images/Local_man_by_the_fountain.jpg
Local man by the fountain in Bakhchisaray, a painting by Jan Ciągliński (1858–1912).
മറുഭാഷ
രതീഷ് കൃഷ്ണ

1.

ഒരു വെളുപ്പാൻ കാലത്തു്

ആരുടെയോ അഴിഞ്ഞു വീണിരിക്കുന്നു

കരിയിലകളോടൊത്തു്

ഉറുമ്പരിക്കുന്ന ഒരു വിരൽ.

മൂന്നു് ദിവസം കാറ്റു വീശി

മഞ്ഞുകാലമായതുകൊണ്ടു്

ഇലകൾ പൊഴിഞ്ഞുകൊണ്ടേയിരുന്നു

ഞാൻ അതെടുത്തു് പോക്കറ്റിലിട്ടു.

“അതാ എന്റെ കൈ പോകുന്നു”വെന്നു്

ആ കുഞ്ഞുവിരൽ വിളിച്ചു

പറഞ്ഞിരുന്നുവെങ്കിൽ

ഉറപ്പായും ആ കൈയ്ക്കു് ഞാൻ അതു്

തിരിച്ചു നൽകുമായിരുന്നു.

കുറ്റിക്കാട്ടിലേക്കു് വലിച്ചെറിഞ്ഞു്

ഞാൻ പതിവുപോലെ

വീട്ടിലേക്കു് നടന്നു.

മുറ്റത്തു് വിരലുകൾ ഒന്നും തന്നെയില്ല

പക്ഷേ, മുല്ലച്ചെടിയുടെ താഴെ

തിളക്കമറ്റ ഒരു കണ്ണു്.

2.

പുറത്തു് മഞ്ഞുവീഴ്ച കൂടുതലാണു് ചുവരുകളിൽ ചോര പൊടിയുന്നുണ്ടു്

അടുക്കളയിൽ ഒരു കാൽപാദം

മുറിഞ്ഞു കിടപ്പുണ്ടു്.

ഒരു കുഞ്ഞു പാദസരം

അതിൽ ചുറ്റി കിടക്കുന്നു.

ഞാൻ അതുമായി പിന്നിലേക്കോടി

രാത്രിയിൽ ഞാൻ ഇതെവിടെ കുഴിച്ചിടും?

നക്ഷത്രങ്ങൾ കൊരുത്ത

പാവപ്പെട്ടവരുടെ ക്ലബ്ബിലെ പുൽക്കൂട്ടിൽ അതു് വെച്ചു.

മറിയം, അവൾ അവളുടെ

കുഞ്ഞിനു് ആ പാദങ്ങൾ

തിരികെ നൽകും.

വളർത്തുമൃഗങ്ങൾ അവരുടെ മരണാനന്തരം

നമ്മളെ കാണാൻ വരുന്നതുപോലെ

ജീർണിച്ച ശരീരാവശിഷ്ടങ്ങൾ, മണങ്ങൾ…

കുരിശുകളും കുഞ്ഞുങ്ങളുടെ അവയവങ്ങളും

ആകാശങ്ങളിൽ നിന്നു്

ഭൂമിയിൽ നിന്നു്

അഗ്നിക്കിരയാക്കപ്പെട്ട സ്ത്രീപുരുഷന്മാർ

ലെബണനിൽ നിന്നു്

മണിപ്പൂരിയിൽ നിന്നു്…

എന്റെ ചിറകു് കുഴഞ്ഞു

ഞാൻ അതുമായി കുറ്റിക്കാടുകളിൽ

ഇഴഞ്ഞു.

ഉറങ്ങൂ

ഉറങ്ങൂ…

അമ്മ പറഞ്ഞു.

എന്റെ പുലി യാതൊരു സന്ദേഹവുമില്ലാതെ

കാൽച്ചുവട്ടിൽ കിടന്നു.

എന്തുകൊണ്ടു് അവൻ പ്രതികരിക്കുന്നില്ല;

ആരും പ്രതിഷേധിക്കുന്നില്ല!

3.

പുലർച്ചെ മുറ്റം നിറയെ മുടി.

ചാക്കു് തലയിൽകെട്ടിയ പെൺകുട്ടി

മുറ്റമടിക്കുന്നു. മറ്റൊരു ചാക്കിലേക്കു് അവൾ

മുടി കോരിയിട്ടു കൊണ്ടിരുന്നു.

ഞാൻ ചാക്കിന്റെ വായ തുറന്നു പിടിച്ചു.

അതു് തലയിൽ വെച്ചുകൊടുക്കാൻ

അവൾ ആവശ്യപ്പെട്ടു.

അവൾക്കു് പിന്നിൽ ഞാൻ നടന്നു.

വഴിനീളെ മഞ്ഞുപുരണ്ട

തലമുടിച്ചുരുളുകൾ…

“നീ എന്നെക്കുറിച്ചു് പാടാത്തതെന്തു് ”

അവൾ ചോദിച്ചു.

“നീ കുഞ്ഞുങ്ങളുടെ കരച്ചിൽ

കേൾക്കുന്നുണ്ടോ?”

“ഉണ്ടു്” അവൾ പറഞ്ഞു:

“നീ എങ്ങനെ അവശേഷിച്ചു

ആരെ കാത്തിരിക്കുന്നു?”

ഞങ്ങൾ കാറ്റിനൊപ്പം നടന്നു.

“നിനക്കു് മരിക്കണോ”

ചുമടിറക്കിവെച്ചു് അവൾ ചോദിച്ചു.

അവൾ ചാക്കും മുഖാഭരണവും മാറ്റി

വെയിൽ ഞങ്ങളെ പൊള്ളിച്ചു.

“ഉം…” ഞാൻ പ്രതിവചിച്ചു.

അവൾ എന്റെ മുറിവുകളിൽ തൊട്ടു

വേദനക്കായി പരിണമിക്കുന്ന

ജീവിയാണു് മനുഷ്യൻ.

അവൾ എന്റെ മുഖം ചേർത്തുപിടിച്ചു

“എന്റെ പ്രിയനേ…” അത്രമേൽ

മധുരിതമായി ആരുമെന്നെ വിളിച്ചിരുന്നില്ല.

“നിന്നെ ആർക്കു് കൊല്ലുവാനാകും”

ഉണങ്ങിയ കുറ്റിക്കാട്ടിലൂടെ

അവൾ ഓടിപ്പോയി.

അവളുടെ സ്പർശനമേറ്റ ഇടങ്ങളിൽ

കാട്ടുപൂക്കൾ മണത്തു.

കൊച്ചു മാലാഖമാരെപ്പോലെ

പച്ചപ്പുല്ലു് കിളിർത്തു.

4.

“സാറേ ഒരു കവി വന്നിരിക്കുന്നു”വെന്നു്

പോലീസുകാരി പറഞ്ഞു.

ഞാൻ എസ് ഐയുടെ മുറിയിലേക്കു് കടന്നു.

“എഴുതുവാനുള്ള ലൈസൻസ് ഉണ്ടോ”

അയാൾ ചോദിച്ചു.

ഞാൻ അതു് കാണിച്ചു കൊടുത്തു;

മുഷിഞ്ഞ ഒരു തുണ്ടു് കടലാസ്.

പിന്നിപ്പോയ ഭാഗം പശയൊട്ടിച്ചു്

അയാൾ തിരികെ തന്നു.

ഒരു പോലീസുകാരൻ

കടലാസും പേനയും

എന്റെ മുന്നിൽ വെച്ചു മരവുരിയെക്കുറിച്ചും

പുഷ്പകവിമാനത്തെക്കുറിച്ചും സമവൃത്തത്തിൽ

ഒരു കവിതയെഴുതാൻ ആവശ്യപ്പെട്ടു.

“ഞാൻ എഴുതുന്ന കവിയല്ല സാർ”

വസന്തതിലകത്തിൽ ചില വരികൾ

ചൊല്ലാൻ ആവശ്യപ്പെട്ടു.

“കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു

പാവങ്ങൾ കൊല്ലപ്പെടുന്നു”

“തെളിവുണ്ടോ?”

ഞാൻ പോക്കറ്റിലെ വിരലിൽ

പതുക്കെ തൊട്ടു.

അതു് പുറത്തെടുത്താൽ ഇസ്രായേലിന്റെ

മുഴുവൻ കുറ്റവും എന്റെ തലയിൽ

അടിച്ചേൽപ്പിക്കുമെന്നു് എനിക്കറിയാം.

“രാത്രിയിൽ കരച്ചിൽ കേൾക്കുന്നു

സർ” എല്ലാരും നിശബ്ദമായിരുന്നു.

വേദപുരുഷന്റെ പാദങ്ങളെക്കുറിച്ചു്

ഞാൻ സ്മരിച്ചു.

ഛന്ദസ്സുകളെ മറവിയിൽ ചികഞ്ഞു നോക്കാൻ

വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു.

ബൂട്ടിട്ട ഒരു കാൽ എന്റെ

അടിവയറ്റിൽ ആഞ്ഞുപതിച്ചു.

പത്തുവർഷം ഞാൻ കോടതി കയറിയിറങ്ങി.

5.

മരുന്നു തളിക്കാതെ പുല്ലുകൾ

ഉണങ്ങിത്തുടങ്ങി.

പാമ്പുകൾ ചത്തു കിടന്നു.

അയൽക്കാർ അവരുടെ കമ്പി വേലിയിൽ

പടർന്ന കൈപ്പവല്ലരിയുടെ വേരറുത്തു.

സിറ്റൗട്ടിൽ അവരുടെ പെൺപട്ടി

ചോര വീഴ്ത്തുന്നതായറിഞ്ഞു്

അതിനു് എലിവിഷം നൽകി

ഗ്രാമം പുരോഗതിയിലേക്കു് എന്ന നോട്ടീസ്

ഇടയ്ക്കിടെ ഇറങ്ങിക്കൊണ്ടിരുന്നു.

മെലിഞ്ഞിരുണ്ട തൊഴിലാളികളോടൊപ്പം

ഞാനും വെയിൽ കൊള്ളാനിറങ്ങി.

ഞങ്ങളുടെ ഗ്രാമം ഒരു

കോൺസെൻട്രേഷൻ ക്യാമ്പാണു്.

പൊരിവെയിലിലെ റോഡ് പണിക്കാർ

കൊടുംമഴയിലെ കൊയ്ത്തുകാർ

നൂറ്റാണ്ടുകളോളം പണിയെടുക്കുന്നവർ

അവർ എവിടെപ്പോയി?

6.

ഉറങ്ങൂ

ഉറങ്ങൂ…

അമ്മ പറഞ്ഞു.

മറുഭാഷ ചൊല്ലി ചൊല്ലി

അജ്ഞാതമായ ഒരു ആശയത്തെ ഉറക്കി;

ഞാൻ ഉണർന്നിരുന്നു.

നനഞ്ഞ പുസ്തകങ്ങൾ

രാത്രിയിൽ ഉണക്കുവാനിട്ടു.

ചോരക്കറയിൽത്തന്നെ കവിത വായിച്ചു.

ഉള്ളം കയ്യിൽ മണ്ണെടുത്തു്

ഞാൻ ഒരു വിത്തു് നട്ടു.

അതിനു് ജലവും സ്നേഹവും

സൂര്യപ്രകാശവും നൽകി.

ധ്യാനിക്കുമ്പോൾ ചന്ദ്രികയിൽ അവൾ മുഴുകി.

അവൾ കിളുർത്തു.

മനുഷ്യർക്കു് മാത്രം കുടിക്കുവാനുള്ള

ജലമേ തരുകയുള്ളൂവെന്നു് അവർ പറഞ്ഞു.

“ഞങ്ങളിൽ മനുഷ്യർ മാത്രമല്ല”

എന്നു് ഞാൻ മുരണ്ടു.

ഞങ്ങളുടെ കിണറുകളിൽനിന്നു്

വെള്ളമെടുക്കാൻ അനുവദിക്കണമെന്നു്

ഞാൻ അപേക്ഷിച്ചു.

അവർ അതു് സീൽ ചെയ്തു്,

ഒരു പോലീസുകാരനെ കാവൽ നിർത്തി.

കലാപത്തിനു് മുതിരുകയാണെങ്കിൽ

കിണറിൽ വിഷം കലക്കുമെന്നു്

അവർ പറഞ്ഞു.

കൈവെള്ളയിലെ മുളച്ച വിത്തു് ഞാൻ

അവർക്കു് കാണിച്ചു കൊടുത്തു…

7.

കഴിഞ്ഞവർഷത്തേക്കാൾ പുകമഞ്ഞു്

ഞങ്ങളുടെ ഗ്രാമത്തെ വിഴുങ്ങി.

തീവ്രമായ പ്രണയത്താലും താന്ത്രിക

വിദ്യകളാലും ഞാൻ എന്റെ യൗവനത്തെ

നിലനിർത്തി.

“ആർക്കുവേണ്ടി എഴുതുന്നു”വെന്നു്

കോടതി ചോദിച്ചു

എനിക്കുവേണ്ടിയെന്നു പറഞ്ഞാൽ

അവരെന്നെ ഭ്രാന്താശുപത്രിയിൽ അടയ്ക്കും.

ജനങ്ങൾക്കു് വേണ്ടിയെന്നു് പറഞ്ഞാൽ

വെടിവെച്ചു കൊല്ലും.

“ആമസോണിലെ മുള്ളൻ

പന്നികൾക്കു് വേണ്ടി”

ഞാൻ പറഞ്ഞു.

അവർ അതു് വിശ്വസിച്ചില്ല.

“ഉത്തര ധ്രുവത്തിലെ

കുള്ളൻ ആനകൾക്കു് വേണ്ടി”

ഞാൻ പറഞ്ഞു.

കോടതി ചിരിച്ചു.

എന്നെ ഒരു പോലീസുകാരൻ

പുറത്തേക്കു വലിച്ചെറിഞ്ഞു.

കുന്നിൻപുറത്തെ ഉണങ്ങിയ മരത്തിനു്

താഴെ നിന്നു് ഞാൻ കരഞ്ഞു.

ശിവ ഭക്തരുടെ കണ്ണുനീർ ഭൂമിയിൽ

വീഴരുതെന്നു് അമ്മ പറഞ്ഞതു്

ഞാൻ ഓർമിച്ചു.

പുറം കൈകൊണ്ടു് കണ്ണീർ തടഞ്ഞു്

മറുകൈകൊണ്ടു് മരത്തെപ്പുണർന്നു.

ആ അത്തിമരം പൂത്തു; കായ്ച്ചു.

“ദിനോസറുകളുടെ കാലമായിരുന്നു

നല്ലതെ”ന്നു് ഞാൻ വിലപിച്ചു.

വാർദ്ധക്യത്തിൽ എനിക്കുള്ള

കളിപ്പാട്ടങ്ങളുമായി,

അച്ഛൻ വരുന്നതു് ഞാൻ കണ്ടു.

സമയമായില്ലെന്നു് ഒരു കിളി

പൂമരത്തിലിരുന്നു് പാടി.

അച്ഛൻ മടങ്ങിപ്പോയി.

എന്റെ വരയൻ പുലിയുടെ

മുരൾച്ച ഞാൻ കേട്ടു.

കാവ്യ പുരോഹിതന്മാരുടെ

സംഘത്തോടൊപ്പം

ഞാൻ ആ കുഞ്ഞു വിരൽ മണ്ണിൽ കുഴിച്ചിട്ടു.

8.

വേദനിക്കുന്നു എന്നു് എഴുതി

ഞാൻ അതു് മായ്ച്ചു.

ഇപ്പോൾ അവിടെ ചോരക്കറ മാത്രം.

വേദനിക്കുന്നു

വേദനിക്കുന്നു…

ഭൂമി പറഞ്ഞു.

ഉറങ്ങൂ,

ഉറങ്ങൂ…

അമ്മ പറഞ്ഞു.

ഓടിപ്പോകാൻ ഒരിടവും ഇല്ലാത്തവർക്കു്

വേണ്ടി ഞാൻ ജല്പനങ്ങൾ നടത്തി.

ഏതു കുഞ്ഞിന്റെ വിരലാണതെന്നു്

അന്വേഷിച്ചുപോയ ദൈവം മടങ്ങിയെത്തി.

പ്രവാചകർ മറുഭാഷ ചൊല്ലുന്നതു്

എന്തുകൊണ്ടെന്നു് ഞാൻ അറിഞ്ഞു.

ഭാഷയ്ക്കു് ബോധത്തിന്റെ പരിധികളുണ്ടു്.

ആഴമേറിയ മുറിവുകളിലേക്കു്

അതിനൊഴുകാൻ കഴിയുന്നില്ല.

അതിനാൽ അജ്ഞാതവും

കാവ്യാത്മകവുമായ

ഒരു മറുഭാഷ ഞങ്ങൾ ചൊല്ലുന്നു.

അതു് ഭൂമിയുടെ ആഴങ്ങളിലേക്കു് പോകുന്നു.

ആകാശത്തിന്റെ പരിധികളെ ലംഘിക്കുന്നു.

9.

ഞങ്ങൾക്കു് കടലില്ല.

ഐലൻ തുർക്കിയിലെ

കടൽത്തീരത്തു് മരിച്ചുകിടന്ന ദിവസം

ഞാൻ അമ്മയോടു് പൈസ വാങ്ങി

തീവണ്ടിയിൽ നഗരത്തിലേക്കു് തിരിച്ചു.

രാത്രിയിൽ കടൽത്തീരത്തെത്തി

കടൽ ആർത്തലയ്ക്കുന്നു

ഞാൻ അവളെ തെറി വിളിച്ചു

നെഞ്ചുപൊട്ടി നിലവിളിച്ചു

“അവൻ തിരകൾക്കു മീതെ

നടക്കുകയായിരുന്നു

ഇടയ്ക്കു് വഴുതി വീഴാതിരിക്കാൻ

ഞാൻ അവനെ ഉയർത്തിപ്പിടിച്ചു

ഇല്ലാത്ത രാജ്യങ്ങളുടെ ഭാരം

അവനെ ചവിട്ടിത്താഴ്ത്തി”

കടൽ കരഞ്ഞു.

തുറയിലെ പട്ടികൾ കൂട്ടത്തോടെ

കടൽക്കരയിലേക്കു് വന്നു

അവരുടെ യജമാനനെ കണ്ടു്

അവർ മണലിൽ കൈകൾ ഉയർത്തി

കിടന്നു. എനിക്കു് അവരെ അഭിവാദ്യം

ചെയ്യാൻ കഴിഞ്ഞില്ല.

തലകുനിച്ചു് നടന്നു.

വേദനകൊണ്ടു് വളഞ്ഞു

ഞാൻ ഒടിഞ്ഞുവീണു

മണലിലേക്കു് മുഖം പൂഴ്ത്തി

കിടന്നു.

കടൽ എനിക്കു് വേണ്ടി മറുഭാഷയിൽ

പ്രാർത്ഥനകൾ ചൊല്ലുന്നു.

10.

ഉണർന്നപ്പോൾ മഞ്ഞുകാലം

അവസാനിച്ചിരുന്നു.

“ശ്രദ്ധിക്കൂ…

നീ നമ്മുടെ പുതിയ വീട്ടിലേക്കു് വരണം”

അമ്മ വിളിച്ചു.

മുഖത്തെ മണൽ തുടച്ചു കളഞ്ഞു്

ഞാൻ കടലിന്റെ പൊൻതിളക്കം

നോക്കിയിരുന്നു.

ഡോ. രതീഷ് കൃഷ്ണ
images/ratheeshkrishna.jpg

1984-ൽ, പാലക്കാട്, ചിറ്റൂരിലെ നമ്പൂതിരിചള്ളയിൽ ജനനം. അച്ഛൻ: ടി. കൃഷ്ണൻ, അമ്മ: ദേവി ചെമ്പകശ്ശേരി.

ഇക്കണോമിക്സിൽ ബിരുദവും ചിറ്റൂർ ഗവ. കോളജിൽനിന്നു് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടി. കേരള സര്‍വ്വകലാശാലയില്‍ തിയേറ്റർ ആർട്സ് ആൻഡ് ഫിലിം ഏസ്തറ്റിക്സ് ഫോർ എഡ്യൂക്കേഷനിൽ എം. ഫിലും പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സിൽ ഗവേഷണവും പൂർത്തിയാക്കി.

സാഗരേര ശേഖരാ താരാ മുതോയ് പുരച്ചില (They clasped the roots of the ocean in their hands) A Collection of Malayalam Poems by Dr. Ratheesh Krishna എന്ന പേരിൽ നിലാഞ്ജന ദാസ് ബംഗാളി ഭാഷയിലേക്കു് വിവർത്തനം ചെയ്ത, ആദ്യപുസ്തകം ശാന്തിനികേതനിൽ നിന്നിറങ്ങി. Performance studies-ൽ ‘ഉടൽ വിലക്കപ്പെടുമ്പോൾ’ (Performance in the Time of Corona), പ്രോമിത്യൂസിന്റെ കല: നാടകചികിത്സാ ദർശനങ്ങൾ ഒരു പഠനം (2025) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2024-ൽ, രാമരാജ്യം എന്ന മലയാള കാവ്യസമാഹാരം ഇറങ്ങി. ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്യപ്പെട്ട കവിതകൾ Modern Literature, Kritya, Anàm—A journal of International Writing തുടങ്ങിയ അന്താരാഷ്ട്ര മാഗസിനുകളിലും Blooming in the Moonlight, Bards of a Feather-a Song-a Myth and a Sign എന്നീ കവിതാ സമാഹാരങ്ങളിലും പ്രസിദ്ധീകരിച്ചു. ഹിന്ദി, തെലുഗു, തമിഴ്, സംസ്കൃതം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിൽ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടു്.

കാടകം, ഒഴിയാതെ എന്നീ സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധാനം ചെയ്ത Girl Child’s Education എന്ന പരസ്യചിത്രം മലാല യൂസഫ്സായി ഫൌണ്ടേഷൻ At the Last എന്ന ഗ്രൂപ്പിൽ പ്രകാശനം ചെയ്തു. Taboo എന്ന ഹൃസ്വചിത്രം മാഞ്ചസ്റ്ററിലെ Big Home ഫെസ്റ്റിവലിലും The Eye of the Storm എന്ന ഡോക്യൂമെന്ററി ബീറ്റിൽസ് ബാൻഡിന്റെ സ്മരണാർത്ഥം ലിവർപൂളിൽ, Time Tunnel ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.

images/ratheeshkrishna1947@oksbi.jpg

Download QR Code

കൂടുതൽ വിവരങ്ങൾ ഇവിടെ.

Colophon

Title: Marubhasha (ml: മറുഭാഷ).

Author(s): Ratheesh Krishna.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Poem, Ratheesh Krishna, Marubhasha, രതീഷ് കൃഷ്ണ, മറുഭാഷ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: July 29, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Local man by the fountain in Bakhchisaray, a painting by Jan Ciągliński (1858–1912). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.