അത്രി ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നിയും ഇന്ദ്രനും ദേവത.
അഗ്നേ, വൈശ്വാനര, സല്‍പതിയും മികച്ച പണ്ഡിതയും ബലവാനും ധനവാനുമായ ത്രിവൃഷ്ണപുത്രന്‍ ത്ര്യരണൻ എനിയ്ക്കു രണ്ടു വണ്ടിക്കാളകളെയും പതിനായിരവും തരികയുണ്ടായി; അതിനാൽ വിശ്രുതനായിരിയ്ക്കുന്നു. 1
അഗ്നേ, വൈശ്വാനര, ഒരുനൂറു പൊന്ന്, ഇരുപതു പൈക്കൾ വലിയ്ക്കാൻ മിടുക്കുള്ള രണ്ടു തേര്‍ക്കുതിരകൾ എന്നിവയെയും എനിയ്ക്കു തന്ന ത്ര്യരുണന്നു, വഴിപോലെ സ്തുതിച്ചു വളർത്തപ്പെട്ട ഭവാൻ സുഖം കല്പിച്ചുനല്കണം! 2
അഗ്നേ, വളരെ മക്കളുള്ള എന്റെ അനേകസ്തുതികളാൽ ആഭിമുഖ്യം പൂണ്ട ത്ര്യരുണൻ എപ്രകാരമോ, അപ്രകാരം ത്രസദസ്യുവും പരമസ്തുത്യനായ നിന്തിരുവടിയ്ക്കായി ഏറ്റവും പുതിയ സ്തോത്രം കാംക്ഷിച്ച്, അപേക്ഷിച്ചുതുടങ്ങി! 3
സ്തോത്രം കൊണ്ടുചെന്ന്, ‘എനിയ്ക്ക്’ എന്നപേക്ഷിയ്ക്കുന്നവന്നു സൂരിയായ അശ്വമേധന്‍ ധനം കൊടുക്കും; ആ യജ്ഞകാമന്നു നിന്തിരുവടി മേധ നല്കണം! 4
അശ്വമേധൻ എനിയ്ക്കു തന്ന നൂറു മിടുക്കൻകാളകൾ. മൂന്നുചേർന്ന സോമങ്ങൾപോലെ നിന്തിരുവടിയെ തുലോം ഏർഷിപ്പിയ്ക്കട്ടെ! 5
ഇന്ദ്രാഗ്നികളേ, നൂറുകണക്കിൽ കൊടുക്കുന്ന അശ്വമേധങ്കൽ നിങ്ങൾ നല്ല വീർയ്യത്തോടുകൂടിയ, മഹത്തായ, ക്ഷയരഹിതമായ ധനത്തെ, ആകാശത്തു സൂര്യനെയെന്നപോലെ കല്പിച്ചുനിർത്തുവിൻ! 6
[1] പതിനായിരം-പൊന്ന്. ത്രിവൃഷ്ണന്‍ – ഒരു രാജാവ്.
[2] വലിയ്ക്കാന്‍ – തേർ.
[3] അപേക്ഷിച്ചുതുടങ്ങി – ‘ഇതു വാങ്ങുക, ഇതു വാങ്ങുക’ എന്നിങ്ങനെ, ധനം തരാന്‍.
[4] സ്തോത്രം – അഗ്നിസ്തവം. എനിയ്ക്കു്. എനിയ്ക്കു വല്ലതും തരിക. അശ്വമേധൻ – ഒരു രാജാവ്. മേധ – യജ്ഞവിഷയപ്രജ്ഞ.
[6] മൂന്ന് – തയിരും മലര്‍പ്പൊടിയും പാലും.