അംഗിരോഗോത്രൻ കൃഷ്ണൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
ഒരു വില്ലാളി തടിച്ച കൂരമ്പെയ്യുന്നതുപോലെയും, ഒരാൾ കോപ്പണിയിയ്ക്കുന്നതുപോലെയും, നീ ഇന്ദ്രന്നു സ്തോത്രമയയ്ക്കുക. മേധാവികളേ, നിങ്ങൾ ശത്രുവാക്യം സ്തുതികൊണ്ടു പിന്നിലിട്ടുകൊൾവിൻ. സ്തോതാവേ, ഭവാൻ തന്തിരുവടിയെ സോമയാഗത്തിൽ വിളയാടിച്ചാലും! 1
സ്തോതാവേ, ഭവാൻ ഗോവിനെ – സഖാവായ ഇന്ദ്രനെ – കറക്കാൻ പാട്ടിലാക്കുക; ജാരനെ ഉണർത്തുക. വെള്ളം നിറച്ച ഒരു പാത്രത്തെപ്പോലെ, സമ്പത്തുകൊണ്ടമർന്ന ആ ശൂരനെ ധനം തരാൻ താഴത്തെയ്ക്കു വരുത്തുക! 2
അല്ലയോ മഘവാവേ, ശക്ര, ഇന്ദ്ര, അങ്ങ് ഊട്ടുന്നവനാണെന്ന് ആരാനും പറയുമോ? എന്നെ മൂർച്ചപ്പെടുത്തുക: മൂർച്ചകൂട്ടുന്നവനാണ്, അങ്ങെന്നു ഞാൻ കേട്ടിട്ടുണ്ടു് എനിയ്ക്കു കർമ്മശ്രദ്ധ തോന്നട്ടെ. അങ്ങ് ഞങ്ങൾക്കു സമ്പല്‍ഭാഗ്യം കൊണ്ടുവന്നാലും! 3
ഇന്ദ്ര, ഭവാനെ യുദ്ധങ്ങളിൽ ആളുകൾ – പോരിൽ ഒത്തൊരുമിച്ചവർ – വിളിച്ചുപോരുന്നു. അതിൽ ശൂരൻ ഹവിഷ്മാനെ കൂട്ടുകാരനാക്കും; പിഴിയാത്തവന്റെ സഖ്യം കാംക്ഷിയ്ക്കില്ല! 4
യാതൊരു ഹവിഷ്മാൻ തന്തിരുവടിയ്ക്കു, വളരെ ജംഗമസ്വത്തുപോലെ, കടുംസോമം പിഴിഞ്ഞുവെയ്ക്കുമോ; അവനിൽനിന്നു തന്തിരുവടി പൂർവാഹ്നത്തിൽ, നല്ല പുത്രരും നല്ലായുധങ്ങളുമുള്ള ശത്രുക്കളെ വേറുപെടുത്തും – ഉപദ്രവം നീക്കും! 5
ഞങ്ങൾ സ്തോത്രം ആരിൽ അർപ്പിയ്ക്കുന്നുവോ, ആർ ഞങ്ങളെ ഇച്ഛിയ്ക്കുന്നുവോ, ആ മഘവാവായ ഇന്ദ്രനെ ദൂരസ്ഥനായ ശത്രുപോലും പേടിയ്ക്കട്ടെ; നാട്ടിലെ അന്നങ്ങൾ തന്തിരുവടിയ്ക്കടങ്ങട്ടെ! 6
പുരുഹൂത, ഇന്ദ്ര, അവിടുന്ന് ഉഗ്രമായ വജ്രംകൊണ്ടു ശത്രുവിനെ ചാരത്തുനിന്നു ദൂരത്തെയ്ക്കോടിച്ചാലും; ഞങ്ങൾക്കു യവവും ഗോക്കളെയും തന്നാലും. സ്തോതാവിന്നു രമണീയാന്നമായ കർമ്മം അരുളിയാലും! 7
അധ്വര്യുക്കൾ പിഴിഞ്ഞ അന്നവർദ്ധകങ്ങളായ കടുംസോമങ്ങൾ ആരുടെ വയറ്റിൽ ചെല്ലുന്നുവോ, ആ മഘവാവായ ഇന്ദ്രൻ ഹവിർദ്ദാതാവിങ്കൽ പിശുക്കുപിടിയ്ക്കില്ല; പിഴിയുന്നവന്നു ധനം ധാരാളം കൊടുക്കുകതന്നെ ചെയ്യും! 8
ഒരു ചൂതുകളിക്കാരൻ എതിരാളിയെ തിരഞ്ഞെടുക്കുന്നതെപ്രകാരമോ, അപ്രകാരം ഈ ബലവാൻ സമയത്തു നിഹന്താവിനെ നോക്കിപ്പിടിച്ചു ജയിയ്ക്കും. ദേവകാമന്നു ധനം മൂടിവെയ്ക്കില്ല; അവനെ വഴിപോലെ സമ്പത്തോടു ചേർക്കും! 9
പുരുഹുത, വറുതിമൂലം വന്ന ദുർവിചാരം ഞങ്ങൾ ഗോക്കളെക്കൊണ്ടു കടക്കുമാറാകണം, വിശപ്പൊക്കെ യവംകൊണ്ടും; ഞങ്ങൾ അരചന്മാരെക്കൊണ്ടു മികച്ച സമ്പത്തും, ഞങ്ങളുടെ ബലംകൊണ്ടു വിജയവും നേടുമാറാകണം! 10
ബൃഹസ്പതി ഞങ്ങളെ പിന്നിലും മുകളിലും ചുവട്ടിലും ദുഷ്ടങ്കൽനിന്നു രക്ഷിയ്ക്കട്ടെ; ഇന്ദ്രൻ ഞങ്ങളെ മുന്നിലും നടുവിലും രക്ഷിയ്ക്കട്ടെ; സഖാവു സഖാക്കൾക്കു ധനം തരട്ടെ! 11
[1] ഋഷി അന്തരാത്മാവിനോടു പറയുന്നു: നിന്റെ സ്തോത്രം ഇന്ദ്രന്റെ ഹൃദയത്തെ സ്പർശിയ്ക്കട്ടെ; ഇന്ദ്രനെ മോടിപ്പെടുത്തട്ടെ. അടുത്ത വാക്യങ്ങൾ ഋത്വിക്കുകളോടും സ്തോതാവിനോടും: പിന്നിടുക – നിരാകരിയ്ക്കുക എന്നർത്ഥം.
[2] ജാരനെ – പ്രാണികൾക്കു ജരയുളവാക്കുന്ന, കാലരുപനായ്, ഇന്ദ്രനെ.
[3] ഊട്ടുന്നവൻ – സ്തോതാക്കൾക്ക് അന്നം നല്കാതിരുന്നാൽ, അവിടുന്ന് അന്നദാതാവാണെന്ന് ആരും പറയില്ലല്ലോ; അവിടുന്ന് അന്നദാതാവുതന്നെ. മൂർച്ചപ്പെടുത്തുക – ധനം തന്ന് ഉശിരനാക്കുക. മൂർച്ചകൂട്ടുന്നവൻ – സ്തോതാക്കളെ.
[4] രണ്ടും മൂന്നും വാക്യം പരോക്ഷം: ശൂരൻ – ഇന്ദ്രൻ. പിഴിയാത്തവൻ – അയഷ്ടാവ്.
[5] ജംഗമസ്വത്തുപോലെ – ദരിദ്രന്നു കൊടുപ്പാൻ ഗവാശ്വാദിധനം കരുതിവെയ്ക്കുന്നതുപോലെ.
[6] നാട്ടിലെ – ശത്രുരാജ്യത്തിലെ.
[7] ശത്രുവിനെ – ഞങ്ങളുടെ. സ്തോതാവിന്ന് – എനിയ്ക്ക്. രമണീയാന്നം – രമ്യങ്ങളായ ഹവിസ്സുകളോടുകൂടിയത്.
[8] അന്നവർദ്ധകങ്ങൾ – ഹോമത്താലാണല്ലോ, മഴ പെയ്തു ഭക്ഷ്യങ്ങൾ വളരുന്നതു്.
[9] ഈ ബലവാൻ – ഇന്ദ്രൻ. സമയത്തു – യുദ്ധാവസരത്തിൽ. നിഹന്താവിനെ – ദ്രോഹിയ്ക്കുന്ന ശത്രുവിനെ. ദേവകാമൻ – യജ്ഞതൽപരൻ.
[10] ഞങ്ങൾ ഗോക്കളെ കിട്ടി ദാരിദ്ര്യമുക്തരാകണം.
[11] സഖാവ് – സഖാവായ ഇന്ദ്രൻ. സഖാക്കൾക്കു – ഞങ്ങൾക്ക്.