ഗാഥി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
സ്തുതിയ്ക്കുന്ന, കവിയായ, സർവജ്ഞനായ, അമൂഢനായ അഗ്നിയെ ഞാന്‍ യജ്ഞത്തില്‍ ഹോതാവാക്കി വരിയ്ക്കുന്നു: ആ അതിയഷ്ടാവു ഞങ്ങളുടെ ദേവകളെ യജിയ്ക്കട്ടെ; ധനവും അന്നവും തരാനായി ഹവിസ്സുകൾ സ്വീകരിയ്ക്കുകയുംചെയ്യട്ടെ! 1
അഗ്നേ, ഹവിസ്സും നെയ്യും നിറച്ച, നല്ല ശോഭയുള്ള ജുഹു ഞാൻ അങ്ങയുടെ നേര്‍ക്കു നീട്ടുന്നു. ദേവകളെ ബഹുമാനിയ്ക്കുന്ന ഭവാന്‍ ദേയങ്ങളായ ധനങ്ങളോടുകൂടി, വലംവെച്ചു യജ്ഞത്തില്‍ സംബന്ധിച്ചാലും! 2
അഗ്നേ, ഭവാന്‍ ആരെ രക്ഷിയ്ക്കുന്നുവോ, അവന്റെ മനസ്സു ശുഷ്കാന്തിയുള്ളതായിത്തീരും; അവന്നു സത്സന്താനത്തെയും ധനത്തെയും കല്പിച്ചുനല്കുക. ഞങ്ങള്‍ ധനം പെരികെക്കൊണ്ടുവരുന്ന ഭവാന്റെ മഹിമയില്‍ ഉള്‍പ്പെടുമാറാകണം – അങ്ങയെ വഴിപോലെ സ്തുതിച്ചു സമ്പന്നരാകണം! 3
അഗ്നേ, തിരുമേനിയെ യജിയ്ക്കുന്ന ആളുകൾ വളരെസ്സൈന്യങ്ങളെ ഭവാങ്കല്‍ ഉണ്ടാക്കുന്നുണ്ടല്ലോ; ആ ഭവാന്‍ ദേവന്മാരെ വിളിച്ചാലും: ഹേ യുവതമ, ഇവിടെ ദിവ്യമായ തേജസ്സിനെ യജിയ്ക്കുന്നവനാണല്ലോ, ഭവാന്‍! 4
അഗ്നേ, യജനത്തിന്ന് ഋത്വിക്കുകൾ ഹോതാവായ ഭവാനെ യജ്ഞത്തിലിരുത്തി, കുളിപ്പിച്ചുവല്ലോ; ആ ഭവാനാണ്, ഇതില്‍ ഞങ്ങൾക്കു രക്ഷിതാവെന്ന് അറിഞ്ഞാലും. ഞങ്ങളുടെ കിടാങ്ങൾക്ക് ആഹാരവും കൊടുക്കുക! 5
[1] സ്തുതിയ്ക്കുന്ന – ദേവകളെ.
[2] ദേയങ്ങൾ – ഞങ്ങൾക്കു തരേണ്ടുന്നവ.
[3] ശുഷ്കാന്തി – സല്‍ക്കർമ്മങ്ങളില്‍ നിശിതമായ ശ്രദ്ധ. മഹിമയില്‍ ഉൾപ്പെടുക – അങ്ങയുടെ ധനദാനത്തിന്നു പാത്രങ്ങളാവുക എന്നു സാരം.
[4] സൈന്യങ്ങൾ – ജ്വാലകൾ. ദിവ്യമായ തേജസ്സിനെ – ദേവഗണത്തെ.
[5] കുളിപ്പിച്ചുവല്ലോ – നെയ്യാടിച്ചുവല്ലോ. ഇതില്‍ – ഈ കർമ്മത്തില്‍.