കൃഷ്ണൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
എന്തും സാധിപ്പിയ്ക്കുന്നവയും അഭിലാഷിണികളുമായ എന്റെ സ്തുതികളെല്ലാം ഒത്തൊരുമിച്ച് ഇന്ദ്രനെ പ്രാപിയ്ക്കുന്നു – പത്നിമാർ ഭർത്താവിനെയെന്നപോലെയും, രക്ഷാർത്ഥികൾ ഒരു ധനവാനായ നല്ല മനുഷ്യനെയെന്നപോലെയും കെട്ടിപ്പുണരുന്നു! 1
പുരുഹുത, ഭവദഭിമുഖമായ എന്റെ മനസ്സു പിന്മാറുന്നില്ല തന്നെ: ഞാൻ ആശ അങ്ങയിൽ ഉറപ്പിച്ചിരിയ്ക്കുന്നു. ദർശനീയ, അവിടുന്ന്, ഒരു രാജാവിനെപ്പോലെ, ദർഭയിലിരുന്നാലും; ഈ സോമം നുകർന്നാലും! 2
ഇന്ദ്രൻ ദാഹത്തിന്റെയും വിശപ്പിന്റെയും ചുറ്റും പെരുമാറട്ടെ: ആ മഘവാവുതന്നെയാണല്ലോ, ധനത്തിന്റെ അധിപതി; ആ ബലവാനായ വൃഷാവിന്റെതന്നെയാണ്, താന്ന നിലത്ത് അന്നം തഴപ്പിയ്ക്കുന്ന ഈ സപ്തനദികൾ! 3
പക്ഷികൾ നല്ല ഇലകളുള്ള വൃക്ഷത്തിന്മേലെന്നപോലെ, ചമസങ്ങളിലെ മദകരങ്ങളായ സോമങ്ങൾ ഇന്ദ്രങ്കൽ ചെന്നുകൂടുന്നു; വേഗേന ഇവയുടെ മുകൾബ്ഭാഗം തുലോം വിളങ്ങുന്നു. തന്തിരുവടി, താനയയ്ക്കേണ്ടുന്ന പ്രകാശത്തെ മനുഷ്യർക്കു നല്കട്ടെ! 4
ഒരു ചൂതാളി കളിയിൽ എതിരാളിയെയെന്നപോലെ, മഘവാവു പിശുക്കുപിടിയ്ക്കുന്ന സൂര്യനെ, ജയിപ്പാൻ അന്വേഷിയ്ക്കും. മഘവാവേ, ഭവാന്റെ ആ വീര്യം അനുകരിപ്പാൻ മുമ്പോ, ഇന്നോ, നാളെയോ ആരും ആളല്ല! 5
വൃഷാവായ മഘവാവു മനുഷ്യനിൽ മനുഷ്യനിൽ പള്ളികൊള്ളുന്നു; ആളുകളുടെ സ്തുതികൾ ഉറ്റുനോക്കുന്നു. ശക്രൻ ആരുടെ സവനത്തിൽ രമിയ്ക്കുമോ, അവൻ കടുംസോമങ്ങൾകൊണ്ടു പ്രതിപക്ഷരെ കീഴമർത്തും! 6
സലിലങ്ങൾ സമുദ്രത്തിലെയ്ക്കെന്നപോലെയും, തോടുകൾ ഹ്രദത്തിലെയ്ക്കെന്നപോലെയും സോമങ്ങൾ ഇന്ദ്രങ്കലെയ്ക്കൊഴുകുന്നതെപ്പോഴോ; അപ്പോൾ ശാലയിൽ മേധാവികൾ തന്തിരുവടിയുടെ മഹത്ത്വത്തെ, പർജ്ജന്യൻ ദിവ്യജലംകൊണ്ടു യവത്തെയെന്നപോലെ വളർത്തുന്നു! 7
ലോകത്തിൽ ഒരു കാള കോപിച്ചു ചാടുന്നതുപോലെ, ആർ ഈശ്വരപത്നികളായ തണ്ണീരുകളെ ഇങ്ങോട്ടയച്ചുവോ; ആ മഘവാവത്രേ, പിഴിയുന്ന ക്ഷിപ്രപ്രദാനന്നു – ഹവിഷ്മാനായ മനുഷ്യന്നു – വെളിച്ചം കിട്ടിച്ചതു്! 8
വജ്രം മിന്നി പൊങ്ങട്ടെ; സത്യത്തിന്റെ ശബ്ദം മുമ്പേത്തെപ്പോലെ മുഴങ്ങട്ടെ. സൽപതി സമുജ്ജ്വലപ്രഭനായി വിളങ്ങട്ടെ – സൂര്യനെപ്പോലെ ഒളിവീശിത്തിളങ്ങട്ടെ! 9
പുരുഹൂത, വറുതിമൂലം വന്ന ദുർവിചാരം ഞങ്ങൾ ഗോക്കളെക്കൊണ്ടു കടക്കുമാറാകണം, വിശപ്പൊക്കെ യവംകൊണ്ടും; ഞങ്ങൾ അരചന്മാരെക്കൊണ്ടു മികച്ച സമ്പത്തും, ഞങ്ങളുടെ ബലംകൊണ്ടു വിജയവും നേടുമാറാകണം! 10
ബൃഹസ്പതി ഞങ്ങളെ പിന്നിലും മുകളിലും ചുവട്ടിലും ദുഷ്ടങ്കൽ നിന്നു രക്ഷിയ്ക്കട്ടെ; ഇന്ദ്രൻ ഞങ്ങളെ മുന്നിലും നടുവിലും രക്ഷിയ്ക്കട്ടെ. സഖാവു സഖാക്കൾക്കു ധനം തരട്ടെ! 11
[3] ഇന്ദ്രൻ നമുക്കു ദാഹവും വിശപ്പും ശമിപ്പിയ്ക്കട്ടെ. അന്നം – സസ്യങ്ങൾ.
[4] പ്രകാശത്തെ – സൂര്യതേജസ്സിനെ.
[5] പിശുക്കുപിടിയ്ക്കുന്ന – മഴ വേണ്ടുവോളം പെയ്യാത്ത. ജയിപ്പാൻ – നീരാവി കീഴടക്കാൻ. തിരഞ്ഞുപിടിച്ചു ജയിയ്ക്കുമെന്നർത്ഥം. അടുത്ത വാക്യം പ്രത്യക്ഷം:
[6] പരോക്ഷം:
[7] സലിലം = വെള്ളം. മേധാവികൾ – സ്തോതാക്കൾ. ദിവ്യജലം – മഴ.
[8] ചാടുന്നതുപോലെ – മേഘത്തിനെ എതിർത്തു പിളർത്തി. ഈശ്വരപത്നികളായ – ഈശ്വരനായ ഇന്ദ്രന്റെ രക്ഷയിലിരിയ്ക്കുന്ന.
[9] സൽപതി – ഇന്ദ്രൻ.