വിശ്വാമിത്രപുത്രൻ പുരണൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
ഇന്ദ്ര, മത്തുപിടിപ്പിയ്ക്കുന്ന പുരോഡാശാദിസഹിതമായ ഇതു നിന്തിരുവടി നുകർന്നാലും: തേർ വലിച്ച ഹരികളെ ഇവിടെ അഴിച്ചുവിടുക. മറ്റു യഷ്ടാക്കൾ അങ്ങയെ അത്ര ഇമ്പപ്പെടുത്തരുത്; ഇതാ, അങ്ങയ്ക്കായി പിഴിഞ്ഞതു്. 1
ഇന്ദ്ര, അങ്ങയ്ക്കാണു്, പിഴിഞ്ഞതു്; പിഴിയാൻപോകുന്നതും അങ്ങയ്ക്കുതന്നെ. തെരുതെരെ പുറപ്പെടുന്ന സ്തുതികളും അങ്ങയെത്തന്നേ വിളിയ്ക്കുന്നു. സർവജ്ഞനായ ഭവാൻ ഇപ്പോൾ ഈ സവനത്തിൽ സംബന്ധിച്ച്, ഇവിടെ സോമം നുകർന്നാലും!2
യാതൊരു ദേവകാമൻ സാഭിലാഷമായ പൂർണ്ണമനസ്സോടേ ഇന്ദ്രന്നു സോമം പിഴിയുമോ, അവന്റെ ഗോക്കളെ അവിടുന്നു ക്ഷയിപ്പിയ്ക്കില്ല; അവന്നു ശോഭനവും പ്രശസ്തവുമായ (ധനം) കല്പിച്ചുകൊടുക്കും! 3
യാതൊരു ധനികരിൽ മഘവാവിന്നു സോമം പിഴിയുമോ, അവന്നു തന്തിരുവടി പ്രത്യക്ഷനാകും: അവനെ അവിടുന്നു കൈപിടിച്ചു കാത്തരുളും; അപേക്ഷിയ്ക്കപ്പെടാതെതന്നേ ബ്രഹ്മദ്വേഷികളെ ഹനിയ്ക്കും! 4
ഇന്ദ്ര, അശ്വത്തെയും ഗോവിനെയും അന്നത്തെയും കാംക്ഷിയ്ക്കുന്ന ഞങ്ങൾ അങ്ങയെ പ്രാപിപ്പാൻവേണ്ടി വിളിയ്ക്കുന്നു: ഞങ്ങൾ അങ്ങയുടെ പുതിയ നന്മമനസ്സിൽ വർത്തിച്ചു, സുഖകരനായ അങ്ങയെ വിളിയ്ക്കുമാറാകണം! 5