- കെ സച്ചിദാനന്ദൻ:
- ഉണ്ണിയുടെ കാർട്ടൂണിനു വേണ്ടി—പത്രത്തിന്റെ നിലപാടുകൾ കൊണ്ടും—ഇന്ത്യൻ എക്സ്പ്രസ് വരുത്തുന്ന ഒരാളെന്ന നിലയിൽ ഈ ശേഖരം എന്നെ രസിപ്പിക്കയും ചിന്തിപ്പിക്കുകയും ചെയ്തു. വരയും വിചാരവും സമന്വയിക്കുന്ന ഇത്തരം മറ്റൊരു കാർട്ടൂണിസ്റ്റും ഇപ്പോൾ ഇൻഡ്യയിലുള്ളതായി എനിക്കറിവില്ല, ഒരു പക്ഷെ ഒറിജിത് സെൻ ഒഴികെ. അതിൽ പക്ഷേ നർമ്മത്തെക്കാൾ രോഷമാണ് മുന്നിട്ടു നിൽക്കുന്നത്. ഗീതയും ഞാനും ഗുഫ്ടുഗു തുടങ്ങുമ്പോൾ ആദ്യം ആലോചിച്ച കാര്യങ്ങളിലൊന്ന് ഉണ്ണിയുടെയും ഒറിജിത്തിന്റെയും കാർട്ടൂണുകളായിരുന്നു. ഉണ്ണിയുടെ പരിചയക്കുറിപ്പിൽ ആ believed to have വേണ്ടായിരുന്നു. അത് ശരി തന്നെയായിരിക്കെ.
- കെ സച്ചിദാനന്ദൻ:
- ലാങ്സ്റ്റൺ ഹ്യൂസ്: ഒരു പാട് ഓർമ്മകൾ. എഴുപതുകളിൽ കെ ജി എസ്സിന്റെ പരിഭാഷകൾ. ഫ്ളോയ്ഡ് കൊലയുടെ സന്ദർഭത്തിൽ ഈ ഉയിർത്തെഴുന്നേല്പിന്റെ പുതിയ പ്രസക്തി. പള്ളികളിലെ രഹസ്യ യോഗങ്ങളുടെ സന്ദേശം അsക്കം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിലെ ‘സ്പിരിച്ച ്വലുകൾ’ എന്നറിയപ്പെട്ട ക്രിസ്ത്യൻ സ്തുതിഗീതങ്ങൾ. കവിതകളിലും നോവലുകളിലും ചിത്രങ്ങളിലും നിറഞ്ഞു കിടക്കുന്ന അടിമത്തത്തിന്റെയും ചെറുത്തു നില്പിന്റെയും ആഖ്യാനങ്ങൾ. നല്ല പരിഭാഷകൾക്ക് വെങ്കിടിക്കു സ്തുതി.
- കെ എച്ച് ഹുസൈൻ:
- മരണത്തോളം ശ്വാസം മുട്ടുന്ന നീഗ്രോകളെയല്ല ഹ്യൂഗ്സിന്റെ കവിതകളിൽ കണ്ടത്. ഹതാശയരായി പലായനം ചെയ്യുന്ന സ്വന്തം ദേശത്തെ ജനങ്ങളെ, തീവണ്ടിച്ചക്രങ്ങളിൽ ചതഞ്ഞുപോയ വീടണയാനുള്ള സ്വപ്നങ്ങളെ, റെയിൽവെ സ്റ്റേഷന്റെ നിലത്ത് മരിച്ച അമ്മയോടൊത്ത് പുതപ്പിനടിയിൽ ചേർന്നുകിടക്കാൻ വെമ്പുന്ന കുഞ്ഞിനെ, ആകാശത്ത് പുഷ്പവൃഷ്ടി നടത്തുന്ന വിമാനങ്ങളെ, നിസ്വന്റെ പിടച്ചിലിൽ മുങ്ങിമരിച്ച സഹപാഠിയായ മുഹമ്മദലിയെ കറുത്തവരകൊണ്ട് മൂടിയ മോഹനനെ.
ആളുകൾ കടന്നുപോകുന്നത് കണ്ടോ?
ആകാശത്ത് വിമാനങ്ങൾ കണ്ടോ?…
വീട് ആ വളവിനപ്പുറം
അതാ, അവിടെ.
(പാർക്കിലെ കുട്ടി)
- ബഷീർ അബ്ദുൾ:
- നന്ദി. നല്ല വിവർത്തനം. സമയോചിതം. ലാങ്സ്റ്റൺ ഹ്യൂഗ്സ് കൂടി ചേർന്ന് എഡിറ്റ് ചെയ്ത An anthology of Black poetry എഴുപതുകളിൽ വായിച്ചതോർക്കുന്നു.
- എസ് എ ഷുജാദ്:
- കെ യു-വിന്റെ കഥ പോസ്റ്റ് ചെയ്തതിന് സായാഹ്നക്ക് നന്ദി. അനുബന്ധമായി ഒരു അനുഭവം കൂടി. യൂണി. കോളേജ് പഠനകാലത്ത് നേമത്തിന് സമീപമുള്ള കാരയ്ക്കാമണ്ഡപം എന്നൊരു ഗ്രാമത്തിൽ വയലോരത്ത് ഒരു മൺകുടിലിൽ സഹപാഠി സുഹൃത്ത് മോഹനനുമൊത്ത് കുറെ മാസങ്ങൾ 30 രൂപ മാസവാടകയ്ക്ക് താമസിച്ചിരുന്നു. അന്ന് വല്ലപ്പോഴും വീട്ടിൽ പോകുന്ന വഴി എ അയ്യപ്പൻ അവിടെ വരും. ഒരു ദിവസം തമ്പടിക്കും. അങ്ങനെ ഒരു ദിവസം എന്റെ വായനയെ അളക്കാനായി അയ്യപ്പണ്ണൻ ഒരു ചോദ്യമെടുത്തിട്ടു. “എടാ നീ കെ യു അബ്ദുൽ ഖാദറിന്റെ കഥ വായിച്ചിട്ടുണ്ടോ?” “ഇല്ലല്ലോ, അതാരാ?” “കൊള്ളാം, പിന്നെ നീ കഥയെഴുതീട്ട് ഒരു കാര്യവുമില്ല,” “ഞാൻ കേട്ടിട്ടില്ലാത്ത ഒരു പേരാണ്, എവിടെ കിട്ടും?” “അതൊന്നുമെനിക്കറിഞ്ഞൂട, പേര് ഞാമ്പറഞ്ഞു, വേണോങ്കി എവിടെന്നെങ്കിലും തപ്പി വായിക്ക്, ഭയങ്കര കക്ഷിയാണ് ഉഗ്രൻ കഥകളാണ്.” യൂണിവേഴ്സിറ്റി ലൈബ്രറിയിൽ തപ്പിയെങ്കിലും കിട്ടിയില്ല. പിൽക്കാലത്ത് പലയിടത്തും അന്വേഷിച്ചു. പിന്നെ പഠനകാലമൊക്കെ കഴിഞ്ഞപ്പോൾ അപൂർവ്വമായി കേട്ട പേരാണ് എ അയ്യപ്പന്റെതും. ആകെയുള്ള ‘ഉച്ചയുറക്കത്തിലെ സ്വപ്നങ്ങൾ’ എന്ന സമാഹാരം വളരെ വൈകിയാണ് കിട്ടിയത്. പക്ഷെ കെ യു-വിന്റെ കഥകൾ കിട്ടിയതേയില്ല. ആ പേര് മറന്നേ പോയി. ഇത്രയും കാലം വൈകിയതിൽ കുറ്റബോധം. ആദ്യമായാണ് ഒരു കെ യു-കഥ വായിക്കുന്നത്. തികഞ്ഞ ഒരു കമ്യൂണിസ്റ്റ്കാരന്റെ ഒരു കഥ. മികച്ച ആഖ്യാനം. കാരൂരിന്റെയൊക്കെ കഥയുടെ നിലവാരം. അര നൂറ്റാണ്ടിനും വളരെ മുമ്പ് ഒരു യാഥാസ്ഥിതിക സമൂഹം വാഴുന്ന കാലത്ത് ഇത്തരത്തിൽ ഒരു കഥയെഴുതാൻ സാധിച്ചത് അദ്ദേഹത്തിന് തികഞ്ഞ കമ്യൂണിസ്റ്റ് ബോധ്യങ്ങളുള്ളതുകൊണ്ടാകാം. കഥാകൃത്തിനെ നമിക്കുന്നു.
- കെ ജി എസ്:
- സക്കറിയയ്ക്കും സായാഹ്നായ്ക്കും നമസ്കാരം. ഇത് ഇന്നോളം ഉച്ചരിക്കപ്പെട്ടവയിൽ ഏറ്റവും ജീവനുള്ള വാക്കുകൾ. ഏറ്റവും ആഴമുള്ള കാഴ്ച. ഇത് ചിരംജീവിയായ കവിത, സംഗീതം. വരും കാലം ഇതിലേയ്ക്ക് ഇന്നത്തേക്കാൾ കൂടുതൽ വരും. ഇന്നത്തേക്കാൾ സിയാറ്റിൽ മൂപ്പന്റെ വാക്കുകളിലെ ഉദയാപരമ്പര കൂടുതൽ ആത്മാക്കളിൽ ഉദിക്കും. ഇതിലും തെളിമയുള്ളതായി ഇന്നത്തെ ഏറ്റവും തെളിഞ്ഞ തെളിനീര് പോലുമില്ല. അതിരപ്പിള്ളിയിൽ കോടാനുകോടി ജീവിവംശത്തെയും അവയുടെ ആവാസവ്യവസ്ഥയെയും കൊന്നൊടുക്കാൻ കൊലയാളിയായ ഏത് കുടിയേറ്റ/അധിനിവേശക്കാരന്റെയും കോടാലിയും രാസായുധങ്ങളുമെടുത്ത് പുറപ്പെട്ടു നിൽക്കുന്ന പുതിയ സർവ്വസംഹാരപദ്ധതിക്കാർക്കറിയില്ല അവരുടെ ഏറ്റവും വലിയ ഇര ഭാവിയാണെന്ന്. പ്രകൃതിക്കെതിരായ ചെറിയ ആശയപ്രയോഗം പോലും നമ്മുടെ അവകാശത്തിൽ പെട്ടതല്ല. സിയാറ്റിൽ മൂപ്പന് അത് അറിയാമായിരുന്നു. അത് ആയുധങ്ങളേക്കാൾ ആധുനികമായ മൂർച്ചയുള്ള ബോധം. അതിന്റെ പഴമ, തെളിനീരിന്റെ തെളിവായുവിന്റെ പഴമ. ആ അറിവാണ് മൂപ്പന്റെ വാക്കുകളിൽ തുളുമ്പുന്ന പ്രാണവായു. ഉദിക്കുന്ന വിവേകം. ഗോത്രങ്ങളിലേക്കും വലിയ ഗോത്രം പ്രകൃതിയാണെന്നറിയുന്ന, ജീവനോളം സ്വച്ഛ വിശുദ്ധമായ വേറൊരു പ്രത്യയ ശാസ്ത്രമില്ലെന്നറിയുന്ന, ഉറ്റവരാണ് ജീവികളൊക്കെയും എന്നറിയുന്ന, അറിവിലുമേറെ ഏതറിവ്? ഏതനുഭൂതി? വി മോഹനന്റെ ചിത്രങ്ങൾ സിയാറ്റിൽ മൂപ്പന്റെ വാക്കുകൾക്കും എത്ര പാകം! പാകമായിരുന്നു അവ സായാഹ്നയിൽ വന്ന കവിതകൾക്കും. അര നൂറ്റാണ്ടിലേറെയായി വരയിലും നിറത്തിലും ഉണർന്നിരിക്കുന്ന ഒരു ചരിത്രേന്ദ്രിയം മോഹനന്റെ രചനകളിൽ നിന്ന് നമ്മെ നിരീക്ഷിക്കുന്നു. സക്കറിയയ്ക്കും സായാഹ്നായ്ക്കും നമസ്കാരം.
- കെ സച്ചിദാനന്ദൻ:
- സിയാറ്റിൽ മൂപ്പന്റെ സത്യസുന്ദരമായ വാക്കുകൾ സക്കറിയയുടെ ശബ്ദത്തിൽ—സന്തോഷമായി. ഇതേ സിയാറ്റിലിലാണ് പുതിയ ജനകീയ പ്രതിരോധങ്ങളുടെ ഒരു പരമ്പര ആരംഭിച്ചതെന്നത് യാദൃച്ഛികമല്ല. മോഹനന്റെ ചിത്രീകരണവും ചേർന്നപ്പോൾ കണ്ണിനെയും കാതിനെയും ചിന്തയെയും ഒന്നിച്ചുണർത്തുന്ന മഹാനുഭവമായി ആ വിവേകിയുടെ മരണമില്ലാത്ത വാക്കുകൾ. ഇടത്തേയ്ക്കും വലത്തേയ്ക്കും മാത്രം നോക്കിയാൽ ഭാവികാണാനാവില്ല—പിന്നിലേയ്ക്കും മുന്നിലേയ്ക്കും കൂടി നോക്കണം.
- ഇ വി രാമകൃഷ്ണൻ:
- പവിത്രമായ ചിലതുണ്ടെന്ന, വാങ്ങാനും വിൽക്കാനും കഴിയാത്ത പലതുണ്ടെന്ന ഈ ഓർമപ്പെടുത്തൽ, വളരെ ആഴത്തിൽ നിന്ന് വരുന്ന ഈ വിലാപസ്വരം അടുത്ത തലമുറയെങ്കിലും കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുക. സമയം വളരെ വൈകിയെന്നവർ തിരിച്ചറിഞ്ഞേക്കും. സക്കറിയയുടെ പരിഭാഷ മൂപ്പന്റെ സത്യസന്ധതയും, വിവേകവും, അനുകമ്പയും, ചരിത്രബോധവും, ദീർഘദർശനവും പരകായപ്രവേശത്തിലൂടെ മലയാളത്തിന്റേതാക്കിയിരിക്കുന്നു. സമയോചിതമായ അർത്ഥപൂർണമായ ഇടപെടൽ. സായാഹ്നയ്ക്ക് നന്ദി.
- ശ്രീദേവി കർത്താ:
- എപ്പോൾ വായിച്ചാലും കണ്ണുനീരിൽ മുങ്ങിപോകാതെ മുഴുമിക്കാൻ കഴിയില്ല സിയാറ്റിൽ മൂപ്പന്റെ സന്ദേശം. ഇതിനേക്കാൾ മഹത്തായ ഒരു സന്ദേശം മനുഷ്യരാശിക്ക് കൈമാറാനില്ല. അതിരപ്പിള്ളി കണ്മുന്നിൽ നിന്നു മറഞ്ഞു പോയേക്കാമെന്നു സത്യം മുന്നിൽ നിൽക്കുമ്പോൾ അതിനെതിരെ പോരാടാൻ ഇതിനേക്കാൾ ഉന്നതമായ ഒരു ആഹ്വാനമില്ല. ഈ ഗ്രൂപ്പിൽ ഉള്ള എന്റെ പ്രിയപ്പെട്ട അനിയത്തി രണ്ടു വർഷത്തോളം പഠനത്തിന്റെ ഭാഗമായി Native Indians-നൊപ്പം അവരുടെ റിസേർവ്-കളിൽ ചെലവഴിച്ചിരുന്നു. വെളുത്ത വർഗം ഇപ്പോഴും ഇഞ്ചിഞ്ചായി അവരുടെ സ്വത്വബോധത്തെ എങ്ങനെ തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നും അതിനെ ഒരു ജനത തങ്ങളുടെ പൂർവികരുടെ മഹത്തായ മനോഭാവം മാത്രം കവചമാക്കി എങ്ങിനെ പ്രതിരോധിക്കുന്നു എന്നും വേദനയോടെ പങ്ക് വച്ചിരുന്നു. ഇന്നത്തെ ഈ പോസ്റ്റിന് വളരെ നന്ദി. സക്കറിയയുടെ പരിഭാഷ സുന്ദരം ശക്തം. മറ്റൊന്നുള്ളത് ഈ സന്ദേശം മൂപ്പൻ നൽകിയത് അദ്ദേഹത്തിൻറെ Lushootseed എന്ന ഭാഷയിലാണ്. അതിനെ Victorian oratory മാതൃകയിലേക്ക് മൊഴി മാറ്റിയത് Dr Henry A Smith എന്ന വെള്ളക്കാരൻ ആണെന്നും കരുതപ്പെടുന്നു.
- ലിസ്സി മാത്യു:
- ജീവിച്ചിരുന്നപ്പോൾ അവകാശപ്പെടാനാകാതിരുന്ന ഇടങ്ങളുടെ ജീവപ്രവാഹമായി നിലകൊള്ളുന്ന പൂർവികരെ കുറിച്ചുള്ള സിയാറ്റിൽ മൂപ്പന്റെ വാക്കുകൾ ഏറെ പ്രസക്തമാണ്. മനുഷ്യജീവിതത്തെ പ്രകൃതി ചുരുട്ടിയെറിയുന്ന ഇക്കാലത്തും നമ്മൾ കൈക്കൊള്ളുന്ന വികസന നിലപാടുകൾ എത്ര വികലമാണെന്ന് അദ്ദേഹം പറഞ്ഞു തരുന്നു. നാം ഓർക്കാത്ത പൂർവികരുടെ ചൈതന്യം ഭൗമോപരിതലത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടാവും നക്ഷത്രങ്ങളായും മഞ്ഞായും മഴയായും കാറ്റായും അത് തിരിച്ചറിയാൻ കഴിയുന്നവന് പ്രകൃതിയെ ദ്രോഹിക്കാൻ ആവില്ല. സർവ്വ പ്രകൃതി സൗഭാഗ്യങ്ങളുടെയും ഇടമായിരുന്ന ഏദൻ തോട്ടത്തിൽനിന്ന് ആദവും ഹവ്വയും പുറത്താക്കപ്പെട്ടത് വിലക്കപ്പെട്ടത് എന്തൊ ചെയ്തിട്ടാണ്. പ്രകൃതി വിലക്കിയത് ചെയ്യാതിരിക്കുക. മനുഷ്യൻ പുറത്താകും. കാലം അത് കൃത്യമായി പറഞ്ഞു തരുന്നുണ്ട്. വടക്കൻ കേരളത്തിലെ തെയ്യങ്ങളെ കുറിച്ച് അന്വേഷിച്ചു നടന്നപ്പോൾ മൂപ്പനെ പലവട്ടം ഞാൻ അനുഭവിച്ചിട്ടുണ്ട്. പൂർവികരെ തോറ്റം ചൊല്ലി മലയിറക്കി കൊണ്ടുവന്നു ആശീർവാദം വാങ്ങി തിരികെ മലകയറ്റി വിടുന്ന ആരാധന അനുഭവമാണ് തെയ്യം. കാറ്റും മഴയും അതിശക്തമായി വീശിയടിച്ചു പേടിപ്പിച്ച പുലർകാലത്ത് ഏഴാംനിലയിലിരുന്ന് സിയാറ്റിൽ മൂപ്പൻ വായിച്ചത് വീണ്ടുവിചാരം തന്ന വൈകാരിക അനുഭവമായി. മണ്ണടരുകൾക്ക് മീതെ ഉയരത്തിൽ മഴപ്പെയ്ത്തിലെ ആത്മാക്കളുടെ സംവാദം. സക്കറിയ സാറിനും സായാഹ്നക്കും ഹൃദയം നിറഞ്ഞ നന്ദി!
- ഗീതാ നസീർ:
- വടക്കൻ കേരളത്തിൽ കൂടുതലും കാവും തെറയുമാണ്. പൂവങ്കോഴിയെ കുരുതി കഴിച്ചു കൊടുങ്ങലൂരമ്മയ്ക്കും കൊട്ടിയൂർ ദേവിക്കും വേണ്ടി നേർച്ച നടത്തുന്ന മന്നൻ മൂപ്പനെന്ന അയൽവാസിയെ സാകൂതം കണ്ടുനിന്നിട്ടുണ്ട് ബാല്യത്തിൽ. വയലിലെ ഇടവേള കൃഷി സമൃദ്ധിയിൽ വരമ്പിലൂടെ ഉടുക്കു കൊട്ടി ആർത്തുവരുന്ന കോതാമൂരിയും പോതിയും നാട്ടുനന്മ വിളിച്ചോതുന്ന തിറ ദൈവങ്ങൾ. അധഃസ്ഥിതർ എന്ന് സ്മൃതികാരന്മാർ അപമാനിച്ച ഈ തെയ്യവും തിറകളും കെട്ടിയാടിയവരാണ് കാവുകളെയും പ്രകൃതിയെയും കാത്തുസൂക്ഷിച്ചതു്, സിയാറ്റിൽ മൂപ്പനെപ്പോലുള്ള നമ്മുടെ മൂപ്പന്മാർ. വനാവകാശനിയമം ഇന്നവരെ ആട്ടിപ്പായിക്കുന്നു. നമുക്ക് കണ്ടില്ലെന്നു നടിക്കാം. അപ്പോഴും മൂപ്പന്റെ വാക്കുകൾ മുഴങ്ങി നിൽക്കും. പ്രകൃതിയുടെ മതികെട്ടിൽത്തട്ടി പ്രതിധ്വനിക്കും. മണ്ണ് മാത്രം മതിയോ? വിണ്ണു വേണ്ടേ…
- മഞ്ജു, കണ്ണൂർ സർവകലാശാല മലയാളം ഗവേഷക:
- സായാഹ്നയിൽ ഒരംഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. സായാഹ്ന തരുന്ന വായനാനുഭവം മികച്ചതാണ്. ഓരോ ദിവസവും തുടങ്ങുന്നത് സായാഹ്നയോടപ്പം. സക്കറിയ സാർ, സിയാറ്റിൽ മൂപ്പന്റെ വിശ്വപ്രസിദ്ധമായ പ്രസംഗത്തിന്റെ പുനരവതരണത്തിലൂടെ നല്കിയത് ഏറ്റവും ഹൃദ്യമായ നോവ് പടർത്തുന്ന വായനാനുഭവമാണ്. ‘ഇലകൾ ചുരുളഴിക്കുന്ന’ മർമ്മരം പോലും കേൾക്കുന്ന സിയാറ്റിൽ മൂപ്പന്റെ വാക്കുകൾ ജീവന്റെ തുടിപ്പുകളായി ഹൃദയത്തിൽ തൊട്ടു നില്ക്കുന്നു. സ്നേഹം നന്ദി!
- Raman Nair:
- This is the cream of every thing about eco-philosophy ever written by man. In Bible, Quran, in Pritvisūktā of Rigvēda and all. But Seattle Chief never read any of these. It was there in the minds and hearts of his people, thousands of years ago. But it is not a speech as Zakaria quotes. The context is more touching. During the days when Silent Valley movement was alive in thought, we made a translation and printed it as a pamphlet (as an issue of a little magazine we started then) some five thousand copies which were distributed among the participants of meetings of kssp and also college/school students all over Kerala. Two three days ago, while I was searching old collections, I came upon it and was thinking of republishing it or appending it to Caṭṭampi Swāmi’s ‘Jīvakāruṇya Nirūpaṇam’. Greatly surprised to see it in so beautiful an edition. Great. A thousand thanks. Love.
- Archana:
- Chief Seattle’s speech which ends with the lines “The end of living and the beginning of survival” has always left me in tears and wonder about the Native philosophy that refuses to distinguish Man and Nature as “us” and “them”. When we claim anything in Nature, say a tree or a water body as “ours”, it is to exploit it, they claim everything as theirs and hold themselves responsible and accountable for them and safeguard them. Thank you for that wonderful Malayalam translation at such a relevant time! Happy to be here.
- ഐറിസ് കൊയ്ലിയോ:
- സിയാറ്റിൽ മൂപ്പൻ കാലാതീതമായ അതിജീവനത്തിന്റെ സ്വരമാണ്… ചുവന്ന മുഖമുള്ളവരുടെയും വെളുത്ത മുഖമുള്ളവരുടെയും ദൈവമായ പ്രകൃതിയുടെ മുഴുവൻ ദൈവത്തിന്റെ ശബ്ദം. അദ്ദേഹത്തിന്റെ ചിത്രം തന്നെ എല്ലാമറിയുന്ന ഒരപൂർവ സാന്നിധ്യം എന്തെന്ന് കാട്ടിത്തരുന്നു. ഇന്നിന് നഷ്ടപ്പെട്ട മുഖം… സ്വാർഥവും അധികാരമോഹവും ക്രൂരതയും കൊണ്ട് മനുഷ്യഛായ നഷ്ടമായ പ്രകൃതിയുടെ അസുരജന്മങ്ങളുടെ വീട്ടാക്കടങ്ങൾ! മലയിറങ്ങേണ്ടി വരുന്ന ഒരപൂർവംശത്തിന്റെ ഉള്ള് കടയുന്ന ചിന്താണിത്… മണ്ണിലും വിണ്ണിലും മാറി മാറി വരുന്ന ഋതുക്കളിലും ഇന്നലെ ജീവിച്ചവരുടെ പവിത്രസാന്നിധ്യം കാണുന്ന, മൊഴിവഴികൾക്കുമപ്പുറമുള്ള നാൾവഴികളുടെ പാരമ്പര്യം പുലരുന്ന ഇനിയും മരിക്കാത്ത ഭൂമിയുടെ ഒപ്പാരിയല്ലേ സിയാറ്റിൽ മൂപ്പന്റേതും… ആർക്കാണ്, ആരിൽ നിന്നാണ്, ആരിലേക്കാണ് മണ്ണും വിണ്ണും വാങ്ങുകയും വില്ക്കുകയും ചെയ്യാനാവുക? ലജ്ജാവഹം! വെളുത്ത മുഖമുള്ളവന്റെ അഹന്ത നിറഞ്ഞ ഉദാരതയ്ക്കും അവൻ മെനഞ്ഞെടുത്ത ദൈവത്തിനും തലയുയർത്താനാവാത്ത ചോദ്യമാണ് മൂപ്പന്റേത്… പ്രാർഥന ഉരുവിടും പോലെ ഒരു രക്ഷാ മന്ത്രം പോലെ… “പൊന്തകളെവിടെ പൊയ്ക്കഴിഞ്ഞു… കഴുകനെവിടെ പൊയ്ക്കഴിഞ്ഞു… ജീവിതത്തിന്നന്ത്യം… അതിജീവനത്തിന്റെ തുടക്കം… ” പ്രിയ എഴുത്തുകാരൻ സഖറിയയുടെ ഉള്ളുതൊട്ടുചാലിച്ച മൊഴിമാറ്റം… സായാഹ്നാ, ഈ തിലോദകത്തിന് നന്ദി!
- സി സന്തോഷ്കുമാർ:
- ശ്രീ സക്കറിയയുടെ സിയാറ്റിൽ മൂപ്പന്റെ പ്രസംഗത്തിന്റെ പ്രൗഢമായ പുനരവതരണം. ആത്മാവിനെ സ്പർശിക്കുന്ന, ഹൃദയം ദ്രവിപ്പിക്കുന്ന വാക്കുകൾ. കവിതകളുടെ കവിത. കണ്ണു നനയാതെ വായിച്ചു തീർക്കാനാവില്ല. ശ്രീ മോഹനന്റെ ഗംഭീര ചിത്രങ്ങളും.
- സക്കറിയ:
- മൂപ്പന്റെ പ്രസംഗത്തിന് പ്രായമില്ല. അതിനു കാല-ദേശ ഭേദമില്ല. അതൊരു കറകളഞ്ഞ ക്ലാസിക് ആണ്—യേശുവിന്റെ മലമുകളിലെ പ്രസംഗം പോലെ. അതിലുള്ളത് ഹൃദയത്തിൽ നിന്നുയരുന്ന നിത്യസത്യങ്ങളാണ്; നിഷേധസാധ്യമല്ലാത്ത വാസ്തവങ്ങളാണ്. ഒന്നര നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും അവ വെൺമേഘങ്ങളിൽ നിന്നുതിരുന്ന ഇടിമുഴക്കം പോലെ അത്ഭുതപ്പെടുത്തുന്നു. അവ പ്രഖ്യാപിക്കുന്ന സത്യങ്ങളുടെ സമകാലീനത സജീവമാണ്. അദ്ദേഹം പറയുന്ന പ്രമാണിമാരുടെ പേരുകളുടെ സ്ഥാനത്ത് ഇന്നത്തെ പ്രമാണിമാരുടെ പേരുകൾ വച്ചു നോക്കൂ. മൂപ്പൻ മുന്നോട്ട് വയ്ക്കുന്ന ഭൂമി-പ്രകൃതി-മനുഷ്യൻ-സമവാക്യം ഇത്രയും ചുരുങ്ങിയ വാക്കുകളിൽ ഇത്രയും ഉദാത്ത സൗന്ദര്യത്തോടെ ആരും അവതരിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഒരു പക്ഷെ നൂറോ ആയിരമോ വർഷം കഴിഞ്ഞും ഭൂമിയെയും പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്നവർ മൂപ്പന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കും—അന്നും ഭൂമിയും മനുഷ്യനും ഉണ്ടെങ്കിൽ.
(ജൂൺ ഒന്നു മുതൽ തുടങ്ങുന്ന ആഴ്ചയിൽ ലഭിച്ച പ്രതികരണങ്ങളാണു് മുകളിൽ കൊടുത്തിരിക്കുന്നതു്.)