കശ്യപഗോത്രൻ വിവൃഹാവ് ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; രോഗശാന്തി ദേവത.
നിന്റെ കണ്ണിൽനിന്നു, മൂക്കിൽനിന്നു, ചെവിയിൽനിന്നു, താടിയിൽനിന്നു, തലയിൽനിന്നു, തലച്ചോറിൽനിന്നു, നാവിന്മേൽ നിന്നു, നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 1
നിന്റെ കഴുത്തിലെ പെരുഞരമ്പുകളിൽനിന്ന്, എല്ലുകളിൽ നിന്ന്, എല്ലേപ്പുകളിൽനിന്നു, കൈപ്പടങ്ങളിൽനിന്നു, ചുമലുകളിൽ നിന്നു, കൈകളിൽനിന്നു, നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 2
നിന്റെ കുടരിൽനിന്നും, കുഴലുകളിൽനിന്നു, പെരുംകുടരിൽ നിന്നു, ഹൃദയത്തിൻനിന്നു, വൃക്കങ്ങളിൽനിന്നു, യകൃത്തിൽനിന്നു, മാംസങ്ങളിൽനിന്നു, നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 3
നിന്റെ തുടമേൽനിന്നു, കാൽമുട്ടിന്മേൽനിന്നു, മടമ്പിൽനിന്നു, പുറവടിയിൽനിന്നു, ജഘനത്തിൽന്നു, ഒളിതിരണ്ട പായുവിൽ നിന്നു നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 4
നിന്റെ മൂത്രം വീഴ്ത്തുന്ന മേഢ്റത്തിൽനിന്നു, രോമങ്ങളിൽ നിന്നു, നഖങ്ങളിൽനിന്ന് – എല്ലാദ്ദേഹത്തിൽനിന്നും – നിനക്കുള്ള രോഗം ഞാൻ പറിച്ചുനീക്കാം! 5
അവയവത്തിൽനിന്ന് അവയവത്തിൽനിന്നു, രോമത്തിൽ നിന്നു രോമത്തിൽനിന്നു്, എപ്പിൽനിന്ന് – നിന്റെ എല്ലാദ്ദേഹത്തിൽനിന്നും – രോഗം ഞാൻ പറിച്ചുനീക്കാം! 6