അംഗിരോഗോത്രൻ പ്രചേതസ്സ് ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; ദുസ്സ്വപ്നശാന്തി ദേവത.
കിനാവിന്റെ ഉടമസ്ഥ, നീ വിട്ടുപോവുക: കാൽ നീട്ടിനീട്ടിവെയ്ക്കുക. അലകത്തെങ്ങാനും പാർത്തുകൊള്ളുക. അവിടെ നിര്യതിയോടു പറഞ്ഞേയ്ക്കണം: വളരെയുണ്ട്, ജീവിച്ചിരിയ്ക്കുന്നവന്റെ മനസ്സിൽ! 1
(എല്ലാവരും) നല്ല വരം പ്രാർത്ഥിയ്ക്കുന്നു; നല്ലതു ധാരാളം നേടുകയും ചെയ്യുന്നു. യമങ്കൽ, നല്ലതായിവരട്ടെ കാഴ്ച: വളരെയെണ്ണത്തിലാണു്, ജീവിച്ചിരിയ്ക്കുന്നവന്റെ മനസ്സ്! 2
ഞങ്ങൾ ജാഗ്രത്തിലോ സ്വപ്നത്തിലോ, വേണ്ടിയോ, വേണ്ടാതെയോ ചെയ്തുപോയ എല്ലാക്കെടുപാപങ്ങളെയും അഗ്നി ഞങ്ങളിൽ നിന്ന് അകറ്റിനിർത്തട്ടെ! 3
ഇന്ദ്ര, ബ്രഹ്മണസ്പതേ, ഞങ്ങൾ ദ്രോഹം ചെയ്തിരിയ്ക്കാം: അംഗിരോഗോത്രത്തിലെ പ്രചേതസ്സെന്ന എന്നെ ശത്രുപീഡയിൽ നിന്ന് (ഇന്ദ്രൻ) രക്ഷിയ്ക്കട്ടെ! 4
ഞങ്ങൾ ഇപ്പോൾ ജയിയ്ക്കണം, നേടണം, നിരപരാധരാകണം: ഞങ്ങളുടെ ജാഗ്രൽസ്വപ്നപാപം, ഞങ്ങൾക്കു ദ്വേഷം ആരിലോ ആവങ്കലണയട്ടെ – ഞങ്ങളെ ദ്വോഷിയ്ക്കുന്നവനാരോ, അവങ്കലണയട്ടെ! 5
[1] കിനാവിന്റെ ഉടമസ്ഥ – ഹേ ദുഃസ്വപ്നാധിദേവ പറഞ്ഞേയ്ക്കണം – ഞങ്ങളെ ഉപദ്രവിയ്ക്കരുത് എന്ന്. വളരെ – ആശകൾ.
[2] യമങ്കൽ (ദുഃസ്വപ്നാധിദേവങ്കൽ) നല്ലതായി വരട്ടേ കാഴ്ച – യമന്നു നമ്മെ ദ്രോഹിപ്പാൻ തോന്നാതിരിയ്ക്കട്ടെ.
[5] ജയിയ്ക്കുമാറാകണം – ദുഃസ്വപ്നനാശത്താൽ.