ഭരതപുത്രന്മാരായ ദേവശ്രവസ്സും ദേവവാതനും ഋഷികൾ; ത്രിഷ്ടുപ്പും സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.
മഥിയ്ക്കപ്പെട്ടു ഗൃഹത്തില്‍ പ്രതിഷ്ഠാപിതൻ, യുവാവ്, കവി, യജ്ഞനിർവാഹകന്‍, വനങ്ങൾ വാർദ്ധക്യമടഞ്ഞാലും വാർദ്ധക്യം പെടാത്തവൻ – ഇങ്ങനെയുള്ള ജാതവേദസ്സായ അഗ്നി ഇവരില്‍ അമൃതം നിക്ഷേപിയ്ക്കുന്നു! 1
നല്ല മിടുക്കുള്ള ധനവാനായ അഗ്നിയെ ഭരതന്റെ പുത്രന്മാരായ ദേവശ്രവസ്സും ദേവവാതനും കടഞ്ഞുണ്ടാക്കി. അഗ്നേ, അങ്ങു വളരെദ്ധനത്തോടുകൂടി തൃക്കണ്‍പാർത്താലും; ഞങ്ങൾക്കു നാൾതോറും അന്നങ്ങൾ കൊണ്ടുവന്നാലും! 2
ദേവവാതന്റെ പത്തു കൈവിരലുകൾ ഈ പുരാതനനെ ജനിപ്പിച്ചു: ദേവശ്രവസ്സേ, രണ്ടമ്മമാരില്‍ വഴിപോലെ പിറന്ന കമനീയനായ അഗ്നിയെ, ഭവാന്‍ സ്തുതിയ്ക്കുക; ജനങ്ങൾക്കു വശഗനാണല്ലോ, ഇദ്ദേഹം! 3
അഗ്നേ, ദിവസങ്ങളെ സുദിനങ്ങളാക്കാൻവേണ്ടി, അങ്ങയെ ഞാന്‍ പരന്ന ഭൂമിയുടെ പ്രധാനസ്ഥാനത്തു പ്രതിഷ്ഠിയ്ക്കുന്നു; അങ്ങു ദൃഷദ്വതിയിലും തീരത്തും ആപയയിലും സരസ്വതിയിലും ധനയുക്തനായി സമുജ്ജ്വലിച്ചാലും! 4
അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ എന്നെയ്ക്കുമായി സ്തോതാവിന്നു കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകട്ടെ; അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 5
[1] വനങ്ങൾ – താന്‍ ചുട്ടെരിയ്ക്കുന്ന കാടുകൾ. ഇവര്‍ – സ്തുതിയ്ക്കുന്ന യജമാനന്മാർ. അമൃതം – അക്ഷയമായ അന്നം.
[2] തൃക്കണ്‍പാർത്താലും – ഞങ്ങളെ അനുഗ്രഹദൃഷ്ടിയാല്‍ നോക്കിയാലും.
[3] രണ്ടമ്മമാര്‍ – അരണികൾ. ജനങ്ങൾ – സ്തുതിയ്ക്കുന്ന ആളുകൾ.
[4] പ്രധാനസ്ഥാനം – ഉത്തരവേദി. ദൃഷദ്വതി മുതലായ നദികളുടെ തീരം യജ്ഞോചിതമായ പുണ്യസ്ഥലമാകുന്നു.