നിര്യതിപുത്രൻ കപോതൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
ദേവന്മാരേ, നിര്യതിയുടെ ദൂതനായ കപോതൻ ഇവിടെ വന്നുകേറിയതെന്തിനോ, അതിന്നു ഞങ്ങൾ പൂജിച്ചു പരിഹാരം ചെയ്യുമാറാകണം: ഞങ്ങളുടെ ഇരുകാലിയ്ക്കു സുഖം ഭവിയ്ക്കട്ടെ; നാല്ക്കാലിയ്ക്കു സുഖം ഭവിയ്ക്കട്ടെ! 1
ദേവന്മാരേ, ഞങ്ങളുടെ ഗൃഹത്തിൽ വന്നിരിയ്ക്കുന്ന കപോതപക്ഷി പാപമുളവാക്കാതെ സുഖകരനായിത്തീരട്ടെ: മേധാവിയായ അഗ്നി ഞങ്ങളുടെ ഹവിസ്സു കൈക്കൊള്ളുന്നുണ്ടല്ലോ; അതിനാൽ, ചിറകുള്ള ആയുധം ഞങ്ങളിലേല്ക്കാതിരിയ്ക്കട്ടെ! 2
ദേവന്മാരേ, ചിറകുള്ള ആയുധം ഞങ്ങളെ ഹിംസിയ്ക്കരുത്: അത് അടുക്കളയിൽ അടുപ്പിൽ കടക്കുന്നു! ഞങ്ങളുടെ ഗോക്കൾക്കും ആളുകൾക്കും സുഖം ഭവിയ്ക്കട്ടെ; കപോതം ഇവിടെ ഞങ്ങളെ കഷ്ടപ്പെടുത്തരുതു്! 3
മൂങ്ങ മൂളുന്നതും, പിറാവ് അടുപ്പിൽ കടക്കുന്നതും നിഷ്ഫലമായിപ്പോകട്ടെ! ഇതാരയച്ച ദൂതനോ, ആ മരണകാരിയായ യമന്ന് ഇതാ, നമസ്ക്കാരം! 4
പുറത്താക്കേണ്ടുന്ന പിറാവിനെ സ്തുതരായ നിങ്ങൾ ആട്ടിക്കളയുവിൻ; മത്തു പൂണ്ടു്, ദുരിതമെല്ലാം മറയത്താക്കി, അന്നവും ഗോവിനെയും കൊണ്ടുവരുവിൻ. പക്ഷി ഞങ്ങളുടെ ചോറു തിന്നാതെ പറന്നുപോകട്ടെ! 5