ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
സുഭഗ, അഗ്നേ, സമ്പത്തുകളെല്ലാം ഭവാങ്കൽനിന്നു, വൃക്ഷത്തിന്മേൽനിന്നു കൊമ്പുകൾപോലെ പുറപ്പെടുന്നു; പശുസംഘം, പറ്റലർപോരിൽ ബലം, അന്തരിക്ഷത്തിൽനിന്നുള്ള മഴ എന്നിവയും വെക്കം ഭവാങ്കൽനിന്നുതന്നെ. അങ്ങനെ സ്തുത്യനായി ഭവാൻ തണ്ണീർ പൊഴിയ്ക്കുന്നു!1
അഗ്നേ, ഭഗനായ നിന്തിരുവടി ഞങ്ങൾക്കു രത്നം കൊണ്ടുവന്നാലും: ദർശനീയതേജസ്സായ ഭവാൻ, വായുപോലെ വാണരുളുന്നു. ദേവ, മിത്രനെന്നപോലെ മഹത്തായ ജലവും, വളരെസ്സമ്പത്തും നല്കുന്നവനാണ,വിടുന്ന്!2
അഗ്നേ, പ്രചേതസ്സേ, യജ്ഞത്തിന്നായിപ്പിറന്നവനേ, ജലപുത്രനോടു ചേർന്ന അവിടുന്ന് ആരെ ധനത്തിന്നു പ്രേരിപ്പിയ്ക്കുമോ; അവൻ സജ്ജനപാലകനായി, ശത്രുവിനെ ബലംകൊണ്ടു ഹനിയ്ക്കും; മേധാവിയായി, പിശുക്കന്റെ കൊറ്റു കീഴടക്കും!3
ബലപുത്ര, അങ്ങയുടെ തീക്ഷ്ണതയെ യാതൊരുവൻ സ്ത്രോത്രങ്ങൾകൊണ്ടും ഉക്ഥങ്ങൾകൊണ്ടും ഹവിസ്സുകൾകൊണ്ടും വേദിയിലണയ്ക്കുമോ; അഗ്നേ, ദേവ, ആ മനുഷ്യന്ന് എല്ലാദ്ധാന്യവും വേണ്ടുവോളം കൈവരും; ധനങ്ങളും വന്നുചേരും!4
അഗ്നേ, ബലപുത്ര, ബലവാനായ അവിടുന്നു വളരെ ഗവ്യാന്നങ്ങൾ പിശുക്കനും മുടിയനുമായ ശത്രുവിന്നു കൊടുത്തിട്ടുണ്ടല്ലോ; ആ സുവീരാന്വിതങ്ങളായ ശോഭനാന്നങ്ങൾ പുഷ്ടിയ്ക്കായി നേതാക്കൾക്കു തന്നാലും!5
അഗ്നേ, ബലപുത്ര, മഹാനായ നിന്തിരുവടി ഞങ്ങൾക്ക് ഉപദേഷ്ടാവാകണം; പുത്രപൗത്രരെയും അന്നവും ഞങ്ങൾക്കു തരണം; ഞാൻ എല്ലാ സ്തുതികൾകൊണ്ടും പൂർത്തിയടയണം. ഞങ്ങൾ നല്ല വീരരോടുകൂടി ഒരു നൂറ്റാണ്ടു മത്താടുമാറാകട്ടെ!6
[1] ബലം – പറ്റലരോടുള്ള പോരിൽ ജയിപ്പാൻ. പുറപ്പെടുന്നു എന്നതു രണ്ടാം വാക്യത്തിലും ചേർക്കുക. തണ്ണീർ പൊഴിയ്ക്കുന്നു: ‘അഗ്നൗ പ്രാസ്താഹുതിസ്സമ്യഗാദിത്യമുപതിഷ്ഠതേ! ആദിത്യാജ്ജായതേ വൃഷ്ടിർവൃഷ്ടേരന്നം തതഃ പ്രജാഃ’ മനുസ്മൃതി.
[2] ഭഗൻ = ഭജനീയൻ; ഭഗതുല്യൻ.
[3] പ്രചേതസ്സ് = പ്രകൃഷ്ടജ്ഞാനൻ; വരുണൻ. ജലപുത്രൻ – വൈദ്യുതാഗ്നി. പിശുക്കൻ – ദേവകർമ്മമനുഷ്ഠിയ്ക്കാത്ത ധനികൻ.
[4] തീക്ഷ്ണതയെ വേദിയിലണയ്ക്കുക – ജ്വലിപ്പിയ്ക്കുക എന്നർത്ഥം.
[5] ഗവ്യാന്നങ്ങൾ – ക്ഷീരാദികൾ, മുടിയൻ – കർമ്മധ്വംസി. നേതാക്കൾക്കു – സ്തുതികർമ്മം നടത്തുന്ന ഞങ്ങൾക്കു.
[6] പൂർത്തി – അഭീഷ്ടസിദ്ധി.