വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
മരണമില്ലാത്ത സത്യവാനായ യാതൊരു ദേവന്‍ മനുഷ്യരിലും അഭിഗന്താവായി ദേവകളിലും വെയ്ക്കപ്പെട്ടിരിയ്ക്കുന്നുവോ; ആ ഹോതാവായ, വലിയ യഷ്ടാവായ, അഗ്നി തേജസ്സുകൊണ്ടു വിളങ്ങുന്നു; ഹവിസ്സർപ്പിയ്ക്കുന്ന മനുഷ്യനെ കൊണ്ടുപോകുന്നു! 1
അഗ്നേ, ബലത്തിന്റെ മകനേ, ദർശനീയ, ഇന്നു ഞങ്ങളുടെ ഈ കർമ്മത്തില്‍ ജനിച്ച നിന്തിരുവടി ജനിച്ച ഇരുകൂട്ടരുടെയും ഇടയില്‍, ദൂതനായിട്ട്, മിടുക്കും തടിയും പ്രഭയുമുള്ള വൃഷാക്കളെ പൂട്ടി സഞ്ചരിയ്ക്കുന്നു! 2
ആ സത്യഭൂതന്റെ അന്നവും വെള്ളവുമൊഴുക്കുന്ന മനോതിവേഗികളായ ഇരുചെംകുതിരകളെ ഞാന്‍ സ്തുതിയ്ക്കുന്നു: അങ്ങ് ഈ ഉജ്ജ്വലരെ പൂട്ടിയിട്ടാണല്ലോ, നിങ്ങളുടെയും – ദേവന്മാരുടെയും – പരിചാരകരായ മനുഷ്യരുടെയും ഇടയില്‍ സഞ്ചരിയ്ക്കുന്നത്! 3
അഗ്നേ, നല്ല കുതിരയും നല്ല തേരും നല്ല ധനവുമുള്ള നിന്തിരുവടി ഇവരുടെയിടയില്‍ നല്ല ഹവിസ്സൊരുക്കിയ ആൾക്കുവേണ്ടി, അര്യമാവിനെയും വരുണനെയും മിത്രനെയും ഇന്ദ്രനെയും വിഷ്ണുവിനെയും മരുത്തുക്കളെയും അശ്വികളെയും വിളിയ്ക്കുമാറാകണം! 4
ബലവാനായ അഗ്നേ, ഈ യജ്ഞം പയ്യാടുകുതിരകളോടും, നേതാക്കളോടും, സഖാക്കളോടും, അന്നത്തോടും, അടിപ്പരപ്പോടും, സന്താനങ്ങളോടും സദസ്സോടുംകൂടി, സദാ അധൃഷ്യമായി നീണ്ടുനില്ക്കട്ടെ! 5
അഗ്നേ, ആര്‍ വിയർത്തൊലിച്ചു വിറകു കൊണ്ടുവരുന്നുവോ, ആര്‍ മധു ധാരാളം നല്കുന്നുവോ, ആര്‍ അങ്ങയെ ഇച്ഛിച്ചു നിറുക ചുടുവിയ്ക്കുന്നുവോ; അവന്നു ഭവാന്‍ ധനം നല്കുന്നു, പരിപാലിയ്ക്കന്നു. അവനെ എല്ലാ ദ്രോഹികളില്‍നിന്നും രക്ഷപ്പെടുത്തിയാലും! 6
ആർ അന്നേച്ഛുവായ അങ്ങയ്ക്ക് അന്നമൊരുക്കുന്നുവോ, ആര്‍ അതിഥിയാക്കിയിരുത്തുന്നുവോ, ദേവകാമനായ ആര്‍ ഗൃഹത്തില്‍ ഉജ്ജ്വലിപ്പിയ്ക്കുന്നുവോ; അവന്റെ പുത്രന്നു സ്ഥൈര്യവും ഔദാര്യവും ഉളവാകട്ടെ! 7
ആര്‍ അങ്ങയെ രാത്രിയില്‍, ആര്‍ പുലരിയില്‍ സ്തുതിയ്ക്കുമോ; ആര്‍ അങ്ങയെ ഹവിസ്സുകൊണ്ടു പ്രീതിപ്പെടുത്തുമോ; ആ ദാതാവിനെ, സ്വഗൃഹത്തില്‍ പൊന്നിന്‍ജീനിട്ട കുതിരപോലെ നടക്കുന്ന ഭവാന്‍ പാപത്തിന്റെ മറുകരയിലെത്തിച്ചാലും! 8
അഗ്നേ, അമൃതനായ ഭവാന്ന് ആര്‍ (ഹവിസ്സു) നല്കുമോ, ആര്‍ സ്രുക്കെടുത്ത് അങ്ങയെ പരിചരിയ്ക്കുമോ, ആ സ്തോതാവു ധനത്തോടു വേര്‍പെടരുത്; ദ്രോഹപരന്റെ അടി അവന്നു പറ്റരുത്! 9
അഗ്നേ, യുവതമ, വിളയാടുന്ന ദേവനായ നിന്തിരുവടി യാതൊരാളുടെ സുനിഹിതമായ ഹവിസ്സു ഭുജിയ്ക്കുമോ, ആ ഹോതാവു പ്രീതനായിത്തന്നെ മേവും; യാതൊരു പരിചാരകന്നുണ്ടോ, അഭിവൃദ്ധികാരികൾ, അവന്റെയാകണം, ഞങ്ങൾ! 10
ആ അഭിജ്ഞൻ പുണ്യപാപങ്ങളെയും മനുഷ്യരെയും, കൊള്ളാവുന്നവയും കൊളളരുതാത്തവയുമായ മുതുകുകളെയെന്നപോലെ വേര്‍തിരിയ്ക്കട്ടെ! ദേവ, അവിടുന്നു ഞങ്ങൾക്കു ധനവും സത്സന്താനവും കിട്ടിയ്ക്കുക; ദാതാവിനെ തരിക, അദാതാവിങ്കല്‍നിന്നു രക്ഷിച്ചരുളുക! 11
അഗ്നേ, മനുഷ്യഗൃഹങ്ങളില്‍ മേവുന്ന മാനിതരായ കവികൾ കവിയോടരുളിച്ചെയ്തിരിയ്ക്കുന്നു; അതിനാല്‍, സ്വാമിയായ അവിടുന്ന് ഈ ദര്‍ശനീയരായ അദ്ഭുതരൂപന്മാരെ തേജോവ്യാപ്തികൊണ്ടു കണ്ടറിയണം! 12
അതിയുവാവായി വിളങ്ങുന്ന അഗ്നേ, മനുഷ്യരുടെ അഭിലാഷം നിറവേറ്റുന്നവനും വഴിപോലെ കൊണ്ടുവെയ്ക്കപ്പെടേണ്ടവനുമായ ഭവാന്‍ സോമം പിഴിഞ്ഞു പരിചരിച്ചു സ്തുതിയ്ക്കുന്ന യജമാനന്നു, രക്ഷയ്ക്കായി ആഹ്ലാദകരമായ വളരെ രത്നം കൊണ്ടുവന്നാലും! 13
അഗ്നേ, അങ്ങയെ കാംക്ഷിച്ചു ഞങ്ങള്‍ കാൽകൊണ്ടും കൈകൊണ്ടും ദേഹംകൊണ്ടും ജോലിചെയ്യുന്നുണ്ടല്ലോ; അപ്രകാരം കർമ്മങ്ങളിലേർപ്പെട്ട സുകർമ്മാക്കൾ സത്യരൂപനായ ഭവാനെ, ശില്പികൾ ഒരു രഥത്തെയെന്നപോലെ, കൈകൾകൊണ്ടു പൊന്തിച്ചു! 14
പോരാ, അമ്മയായ ഉഷസ്സില്‍നിന്നാണ്, ഞങ്ങൾ ഏഴു മേധാവികൾ: ശ്രേഷ്ഠരായ ഞങ്ങൾ പരിചാരകരായ മനുഷ്യരെ ഉല്‍പാദിപ്പിയ്ക്കും; സൂര്യപുത്രന്മാരായ അംഗിരസ്സുകളാണ്, ഞങ്ങൾ; തേജസ്വികളായ ഞങ്ങൾ ധനമുൾച്ചേർന്ന പർവതത്തെ പിളർത്തും! 15
അഗ്നേ, പോരാ, ശ്രേഷ്ഠരും പുരാതനരും യജ്ഞം ശരിയ്ക്കനുഷ്ഠിച്ചവരുമായ അസ്മല്‍പിതാക്കൾ ഭാസുരമായ സ്ഥാനവും തേജസ്സും നേടി; ഉക്ഥം ചൊല്ലി തമസ്സകററി, ഉഷസ്സിനെ ഉദിപ്പിച്ചു! 16
ആ തേജസ്സേറിയ ദേവകാമന്മാർ നല്ല കർമ്മം ചെയ്തു സ്തുതിച്ചു, ജന്മത്തെ, ഇരിമ്പിനെപ്പോലെ ശുദ്ധിപ്പെടുത്തി; അഗ്നിയെ ജ്വലിപ്പിച്ചു; ഇന്ദ്രനെ തഴപ്പിച്ചു; ചുറ്റുപാടുംനിന്നു വലിയ ഗോഗണത്തെ വീണ്ടെടുത്തു! 17
തേജസ്വിന്‍, ആ സ്തോതാക്കളുടെ ഗോവൃന്ദത്തെ, ഉമ്പയിടുന്ന യൂഥത്തില്‍ പശുക്കളെയെന്നപോലെ, ഇന്ദ്രന്‍ സമീപത്തു കണ്ടു; മനുഷ്യപ്രജകൾക്കു മിടുക്കുണ്ടായി; ഉടമസ്ഥന്നു കുഞ്ഞുങ്ങളെയും ആൾക്കാരെയും പുലർത്താമെന്നായി! 18
ദേവനായ നിന്തിരുവടിയുടെ മനോഹരമായ പ്രകാശത്തെ പരിചരിച്ചു ഞങ്ങൾ സുകർമ്മാക്കളായിത്തീരട്ടെ! ഉദിച്ച ഉഷസ്സുകൾ തേജസ്സുടുത്തു പരിപൂർണ്ണനും ബഹുധാ പരമാഹ്ലാദകാരിയുമായ അഗ്നിയെ വഹിയ്ക്കുന്നു: 19
അഗ്നേ, വിധാതാവേ, കവിയായ അങ്ങയ്ക്കായി ഇതാ, ഞങ്ങള്‍ ഉക്ഥങ്ങൾ ചൊല്ലുന്നു; അവ കേട്ടരുളുക. ഭവാന്‍ ഉജ്ജ്വലിച്ചാലും: ഞങ്ങളെ ധനവാന്മാരാക്കിയാലും – ബഹുവരേണ്യ, മഹത്തായ സമ്പത്തു കല്പിച്ചുതന്നാലും! 20
[1] അഭിഗന്താവ് – ശത്രുക്കളെ നേരിടുന്നവന്‍; മനുഷ്യരില്‍ യജ്ഞത്തിന്നും, ദേവകളില്‍ യുദ്ധത്തിന്നും. വിളങ്ങുന്നു – ഉത്തരവേദിയില്‍. കൊണ്ടുപോകന്നു – സ്വർഗ്ഗത്തിലെയ്ക്ക്.
[2] ജനിച്ച – സംസ്കൃതനായ. ഇരുകൂട്ടര്‍ – ദേവന്മാരും മനുഷ്യരും. വൃഷാക്കൾ – യുവാശ്വങ്ങൾ.
[3] രണ്ടാമത്തെ വാക്യം പ്രത്യക്ഷം: ഈ ഉജ്ജ്വലര്‍ – തിളങ്ങുന്ന അശ്വങ്ങൾ. ഹവിസ്സു വാങ്ങാന്‍ മനുഷ്യരുടെ ഇടയിലും, അതു കൊണ്ടുകൊടുക്കാന്‍ ദേവന്മാരുടെ ഇടയിലും സഞ്ചരിയ്ക്കുന്നു.
[4] ഇവര്‍ – മനുഷ്യര്‍.
[5] അടിപ്പരപ്പ് – ധനാദികളാലുള്ള മൂലവിസ്താരം.
[6] നിറുക ചുടുവിയ്ക്കുന്നുവോ – വിറകിന്‍കെട്ടു ചുമക്കുകയാല്‍.
[7] മധു – മദകരമായ സോമം. സ്ഥൈര്യം – ധർമ്മസ്ഥിരത. ഔദാര്യം = ദാനശീലത്വം.
[9] അടി – ഉപദ്രവിയ്ക്കല്‍.
[10] സുനിഹിതം – അങ്ങയ്ക്കായി വെടുപ്പില്‍ വെയ്ക്കപ്പെട്ടത്. പരിചാരകൻ – അഗ്നിയെ പരിചരിയ്ക്കുന്നവന്‍. അഭിവൃദ്ധികാരികൾ – അഭ്യുദയം വരുത്തുന്ന കൂട്ടുകാര്‍.
[11] ആ അഭിജ്ഞൻ – അഗ്നി. മുതകുകളെ എന്നപോലേ – ഒരു കുതിരക്കാരന്‍ അശ്വപൃഷ്ഠങ്ങളെ, നല്ലതോ ചീത്തയോ എന്നു നോക്കിയറിയുന്നതുപോലെ. രണ്ടാംവാക്യം പ്രത്യക്ഷം: ദാതാവ് – വേണ്ടിവന്നാല്‍, വല്ലതും തന്നു സഹായിയ്ക്കുന്ന ആൾ.
[12] കവികൾ – ദേവന്മാര്‍. കവിയോട് – മേധാവിയായ ഭവാനോട്. അരുളിച്ചെയ്തിരിയ്ക്കുന്നു – ഭവാന്‍ ഹോതാവാകണമെന്ന്. അദ്ഭുതരൂപന്മാര്‍ – ദേവന്മാര്‍.
[13] കൊണ്ടുവെയ്ക്കപ്പെടേണ്ടവന്‍ – ഉത്തരവേദിയില്‍.
[14] സുകർമ്മാക്കൾ – അംഗിരസ്സുകൾ. കൈകൾകൊണ്ട് – അരണികൾ കടഞ്ഞ്. ശില്പികൾ തേര്‍ പിടിച്ചുപൊന്തിയ്ക്കുന്നതുപോലെ പൊന്തിച്ചു.
[15] വാമദേവന്‍ മററ് ആറംഗിരസ്സുകളെ ഉൾപ്പെടുത്തിക്കൊണ്ടു പറയുന്നു: ഉഷസ്സില്‍നിന്നാണ് – ഉഷസ്സില്‍നിന്നു പിറന്നവരാണ്. പരിചാരകരായ – അഗ്നിയെ പരിചരിയ്ക്കുന്ന. ധനം – ഗോവൃന്ദം.
[16] അസ്മല്‍പിതാക്കൾ – അംഗിരസ്സുകൾ.
[17] ജന്മത്തെ – സ്വന്തം മനുഷ്യജന്മത്തെ. ഇരിമ്പിനെപ്പോലെ – കൊല്ലന്മാര്‍ ഇരിമ്പു ശുദ്ധിപ്പെടുത്തുന്നതുപോലെ. തഴപ്പിച്ചു – സ്തുതികൊണ്ടോ സോമം കൊണ്ടോ വർദ്ധിപ്പിച്ചു.
[18] യൂഥം = നാല്ക്കാലിക്കൂട്ടം. മിടുക്കുണ്ടായി – ഗോക്കളെ വീണ്ടുകിട്ടിയതിനാല്‍ പൊറുതി ലഭിച്ചു. ഉടമസ്ഥന്നു – പൈക്കളുടെ ഓരോ ഉടമസ്ഥന്നും.
[19] രണ്ടാംവാക്യം പരോക്ഷം: