ഭരദ്വാജൻ ഋഷി; വർദ്ധമാനഗായത്രിയും, അനുഷ്ടുപ്പും, ത്രിഷ്ടുപ്പും, ഗായത്രിയും ഛന്ദസ്സുകൾ, അഗ്നി ദേവത.
അഗ്നേ, എല്ലാ യജ്ഞങ്ങൾക്കും ഹോതാവായി മനുഷ്യരിൽ ദേവകളാൽ വെയ്ക്കപ്പെട്ടവനാണ്, ഭവാൻ.1
ആ നിന്തിരുവടി ഇമ്പപ്പെടുത്തുന്ന ജ്വാലകൾകൊണ്ടു മഹാന്മാരെ യജിച്ചാലും – ദേവന്മാരെ കൊണ്ടുവന്നു യജിച്ചാലും!2
വിധാതാവേ, സുകർമ്മാവേ, അഗ്നിദേവ, അവിടെയ്ക്കു നേരെ അറിയാമല്ലോ. യാഗങ്ങളിൽ വൻവഴികളും ചെറുവഴികളും!3
അഗ്നേ, യജനീയനായ നിന്തിരുവടിയെ ഭരതൻ ഇരുസുഖങ്ങൾക്കായി ഋത്വിക്കുകളോടുകൂടി സ്തുതിച്ചു; യജ്ഞവും ചെയ്തു!4
നിന്തിരുവടി ഈ ബഹുധനങ്ങൾ, സോമം പിഴിഞ്ഞ ദിവോദാസന്നെന്നപോലെ, ഹവിസ്സർപ്പിയ്ക്കുന്ന ഭരദ്വാജന്നു നല്കിയാലും!5
അമർത്ത്യനായ ഭവാൻ മേധാവിയുടെ ശോഭനസ്തുതി ശ്രവിച്ചു, ദൂതനായി ദേവകളെ കൊണ്ടുവന്നാലും!6
അഗ്നേ, ശോഭനധ്യാനരായ മനുഷ്യൻ ദേവന്മാരെ ഊട്ടാൻ, ദേവനായ അങ്ങയെ യജ്ഞങ്ങളിൽ സ്തുതിച്ചുപോരുന്നു.7
ശോഭനദാനനായ ഭവാന്റെ തേജസ്സിനെയും കർമ്മത്തെയും ഞാൻ പൂജിയ്ക്കുന്നു: എല്ലാവരും ലബ്ധകാമരായി സേവിയ്ക്കാറുണ്ടല്ലോ.8
അഗ്നേ, മനുവിനാൽ ഹോതാവാക്കപ്പെട്ടവനും, വായ്ക്കൊള്ളുന്നവനും, വലിയ വിദ്വാനുമാണല്ലോ, അവിടുന്ന്; അങ്ങ് വിണ്ണവരെ യജിച്ചാലും!9
അഗ്നേ, അമറേത്തിന്നും ഹവിസ്സു കൊണ്ടുകൊടുപ്പാനും വരിക: സ്തുതിയ്ക്കപ്പെടുന്ന ഭവാൻ ഹോതാവായി ദർഭയിലിരുന്നാലും!10
അംഗിരസ്സേ, ആ നിന്തിരുവടിയെ ഞങ്ങൾ ചമതകൊണ്ടും നൈകൊണ്ടും വളർത്താം; യുവതമ, ഏറ്റവും ഉജ്ജ്വലിച്ചാലും!11
ദേവ, അഗ്നേ, ആ നിന്തിരുവടി ഞങ്ങൾക്കു പൃഥുലവും പ്രശംസനീയവും നല്ല വീര്യത്തോടുകൂടിയതും മഹത്തുമായ (ധനം) അയച്ചുതന്നാലും!12
അഗ്നേ, അങ്ങയെ അഥർവാവു വിശ്വത്തെ വഹിയ്ക്കുന്ന ശിരസ്സായ താമരയിലയിൽ കടഞ്ഞുൽപാദിപ്പിച്ചു.13
ആ വൃത്രഘ്നനും പുരന്ദരനുമായ അങ്ങയെ അഥർവാവിന്റെ പുത്രൻ ദ്രധ്യംഗ് എന്ന ഋഷി ജ്വലിപ്പിച്ചു.14
ദസ്യുക്കളെ കൊന്നൊടുക്കുന്നവനും യുദ്ധത്തിൽ യുദ്ധത്തിൽ ധനഞ്ജയനുമായ ആ അങ്ങയെത്തന്നേ പാഥ്യനായ വൃഷാവ് സമുജ്ജ്വലിപ്പിച്ചു.15
അഗ്നേ, വരിക: അങ്ങയ്ക്കായി ഞാൻ ഇങ്ങനെ മറ്റു സ്തുതികളും ചൊല്ലാം. അങ്ങ് സോമം കുടിച്ചു വളർന്നാലും!16
അങ്ങയുടെ തിരുവുള്ളം ആരിലെങ്കിലും പതിഞ്ഞാൽ, അവന്നു ഭവാൻ മികച്ച ബലം നല്കും; പാർപ്പുമുറപ്പിക്കും.17
ഭവാന്റെ തേജഃപൂരം കണ്ണുകളെ അഞ്ചിയ്ക്കരുതേ! ചുരുക്കം പേരെമാത്രം വസിപ്പിയ്ക്കുന്നവനേ, ഭവാൻ (ഞങ്ങളുടെ) പരിചര്യ സ്വീകരിച്ചാലും!18
ദിവോദാസന്റെ വൈരികളെ വധിച്ച സൽപതിയും ബഹുജ്ഞനും ഭാരതനുമായ അഗ്നി വന്നുചേർന്നു!19
മഹത്ത്വംകൊണ്ടു ചുട്ടെരിയ്ക്കുന്നവനും, എതിർക്കപ്പെടാത്തവനും, ദ്രോഹിയ്ക്കുപ്പെടാത്തവനുമായ തന്തിരുവടി ഭൂമിയിലെ സമ്പത്തെല്ലാം തന്നരുളട്ടെ!20
അഗ്നേ, ആ നിന്തിരുവടി പഴയതെങ്കിലും തുലോം പുതുതായ, വ്യാപിയായ, തിളങ്ങുന്ന തേജസ്സുകൊണ്ട് അന്തരിക്ഷത്തിന്നു വീതികൂട്ടുന്നു! 21
സഖാക്കളേ, ധർഷകനായ, വിധാതാവായ അഗ്നിയ്ക്കു നിങ്ങൾ സ്തോത്രം പാടുവിൻ; ഹവിസ്സും അർപ്പിയ്ക്കുവിൻ.22
തന്തിരുവടി ഇരുന്നരുളട്ടെ: മനുഷ്യൻ യാഗംചെയ്യുന്ന കാലത്തോളം, ഹോതാവും ദൂതനും ഹവ്യവാഹനുമാണല്ലോ, ആ ക്രാന്തപ്രജ്ഞൻ!23
ആ വിശുദ്ധകർമ്മാക്കളായ ഇരുരാജാക്കന്മാരെയും, ആദിത്യരെയും, മരുദ്ഗണത്തെയും ദ്യാവാപൃഥിവികളെയും, വസോ, ഭവാൻ ഇവിടെ യജിച്ചാലും!24
അഗ്നേ, ബലത്തിന്റെ മകനേ, അമൃതനായ അങ്ങയുടെ പ്രശംസനീയമായ പ്രകാശം മനുഷ്യന്ന് അന്നം നല്കിപ്പോരുന്നു. 25
ഇപ്പോൾ അങ്ങയെ പരിചരിയ്ക്കുന്ന ഹവിര്‍ദ്ദാതാവായ മനുഷ്യന്‍ ശ്രേഷ്ഠനും, ശോഭനധനനും, നല്ല സ്തുതി ചൊല്ലന്നവനുമായിത്തീരട്ടെ! 26
അഗ്നേ, അങ്ങയുടെ ആളുകൾ അങ്ങയുടെ രക്ഷയാല്‍ ആയുസ്സു മുഴുവ൯ അനുഭവിയ്ക്കു; ചെറുക്കുന്ന ശത്രുക്കമളെ കടക്കും – ചെറുക്കുന്ന ശത്രുക്കളെ ഉടയ്ക്കും ! 27
അഗ്നി ചൂടറ്റ ജ്വാലകൊണ്ടു് എല്ലാത്തിന്മന്മാരെയും എരിയ്ക്കട്ടെ; അഗ്നി സമ്പത്തു തരട്ടെ! 28
വഴിപോലെ കാണുന്ന ജാതവേദസ്സേ, നിന്തിരുവടി നല്ല വീരന്മാരോടുകൂടിയ ധനം കൊണ്ടുവന്നാലും; സുകര്‍മ്മാവേ, രക്ഷസ്സുകളെ മുടിച്ചാലും ! 29
ജാതവേദസ്സേ, അവിടുന്നു ഞങ്ങളെ പാപത്തില്‍നിന്നു പാലിയ്ക്കണം; മന്ത്രമുച്ചരിപ്പിയ്ക്കുന്നവനേ, അവിടുന്നു ഞങ്ങളെ ദ്രോഹിയില്‍നിന്നും രക്ഷിയ്ക്കണം! 30
അഗ്നേ, യാതൊരു ദുരുദ്ദേശനായ മനുഷ്യന്‍ ഞങ്ങളുടെ നേർക്ക് ആയുധമയയ്ക്കുമോ, അവങ്കല്‍നിന്നും പാപത്തില്‍നിന്നും ഞങ്ങളെ രക്ഷിയ്ക്കണം ! 31
ദേവ, യാതൊരു മനുഷ്യന്‍ ഞങ്ങളെ കൊല്ലാന്‍ നോക്കുമോ, ആ ദുഷ്ടനെ അങ്ങ്, ജ്വാലകൊണ്ടു ചുട്ടെരിയ്ക്കണം ! 32
അഗ്നേ, കീഴമർത്തുന്നവനേ, അവിടുന്നു ഭരദ്വാജന്നു സുവിശാലമായ ഗൃഹവും, വരണീയമായ ധനവും കല്ലിച്ചുനല്കുക ! 33
സ്തോതാവിന്നു ധനം നല്ലന്നവനും, കത്തിത്തിളങ്ങുന്നവനും, ഹോമിയ്ക്കപ്പെട്ടവനുമായ അഗ്നി ഇരുട്ടകളെ നശിപ്പിയ്ക്കട്ടെ – 34
അമ്മയുടെ അലസാത്ത ഗര്‍ഭത്തില്‍ വിളങ്ങുന്നവൻ, അച്ഛനെ പുലർത്തുന്നവന്‍, യജ്ഞത്തിന്‍െറ മൂലസ്ഥാനത്തിരിയ്ക്കുന്നവന്‍ ! 35
വഴി പോലെ കാണുന്ന ജാതവേദസ്സേ, അഗ്നേ, അവിടുന്നു വിണ്ണില്‍ വിളങ്ങുന്ന അന്നവും സന്തതിയും കൊണ്ടുവന്നാലും! 36
അഗ്നേ, ബലോൽപന്ന, അന്നവാന്മാരായ ഞങ്ങൾ രമണീയ ദര്‍ശനനായ ഭവാന്റെ അടുക്കലെയ്ക്കു സ്കൂതികൾ അയയ്ക്കുന്നു. 37
അഗ്നേ, ഞങ്ങൾ പൊന്നൊളിയോടേ തിളങ്ങുന്ന ഭവാന്റെ ഇരിപ്പിടത്തില്‍, ഒരു തണലിലെന്നപോലെ വന്നുചേരുമാറാകണം! 38
അഗ്നേ, അവിടുന്ന്, അമ്പെയ്യുന്ന ഒരു ബലവാന്‍പോലെയും, കൊമ്പുകൂർത്ത ഒരു കാളപോലെയും പുരങ്ങൾ ഉടച്ചുവല്ലോ! 39
യാതൊരു ജനിച്ച കുട്ടി, ഒരു വ്യാഘ്രമെന്നപോലെ കൈകളിലെടുക്കപ്പെടുന്നുവോ; ജനങ്ങൾക്കു നല്ല യാഗനിഷ്പാദകനായ ആ അഗ്നിയെ (പരിചരിയ്ക്കുവിന്‍). 40
ദേവന്മാരെ ഊട്ടാന്‍, നിങ്ങൾ തുലോം സമ്പത്തു കിട്ടിയ്ക്കുന്ന ദേവനെ കൊണ്ടുവരുവിന്‍: തന്തിരുവടി സ്വന്തം മൂലസ്ഥാനത്തിരിക്കയ്ക്കട്ടെ! 41
വെളിപ്പെട്ട അതിഥി പോലെ പ്രിയനായ ഗൃഹപതിയെ നിങ്ങൾ സുഖകരനായ ജാതവേദസ്സിങ്കലിരുത്തുവിന്‍. 42
അഗ്നേ, ദേവ, അങ്ങയെ യാഗത്തിന്നു തികച്ചും കൊണ്ടുപോരുന്ന സുശീലരായ അശ്വങ്ങളെ പൂട്ടിയാലും! 43
നിന്തിരുവടി ഞങ്ങളുടെ അടുക്കലെയ്ക്കു വന്നാലും – അന്നമുണ്ണാനും സോമം കുടിപ്പാനും ദേവന്മാരെ കൊണ്ടുവന്നാലും!44
അഗ്നേ, ഭാരത, അവിടുന്ന് ഉയരെ ജ്വലിയ്ക്കുക; നിർജ്ജര, തുലോം വിളങ്ങുന്ന ഭവാൻ അച്ഛിന്നമായ തേജസ്സുകൊണ്ടു വെളിച്ചം വീശുക!45
ഒരു ദേവന്ന് അന്നം നിവേദിയ്ക്കുമ്പോൾ, ആ ഹവിഷ്മാനായ മനുഷ്യൻ അധ്വരത്തിൽ അഗ്നിയെ സ്തുതിയ്ക്കണം – ദ്യാവാപൃഥിവികളുടെ ഹോതാവായ സത്യയഷ്ടാവിനെ കൈതൊഴുതു നമസ്കരിച്ചു പരിചരിയ്ക്കണം.46
അഗ്നേ, ഞങ്ങൾ മനസ്സുകൊണ്ടു പാകപ്പെടുത്തിയ ഋക്കാകുന്ന ഹവിസ്സ് അവിടെയ്ക്കു കാണിയ്ക്കവെയ്ക്കാം: അത് അവിടേയ്ക്കു യുവവൃഷഭങ്ങളും പൈക്കളുമായിത്തീരട്ടെ!47
ആർ സമ്പത്തു വീണ്ടെടുത്തുവോ, ബലത്താൽ രക്ഷസ്സുകളെ ഹനിച്ചുവോ; പാപങ്ങളെ തീരെ നശിപ്പിയ്ക്കുന്ന ആ അഗ്രിമനായ അഗ്നിയെ ദേവകൾ ജ്വലിപ്പിച്ചുപോരുന്നു!48
[2] മഹാന്മാർ – ദേവന്മാർ.
[3] മാർഗ്ഗഭ്രഷ്ടനായ യഷ്ടാവിനെ വീണ്ടും മാർഗ്ഗത്തിലാക്കിയാലും എന്നു ഹൃദയം.
[4] ഭരതൻ – ദുഷ്ഷന്തപുത്രനായ രാജാവ് ഇരുസുഖങ്ങൾ – ഇഷ്ടപ്രാപ്തിയും അനിഷ്ടപരിഹാരവും.
[5] ഭരദ്വാജന്ന് – എനിയ്ക്കു്.
[6] മേധാവിയുടെ – എന്റെ.
[8] ലബ്ധകാമരായി – ഭവാങ്കൽനിന്ന് അഭീഷ്ടങ്ങൾ നേടി.
[9] വായ്ക്കൊള്ളുന്നവൻ – ഹവിസ്സുകളെ. വായ് – ജ്വാല.
[12] പൃഥുലം = വിശാലം.
[13] താമരയിലയിലത്രേ, പ്രജാപതി ഭൂമിയെപ്പരത്തിയത്; ഭൂമി സർവ ജഗദാധാരവുമാണല്ലോ. അതിനാലാണ്, താമരയിലയ്ക്കു വിശ്വധാരകത്വം.
[14] വൃത്രഘ്നൻ = ശത്രുഹന്താവ്. പുരന്ദരൻ – അസുരപുരങ്ങളെ പിളർത്തവൻ. ദ്രധ്യംഗ് – ദധീചൻ(?)
[15] ധനഞ്ജയൻ – ശത്രുധനങ്ങളെ കീഴടക്കുന്നവൻ. പാഥ്യനായ വൃഷാവ് – ഒരൃഷി.
[16] മറ്റു സ്തുതികൾ – അസുരന്മാരാൽ ഉണ്ടാക്കപ്പെട്ട സ്തുതികൾ.
[17] പാർപ്പുമുറപ്പിയ്ക്കും – അവന്റെ അടുക്കൽ.
[18] അഞ്ചിയ്ക്കരുതേ – ഞങ്ങൾക്കു ദർശനശക്തി തരിക എന്നു ഹൃദയം. ചുരുക്കംപേരെമാത്രം – മിക്കവർക്കും ഈ ഭാഗ്യമുണ്ടാകില്ലല്ലോ!
[19] ബഹുജ്ഞൻ = വളരെ വിഷയങ്ങൾ അറിയുന്നവൻ; സർവജ്ഞൻ എന്നർത്ഥം. ഭാരതൻ – ഹവിർവാഹി.
[20] ചുട്ടെരിയ്ക്കുന്നവൻ – മരങ്ങളെയോ, ശത്രുക്കളെയോ.
[22] ഋത്വിക്കുകളോട്.
[23] ഇരുന്നരുളട്ടെ – ദർഭയിൽ ഉപവേശിയ്ക്കട്ടെ.
[24] ഇരുരാജാക്കന്മാർ – മിത്രനും വരുണനും.
[27] ആളുകൾ – സ്തോതാക്കൾ. ആയുസ്സമുഴുവന്‍ – നൂറുവയസ്സ്.
[28] തിന്മന്മാര്‍ – രാക്ഷസാദികൾ.
[30] മന്ദ്രമുച്ചരിപ്പിയ്ക്കുന്നവനേ – ശബ്ദമുല്‍പാദിപ്പിയ്ക്കുന്നതു്, പ്രാണികളിലിരിയ്ക്കുന്ന അഗ്നിയത്രേ: ‘മനസ്സ ദേഹാഗ്നിയില്‍ മുട്ടുന്നു; ആ അഗ്നി വായുവിനെ പ്രേരിപ്പിയ്ക്കുന്നു: വായു നെഞ്ചില്‍ സഞ്ചരിച്ചു ശബ്ദം പുറപ്പെടുവിയ്ക്കുന്നു.’
[35] അമ്മ – ഭൂമി. അലസാത്ത ഗര്‍ഭം – വേദി. അച്ഛ – സ്വർഗ്ഗം. പുലർത്തുന്നവൻ – ഹവി സ്സ കൊണ്ടുകൊടുത്ത്. മൂലസ്ഥാനം – ഉത്തരവേദി ഈ വിശേഷണങ്ങൾ മുൻഋക്കിലെ അഗ്നിയോടു ചേർക്കണം.
[36] വിണ്ണില്‍ വിളങ്ങുന്ന അന്നം – അങ്ങ്’ ഞങ്ങാക്കു തരുന്ന അന്നം ഞങ്ങളുടെ ഹവിസ്സായിപ്പരിണമിച്ചു. സ്വര്‍ഗ്ഗത്തില്‍ ദേവകളെ പ്രാപിയ്ക്കുമെന്നു താല്‍പര്യം.
[37] അന്നവാന്മാര്‍ – ഹവിഷ്ടാന്മാര്‍.
[38] തണലിലെന്നപോലെ – -വെയിലേറ്റു വലഞ്ഞവര്‍ തണലത്തു ചെന്നുകൂടന്നതു പോലെ.
[39] പുരങ്ങാൾ – മൂന്നു് അസുരപുരികൾ. ‘രുദ്രന്‍തന്നെയാണ്, അഗ്നി’ എന്ന പ്രമാണത്താലത്രേ, ഇവിടെ അഗ്നിയ്ക്കു ത്രിപുരനാശകത്വം കല്പിച്ചിരിയ്ക്കുന്നത്; രുദ്രന്റെ ബാണം അഗ്ന്യധിഷ്ഠിതമായിരുന്നു എന്നതും ഉപപത്തിയ്ക്കെടുക്കാം.
[40] വ്യാഘ്രമെന്നപോലെ – വ്യാഘ്രാദിഹിംസ്രങ്ങളെ എടുക്കുന്നവര്‍ അപായം പറ്റാതിരിപ്പാന്‍ വളരെ മനസ്സിരുത്തുമല്ലോ. എടുക്കപ്പെടുന്നു – അധ്വര്യുക്കളാൽ. ഋത്വിക്കുകളോടു പറയുന്നതാണിത്.
[41] അധ്വര്യുക്കളോട്: ദേവന്‍ – അഗ്നി. കൊണ്ടവരുവിന്‍ – ആഹവനീയാഗ്നിയോടു ചേർക്കുവിന്‍. മൂലസ്ഥാനം – ആഹവനീയസ്ഥാനം.
[42] അധ്വര്യുക്കളോട്: ഗൃഹപതി – അഗ്നി. ജാതവേദസ്സു് – -ആഹവനീയാഗ്നി.
[46] ഹോതാവ് = വിളിയ്ക്കുന്നവൻ. സത്യയഷ്ടാവ് – അഗ്നി.
[47] പാകപ്പെടുത്തിയ – പചിച്ച, വെടുപ്പുവരുത്തിയ. യുവവൃഷഭങ്ങളും – അങ്ങയ്ക്കു ഭഷിപ്പാൻ.
[48] സമ്പത്ത് – അസുരന്മാരപഹരിച്ച ധനം.