ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
അധ്വര്യുക്കളേ, നിങ്ങൾ ഇന്ദ്രന്നു സോമം കൊണ്ടുവരുവിന്‍; ആ മദകരമായ അന്നം പാത്രങ്ങൾകൊണ്ടു തൂകുവിൻ: ഇതു കുടിയ്ക്കാൻ സദാ കൊതിയ്ക്കുന്നവനാണല്ലോ, ആ വീരന്‍; അതിനാല്‍ വൃഷാവിന്നായി ഹോമിപ്പിൻ. അതുതന്നെയാണ്, അവിടുന്നാഗ്രഹിയ്ക്കുന്നത്. 1
അധ്വര്യുക്കളേ, ജലങ്ങളെ മറച്ചുനിന്ന മേഘത്തെ, ആര്‍ ഇടിവാൾകൊണ്ടു വൃക്ഷത്തെ എന്നപോലെ പിളർത്തിയോ; കൊതിയ്ക്കുന്ന അദ്ദേഹത്തിന്നായി അതു കൊണ്ടുവരുവിന്‍: അതു കുടിപ്പാൻ അർഹനാണല്ലോ, ഈ ഇന്ദ്രന്‍. 2
അധ്വര്യുക്കളേ, ആര്‍ ദൃഭീകനെ നിഹനിച്ചുവോ; ആര്‍ ഗോക്കളെ പുറത്തിറക്കി, വലനെ വധിച്ചുവോ; അദ്ദേഹത്തിന്നായി ഇതിനെ, വാനത്തു വായുവിനെയെന്നപോലെ വ്യാപിപ്പിയ്ക്കുവിന്‍ – ഇന്ദ്രനെ സോമംകൊണ്ടു, കിഴവനെ പുതപ്പുകൊണ്ടെന്നപോലെ മൂടുവിൻ! 3
അധ്വര്യുക്കളേ, തൊണ്ണൂറെറാമ്പതു കൈകളുണ്ടായിരുന്ന ഉരണനെ ആര്‍ കൊന്നുവോ; ആര്‍ അര്‍ബുദനെ കമിഴ്ത്തിവീഴിച്ചുവോ; ആ ഇന്ദ്രനെ, സോമമൊരുക്കി പ്രീതിപ്പെടുത്തുവിന്‍. 4
അധ്വര്യുക്കളേ, ആര്‍ അശ്നനെ, ആർ ശോഷം പറ്റാത്ത ശുഷ്ണനെ, തോൾ വെട്ടിക്കൊന്നുവോ; ആര്‍ പിപ്രുവിനെ, ആര്‍ നമുചിയെ, ആര്‍ രുധിക്രാവിനെ കൊന്നുവോ; ആ ഇന്ദ്രന്ന് അന്നങ്ങൾ ഹോമിയ്ക്കുവിന്‍. 5
അധ്വര്യുക്കളേ, ആർ ശംബരന്റെ നൂറു പുരാതനനഗരങ്ങളെ വജ്രംകൊണ്ടു പിളർത്തിയോ; ആര്‍ വർച്ചിയുടെ നൂറായിരത്തെ വീഴിച്ചുവോ; ആ ഇന്ദ്രന്നു സോമം കൊണ്ടുവരുവിന്‍. 6
അധ്വര്യുക്കളേ, ആര്‍ നൂറായിരംപേരെ കൊന്നു നിലംപൊത്തിച്ചുവോ; കുത്സന്‍, ആയു, ദിവോദാസന്‍ എന്നിവരുടെ എതിരാളികളെ കൊന്നൊടുക്കിയോ; അദ്ദേഹത്തിന്നു സോമം കൊണ്ടുവരുവിന്‍. 7
യജ്ഞനേതാക്കളായ അധ്വര്യുക്കളേ, നിങ്ങൾ ഇന്ദ്രന്ന് അതു വേഗത്തില്‍ കൊണ്ടുവന്ന് അഭീഷ്ടം നേടുവിൻ: പുകൾപ്പെട്ട ഇന്ദ്രന്നു കൈകൾകൊണ്ടരിച്ച സോമം കൊണ്ടുവരുവിന്‍; ഹോമിയ്ക്കുവിന്‍. 8
അധ്വര്യുക്കളേ, നിങ്ങൾ ഈ ഇന്ദ്രന്നു സുഖകരമായ സോമം ഉണ്ടാക്കുവിൻ: വെള്ളത്തില്‍ വെടുപ്പു വരുത്തി, ചമസത്തില്‍ പകരുവിന്‍. നിങ്ങളുടെ അരിച്ച സോമത്തെ അദ്ദേഹം പ്രീതിയോടേ ഇച്ഛിയ്ക്കുന്നു; ആ മാദകം ഹോമിയ്ക്കുവിൻ. 9
അധ്വര്യുക്കളേ, പയ്യിന്റെ അകിടിനെ പാല്‍കൊണ്ടെന്ന പോലെ, ഈ രക്ഷിതാവായ ഇന്ദ്രനെ സോമംകൊണ്ടു നിറയ്ക്കുവിന്‍. എന്റേതായ ഇതിന്റെ ഈ രഹസ്യം എനിയ്ക്കറിയാം: ഇതു കൊടുക്കാനിച്ഛിക്കുന്നവനെ ആ യഷ്ടവ്യൻ ധാരാളം അറിയും! 10
അധ്വര്യുക്കളേ, സ്വർഗ്ഗത്തിലും അന്തരിക്ഷത്തിലും ഭൂമിയിലുമുള്ള സമ്പത്തിന്ന് അരചന്‍ ആരോ; ആ ഇന്ദ്രനെ നിങ്ങൾ, യവം കൊണ്ടു വല്ലത്തെയെന്നപോലെ, സോമംകൊണ്ടു നിറയ്ക്കുവിൻ. അതാവട്ടേ, നിങ്ങളുടെ ജോലി! 11
വസോ, ഇന്ദ്ര, ഭവാന്‍ ഞങ്ങൾക്കു ദാനത്തിന്നു ധനം തന്നാലും: വളരെയുണ്ടല്ലോ, ഭവാനു സമ്പത്ത്. പൂജനീയമായ അതാണല്ലോ, ഭവാൻ നാൾതോറും ഭുജിയ്ക്കുന്നതു്. ഞങ്ങൾ ശോഭനവീരാന്വിതരായിട്ടു, യജ്ഞത്തില്‍ സ്തുതിയ്ക്കുമാറാകണം! 12
[1] ഗൃത്സമദന്‍ പറയുന്നു: മദകരമായ അന്നം – സോമം. പാത്രങ്ങൾ – ചമസങ്ങൾ. തൂകുവിന്‍ – അഗ്നിയില്‍ പകരുവിന്‍.
[2] അതു – സോമം.
[3] ദൃഭീകന്‍ – ഒരസുരന്‍. ഇതിനെ – സോമരസത്തെ.
[4] ഉരണന്‍ – ഒരസുരന്‍. അര്‍ബുദൻ – മറെറാരസുരന്‍.
[5] അശ്നനും മറ്റും അസുരന്മാർതന്നെ. ശോഷം – ബലക്ഷയം.
[6] വർച്ചിയുടെ നൂറായിരത്തെ – വർച്ചി എന്ന അസുരന്റെ നൂറായിരം ആളുകളെ.
[7] നൂറായിരംപേരെ – നൂറായിരം അസുരന്മാരെ. കുത്സനും, ആയുവും ഭിവോദാസനും രാജർഷിമാരത്രേ.
[9] ആ മാദകം – ലഹരിപിടിപ്പിയ്ക്കുന്ന സോമം.
[10] അറിയും – അറിഞ്ഞനുഗ്രഹിയ്ക്കും.