വാമദേവന്‍ ഋഷി; അഷ്ടിയും അതിജഗതിയും ധൃതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത.
അഗ്നേ, ഇണക്കുത്തിയന്ന ദേവന്മാര്‍ ശീഘ്രം ഗമിയ്ക്കുന്ന ദേവനായ ഭവാനെ സദാ പ്രേരിപ്പിച്ചിരുന്നുവല്ലോ; അതിനാൽ കർമ്മികൾ പ്രേരിപ്പിച്ചു. യജനീയ, മരണരഹിതനായി എങ്ങും വിളങ്ങുന്ന പ്രചേതസ്സായ ഭവാനെ ദേവന്മാര്‍ മനുഷ്യരില്‍ വരുന്നവനാക്കിവെച്ചു – പ്രചേതസ്സായ ഭവാനെ എങ്ങും ഒപ്പം ചെല്ലുന്നവനാക്കിവെച്ചു. 1
അഗ്നേ, ആ അങ്ങു ഭ്രാതാവായ വരുണനെ – യജ്ഞങ്ങൾ കൊണ്ടു സേവ്യനും, യജ്ഞസേവിയും, ശ്രേഷ്ഠനും, സത്യവാനും, അദിതിപുത്രനും മനുഷ്യരെ പുലർത്തുന്നവനും മനുഷ്യര്‍ വളർത്തുന്നവനുമായ രാജാവിനെ – സ്തോതാക്കളുടെനേർക്കു തിരിച്ചാലും. 2
സഖേ, ദർശനീയ, ഭവാന്‍ സഖാവിനെ, യാത്രയ്ക്കു കൊള്ളാവുന്ന – നടമിടുക്കുള്ള – തേര്‍ക്കുതിരകൾ പായുന്ന ചക്രത്തെയെന്നപോലെ, ഞങ്ങളുടെനേർക്കു തിരിച്ചാലും. അഗ്നേ, തുണയായ വരുണങ്കലും നീളെ വ്യാപിച്ച തേജസ്സുള്ള മരുത്തുക്കളിലും അങ്ങു സുഖം നേടിയല്ലോ. ഉജ്ജ്വലിയ്ക്കുന്നവനേ, അവിടുന്നു പുത്രപൌത്രന്മാർക്കു സുഖം നല്കുക – ദർശനീയ, ഞങ്ങൾക്കു സുഖം നല്കുക! 3
അഗ്നേ, വിദ്വാനായ ഭവാൻ ഞങ്ങളെ വരുണദേവന്റെ അരിശത്തില്‍നിന്ന് അകറ്റണം; വലിയ യഷ്ടാവും വഹ്നിയുമായി സമുജജ്വലിയ്ക്കുന്ന ഭവാന്‍ ഞങ്ങളെ എല്ലാപ്പാപങ്ങളില്‍നിന്നും വേര്‍പെടുത്തണം! 4
അഗ്നേ, ആ ഭവാൻ വന്നണഞ്ഞു ഞങ്ങളെ രക്ഷിയ്ക്കുക; ഈ ഉഷസ്സുദിപ്പില്‍ തുലോം അടുക്കല്‍ സ്ഥിതിചെയ്യുക. ഞങ്ങളുടെ രോഗം ശമിപ്പിയ്ക്കുക; വിളയാടിക്കൊണ്ടു സുഖഭോജ്യം ഭുജിയ്ക്കുക; ഞങ്ങൾക്കു ശോഭനാഹ്വാനനായി ഭവിയ്ക്കുക! 5
ഈ സുഭഗനായ ദേവന്റെ മികച്ച തിരുനോട്ടം, കാമയമാനന്നു ലാളിയ്ക്കപ്പെടേണ്ടുന്ന പയ്യിന്റെ തെളിഞ്ഞൊഴുകുന്ന പാല്‍പോലെയും, ഗോലാഭംപോലെയും, മനുഷ്യർക്കു സ്പൃഹണീയവും മഹനീയവുമാകുന്നു! 6
ഈ അഗ്നിദേവന്റെ ആ യഥാർത്ഥങ്ങളായ മൂന്നു ശ്രേഷ്ഠജന്മങ്ങൾ സ്പൃഹണീയങ്ങളാകുന്നു. ആകാശമധ്യത്തില്‍ തേജഃപരിവൃതനായി തുലോം വിളങ്ങുന്ന സ്വാമിയായ പാവകൻ വരുമാറാകട്ടെ! 7
കനകത്തേരും കമനീയനാവുമുള്ള ആ ദൂതനായ ഹോതാവ് എല്ലാശ്ശാലകളെയും കാമിയ്ക്കുന്നു; അഴകൊത്ത തിരുവുടലും കാന്തിയുമുള്ള രോഹിതാശ്വൻ, ഭക്ഷ്യസമൃദ്ധമായ ഗൃഹംപോലെ സദാ രമണീയനാകുന്നു! 8
ആ യജ്ഞബന്ധുവിന്നു മനുഷ്യരെ അറിയാം. അദ്ദേഹത്തെ വലിയ സ്തുതിക്കയറാല്‍ കെട്ടി കൊണ്ടുനടക്കുന്നു. ആ ദേവന്‍ ഈ മനുഷ്യന്റെ ഗൃഹത്തില്‍ സിദ്ധിവരുത്തിക്കൊണ്ടു നിവസിയ്ക്കുന്നു – ധനവാനോട് ഐക്യമടയുന്നു! 9
ആ അഭിജ്ഞനായ അഗ്നി, സ്തോതാക്കളാല്‍ ഭജനീയമായ അദ്ദേഹത്തിന്റെ രത്നം വേഗത്തില്‍ ഞങ്ങൾക്കായി കൊണ്ടുവരട്ടെ. അദ്ദേഹത്തെയാണല്ലോ, അമർത്ത്യരെല്ലാം കർമ്മത്തിന്നു വെച്ചിരിയ്ക്കന്നത്. ദ്യോവത്രേ, അമ്മയും അച്ഛനും; ആ സത്യരൂപനെ (ആളുകൾ) നീരാടിയ്ക്കുന്നു. 10
തന്തിരുവടി ഒന്നാമനായി ഗൃഹങ്ങളില്‍ – ഈ മഹത്തായ അന്തരിക്ഷത്തിന്റെ ചുവട്ടില്‍ പ്രധാനസ്ഥാനത്തു – വെളിപ്പെടുന്നു. കാലും തലയുമില്ലാത്ത അവിടുന്ന് അറ്റങ്ങൾ മറച്ചു, മേഘത്തിന്റെ കൂട്ടില്‍ പുകയായി പാറുന്നു! 11
ജലത്തിന്റെ ഉല്‍പത്തിസ്ഥാനത്ത്, മേഘത്തിന്റെ കൂട്ടില്‍, ആ സ്തുതനായ ഒന്നാമന്നു ബലം വർദ്ധിയ്ക്കുന്നു. അദ്ദേഹം സ്പൃഹണീയനാണ്, യുവാവാണ്, സുന്ദരനാണ്, കാന്തിമാനാണ്; ആ വൃഷാവിന്ന് ഏഴുപേര്‍ പ്രിയപ്പെട്ടവരായി. 12
ഇവിടെ നമ്മുടെ പിതാക്കളായ മനുഷ്യര്‍ യജ്ഞം സാധിച്ചു സമീപിച്ചു; എന്നിട്ടു, മലകളുടെ നടുവില്‍ ഇരുളിന്നുള്ളില്‍ നിന്നിരുന്ന സുദുഘകളായ പൈക്കളെ, ഉഷസ്സിനെ വിളിച്ചുവരുത്തി പുറത്തിറക്കി. 13
അവര്‍ മല പിളർത്തു പരിചരിച്ചു; അതു മറ്റുള്ളവര്‍ സർവത്ര പുകഴ്ത്തി. ഉപായംകൊണ്ടു മാടുകളെ മോചിപ്പിയ്ക്കാൻ അവര്‍ അഭീഷ്ടദനെ സ്തുതിച്ചു; അപ്പോൾ വെളിച്ചം കിട്ടി. പിന്നീടു യജ്ഞങ്ങളനുഷ്ഠിച്ചു. 14
ആ കാമയമാനരായ നേതാക്കള്‍ ഗോക്കളെ കിട്ടാന്‍, ഗോക്കളെ അടച്ചുതടഞ്ഞിട്ടിരുന്ന ഉറപ്പുറ്റ വിശാലപർവതത്തെ – ഗോക്കൾ നിറഞ്ഞ തൊഴുത്തിനെ – ദേവസ്തുതികൊണ്ടു തുറന്നു! 15
അവര്‍ മുമ്പേ ഗോമാതാവിന്റെ പേര്‍മാത്രമേ അറിഞ്ഞിരുന്നുള്ളു; ഉൽകൃഷ്ടമായ ഇരുപത്തൊന്നെണ്ണും പിന്നെ കിട്ടി. ഉടനേ, അഭിജ്ഞയായ ഉഷസ്സിനെ സ്തുതിച്ചു; ആ പാടലാംഗി സൂര്യതേജസ്സോടേ ആവിര്‍ഭവിച്ചു! 16
ഇരുട്ട് ആട്ടിപ്പായിയ്ക്കപ്പെട്ട് അറുതിയടഞ്ഞു; ആകാശം തെളിഞ്ഞു. ഉഷോദേവിയുടെ പ്രഭയുയർന്നു; സൂര്യൻ വമ്പിച്ച പർവതങ്ങളില്‍, മനുഷ്യരുടെ നന്മതിന്മകൾ നോക്കിക്കൊണ്ടു വാണരുളി! 17
അനന്തരം, അറിഞ്ഞവര്‍ പിന്‍ഭാഗങ്ങളില്‍ കണ്ടു; അനന്തരം തിളങ്ങുന്ന രത്നങ്ങൾ വീണ്ടെടുത്തു. എല്ലാ ഗൃഹങ്ങളിലും ദേവകളെല്ലാം വന്നെത്തി. അഗ്നിയുടെ മിത്രത്വവും വരുണത്വവും കർമ്മിയ്ക്ക യഥാർത്ഥമായിത്തീരട്ടെ! 18
തുലോം വിളങ്ങുന്നവനായി ഹോതാവായി ഉലകത്തെ പോറ്റുന്നവനായി വലിയ യഷ്ടാവായിരിയ്ക്കുന്ന അഗ്നിയെ ഞാന്‍ നേരിട്ടു സ്തുതിയ്ക്കാം: പയ്യിന്റെ പരിശുദ്ധമായ പാല്‍ കറന്നിട്ടില്ല; വെടുപ്പു വരുത്തിയ സോമനീര്‍ തളിച്ചിട്ടുമില്ല! 19
യജ്ഞാർഹർക്കെല്ലാം അദിതി, മനുഷ്യർക്കെല്ലാം അതിഥി, സ്തോതാക്കൾക്ക് അന്നം കൊണ്ടുവരുന്നവൻ – ഇങ്ങനെയുള്ള ജാതവേദസ്സായ അഗ്നി സുഖം കല്പിച്ചുനല്കട്ടെ! 20
[1] പ്രേരിപ്പിച്ചിരുന്നു – യുദ്ധത്തിന്. പ്രേരിപ്പിച്ചു – ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കാനും മറ്റും. പ്രചേതസ്സ് – പ്രകൃഷ്ടജ്ഞാനൻ.
[3] സുഖം – ഹവിർഭോജനസുഖം.
[4] വഹ്നി – ഹവിർവാഹി.
[6] പരോക്ഷവചനം: ഈ സുഭഗനായ ദേവന്‍ – അഗ്നി. കാമയമാനൻ – പാല്‍ ഇച്ഛിയ്ക്കുന്നവൻ; അയാൾക്കു നല്ല പാലും പയ്യും കൈവരുന്നതു് എപ്രകാരമോ, അപ്രകാരം മനുഷ്യർക്കു സ്പൃഹണീയവും മഹനീയവുമാകുന്നു, അഗ്നിയുടെ കടാക്ഷം.
[7] മൂന്നു ശ്രേഷ്ഠജന്മങ്ങൾ – അഗ്നി, വായു, സൂര്യന്‍. വരുമാറാകട്ടെ – ഞങ്ങളുടെ യജ്ഞത്തില്‍.
[8] നാവ് – ജ്വാല. ഹോതാവ് – അഗ്നി. ശാലകള്‍ – യാഗശാലകൾ; എല്ലാ യജനസ്ഥാനങ്ങളിലും അദ്ദേഹം ചെല്ലും. രോഹിതാശ്വന്‍ – ചുകന്ന കുതിരകളുള്ളവന്‍, അഗ്നി.
[9] കൊണ്ടുനടക്കുന്ന – അധ്വര്യുക്കൾ ഉത്തരവേദിയിലെയ്ക്കും മറ്റും കൊണ്ടുപോകുന്നു. ഈ മനുഷ്യൻ – യജമാനൻ. ധനവാനോട് – അഗ്നി ആരുടെ ഗൃഹത്തില്‍ വസിയ്ക്കുന്നുവോ, അവനെ ധനവാനാക്കി, അവനോട് ഐക്യം പ്രാപിയ്ക്കുന്നു.
[10] രത്നം – ഉത്തമധനം. നീരാടിയ്ക്കുന്നു – നെയ്യും മറ്റും ഹോമിയ്ക്കുന്നു.
[11] ഗൃഹങ്ങൾ – യജമാനന്മാരുടെ. പ്രധാനസ്ഥാനം – ഉത്തരവേദി മുതലായത്. അറ്റങ്ങൾ – ദേഹത്തിന്റെ രണ്ടറ്റവും, കാലും തലയും. മേഘത്തിന്റെ കൂട് – ആകാശം.
[12] വൈദ്യുതാഗ്നിയെപ്പററി: ആ ഒന്നാമൻ – അഗ്നി. ഏഴുപേര്‍ – സപ്തഹോതാക്കൾ; അല്ലെങ്കില്‍ ഏഴു ജ്വാലകൾ.
[13] പിതാക്കളായ മനുഷ്യർ – അംഗിരസ്സുകൾ. ഈ വിഷയം മുമ്പു പ്രതിപാദിയ്ക്കുപ്പെട്ടിട്ടുണ്ട്. സമീപിച്ചു – അഗ്നിയുടെ അരികില്‍ ചെന്നു.
[14] പരിചരിച്ചു – അഗ്നിയെ. അഭീഷ്ടദനെ – കാമിതം നല്കുന്ന അഗ്നിയെ, വെളിച്ചം കിട്ടി – സൂര്യനുദിച്ചു.
[15] കാമയമാനര്‍ – അഗ്നികാമര്‍. നേതാക്കൾ – അംഗിരസ്സുകൾ. ദേവസ്തുതി – അഗ്നിസ്തവം.
[16] ഇരുപത്തൊന്നെണ്ണം. – ഇരുപത്തൊന്നു ഛന്ദസ്സുകൾ; ഈ ഛന്ദസ്സുകകളിലുള്ള മന്ത്രങ്ങൾകൊണ്ടാണ്, അവര്‍ അഗ്നിയെ സ്തുതിച്ചതെന്നർത്ഥം.
[18] അറിഞ്ഞവര്‍ – ഗോക്കൾ മോചിപ്പിയ്ക്കപ്പെട്ടു എന്നറിഞ്ഞ അംഗിരസ്സുകൾ. കണ്ടു – ഗോക്കളെ. രത്നങ്ങൾ – അസുരന്മാരാല്‍ അപഹരിയ്ക്കപ്പെട്ട ധനങ്ങൾ. ഗൃഹങ്ങൾ – പൈക്കളെ കിട്ടിയ അംഗിരസ്സുകളുടെ ഗൃഹങ്ങൾ. വരുണത്വം – ഉപദ്രവനിവാരകത്വം. യഥാർത്ഥമായിത്തീരട്ടെ – അഗ്നി, ഒരു മിത്രമെന്നപോലെ കർമ്മികളെ ഉപദ്രവങ്ങളില്‍നിന്നു രക്ഷിയ്ക്കട്ടെ.
[19] കറന്നിട്ടില്ല; തളിച്ചിട്ടുമില്ല – യജമാനന്‍ സ്തുതിയ്ക്കുകമാത്രമേ ചെയ്യുന്നുള്ളു.
[20] യജ്ഞാർഹർക്കെല്ലാം അദിതി – ദേവകളെയെല്ലാം, അവരുടെ അമ്മയായ അദിതിപോലെ പോറ്റുന്നവന്‍.