വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സ്; ഇന്ദ്രവരുണാദികൾ ദേവത.
ഇന്ദ്രാവരുണന്മാരേ, നിങ്ങളുടെ ഇവര്‍ – ആക്രമിയ്ക്കപ്പെട്ടു ചുററിയലയുന്നവര്‍ – യുവാവിന്ന് ഉപദ്രവിയ്ക്കാവുന്നവരാകരുത്. നിങ്ങൾ സഖാക്കൾക്ക് അന്നം കരുതിവെയ്ക്കാറുണ്ടല്ലോ; നിങ്ങളുടെ ആ യശസ്സ് എവിടെപ്പോയി? 1
ഇന്ദ്രാവരുണന്മാരേ, ധനേച്ഛുവായ ഈ വലിയ മഹാന്‍ എന്നെന്നും രക്ഷയ്ക്കായി നിങ്ങളെ വിളിയ്ക്കാറുണ്ട്; നിങ്ങൾ മരുത്തുക്കളോടും ദ്യാവാപൃഥിചികളോടുംകൂടി, എന്റെ വിളി കേൾക്കുവിന്‍! 2
ഇന്ദ്രാവരുണന്മാരേ, ഞങ്ങൾക്ക് ആ ധനം കൈവരട്ടേ; മരുത്തുക്കളേ, ഞങ്ങൾക്ക് എന്തിനുംപോന്ന പശുവൃന്ദം കൈവരട്ടെ; ഞങ്ങളെ ദേവപത്നിമാര്‍ ഗൃഹങ്ങൾകൊണ്ടു രക്ഷിയ്ക്കട്ടെ; ഞങ്ങളെ വാഗ്രൂപിണിയായ ഭാരതി ഉദാരവചസ്സുകൾകൊണ്ടു രക്ഷിയ്ക്കട്ടെ! 3
ദേവകൾക്കെല്ലാം ഹിതനായ ബൃഹസ്പതേ, ഞങ്ങളുടെ ഹവ്യങ്ങൾ സ്വീകരിയ്ക്കുക; ഹവിർദ്ദാതാവിന്നു രത്നങ്ങൾ നല്കുക! 4
നിങ്ങൾ യജ്ഞങ്ങളില്‍ പരിശുദ്ധനായ ബൃഹസ്പതിയെ സ്തോത്രങ്ങൾകൊണ്ടു പരിചരിയ്ക്കുവിൻ: വണങ്ങാത്ത ബലം ഞാന്‍ യാചിയ്ക്കുന്നു! 5
മനുഷ്യർക്കഭിമതം വർഷിയ്ക്കുന്ന, വിശ്വരൂപനായ, അദമ്യനായ, വരേണ്യനായ ബൃഹസ്പതിയോടു ഞാൻ യാചിയ്ക്കുന്നു! 6
വിളങ്ങുന്ന പൂഷാവേ, ദേവ, ഇതാ, ഭവാന്റേതായ ഏറ്റവും പുതിയ ശോഭനസ്തു തി: ഞങ്ങൾ അങ്ങയ്ക്കായി ചൊല്ലുന്നു! 7
അവിടുന്ന് എന്റെ വാക്കു കേൾക്കുക: ഈ അന്നൈഷിണിയായ സ്തുതിയെ, ഒരു പെണ്‍കൊതിയന്‍ സ്ത്രീയെയെന്നപോലെ പ്രാപിയ്ക്കുക! 8
വിശ്വങ്ങളെ വീക്ഷിയ്ക്കുന്ന – ഭുവനങ്ങളെ പാർത്തറിയുന്ന – പൂഷാവു ഞങ്ങളെ രക്ഷിച്ചരുളട്ടെ! 9
നമ്മുടെ ബുദ്ധിയെ ആര്‍ പ്രേരിപ്പിയ്ക്കുന്നുവോ, ആ സവിതൃദേവന്റെ വരണീയമായ തേജസ്സിനെ നാം ധ്യാനിയ്ക്കുക! 10
അന്നമിച്ഛിയ്ക്കുന്ന ഞങ്ങൾ സവിതൃദേവനെ സ്തുതിച്ചു, ധനം തരാന്‍ യാചിയ്ക്കുന്നു. 11
നേതാക്കളായ മേധാവികൾ ബുദ്ധിപ്രേരണയാല്‍ സവിതാവായ ദേവനെ ഹവിസ്സുകൾകൊണ്ടും നല്ല സ്തുതികൾകൊണ്ടും പൂജിയ്ക്കുന്നു. 12
മാർഗ്ഗജ്ഞനായ സോമന്‍ എഴുന്നള്ളുന്നു – ദേവന്മാരുടെ സംസ്കൃതവും സംസേവ്യവുമായ യജ്ഞസ്ഥലത്തു ചെല്ലുന്നു. 13
സോമന്‍ നമുക്കും ഇരുകാലികൾക്കും നാല്ക്കാലികൾക്കും ആരോഗ്യകരമായ ആഹാരം കല്പിച്ചുനല്കട്ടെ! 14
സോമന്‍ നമുക്ക് ആയുസ്സു വർദ്ധിപ്പിച്ച്, എതിരാളികളെ ചെറുത്തുകൊണ്ടു സ്ഥാനത്ത് ഇരുന്നരുളട്ടെ! 15
ശോഭനകർമ്മാക്കളായ മിത്രാവരുണന്മാരേ, നിങ്ങള്‍ ഞങ്ങളുടെ തൊഴുത്തില്‍ പാലും, ഗൃഹത്തില്‍ തേനും പൊഴിയ്ക്കുവിന്‍! 16
വിശുദ്ധകർമ്മാക്കളേ, തുലോം സ്തുത്യരും സ്തുതിയാല്‍ വളരുന്നവരും സുദീർഗ്ഘസ്തോത്രരുമായ നിങ്ങളിരുവരും ബലത്തിന്റെ മഹിമയാല്‍ രാജാക്കന്മാരായി, വാണരുളുന്നു! 17
സത്യവർദ്ധകരേ, ജമദഗ്നിയാല്‍ സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ യജ്ഞസ്ഥലത്തിരിയ്ക്കുവിൻ, സോമം കുടിയ്ക്കുവിൻ! 18
[1] ഇവര്‍ – ഈ ആളുകൾ. യുവാവ് – ബലവാനായ ശത്രു. സഖാക്കൾ – ഞങ്ങൾ.
[2] മഹാന്‍ – യജമാനന്‍.
[3] ആ – അഭിലഷിതമായ. എന്തിനുംപോന്ന – സർവകർമ്മസമർത്ഥമായ.
[5] സ്തോതാക്കളോട്: വണങ്ങാത്ത – എതിരാളിയെ കുമ്പിടാത്ത.
[6] മുന്‍ ഋക്കില്‍ പറഞ്ഞത് എടുത്തുപറയുന്നു.
[14] ഇരുകാലികൾ – മനുഷ്യര്‍.
[15] സ്ഥാനം – ഹവിർദ്ധാനമെന്ന സ്ഥാനം.
[16] തൊഴുത്തില്‍ പൈക്കളെയും ഗൃഹത്തില്‍ മധുരാഹാരങ്ങളും നിറയ്ക്കുവിൻ.