹിക്കുന്നതു് നന്നായിരിക്കും.
വിദ്യാഭ്യാസ മേഖലക്കു് നൽകിയ സംഭാവനകളെ പുരസ്കരിച്ചു് മന്ത്രി സൂപ്പിക്കു് ഡോക്ടറേറ്റ് നൽകുന്ന കാര്യം സർവകലാശാലകൾക്കു് പരിഗണിക്കാവുന്നതാണു്. (പുരട്ചി തലൈവിക്കും കലൈഞ്ജർക്കും ഡോക്ടറേറ്റ് നൽകുന്നതിൽ തമിഴ്‌നാട്ടിലെ സർവകലാശാലകൾ മൽസരിക്കുകയായിരുന്നല്ലോ.) പെരിന്തൽമണ്ണ ബസ്സ്റ്റാന്റിൽ മന്ത്രിയുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യം നഗരസഭയും അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചു് ആഗസ്റ്റ് 15-നു് സ്കൂൾ കുട്ടികൾക്കു് അഞ്ചു് കിലോ അരി വീതം സൗജന്യമായി നൽകുന്ന കാര്യം മന്ത്രിസഭയും ഗൗരവമായി പര്യാലോചിക്കേണ്ടതാണു്. സർവശക്തനും പരമകാരുണികനുമായ അല്ലാഹു വിദ്യാഭ്യാസ മേഖലയെ കാത്തുരക്ഷിക്കട്ടെ. ഖുദാ ഹഫിസ്!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.