വാമദേവൻ ഋഷി; ജഗതിയും തിഷ്ടുപ്പും ഛന്ദസ്സ്; അശ്വികൾ ദേവത.
ഇതാ, സൂര്യൻ ഉദിച്ചുപൊങ്ങുന്നു; ഈ ആദിത്യന്റെ മുകളില്‍, ചുറ്റിനടക്കുന്ന രഥവും. അതിന്റെ മിതേ മൂന്നുതരം അന്നവും നാലാമതു മധുവിന്റെ ഒരു തോല്‍ത്തുരുത്തിയും വിലസുന്നു! 1
മധുവും അന്നങ്ങളും അശ്വങ്ങളും ചേർന്ന നിങ്ങളുടെ തേര്‍പുലര്‍കാലത്തുയരുന്നു: ചുഴന്ന ഇരുട്ടിനെ പായിയ്ക്കുന്നു; സൂര്യൻപോലെ അന്തരിക്ഷത്തെ വിളങ്ങിയ്ക്കുന്നു! 2
മധു നുകർന്നുപോരുന്ന മുഖംകൊണ്ടു നിങ്ങൾ മധു നുകർന്നാലും: മധുവിന്നുവേണ്ടി അരുമത്തേര്‍ പൂട്ടവിൻ ഗഗനമാർഗ്ഗത്തെ മധുകൊണ്ടു കുളിര്‍പ്പിയ്ക്കുവിൻ! അശ്വികളേ, മധുവിന്റെ തോല്‍ത്തുരുത്തിയുണ്ടല്ലോ, നിങ്ങളുടെപക്കല്‍. 3
വെക്കും നടക്കും, ഹിതരമണീയമായി പറക്കും, ഉപദ്രവിയ്ക്കില്ല, മധുരതയുണ്ട്, ഉഷസ്സിലുണരും, ജലം പൊഴിയ്ക്കും, ഇമ്പപ്പെടുത്തും, സോമം കുടിയ്ക്കും – ഇങ്ങനെയുള്ള ധുരീണാശ്വങ്ങളാൽ നിങ്ങൾ, ഈച്ചകൾ തേനിലെന്നപോലെ, യാഗങ്ങളിൽ ചെല്ലുന്നു. 4
മധുവോടുകൂടിയ സുയജ്ഞരായ അഗ്നികൾ ഉഷസ്സുകൾതോറും – കർമ്മം പൂർത്തിപ്പെടുത്തുന്ന വിചക്ഷണൻ കൈകഴുകി മധുരമായ സോമം അമ്മിക്കുഴകൊണ്ടു പിഴിഞ്ഞുകഴിഞ്ഞാൽ – ഒന്നിച്ചുവാഴുന്ന അശ്വികളളെ, സ്തുതിയ്ക്കുകയായി! 5
പകലുകളാൽ ഇരുട്ടിനെ പായിയ്ക്കന്ന രശ്മികൾ, സൂര്യനെന്ന പോലെ അന്തരിക്ഷത്തെ വിളങ്ങിയ്ക്കുന്നു, സൂര്യനും കുതിരകളെ പൂട്ടിപുറപ്പെടുന്നു. അപ്പോൾ നിങ്ങളിരുവരും മാർഗ്ഗങ്ങളെല്ലാം അന്നം കൊണ്ട് അടയാളപ്പെടുത്തും! 6
അശ്വികളേ, കർമ്മമനുഷ്ഠിയ്ക്കുന്ന ഞാന്‍ നിങ്ങളെ സ്തുതിയ്ക്കുന്നു: യാതൊന്നിനാൽ നിങ്ങൾ ഉടനടി ഉലകം ചുറ്റുമോ, ആ പഴക്കം തട്ടാത്ത നല്ക്കുതിരത്തേരിലൂടേ നിങ്ങൾ ഹവിസ്സും ഊട്ടമുള്ള ശീഘ്രകർമ്മത്തിലെയ്ക്കു പുറപ്പെട്ടാലും! 7