ബൃഹസ്പതിപുത്രൻ തപുർമ്മൂർദ്ധാവു് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബൃഹസ്പതി ദേവത.
ദുർന്നടപ്പുകാരെ ഹനിയ്ക്കുന്ന ബൃഹസ്പതി തിന്മകൾ നീക്കട്ടെ; അനർത്ഥം നേരുന്നവങ്കൽ മിന്നൽ ചാട്ടട്ടെ; ദുഷിയ്ക്കുന്നവനെ തുരത്തട്ടെ; ദുർമ്മതിയെ കൊല്ലട്ടെ; യജമാനന്നു രോഗശമനവും ഭയശാന്തിയും വരുത്തട്ടെ! 1
പ്രയാജത്തിൽ നരാശംസൻ നമ്മെ രക്ഷിയ്ക്കട്ടെ; വിളിയ്ക്കുന്ന നമുക്ക് അനുയാജൻ സുഖമുളവാക്കട്ടെ; ദുഷിയ്ക്കുന്നവനെ തുരത്തട്ടെ; ദുർമ്മതിയെ കൊല്ലട്ടെ; യജമാനന്നു രോഗശമനവും ഭയശാന്തിയും വരുത്തട്ടെ! 2
തപുർമ്മൂർദ്ധാവു ശരുവിനെ ഹനിപ്പാൻ, ബ്രഹ്മദ്വേഷികളായ രക്ഷസരെ ചുട്ടുപൊട്ടിയ്ക്കട്ടെ; ദുഷിയ്ക്കുന്നവനെ തുരത്തട്ടെ; ദുർമ്മതിയെ കൊല്ലട്ടെ; യജമാനന്നു രോഗശമനവും ഭയശാന്തിയും വരുത്തട്ടെ! 3
[1] അനർത്ഥം നേരുന്നവങ്കൽ – ഞങ്ങൾക്ക് ആപത്തു വരണമെന്നിച്ഛിയ്ക്കുന്നവങ്കൽ. മിന്നൽ – തിളങ്ങുന്ന ആയുധം
[2] പ്രയാജം – നരാംശസാഗ്നിയ്ക്കുള്ള ഒരു യജ്ഞം. അനുയാജൻ – അനുയാജത്തിന്റെയും ദേവതയായ നരാശംസൻ.
[3] തപുർമ്മൂർദ്ധാവു് – തപിപ്പിയ്കുന്ന ശിരസ്സോടുകൂടിയവർ, ബൃഹസ്പതി. ശരു – രാക്ഷസന്മാരുടെ അധിപൻ. തപുർമ്മൂർദ്ധാവു് എന്നത് ഋഷിനാമവുമാണല്ലോ.