വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; ഇന്ദ്രനും ബൃഹസ്പതിയും ദേവത.
മൂന്നിടങ്ങളിൽ മേവുന്ന യാതൊരുത്തനോ, ബലംകൊണ്ടു ഭൂമിയുടെ അറ്റങ്ങളെ ചൊല്ലിയുറപ്പിച്ചത്; ആ മഞ്ജുഭാഷിയായ ബൃഹസ്പതിയെ മേധയും തേജസ്സുമേറിയ പണ്ടേത്തെ ഋഷിമാര്‍ മുന്നില്‍-പ്രതിഷ്ഠിച്ചു. 1
ബൃഹസ്പതേ, ഗമനത്തിൽ വിറപ്പിയ്ക്കുന്ന ഞങ്ങളുടെ ആളുകൾ ശോഭനപ്രജ്ഞനായ ഭവാനെ ഇമ്പംകൊള്ളിച്ചു സ്തുതിയ്ക്കുന്നുണ്ടല്ലോ; ഇവരുടെ കാരണഭൂതനെ – ഫലങ്ങൾ തൂകുന്നവനും സഞ്ചരിഷ്ണുവും പീഡയേശാത്തവനുമായ മഹാനെ – ബൃഹസ്പതേ, അങ്ങു രക്ഷിയ്ക്കണം! 2
ബൃഹസ്പതേ, മികച്ച വിദൂരവസതിയില്‍, താഴത്ത്, അങ്ങയുടെ യാഗേച്ഛുക്കൾ നില്ക്കുന്നുണ്ടല്ലോ; അങ്ങയ്ക്കായി അമ്മിക്കുഴകൊണ്ടു പിഴിയപ്പെട്ട സോമങ്ങൾ, കുഴിക്കിണറുകൾപോലെ നാലുപാടും ഒലിക്കൊണ്ടൊഴുകുന്നു! 3
മഹത്തായ ജ്യോതിസ്സിന്റെ പരമവ്യോമത്തിൽ മുമ്പേ ഉദിയ്ക്കുന്ന ബഹുരൂപനും സപ്തമുഖനുമായ ബൃഹസ്പതി ശബ്ദംകൊണ്ടു രശ്മികൾ വീശി, തമസ്സുകളെ തട്ടിനീക്കുന്നു! 4
ആ ബൃഹസ്പതി വഴിപോലെ സ്തുതിയ്ക്കുന്ന തേജസ്വിഗണത്തോടും ശബദത്തോടുംകൂടി, തുരങ്കനായ വലയെ തുലച്ചുവിട്ടു; അദ്ദേഹം ഹവിസ്സുകളെ ചുരത്തുന്ന, ഉമ്പയിടുന്ന പൈക്കളെ വിളിച്ചു പുറത്തിറക്കി! 5
ആ പാലകനും വർഷകനുമായ വിശ്വദേവനെ നാം ഇപ്രകാരം യജ്ഞസാധനങ്ങളായ ഹവിസ്സുകൾകൊണ്ടും നമസ്സുകൾകൊണ്ടും പരിചരിയ്ക്കുക: ബൃഹസ്പതേ, ഞങ്ങൾ സത്സന്താനങ്ങളോടും വീര്യത്തോടും കൂടി, ധനങ്ങളുടെ ഉടമസ്ഥരായിത്തീരണം! 6
ആര്‍ ബൃഹസ്പതിയെ ആദ്യം വഴിപോലെ പ്രതിഷ്ഠിച്ചു, സ്തുതിയ്ക്കുകയും വന്ദിയ്ക്കുകയും ചെയ്യുന്നുവോ; അവൻ രാജാവായി പ്രത്യർത്ഥികളെയെല്ലാം ബലവീര്യങ്ങൾകൊണ്ടു കീഴടക്കി വാഴും! 7
ബൃഹസ്പതി യാതൊരുവനാൽ ആദ്യം പൂജിയ്ക്കുപ്പെടുന്നുവോ, ആ രാജാവു തന്നെ അരമനയിൽ സുതൃപ്തനായി വസിയ്ക്കും: അദ്ദേഹത്തിന്നു ഭൂമി സദാ തഴച്ചുകൊണ്ടിരിയ്ക്കും; അദ്ദേഹത്തിന്നു പ്രജകൾ സ്വതവേ കീഴ്‌വണങ്ങും! 8
പ്രീണനമിച്ഛിയ്ക്കുന്ന ബൃഹസ്പതിയ്ക്കു ധനം നല്കുന്ന രാജാവു തടവില്ലാതെ എതിരാളികളുടെയും തനതാളുകളുടെയും സമ്പത്തു പിടിച്ചക്കും; അദ്ദേഹത്തെ ദേവകൾ രക്ഷിയ്ക്കും! 9
ബൃഹസ്പതേ, ഈ യജ്ഞത്തിൽ ഇമ്പംപൂണ്ടു ധനം വർഷിയ്ക്കുന്നവരായ അങ്ങും ഇന്ദ്രനും സോമം നുകരുവിൻ: എങ്ങും വ്യാപിയ്ക്കുന്ന സോമങ്ങൾ നിങ്ങളുടെ ഉള്ളിൽ കടക്കട്ടെ. ഞങ്ങൾക്കു് എല്ലാ വീരന്മാരെയും ധനവും തന്നരുളുവിൻ! 10
ബൃഹസ്സതേ, ഇന്ദ്ര, നിങ്ങൾ ഞങ്ങളെ തഴപ്പിയ്ക്കുവിൻ: നിങ്ങളുടെ ആ നന്മനസ്സു ഞങ്ങളിൽ ഒപ്പം പതിയട്ടെ; കർമ്മങ്ങളെ രക്ഷിയ്ക്കുവിൻ; സ്തുതികൾ കേട്ടരുളുവിന്‍; സേവിയ്ക്കുന്ന ഞങ്ങളുടെ എതിരാളികളോടു പൊരുതുവിൻ! 11
[1] അറ്റങ്ങൾ – പത്തു ദിക്കുകൾ. ചൊല്ലി – ‘ഇങ്ങനെ നില്ക്കുവിൻ’ എന്നു നിർദ്ദേശിച്ച്.
[2] വിറപ്പിയ്ക്കുന്ന – ശത്രുക്കളെ. മഹാനെ – യജമാനനെ.
[3] വിദൂരവസതി – സ്വർഗ്ഗം. യാഗേച്ഛുക്കൾ – യജ്ഞകാമങ്ങളായ അശ്വങ്ങൾ അവയെ പൂട്ടി ഇങ്ങോട്ടു വരിക എന്നു ഹൃദയം. ഒലിക്കൊണ്ട് ശബ്ദത്തോടേ; ഭവാനെ സ്തുതിച്ചുകൊണ്ടെന്നപോലെ എന്നു ധ്വനി.
[4] മഹത്തായ ജ്യോതിസ്സ് – സൂര്യൻ.
[5] തേജസ്വിഗണം – അംഗിരസ്സുകൾ. തുരങ്കനായ വലനെ – പാറ തുരന്ന് അപഹൃതഗോക്കളെ അതിലാക്കിയ വലനെന്ന അസുരനെ. ഹവിസ്സുകൾ – പാലില്‍നിന്നാണല്ലോ, നെയ്യും മറ്റും.
[10] എങ്ങും – ദേഹത്തിലാകെ.