images/Girl_with_cat.jpg
Girl with cat, a painting by Rudolf Epp (1834–1910).
കൊച്ചു റബ്ബി[1]
രതീഷ് കൃഷ്ണ
ഒന്നു്

ചീരു കൊച്ചു റബ്ബി

എന്റെ വളർത്തു പൂച്ചയാണു്

ചിലപ്പോഴൊക്കെ ഞാൻ അവളുടെ

വളർത്തു മനുഷ്യനും.

രണ്ടു്

നദിയിൽ-

എന്റെ പ്രിയതമയോടൊത്തു് കുളിക്കുമ്പോൾ

അവളെനിക്കു് കൂർത്ത നഖങ്ങൾ

കാണിച്ചു തന്നു;

അകത്തേക്കും പുറത്തേക്കും ചലിപ്പിക്കാവുന്നവ.

ഞാൻ ഷൂസ് അഴിച്ചു് അവൾക്കു് എന്റെ

കുളമ്പുകൾ കാണിച്ചുകൊടുത്തു.

അവൾ എന്നെ നക്കിത്തുടച്ചു

പോകുമ്പോൾ ഒരു പൂച്ചക്കുഞ്ഞിനെ തന്നു…

എന്റെ ഏകാന്തത കഠിനമായിരുന്നു

ഒറ്റപ്പെട്ടതും തകർന്നതുമായ കപ്പലുകളിൽ

ഒളിച്ചു് പാർത്തു.

വിഷാദത്തിന്റെ വീഞ്ഞും ആകുലതയുടെ

അപ്പവും തിന്നു.

വരണ്ടതും പൊടിപാറുന്നതുമായ

ഭൂമികയിലൂടെ അലഞ്ഞു്

ഞാൻ കരുണയ്ക്കുവേണ്ടി യാചിച്ചു.

ചിത്രകഥകളിൽ യാചകനെ

രാജകുമാരി സ്നേഹിക്കുന്നു

ജീവിതത്തിൽ പാറാവുകാർ

അവനെ ആട്ടിയോടിക്കുന്നു.

ഇടുപ്പിനു് താഴെ മരിച്ച പൂച്ചക്കുഞ്ഞു്

എന്റെ കാലുകളിലുരുമ്മുന്നു.

ഞാൻ അതിനെ കൈകളിലെടുത്തു-

കരുണാമയനായ ദൈവമേ

നിന്റെ പാതി തളർന്ന സ്നേഹത്തെ

ഞാൻ ഹൃദയത്തിലേക്കു് ചേർക്കുന്നു.

മൂന്നു്

വർഷങ്ങൾക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയ

മകന്റെ ആകെ സമ്പാദ്യം

കറുപ്പും വെളുപ്പും നിറഞ്ഞ

ഒരു പൂച്ചക്കുഞ്ഞാണെന്നറിഞ്ഞു്

അമ്മ ചിരിച്ചു; ഇപ്പോൾ

കണ്ടുകിട്ടിയതു് പോലെ

യാതൊരുത്ക്കണ്ഠകളുമില്ലാതെ,

കണ്ണിൽ വാത്സല്യത്തിന്റെ

തിളക്കം മാത്രമായി.

ദരിദ്രർ അവരുടെ മക്കൾക്കായി

സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നു.

വീട്ടിലെ ആഘോഷങ്ങൾ, പക്ഷേ

രാപ്പകൽ നിലച്ചതേയില്ല.

ബിരിയാണിയും നെയ്പ്പായാസവും

ചൂടും ചൂരുമായി വേലികൾ മറികടന്നു.

മുല്ലവള്ളികൾപോലെ അതു് പടർന്നു.

അവർ അവരുടെ മക്കളെ

തിരികെ വിളിച്ചു.

ഒരു ചെമ്മരിയാടു്, ഒരു തീക്കോഴി,

ഒരു കാളക്കുട്ടി എന്നിങ്ങനെ

അവർ അച്ഛനമ്മമാർക്കുള്ള

സമ്മാനങ്ങളുമായി വന്നു.

ഒരു റേഡിയോ ഒഴികെ

മറ്റൊരു യന്ത്രവും

അവർ നഗരങ്ങളിൽനിന്നു് സ്വീകരിച്ചതേയില്ല.

നാലു്

കൊച്ചു റബ്ബി ഇടയ്ക്കിടെ

പുറ്റുകളിലേക്കു് ഇറങ്ങിപ്പോയി.

തേറ്റകൾകൊണ്ടു് ഞാനതു് തട്ടിമറിച്ചു.

തലയകത്തേക്കിട്ടു് ഇരട്ട നാവുകൊണ്ടു്

ഉൾമണ്ണു് തൊട്ടു.

പ്രാചീനമാമൊരു മൃഗത്തിന്റെ മണമുള്ള

എന്റെ കൈകൾ അകത്തേക്കു്…

കൈകളിൽ ചോര-

നഖങ്ങളിൽ അടിയന്തരാവസ്ഥയിൽ പോലീസ്

അടിച്ചു കയറ്റിയ തുരുമ്പിച്ച ചുള്ളാണികൾ.

കൈകളിൽ ചോര-

പാമ്പുകടിയേറ്റ വ്രണങ്ങൾ

കഴുത്തിൽ ജ്ഞാനത്തിന്റെ മുറുകെപ്പിടുത്തം

കൈകളിൽ ചോര-

ചോരയിൽ (നീ) മരീചിക

പല്ലുകൾക്കു് വിഷനീലിമ

ചുംബനത്തിൽനിന്നടർന്നു്

വീഴുന്നു ഞാൻ…

മനുഷ്യൻ ഇഴയുന്നു

പുറ്റുകൾ തോറും തേടുന്നു

റബ്ബീ, നീയെവിടെ…

വിഷ ജന്തുവാമെന്നെ ആരെങ്കിലും

അടിച്ചു കൊല്ലും!

അതിനുമുൻപു് നിന്റെ വാലിൽ പിടിച്ചു്

ഞാൻ പുറത്തേക്കു് വലിക്കട്ടെ.

റബ്ബീ-

ഞാൻ അനാഥനാണു്

(കരയുന്നു)

അഞ്ചു്

ഒരിക്കൽ മഴ പെയ്തു

ഞങ്ങൾ ഇറയത്തു് വന്നിരുന്നു

“എന്താണമ്മേ പതിവു് തെറ്റിയൊരു മഴ?”

ഞാൻ ചോദിച്ചു.

“ഇതു് മഴക്കാലമാണു് മകനേ”

അമ്മ പ്രതിവചിച്ചു.

മഴക്കാലവും വേനൽക്കാലവും വസന്തകാലവും

വഴിതെറ്റിയ തീർത്ഥാടകരെപ്പോലെ

ഞങ്ങളിലേക്കു് വരികയും പോവുകയും ചെയ്തു.

കൊച്ചു റബിയുടെ പിൻകാലുകൾ

ഏതോ ഒരു മഞ്ഞുകാലത്തു്

പൂർവാധികം ദൈവീകതയോടെ

ഉയിർത്തെണീറ്റു.

അവൾ ഒരു മരത്തിലേക്കു് വലിഞ്ഞു കയറി.

ഞാനും കയറി; ഉരുതിവീണു.

എന്റെ പാദങ്ങൾ താമരദളംപോലെ

മൃദുലമായിരുന്നു. നെഞ്ചുരഞ്ഞു് ഞാൻ

മുകളിലേക്കു് കയറി.

ഊമ വെയിലിൽ ഞങ്ങൾ മരഞ്ചാടി.

വായുവിൽ കരണം മറിഞ്ഞു

ചില്ലകൾ തോറും ഊഞ്ഞാലാടി

ഞങ്ങളെപ്പിടിച്ചു് സർക്കസ്സിൽ

കൊടുക്കുമെന്നു് അമ്മ പറഞ്ഞു.

താഴ്‌ന്നു മേയുന്ന വെൺമേഘങ്ങളിൽ

ഉരുമ്മിയിരുന്നു് ഞാൻ ചോദിച്ചു:

“റബ്ബീ, നമുക്കു് സർക്കസിൽ പലതും

ചെയ്യുവാനുണ്ടാകും അല്ലേ!”

“മെരുക്കപ്പെടാൻ എനിക്കാവതില്ലേ”

അവൾ കൈകൾകൂപ്പി

നിലത്തേക്കു് വീണു; നാലുകാലിൽ.

ഞാൻ കൈച്ചിറകുകൾ നിവർത്തി

കുന്നിൻ ചെരുവിൽ പറന്നുനടന്നു.

പാറക്കെട്ടുകൾക്കിടയിൽനിന്നു്

കൊച്ചു റബിയെ റാഞ്ചിയെടുത്തു്

മലമുകളിലേക്കു് പോയി…

ആറു്

ധ്യാനത്തിനും പ്രാതലിനും

മദ്യപാനത്തിനും ശേഷം

ഞങ്ങൾ മലയിറങ്ങുന്നു

ഷേക്സ്പിയറുടെ ഒരു നാടകം

കാണാൻ പോകുന്നു

എന്റെ തോളിൽക്കിടന്നു്

ഉച്ചമയക്കത്തിലാണു് റബി.

നായികമാരുടെ കട്ടൗട്ടുകളിലേക്കു്

ഞാൻ നിർനിമേഷം നോക്കിനിന്നു.

‘ഒന്നുകിൽ പൂച്ചയ്ക്കു്

അല്ലെങ്കിൽ നിനക്കു്

നാടകം കാണാമെ’ന്നു്

ടിക്കറ്റ് തരാതെ ഒരുവൻ പരിഹസിച്ചു.

എവിടെ അധികാരത്തിന്റെ

ഉപകാരസ്മരണകൾ!

ഈ അരസികന്റെപുറത്തു്

ഗുണ്ടാ ആക്ടോ ദേശദ്രോഹമോ ചാർത്തി,

വിചാരണ ചെയ്യാതെ

ജയിലിൽ അടയ്ക്കൂ…

തിയേറ്ററിനകത്തേക്കു് ഞാൻ കണ്ണോടിച്ചു

അവിടെ ജഡ്ജിയുടെ കുതിര മൂത്രമൊഴിക്കുന്നു

ഒരു യുവതി തന്റെ ഭർത്താവിനരുകിൽ

പെരുമ്പാമ്പിനെ പുണർന്നിരിക്കുന്നു

ഒരു തടിയന്റെ നായ കൊച്ചു

റബിയെ നോക്കി മുരളുന്നു.

ആൾക്കൂട്ടം ഒരു ദളിതനെ അടിച്ചു

കൊല്ലുന്നിടത്തേക്കു് ഞങ്ങൾ പോയി

അവിടെ കൃത്രിമ മഴയാൽ കാൽപ്പാടുകളെല്ലാം

തുടച്ചുനീക്കപ്പെട്ടിരുന്നു.

അവനു് വിശന്നിരിക്കാം അല്ലെങ്കിൽ

അവൻ പ്രണയിച്ചിരിക്കാം.

ഒരു പാറക്കഷണം മാത്രം

അവന്റെ ചോരപുരണ്ടു് വിറച്ചു;

“ഗോത്രബലി താ”യെന്നു് നാവുനീട്ടി.

അതിലേപോയ ഒരുവനെ നോക്കി കൊച്ചു റബി

‘വിപ്ലവ തെണ്ടീ’യെന്നു വിളിച്ചു.

ഈ രക്തത്തിൽ എനിക്കു് പങ്കില്ലെന്നു്

ഞാൻ പറഞ്ഞു.

അവൾ എന്നെ രൂക്ഷമായി നോക്കി

“ഓ മനുഷ്യപുത്രാ”യെന്നു് മന്ത്രിച്ചു!

ചോരപുരണ്ട മണ്ണു് ദാഹിച്ചു് വിളിക്കുന്നു

പീഡനത്തെരുവുകൾ ഇനിയും

ഇനിയുമെന്നു് പുലഭ്യം പറയുന്നു.

റബ്ബീ നമുക്കു് പോകാം.

ഏഴു്

നഗരത്തിലെ പുക കാണാൻ

ഞങ്ങൾ ഇടയ്ക്കിടെ പോയിവന്നു.

ചിലപ്പോൾ എന്റെ വാക്കുകളിൽ

ചിലപ്പോൾ കൊച്ചു റബ്ബിയുടെ

കടവായിൽ ചോരകിനിഞ്ഞു.

“റബ്ബീ, നീയിന്നും മുതലവേട്ടക്കു്

പോയിയല്ലേ”യെന്നു് ഞാനും

“ഏതു് പോർക്കിറച്ചിയിലാണു് നിന്റെ

അഹിംസക്കു് വിരാമ”മെന്നു്

അവളും കളിയാക്കി.

ചിരിക്കുമ്പോൾ ഇടയ്ക്കിടെ

ഞങ്ങൾ ചോര തുപ്പി.

നഗരത്തിൽനിന്നു് ഒരു സ്ത്രീ

രാത്രിയിൽ ഭിക്ഷയാചിച്ചു

വരുന്നതായി ഗ്രാമീണർ പറഞ്ഞു.

അവളുടെ ഗോത്രവാദ്യത്തിനു് പിറകെ

ഓരോരുത്തരും നിദ്രാടകരെപ്പോലെ നടന്നു.

ചിലർ തിരിച്ചുവന്നില്ല

ചിലർ അവരുടെ

കുഴിമാടങ്ങൾ കണ്ടെത്തി.

ചില യുവാക്കൾ അവളെത്തേടി

അലഞ്ഞു തിരിയുകയും

കുറച്ചു ദിവസത്തിനകം

തീവണ്ടിയുടെ

മലിന ബോഗികളിൽക്കയറി

അവധൂതരെപ്പോലെ

നാടുവിടുകയും ചെയ്തു.

ആളൊഴിഞ്ഞ വീടുകളിൽനിന്നു്

പാമ്പിൻ മുട്ടകൾ പെറുക്കി

തിരികെ വരുമ്പോൾ

രാത്രിയുടെ അരണ്ട വെട്ടത്തിൽ

ഞങ്ങൾ അവളെ കണ്ടു.

കുന്നിക്കുരുവും മുട്ടയും വാഴപ്പഴവും

കാണിക്കവെച്ചു് ഞാൻ മുട്ടിലിരുന്നു.

മൂർദ്ധാവു് മണ്ണിലണച്ചു്

ഞാൻ അവളെ തൊഴുതു.

റബ്ബി എന്റെ തുടയിൽ മാന്തി.

അവൾ ഭാണ്ഡത്തിൽനിന്നു്

ആ പ്രാചീന തന്ത്രീവാദ്യം

പുറത്തെടുത്തു.

വിരലുകൾ കൊണ്ടു് മൃദുവായി

കണ്ണുകൾ പാതി കൂമ്പി

ആ മൺ വഴിയിൽ

സംഗീതമുണർത്തി…

നക്ഷത്രങ്ങൾ തീവ്രം ജ്വലിച്ചു

കാട്ടുപൂക്കൾ ഒരുമിച്ചു് പൂത്തു

റബി ജല്പനങ്ങളോടെ നിലത്തു് വീണു

മുട്ടയിൽനിന്നു് പാമ്പിൻ കുഞ്ഞുങ്ങൾ

പുറത്തേക്കിഴഞ്ഞു…

“ജീവജാലങ്ങൾ അവരവരുടെ

സംഗീതത്തോടൊപ്പം ജനിക്കുന്നു

മരണത്തിനു തൊട്ടുമുൻപു് ചിലർ

മാത്രം അതു് കേൾക്കുന്നു.

അവൾ പുറത്തു് തന്ത്രികൾ മീട്ടുന്നു

സംഗീതം നിന്റെ അകത്തുണരുന്നു.

മരണം ഈ ജാലവിദ്യയല്ലാതെ മറ്റെന്തു്”

റബ്ബി മന്ത്രിച്ചു.

ഞാൻ കാരുണ്യത്തോടെ അവളെ നോക്കി.

അവൾ ചിലമ്പഴിച്ചു് വിലാപങ്ങളോടെ

ഓടിപ്പോയി…

എട്ടു്

എവിടുന്നോ ഒരു കോങ്കണ്ണി മയിൽപീലിയുമായി

കൊച്ചു റബ്ബി വന്നു.

അതിനെ അവൾ കടിച്ചും മാന്തിയും

മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.

ഞാൻ അതിനെ പെട്ടെന്നു് കയ്യിലെടുത്തു്

പുസ്തകത്തിൽ ഒളിപ്പിച്ചു.

എന്റെ രാഷ്ട്രീയ കവിതകൾ റബ്ബി കടിച്ചുകീറി;

യാതൊരു ദയയും ദീക്ഷിക്കാത്ത

നിരൂപകരെപ്പോലെ.

“റബ്ബീ, അതിൽ പട്ടാളക്കാരെക്കുറിച്ചും

കർഷകരെക്കുറിച്ചും ഞാൻ

എഴുതിയ കവിതകളുണ്ടു്.

മരണാനന്തരം മാത്രം

ഒരു കവിയെ ആദരിക്കുന്ന ഈ

ജനതയെപ്പോലെ നീയുമെന്നെ

അവഗണിക്കരുതേ”

അനന്തരം അവളെന്റെ

പ്രണയകവിതകൾ തേടി…

തെരുവുനായ്ക്കളെപ്പോലെ

വിരഹത്താൽ ആക്രമിക്കപ്പെട്ട

എന്റെ ഹൃദയം; വിലക്കപ്പെട്ട

അതേ കാവ്യങ്ങൾ.

അവളതിൽ ചുണ്ടുകൾ ചേർത്തു്

ഒരു തേങ്ങലോടെ കണ്ണീരൊഴുക്കി.

ആ കോങ്കണ്ണി മയിൽപീലി പെറ്റു.

കുറ്റിക്കാട്ടിൽക്കിടന്നു്

സൂര്യനെ നോക്കി ഞാൻ കരഞ്ഞു.

എന്റെ പശുക്കൾ ഒരു നവജാത

ശിശുവിനെപ്പോലെ എന്നെ നക്കിത്തുടച്ചു.

റബി-

അവളുടെ പാവക്കുഞ്ഞുമായി

എവിടേക്കു് പോകുന്നു;

ഒരു നിഗൂഢ സഞ്ചാരിണിയെപ്പോലെ.

ഓരോ മടക്കത്തിലും

അതിനൊരു മുറിവു് പോലും ഏൽപ്പിക്കാതെ

അവൾ തിരികെയുമെത്തിക്കുന്നു.

ഒൻപതു്

റേഡിയോ യുദ്ധ വാർത്തകൾ

മുരണ്ടു: ‘ഫലസ്തീൻ ഇസ്രയേൽ

ഇന്ത്യ പാകിസ്ഥാൻ, സുഡാൻ,

ഉക്രൈൻ റഷ്യ…’

ഗ്രാമത്തിൽ അവശേഷിക്കുന്നവർക്കു്

അതിനെക്കുറിച്ചു്

ഒരു പിടിയും ഉണ്ടായിരുന്നില്ല.

തക്കാളിക്കും പച്ചമുളകിനുമൊക്കെ

വില കൂടുവാനുള്ള ഒരു കാരണം

മാത്രമാണു് യുദ്ധം!

വിലക്കയറ്റത്തിൽ റേഡിയോ മിണ്ടിയില്ലെങ്കിലും

അവർ അഗ്നിപ്പെടുത്തിയ

രാജ്യങ്ങളെക്കുറിച്ചു് കഥകൾ മെനഞ്ഞു.

അരിയും മണ്ണെണ്ണയും

ലഭിക്കുന്നില്ലെന്നു് അമ്മ പറഞ്ഞു.

ഇടയ്ക്കു് ഞങ്ങൾ പച്ചരി കുതിർത്തു്

തിന്നാൻ തുടങ്ങി…

റേഷൻ കാർഡുകളിൽനിന്നു്

മരിച്ചവരുടെ പേരുകൾ വെട്ടിക്കളയുകയല്ലാതെ

ഞങ്ങളുടെ ഗവൺമെന്റ് പൗരന്മാർക്കായി

മറ്റൊന്നും ചെയ്തില്ല.

രാജ്യം, ക്രിസ്തുവിനെ

വേർപെടുത്തിയ

കുരിശുപോലെ തകർന്നു.

വിശക്കുമ്പോൾ റബ്ബി

വാലിൽ കടിച്ചു് മെത്തയിൽ

യിൻ യാങ് പോലെ കിടന്നു.

ഇടയ്ക്കിടെ എന്റെ നെഞ്ചിൽ

അമർത്തി പാൽ ചുരത്താൻ ശ്രമിച്ചു.

റബ്ബീ ഞാനൊരു കാടല്ല!

അടുക്കളയിൽ മൂത്രമൊഴിക്കുന്ന

അവളുടെ സ്വഭാവവും

അതിനെ ചൊല്ലിയുള്ള അമ്മയുടെ

വഴക്കുണ്ടാക്കലും നിലച്ചതേയില്ല.

അത്ഭുതങ്ങളിൽ വിശ്വസിക്കാത്തവളെ

നിന്റെ പ്രാർത്ഥനയിൽ മത്സ്യമഴ പെയ്യുന്നു.

പത്തു്

റബ്ബീ-

നിന്റെ വാൽചലനങ്ങളിൽനിന്നു് ന്യായം പഠിച്ചു;

വീഴ്ചയിൽ നാലു കാൽക്കുത്തും

വിദ്യയിൽനിന്നു് വൈശേഷികവും.

വേർതിരിവുകളുടെ ദിനചര്യകളിൽനിന്നു്

സാംഖ്യയും മൂരി നിവർച്ചയിൽ യോഗയും

വശത്താക്കി ഞാൻ. വിരുദ്ധ ചെയ്വനകളിൽ

മീമാംസയും സ്ഥിരം ചിര സ്നേഹത്തിൽ

വേദാന്തവും ദർശിച്ചേൻ.

നിന്റെ മോഹങ്ങളുടെ കിളി പിടുത്തത്തിൽ,

ജാഗ്രത്തായ നിദ്രയിൽ ബുദ്ധനേയും

മുക്തയും സംസാരിയുമായ നിന്നിലെ

ജിനനേയും ഉണക്കമീൻ മാറിപ്പോയിത്തിന്നും

ചാർവാകനേയും ഹൃദിസ്ഥമാക്കി ഞാൻ.

നിന്റെ ഭാവങ്ങളിൽനിന്നു്

നാട്യശാസ്ത്രവും

ചലനങ്ങളിൽനിന്നു്

കാവ്യശാസ്ത്രവും

ശബ്ദങ്ങളിൽനിന്നു്

വ്യാകരണവും

മലമൊളിപ്പിക്കും

സാമൂഹ്യശാസ്ത്രവും

പുല്ലുതിന്നും

വൈദ്യശാസ്ത്രവും

ശത്രുവിനെ തളർത്തും

യുദ്ധതന്ത്രവും

നക്കിത്തുടയ്ക്കും ശുചിത്വവും

അറിഞ്ഞു ഞാൻ.

പതിനൊന്നു്

പ്രിയങ്കരിയായ റബ്ബീ

എന്നെ യാത്രയാക്കൂ…

ആ ചാറ്റൽ മഴയത്തു്

അവളെന്റെ കാലുകളിൽ നക്കി.

അവളെ കോരിയെടുത്തു്

ഞാൻ കഴുത്തിലുരുമ്മി

മൂർദ്ധാവിൽ മുത്തി.

റബ്ബീ, എനിക്കെന്റെ പ്രണയത്തെ

വീണ്ടെടുക്കേണ്ടതുണ്ടു്. വാരിയെല്ലിലെ

ആ പുഷ്പത്തെ ചുണ്ടോടു ചേർക്കേണ്ടതുണ്ടു്.

ഈ അപൂർണ്ണതയെ എനിക്കു്

എഴുതിനിറയ്ക്കാൻ ആവുന്നില്ല.

ചിലപ്പോൾ ഇനിയൊരു മടക്കമില്ലെന്നുമാവാം.

വിരസവേളകളിൽ,

മനുഷ്യൻ എങ്ങനെയാണു് മറ്റുള്ളവരെ

സ്നേഹിക്കേണ്ടതു് എന്നതിനെപ്പറ്റി

ഒരു കാവ്യം ചമയ്ക്കുക.

കുറിപ്പുകൾ

[1] ചെറിയ ഗുരുനാഥൻ.

രതീഷ് കൃഷ്ണ
images/ratheesh-krishna.jpg

1984-ൽ പാലക്കാട്, ചിറ്റൂരിലെ നമ്പൂതിരിചള്ളയിൽ ജനനം.

അച്ഛൻ: ടി. കൃഷ്ണൻ, അമ്മ: ദേവി ചെമ്പകശ്ശേരി.

ഇക്കണോമിക്സിൽ ബിരുദവും ചിറ്റൂർ ഗവ. കോളജിൽനിന്നു് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടി. കേരള സര്‍വ്വകലാശാലയില്‍ തിയേറ്റർ ആർട്സ് ആൻഡ് ഫിലിം ഏസ്തറ്റിക്സ് ഫോർ എഡ്യൂക്കേഷനിൽ എം. ഫിലും പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സിൽ ഗവേഷണവും പൂർത്തിയാക്കി.

ആദ്യ പുസ്തകം ബംഗാളി ഭാഷയിൽ ‘സഗോരേർ ഷേക്കോട് താരാ മുത്തോയ് പുരേച്ചിലോ’ (They clasped the roots of the ocean in their hands) A Collection of Malayalam Poems by Dr. Ratheesh Krishna—എന്ന പേരിൽ നിലാഞ്ജന ദാസ് വിവർത്തനം ചെയ്തു.

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കവിതകൾ Modern Literature-ലും Blooming in the Moonlight എന്ന കവിതാ സമാഹാരത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. Performance studies-ൽ ‘ഉടൽ വിലക്കപ്പെടുമ്പോൾ’ (Performance in the Time of Corona) എന്ന പുസ്തകം ഇറങ്ങി.

സംവിധാനം ചെയ്ത Girl Child’s Education എന്ന പരസ്യചിത്രം മലാല യൂസഫ്സായി ഫൌണ്ടേഷൻ At the last എന്ന ഗ്രൂപ്പിൽ പ്രകാശനം ചെയ്തു. Taboo എന്ന ഹ്രസ്വചിത്രം മാഞ്ചസ്റ്ററിലെ Big Home ഫെസ്റ്റിവലിലും The Eye of the Storm എന്ന ഡോക്യൂമെന്ററി ബീറ്റിൽസ് ബാൻഡിന്റെ സ്മരണാർത്ഥം ലിവർപൂളിൽ, Time Tunnel ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.

പെർഫോമിങ് ആന്റ് വിഷ്വൽ ആർട്സ് അധ്യാപകൻ.

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.

images/ratheeshkrishna1947@oksbi.jpg

Download QR Code

കൂടുതൽ വിവരങ്ങൾ ഇവിടെ.

Colophon

Title: Kochu Rabbi (ml: കൊച്ചു റബ്ബി).

Author(s): Ratheesh Krishna.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Poem, Ratheesh Krishna, Kochu Rabbi, രതീഷ് കൃഷ്ണ, കൊച്ചു റബ്ബി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 15, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Girl with cat, a painting by Rudolf Epp (1834–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.