ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന് ദേവത.
അദ്ദേഹത്തെപ്പററി പുതിയതൊന്നു നിങ്ങൾ അംഗിരസ്സുകളെപ്പോലെ ചൊല്ലുവിന്‍: എന്നാല്‍, അദ്ദേഹത്തിന്റെ തേജസ്സു പണ്ടേത്തെപ്പോലെ പൊന്തും. പിടിച്ചു തടവിലാക്കപ്പെട്ട ഗോക്കളെയെല്ലാം അദ്ദേഹം സോമത്തിന്റെ മത്തില്‍ ചിക്കെന്നു പുറത്തുവിട്ടുവല്ലോ. 1
ആര് ഓജസ്സുപുണ്ട് ഒന്നാമത്തെപ്പാനത്തിന്നായി മഹിമ വളർത്തിയോ; യാതൊരു ശൂരന്‍ യുദ്ധങ്ങളില്‍ മൈച്ചട്ടയണിഞ്ഞുവോ; ആര് മഹത്ത്വംകൊണ്ടു ദ്യോവിനെ തലയിൽ ചുമന്നുവോ; അവന് വർദ്ധിപ്പൂതാക! 2
മുന്തിയ മഹാവീര്യമാണ്, അങ്ങു കാണിച്ചത്: അതിനെ സ്തുതിച്ചവരുടെ മുമ്പില്‍ അങ്ങു ബലം പൊങ്ങിച്ചുവല്ലോ; ഒത്തൊരുമിച്ച ദ്രോഹികൾ തേരിലിരുന്ന ഹര്യശ്വനായ ഭവാനാല്‍ വീഴിയ്ക്കപ്പെട്ടിട്ടു, ചിന്നിച്ചിതറിപ്പായുകയായി! 3
ആ പുരാതനന്‍ ബലംകൊണ്ട് ഉലകെല്ലാം കീഴടക്കി; കോയ്മ പൂണ്ടു, വളർന്നു; ആ വോഢാവു വാനൂഴികളില്‍ തേജസ്സു വ്യാപിപ്പിച്ചു; ഇരുട്ടുകളെ പീഡിപ്പിച്ച് ഒന്നിച്ചു കുഴിച്ചുമൂടി! 4
അവിടുന്നു പറന്നിരുന്ന പർവതങ്ങളെ അനങ്ങാതാക്കി; മേഘ ജലങ്ങളുടെ ഒഴുകല്‍ താഴത്തെയ്ക്കാക്കി; വിശ്വംഭരയായ ഭൂവിനെ താങ്ങി; ദ്യോവിനെ ഉപായംകൊണ്ടു വീഴാതുറപ്പിച്ചു! 5
അദ്ദേഹം ലോകത്തിന്നു പര്യാപ്തനായിത്തീർന്നു: എല്ലാ ആളുകളെക്കാളും അറിവേറിയവനാക്കിയാണ്, അദ്ദേഹത്തെ അച്ഛന് തൃക്കൈകൾകൊണ്ടു സൃഷ്ടിച്ചതു്. അതിനാലാണല്ലോ, ഈ യശസ്വി ക്രിവിയെ വജ്രമെയ്തു മന്നില്‍ കിടത്തിയുറക്കിയത്! 6
അച്ഛനമ്മമാരോടൊന്നിച്ചു നാൾകഴിയ്ക്കുന്ന ഒരു സ്ത്രീ തറവാട്ടില്നിന്നെന്നപോലെ, ഞാന്‍ അങ്ങയോടു ഭാഗം യാചിയ്ക്കുന്നു; ശരിയ്ക്കു കണക്കിട്ടുനോക്കി ഭവാന് സ്തോതാക്കൾക്കു സമ്മാനിയ്ക്കാറുള്ള പങ്ക് ഇവന്നു തന്നരുളുക! 7
ഇന്ദ്ര, രക്ഷിതാവായ ഭവാനെ ഞങ്ങൾ വിളിയ്ക്കുന്നു: ഇന്ദ്ര, കർമ്മവും അന്നവും തരുന്നവനാണല്ലോ, ഭവാൻ. ഇന്ദ്ര, വിവിധരക്ഷകൾകൊണ്ടു ഞങ്ങളെ പാലിച്ചാലും; വൃഷാവായ ഇന്ദ്ര, ഞങ്ങളെ വലിയ ധനികന്മാരാക്കിയാലും! 8
(മാകന്ദമഞ്ജരി)
രാധ്യനാമിന്ദ്ര, നിന്‍ദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
[1] പുതിയതൊന്നു – പുതിയ ഒരു സ്തോത്രം.
[2] അവന് – ആ ഇന്ദ്രന്.
[3] പൊങ്ങിച്ചു – തുലോം പ്രകടിപ്പിച്ചു.
[4] ആ പുരാതനൻ – ഇന്ദ്രന്. വോഢാവ് – ലോകത്തെ വഹിയ്ക്കുന്നവന്‍. ഇരുട്ടുകൾ – തമോരൂപര്.
[5] താഴത്തെയ്ക്ക് – ഭൂമിയിലെയ്ക്ക്.
[6] അച്ഛൻ – പ്രജാപതി. ക്രിവി – ഒരസുരന്. ഉറക്കിയത് – കൊന്നത്.
[7] ഒരു സ്ത്രീ – അവിവാഹിത.