ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
ഋതു പെറ്റ സോമലത ചിക്കെന്നു് അമ്മയുടെ അടുക്കല്‍നിന്നു, വളർച്ച വരുത്തുന്ന വെള്ളത്തില്‍ മുഴുകി; അതിനാല്‍ ചതയ്ക്കാവുന്നതായിത്തീർന്ന അതില്‍നിന്ന് ഒരു കുഴമ്പു ധാരാളം പുറപ്പെട്ടു. ആ അമൃതു മികച്ചതും സ്തുത്യവുംതന്നെ! 1
ഒത്തൊരുമിച്ചു ജലം വഹിയ്ക്കുന്ന ഈ നദികൾ അംഭോനിധിയ്ക്ക് ആഹാരം കൊണ്ടുപോകയാണു്: വഴി ഒന്നേ ഉള്ളുവല്ലോ, കിഴ്പോട്ടൊഴുകാൻ. ഇവ മുമ്പേ ചെയ്തുവെച്ച ഭവാൻ സ്തുത്യൻതന്നെ! 2
ഒരാൾ നല്കപ്പെടുന്നത് എടുത്തുപറയുന്നു; ഒരാൾ പ്രാണികളെ വിശസിച്ച്, അതേ കർമ്മവുമായി നടക്കുന്നു; ഒരാളുടെ പിഴയെല്ലാം പൊറുക്കപ്പെടുന്നു. ഇവ മുമ്പേ ചെയ്തുവെച്ച ഭവാൻ സ്തുത്യൻ തന്നെ! 3
വേണ്ടുവോളം പൊറുപ്പുമുതല്‍, അതിഥിയ്ക്കെന്നപോലെ, ഗൃഹസ്ഥര്‍ ധനം മക്കൾക്കു പങ്കിട്ടുകൊടുക്കുന്നു; അച്ഛന്‍ നല്കിയ ഭോജനം വെറുതെയിരിയ്ക്കുന്നവന്‍ കടിച്ചുചവച്ചു ഭക്ഷിയ്ക്കുന്നു. ഇവ മുമ്പേ ചെയ്തുവെച്ച ഭവാന്‍ സ്തുത്യൻതന്നെ! 4
വൃത്രഹന്താവേ, ഭവാന്‍ ഭൂമിയെ സൂര്യന്നു കാണാവുന്നതാക്കി നിർത്തി; നദികളുടെ വഴികൾ നന്നാക്കി. അതിനാല്‍, ദേവനായ ഭവാനെ സ്തോതാക്കൾ, കുതിരയെ വെള്ളംകൊണ്ടെന്നപോലെ, സ്തോത്രംകൊണ്ടു വർദ്ധിപ്പിച്ചു. ആ ഭവാന്‍ സ്തുത്യന്‍തന്നെ! 5
ഭവാന്‍ ഭക്ഷണവും ജലവും നല്‍കുന്നു; നനഞ്ഞതില്‍നിന്ന് ഉണങ്ങിയ മധുരവസ്തു കറന്നെടുക്കുന്നു; പരിചരിയ്ക്കുന്നവങ്കല്‍ ധനം ഈടുവെയ്ക്കുന്നു; ലോകത്തിനൊക്കെ ഭവാനൊരാളാണ്, ഈശൻ. ആ ഭവാൻ സ്തുത്യൻതന്നെ! 6
ഭവാനാണല്ലോ, പൂക്കുന്നവയും കായ്ക്കുന്നവയുമായ ഓഷധികളെ ധർമ്മംകൊണ്ടു വയലില്‍ നിർത്തിയത്; മഹാനായ ഭവാനാണല്ലോ, എങ്ങും മഹത്തുക്കളെയും, ഒളിമിന്നുന്ന വിവിധനക്ഷത്രങ്ങളെയും സൃഷ്ടിച്ചതു്; ആ ഭവാന്‍ സ്തുത്യൻതന്നെ! 7
ബഹുകർമ്മാവേ, ഭവാനാണല്ലോ, അന്നത്തിന്നും ദസ്യുവിനാശത്തിന്നുംവേണ്ടി, നൃമരപൃത്രനായ സഹവസുവിനെ ഹനിപ്പാൻ ഉടനടി വജ്രത്തിന്റെ സ്വച്ഛമായ വായില്‍ കടത്തിയത്; ആ ഭവാൻ സ്തുത്യൻതന്നെ! 8
ആയിരമുണ്ടല്ലോ, ഭവാനൊരാൾക്കു സുഖത്തിന്ന്; എല്ലാവർക്കും ഭവാനാണ്, അന്നദാതാവ്: സ്തുതിപ്പിയ്ക്കുന്നവനെ ഭവാന്‍ രക്ഷിച്ചു; ദഭീതിയ്ക്കുവേണ്ടി, ദസ്യുക്കളെ ഭവാൻ തടവിലിട്ടു കൊന്നു. സുപ്രാപനായിത്തീർന്ന ആ ഭവാന്‍ സ്തുത്യൻതന്നെ! 9
നദികളെല്ലാം ഭവാന്റെ പൌരുഷത്തെ അനുവർത്തിയ്ക്കുന്നു; ഭവാന്നു സമർപ്പിയ്ക്കുന്നു; ധനം ഭവാന്റെ കർമ്മത്തിന്നു വെയ്ക്കുന്നു; ആറു വിശാലവസ്തുക്കളെ വ്യവസ്ഥാപിച്ചതു, ഭവാനാണ്; ഭവാന്‍ പഞ്ചജനങ്ങളെ എങ്ങും പാലിയ്ക്കുന്നു. ആ ഭവാന്‍ സ്തുത്യൻതന്നെ! 10
വീര, തുലോം വര്‍ണ്ണനീയമാണ്, ഭവാന്റെ വീര്യം: ഒറ്റക്കർമ്മംകൊണ്ടാണല്ലോ, ഭവാൻ ധനം കൈക്കലാക്കുന്നത്! ബലവാനായ ജാതൂഷ്ഠിരന്നു ഭവാന്‍ അന്നം കല്പിച്ചു കൊടുത്തു. ഇന്ദ്ര, ഇതൊക്കെ ചെയ്ത ആ ഭവാൻ സ്തുത്യന്‍തന്നെ! 11
തുർവീതിയ്ക്കും വര്യന്നുംവേണ്ടി, ഭവാന്‍ നദീപ്രവാഹത്തെ സുഖേന കടക്കാവുന്നതാക്കിത്തീർത്തു; കുരുടനും കാല്‍മുടന്തനുമായ പരാവൃക്കിനെ ഭവാൻ അധോഗതിയില്‍നിന്നു കരയേറ്റി. അങ്ങനെ പേര്‍ കേൾപ്പിച്ച ഭവാന്‍ സ്തുത്യൻതന്നെ! 12
വസോ, ഇന്ദ്ര, ഭവാന്‍ ഞങ്ങൾക്കു ദാനത്തിന്നു ധനം തന്നാലും: വളരെയുണ്ടല്ലോ, ഭവാന്നു സമ്പത്തു്; പൂജനീയമായ അതാണല്ലോ, ഭവാന്‍ നാൾതോറും ഭുജിയ്ക്കുന്നത്. ഞങ്ങൾ ശോഭനവീരാന്വിതരായിട്ടു, യജ്ഞത്തില്‍ സ്തുതിയ്ക്കുമാറാകണം! 13
[1] ഋതു – വർഷാകാലം.
[2] അംഭോനിധിയ്ക്ക് ആഹാരം – സമുദ്രത്തിന്നു ഭക്ഷണം, ജലം. ഇവ – സോമോല്‍പാദന നദീപ്രവർത്തനാദികൾ.
[3] ഒരാൾ – ഹോതാവ്. നല്കപ്പെടുന്നത് – യജമാനനാല്‍ ദേവന്മാർക്കു കൊടുക്കപ്പെടുന്നത്. എടുത്തുപറയുന്നു – ദേവന്മാരെ ശ്രദ്ധിപ്പിപ്പാൻ. വിശസിയ്ക്കുക – ഞെക്കിക്കൊല്ലുക. അതേകർമ്മം – വിശസനം. ഇത്, ഒരധ്വര്യുവിന്റെ ജോലിയാണ്. ഒരാളുടെ – മറെറാരധ്വര്യുവിന്റെ. പൊറുക്കപ്പെടുന്നു – ബ്രഹ്മാവെന്ന ഋത്വിക്കിനാല്‍; ഇദ്ദേഹം പിഴയ്ക്കു പ്രായശ്ചിത്തം ചെയ്യും. ഇവ – ഹവിഷ്പ്രദാനാദികൾ.
[4] അച്ഛന്‍ – രക്ഷിതാവായ യജമാനന്‍. വെറുതെയിരിയ്ക്കുന്നവന്‍ – ജോലിയൊന്നും ചെയ്യാത്ത അഗ്നി. കത്തുന്ന വിറകിന്റെ ഒച്ചയാണ്, കടിച്ചുചവയ്ക്കൽ. ഇവ – ധനവിഭജനാദികൾ.
[5] നന്നാക്കി – സുഗമങ്ങളാക്കി. കുതിരയെ വെള്ളംകൊണ്ടെന്നപോലെ – നനച്ചാല്‍ കുതിരയ്ക്കു ചൊടി കൂടുമല്ലോ.
[6] നനഞ്ഞതില്‍നിന്ന് – വെള്ളം വീണ തണ്ടിന്മേല്‍നിന്ന്. ഉണങ്ങിയ – നനവില്ലാത്ത. മധുരവസ്തു – ആസ്വാദ്യമായ നെല്ലും മറ്റും. പരിചാരകനെ ധനസമൃദ്ധനാക്കുന്നു.
[7] മഹത്തുക്കൾ – പർവതാദികൾ.
[8] അന്നത്തിന്നും – അന്നങ്ങളെ രക്ഷിപ്പാനും. സഹവസു – ഒരസുരന്‍. കടത്തിയതു് – വജ്രംകൊണ്ടു വധിച്ചതു്.
[9] ആയിരം – വാഹനങ്ങൾ. സുഖത്തിന്ന് – സുഖസഞ്ചാരത്തിന്ന്. സ്തുതിപ്പിയ്ക്കുന്നവന്‍ – സ്തോതാവിനെ ഏർപ്പെടുത്തുന്ന യജമാനന്‍. ദഭീതി – ഒരു ഋഷി.
[10] ഭവാന്നു സമർപ്പിയ്ക്കുന്നു – യജമാനന്മാര്‍ ഹവിസ്സ്. വെയ്ക്കുന്നു – ആളുകൾ ധനം ഭവാന്റെ കർമ്മത്തിന്നു (ഭവദാരാധനത്തിന്നു) സൂക്ഷിയ്ക്കുന്നു. ആറു വിശാലവസ്തുക്കൾ – ദ്യോവ്, ഭൂവ്, പകല്‍, രാത്രി, ജലം, ഔഷധി.
[11] ഒരൊറ്റക്കർമ്മം – ഒരിയ്ക്കല്‍മാത്രം പൊരുതല്‍. ധനം – ശത്രുക്കളുടെ മുതല്‍. ജാതൂഷ്ഠിരന്‍ – ഒരാളുടെ പേര്‍.
[12] തുർവീതി, വയ്യന്‍ എന്നീ രണ്ടുപേര്‍ വെള്ളം നിറഞ്ഞ ഒരു പുഴ കടക്കാൻ വയ്യാഞ്ഞു വിഷമിയ്ക്കെ, അവരെ അങ്ങു സുഖേന കടത്തിവിട്ടു. പരാവൃക്ക് – ഒരൃഷി. കരയേററി – കാഴ്ച തെളിയിച്ചും കാല്‍മുടന്തു പോക്കിയും ദുഃഖത്തില്‍നിന്നുദ്ധരിച്ചു. പേര്‍കേൾപ്പിച്ച = യശസ്സാർജ്ജിച്ച.
[13] ദാനത്തിന്നു – ആളുകൾക്കു കൊടുക്കാനും, തങ്ങൾക്കനുഭവിപ്പാനും.