ആത്രേയൻ ഏവയാമരുത്ത് ഋഷി; അതിജഗതി ഛന്ദസ്സ്; മരുത്തുക്കൾ ദേവത.
ഏവയാമരുത്തിന്റെ സ്തുതിവാക്യങ്ങൾ മഹാനായ, മരുത്ത്വാനായ, വിഷ്ണുവായ ഭവാങ്കലണയട്ടെ; തുലോം യഷ്ടവ്യവും കൈകാലുകളിൽ വളകളണിഞ്ഞതും, ബലവത്തും, സ്തുതിയാൽ പ്രസാദിയ്ക്കുന്നതും, ഇളക്കിക്കൊണ്ടു വീശുന്നതുമായ ഗണത്തിലും അണയട്ടെ! 1
യാവചിലര്‍ മഹാനോടുകൂടി ആവിർഭവിച്ചുപോ, യാവചിലര്‍ സ്വയം അറിവോടുകൂടി ആവിർഭവിച്ചുവോ, അവരെ ഏവയാമരുത്ത് സ്തുതിയ്ക്കുന്നു: മരുത്തുക്കളേ, ഈ നിങ്ങളുടെ ആ കർമ്മോപേതമായ ബലം ആക്രമിയ്ക്കപ്പെടാവതല്ല; അതു ദാനവും മഹത്ത്വവുമുള്ളതാകുന്നു. പർവതങ്ങൾപോലെ അധൃഷ്യരാണ്, നിങ്ങൾ! 2
വിളങ്ങുന്ന ശോഭനരായ യാവചിലര്‍ വിപുലമായ വിണ്ണിൽ നിന്നു ശ്രവിയ്ക്കുമോ, അവർക്ക് ഏവയാമരുത്തിന്റെ സ്തുതി: ഒരേ സ്ഥാനത്തു നിവസിയ്ക്കുന്ന ഇവരെ ആരുമില്ല, ഇളക്കാന്‍! ഇവര്‍ അഗ്നികൾപോലെ സ്വയം പ്രകാശിയ്ക്കുന്നു; നദികളെ പ്രവഹിപ്പിയ്ക്കുന്നു. 3
അവര്‍ സർവസാധാരണമായ മഹാസദസ്സില്‍നിന്നു പരപ്പിൽ വീശിപ്പുറപ്പെട്ടു: ഏവയാമരുത്ത് സ്വസ്ഥാനത്തുനിന്നു സ്വയം, കൊണ്ടുപോകുന്ന കുതിരകളോടു ചേർന്നതെപ്പൊഴോ, അപ്പോൾ ആ സുഖവർദ്ധകരായ പ്രബലന്മാർ ഇണക്കുത്തോടേ പോരുകയായി! 4
കീഴമർത്തുന്ന, എന്നെന്നും സ്വയം പ്രകാശിയ്ക്കുന്ന, പൊന്‍പണ്ടങ്ങളും നല്ല ആയുധങ്ങളുമുള്ള, അന്നവാന്മാരായ നിങ്ങളെ യാതൊന്നലംകരിയ്ക്കുന്നുവോ, നിങ്ങളുടെ ആ ബലവത്തും വർഷകവും ദീപ്തവും വ്യാപ്തവുമായ വളരിരമ്പം ഏവയാമരുത്തിനെ വിറപ്പിയ്ക്കരുതേ! 5
അറ്റമില്ല, നിങ്ങളുടെ മഹിമാവിന്ന്! പ്രവൃദ്ധബലന്മാരേ, നിങ്ങളുടെ പ്രദീപ്തമായ ബലം ഏവയാമരുത്തിനെ കാത്തരുളട്ടെ: യാഗത്തില്‍, കാഴ്ചയ്ക്കിരിയ്ക്കുന്നവരാണല്ലോ, നിങ്ങൾ; അഗ്നികൾപോലെ തിളങ്ങുന്ന ആ നിങ്ങൾ ഞങ്ങളെ നിന്ദകങ്കല്‍നിന്നു രക്ഷിയ്ക്കണം! 6
യാവചിലരാലാണോ, ദീർഗ്ഘവിശാലമായ അന്തരിക്ഷം പുകൾപ്പെട്ടത്, നിഷ്പാപരായ യാവചിലര്‍ വമ്പിച്ച കൂട്ടമായി നടകൊളുന്നുവോ, അഗ്നികൾപോലെ അത്യന്തം ജ്വലിയ്ക്കുന്ന ആ സുയജ്ഞരായ രുദ്രപുത്രന്മാർ ഏവയാമരുത്തിനെ കാത്തരുളട്ടെ! 7
മരുത്തുക്കളേ, അദ്വേഷരായ നിങ്ങൾ ഞങ്ങളുടെ സ്തോത്രത്തിനു വന്നെത്തുവിന്‍: സ്തുതിയ്ക്കുന്ന ഏവയാമരുത്തിന്റെ വിളി കേൾക്കുവിൻ. മഹാന്മാരേ, വിഷ്ണുവിനോടു സമാനയജ്ഞരായി പ്രശസ്തരായ നിങ്ങൾ, തേരാളികളെന്നപോലെ, മറവിലുള്ള വിദ്വേഷികളെ പൊരുതിയോടിയ്ക്കുവിൻ! 8
യജനീയരേ, നിങ്ങൾ ഞങ്ങളുടെ യജ്ഞത്തിൽ കർമ്മശുദ്ധിയ്ക്കായി വന്നെത്തുവിന്‍: രക്ഷസ്സടുക്കാത്ത നിങ്ങൾ ഏവയാമരുത്തിന്റെ വിളി കേൾക്കുവിൻ. മികച്ച മലകൾപോലെ വാനിൽ മേവുന്ന പ്രകൃഷ്ടജ്ഞനരായ നിങ്ങൾ ആ നിന്ദകന്നു ദുർദ്ധരരായിത്തീർന്നാലും! 9
[1] വിഷ്ണു – ഇന്ദ്രൻ, വിഷ്ണു. ഗണം – മരുദ്ഗണം.
[2] മഹാൻ – ഇന്ദ്രന്‍, വിഷ്ണു.
[3] വിണ്ണില്‍നിന്ന് – വന്ന്, ആരുമില്ല, ഇളക്കാന്‍ – ഇവര്‍ സ്വതന്ത്രരാകുന്നു.
[4] മഹാസദസ്സ്–അന്തരിക്ഷം. കൊണ്ടുപോകുന്ന – വഹിയ്ക്കുന്ന. പ്രബലന്മാര്‍ – മരുത്തുക്കൾ. ഇണക്കുത്ത് – ‘ഞാന്‍ മുമ്പേ, ഞാന്‍ ഞാന്‍ മുമ്പേ’ എന്ന മത്സരം.
[5] പ്രത്യക്ഷോക്തി: കീഴമർത്തുന്ന – ശത്രുക്കളെ. വളരിരമ്പം – വലിയ ശബ്ദം.
[8] പ്രത്യക്ഷോക്തി.