ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
ഈ സത്യനായ മഹാന്റെ സത്യങ്ങളായ മഹാകർമ്മങ്ങൾ ഞാനിപ്പോൾ വർണ്ണിയ്ക്കാം: ഇന്ദ്രന്‍ ആഭിപ്ലവികദിനങ്ങളില്‍ സോമനീര്‍ കുടിച്ചു; അതിന്റെ മത്തില്‍ വൃത്രനെ വധിച്ചു! 1
അവിടുന്ന് ആകാശത്തു ദ്യോവിനെ ഉറപ്പിച്ചു; വലിയ അന്തരിക്ഷത്തെയും വാനൂഴികളെയും നിറച്ചു; ഭൂമിയെ താങ്ങി, വിസ്താരപ്പെടുത്തി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 2
ഒരു ഗൃഹത്തെയെന്നപോലെ കിഴക്കേദിക്കിനെ ശരിയ്ക്കളന്നു; നദികളുടെ അടിവശങ്ങളെ വജ്രംകൊണ്ടു കുഴിച്ചു; മാർഗ്ഗങ്ങൾ നിഷ്പ്രയാസം സുചിരഗന്തവ്യങ്ങളുമാക്കി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രൻ ഇതൊക്കെ ചെയ്തത്! 3
അവിടുന്നു ദഭീതിയെ പിടിച്ചുകൊണ്ടുപോകുന്നവരോടെതിർത്ത്, (അവരുടെ) ആയുധമെല്ലാം കത്തുന്ന തിയ്യിലെരിച്ചു; അദ്ദേഹത്തിന്നു ഗവാശ്വരഥങ്ങൾ നല്കുകയും ചെയ്തു. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 4
അവിടുന്ന് ഈ മഹാനദിയിലെ വെള്ളം, കടക്കാവുന്നവിധം ചുരുക്കി; ഇറങ്ങാൻ വയ്യാത്തവരെ സുഖേന മറുകരയിലെത്തിച്ചു. അവര്‍ കടന്നു, ധനാപ്തിയ്ക്കായി നടകൊണ്ടു; സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രൻ ഇതൊക്കെ ചെയ്തത്! 5
അവിടുന്നു മഹത്ത്വത്താല്‍ സിന്ധുവിനെ വടക്കോട്ടൊഴുകിച്ചു; ഉശിരില്ലാത്തവരെ ഉശിരന്മാരെക്കൊണ്ടു പിളർത്ത്, ഉഷസ്സിന്റെ വണ്ടി വജ്രംകൊണ്ടു തപിടുപൊടിയാക്കി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 6
കന്യകമാര്‍ പോയ്ക്കളഞ്ഞതറിഞ്ഞ വിദ്വാനായ പരാവൃക്ക് അതാ, പ്രത്യക്ഷമാംവണ്ണം എഴുനേറ്റു; അതാ, കാല്‍മുടന്തന്‍ പാഞ്ഞെത്തി, നന്നായി കണ്ടു. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തതു് ! 7
അവിടുന്ന് അംഗിരസ്സുകളാല്‍ സ്തുതിയ്ക്കപ്പെട്ടു വലനെ വധിച്ചു. പർവതത്തിന്റെ ശിലാദ്വാരങ്ങൾ തുറന്നു – അതിന്റെ കൃത്രിമങ്ങളായ അടപ്പുകൾ പൊളിച്ചു. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 8
അവിടുന്നു ദസ്യുവായ ചുമുരിയെയും ധുനിയെയും ദീർഗ്ഘനിദ്രയോടിണക്കി നിഹനിച്ചു, ദഭീതിയെ രക്ഷിച്ചു; അതില്‍ രംഭിയ്ക്കു ധനവും കിട്ടി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രൻ ഇതൊക്കെ ചെയ്തതു് ! 9
(മാകന്ദമഞ്ജരി)
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 10
[2] നിറച്ചു – തന്റെ തജസ്സുകൊണ്ട്.
[3] മാർഗ്ഗങ്ങൾ – പ്രവാഹമാർഗ്ഗങ്ങൾ.
[4] പണ്ടു ചുമുരി, ധുനി മുതലായ അസുരന്മാര്‍ ദഭീതി എന്ന ഒരു രാജർഷിയുടെ പുരി വളഞ്ഞ്, അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയിപോൽ.
[5] ഈ മഹാനദി – പരുഷ്ണി എന്ന നദി. ഇറങ്ങാന്‍ വയ്യാത്തവര്‍ – ചില ഋഷിമാര്‍. ധനാപ്തിയ്ക്കായി – തങ്ങൾ ഉദ്ദേശിച്ച ദ്രവ്യം നേടാന്‍.
[6] വണ്ടി തകർത്ത കഥ മറെറാരേടത്തു വിവരിയ്ക്കും.
[7] പണ്ടു, കാലും കണ്ണുമില്ലാത്ത പരാവൃക്ക് ചില കന്യകമാരെ പിടികൂടാൻനോക്കി; അവര്‍ പാഞ്ഞുപോയ്ക്കളഞ്ഞു. അപ്പോൾ ആ ഋഷി ഇന്ദ്രനെ സ്തുതിച്ചു കാലും കാഴ്ചയും നേടി. ഇക്കഥയാണ്, ഈ ഋക്കില്‍. കാല്‍മുടന്തന്‍ പാഞ്ഞെത്തി – ഇന്ദ്രപ്രസാദത്താല്‍ മുടന്തുനീങ്ങി, പാഞ്ഞു, കന്യകമാരുടെ അടുക്കലെത്തി. നന്നായി കണ്ടു – അന്ധത നീങ്ങുകയാല്‍ കന്യകമാരെ സ്പഷ്ടമായി കാണുകയുംചെയ്തു.
[9] രംഭി – ദഭീതിയുടെ ഹരിക്കാരന്‍.