അത്രിവംശ്യന്‍ വവ്രി ഋഷി; ഗായത്രിയും അനുഷ്ടുപ്പും വിരാഡ്രൂപയും ഛന്ദസ്സകൾ. അഗ്നി ദേവത.
വവ്രിയ്ക്കു മേല്ക്കുമേൽ വന്ന ദുർദ്ദശകൾ, അമ്മയുടെ അടുക്കൽ നോക്കിക്കാണുന്ന വവ്രി അറിയുമാറാകണം! 1
യാവചിലര്‍ അറിഞ്ഞു നിരന്തരം വിളിയ്ക്കുകയും ബലം രക്ഷിയ്ക്കുകയും ചെയ്യുന്നുവോ, അവര്‍ അധൃഷ്യമായ പുരി പൂകുന്നു! 2
കഴുത്തിൽ പതക്കം കെട്ടി, പെരികെ സ്തുതിയ്ക്കുന്ന അന്നകാംക്ഷികളായ പ്രാണികൾ – മനുഷ്യര്‍ – ഇതുകൊണ്ടും മധുകൊണ്ടും അന്തരിക്ഷാഗ്നിയുടെ തേജസ്സു വർദ്ധിപ്പിയ്ക്കുന്നു. 3
ദ്യാവാപൃഥിവികൾക്കു സഹായഭൂതൻ, കലംപോലെ അന്നം വയറ്റിലുള്ളവൻ, ഹിംസിയ്ക്കുപ്പെടാത്തവൻ, ഹിംസിയ്ക്കുന്നവൻ – ഇങ്ങനെയുള്ള ശാശ്വതൻ പാല്‍പോലെ കമനീയവും അനവദ്യവുമായ പ്രിയം കേട്ടരുളട്ടെ! 4
തേജോമയ, വിളയാട്ടത്തിൽ വെണ്ണീറുകൊണ്ടും കാറ്റുകൊണ്ടും ശരിയ്ക്കറിയപ്പെടുന്ന ഭവാന്‍ ഞങ്ങൾക്കഭിമുഖനായാലും; ആക്രമിയ്ക്കുന്ന, തീക്ഷ്ണതയേറിയ, വഹിയ്ക്കുന്ന, ആ വഹ്നിജ്വാലകാൾ ഇവനെ പൊള്ളിയ്ക്കുരുതേ! 5
[1] വവ്രിയ്ക്കു് – എനിയ്ക്ക്. അമ്മ – ഭൂമി, വേദി. നോക്കിക്കാണുന്ന – നാനാപദാർത്ഥങ്ങളെ. വവ്രി – ഹവിസ്സിനെ വരിയ്ക്കുന്ന അഗ്നി. അറിയുമാറാകണം – അറിഞ്ഞ് അകറ്റണമെന്നു ഹൃദയം.
[2] അറിഞ്ഞ് – അഗ്നിയുടെ പ്രഭാവം. ബലം രക്ഷിയ്ക്കുക – അഗ്നിയുഭെ ബലം ഹവിരാദികളാൽ നിലനിർത്തുക.
[3] ഇതു – സ്തോത്രം. അന്തരിക്ഷാഗ്നി – വൈദ്യുതാഗ്നി.
[4] കലംപോലേ – കലത്തിന്നുള്ളിൽ ചോറുണ്ടാകുമല്ലോ. ശത്രുക്കളാൽ ഹിംസിയ്ക്കുപ്പെടാത്തവൻ. ശത്രുക്കളെ ഹിംസിയ്ക്കുന്നവൻ. ശാശ്വതന്‍ – അനശ്വരനായ അഗ്നി. പ്രിയം – പ്രിയമായ നമ്മുടെ സ്തോത്രം.
[5] വഹിയ്ക്കുന്ന – ഹവിസ്സിനെ. ഇവനെ – എന്നെ. ആക്രമിയ്ക്കുന്ന എന്നാദിയായ വാക്യം പരോക്ഷം: ആക്രമിയ്ക്കുന്ന – ശത്രുക്കളെ.