അത്രിഗോത്രക്കാരിയായ വിശ്വവാര ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സകൾ; അഗ്നി ദേവത.
വഴിപോലെ ജ്വലിച്ച അഗ്നി വാനത്ത് ഒളിവീശുന്നു – ഉഷസ്സിന്നഭിമുഖനായി പടർന്നു പരിശോഭിയ്ക്കുന്നു; സ്തോത്രങ്ങൾകൊണ്ടു ദേവന്മാരെ സ്തുതിയ്ക്കുന്ന വിശ്വവാര ഹവിഃസ്രുക്കുമായി കിഴക്കോട്ടു നോക്കിവന്നണയുന്നു. 1
അഗ്നേ, സമുജ്ജ്വലിപ്പിയ്ക്കപ്പെടുന്ന ഭവാന്‍ ജലത്തിന്റെ അധിപതിയാകുന്നു; അവിടുന്നു ഹവിസ്സൊരുക്കുന്നവങ്കൽ ചെന്നു സ്വസ്തി നല്കുന്നു. അങ്ങ് ആരെ പ്രാപിയ്ക്കുമോ, അവർ എല്ലാസ്സമ്പത്തും നേടുന്നു; ആതിഥ്യം തിരുമുമ്പിൽ വെയ്ക്കുകയുംചെയ്യുന്നു! 2
അഗ്നേ, അവിടുന്നു വലിയ സൗഭാഗ്യത്തിന്നായി ചെറുത്തരുളണം: അങ്ങയുടെ തേജസ്സു മുന്തിനില്ക്കട്ടെ; ദാമ്പത്യത്തെ അങ്ങു നന്നായി യോജിപ്പിയ്ക്കണം; എതിരാളികളുടെ കെല്പമർത്തണം! 3
അഗ്നേ, വളർന്നുജ്ജ്വലിയ്ക്കുന്ന നിന്തിരുവടിയുടെ തേജസ്സിനെ ഞാന്‍ വന്ദിയ്ക്കുന്നു. വൃഷാവും ധനവാനുമായ അവിടുന്നു യാഗങ്ങളില്‍ വഴിപോലെ ജ്വലിപ്പിയ്ക്കപ്പെടുന്നു. 4
ഹോമിയ്ക്കപ്പെട്ട സുയജ്ഞഗായ അഗ്നേ, സമുജ്ജ്വലിച്ച ഭവാന്‍ ദേവകളെ യജിച്ചാലും: അവിടുന്നാണല്ലോ, ഹവിസ്സു വഹിയ്ക്കുന്നവൻ! 5
യാഗം തുടങ്ങിയാൽ നിങ്ങൾ ഹവ്യവാഹനനെന്ന അഗ്നിയെ ഹോമിയ്ക്കുവിൻ, പരിചരിയ്ക്കുവിന്‍, ഭജിയ്ക്കുവിന്‍! 6