പ്രജാപതിപുത്രൻ യക്ഷ്മനാശനൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
ഭവാനെ ജീവിച്ചിരിപ്പാൻ, അഞ്ജാതരോഗത്തിൽനിന്നും രാജയക്ഷ്മാവിൽനിന്നും ഞാൻ ഹവിസ്സുകൊണ്ടു മോചിപ്പിയ്ക്കാം. അഥവാ, ഇയ്യാളെ ഇപ്പോൾ പിശാചു പിടികൂടിയിരിയ്ക്കയാണെങ്കിൽ, ഇന്ദ്രാഗ്നികളേ, അതിൽനിന്ന് ഇയ്യാളെ നിങ്ങൾ മോചിപ്പിയ്ക്കുവിൻ! 1
ആയുസ്സറ്റു എന്നിരിയ്ക്കട്ടെ, മരിച്ചു എന്നിരിയ്ക്കട്ടെ, മൃത്യുവിന്റെ അടുക്കൽ കൊണ്ടുപോയിക്കഴിഞ്ഞു എന്നുതന്നെയിരിയ്ക്കട്ടെ: ഇയ്യാളെ ഞാൻ നിര്യതിയുടെ മടിയിൽനിന്നു കൊണ്ടുപോരും; ഒരു നൂറ്റാണ്ടു ജീവിപ്പാൻ കരുത്തനുമാക്കും! 2
ആയിരം കണ്ണും, നൂറാണ്ടും, നൂറുവയസ്സുമുള്ള ഹവിസ്സുകൊണ്ടു ഞാൻ ഇയ്യാളെ വീണ്ടേടുക്കും: ഇന്ദ്രൻ ഇയ്യാളെ നൂറുകൊല്ലത്തെയ്ക്കു, സർവദുരിതത്തിന്റെയും മറുകരയിലണയ്ക്കട്ടെ! 3
ഭവാൻ നൂറുശരത്തു മുഴുവൻ, നൂറു ഹേമന്തം മുഴുവൻ, നൂറുവസന്തം മുഴുവൻ അഭിവൃദ്ധിയോടേ ജീവിച്ചിരിയ്ക്കുക: ശതായുസ്സായ ഹവിസ്സിനാൽ ഇന്ദ്രാഗ്നികളും സവിതാവും ബൃഹസ്പതിയും ഇയ്യാളെ തിരിച്ചുതന്നിരിയ്ക്കുന്നു! 4
ഭവാനെ ഞാൻ കൊണ്ടുപോന്നു – ഭവാനെ ഞാൻ കൈക്കലാക്കി: വീണ്ടും പിറന്നവനേ തിരിച്ചുവരൂ. സർവാംഗസഹിത, ഭവാനു സർവ്വേന്ദ്രിയവും, ഭവാനു സർവായുസ്സും ഞാൻ നേടിയിരിയ്ക്കുന്നു! 5
[1] രോഗിയോട്: രാജയക്ഷ്മാവ് = ക്ഷയം.
[2] നിര്യതി – ആയുസ്സു ക്ഷയിപ്പിയ്ക്കുന്ന പാപദേവത.
[3] ആയിരം കണ്ണും, നൂറാണ്ടും, നൂറുവയസ്സുമുള്ള – ഫലത്വേന ആയിരം കണ്ണുകളെയും നൂറു വയസ്സിനെയും ഉളവാക്കുന്ന. നൂറാണ്ടും നൂറുവയസ്സും ഒന്നുതന്നെ.
[4] ആദ്യവാക്യം രോഗിയോട്:
[5] രോഗിയോട്: രോഗശാന്തികരങ്ങളത്രേ, ഈ മന്ത്രങ്ങൾ.