ശ്യാവാശ്വന്‍ ഋഷി; ജഗതി ഛന്ദസ്സ്; സവിതാവ് ദേവത.
മേധാവികൾ മനസ്സുചെലുത്തുന്നതും, കർമ്മം തുടങ്ങുന്നതും, മേധാവിയായി വിദ്വാനായ യാതൊരു മഹാന്റെ അനുജ്ഞയാലോ; ഹോത്രങ്ങളെ യാതൊരനുഷ്ഠാനജ്ഞൻ തനിയേ നടത്തുന്നുവോ; വലിയ ഒന്നാണ്, ആ സവിതൃദേവനെ സ്തുതിയ്ക്കല്‍! 1
കവിയായ സവിതാവ് എല്ലാ രൂപങ്ങളെയും എടുത്തണിയുന്നു; നല്ലതു ചെയ്യാന്‍ ഇരുകാലിയ്ക്കും നാല്ക്കാലിയ്ക്കും അനുജ്ഞയരുളുന്നുഃ സ്വർഗ്ഗത്തെ വെളിപ്പെടുത്തുന്നു. ആ വരേണ്യന്‍ ഉഷസ്സുദിപ്പിന്നു പിറകേ ഉദ്ഭാസിയ്ക്കുന്നു. 2
മറ്റു ദേവകളും യാതൊരു ദേവന്റെ ഉദയത്താലാണോ, മഹിമയും ബലവും നേടുന്നത്; യാതൊരു ദേവന്‍ പൃഥിവ്യാദിലോകങ്ങളെ മഹത്ത്വത്താൽ അളന്നുവോ; ആ സവിതാവ് വെണ്മയോടേ വിലസുന്നു! 3
ദേവ, സവിതാവേ, നിർന്തിരുവടി മൂന്നു വിണ്ണുലകിലും ചെല്ലുന്നു; സൂര്യന്റെ രശ്മികളോടു ചേരുന്നു രാത്രിയുടെ ഇരുവശത്തും ചുറ്റിനടക്കുന്നു; ധർമ്മങ്ങളാൽ മിത്രനായിച്ചമയുന്നു! 4
ദേവ, സവിതാവേ, അവിടുന്നൊരാളാണ്, അനുജ്ഞയരുളാന്‍ ശക്തന്‍; അവിടുന്നു ഗമനങ്ങളാൽ പൂഷാവായിത്തീരുന്നു; അവിടുന്ന് ഈ ഉലകിന്നൊക്കെ പെരുമാളാകുന്നു! ആ നിന്തിരുവടിയ്ക്കു ശ്യാവാശ്വൻ സ്തോത്രം ചമയ്ക്കുന്നു. 5