ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
[1] 62-ാം സൂക്തത്തിലെ 10-ാം പദ്യം നോക്കുക. അസാധാരണൻ–അത്യനുരക്തന്‍ എന്നർത്ഥം. കറുപ്പ്–രാത്രിയിലെ ഇരുട്ട്.
[2] തിന്മൻ–പണി എന്ന അസുരൻ. അംഗിരസ്സുകളാല്‍ സ്തുതിയ്ക്കപ്പെട്ട അഗ്നി പണിയെ കൊന്നു. പകലോനെ (സൂര്യനെ) പൈക്കളും കണ്ടെത്തി: പണിയാല്‍ അപഹരിയ്ക്കപ്പെട്ട പൈക്കൾ ഒരു ഗുഹയിലായിരുന്നുവല്ലോ; അവ ഗുഹയില്‍നിന്നു കേററപ്പെട്ടു സൂര്യപ്രകാശം കണ്ടു.
[3] അവര്‍–അംഗിരസ്സുകൾ. തന്തിരുവടി–അഗ്നി.
[4] വിഭക്തനായ–പ്രാണാപാനാദിപഞ്ചവായുക്കളായി വിഭജിയ്ക്കുപ്പെട്ട. വായു–വ്യാനൻ. മുഖ്യപ്രാണനായ വ്യാനവായുവാലാണ്, ബലസാധ്യങ്ങളായ പ്രവൃത്തികൾ നടക്കുന്നത്; അരണിമഥനത്തിന്നു ബലം വേണമല്ലോ; അതിനാല്‍, മഥനകര്‍ത്തൃത്വം വ്യാനന്നു കല്പിച്ചു. ഗൃഹം–യാഗശാല. ഭൃഗുതുല്യൻ–യജമാനന്‍. സഖ്യം സാധിപ്പാന്‍ ദൂതനെ അയയ്ക്കുമല്ലോ; അതുപോലെ, ദേവസഖ്യത്തിന്ന് അഗ്നിയെ ദൂതനാക്കി.
[5] ഈ സത്ത്–ഭൂമിയുടെ സത്തായ ഹവിസ്സ്. തീണ്ടുന്നവകക്കാര്‍–രാക്ഷസാദികൾ. സ്വപുത്രി–പിറക്കാൻ തുടങ്ങുന്ന സ്വന്തം മകൾ. പുലര്‍കാലത്ത് അഗ്നി നിഷ്പ്രഭനാകുമല്ലോ; അതിനെ ആസ്പദമാക്കിയാണ്, ഈ കല്പനം. സൂര്യന്‍ വൈകുന്നേരം തന്റെ തേജസിനെ അഗ്നിയില്‍ നിക്ഷേപിയ്ക്കുന്നു എന്നും, അഗ്നി പുലര്‍കാലത്ത് അതിനെ സൂര്യന്നു തിരിച്ചുകൊടുക്കുന്നു എന്നും ശ്രുതിവാക്യങ്ങളുണ്ട്.
[6] കാമയമാനൻ–ഹവിസ്സിനെ കാമിയ്ക്കുന്നവന്‍. രണ്ടിടങ്ങളില്‍–മധ്യമോത്തമസ്ഥാനങ്ങളില്‍. വർദ്ധിതൻ = ജ്വലിപ്പിയ്ക്കുപ്പെട്ടവൻ. പ്രേരിപ്പിയ്ക്കപ്പെടുന്ന–യുദ്ധത്തിന്നയയ്ക്കപ്പെടുന്ന. അഗ്നിയെ പ്രസാദിപ്പിച്ചു യുദ്ധത്തിന്നു പോയ തേരാളി (രഥികൻ) ശത്രുക്കളെ ജയിച്ചു, ധനങ്ങൾ കൈക്കലാക്കും.
[7] അനുഭവപ്പെടുന്നില്ല–ജ്ഞാതികൾക്കു കൊടുക്കാന്‍ വേണ്ടുവോളം അന്നം ഞങ്ങളുടെ പക്കലില്ല.
[8] അന്നത്തിന്നായി–സസ്യോല്‍പത്തിയ്ക്കായി. മഴവെള്ളം അഗ്നിയോടു (ഊഷ്മാവിനോടു) ചേരുമ്പോളാണല്ലോ, സസ്യങ്ങളുണ്ടാവുക. ശോഭനകർമ്മാവിനെ–പുത്രനെ. ജനിപ്പിയ്ക്കട്ടെ–ഞങ്ങൾക്കു സല്‍പുത്രൻ പിറക്കാന്‍ അനുഗ്രഹിയ്ക്കട്ടെ. പ്രേരിപ്പിയ്ക്കുക–ആ പുത്രനെക്കൊണ്ടു സല്‍ക്കർമ്മങ്ങൾ ചെയ്യിയ്ക്കുക.
[9] മനസ്സെന്നപോലെ–മനോവേഗത്തില്‍. രാജാക്കൾ = ശോഭമാനര്‍. അമൃത്–മധുരമായ പാൽ. അഗ്നേ, അങ്ങുതന്നെയാണ്, ഇങ്ങനെ സര്യാദിരൂപേണ വർത്തിയ്ക്കുന്നത് എന്നു താല്‍പര്യം.
[10] അച്ഛൻ–മുത്തച്ഛനായ വസിഷ്ഠന്‍. വസിഷ്ഠപുത്രനായ ശക്തിയുടെ പുത്രനത്രേ, പരാശരന്‍. കവി–ക്രാന്തദർശി. രശ്മി–സൂര്യകിരണം. മുമ്പേ–ജര പിടിപെടാതാക്കേണമേ, എന്നെ മരണരഹിതനാക്കേണമേ എന്നു സാരം.