ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഹോതാവായ, അധ്വരത്തിന്റെ അരചനായ അഗ്നി തപഃക്ലിഷ്ടന്റെ ഗൃഹത്തിൽ, ദ്യാവാപൃഥിവികളെ യജിപ്പാൻ ഇരുന്നരുളുന്നു: ഇതാ, ആ ബലപുത്രനായ സത്യവാൻ, സൂര്യനെന്നപോലെ, ദൂരത്തു നിന്നുതന്നേ വെളിച്ചം പരത്തുന്നു!1
യജനീയനായ തമ്പുരാനേ, പരിണതപ്രജ്ഞനായ തിരുമേനിയെ ഓരോ സ്തോതാവും ചിക്കെന്നു യജിയ്ക്കുന്നുണ്ടല്ലോ; ആ ത്രിസ്ഥാനസ്ഥനായ ഭവാൻ മനുഷ്യരുടെ മഹനീയഹവിസ്സുകൾ കൊണ്ടുകൊടുപ്പാൻ, കതിരവൻപോലെ വേഗത്തിൽ ഗമിച്ചാലും!2
ആരുടെ പാളൽ കാട്ടിൽ തുലോം ഒളിക്കൊണ്ടു വിളങ്ങുമോ; ആ തിരുവടി വളർന്നു, സൂര്യൻപോലെ സ്വമാർഗ്ഗത്തിൽ പ്രകാശിയ്ക്കുന്നു. വായുവിന്നൊത്ത ആ അമർത്ത്യൻ വനങ്ങളിൽ പാഞ്ഞുനടന്ന്, അനിവാര്യനായി, സ്വയം വെളിപ്പെടുത്തുന്നു!3
ആ ജാതവേദസ്സായ അഗ്നിയെപ്പറ്റി, യാഗശാലയിൽ നമ്മുടെ കൂട്ടർ ഒരു യാചകന്റേതുപോലെ സുഖകരമായ സ്തോത്രം പാടുന്നു – മരമുണ്ണാൻ കാട്ടിലണഞ്ഞ്, ഒരു കൂറ്റൻപോലേ പാഞ്ഞുനടക്കുന്ന തന്തിരുവടി യജമാനരാൽ സ്തുതിയ്ക്കപ്പെടുന്നു!4
വൻകാടിനെ നിഷ്പ്രയാസം ചെത്തിക്കുറച്ചുംകൊണ്ടു സഞ്ചരിയ്ക്കുന്ന തന്തിരുവടിയുടെ രശ്മികൾ ഇവിടെ പുകഴ്ത്തപ്പെടുന്നു. ഒരോടുന്ന കള്ളൻപോലെ തടവില്ലാതെ വെക്കം ഇളകിപ്പായുന്ന തന്തിരുവടി മരുനിലം കടന്നു പരിലസിയ്ക്കുന്നു.5
ഗമനശീലനായ ആഗ്നേ, അങ്ങ് ഞങ്ങളെ നിന്ദകരിൽനിന്നു രക്ഷിയ്ക്കുക; എല്ലാ അഗ്നികളോടുംകൂടി വളർന്നു ധനം കിട്ടിയ്ക്കുക; ദുഃഖകാരികളെ ആട്ടിപ്പായിയ്ക്കുക. ഞങ്ങൾ നല്ല വീരന്മാരോടുകൂടി ഒരു നൂറ്റാണ്ടു മത്താടുമാറാകട്ടെ!6