ഉശിനരപുത്രൻ ശിബിയും കാശിരാജാവ് പ്രതർദ്ദനനും, രോഹിദശ്വപുത്രൻ വസുമനസ്സും ഋഷികൾ; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
നിങ്ങൾ എഴുന്നേല്ക്കുവിൻ: ഇന്ദ്രന്നുള്ള ഋതുജാതമായ ഭാഗം നോക്കുവിൻ. വെന്തുവെങ്കിൽ ഹോമിയ്ക്കുവിൻ; വെന്തിട്ടില്ലെങ്കിൽ, ഇമ്പപ്പെടുത്തുവിൻ! 1
ഇന്ദ്ര, ഹവിസ്സു വെന്തുകഴിഞ്ഞു: ഭവാൻ വെക്കം വരിക; സൂര്യൻ ഏതാണ്ടു മാർഗ്ഗമധ്യത്തിലെത്തിയിരിയ്ക്കുന്നു. സഖാക്കൾ അങ്ങയെ, പുറത്തെയ്ക്കിറങ്ങിയ ഗൃഹനാഥനെ പുത്രന്മാരെന്നപോലെ, നിധികളുമായി കാത്തിരിയ്ക്കയാണു്! 2
ഇതു് അകിട്ടിൽ വെന്തതാണെന്നു് എനിയ്ക്കു തോന്നുന്നു; തിയ്യിലും വെന്തിരിയ്ക്കുന്നു – നന്നായി വെന്തിരിയ്ക്കുന്നു – – എന്നെനിയ്ക്കു തോന്നുന്നു. ഈ സത്യവസ്തു തുലോം പുതുതാണു്: ഇന്ദ്ര, വജ്രിൻ, ബഹുകർമ്മാവായ ഭവാൻ പ്രസാദിച്ചു, മധ്യാഹ്നസവനത്തിലെ തയിർ നുകർന്നാലും! 3
[1] ഋത്വിക്കുകളോടു്: ഭാഗം – ദധിഘർമ്മം, തയിർകാച്ചൽ (?). ഇമ്പപ്പെടുത്തുവിൻ – ഇന്ദ്രനെ സ്തുതികൾകൊണ്ടാഹ്ലാദിപ്പിയ്ക്കുവിൻ.
[2] ഹവിസ്സ് – ദധിഘർമ്മം. മധ്യത്തിലെത്തിയിരിയ്ക്കുന്നു – നേരം ഉച്ചയായി. സഖാക്കൾ – ഋത്വിക്കുകൾ. നിധികൾ – സോമങ്ങൾ.
[3] അകിട്ടിൽ – പയ്യിന്റെ അകിട്ടിൽവെച്ചുതന്നേ പാൽ വേവുമല്ലോ. ഈ സത്യവസ്തു – ദധിഘർമ്മഹവിസ്സ്.