വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; അഗ്നിയോ, സൂര്യനോ, ജലമോ പയ്യോ നെയ്യോ ദേവത.
സമുദ്രങ്കൽനിന്നു മധുരമായ അല പൊന്തി: ദീപ്തികൊണ്ടു മനുഷ്യന്‍ അമൃതത്വമടയുന്നു. ഘൃതത്തിന്നു രഹസ്യമായ നാമമുണ്ട്: ദേവന്മാരുടെ നാവ്; അമൃതിന്റെ ആസ്പദം! 1
നാം ഘൃതത്തിന്റെ പേര്‍ പുകഴ്ത്തുക; ഈ യജ്ഞത്തിൽ നമസ്കാരപൂർവം വെയ്ക്കുകയും ചെയ്യുക. സ്തോത്രം ചൊല്ലുന്നതു ബ്രഹ്മാവു കേൾക്കും; നാലുശൃംഗങ്ങളുള്ള ഗൌരവർണ്ണൻ ഇതു നിർവഹിയ്ക്കും! 2
നാലു ശൃംഗം, മൂന്നു പാദം, രണ്ടു ശിരസ്സ്, ഏഴു കൈ – ഇങ്ങനെയുള്ള, മൂന്നു മട്ടിൽ ബന്ധിയ്ക്കപ്പെട്ടു ഒരു വൃഷഭന്‍ ഒലിയിടുന്നു; ആ മഹാനായ ദേവൻ മനുഷ്യരിൽ ഉൾപ്പൂകി. 3
പണികളാൽ പൈക്കളിൽ ത്രിധാ മറച്ചുവെയ്ക്കപ്പെട്ടിരുന്ന ഘൃതം ദേവന്മാർക്കു കിട്ടി: ഒന്ന് ഇന്ദ്രനും, ഒന്നു സൂര്യനും ഉല്‍പാദിപ്പിച്ചു; ഒന്നു വേനങ്കൽനിന്ന് അന്നത്തിന്നായി സമ്പാദിയ്ക്കപ്പെട്ടു. 4
ഈ ഘൃതധാരകൾ അരുമപ്പെട്ട അന്തരിക്ഷത്തില്‍നിന്നു; ശത്രുവിന്റെ ദൃഷ്ടിയില്‍പ്പെടാതെ, നൂറുനൂറായി കീഴ്പോട്ടു വീഴുന്നു. ഇവയെ ഞാന്‍ നോക്കിക്കണ്ടിരിയ്ക്കുന്നു: സ്വർണ്ണവർണ്ണനായ വൈദ്യുതാഗ്നിയുണ്ട്, ഇവയുടെ ഇടയില്‍. 5
ഈ ഘൃതധാരകൾ ഹൃദയാന്തവർത്തിർയായ മനസ്സിനാൽ വിശുദ്ധീകരിയ്ക്കുപ്പെട്ടു, തുഷ്ടികരങ്ങളായ പുഴകൾപോലേ വീഴുന്നു – എയ്യുന്നവങ്കല്‍നിന്നു പായുന മാനുകൾപോലേ ചെന്നണയുന്നു! 6
കാറ്റിനൊത്ത വേഗമുള്ള പെരിയ ഘൃതധാരകൾ സിന്ധുവിങ്കല്‍നിന്നെന്നപോലെ ചാഞ്ഞേടത്തെയ്ക്കു തെരുതെരെ വീഴുന്നു; അവ, പായുന്ന കുതിരപോലെ പരിധികളെ പിളർത്തുകൊണ്ട് അലകൾ പരത്തുന്നു. 7
മംഗളകാരിണികളായ ഘൃതധാരകൾ പുഞ്ചിരിയിട്ടുകൊണ്ട് അഗ്നിയെ, മനസ്സിണങ്ങിയ മങ്കമാർപോലെ മുഴുകിയ്ക്കുന്നു; ഉദ്ദീപിച്ച് എങ്ങും പെരുമാറുന്നു. അവയെ കൈക്കൊണ്ടു ജാതവേദസ്സു കാമിയ്ക്കുന്നു! 8
വിവാഹത്തിൽ മണാളങ്കൽ ചെല്ലാൻ ആഭരണമണിഞ്ഞ കന്യകമാരെയെന്നപോലെയാണ്, ഞാന്‍ ഘൃതധാരകളെ കാണുന്നത്: സോമം പിഴിയുന്നേടത്തു – യജ്ഞമുള്ളേടത്തു – ചെന്നെത്തുന്നവയാണല്ലോ, ഇവ! 9
നിങ്ങൾ ഗോസംഘത്തിൽ നല്ല സ്തുതിയെത്തിയ്ക്കുവിൻ: ഞങ്ങൾക്കു സ്തൂത്യമായ ധനം കൈവരുത്തുവിൻ; നമ്മുടെ ഈ യജ്ഞത്തിൽ ദേവകളെ കൊണ്ടുവരുവിന്‍. ഘൃതധാരകൾ മധുരമായി ഗമിയ്ക്കുന്നു! 10
സമുദ്രത്തിന്നുള്ളിലും, ഹൃദയത്തിന്നുള്ളിലും, അന്നത്തിലും, ഉദകസംഘത്തിലും, യുദ്ധത്തിലും വർത്തിയ്ക്കുന്നതായ അങ്ങയുടെ തേജസ്സാണ്, ജഗത്തിന്നെല്ലാം ആധാരം; അതിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്ന മധുരരസം ഞങ്ങൾ ഭുജിയ്ക്കുമാറാകണം! 11
[1] സമുദ്രന്‍ – സൂര്യൻ; ഈ പദത്തിന്നു പല അർത്ഥങ്ങൾ പറയപ്പെട്ടിട്ടുണ്ട്, അല – ജലമെന്നർത്ഥം.
[2] നാലു ശൃംഗങ്ങൾ – നാലു വേദങ്ങൾ; ശൃംഗശബ്ദവും അനേകാർത്ഥമാണ്. ഗൌരവർണ്ണന്‍ – ബ്രഹ്മാവ്. ഇതു – യജ്ഞം.
[3] യജ്ഞാത്മകയായ അഗ്നിയോ സൂര്യനോ ആണ്, ഈ മന്ത്രത്തിന്റെ ദേവത: നാലു ശൃംഗം – നാലു വേദം. മൂന്നു പാദം – മൂന്നു സവനങ്ങൾ. രണ്ടു ശിരസ്സ്–ബ്രഹ്മൌദനവും പ്രവർഗ്ഗ്യവും. ഏഴു കൈ – സപ്തച്ഛന്ദസ്സുകൾ. മൂന്നുമട്ടില്‍ – മന്ത്രം, ബ്രാഹ്മണം, കല്പം എന്നിവകൊണ്ടു്. വൃഷഭന്‍ – വർഷകൻ. മനുഷ്യരില്‍ – യജമാനരില്‍.
[4] ത്രീധാ – പാലും തയിരും വെണ്ണയുമാകുന്ന മൂന്നു രൂപത്തില്‍. ഒന്നു് – ക്ഷീരം. വേനൻ – അഗ്നി, അല്ലെങ്കിൽ വായു. സമ്പാദിയ്ക്കപ്പെട്ട – ദേവകളാല്‍.
[5] ഘൃതം = നെയ്യു്, ജലം. ശത്രു – വൃതന്‍.
[6] വീഴുന്നു – അഗ്നിയുടെ മുകളില്‍. എയ്യുന്നവങ്കല്‍നിന്നു പായുന്ന – വേടനെപ്പേടിച്ചോടുന്ന മാനുകൾ വല്ല പൊന്തയിലും കടന്നുകൂടുന്നതുപോലെ, ചെന്നണയുന്നു, അഗ്നിയെ പ്രാപിയ്ക്കുന്നു.
[8] മുഴുകിയ്ക്കുന്നു – അത്യാസക്തനാക്കുന്നു.
[9] ഘൃതധാരകൾ കന്യകമാര്‍; അഗ്നി മണാളന്‍.
[10] ഋത്വിക്കുകളോട്; ഗോശബ്ദത്തിന്നു പയ്യെന്നോ, ജലമെന്നോ അർത്ഥം.
[11] അഗ്നിയോട്;