ഗാഥി ഋഷി ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; പഞ്ചചിതിരൂപാഗ്നികൾ ദേവത.
ആരില്‍ പിഴിഞ്ഞൊഴിച്ച സോമമോ, ഇന്ദ്രന്‍ കൊതിയോടേ തിരുവയറ്റിലാക്കിയത്; ആ അഗ്നി ഇതാ! ജാതവേദസ്സേ, അങ്ങ് ഒരായിരം വടിവെടുത്തു നില്ക്കാതെപായുന്ന ഒരശ്വത്തെയെന്നപോലെ അന്നത്തെ സ്വീകരിച്ചു, സ്തുതിയ്ക്കപ്പെടുന്നു. 1
അഗ്നേ, യജനീയ, അങ്ങയുടേതുതന്നെ, ദ്യോവിലും ഭൂവിലും സസ്യങ്ങളിലും ജലത്തിലുമുള്ള തേജസ്സ്. ഇതുകൊണ്ടാണല്ലോ, വിളങ്ങിത്തിളങ്ങുന്ന മഹാനും മനുഷ്യസാക്ഷിയുമായ ഭവാൻ അന്തരിക്ഷത്തെ വീതിവെപ്പിച്ചത്! 2
അഗ്നേ, അങ്ങു ദ്യോവിലെ ജലത്തില്‍ നേരിട്ടണയുന്നു; പ്രാണദേവന്മാരെ ക്രമേണ ഒരുമിപ്പിയ്ക്കുന്നു; സൂര്യന്നു മീതേ രോചനത്തിലും, താഴത്തുമുള്ള ജലങ്ങളെ പ്രേരിപ്പിയ്ക്കുകയുംചെയ്യുന്നു! 3
പുരീഷ്യരായ അഗ്നികൾ ഒത്തൊരുമിച്ചു, പാരക്കോലുകളുമെടുത്തു യജ്ഞത്തില്‍ സംബന്ധിയ്ക്കട്ടെ; രോഗരഹിതങ്ങളായ മികച്ച അന്നങ്ങൾ സസ്നേഹം തരട്ടെ! 4
അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകട്ടെ; അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 5
[1] ഒടുവിലെ വാക്യം പ്രത്യക്ഷോക്തി: ഒരായിരം വടിവെടുത്തു – യുദ്ധത്തില്‍ നാനാരൂപിയായി (അങ്ങനെ തോന്നിച്ചുകൊണ്ട്).
[3] രോചനം – ഒരു ലോകം. താഴത്തും – അന്തരിക്ഷത്തിലും.
[4] പുരീഷ്യരായ അഗ്നികൾ – ചയനാഗ്നികൾ. പാരക്കോലുകൾ – മണ്ണു കുഴിയ്ക്കാനുള്ള ഒരുതരം ആയുധങ്ങൾ. യജ്ഞത്തില്‍ – ഞങ്ങൾ അഗ്നിചയനപൂർവകം അനുഷ്ഠിയ്ക്കുന്ന ഈ സോമയാഗത്തില്‍.