വിശ്വാമിത്രനും ജമദഗ്നിയും ഋഷികൾ; ജഗതി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
ഇന്ദ്ര, അങ്ങയ്ക്കിതാ, മധു തൂകുന്നു: അങ്ങാണല്ലോ; സോമകലശത്തിന്നുടയവൻ. അവിടുന്നു ഞങ്ങൾക്കു സമ്പത്തും വളരെപ്പുത്രന്മാരെയും തരിക: തപസ്സനുഷ്ഠിച്ചു സ്വർഗ്ഗം കീഴടക്കിയവനാണല്ലോ, ഭവാൻ! 1
സ്വർഗ്ഗം കീഴടക്കിയ, മഹാനായ, സോമത്താൽ ഇമ്പംകൊള്ളുന്ന ശക്രനെ ഞങ്ങൾ പിഴിഞ്ഞൂവെച്ചതിലെയ്ക്കു വിളിയ്ക്കുന്നു: നിന്തിരുവടി ഞങ്ങളുടെ ഈ യജ്ഞമറിഞ്ഞു്, ഇവിടെ എഴുന്നള്ളിയാലും; മാറ്റലരെ വെല്ലുന്ന മഘവാവിനോടു ഞങ്ങൾ യാചിയ്ക്കുന്നു! 2
മഘവാവേ, സോമരാജാവിന്റെയും വരുണന്റെയും കർമ്മത്തിലും, ബൃഹസ്പതിയുടെയും അനുമതിയുടെയും ഗൃഹത്തിലും ഞാനിപ്പോൾ നിന്തിരുവടിയെ സ്തുതിയ്ക്കുന്നു; ധാതാവേ, വിധാതാവേ, ഞാൻ ബാക്കിസ്സോമം കുടിച്ചു! 3
പ്രേരിതനായ ഞാൻ യജ്ഞത്തിൽ അമീത്തിന്നു ചരുവുണ്ടാക്കിയിരിയ്ക്കുന്നു; മുന്തിയ സൂരിയായ ഞാൻ ഈ സ്തോത്രവും ചൊല്ലുന്നു. ‘വിശ്വാമിത്ര, ജമദഗ്നേ, നിങ്ങളുടെ യാഗശാലയിൽ പിഴിഞ്ഞുകഴിഞ്ഞാൽ, ഞാൻ ധനവുമെടുത്തു വരുമല്ലോ.’ 4
[1] മധു – മധുരസോമം.
[2] പിഴിഞ്ഞുവെച്ചതിലെയ്ക്ക് – സോമനീർ കുടിപ്പാൻ. നിന്തിരുവടി എന്നാദിയായ വാക്യം പ്രത്യക്ഷോക്തി.
[3] അനുമതി – ഒരു ദേവപത്നി. ധാതാവ് – ഒരു ദേവൻ. വിധാതാവ് – മറ്റൊരു ദേവൻ. ബാക്കി – ഹുതാവശിഷ്ടം. കുടിച്ചു – നിന്നളിരുവരുടെ അനുജ്ഞയാൽ.
[4] ഇന്ദ്രനോടു്: പ്രേരിതൻ – ഭവാനാൽ. അമീത്തിന്ന് – അങ്ങയ്ക്കു ഭക്ഷിപ്പാൻ. ഒടുവിലെ വാക്യംം ഇന്ദ്രൻ അന്തരാത്മാവായിട്ടു പറയുന്നതാണു്: പിഴിഞ്ഞുകഴിഞ്ഞാൽ – സോമം.