ഗാഥി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകളും അഗ്നിയും ദേവത.
അഗ്നി, ഉഷസ്സ്, അശ്വികൾ, ദധിക്രാവ് എന്നിവരെ ഹോതാവു പുലര്‍കാലത്ത് ഉക്ഥങ്ങൾകൊണ്ടു വിളിയ്ക്കുന്നു; ഇതു, ഞങ്ങളുടെ യജ്ഞത്തെ ഇച്ഛിയ്ക്കുന്ന സുപ്രഭരായ ദേവന്മാര്‍ ഒത്തൊരുമിച്ചു കേൾക്കട്ടെ! 1
അഗ്നേ, യജ്ഞങ്ങളില്‍ ജനിച്ചവനേ, അങ്ങയ്ക്കു മൂന്നന്നവും, മൂന്നു സ്ഥാനവുമുണ്ട്; അങ്ങയ്ക്കു പൂരകമായ മൂന്നു നാവുണ്ട്; അങ്ങയ്ക്കു ദേവന്മാര്‍ അഭിലഷിച്ച മൂന്നു തിരുവുടലുണ്ട്. അവകൊണ്ടു ഭവാന്‍ ഞങ്ങളുടെ സ്തുതികളെ നിഷ്പ്രമാദം സംരക്ഷിച്ചാലും! 2
അഗ്നേ, ദേവ, ജാതവേദസ്സേ, അന്നസമേത, അമരണായ അങ്ങയ്ക്കു വളരെയുണ്ട്, തിരുനാമങ്ങൾ. ലോകത്തിനു മതിവരുത്തുന്നവനേ, ഫലൈഷികൾക്കു ബന്ധുവായുള്ളോവേ, മായാവികളുടെ വളരെ മായകളും ഭവാങ്കല്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു! 3
ഋതുപ്രവത്തകനായ സൂര്യൻപോലെ മനുഷ്യരുടെയും ദേവകളുടെയും നേതാവായി, സത്യകർമ്മാവായി, വൃത്രസൂദനനായി, സനാതനനായി, വിശ്വവേദസ്സായിരിയ്ക്കുന്ന ആ അഗ്നിദേവന്‍ സ്തോതാവിനെ സർവദുരിതങ്ങളും കടത്തിവിടട്ടെ! 4
ദധിക്രാവ്, അഗ്നി, ഉഷോദേവി, ബൃഹസ്പതി, സവിതൃദേവന്‍, അശ്വികൾ, മിത്രൻ, വരുണന്‍, ഭഗൻ, വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാര്‍ എന്നിവരെ ഞാന്‍ ഇവിടെയ്ക്കു വിളിയ്ക്കുന്നു! 5
[1] ദധിക്രാവ് – ഒരു ദേവന്‍. ഇത് – വിളി.
[2] മൂന്നു സ്ഥാനം – മൂവുലകം. പൂരകം – ദേവന്മാരുടെ വയര്‍ നിറയ്ക്കുന്നത്. മൂന്നു നാവ് – ഗാർഹപത്യം, ആഹവനീയം, ദക്ഷിണം. മൂന്നു തിരുവുടൽ – പവമാനം, പാവകം, ശുചി.
[3] യജ്ഞം മുടക്കുന്നവരുടെ മായകൾ പോക്കി, ഞങ്ങളുടെ യജ്ഞം രക്ഷിച്ചാലുമെന്നു രണ്ടാംവാക്യത്തിന്റെ ധ്വനി.
[4] വൃത്രസൂദനനൻ = പാപനാശനന്‍,