പ്രജാപതിപുത്രൻ പ്രജാവാൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ആശിസ്സു ദേവത.
അഭിജ്ഞനും, തപസ്സാൽ പുനർജ്ജനിച്ചവനും, തപസ്സാൽ തഴച്ചവനുമായ ഭവാനെ ഞാൻ മനംകൊണ്ടു കണ്ടിരിയ്ക്കുന്നു: പുത്രകാമ, ഭവാൻ ഇവിടെ പ്രജയെയും, ഇവിടെ ധനത്തെയും വിളയാടിച്ചുകൊണ്ടു, പ്രജയാൽ വളർന്നാലും! 1
സ്വശരീരത്തിൽ ഋതുകർമ്മം യാചിയ്ക്കുന്ന തേജസ്വിനിയായ ഭവതിയെ ഞാൻ മനംകൊണ്ടു കണ്ടിരിയ്ക്കുന്നു: പുത്രകാമേ, ഭവതി എന്റെ അടുക്കൽ വന്നിട്ടു, തുലോം യുവതിയായിത്തീർന്നാലും; പ്രജയാൽ വളർന്നാലും! 2
ഞാൻ സസ്യങ്ങളിലും, ഞാൻ സർവഭൂതങ്ങൾക്കുള്ളിലും ഗർഭാധാനം ചെയ്യുന്നു; ഞാൻ പൃഥിവിയിൽ പ്രജകളെ ഉൽപ്പാദിപ്പിയ്ക്കുന്നു; ഞാൻ ജായേതരമാരായ സ്ത്രീകളിലും പുത്രന്മാരെ ഉൽപ്പാദിപ്പിയ്ക്കുന്നു! 3
[1] യജമാനനെ ആശിർവദിയ്ക്കുന്നു: തപസ്സ് – യജ്ഞദീക്ഷ. കണ്ടിരിയ്ക്കുന്നു – ഭവാന്റെ അഭിമതം എനിയ്ക്കറിയാം. പ്രജയാൽ വളർന്നാലും – മക്കളെ ഉൽപാദിപ്പിച്ചാലും.
[2] പത്നിയെ ആശിർവദിയ്ക്കുന്നു: ഋതുകർമ്മം – ഗർഭാധാനം.
[3] ഹോതാവ് പറയുന്നു: ജായേതരമാർ – ഭാര്യയല്ലാത്തവർ.