താർക്ഷ്യപുത്രൻ അരിഷ്ടനേമി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; താർക്ഷ്യൻ ദേവത.
ബലവാനും, ദേവന്മാർ പ്രീതിപ്പെടുത്തുന്നവനും, ആക്രമിച്ചു തേരുകളെ ജയിയ്ക്കുന്നവനും, പടകളെ പായിയ്ക്കുന്നവനും, അമന്ദഗാമിയും അരിഷ്ടനേമിയുമായ ആ താർക്ഷ്യനെത്തന്നേ നാം ഇതിൽ സ്വസ്തിയ്ക്കായി വിളിയ്ക്കുക! 1
വീണ്ടും വീണ്ടും വിളിയ്ക്കുന്ന നമ്മൾ ഇന്ദ്രന്റേതുപോലെയുള്ള ഇദ്ദേഹത്തിന്റെ ദാനത്തിൽ, ഒരു തോണിയിലെന്നപോലെ സ്വസ്തിയ്ക്കായി കേറുമാറാകണം. അറ്റമില്ലാതെ പരന്നു പുകഴ്‌ന്ന ഗഭീരകളേ, ഇപ്പോൾ, നിങ്ങളിരുവരുടെയായ (ഇദ്ദേഹത്തിന്റെ) വരവിലും പോക്കിലും ഞങ്ങൾക്കുപദ്രവമുണ്ടാകരുതു്! 2
ഇദ്ദേഹവും പൊടുന്നനെ ബലംകൊണ്ടു, സൂര്യൻ തേജസ്സുകൊണ്ടെന്നപോലെ, പഞ്ചജാതികൾക്കു വെള്ളം പരത്തുന്നു. ഇദ്ദേഹത്തിന്റെ ഗമനം നൂറുമായിരവും നല്കും: അതു്, ലക്ഷ്യത്തിലെയ്ക്കു പായുന്ന ശരംപോലെ അനിവാര്യമാകുന്നു! 3
[1] തേരുകളെ – ശത്രുരഥങ്ങളെ. അമന്ദഗാമി = ശീഘ്രഗമനൻ. അരിഷ്ടനേമി = അപീഡിതായുധൻ, ആയുധങ്ങൾക്ക് ഉടവു പറ്റാത്തവൻ. അരിഷ്ടനേമി എന്ന ഋഷിനാമവും ഘടിപ്പിച്ചിരിയ്ക്കുന്നു. ഇതിൽ – യജ്ഞത്തിൽ.
[2] ഒരു തോണിയിലെന്നപോലെ – തോണിപോലെ ദുഃഖങ്ങളുടെ മറുകരയിലണയ്ക്കും, താർക്ഷ്യന്റെ ദാനമെന്നർത്ഥം. ഗഭീരകളേ – ഹേ ദ്യാവാപൃഥിവികളേ.
[3] നൂറുമായിരവും – ധനം.