ഋഷിദേവതകൾ മുമ്പേത്തവ; ജഗതി ഛന്ദസ്സ്.
നേതാക്കളേ, പുലർകാലത്തു പുറപ്പെടുന്നതും, വിശാലവും, അഹസ്സിലഹസ്സിൽ മനുഷ്യന്നു മനുഷ്യന്നു കൊണ്ടുചെല്ലുന്നതും, ഒളിമിന്നുന്നതുമായ നിങ്ങളുടെ രഥത്തെ എവിടെ ആരാവാം, അഭ്യുദയത്തിന്നായി, യജ്ഞത്തിൽ സ്തുതികൊണ്ടലംകരിയ്ക്കുന്നതു്? 1
അശ്വികളേ, നിങ്ങൾ അല്ലിൽ എവിടെയാണ്, അഹസ്സിൽ എവിടെയാണു് – എവിടെ പോകുന്നു, എവിടെ താമസിയ്ക്കുന്നു? ആരാവാം നിങ്ങളെ, കിടപ്പറയിൽ വിധവ ദേവരനെയെന്നപോലെയും, ഒരു സ്ത്രീ പുരുഷനെ എന്നപോലെയും വേദിമേൽ വിളിച്ചിരുത്തുന്നതു്? 2
നിങ്ങൾ പുലർകാലത്തു, രണ്ടു കിഴവന്മാർ വൈതാളികഗീതിയാലെന്നപോലെ സ്തുതിയ്ക്കപ്പെടുന്നു; യഷ്ടവ്യരായ നിങ്ങൾ അഹസ്സിലഹസ്സിൽ ശാലയിൽ പോകും. നേതാക്കളേ, ആരെയാവാം ആ നിങ്ങൾ നിർദ്ദോഷനാക്കുന്നതു്? ആരുടെ യാഗത്തിന്നാവാം നിങ്ങൾ, രണ്ടു രാജകുമാരന്മാര്‍പോലെ എഴുന്നള്ളുന്നതു്? 3
ഞങ്ങൾ നിങ്ങളെ, വേട്ടക്കാർ രണ്ടു നരികളെയെന്നപോലെ, നക്തംദിവം ഹവിസ്സൊരുക്കി വിളിയ്ക്കുന്നു. നേതാക്കളേ, നിങ്ങൾക്ക് ഋതുതോറും ഹോമം അനുഷ്ഠിയ്ക്കുന്നു; മഴവെള്ളത്തിന്റെ ഉടമസ്ഥരായ നിങ്ങൾ ആളുകൾക്ക് അന്നം കൊണ്ടുവരുന്നു. 4
അശ്വികളേ, രാജപുത്രിയായ ഘോഷ ചുറ്റിനടന്നു നിങ്ങളെപ്പറ്റി പറയാറുണ്ടു്; നേതാക്കളേ, നിങ്ങളെപ്പറ്റി ചോദിയ്ക്കാറുണ്ട്. നിങ്ങൾ എനിയ്ക്ക് അഹസ്സിലും അല്ലിലും തുണനില്ക്കണം; കുതിരയും തേരുമുള്ള കൂടലരെ തട്ടിനീക്കണം! 5
അശ്വികളേ, കവികളായ നിങ്ങൾ തേരിനുചുറ്റും നടക്കും; സ്തുതിയ്ക്കുന്ന മനുഷ്യങ്കലെയ്ക്കു പോരാൻ, കുത്സൻപോലെ അതിൽക്കേറും. അശ്വികളേ, നിങ്ങളുടെ തേനിനെ ഈച്ച, ഒരു മഹിള മദ്യത്തെപ്പോലെ വായ്ക്കൊള്ളുന്നു! 6
അശ്വികളേ, സ്തുതിയ്ക്കപ്പെട്ട നിങ്ങൾ ഭുജ്യുവിനെയും, നിങ്ങൾ വശനെയും, നിങ്ങൾ അത്രിയെയും രക്ഷിപ്പാൻ ചെന്നു. ഹവിർദ്ദാതാവു നിങ്ങളുടെ സഖ്യത്തിന്നു നില്ക്കുന്നു. നിങ്ങളുടെ രക്ഷകൊണ്ടു ഞാൻ സുഖിയ്ക്കുമാറാകണം! 7
അശ്വികളേ, നിങ്ങൾ കൃശനെയും, നിങ്ങൾ ശയുവിനെയും, നിങ്ങൾ പരിചാരകനെയും, നിങ്ങൾ അഭർത്തൃകയെയും രക്ഷിച്ചു; അശ്വികളേ, നിങ്ങൾ ഹവിർദ്ദാതാക്കൾക്കായി, ഇടിമുഴക്കുന്ന മേഘത്തെ വെള്ളം പൊഴിയുമാറു തുറന്നു! 8
പെണ്ണായ്പ്പിറന്നവൾക്കു വരൻ വന്നെത്തട്ടെ: അവന്നായി മഴയാൽ സസ്യങ്ങൾ മുളയ്ക്കുകയും, വെള്ളം താന്നേടത്തൂടെയെന്നപോലെ പ്രവഹിയ്ക്കുകയും ചെയ്യട്ടെ; അഹിംസ്യനായ അവന്ന് ആ യൌവനം ഉണ്ടായിരിയ്ക്കട്ടെ! 9
യാവചില പുരുഷന്മാർ പത്നിയുടെ പ്രാണന്നായി കരയുകയും, (അവളെ) യാഗത്തിലിരുത്തുകയും, നീണ്ട കൈക്കൂട്ടിലണയ്ക്കുകയും, പിതൃക്കൾക്കായി നല്ല സന്താനത്തെ ജനിപ്പിയ്ക്കുകയും ചെയ്യുമോ; ആ കണവന്മാർക്കാണ്, പത്നിമാർ ആലിംഗനസുഖമുളവാക്കുക! 10
അശ്വികളേ, ഒരു യുവാവു യുവതിയുടെ ഗൃഹത്തിൽ വസിയ്ക്കുക – അതു ഞങ്ങൾ അറിഞ്ഞിട്ടില്ല; അതു നിങ്ങൾ ശരിയ്ക്കു പറഞ്ഞുതരുവിൻ. ഞങ്ങൾ തരുണിയെ ഓമനിയ്ക്കുന്ന രേതസ്സേക്താവിന്റെ ഭവനത്തിൽ പോകുമാറാകണം – ഇതാണ്, ഞങ്ങളുടെ ആഗ്രഹം! 11
അന്നധനന്മാരേ, അമൃതനാഥന്മാരേ, അശ്വികളേ, ഇണയായ നിങ്ങൾക്കു നന്മനസ്സുണ്ടാകട്ടെ: ആശകളെ അകത്തൊതുങ്ങിയ്ക്കുവിൻ. നിങ്ങൾ കാത്തരുളണം: ഞങ്ങൾ പ്രിയമാരായി ഭർത്തൃഗൃഹം പൂകുമാറാകണം! 12
അമൃതനാഥന്മാരേ, അതിനാൽ നിങ്ങൾ പ്രീതി പൂണ്ടു സ്തോത്രകാംക്ഷിണിയ്ക്ക് ഒരു പുരുഷന്റെ ഗൃഹത്തിൽ ധനവും പുത്രന്മാരെയും വെയ്ക്കുവിൻ; നല്ല തണ്ണീർപ്പന്തൽ നിർമ്മിയ്ക്കുവിൻ; വഴിയിലെ കുറ്റിയും ദ്രോഹിയെയും പറിച്ചുകളയുവിൻ! 13
ദസ്രരായ, അമൃതനാഥരായ അശ്വികൾ ഇപ്പോൾ എവിടെയായിരിയ്ക്കും, ഏതാളുകളിലായിരിയ്ക്കും, ഇമ്പംകൊള്ളുന്നതു്? ആരാവാം, അവരെ പിടിച്ചുവെച്ചതു്? അവർ ഏതൊരു സ്തോതാവിന്റെയോ യഷ്ടാവിന്റെയോ ഗൃഹത്തിലായിരിയ്ക്കാം, എഴുന്നള്ളിയതു്? 14
[1] കൊണ്ടുചെല്ലുന്നതും – ധനത്തെ. ആരുടെ ആരാധനത്താലാണ്, നിങ്ങൾ ഇങ്ങോട്ടു വരാൻ വൈകിയ്ക്കുന്നതു്?
[2] ദേവരൻ – ഭർത്താവിന്റെ അനുജൻ.
[3] കിഴവന്മാർ – വൃദ്ധരാജാക്കന്മാർ.
[4] വേട്ടക്കാർ വ്യാഘ്രങ്ങളെ കണ്ടുകിട്ടാൻ വിളികൂട്ടുമല്ലോ. ഋതു – യജ്ഞകാലം. അനുഷ്ഠിയ്കുന്നു – യജമാനന്മാർ.
[5] ഘോഷ – ഞാൻ. പറയാറുണ്ടു് – വൃദ്ധജനങ്ങളോട്. ചോദിയ്ക്കാറുണ്ടു് – അശ്വികൾ എങ്ങനെയുള്ളവരാണെന്ന്. കൂടലരെ – എന്റെ ശത്രുക്കളെ.
[6] കുത്സൻപോലെ – കുത്സനും ഇന്ദ്രനും ഒരേ തേരിൽ കേറുന്നതുപോലെ. തേനിനെ – അശ്വികളുടെ രഥത്തിൽ തേനുണ്ടല്ലോ.
[7] ഭുജ്യു – തുഗ്രപുത്രനായ രാജാവു്: വശൻ – ആനപ്പടയോടുകൂടിയ ശത്രുക്കളാൽ തോല്പിയ്ക്കപ്പെടുന്ന വശനെന്ന രാജാവ്.
[8] കൃശൻ – ഒരാൾ. അഭർത്തൃക – വധ്രിമതി.
[9] പെണ്ണായ്പ്പിറന്നവൾക്കു – എനിയ്ക്ക്. അഹിംസ്യനായ – അവന്നു ശത്രുപീഡ പറ്റരുത്. ആ – സംഭോഗസമർത്ഥമായ.
[10] നിങ്ങൾ പ്രസാദിച്ചാലേ, സ്ത്രീകൾക്ക് ഈദൃശഭർത്താക്കളെ കിട്ടുകയുള്ളൂ.
[11] യുവതിയുടെ – തരുണിയായ എന്റെ. ഞങ്ങൾ – ഞാൻ. രേതസ്സേക്താവ് – ഭർത്താവ്.
[12] അമൃതം = ജലം.
[13] സ്തോത്രകാംക്ഷിണിയ്ക്ക് – നിങ്ങളെ സ്തുതിപ്പാനിച്ഛിയ്ക്കുന്ന എനിയ്ക്ക്. ഒരു പുരുഷന്റെ – എന്നെ വേൾക്കുന്നവന്റെ. തണ്ണീർപ്പന്തൽ – ഭർത്തൃഗൃഹത്തിലെയ്ക്കു പോകുന്ന എനിയ്ക്കു വഴിമധ്യേ വെള്ളം കുടിപ്പാൻ.
[14] അശ്വികൾ വന്നില്ലല്ലോ എന്ന വെമ്പൽ: