വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സ് ദേവത.
ഉഷസ്സേ, അന്നവതി, മഘോനി, സ്തോതാവിന്റെ സ്തോത്രവും അന്നവും ഭവതി സ്വീകരിച്ചാലും: ദേവി, വിശ്വവരേണ്യേ, പണ്ടേ പിറന്നവളെങ്കിലും യുവതിയായി വിളങ്ങുന്ന ഭവതി യജ്ഞത്തിലെയ്ക്കാണല്ലോ, നടക്കുന്നത്! 1
ദേവി, ഉഷസ്സേ, മരണമില്ലാത്ത സൂനൃതഭാഷിണിയായ ഭവതി തങ്കത്തേരില്‍ വിളങ്ങിയാലും; എളുപ്പത്തില്‍ പൂട്ടാവുന്ന ആ കരുത്തേറിയ ചെംകുതിരകൾ ഭവതിയെ കൊണ്ടുവരട്ടെ! 2
ഉഷസ്സേ, ജഗത്തിലെങ്ങും ഗമിയ്ക്കുന്ന ഭവതി സൂര്യന്റെ കൊടിയായി പൊങ്ങിനില്ക്കുന്നു. അതിനൂതനേ, ഒരേവഴിയില്‍ സഞ്ചരിയ്ക്കുന്ന ഭവതി, ചക്രമെന്നപോലെ ആവർത്തിച്ചുകൊണ്ടിരുന്നാലും! 3
മഘോനിയായ ഉഷസ്സ് ഇരുൾത്തുണി ചീന്തിക്കളഞ്ഞു, പകലിന്റെ പത്നിയായി നടക്കുന്നു; തേജസ്സു താവുന്ന ഈ സല്‍ക്കർമ്മോപേതയായ സൌഭാഗ്യവതി വാനിന്റെയും മന്നിന്റെയും അറ്റത്തുനിന്ന് ആവിർഭവിയ്ക്കുന്നു. 4
നിങ്ങളെ നോക്കി വിലസുന്ന ഉഷോദേവിയെ നിങ്ങൾ നമസ്കരിച്ചു നന്നായി സ്തുതിയ്ക്കുവിൻ! മഞ്ജുദർശനയായ മധുധ ആകാശത്തു പൊങ്ങുന്ന തേജസ്സു വഹിയ്ക്കുന്നു; ഒളിവീശി വിളുങ്ങുന്നു. 5
ഈ സത്യവതി വാനത്തുനിന്നു തേജസ്സുകൊണ്ട് അറിയപ്പെടുന്നു; ഈ ധനവതി ദ്യാവാപൃഥിവികളില്‍ നാനാരൂപേണ നിവസിയ്ക്കന്നു. അഗ്നേ, നേരേ വന്നെത്തുന്ന ഉഷസ്സിനോടു യാചിയ്ക്കുന്ന ഭവാന്നു വരേണ്യമായ ധനം കൈവരും! 6
വൃഷാവു പകലിന്റെ ചുവട്ടില്‍ ഉഷസ്സിനെ നടത്തിക്കൊണ്ടു, വലിയ വാനൂഴികളിലെങ്ങും പ്രവേശിച്ചു; ആ മഹതി മിത്രാവരുണന്മാരുടെ ഒരു മായയായിട്ടു, വളരെ സ്ഥലങ്ങളില്‍ പ്രഭ സ്വർണ്ണംപോലെ വിതറുന്നു! 7