ആംഗിരസൻ വീതഹവ്യൻ ഋഷി; ജഗതിയും, ശക്വരിയും, അതിശക്വരിയും, അനുഷ്ടുപ്പും, ബൃഹതിയും, ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
സർവപ്രജാപതിയായി അതിഥിയായിരിയ്ക്കുന്ന ഈ ഉഷർബുധനെത്തന്നേ നീ സ്തുതി ചാർത്തിക്കുക: ആ നിസർഗ്ഗശുദ്ധൻ വാനിൽ നിന്നു വല്ലപ്പോഴും വന്നെത്തും; കുഞ്ഞായിട്ട് അനശ്വരവസ്തു നെടുനാൾ ഭുജിയ്ക്കും!1
മരത്തിൽ വെയ്ക്കപ്പെട്ട യാതൊരു സ്തുത്യനായ ഊർദ്ധ്വരോചിസ്സിനെ ഭൃഗുക്കൾ ഒരു സ്നേഹിതനെയെന്നപോലെ ഇരുത്തിയോ, ആനിന്തിരുവടി വീതഹവ്യങ്കൽ വഴിപോലെ പ്രസാദിച്ചാലും: അദ്ഭുത, അങ്ങയെ നാളിൽ നാളിൽ പുകഴ്ത്തിപ്പൂജിയ്ക്കുന്നുണ്ടല്ലോ.2
ആ നിസ്സപത്നനായ ഭവാൻ കർമ്മകുശലനെ വളർത്തുന്നു; അകലത്തും അരികത്തുമുള്ള ശത്രുവിനെ പിന്നിടുന്നു. അതിനാൽ ബലപുത്ര, എങ്ങും തഴച്ച – എങ്ങും തഴച്ച – നിന്തിരുവടി മനുഷ്യരിൽവെച്ചു ഭരദ്വാജനായ വീതഹവ്യന്നു ധനവും ഗൃഹവും കല്പിച്ചുതന്നാലും!3
ദീപ്തിമാനും, നിങ്ങളുടെ അതിഥിയും, സ്വർഗ്ഗനേതാവും, മനുവിന്റെ ഹോതാവും, ശോഭനയജ്ഞനും, ഒരു പണ്ഡിതനെന്നപോലെ ഉജ്ജ്വലഭാഷണനും, ഹവ്യവാഹനും, സ്വാമിയുമായ അഗ്നിദേവനെ നീ നല്ല സ്തുതികൾ ചാർത്തിയ്ക്കുക:4
അദ്ദേഹം ഉണർവുണ്ടാക്കുന്ന പാവനപ്രഭകൊണ്ടു, പുലരിവെളിച്ചംകൊണ്ടെന്നപോലെ ഭൂമിയിൽ വിലസുന്നു; യുദ്ധത്തിൽ കൊല്ലുന്ന ഒരുവൻപോലെ, അദ്ദേഹം ഏതശന്നുവേണ്ടി പോരിൽ പെട്ടെന്നുജ്ജ്വലിച്ചു; ദാഹമേറിയവനുമാണ്, ഈ നിർജ്ജരൻ!5
സ്തുത്യനായ അഗ്നിയെ, അഗ്നിയെ, നിങ്ങളുടെ പ്രിയനായ, പ്രിയനായ അതിഥിയെ, നിങ്ങൾ ചമതകൊണ്ടു പരിചരിയ്ക്കുവിൻ: അമൃതനെ നിങ്ങൾ സ്തുതിച്ചു സേവിയ്ക്കുവിൻ: ദേവകളിൽദ്ദേവൻ വേണ്ടതു കൈക്കൊള്ളുമല്ലോ – ദേവകളിൽദ്ദേവൻ നമ്മുടെ പരിചരണം കൈക്കൊള്ളുമല്ലോ!6
ചമതകൊണ്ടു വളർത്തപ്പെട്ട അഗ്നിയെ, ശുചിയെ, പാവകനെ, യജ്ഞത്തിൽ മുമ്പനെ, സുസ്ഥിരനെ ഞാൻ പുകഴ്ത്തിപ്പാടുന്നു; മേധാവിയും ഹോതാവും ബഹുവരേണ്യനും അദ്രോഹിയും കവിയുമായ ജാതവേദസ്സിനെ ഞങ്ങൾ സുഖദസ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കുന്നു. 7
അഗ്നേ, അമൃതനും സമയത്തു സമയത്തു ഹവ്യം വഹിയ്ക്കുന്നവനും രക്ഷകനും സ്തുത്യനുമായ നിന്തിരുവടിയെ ദേവകളും മനുഷ്യരും ദൂതനാക്കിവെച്ചു; ആ ജാഗരൂകനും വിഭുവുമായ പ്രജാപാലനെ വണങ്ങിസ്സേവിച്ചുംപോന്നു!8
അഗ്നേ, ഇരുകൂട്ടരെയും ചമയിയ്ക്കുന്ന ഭവാൻ ഓരോ യാഗത്തിലും ദേവകളുടെ ദൂതനായി വാനൂഴികളിൽ സഞ്ചരിയ്ക്കുന്നു. അങ്ങയ്ക്കായി കർമ്മവും സ്തുതിയും അനുഷ്ഠിയ്ക്കുന്നുണ്ടല്ലോ, ഞങ്ങൾ; അതിനാൽ, ത്രിസ്ഥാനസ്ഥനായ ഭവാൻ ഞങ്ങൾക്കു സുഖം തന്നരുളിയാലും!9
നല്ല തിരുവുടലും നല്ല കാഴ്ചയും നല്ല നടത്തവുമുള്ള ആ പരമപണ്ഡിതനെ അറിവില്ലാത്ത ഞങ്ങൾ പരിചരിയ്ക്കുമാറാകണം. സർവ വിഷയജ്ഞനായ അഗ്നി യജിച്ചരുളട്ടെ; ഹവിസ്സിനെപ്പറ്റി അമർത്ത്യരോടു പറയട്ടെ!10
അഗ്നേ, ശൂര, യാവനൊരുത്തൻ കവിയായ ഭവാനെ സ്തുതിയ്ക്കുകയോ വെടുപ്പുറ്റ ഹവിസ്സർപ്പിയ്ക്കുകയോ ഉജ്ജ്വലിപ്പിയ്ക്കുകയോ ചെയ്യുമോ, അവനെ അങ്ങ് രക്ഷിയ്ക്കും; പൂർണ്ണകാമനാക്കും; അവനെത്തന്നേ ബലംകൊണ്ടും ധനംകൊണ്ടും നിറയ്ക്കും!11
അഗ്നേ, ബലവാനേ, അങ്ങ് ഞങ്ങളെ ഹിംസകങ്കൽ നിന്നും അങ്ങുതന്നേ പാപത്തിൽനിന്നും രക്ഷിയ്ക്കണം. നിർദ്ദോഷമായ അന്നം വഴിപോലെ ഭവാങ്കലണയട്ടെ; സ്പൃഹണീയമായ ആയിരംധനം ഞങ്ങളിലും!12
ഹോതാവും ഗൃഹപതിയും രാജാവുമാണ്, അഗ്നി: സർവഭൂതങ്ങളെയും ആ ജാതവേദസ്സറിയുന്നു; ദേവകളുടെയും മനുഷ്യരുടെയും ഇടയിൽ മികച്ച യഷ്ടാവായ ആ യജ്ഞവാൻ പ്രകർഷേണ യജിച്ചരുളട്ടെ!13
അഗ്നേ, അധ്വരത്തിന്റെ ഹോതാവേ, പാവനാർച്ചിസ്സേ, ഇപ്പോൾ മനുഷ്യന്റെ കർമ്മം ഭവാൻ ഇച്ഛിച്ചാലും. യജ്വാവാണല്ലോ, അങ്ങ്; അതിനാൽ യജ്ഞത്തിൽ യജിച്ചാലും. യുവതമ, മഹിമകൊണ്ടു വിഭുവായ ഭവാൻ, ഇപ്പോൾ ഭവാന്നുള്ള ഹവിസ്സുകൾ കൈക്കൊണ്ടാലും!14
അഗ്നേ, ശരിയ്ക്കു വെയ്ക്കപ്പെട്ട അന്നങ്ങൾ ഭവാൻ കാണുന്നുണ്ടല്ലോ: ദ്യാവാപൃഥിവികളെ യജിപ്പാൻ അങ്ങനെ വെച്ചിരിയ്ക്കുന്നു. മഘവാവേ, അങ്ങ് യുദ്ധത്തിൽ ഞങ്ങളെ രക്ഷിച്ചാലും: ഞങ്ങൾ ദുരിതമെല്ലാം കടക്കുമാറാകണം – അങ്ങയുടെ രക്ഷയാൽ കടക്കുമാറാകണം, കടക്കുമാറാകണം!15
അഗ്നേ, ശോഭനസേന, അങ്ങ് എല്ലാദ്ദേവകളോടുംകൂടി, ആട്ടിൻരോമംകൊണ്ടു കരവെച്ചതും ഘൃതയുക്തവും പക്ഷിക്കൂടിനൊത്തതുമായ സ്വസ്ഥാനത്ത് ഒന്നാമനായി ഇരുന്ന്, അർപ്പകനായ യജമാനന്റെ ഹവിസ്സു വഴിപോലെ കൊണ്ടുപോയാലും!16
ചാടിപ്പോയ യാതൊരഭിജ്ഞനെ ഇരുട്ടിൽ നിന്നു കോണ്ടുപോകുന്നുവോ, ആ ഈ അഗ്നിയെ കർമ്മികൾ, അഥർവാവെന്നപോലെ കടയുന്നു.17
അങ്ങ് യജ്ഞത്തിൽ ദേവകാമന്റെ ക്ഷേമത്തിന്നായി പിറന്നാലും: യജ്ഞത്തെ വളർത്തുന്ന അമർത്ത്യരായ ദേവന്മാരെ കൊണ്ടുവന്നാലും; ഹവിസ്സു ദേവന്മാരിലെത്തിച്ചാലും!18
അഗ്നേ, യജ്ഞപാലക, ഭവാനെ ജനങ്ങളുടെഇടയിൽ ഞങ്ങൾതന്നെയാണ്, ചമതകൊണ്ടു വളർത്തിയത്. അതിനാൽ ഞങ്ങളുടെ ഗൃഹനാഥത്വം വളരെക്കുതിരകളുള്ള വണ്ടിയായിച്ചമയട്ടെ! അങ്ങ് ഞങ്ങളെ കടുംതേജസ്സുകൊണ്ടു വഴിപോലെ അണച്ചാലും!19
[1] ഋഷി തന്നോടുതന്നെ പറയുന്നു: ഉഷർബുധൻ = അഗ്നി. കുഞ്ഞ് – അരണികളുടെ. അനശ്വരവസ്തു – ഹവിസ്സ്.
[2] മരം – അരണി. ഇരുത്തി – ഗൃഹത്തിൽ വസിപ്പിച്ചു. വീതഹവ്യൻ – ഞാൻ.
[4] തന്നോടുതന്നേ പറയുന്നതു്:
[5] ദാഹമേറിയവനുമാണു് – സവഭക്ഷകനാണ്.
[6] സ്തോതാക്കളോട്: ദേവകളിൽദ്ദേവൻ – ദേവന്മാരിൽവെച്ചു ശ്രേഷ്ഠനായ ദേവൻ.
[8] അന്തിമവാക്യം പരോക്ഷം.
[9] ഇരുകൂട്ടർ – ദേവകളും മനുഷ്യരും. ചമയിയ്ക്കുന്ന – ശോഭിപ്പിയ്ക്കുന്ന.
[10] പരമപണ്ഡിതനെ – അഗ്നിയെ. യജിച്ചരുളട്ടെ – ദേവന്മാരെ. പറയട്ടെ – ‘നിങ്ങൾക്കായി ഹവിസ്സൊരുക്കിയിരിയ്ക്കുന്നു; വരുവിൻ’ എന്നു്.
[12] അന്നം – ഹവിസ്സ്. ഞങ്ങളിലും – അണയട്ടെ.
[14] വിഭു = വ്യാപിച്ചവൻ.
[17] അഗ്നി ഒളിച്ച കഥ മുമ്പുണ്ട്. അഥർവാവ് – ഒരൃഷി. കടയുന്നു –
[15] അന്നങ്ങൾ – ഹവിസ്സുകൾ. ദ്യാവാപൃഥിവികളെ – തത്രത്യദേവകളെ വെച്ചിരിയ്ക്കുന്നു – യജമാനൻ.
[16] കരവെച്ച – വക്കത്ത് കുറിയാട്ടിൻരോമങ്ങൾ നിരത്തിയ. സ്വസ്ഥാനം – ഉത്തരവേദി. കൊണ്ടുപോയാലും – ദേവകളുടെ അടുക്കലേയ്ക്കു്. അരണിമഥനംകൊണ്ടുൽപാദിപ്പിയ്ക്കുന്നു.
[19] വണ്ടിയായിച്ചമയട്ടെ – പുത്രപശുധനാദിപൂർണ്ണമായിത്തീരട്ടെ എന്നു സാരം. അണയ്ക്കുക = മൂർച്ചകൂട്ടുക, ഉത്തേജിപ്പിയ്ക്കുക.