വാമദേവന്‍ ഋഷി; അനുഷ്ടുപ്പം പുരഉഷ്ണിക്കും ത്രിഷ്ടുപ്പും ഛന്ദസ്സ്; ക്ഷേത്രപത്യാദികൾ ദേവത.
ക്ഷേത്രപതിയെക്കൊണ്ട്, ഒരു സുഹൃത്തിനെക്കൊണ്ടെന്നപോലെ, നമ്മൾ ജയം നേടുമാറാകണം: അദ്ദേഹം ഗവാശ്വധനം കൊണ്ടുവരും; അങ്ങനെ, നമ്മെ സുഖപ്പെടുത്തും! 1
ക്ഷേത്രപതേ, അങ്ങു, തേൻപകർന്ന തെളിനെയ്യുപോലിരിയ്ക്കുന്ന മധുരജലത്തെ, പയ്യു പാലിനെയെന്നപോലെ, ഞങ്ങളിൽ ഒഴുക്കിയാലും; യജ്ഞപതികൾ ഞങ്ങളെ സുഖിതരാക്കട്ടെ! 2
സസ്യങ്ങൾ ഞങ്ങൾക്കു തേനൊഴുക്കട്ടെ; അംഭസ്സും അന്തരിക്ഷവും തേനൊഴുക്കട്ടെ; ക്ഷേത്രപതി ഞങ്ങൾക്കു തേനൊഴുക്കട്ടെ. ഞങ്ങൾ ദ്രോഹിയ്ക്കപ്പെടാതെ അദ്ദേഹത്തെ അനുസരിയ്ക്കുമാറാകണം! 3
ഏറുമൂരികൾ സുഖമാംവണ്ണം, തെളിയ്ക്കുന്നവര്‍ സുഖമാംവണ്ണം, കലപ്പ സുഖമാംവണ്ണം ഉഴുതട്ടെ; കയറുകൾ സുഖമാംവണ്ണം കെട്ടുക; മുടിങ്കോൽ സുഖമാവേണ്ണം ഉലയ്ക്കുക! 4
ഹേ ശുന, സീര, നിങ്ങൾ ഈ വാക്കു കേൾക്കുവിൻ: നിങ്ങൾ ആകാശത്തു സംഭരിച്ചു വെള്ളംകാണ്ട് ഇതു നനയ്ക്കുവിന്‍! 5
സുഭഗേ, സീതേ, ആഭിമുഖ്യംകൊള്ളുക: ഞങ്ങൾക്കു സൌഭാഗ്യവും ഞങ്ങൾക്കു സാഫല്യവും തരുന്നതിനു ഭവതിയെ ഞങ്ങൾ വന്ദിയ്ക്കുന്നു! 6
സീതയെ ഇന്ദ്രൻ നിയന്ത്രിയ്ക്കട്ടെ; അവളെ പൂഷാവു കീഴിൽ വെയ്ക്കട്ടെ; ആ പയസ്വിനി നമുക്കു, വരുന്ന വരുന്ന സംവത്സരത്തിലെല്ലാം ചുരത്തട്ടെ! 7
കൊഴുക്കൾ സുഖമാംവണ്ണം നിലമുഴതട്ടെ; മേയ്ക്കുന്നപര്‍ മൂരികളോടുകൂടി സുഖമാംവണ്ണം വന്നെത്തട്ടെ പർജ്ജന്യൻ സുഖമാംവണ്ണം മധുരജലം തൂകട്ടെ; ശുന-സീരന്മാരേ, ഞങ്ങളെ സുഖിതരാക്കുവിൻ! 8
[1] ക്ഷേത്രപതി – ഒരു ദേവന്‍; കൃഷിസ്ഥലം പാലിയ്ക്കുന്നവൻ.
[4] ഏറുമൂരികൾ – നിലമുഴുതുന്ന കാളകൾ. തെളിയ്ക്കുന്നവര്‍ – കർഷകര്‍. മുടിങ്കോല്‍-തെളിയ്ക്കുന്ന വടി. ശുനനാണ്, ഈ മന്ത്രത്തിന്റെ ദേവത.
[5] ശുനന്‍, സീരന്‍ എന്നിവര്‍ കൃഷിദേവന്മാരത്രേ; ശുനന്‍ ഇന്ദ്രനും, സീരന്‍ വായുവുമാകുന്നു. ഇതു – കൃഷീനിലം. ഈ ഋക്കിന്റെയും എട്ടാമത്തെതിന്റെയും ദേവത ശുനാസീരരാകുന്നു.
[6] സീത – കലപ്പച്ചാല്. ആഭിമുഖ്യംകൊള്ളുക – ഞങ്ങാൾക്കനുകൂലയാവുക.
[7] പയസ്വിനി – ഉദകവതി; ക്ഷീരവതി (പയ്യ്) എന്നും. 6-ം 7-ം ഋക്കുകളുടെ ദേവത, സീതയാണ്.