വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
അഗ്നേ, അങ്ങു് എന്നെ യജ്ഞത്തില്‍ യജിപ്പാൻ സോമമെടുപ്പിച്ചുവല്ലോ; എനിയ്ക്കു ബലം തരാനിച്ഛിച്ചാലും! ദേവന്മാരെക്കുറിച്ച്, ഉജ്ജ്വലിയ്ക്കുന്ന ഞാന്‍ അമ്മിക്കുഴയെടുത്തു സ്തുതിയ്ക്കുന്നു. അഗ്നേ, അവിടുന്നു ദേഹത്തില്‍ വാണരുളുക! 1
ഞങ്ങൾ യാഗം കേമമായി നടത്താം: വാക്കു വർദ്ധിയ്ക്കട്ടെ! അഗ്നിയെ (ഇവര്‍) ചമതകൊണ്ടും ഹവിസ്സുകൊണ്ടും പരിചരിയ്ക്കും; ദേവകളാല്‍ അറിവുപദേശിയ്ക്കപ്പെട്ട കവികൾ വളർന്ന സ്തുത്യനെക്കുറിച്ചു പാടാനും തുടങ്ങുന്നു. 2
മേധാവിയും വിശുദ്ധബലനും ജാത്യാ സുബന്ധുവുമായ യാതൊരാൾ ദ്യോവിന്നും ഭൂവിന്നും സുഖം വരുത്തിയോ; ആ ദർശനീയനായ അഗ്നിയെ നദീജലത്തിന്നുള്ളിലത്രേ, ദേവകൾ കർമ്മത്തിന്നു കണ്ടെത്തിയത്. 3
സുഭഗനായി, ശുഭ്രനായി, ജനിച്ചപ്പോൾത്തന്നെ മഹിമയാല്‍ വിളങ്ങിയ അഗ്നിയെ ഏഴു മഹതികൾ, പിറന്ന കുട്ടിയെ പെണ്‍കുതിരകൾപോലെ സമീപിച്ചു, വളർത്തിപ്പോന്നു; ദേവകൾ അഗ്നിയെ പിറപ്പില്‍ത്തന്നേ ദീപ്തരൂപനുമാക്കി. 4
അവിടുന്നു സ്വച്ഛങ്ങളും സ്തൃത്യങ്ങളും പാവനങ്ങളുമായ അംഗങ്ങൾകൊണ്ട് അന്തരിക്ഷത്തില്‍ വ്യാപിയ്ക്കുന്നു; കർമ്മിയെ വിശുദ്ധനാക്കുന്നു; തേജസ്സുടുത്തു, കർമ്മികൾക്ക് അന്നവും കുറവില്ലാത്ത വമ്പിച്ച സമ്പത്തുമുണ്ടാക്കുന്നു! 5
അവിടുന്ന് ആഹാരവും അല്ലലുമില്ലാത്ത, വസ്ത്രം വേണ്ടാത്ത, നഗ്നതയില്ലാത്ത അന്തരിക്ഷപുത്രിമാരെ സർവത്ര പ്രാപിച്ചു; നിത്യയുവതികളും ഒരേ ഇടത്തു വസിയ്ക്കുന്നവരുമായ ആ സപ്തനദികൾ ഈ ഏകനെ ഗർഭത്തില്‍ ധരിച്ചു. 6
അദ്ദേഹത്തിന്റെ വിവിധരശ്മികൾ അന്തരിക്ഷത്തില്‍ കുന്നുകൂടി, പരന്നു നീരൊഴുക്കില്‍ നിലക്കൊണ്ടു; നിറയുന്ന ജലങ്ങൾ അദ്ദേഹത്തെ സന്തോഷിപ്പിച്ചു; ആ ദർശനീയന്റെ അമ്മമാരാണ്; വിളങ്ങുന്ന രണ്ടു മഹതികൾ! 7
ബലത്തിന്റെ മകനേ, ഭവാന്‍ സ്വച്ഛങ്ങളും വേഗികളുമായ അംഗങ്ങളാല്‍ തിളങ്ങുന്നു. വൃഷാവ് എവിടെ സ്തുതിയാല്‍ വളരുന്നുവോ, അവിടെ തേനും നെയ്യും പൊഴിയുകയായി! 8
അവിടെയ്ക്കു സ്വയമേ അറിയാം അച്ഛന്റെ അകിട്; അതില്‍ നിന്നു പാലും വാക്കും താൻ കറന്നു. നന്മ വരുത്തുന ചങ്ങാതികളോടും അന്തരിക്ഷപുത്രിമാരോടുംകൂടി ഗുഹയില്‍ സ്ഥിതിചെയ്ത അദ്ദേഹത്തെ ഗുഹയിലുള്ള ആരും സമീപിച്ചില്ല! 9
അവിടുന്ന് അച്ഛന്റെയും സ്രഷ്ടാവിന്റെയും ഗർഭത്തെ ഭരിച്ചു പോരുന്നു; പുഷ്ടിപ്പെട്ടവയെ ഒറ്റയ്ക്കു ഭക്ഷിയ്ക്കുന്നു. സപത്നിമാരിരുവർക്കും ഒരേ ബന്ധുവാണ്, ഈ വൃഷാവായ ശുചി; ഈ മനുഷ്യഹിതകളെ ഭവാന്‍ സംരക്ഷിച്ചാലും! 10
അഗ്നി ഇടുക്കമില്ലാത്ത പരപ്പില്‍ വളരുന്നു: അന്നപ്രദങ്ങളായ ഭൂരിസലിലങ്ങളാല്‍ വർദ്ധിപ്പിയ്ക്കപ്പെടുന്നവനാണല്ലോ, ഈ മഹാൻ. ആ അഗ്നി ജലോല്‍പത്തിസ്ഥാനത്തു, സോദരിമാരായ നദികൾക്കു വേണ്ടുന്ന വെള്ളത്തില്‍, മനസ്സടക്കി പള്ളികൊള്ളുന്നു! 11
ജനയിതാവ്, ജലതതിയുടെ ഗർഭശിശു, മികച്ച നേതാവ്, മഹാൻ, ധർഷകൻ, അടരില്‍ പെരുംപടയെ ഭരിയ്ക്കുന്നവന്‍, ദർശനീയൻ, ദീപ്തതേജസ്കൻ – ഇങ്ങനെയുള്ള അഗ്നി സോമം പിഴിയുന്നവന്നു വെള്ളമുണ്ടാക്കിക്കൊടുക്കുന്നു! 12
സുഭഗയായ അരണി ജലതതിയുടെയും ഓഷധികളുടെയും ഗർഭശിശുവും വിവിധരൂപനുമായ യാതൊരു ദർശനീയനെ പ്രസവിച്ചുവോ; ആ സ്തുത്യനായി വളർന്ന അഗ്നിയെ, ജനിച്ചപ്പോൾത്തന്നെ, ദേവകൾ വാഴ്ത്തിക്കൊണ്ട് ഉപഗമിയ്ക്കുകയും പരിചരിയ്ക്കുകയും ചെയ്തു! 13
അറ്റമില്ലാത്ത കടലിൻനടുവില്‍ തണ്ണീരിനെ കറക്കുന്നവയും, മിന്നലുകൾപോലെ തിളങ്ങുന്നവയുമായ വമ്പിച്ച രശ്മികൾ, ഗുഹയിലെന്നപോലെ സ്വസ്ഥാനത്തു വളർന്നു ദീപ്തതേജസ്കനായ അഗ്നിയോടു ചേർന്നുനില്ക്കുന്നു! 14
യജിയ്ക്കുന്ന ഞാന്‍ ഹവിസ്സർപ്പിച്ച് അങ്ങയോടു യാചിയ്ക്കുന്നു – സഖ്യവും സന്മനസ്സും തുലോം ഇച്ഛയോടേ യാചിയ്ക്കുന്നു. അങ്ങു ദേവന്മാരോടുകൂടി സ്തോതാവിന്നു രക്ഷയരുളിയാലും; പിടിച്ചുനിർത്തപ്പെടേണ്ടുന്ന തേജസ്സുകൾകൊണ്ടു ഞങ്ങളെയും പരിപാലിച്ചാലും! 15
അഗ്നേ, നേരേ കൊണ്ടുനടക്കുന്നവനേ, അങ്ങയെ സമീപിച്ചു, നല്ലതെല്ലാം ചെയ്തു, ഹവിസ്സർപ്പിയ്ക്കുന്ന ഞങ്ങൾ തുലോം വീര്യമുള്ള അന്നംകൊണ്ടു, ദേവപൂജാരഹിതരായ ദ്രോഹികളെ അമർത്തുമാറാകണം! 16
അഗ്നേ, സ്തുത്യനായ ഭവാൻ സർവത്ര ദേവന്മാരുടെ അടയാളമായി വർത്തിയ്ക്കുന്നു; സ്തോത്രമെല്ലാം അറിയുന്ന ഭവാന്‍ മനുഷ്യരെ ഗൃഹങ്ങളില്‍ സുഖിപ്പിയ്ക്കുന്നു; കർമ്മാനന്തരം തേരില്‍ക്കേറി ദേവന്മാരെ അനുഗമിയ്ക്കുകയും ചെയ്യുന്നു. 17
മരണരഹിതനായ യാതൊരു രാജാവു യജ്ഞങ്ങൾ നിർവഹിച്ചു കൊണ്ടു മനുഷ്യരുടെ ഗൃഹത്തില്‍ വാണരുളുന്നുവോ; സ്തോത്രമെല്ലാം അറിയുന ആ അഗ്നി നെയ്യുണ്ടു തടിച്ചുരുണ്ടു മിന്നിത്തിളങ്ങുന്നു! 18
സഞ്ചാരതല്‍പരനും മഹാനുമായ ഭവാന്‍ നല്ല സഖ്യങ്ങളോടും വലിയ രക്ഷകളോടുംകൂടി ഞങ്ങളുടെ അടുക്കല്‍ എഴുന്നള്ളിയാലും; ഞങ്ങൾക്കു പീഡകൾ കടക്കാൻ, നല്ല വാക്കും യശസ്സും ചേർന്ന സേവനീയമായ വളരെദ്ധനം ഞങ്ങൾക്കു കല്പിച്ചുതന്നാലും! 19
അഗ്നേ, പുരാതനനായ നിന്തിരുവടിയെക്കുറിച്ചു ഞാൻ ഇങ്ങനെ സനാതനങ്ങളായ നവീനസ്തോത്രങ്ങൾ ഉച്ചരിച്ചു. യാതൊരു ജാതവേദസ്സു മനുഷ്യനില്‍ മനുഷ്യനില്‍ വെയ്ക്കപ്പെടുന്നുവോ, ആ വൃഷാവിന്നായി ഈ സവനങ്ങൾ അനുഷ്ഠിച്ചു. 20
മനുഷ്യനില്‍ മനുഷ്യനിൽ വെയ്ക്കപ്പെട്ട യാതൊരു ജാതവേദസ്സു വിശ്വാമിത്രന്മാരാല്‍ അനവരതം ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്നുവോ; ആ യജ്ഞാർഹന്റെ ഭദ്രമായ നന്മനസ്സു സ്വച്ഛഹൃദയരായ ഞങ്ങളില്‍ പതിയില്ലയോ! 21
ബലവാനും ശോഭനകർമ്മാവുമായ അഗ്നേ, ഒലിക്കൊള്ളുന്ന ഭവാന്‍ ഞങ്ങളുടെ ഈ യാഗം ദേവന്മാരില്‍ എത്തിച്ചാലും; ഹോതാവേ, മഹത്തായ അന്നം ഞങ്ങൾക്കു കല്പിച്ചുതന്നാലും; മഹത്തായ ധനവും നല്കിയാലും! 22
അഗ്നേ, അങ്ങ് കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം; അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 23
[1] ഉജ്ജ്വലിയ്ക്കുന്ന – ഉന്മേഷദീപ്തനായ. ദേഹത്തില്‍ വാണരുളുക – എന്റെ ശരീരം രക്ഷിച്ചാലും.
[2] വാക്കു് – സ്തുതി. കവികൾ – സ്തോതാക്കൾ.
[4] ഏഴു മഹതികൾ – സപ്തനദികൾ.
[5] അംഗങ്ങൾ – ജ്വാലകൾ. കുറവില്ലാത്ത – പരിപൂർണ്ണമായ.
[6] അന്തരിപുത്രിമാര്‍ – നദികൾ. നഗ്നതയില്ലാത്ത – ജലംതന്നെ, അവരുടെ വസ്ത്രം
[7] രണ്ടു മഹതികൾ – ദ്യാവാപൃഥിവികൾ.
[8] വൃഷാവ് എന്നാദിയായ വാക്യം പരോക്ഷം: തേനും നെയ്യും – മധുരവും ബലകരവുമായ ജലം.
[9] അച്ഛന്റെ അകിട് – അന്തരിക്ഷത്തിന്റെ ജലപ്രദേശം. പാല്‍ – ജലം. വാക്കു് – ശബ്ദം. ചങ്ങാതിമാര്‍ – വായുക്കൾ. ഗുഹയില്‍ – അടിത്തട്ടില്‍. സമീപിച്ചില്ല – സമീപിപ്പാൻ ആളായില്ല.
[10] ഗർഭം – ഓഷധ്യാദി. പുഷ്ടിപ്പെട്ടവ – സസ്യങ്ങൾ. സപത്നിമാര്‍ – ദ്യാവാപൃഥിവികൾ. ഈ മനുഷ്യഹിതകളെ – ദ്യാവാപൃഥിവികളെ.
[13] ഉപഗമിയ്ക്കുക – സമീപിയ്ക്കുക.
[14] സ്വസ്ഥാനം – അന്തരിക്ഷം.
[15] പിടിച്ചുനിർത്തപ്പെടേണ്ടുന്ന – ഊക്കില്‍പ്പടരുന്ന.
[16] ദ്രോഹികളെ അമർത്താൻപോന്ന വീര്യമേറിയ അന്നം അങ്ങു ഞങ്ങൾക്കു തരണം.
[18] പരോക്ഷവചനം:
[19] നല്ല വാക്കും യശസ്സും ചേർന്ന – ധനമുണ്ടായാല്‍ വാഗ്മിത്വവും കീർത്തിയും സാധിയ്ക്കാമല്ലോ.
[20] രണ്ടാംവാക്യംമുതല്‍ പരോക്ഷം: വെയ്ക്കപ്പെടുന്നു – യാഗത്തിന്നു സ്ഥാപിയ്ക്കപ്പെടുന്നു.
[21] വിശ്വാമിത്രന്മാര്‍ – ആത്മനി ബഹുവചനം. പതിയില്ലയോ – പതിയേണമേ എന്നാശയം.