ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
അശ്വികളേ, വേഗമേറിയതും ഗോക്കളെ ചേർക്കുന്നതും, സൂര്യപുത്രി കേറിയതും, നുകത്തണ്ടുള്ളതും, സ്തുതികളെ വഹിയ്ക്കകുന്നതും, ധനയുക്തവുമായ നിങ്ങളുടെ പെരുംതേരിനെ ഞങ്ങൾ ഇന്നു വിളിയ്ക്കുന്നു. 1
സ്വർഗ്ഗത്തിന്ന് ഊന്നായ അശ്വികളേ, ദേവതകളായ നിങ്ങൾ കർമ്മങ്ങൾകൊണ്ട് ആ ലക്ഷ്മിയെ അനുഭവിച്ചുപോരുന്നു. നിങ്ങളെ വൻകുതിരകൾ തേരിൽ വഹിയ്ക്കുമ്പോഴെയ്ക്കും, അന്നം നിങ്ങളുടെ ദേഹത്തിലണയുന്നു! 2
അശ്വികളേ, ആര്‍ ഇന്നു നിങ്ങളെ സ്തുതിയ്ക്കും? ആര്‍ രക്ഷണത്തിന്നോ, സോമപാനത്തിന്നോ, പുരാതനമായ യജഞപ്രാപ്പിയ്ക്കോ, മന്ത്രങ്ങൾകൊണ്ടു ഹവിസ്സു നല്കി നമസ്തരിച്ചു കൊണ്ടുവരും? 3
പെരുമപ്പെട്ട നാസത്യരേ, നിങ്ങൾ പൊന്നിൻതേരിലൂടേ ഈ യജ്ഞത്തിൽ വന്നുചേർന്നാലും: മധുരമായ സോമം കുടിയ്ക്കകുവിൻ; പരിചാരകന്നു രത്നം കല്പിച്ചുനല്കുവിന്‍! 4
നിങ്ങൾ ഞങ്ങളുടെ അടുക്കലെയ്ക്കു, വിണ്ണില്‍നിന്നോ, മന്നിൽ നിന്നോ, നന്നായുരുളുന്ന പൊന്നിൻതേരിലൂടേ വരുവിന്‍. മറ്റു ദേവകാമന്മാര്‍ നിങ്ങളെ പിടിച്ചു വെയ്തുരുത്: നിങ്ങളെ മുമ്പേ സ്തുതിച്ചതു ഞങ്ങളാണല്ലോ! 5
അശ്വികളേ, നിങ്ങൾ ഞങ്ങൾക്കു വളരെ വീരന്മാരോടുകൂടിയ മഹത്തായ ധനം വേഗത്തിൽ തരുമാറാകണം: ഞങ്ങളിരുകൂട്ടരിൽ നേതാക്കൾ നിങ്ങളെ സ്തുതിച്ചുവല്ലോ; കൂടെ അജമീള്ഹന്റെ ആളുകളും സ്തോത്രം പാടി. 6
രമ്യമായ അന്നമുള്ളവരേ, ഞാന്‍ ഇവിടെ സമാനമനസ്കരായ നിങ്ങളോടു ചേർക്കുന്ന ഈ സ്തുതി ഞങ്ങളുടേതാണ്. നിങ്ങൾ സ്തോതാവിനെ രക്ഷിയ്ക്കണം: നാസത്യരേ, അഭിലാഷം നിങ്ങളില്‍ത്തന്നേ വന്നുനില്ക്കുന്നു! 7